22-10-18

📚📚📚📚📚
ജഹനാര
വിവര്‍ത്തനം - എം എന്‍ സത്യാര്‍ത്ഥി
പ്രസാധനം - മാതൃഭൂമി  ല
വില -100
''പുല്പരപ്പല്ലാതെ എന്റെ സമാധിക്കുമേൽ
ഒരു ആവരണവും പാടില്ല
ഈ എളിയവളുടെ
സമാധിയുടെ മേൽവിരി
ഹരിതതൃണമായിരിക്കട്ടെ''
  ജഹനാര
ജഹനാര...പ്രണയത്തിന്‍റെയും നഷ്ട സ്വപനങ്ങളുടെയും രാജകുമാരി..
പലപ്പോഴായി പലയിടത്തായി കേട്ട് നെഞ്ചോട് ചേര്‍ത്ത് വച്ച പേരായിരുന്നു അത് .ചരിത്രം വായിച്ചപ്പോളാണ് മഹാനായ ഷാജഹാൻ ചക്രവർത്തിയുടെ ഓമന പുത്രി  ജഹനാരയാണതെന്ന് മനസ്സിലായത്. രാജകുമാരിയായി വഴേണ്ടവൾ, തന്റെ  മനോഹരമായ ഒരു പ്രണയം മൂടിവച്ച് ലോകം മുഴുവൻ അഭിമാനിക്കുന്ന ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിന്റെ ശിൽപിയായ തന്റെ  പിതാവിനൊപ്പം   തന്റെ  സഹോദരൻ ഔറംഗസീബിന്റെ രാജവാഴ്ചയുടെ ഫലമായി ആഗ്രാ കോട്ടയിലെ തടവറയിൽ കഴിഞ്ഞവള്‍ അ രാജകുമാരിയെ വായിക്കാതിരിക്കുന്നത് എങ്ങനെ ?അവളുടെ ഇഷ്ട പ്രാണേശ്വരന്‍ ദുലേറിനെ അറിയാതാവുന്നതങ്ങനെ? പക്ഷേ ഓരോ തവണയും അവളിലേയ്ക്ക് അടുക്കാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് പിടിതരാതെ കഴിഞ്ഞ എട്ട് വര്‍ഷമായി എന്നെ വട്ടം ചുറ്റിച്ചവള്‍. ഒടുവില്‍ കഴിഞ്ഞമാസമാണ് എന്‍റെ ജഹനാരെയെ അല്ല മുഗള്‍രാജവംശത്തിന്‍റെ ദുഃഖപുത്രിയെ എനിക്ക് വായിക്കാന്‍ കഴിഞ്ഞത്. എട്ട് വര്‍ഷം മുമ്പാണ് ജഹനാരയുടെ ആദ്യ കോപ്പി കോഴിക്കോട് പുസ്തകമേളയില്‍ വച്ച് മാതൃഭൂമിയുടെ സ്റ്റാളില്‍ നിന്ന് വാങ്ങുന്നത്.അന്ന് റൂമിലെത്തുന്നവരെയെ ആ പുസ്തകത്തിന് എന്‍റെ കൈയിലിരിക്കാനുള്ള ഭാഗ്യമുണ്ടായുള്ളു അന്ന് തന്നെ പ്രസാധകന്‍ പാപ്പിറസ് Balagopal Hariഅവന്‍റെ പുസ്തക ശേഖരത്തിലേയ്ക്ക്  എന്‍റെ ജഹനാരെയേയും കൂടെ കൂട്ടി.പിറ്റേന്ന് തന്നെ അടുത്ത കോപ്പിക്കായി മാതൃഭൂമിയിലെത്തിയെങ്കിലും സ്റ്റോക്ക് തീര്‍ന്നിരുന്നു് വീണ്ടും കുറെക്കാലം വേണ്ടി വന്നു അടുത്ത പ്രിന്‍റ് വരാന്‍.വീണ്ടും രണ്ടു മൂന്ന് വര്‍ഷത്തിന് ശേഷം ജഹനാര കൈയ്യിലെത്തിയെങ്കിലും ഓരോരോ കാരണങ്ങളാല്‍ വായിക്കാനും കഴിഞ്ഞില്ല.ജഹനാരയുടെ അനുഗ്രഹമോ അതോ എന്‍റെ ഭാഗ്യമോ അവള്‍ തടവറയിലാക്കപ്പെട്ട ആഗ്രക്കോട്ട കഴിഞ്ഞ ആഴ്ച സന്ദര്‍ശ്ശിക്കാനുമായി.ആ കോട്ടയ്ക്കകത്ത് ഞാനവളെ കണ്ടെത്തി..അവളുടെ തേങ്ങലുകളും ദുഖങ്ങളും വേദനകളും എന്നെ ഒട്ടെന്നുമല്ല വേദനപ്പിച്ചതും.

ജഹനാര തന്റെ സ്വന്തം കൈപ്പടയിലെഴുതിയ ആത്മകഥയുടെ കയ്യെഴുത്തുപ്രതി ആഗ്രാകോട്ടയിലെ ജാസ്മിൻ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്നാണ്  കണ്ടുകിട്ടിയത് ദ്രവിച്ചും കുത്തഴിഞ്ഞും കിടന്നിരുന്ന ഈ താളുകൾ ആന്‍ഡ്രിയ ബൂട്ടസെന്‍ എന്ന ഫ്രഞ്ച്‌ വനിതയാണ്‌ കണ്ടത്തി  പ്രസിദ്ധീകരിച്ചത്.

എ. ഡി 1614ൽ ആയിരുന്നു ജഹനാരയുടെ  ജനനം. സഹോദരന്മാരായ ദാരാ ശികോഹ്‌ , ഷാ ശുജാ , ഔറംഗസീബ്‌ , മുറാദ്‌ ബക്ഷ്‌ എന്നിവർക്ക്‌ പുറമേ , റോഷൻ ആരാ ബീഗവും , ജൗഹറ ബീഗവും സഹോദരിമാരായുണ്ടായിരുന്നു.
സഹോദരന്മാരിൽ , പിതാവ്‌ ഷാജഹാനെ പോലെ തന്നെ ദാരയോടായിരുന്നു ജഹനാരയ്ക്കും കൂടുതൽ അടുപ്പവും ഇഷ്ടവും ഉണ്ടായിരുന്നത്‌. ജഹനാരയ്ക്ക്‌ പതിനേഴ്‌ വയസ്സായപ്പോഴായിരുന്നു മാതാവായ മുംതാസ്‌ മഹലിന്റെ മരണം.മാതാവിന്റെ മരണ ശേഷം പിതാവിന്റെ കൂടെ സദാസമയവും ചിലവഴിച്ചിരുന്ന ഇവർ , ഷാജഹാനെ ഭരണ കാര്യങ്ങളിൽ സഹായിക്കുകയും ചെയ്തിരുന്നു. മുംതാസ്‌ മഹലിന്റെ മരണ ശേഷം ഷാജഹാന് മറ്റു പത്നിമാർ ഉണ്ടായിരുന്നിട്ട്‌ കൂടി മകൾ ജഹാനാരയെ ആയിരുന്നു പ്രഥമ വനിതയായി നിയമിച്ചത്‌. ഭരണ രംഗത്തുളള അവളുടെ മികവായിരുന്നു അതിനു കാരണം.
രാജ്യ തന്ത്രജ്ഞതയും ഭരണപാടവവും ദീർഘ വീക്ഷണവും ജഹനാരയ്ക്ക്  ജന്മസിദ്ധമായിരുന്നു

അധികാര വടംവലികള്‍ക്കിടയിൽ തന്റെ സഹോദരങ്ങളായ ദാരാ ശിക്കൂഹിനേയും ഷാ ശുജയേയും മുറാദ്‌ ബക്ഷിനേയും കൊലപ്പെടുത്തി അധികാരം കയ്യാളിയ ഔറംഗസീബുമായി ജഹനാര ഇടയുകയുണ്ടായി. മുഗൾ രാജകുടുംബത്തിൽ അധികാരത്തർക്കം ഉടലെടുക്കുന്നത്‌ വരെ സഹോദങ്ങളായ ജഹാനാരയും ഔറംഗസീബും നല്ല ബന്ധത്തിലായിരുന്നു കഴിഞ്ഞു വന്നിരുന്നത്‌. എ. ഡി 1644ൽ തന്റെ വസ്ത്രത്തിന് തീ പിടിച്ച്‌ ബീഗത്തിന് മാരകമായ പൊളളലേറ്റ് ആസ്പത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു.  അന്ന്  ഡെക്കാനിലായിരുന്ന ഔറംഗസീബ്‌, സഹോദരിയെ കാണാനായി ധൃതിപ്പെട്ട്‌ ആഗ്രയിലെത്തിയതായി ചരിത്ര രേഖകളിൽ പരാമർശ്ശിച്ചിട്ടുണ്ട്‌ .എങ്കിലും പിന്നീടുള്ള ജഹനാരയുടെ ജീവിതം ഔറഗ്സീബിന്‍റെ വീട്ടു തടങ്കലിലായിരുന്നു . അതായത് തന്‍റെ പിതാവായ ഷാജഹാന്‍റെ മരണം വരെ ഏതാണ്ട്  പതിനെട്ട് വർഷക്കാലം . അക്കാലമത്രെയും ആഗ്രകോട്ടക്കകത്ത്‌ ഷാജഹാനെ സുശ്രൂഷിച്ച്‌ ജീവിതം കഴിച്ച്‌ വരികയായിരുന്നു അവർ ചെയ്തത്‌.

തികഞ്ഞ സൂഫി ഭക്തയായിരുന്ന ജഹനാര തനിക്ക് കിട്ടുന്ന പണത്തിന്റെ സിംഹഭാഗവും പാവങ്ങൾക്കിടയിൽ വിതരണം ചെയ്യാനാണ് ഉപയോഗിച്ചിരുന്നത്‌. ഷാജഹാന്റെ മരണ ശേഷം അവർ ഔറംഗസീബിന് മാപ്പു നൽകുകയും ,ഔറംഗസീബ്‌ കൽതുറങ്കിലടച്ചിരുന്ന, കൊല്ലപ്പെട്ട തന്റെ സഹോദരങ്ങളായ  ദാരയുടേയും ശുജയുടേയും മുറാദിന്റേയും മക്കളേയും മറ്റും മോചിപ്പിക്കുകയുമുണ്ടായി.

ഔറംഗസീബിന്റേയും ദാരയുടേയും ശുജയുടേയും മുറാദിന്റേയും മക്കളുമായി പരസ്പരം വിവാഹങ്ങൾ നടത്തിച്ച്‌ മുഗൾ കുടുംബത്തിൽ വീണ്ടും കെട്ടുറപ്പുണ്ടാക്കാനും മുൻ കയ്യെടുത്തത്‌ ജഹാനാരാ ബീഗമായിരുന്നു.അവസാന നാളുകളില്‍ തികഞ്ഞ സൂഫീ ജീവിതം നയിച്ചിരുന്ന  അവര്‍ തന്റെ 67 ആം വയസ്സിൽ ( 1681ൽ ) മരണപ്പെട്ടു.ജഹനാര ബീഗത്തെ തന്റെ   അന്ത്യാഭിലാഷ പ്രകാരം ദില്ലിയിലെ നിസാമുദ്ദീൻ ബസ്തിയിലുളള ഹസ്രത്‌ നിസാമുദ്ദീൻ ഔലിയയുടെ സ്മാരകത്തോട്‌ ചേർന്നാണ് ഖബറടക്കിയത്‌.
ജോയിഷ് ജോസ്
🌾🌾🌾🌾🌾🌾