(അ)വിശുദ്ധ മുറിവ്
ശക്തൻ സ്റ്റാന്റിൽ നിന്ന്
അവസാന ബസ്സും
കുന്നംകുളത്തേക്ക്
പിന്തിരിഞ്ഞുപോകുമ്പോൾ
മടക്കിവെച്ച തുണികൾക്കിടയിൽനിന്ന്
കുഞ്ഞാമിന
ചുവന്ന മഷിക്കുപ്പിയും
ചീഞ്ഞ തക്കാളിയും പുറത്തെടുക്കും.
പകലലഞ്ഞ കാലുകൾ
വെറുതെ പിണച്ചുവെച്ചു
പണ്ടെങ്ങോ ഉപ്പ പാടിത്തന്ന
സൈഗാളിന്റെ വരികളിൽ
തലവെച്ചുറങ്ങാൻ തുടങ്ങും .
അപ്പോഴേക്കും
ഉപ്പയുടെ രണ്ടാംകെട്ടിലെ ബീടര്
മടലെടുത്ത് തല്ലിയതിന്റെ ഓർമ്മയിൽ
ചെവിയിലൂടെ പൊന്നീച്ച പറക്കും.
മൈലാഞ്ചിക്കാടുകൾക്കപ്പുറം
മീൻകാരൻ മൊയ്‌ദുവിന്റെ സൈക്കിൾ
മണിയടിച്ചുവരും .
അവന്റെ നിനവിലെ ഹൂറിയായി
അവളൊരുങ്ങുമ്പോഴേക്കും
ഒരു ടിപ്പറിന്റെ ചക്രത്തിനടിയിൽ
അവളുടെ കനവുകൾ അരഞ്ഞുതീരും .
കരഞ്ഞുകരഞ്ഞുറങ്ങുന്ന
കുഞ്ഞാമിനയുടെ
കീറിയ കുപ്പായത്തിനുള്ളിൽ
അപ്പോഴേക്കും
ആൺവിരലുകൾ
പരതിത്തുടങ്ങുന്നുണ്ടാകും .
പതിവുപോലെ
പാതിമയക്കത്തിൽ ,പരുപരുത്ത ശബ്ദം
അവൾ കേൾക്കും
" ശവം...നാറിയിട്ട് വയ്യ!
പോരാത്തതിന് തീണ്ടാരിയും.."
ഒരുകുപ്പി ചുവന്ന മഷിക്കും
രണ്ടു ചീഞ്ഞ തക്കാളിക്കും
പെണ്ണിന്റെ മാനം കാക്കാനാവുമെന്ന്
നൊസ്സില്ലാത്ത നേരത്ത്
കുഞ്ഞാമിനയെ പഠിപ്പിച്ച
പടച്ചോൻ , ആരാണാവോ??
അജിത റ്റി ജി
******************
നാല്പതിനോടടുത്ത സ്ത്രീ
നാല്പതിനോടടുത്ത സ്ത്രീ
ഒരു യോദ്ധാവിനെ പേറുന്നു
പയറ്റി തെളിഞ്ഞ
ജീവിത പന്ഥാവിൽ
യുദ്ധമുറകൾ
സ്വായത്തമാക്കിയിരിക്കുന്നു.
കൊള്ളയടിക്കപ്പെട്ടവന്റെ
പ്രതിബിംബമായി;
ആടയാഭരണങ്ങൾ നഷ്ടപ്പെട്ട്,
പട്ടുചേല അഴിച്ചു
തൊട്ടിലുകൾ കെട്ടി,
അടുക്കള പുകയാൽ കരിഞ്ഞ്,
ഉദരത്തിൽ മുളച്ചത്
കൂടൊഴിഞ്ഞു പറക്കുമ്പോൾ,
നഷ്ടങ്ങളുടെ
മാറാപ്പുമേന്തി
നട്ടഭ്രാന്തിയായി
ആർത്തു ചിരിക്കും.
നാല്പതിനോടടുത്ത സ്ത്രീ
തീവ്രവാദിയുടെ ആത്മാവ് വഹിക്കും.
അവഗണനകളെ
ചോദ്യം ചെയ്യും.
അവകാശത്തിനായി
പോരാടും.
പിണങ്ങിയാൽ
പരാശക്തിയാകും ;
പ്രത്യയശാസ്ത്രത്തെ
തലകീഴായി
കെട്ടിത്തൂക്കും.
കളിപ്പാട്ടം നഷ്‌ടമായ
കുഞ്ഞിനെപ്പോലെ,
ഉറക്കെ വിലപിക്കും,
ഓർത്തോർത്തു വിതുമ്പും.
അവൾ ....
ഭാഷയറിയാത്ത പ്രവാസി;
അപരിചിത രാജ്യത്ത്,
അപരിചിതരുടെ നടുവിൽ,
ഏവർകും അവകാശമുള്ള,
വിലയിടാത്ത പാഴ് വസ്തു.
പിന്നിട്ട പതിറ്റാണ്ടിലെ
നഷ്ടബോധത്തെക്കാൾ,
മുന്നേറേണ്ട വാർദ്ധക്യം
വേട്ടയാടും.
ഓടിത്തളർന്ന വഴിത്താരയിൽ
പതിയാഞ്ഞ കാല്പാടുകൾ
ഓർത്തു നെടുവീർപ്പിടും.
കാണുന്ന പ്രതലത്തിലൊക്കെ
'അവൾ' ചിത്രം വരക്കും.
ഒന്നെങ്കിലും സ്വന്തം
കൈയൊപ്പായി മാറിയെങ്കിൽ.
നാല്പതിനോടടുത്ത സ്ത്രീ
അണയും മുൻപുള്ള
ആളിക്കത്തലിന്റെ
ആദ്യ കനലാണ്.
ചങ്ങലകണ്ണികളെ
ഉരുക്കിയവൾ
ചിറകുകൾ പണിയും.
അവളുടെ കണ്ണുകൾ
പ്രണയത്തിന്റെ
കലവറയാണ്.
കുഴിയാനകളെ
ഗർഭം ധരിച്ചവൾ
പിന്നോട്ടു നടക്കും.
ലയ .എ .ബി
******************
പല കാരണങ്ങൾ
വീടുപൂട്ടി
വിളിപ്പാടകലെയെത്തുമ്പോൾ
ആരോ
തിരിച്ചുവിളിക്കുന്നു.
ഒരു വാതിലടച്ചില്ല
ഒരു വിളക്കണച്ചില്ല
അടുപ്പത്തു വെച്ച പാൽ
എടുത്തു വെച്ചില്ല.
യാത്രക്കിടയിൽ
പലപ്പോഴും
മുറ്റത്തുണക്കാനിട്ട തുണി
കാറ്റത്തു പാറി വന്ന്
കാർമേഘക്കൂട്ടമായി
കണ്ണുകളെമൂടുന്നു.
ഉച്ചഭക്ഷണത്തിനിടയ്ക്ക്
നനയ്ക്കാൻ മറന്ന
വെണ്ടയും
കയ്പ വള്ളിയും
മുഖം കറുപ്പിക്കുന്നു.
മടക്കയാത്രയിൽ
വാങ്ങേണ്ടവയുടെ
ഓർമ്മ
തോൾ ബാഗിലെ
ചെറിയ കള്ളിയിൽ
ഉറക്കമുണരുന്ന
കുഞ്ഞിനെപ്പോൽ
പിടയുന്നു
പെട്ടെന്ന്പൊട്ടിപ്പോകുന്ന
റബ്ബർ ചരടുപോലെ
ഓരോ നിമിഷത്തിലും
അവൾ അതിവേഗം
വീട്ടിൽ തിരിച്ചെത്തുന്നതിന്
വേറെയെന്തെല്ലാം
കാരണങ്ങളുണ്ടാവാം?
സുധാകരൻ മൂർത്തിയേടം
******************
ഇലാസ്റ്റിക് പ്രവണതയുള്ള
വിഷാദം,.......
പ്രണയത്തിന്റെ ,പെട്രോൾ നാഡിയിൽ
ഒരു തരി പകൽ വീണിരിക്കുന്നു,
മുറിവേറ്റ വെളിച്ചത്തിനെ, തണലെന്നു വിളിക്കും പോലെ
അബ്നോർമലായ
ഒരാൾ, ശാന്തം, സർവ്വം ശാന്തം എന്നു പറഞ്ഞു കൊണ്ടിരിക്കുന്ന,
അലുമിനിയ ഇലകളുള്ള മരത്താഴം,
റിവേഴ്സ് ഗിയർ മാത്രമുള്ള വാഹനങ്ങളിൽ
പ്രവർത്തിക്കുന്ന,
സ്നേഹത്തിന്റെ, , ഹോമിയോ ആശുപത്രി,
ഇളം മധുരമുള്ള
പല്ലിമുട്ടകളുടെ " ബുൾസൈ"
വിഷാദം,
വലിയും ചുരുങ്ങുകയും,
പ്രണയത്തിന് തീപിടിക്കുകയും ചെയ്യുമ്പോൾ,
വരൂ
ഒരു പിടി മണ്ണിൽ, ഞാൻ
ഇതുവരെ
അജ്ഞാതമായിരുന്ന ഭൂഖണ്ഡത്തെ കാണിച്ചു തരാം
കാൽ മടമ്പുകളിൽ
ഉരഞ്ഞു പൊട്ടിയ ഒരു ഗോത്രത്തെയും,
നടന്നില്ലാതായ സ്വപ്നങ്ങളെയും
******************
ചില ദിവസങ്ങൾ
ചില ദിവസങ്ങളങ്ങനെയാണ് ,
നിന്റെ പേരുപറഞ്ഞ്
നിലവിളിച്ചു കൊണ്ട് എന്റെ കാൽക്കൽ ചുരുണ്ടു കിടക്കും,
ആട്ടി പുറത്താ ക്കാൻ നോക്കുമ്പോഴെല്ലാം ,
മുതുക് വളച്ച് ഒരിക്കൽക്കൂടി മുട്ടിയുരുമ്മും .
കൂടെക്കിടന്ന് നിറകൺ നോട്ടങ്ങളാൽ ഉറക്കം കെടുത്തും .
പുറത്തേക്കൊന്ന് പോയ് വരാമെന്ന് വച്ചാൽ കാലിൽ ചുറ്റി അരുതെന്നു വിലക്കും ,
എന്നെ ഒറ്റയാക്കരുത് എന്ന് മുരളും,
ഇന്നലെകളെടുത്ത് മുഖം തുടയ്ക്കും, കൂർത്ത വിരൽ നഖങ്ങളാൽ ഇടനെഞ്ച്
മാന്തിപ്പൊളിക്കും .
നാളെയെ വായിക്കാനിരുന്നാൽ ,
പതുത്ത വിരലിനാൽ, ഒളിച്ചു കളികളിലേക്ക് തൊട്ടു വിളിക്കും ,
നാളെ എന്നൊന്നുണ്ടോ എന്ന ക്ലാസിക് ചോദ്യം ആവർത്തിക്കപ്പെടും.
വെറുതെ ഉരുണ്ടു കളിച്ചും കാലിൽ ചുറ്റി വളഞ്ഞും
ഒന്നിനും വേണ്ടിയല്ലാതെ ഒരു അലസ ദിനം കടന്നു പോവും.
ചില ദിവസങ്ങൾ അങ്ങനെയാണ്
എന്റെ പൂച്ചകുറിഞ്ഞിയെപ്പോലെ .
ഷീലാ റാണി
******************
മഞ്ഞുകാലങ്ങൾ
മഞ്ഞല്ല ,
സന്ധ്യകളിൽ
താഴ് വര മൂടുന്നത്
വിഷാദമാണ്.
നേർത്ത നിഴലുകൾ
അവസാന ശബ്ദവും
പങ്കിട്ടെടുത്താണ്
പിരിഞ്ഞു പോകുന്നത്.
പേടിച്ചരണ്ട
ഒരൊറ്റമാൻ
ലക്ഷ്യമില്ലാതോടും .
കാറ്റ്
മുളങ്കൂട്ടങ്ങളിൽ
ഓടിക്കയറി
ഒളിച്ചിരിക്കും.
വൃദ്ധയായൊരു
ടൂറിസ്റ്റ് മദാമ്മ
തടാകത്തിലേക്ക് നോക്കി
ഒറ്റയ്ക്കിരിക്കും .
റമ്മടിച്ച്
ലെവല് കെട്ടൊരു
ഗൈഡ് പയ്യൻ
ഒറ്റയ്ക്കിരുന്ന്
ഇംഗ്ലീഷ് പറയും .
വള്ളികളിൽ തൂങ്ങിയാടി
കൊതിതീരാത്തൊരു
കുരങ്ങൻ കുഞ്ഞിനെ
അമ്മക്കുരങ്ങ് ശാസിച്ച്
കൂട്ടിക്കൊണ്ടു പോകും .
നെല്ലിമരക്കൊമ്പിൽ
പറന്നു വന്നിരുന്നൊരു മൂങ്ങ
അർത്ഥം വെച്ച് മൂളും .
പുൽമേടുകളുടെ വിജനതയിൽ
പേരറിയാത്തൊരു
മഞ്ഞപ്പൂമരം
ഒറ്റയ്ക്ക് നിന്ന്
ഉറക്കം തൂങ്ങും .
സന്ധ്യകളിൽ
കോടമഞ്ഞ് വീണ്
ഒറ്റപ്പെട്ടു പോയൊരു
താഴ് വരയാണിത്
ലാലു കെ ആർ
******************
ഭാരതീയം
ഓർക്കുമ്പോളോർമ്മയുടെ
തീരത്തിരുന്നു തക്ഷശില
പൊട്ടിക്കരയുന്നു
ബാബറുംഅക്ബറും ഹുമയൂണും
ഗാന്ധിയും ഝാൻസിയും ടാഗോറും
ചരിത്രങ്ങളിൽ പൊടിയേറ്റു കിടക്കുന്നു
തേഞ്ഞുതീരുന്ന മാറാപ്പുപോലെ തോന്നലുകൾ ദൂരെ കൂടുവെയ്ക്കുന്നു .
ഓർക്കുന്നു ഞാനീ ഭാരതഭൂമിതൻ സൗന്ദര്യത്തെ
വിന്ധ്യതൊട്ടിങ്ങേ
സഹ്യാദ്രിയോളം പൊന്തിനിൽക്കുന്നു മാമലകൾ ,പുഴകൾ ,പക്ഷിമൃഗാദികൾ ,പുഷ്പങ്ങൾ ,മനുഷ്യർ ,നാനാത്വത്തിൽ ഏകത്വം
ആഹാ മനോഹരം ഭാരതം .
സൂര്യൻ കിഴക്കുദിച്ചു പടിഞ്ഞാറ്റു മുങ്ങി കുളിക്കണുണ്ടേ
രാത്രി നിലാവിൽ
തത്തിക്കളിക്കണുണ്ടേ
പാണൻ പാടിയ പാട്ടുകേട്ടു പാതിരാക്കോഴി കൂവണുണ്ടേ
കണ്ണടച്ചു ഞാനെന്റെ നാടിനെ കാണണുണ്ടേ .
മത്സരങ്ങളാണിന്നെങ്ങും
പണത്തിനുമപ്പുറം മറ്റൊന്നുമില്ല
ജാതികല്പ്പിച്ചു തീണ്ടാപ്പാടകലെ
കല്ലെറിഞ്ഞുകൊല്ലുന്നു സത്യത്തെ ,നീതിയെ .
മതങ്ങൾ വികലമായ്
മനസ്സിൽ പകയായ്
ഒരുമിച്ചു കോർത്തുനിന്ന കൈകൾ
ഊർന്നുപോകെ
മുറിച്ചെടുക്കുന്നു ,അതിർത്തിയിൽ യുദ്ധകാഹളം മുഴങ്ങുന്നു
കൊമ്പുകോർക്കുന്നു ,കൊമ്പത്തിരിക്കുന്നവർ പറന്നു രക്ഷതേടുന്നു .
നാം ചിറകുനഷ്ട്ടപ്പെട്ടവർ
പറക്കുവാനാകാതെ വെട്ടേറ്റുവീണു കിടക്കേണ്ടവർ
ചിറകുമുളച്ച മതങ്ങളെവിടെ ;
ഇപ്പോൾ നിങ്ങളൊളിച്ചിരിക്കെ ഞാൻ മനുഷ്യരെ തിരയുന്നു ,
നാളെയുടെ ഭാരതത്തിനായ് സ്വപ്നംകണ്ട ഫക്കീറിനായ് .....
പ്രദീപ് ആനാകുടി
******************
മരണക്കിണറിൽ
ചിലപ്പോഴൊക്കെ ഞാൻ
മരണക്കിണറിൽ
മോട്ടോർ സൈക്കിളോടിക്കുന്ന
സാഹസികനാവാറുണ്ട്.
കാതടപ്പിക്കുന്ന
ശബ്ദഘോഷങ്ങൾ,
ഏതു നിമിഷവും
നഷ്ടമായേക്കാവുന്ന ബാലൻസ്,
കാണികളുടെ മനസ്സിലെ
സംത്രാസങ്ങൾ
ഉയരുന്ന കരഘോഷങ്ങൾ......
അതെ,
ഞാൻ ഞാനായിത്തീരുന്ന
അപൂർവ്വനിമിഷങ്ങൾ!
ആൾക്കൂട്ടത്തിനിടയിൽ
മുഖം പൂഴ്ത്തിവച്ച്
ദീർഘനിശ്വാസമുതിർക്കുന്ന
നിന്നെ
അപ്പോൾ ഞാൻ
കാണാറുണ്ട്.
കി്ണറിന്നകത്തേക്ക്
നില തെറ്റി വീഴാനിടയുള്ള
ആ ദുരന്ത നിമിഷത്തെച്ചൊല്ലി ഒരു നടുക്കം
നിന്റെ കണ്ണുകളിൽ
മിന്നലാട്ടം നടത്തുമ്പോൾ
നീയും ഞാനും
ഒരൊറ്റ ഏകകമായി
മാറും.
പകരങ്ങളില്ലാത്ത
ഏകാന്ത ധ്യാനത്തിന്റെ
അപൂർവ്വലയം.....
പ്രളയത്തെ
അതിജീവിക്കുന്ന
ഒരു തുരുത്ത്
നാം കണ്ടെത്തുന്നതങ്ങനെയാണ്.
സ്വപ്നാ റാണി
******************
മൂന്നാറിൽ വീണ്ടുമൊരുവസന്തകാലം പൂക്കുമ്പോൾ
അന്നത്തെ പ്രഭാതം
നീലക്കുരിഞ്ഞികൾക്കിടയിൽ
നിന്നുതന്നെ കാണണം
അസ്തമയങ്ങളുടെകൂടെ
മാഞ്ഞു തീരുംവരെയത്
സൂക്ഷിക്കണം.
യാത്രയ്ക്കിടെ
നീലക്കുരിഞ്ഞിപൂക്കളുടെ
വസന്തങ്ങൾ നിറഞ്ഞ
കുറച്ചുകാട്ടുതേൻ
എല്ലാം നിശബ്ദങ്ങളിലെത്തുന്ന
ഉച്ചനേരത്ത്
പൂക്കളാൽ ചുറ്റപ്പെട്ട
പാറകളിൽ
ചെറിയൊരു മയക്കത്തിൽ
കാണുന്നതും
സ്വപ്നങ്ങൾത്തന്നെയാനെന്ന്
കരുതിവെക്കണം .
കുറച്ച്
ഉപ്പ് ,
ചുട്ടെടുത്ത മുളക് ,
കാട്ടരുവിയുടെ
കരയിലിരുന്ന് 'അന്ന് ',ഒരു
നേരം മാത്രംകഴിക്കുന്ന
ഒരു പൊതിചോറ് .
അപ്പോഴും
കഴിഞ്ഞകാലങ്ങളിലെ
നീലകുറിഞ്ഞികളെയെല്ലാം
ഇന്നലകളിൽ കൊഴിഞ്ഞുപോയതായ്
അടുത്തിരുത്തി
ആരാഞ്ഞുകൊണ്ടേയിരിക്കും .
എന്നും പോലെ
കുറേകൂട്ടുകാരുടെ കൂടെ
ഇടയ്ക്കിടെ മാത്രം
സംസാരിക്കുന്ന
കൂട്ടുകാരുമൊത്ത്
നിശബ്ദ്ദമായ
ലൈബ്രറിപോലെ
നടന്നു തീർക്കുന്നതാക്കണം .
അശോകൻ മറയൂർ
******************
അനുതാപം
അലങ്കാരങ്ങൾ ഉപേക്ഷിച്ചു ,,,,,,,,
വിടർന്ന ഉടുപ്പിന്റെ വലിയ ചിറകിന്നുള്ളിൽ, അഴകളവുകൾ ഒളിപ്പിച്ചു,,,,,,,
ജീവിതം,,,,,,,,,, നിസ്വാർഥത മായ് സമർപ്പിച്ചു,,,,,
സ്വന്തം വിയർപ്പിൻ ഉപ്പ് ദാനമായ് കൊടുത്തു,,,,
അത് ഏറ്റ് വാങ്ങി,,, മദിച്ചവർ തന്നെ അവരുടെ മാനം തെരുവിൽ കൂടി പിച്ചിച്ചീന്താൻ വലിച്ചെറിഞ്ഞു,,,,,
കാമത്തിന്റെ,,, അധികാരത്തിൻറെ,,,
അഹന്ത,,,
ഉടുപ്പിലും,,,,
വിധേയത്വത്തിലും,,,,
വിശ്വാസത്തിലും,,,,
ഒളിപ്പിച്ചതെല്ലാം കണ്ടെടുത്തു,,,,,
കവർന്നെടുത്തു,,,,,
ചുറ്റും ഉയരും ഹസ്തങ്ങൾ,,,,
സഹായഹസ്തങ്ങൾ,,,
പ്രതീക്ഷയുടെ തുരുത്തുകൾ,,,,,
മാനം പോയവൾ തെരുവിൽ അതിനായി കേഴണമെങ്കിൽ അവൾ
എത്ര നൊന്തിരിക്കണം,,,,
ചങ്ങലയ്ക്കിടപ്പെട്ടവർ,,,
ആ രോദനം ഏറ്റെടുത്തെങ്കിൽ,,,
അതെത്ര സത്യമാവണം,,,
ഇന്നവൾ ഇരയാണ്,,,
വെറും ഇര,,,
പദവികളും,,, അലങ്കാരങ്ങളും,,,,
സ്വാസ്ഥ്യവും,,,
നഷ്ടപ്പെട്ട അനുതാപം അർഹിക്കാത്ത ,,,,,,,,
വെറും ഇര,,,,
ശ്രീല അനിൽ
******************
ഒറ്റ
ഒറ്റയക്ക്
തെരുവില്‍ എത്രകാലം
ചോരയൊലിപ്പിക്കാതിരിപ്പിക്കും
നിങ്ങള്‍.
മാളങ്ങളില്‍ മുരള്‍ച്ചയില്ലേ.
ചിരിയുടെ മുള്ളുകളില്ലേ.
കാലൻ മറഞ്ഞിരിക്കും
കനിവില്ലേ.
ഒറ്റയ്ക്ക്
തെരുവില്‍ എത്രകാലം
മനുഷ്യനായ് കഴിയും നിങ്ങള്‍.
ഗ്രാമനിയമങ്ങള്‍
വിധേയപ്പെടേണ്ട കുറിപ്പടികള്‍,
മാംസബലം.
ഉപേക്ഷിക്കേണ്ട സ്വാസ്ഥ്യം.
മറന്നുവെക്കേണ്ടുന്ന സ്വത്വം.
തെരുവില്‍ എത്രകാലം
ചിന്തകൂടാതെ കഴിയും നിങ്ങള്‍.
ചോര ചെമ്പട്ടുടുക്കുന്ന
കനലാട്ടങ്ങളില്‍
മനുഷ്യനെന്ന പേരോടെ.
വറ്റിപ്പോകുന്നില്ലേ
ഒറ്റയ്ക്ക്.
ഗഫൂര്‍ കരുവണ്ണൂര്‍
******************
തീയിൽ മുളച്ചത്
കാറ്റ് പിടിച്ചു വലിച്ചു
വീണില്ല.
മഴ ഒഴുക്കി നോക്കി
ഒലിച്ചുപോയില്ല.
വെയിൽ ചുംബനച്ചൂടു നൽകി
പ്രണയബദ്ധനായില്ല.
മഞ്ഞ്
ഹിമ മെത്തയൊരുക്കാൻ നോക്കി .
അലിഞ്ഞലിഞ്ഞൊഴുകി
ഉറയാതെ നിന്നു.
തീ അമർത്തി ആലിംഗനംചെയ്തു.
അവൻ വാടാതെ
ചേർന്നു ചേർന്നുകിടന്നു.
ഗഫൂർ കരുവണ്ണൂർ
******************
മഴമരങ്ങൾ...
ഭൂമിയിലേക്കിറങ്ങിയാൽ
തിരിച്ചു കയറില്ല
കുരുത്തം കെട്ട
കുറുമ്പൻമഴകൾ...
ശരീരം മുഴുവനും
കാടു വളർന്ന്
കുട്ടികളൊക്കെ
ഞെട്ടിയുണരുമ്പോൾ
പനിവീടിന്റെ
മേൽക്കൂര വീണ്
മഴകളെല്ലാം
അമ്മയെ നനയ്ക്കുന്നു...
ഓർക്കാപ്പുറത്തൊരു
മഴ വന്ന്
ഒരു കാലത്തെ
മുഴുവനായും
കടലാസുതോണി കയറ്റുമ്പോൾ
പ്രളയസ്മൃതിയുടെ
തുഞ്ചത്തിരുന്ന്
മരിച്ചു പോയ
ഉണ്ണികൾ
മഴപ്പാട്ടു പാടുന്നു .....
ശ്രീനിവാസൻ തൂണേരി
******************
തെരുവുകളിൽ കവിത നാറുന്നത് .....
ഇൻഷൂറൻസ് ആപ്പീസിൽ
ഒരു
നട്ടുച്ചനേരത്ത്
തലയിൽ
മുണ്ടിട്ടൊരു
കവിത
കയറി വന്നു..
മുഷിഞ്ഞ
ഭാണ്ഡത്തിൽ നിന്നും
ജന്മരേഖ പുറത്തെടുത്തു...
ഇൻഷൂർ വേണം സർ,
ഏതു നിമിഷവും
അനർത്ഥങ്ങൾ
സംഭവിച്ചേക്കാം...
അംഗഭംഗത്തിന്,
സ്ഥാവരജംഗമങ്ങൾക്ക്,
വിളനാശത്തിന്
ഓരോന്നിനും
ഓരോ പാക്കേജാണ്...
മരണത്തിന്
ഫുൾ കവറേജുണ്ട്
അനന്തരാവകാശിയായി
ആരെയാണ് വെക്കേണ്ടത്?
അനന്തരം,
ഉയരമളന്നു
തൂക്കമെടുത്തു
ആരോഗ്യസ്ഥിതി നോക്കി
അവശനല്ലെന്നൊപ്പിട്ടു...
ആദ്യഗഡുവായി
അർത്ഥത്തിന്റെ
ഒറ്റ നോട്ട് നൽകി
ആത്മനിർവൃതിയോടെ
ആത്മഹത്യയിലേക്കിറങ്ങി ...
ഒന്നാമത്തെ
വരി കൊണ്ട്
സ്വപ്നങ്ങളുടെ
ഗുഹ കടന്നു ..
രണ്ടാമത്തെ
ഉപമയിലൂടെ
സത്യത്തിന്റെ
വെയിലിലെത്തി ..
സ്വാതന്ത്ര്യത്തിന്റെ
അർദ്ധോക്തിയിൽ വെച്ച്
സ്വന്തം നെഞ്ചിലേക്ക്
മൂന്നു തവണ
നിറയൊഴിച്ചു...
പോളിസി ജനുവിനായിട്ടും
മരണ വാർത്ത
സ്ഥിരീകരിച്ചിട്ടും
അവകാശികളായി
ആരും വന്നില്ല ...
ചോര വറ്റിയ
കവിതകളങ്ങനെ
തെരുവു നീളെ
ചീഞ്ഞു നാറിക്കിടപ്പാണ്!
ശ്രീനിവാസൻ തൂണേരി
******************
കുടുക്ക
ചില്ലറ സ്വപ്നങ്ങളിട്ട്
സൂക്ഷിച്ച
ഒരു മൺകുടുക്കയായിരുന്നു
ഞാൻ.
ഇടയ്ക്കിടയ്ക്ക് എന്നെത്തന്നെയൊന്നു
കുലുക്കിനോക്കി രസിക്കും.
ലോലമായതിന്റെ
ചെറിയ വായ്മുഖത്തിലെന്നെ
ഉറക്കിക്കിടത്താറുണ്ട്.
നിറഞ്ഞ്, നിറഞ്ഞ്
ഒരിക്കൽ
കുടുക്ക പൊട്ടി.
ചിതറിപ്പോയ
ആ നാണയത്തുട്ടുകൾ
ഒടുവിലെങ്ങോട്ടാണ്
എന്നോട് പറയാതെ
ഉരുണ്ടുപോയത്.
യു. അശോക്
******************
ജലാധിവാസം
കുടിച്ചു തീരാത്ത
പെരുവിരൽ കൊണ്ട്
വെറുതെ വായുവിൽ
തുഴഞ്ഞും കല്പാന്ത-
ജലധിയിൽ നിന-
ക്കിനി മത്സ്യ രൂപം
ജലധിയാഴത്തിൽ
കലക്കമില്ലാതെ
വെയിലിറങ്ങുമ്പോൾ
കരയിലേക്കുള്ള
കനവിൻ ചൂണ്ടയിൽ
പകുതി കീറിയ
കുരലു നേദിച്ച്
പിറന്നു കൂർമമായ്....
പുറന്തോടിന്നുള്ളിൽ
പൊതിഞ്ഞു സൂക്ഷിച്ച
പ്രണയഗന്ധിയാ-
മമര സ്പന്ദങ്ങൾ
അവ വളർന്നതും
ശിരോമുകുരമായ്
തെളിഞ്ഞു കൂർത്തതും....
തിരിച്ചെടുക്കുകീ
വരാഹ വേദന
നൃസിംഹ ഗർജനം
അലയടിക്കയായ്
ഹിരണ്യതാപത്തി -
ലകം തിളക്കുന്ന
നിമിഷത്തൂണുകൾ
പിളർന്നുവീഴവേ
മനസു പാതാള
പ്പടവിറങ്ങുന്നു
ബലിയൊടുങ്ങിയ
തടവറ തേടി
രഹസ്യ യാനങ്ങൾ!
നടുവിലും പിന്നെ
യിടം വലങ്ങളിൽ
ത്രിവിധ രാമത്വം
വരിഞ്ഞു കെട്ടുമ്പോൾ
ഹരേ കൃഷ്ണാ നിൻ്റെ
ജ്വലിതനാഡിയിൽ
അസുര കാമന
ലയിച്ചു ചേർന്നുവോ?
പരസ്പരം വെട്ടി
പ്പകുത്തവീഥികൾ
പകയും ദ്വേഷവും
പുകച്ചനാളുകൾ
അവതാരാർത്തിയിൽ
ജപിച്ചിരിക്കവേ
കടൽപ്പെരുക്കങ്ങൾ
തിരയൊരുക്കങ്ങൾ
മഹാപ്രളയത്തിൻ
സഹന കാലങ്ങൾ
മറികടക്കുവാൻ
പഴയൊരാലില
മറവിയല്ലത്
മരവിപ്പല്ലത്
ജലാധി വാസിയാം
സ്മരണയാണത്
ശ്രീനിവാസൻ തൂണേരി
******************