22-05

പ്രിയ തിരൂർ മലയാളം സുഹൃത്തുക്കളെ... ദൃശ്യകലയുടെ വരമൊഴിയിണക്കത്തിലേക്ക്....കാഴ്ചയിലെ വിസ്മയത്തിലേക്ക്.. ഏവർക്കും ഹൃദ്യമായ സ്വാഗതം..
ദൃശ്യകലയുടെ വരമൊഴിണക്കത്തിൽ തൊണ്ണൂറ്റിനാലാം ഭാഗമായി പരിചയപ്പെടുന്ന കലാരൂപം ... കേളീപാത്രം
കേരളത്തിലെ കോലത്തുനാട്ടിൽമുൻ‌കാലങ്ങളിൽ നിലവിലിരുന്ന ഒരു അനുഷ്ഠാനകലയാണ് കേളീപാത്രം .ബ്രഹ്മാവിന്റെ തലയോടാണെന്ന സങ്കല്പത്തിൽ കയ്യിൽ ഭിക്ഷാപാത്രവും പുഷ്പമാലയും ഭസ്മവും അണിഞ്ഞ് സന്യാസിവേഷത്തിൽ വീടുകൾ സന്ദർശിക്കുന്ന ചടങ്ങാണിത്. ചോയി ഗുരിക്കൾ അല്ലെങ്കിൽ യോഗിസമുദായത്തിൽ പെട്ടവരാണ് കേളിപാത്രം വേഷം അണിയാറുള്ളത്.  കേളീപാത്രംകേളിയാത്രം എന്നും പ്രാദേശികമായി അറിയപ്പെടാറുണ്ട്. ഇത് ഒരു “വീടോടി“ കലാരൂപമാണ്. 
ഗ്രാമത്തിലെ പ്രധാന ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന കേളീപാത്രം ആ പ്രദേശത്തെ വീടുകളിലെല്ലാം പോവുകയും അവിടെ ഭിക്ഷ നടത്തുകയും പതിവാണ്.ഊർ‌വരാധനയുമായി ബന്ധപ്പെട്ട ഒരു കലയായ ഇത് ഇന്ന് നാശോന്മുഖമാണ്

കേളീപാത്രം എെതിഹ്യം..👇👇
കേളീപാത്രത്തിന്റെ പുരാവൃത്തംശിവനുമായി ബന്ധപ്പെട്ടതാണ്. ബ്രഹ്മഹത്യാപാപത്തിൽ നിന്നും മുക്തി നേടാനായി ശിവൻ ഭിക്ഷാടനം നടത്തിയിരുന്നെന്നും, അതിലൂടെ പാപമുക്തി നേടിയ ശിവൻ കപാലം ‘യോഗി’യെ ഏൽപ്പിച്ചുവെന്നുമാണ് വിശ്വാസം.

അനുഷ്ഠാനരീതി👇👇
അതിരാവിലെ നാട്ടിലെത്തി, ക്ഷേത്രക്കുളത്തിൽ കുളിച്ച് തൊഴുത് വസ്ത്രം മാറും. ആദ്യം വെള്ളവസ്ത്രമുടുത്ത് അതിന്മേൽ ചുവന്നപട്ടുടുക്കും. തലയിൽ പാമ്പിന്റെ ചിത്രമുള്ള തലപ്പാവ്, ഒരു കൈയ്യിൽ ഭിക്ഷാപാത്രവും വടിയും, മറ്റേക്കൈയ്യിൽ കൈമണിയുംഉണ്ടാകും. വേഷമണിഞ്ഞു കഴിഞ്ഞാൽ മൗനിയായി മണി മുഴക്കി കൊണ്ടേ സഞ്ചരിക്കൂ. കേളിപാത്രത്തിന്റെ മണിയൊച്ച കേട്ടാൽ ആളുകൾ വഴിമാറി കൊടുക്കും. വീടുകളിലെത്തിയാൽ നാലു ദിക്കും നോക്കി, 3 പ്രദക്ഷിണം വെക്കും. ഒരോ പ്രദക്ഷിണത്തിനു ശേഷവും വീട്ടുകാരി ഭിക്ഷാപാത്രത്തിൽ അരിയിടും. തുടർന്ന് അടുത്ത വീട്ടിലേക്കായി സഞ്ചരിക്കും. ഒറ്റക്കാണ് കേളീപാത്രമുണ്ടാവുക, അകമ്പടിയായി വാദ്യമൊന്നുമില്ല, മണിമുഴക്കം മാത്രം. വെയിൽ മൂക്കുന്നതിനു മുൻപു തന്നെ ഭിക്ഷാടനം നിർത്തി, വേഷം അഴിച്ചു മാറ്റി സ്ഥലംവിടും. ബാക്കി സഞ്ചാരം അടുത്ത ദിവസം മാത്രം. സാധാരണ ഒരു ഗ്രാമത്തിലെ മുഴുവൻ വീടുകളും ഭിക്ഷാടനം നടത്തി തീർക്കാൻ ഒരാഴ്ചയോളം എടുക്കാറുണ്ടായിരുന്നു.

കേളീപാത്രം... ഒരു ഓർമ്മക്കുറിപ്പ്...👇👇
ഓര്‍മ്മ ഒരു പൊട്ടക്കിണറുപോലെയാണെനിക്ക്. അതിലെത്തിനോക്കാന്‍ വല്ലാത്ത പേടിയാണ്. എങ്കിലും വളരെ അപൂര്‍വ്വമായി ആ പൊട്ടക്കിണറ്റിലെത്തിനോക്കാറുണ്ട്.

ആദ്യ ഓര്‍മ്മ എന്താണ്? കുട്ടിക്കാലത്തെ ഓര്‍മ്മകളെല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. സമയ സൂചികള്‍ നഷ്ടപ്പെട്ടവയാണ് മിക്കവയും. പലതും കൂടിക്കുഴഞ്ഞിരിക്കുമെങ്കിലും ചിലതിന്റെ തെളിച്ചം വല്ലാതെ എന്നെ വിസ്മയിപ്പിക്കാറുണ്ട്.

ഏറ്റവുമാദ്യത്തെ ഓര്‍മ്മ അച്ഛമ്മയുടെ കൈയ്യില്‍ തൂങ്ങി പെരുമഴ കാണുന്നതാണ്. ഉമ്മറത്തേക്കിറങ്ങാതെ പടിക്കകത്തു നിന്ന് കണ്ട ആ പെരുംമഴ ഇനിയും തോര്‍ന്നിട്ടില്ല!!

പിന്നെത്തെ ഓര്‍മ്മ എന്താണ്?

അടിയന്തിരാവസ്ഥയില്‍ അറസ്റ്റിലായിരുന്ന ഇളയച്ഛന്റെ തിരിച്ചു വരവോ, അതോ കേളിപാത്രമോ? തടിച്ച സോഡാകുപ്പി പോലുള്ള കണ്ണടയിട്ട കൂട്ടുകാരനെ ആദ്യം വീട്ടിലേക്കയച്ച്, പിന്നാലെ കയറിവന്ന മെലിഞ്ഞു വിളറിയ 20 വയസ്സുകാരനായ ഇളയച്ഛന്‍, ആരോടുമൊന്നുമുരിയാടാതെ മണികിലുക്കി വരുന്ന കേളിപാത്രം.. രണ്ടുപേരും എത്ര രാത്രികളില്‍ എന്റെ ഉറക്കംകെടുത്തിയില്ല.

കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ ഞാന്‍, ഞാന്‍ മാത്രമായിരിക്കില്ല എന്റെ നാട്ടിലെ കുട്ടികളെല്ലാവരും, ഭയന്നിരുന്നത് കേളീപാത്രത്തെയായിരുന്നു. ചുവന്ന വസ്ത്രമണിഞ്ഞ്, ദേഹമാസകലം ഭസ്മം പൂശി, മണിമുഴക്കി, ആരോടുമൊന്നുമുരിയാടാതെ വീട്ടിലേക്കു കയറിവരുന്ന കേളിപാത്രം ഇന്നും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. കേളീപാത്രത്തിന്റെ വരവു മുടങ്ങിയിട്ടെത്ര വര്‍ഷമായെന്നെനിക്കറിയില്ല, പക്ഷെ ഇന്നും ആ മണിമുഴക്കം എന്റെ കാതുകളിലുണ്ട്. മൌനമാണേറ്റവും ഭയപ്പെടേണ്ട വികാരമെന്ന പാഠവും പഠിപ്പിച്ചത് കേളിപാത്രം തന്നെ.

കണ്ണൂര്‍ ജില്ലയിലെ മിക്കവാറുമെല്ലാ പ്രദേശങ്ങളിലെ വീടുകളിലും മുന്‍‌കാലങ്ങളില്‍ കേളിപാത്രം ഭിക്ഷാടനത്തിനായെത്തും. അഴീക്കോട് ഭാഗത്തുള്ള യോഗി സമുദായത്തില്‍ പെട്ടവരാണ് എന്റെ നാട്ടില്‍ കേളിപാത്രത്തിന്റെ വേഷമണിയാറുള്ളത്. കേളീപാത്രത്തിന്റെ പുരാവൃത്തം ശിവനുമായി ബന്ധപ്പെട്ടതാണ്. ബ്രഹ്മഹത്യാപാപത്തില്‍ നിന്നും മുക്തി നേടാനായി ശിവന്‍ ഭിക്ഷാടനം നടത്തിയിരുന്നെന്നും, അതിലൂടെ പാപമുക്തി നേടിയ ശിവന്‍ കപാലം ‘യോഗി’യെ ഏല്‍പ്പിച്ചുവെന്നുമാണ് വിശ്വാസം.

അതിരാവിലെ നാട്ടിലെത്തി, ക്ഷേത്രക്കുളത്തില്‍ കുളിച്ച് തൊഴുത് വസ്ത്രം മാറും. ആദ്യം വെള്ളവസ്ത്രമുടുത്ത് അതിന്മേല്‍ ചുവന്ന പട്ടുടുക്കും. തലയില്‍ പാമ്പിന്റെ ചിത്രമുള്ള തലപ്പാവ്, ഒരു കൈയ്യില്‍ ഭിക്ഷാപാത്രവും, വടിയും, മറ്റേക്കൈയ്യില്‍ മണി. വേഷമണിഞ്ഞു കഴിഞ്ഞാല്‍ ഉരിയാട്ടമില്ല. കേളിപാത്രത്തിന്റെ മണിയൊച്ച കേട്ടാല്‍ ആളുകള്‍ താനേ വഴിമാറി കൊടുക്കും. മണി മുഴക്കി കൊണ്ടേ സഞ്ചരിക്കൂ. വീടുകളിലെത്തിയാല്‍ നാലു ദിക്കും നോക്കി, 3 വട്ടം വെക്കും. ഒരോ വട്ടമെത്തിയതിനു ശേഷവും വീട്ടുകാരി ഭിക്ഷാപാത്രത്തില്‍ അരിയിടും. തുടര്‍ന്ന് അടുത്ത വീട്ടിലേക്കായി സഞ്ചരിക്കും. ഒറ്റക്കാണ് കേളീപാത്രമുണ്ടാവുക, അകമ്പടിയായി വാദ്യമൊന്നുമില്ല, മണിമുഴക്കം മാത്രം. ഒരു വീട്ടില്‍ നിന്നും അടുത്ത വീട്ടിലേക്ക്, വെയില്‍ മൂക്കുന്നതിനു മുന്‍പു തന്നെ ഭിക്ഷാടനം നിര്‍ത്തി, വേഷം അഴിച്ചു മാറ്റി സ്ഥലംവിടും. ബാക്കി സഞ്ചാരം അടുത്ത ദിവസം മാത്രം. ഒരാഴ്ചകൊണ്ടേ ഞങ്ങളുടെ ഗ്രാമത്തിലെ മുഴുവന്‍ വീടുകളും തീര്‍ക്കാറുണ്ടായിരുന്നുള്ളു.

കേളിപാത്രത്തിന്റെ മണി ഇപ്പോള്‍ എന്റെ നാട്ടിൽ മുഴങ്ങാറില്ല, മണ്മറഞ്ഞു പോയ മറ്റു അനുഷ്ടാനകലകളിലൊന്നായി കേളിപാത്രവും. ഇന്നെവിടെയെങ്കിലും ഉണ്ടാകാറുണ്ടോ കേളിപാത്രം.??? നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ?

(കടപ്പാട്_കണ്ണൂരാൻ)










വി.കെ.പ്രകാശ് സംവിധാനം ചെയ്ത കർമയോഗി എന്ന സിനിമയിൽ ഇന്ദ്രജിത്ത് കേളീപാത്രവേഷത്തിൽ.












ഒരു പക്ഷെ കേളീപാത്രം വീഡിയോ ആ സിനിമയിൽ ഉണ്ടാകേണ്ടതാണ്...റീവാല്യുവേഷൻക്യാമ്പും കോഴ്സുകളും കാരണം തിരക്കിലായിപ്പോയി..വീഡിയോ ലഭിക്കുന്നവർ അത് പോസ്റ്റ് ചെയ്യണേ എന്ന് അഭ്യർത്ഥിക്കുന്നു
http://googleweblight.com/i?u=http://narthaki73.blogspot.com/2016/04/chapter-ii-kelipatram-ritual-tradition.html?m%3D1&hl=en-IN