22-01


മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ - ബെന്യാമിൻ

📚📚📚📚📚📚📚📚📚📚📚

പുസ്തക പരിചയം 

മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ
നോവൽ 
ബെന്യാമിൻ

പ്രസാ : ഡി. സി. ബുക്സ് 
വില    : 399/-

ആടുജീവിതം  എന്ന നോവലിലുടെ മലയാള വായനയിൽ മാറ്റം വരുത്തിയ എഴുത്തുകാരൻ.  മൾബറി പബ്ലിക്കേഷൻസിലൂടെ ഷെൽവി തുടങ്ങി  വെച്ച വായനയുടെ കുതിപ്പ് അക്ഷരോർജ്ജമായി പകർന്ന  എഴുത്തുകാരൻ.  
 പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശി.  യുത്തനേസിയ എന്ന  ആദ്യ കഥാ സമാഹാരത്തിലൂടെ സജീവ സാന്നിദ്ധ്യം  അറിയീക്കുന്നു. 

ആടുജീവിതം,
മഞ്ഞവെയിൽ മരണങ്ങൾ, 
അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ, 
അൽ- അറേബ്യൻ നോവൽ ഫാക്ടറി,
മുല്ലപ്പു നിറമുള്ള പകലുകൾ,
അബീശഗീൻ,
പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, എന്നീ  നോവലുകൾ  കൂടാതെ
എന്റെ പ്രിയപ്പെട്ട കഥകൾ,  ഇ. എം. എസും പെൻകുട്ടിയും,
യുത്തനേസിയ എന്ന കഥാസമാഹാരവും, കുടിയേറ്റം  എന്ന ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചു. 

നീണ്ട നാളത്തെ പ്രവാസ  ജീവിതം അവസാനിപ്പിച്ച്  ഇപ്പോൾ നാട്ടിൽ.  

നോവലിലേക്ക് :

അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ എന്ന നോവലിൽ മാന്തളിർ എന്ന  ഗ്രാമത്തിന്റെ  വിശ്വാസവും വിശ്വാസ കലഹവും ആക്ഷേപ ഹാസ്യ രൂപത്തിൽ  അവതരിപ്പിച്ച നോവലിസ്റ്റ്  അതേ  ഭൂമികയിൽ  തന്റെ പുതിയ നോവലിന്റെ വിത്തെറിയുന്നു. 

മോഹൻ ദാനിയേൽ എന്ന  കൊച്ചു പയ്യന്റെയും അവന്റെ  അനിയൻ ചണ്ണിക്കുഞ്ഞെന്നു  വിളിക്കുന്നവന്റെയും വീക്ഷണത്തിലൂടെ കഥ പുരോഗമിക്കുന്നു.  

എം. സി. റോഡിലുടെ യാത്ര ചെയ്തവർക്ക് അറിയാവുന്ന  പ്രദേശമാണ് മാന്തുക
നീട്ടി വളർത്തിയ നഖങ്ങൾ കൊണ്ടുള്ള മാന്തലല്ല.  ബഷീറിന്റെ  സുഹറ  മജീദിനെ മാന്തിയതുമല്ല.
 ഇത്  ഒരു ദേശപ്പേരാണ്. 
ആ ദേശത്തിനകത്തെ ഇഠാ വട്ടം സ്ഥലമാണ് മാന്തളിർ. അതു തന്നെ  ഒരു കുടുംബപ്പേരായി പരിണമിക്കുകയാണ്. 

സഫയും ( സഭയും) സമുദായവും സഫാംഗങ്ങളും തമ്മിലുള്ള  പോരിനു ശേഷം മാന്തളിലേക്ക് കടന്നു വരുന്ന  ചില  ജീവിതങ്ങളുടെ നേർക്കാഴ്ചയാണ് ഈ നോവൽ.

നീണ്ട  ഇരുപത് വർഷങ്ങൾക്ക് ശേഷം  നാടുവിട്ടുപോയ കുഞ്ഞൂഞ്ഞ് തിരികെ നാട്ടിലെത്തുന്നതോടെ നോവൽ  ആരംഭിക്കുന്നു. 
ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെയും എന്നാൽ  ഒരു 
ചരിത്രകാരന്റെ  പാടവത്തോടെയും മോഹൻ ദാനി ആദ്യ ഭാഗം  പൂർത്തിയാക്കുന്നു


ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥാ പ്രഖ്യാപനവും കുഞ്ഞൂഞ്ഞിന്റെ മാന്തളിരിലേക്കുള്ള മടങ്ങി വരവും ഒരേ ദിവസമായത് തികച്ചും യാദൃശ്ചികമാകാം. 
കള്ള് , കമ്യൂണിസ്റ്റ്  എന്നിവയെ എന്നും പടിക്ക് പുറത്തു നിറുത്തിയിരുന്ന മാന്തളിർ വീട്ടിലേക്ക്  കുഞ്ഞൂഞ്ഞും കൂടെ കമ്യൂണിസവും കടന്നു വന്നു.  പഞ്ചാബിയായ  ഭാര്യയും നാലു മക്കളും മാന്തളിർ വീടിന്റെ നിലവിലുണ്ടായിരുന്ന പരിസ്ഥിതിക്ക് കനത്ത  ആഘാതമാണ് സൃഷ്ടിച്ചത്. 

മാന്തളിർ പള്ളിയിൽ  കക്ഷി വഴക്കിനെത്തുടർന്ന്  കൂട്ടത്തല്ല് നടക്കുന്നതും മോഹന്റെ അപ്പന് പരിക്കേൽക്കുന്നതും പള്ളി  റിസീവർ ഭരണത്തിലമരുന്നതും പന്തളം ഷുഗർ മില്ല്  തുറന്നതും തുടർന്ന്  നടക്കുന്ന സമരങ്ങളും തുടർച്ചയായി  വരുന്നു. 

ലോക്കൽ കമ്മിറ്റിയിൽ ചേർന്ന് പ്രവർത്തിക്കുന്ന കുഞ്ഞൂഞ്ഞിന് കരുത്തായി ഭാര്യ മന്ദാകിനിയും ഉണ്ട്.

വയറപ്പുഴയുടെ ആഴങ്ങളിൽ അമ്മ  അമ്മിണിയോടൊപ്പം മരണത്തിന്റെ തണുപ്പാർന്ന ഇരുളിലേക്ക് മോഹനും പോകുന്നതോടെ ഒന്നാം  ഭാഗം  അവസാനിക്കുന്നു. 

അടിയന്തിരാവസ്ഥയിലെ പൊലീസ് രാജിന്റെ ഒരു ചിത്രീകരണം ഈ നോവലിൽ പറയുന്നുണ്ട്.   

ദാനിയേലിന്റെ ആകെയുള്ള  അവലംബമായ സൈക്കിൾ ലൈസൻസ്  ഇല്ല  എന്ന പേരിൽ പോലീസ് പിടിച്ചെടുക്കുന്നു. ലൈസൻസ് രാജ് എന്ന്  നാം പുതിയ തലമുറ കളിയാക്കിയ കാട്ടാള നീതിയുടെ ഇരയാവുകയായിരുന്നു  ദാനിയേൽ.  അയാൾ കരഞ്ഞുകൊണ്ട് ഓടി മാന്തളിർപ്പടിക്കലെത്തി. പർട്ടിയോഫീസിലെത്തി മന്ത്രി എം. എന്നിന്റെ നമ്പർ തിരക്കിയ  സാക്ഷാൽ കുഞ്ഞുഞ്ഞിനെ  മാന്തളിരിലെ പുതിയ  കമ്യൂണിസ്റ്റുകാർക്കറിയില്ലായിരുന്നു. 

എന്തായാലും തിരുവനന്തപുരത്തിന് ട്രങ്ക് ബുക്ക് ചെയ്ത്  എം. എന്നിനോട് സംസാരിച്ചു.  പക്ഷേ  ലൈസൻസ് രാജിൽ ഇടപെടാൻ  മന്ത്രി പോലും മടിച്ചു. 

കോൺഗ്രസിന്റെ സമര മുറ കാണിക്കാം എന്ന് വീരവാദം മുഴക്കിയിറങ്ങിയ കുഞ്ഞൂഞ്ഞ് ഒന്നാമനും മിണ്ടാതെ മടങ്ങിയെത്തി. 

തലയിൽ ചുമന്ന് കരിമ്പിൻ ചക്കര ചന്തയിലെത്തിക്കുന്ന വിഷമം അനുഭവിക്കുന്ന  ദാനിയേൽ തന്നെ  മോഹനെയും കൂട്ടിയിറങ്ങി. അന്ന് പോലീസ് സ്റ്റേഷനിലെ സകല പണിയും
 ചെയ്യീച്ച്, വീട്ടിലിരിക്കുന്നവരെ കൂട്ടി അശ്ലീലം  വരെ കേൾപ്പിച്ചിട്ടാണ്  ആ സൈക്കിൾ തിരിച്ചു കൊടുത്തത്. ഇത്  അടിയന്തിരാവസ്ഥയുടെ ഒരു  ഉദാഹരണം മാത്രം.

കുഞ്ഞൂഞ്ഞ്  രണ്ടാമൻ എന്ന കമ്യൂണിസ്റ്റ്കാരൻ വന്നിറങ്ങിയ അന്ന്  ജനിച്ച ചണ്ണിക്കുഞ്ഞെന്ന് എല്ലാവരും കളിയാക്കി വിളിക്കുന്ന  മോഹന്റെ അനിയനിലൂടെയാണ് കഥ  തുടരുന്നത്.

വിമോചന ദൈവ ശാസ്ത്രവും നവ ലിബറൽ ആശയങ്ങളും സഭയിലും
പുതു തലമുറ കമ്യൂണിസ്റ്റുകളിൽ പടല പിണക്കവും പ്രത്യയ ശാസ്ത്ര വരൾച്ചയും നേരിടുന്നു. 
കുഞ്ഞൂഞ്ഞ് അച്ചടക്ക നടപടിക്ക് വിധേയനാകുന്നു. 

മാന്തളിർ മത്തായി എന്ന മഹാമേരുവിന്റെ പള്ളിക്കമറ്റിയിലെ സ്ഥാനത്തിന് ഇളക്കം തട്ടുന്നു. പന്തളം ഷുഗർ മില്ല്  നീണ്ടുനിന്ന സമരത്തെതുടർന്ന് അടച്ചു പൂട്ടുന്നു. പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ട  കുഞ്ഞൂഞ്ഞ് ദൈവ വിശ്വാസിയും ക്രമേണ  കടുത്ത  അന്ധവിശ്വാസിയുമായി മാറുന്നു. 

മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ അങ്ങനെ  കൊഴിഞ്ഞു വീഴുന്നു. 

ആക്ഷപ ഹാസ്യത്തിന്റെ അടരുകൾ നിവർത്തിയിട്ട അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങളുടെ തുടർച്ചയായ ഈ നോവലിലും രൂക്ഷമായ  പരിഹാസം നിറയുന്നു.  


🎄🎄🎄🎄🎄🎄🎄🎄🎄🎄🎄





*****************************************
ആശുപത്രീല്
രോഗികൾ കിടക്കുമ്പോൾ ഒരു കയറ്റിറക്ക ഗ്രാഫ് കാണിക്കും..
വളർന്നും തളർന്നും
മാന്തളിരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 
വളർച്ചയും തളർച്ചയും പരിണാമങ്ങളും..
ചിരിയിൽ കോർത്ത് 
വരച്ചിടാനാണ്..

ബെന്യാമീന്റെ ശ്രമം...

കൃത്യമായ പ്രാദേശിക ചരിത്രം എന്ന് സൂചിപ്പിക്കുന്ന ആമുഖത്തിനു ചേരുന്ന വിധം സ്വന്തം പെണ്ണിനെ അറിഞ്ഞ ദിവസം പകർന്ന ഗൗരവത്താൽ അപ്പന്റെ രഹസ്യപ്പെട്ടി തുറന്ന് ആറാം ക്ലാസിലെ നോട്ടുപുസ്തകം കണ്ടെടുക്കുന്നു .പതിനാലു വർഷം മുമ്പ് മരിച്ച മോഹനച്ചാച്ചൻ  എന്നെങ്കിലുമൊരിക്കൽ ചെറുക്കനു കാണാൻ 'എന്നടിക്കുറിപ്പെഴുതിയ ചിത്രം എന്നെ തരിപ്പിച്ചു.ഞാനും മോഹനും റൂഹയും എന്നൊരു നറേറ്റീവ് ടെക്നിക്ക് കഥ പറയലിന് ആദ്യമേ സ്വീകരിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്.
ഉപ്പാപ്പൻെറ 'പ്രമാദമാനമായ മൗനം 'മുറിച്ച് അന്നമ്മച്ചി മകനേ കൂട്ടാൻ രണ്ടു കുടയുമായി ചെങ്ങന്നൂർ തീവണ്ടിയാപ്പീസിലേക്ക് പുറപ്പെട്ടു.ഒപ്പം പെറ്റു പോയാലോ എന്നു പേടിയുള്ള അമ്മിണിക്കൊച്ചമ്മ ഒഴികെ മാന്തളിർ മത്തായി ഉൾപ്പടെ സകലരും.പക്ഷെ അടിയന്തരാവസ്ഥ പ്രശ്നമായി!
കൊമ്രേഡ് ജിജൻ എന്ന ഒന്നാം ഭാഗം നർമ്മത്തിൽ ചാലിച്ച് ഹൃദ്യമായി എഴുതിയിരിക്കുന്നു:. മാന്തളിർ വീട്ടിൽ 20 വർഷത്തെ പഞ്ചാബ്‌ ജീവിതം അവസാനിപ്പിച്ചെത്തിയവല്യച്ചായനും മന്ദാകിനിയും 5 കൊമ്രേഡ് കോഴിക്കുഞ്ഞുങ്ങളും ,വീതം ചോദ്യവും.
   മൂന്നാം ഭാഗത്തിലെ (കുഞ്ഞൂഞ്ഞ് ഒന്നാമൻvട കുഞ്ഞൂഞ്ഞ് രണ്ടാമൻ ) സൈക്കിൾ കഥയിലൂടെ അടിയന്തരാവസ്ഥയുടെ ഭീകരത നർമ്മം ചാലിച്ച് പറയുന്നു. ജയിലിലെ _ സ്റ്റേഷനിലെ, ക്രൂര പീഡനത്തിന്റെ കഥകൾ എത്രയോ നാം വായിക്കുന്നു. അതിനേക്കാൾ ഭീതിദമാണ് അത് നർമ്മത്തിൽ പൊതിയുമ്പോൾ!
ഞങ്ങൾ പള്ളിയിൽ പോകുന്നവർ തെറ്റു ചെയ്താൽ കുമ്പസരിക്കും നിങ്ങൾ കമ്യൂണിസ്റ്റുകാരോ? ഞങ്ങൾ സ്വയം വിമർശനം നടത്തും എന്ന സാബുവും കൊമ്രേഡ് ജിജനും തമ്മിലുള്ള സംഭാഷണം എവിടെയൊക്കെയോ തറക്കുന്നില്ലേ !
 നർമ്മം, പരിഹാസം, ആക്ഷേപഹാസ്യം,വിറ്റ് - ഇങ്ങനെ എല്ലാ വിധ ഹാസ്യവും ചേർന്ന ആഖ്യാനം ഹൃദ്യതരമാണ്, പക്ഷെ7, 8 ഭാഗങ്ങളിൽ അത്ര ഏശുന്നില്ലാത്തതുപോലെ.പക്ഷേ പിന്നീടങ്ങോട്ട് ഭാഷ സ്വഭാവികതാളം വീണ്ടെടുക്കുന്നു. വല്യപ്പച്ചന്റ ശവമടക്ക് ,പള്ളിത്തർക്കത്തിലെ വൈകാരികത, എന്നിവയൊക്കെ വരുമ്പോൾ നോവൽ ആദ്യമായി തികച്ചും വൈകാരികവും ലേശം മെലോഡ്രാമ കലരുന്നതുമാവുന്നു.
പാട്രിസ് ലുമുംബ കമ്യൂണിസ്റ്റല്ലെങ്കിൽ ഞാനും കമ്യൂണിസ്റ്റല്ല ,എന്ന കണ്ടെത്തൽ മന്തളിർ കുഞ്ഞൂഞ്ഞിൽ നിന്നാണോ ബന്യാമിനിൽ നിന്നോ എന്ന് സംശയിക്കണം. താൻ വെടിവച്ചു കൊന്ന സഹപട്ടാളക്കാർ മനുഷ്യമാംസം തിന്നുകയും തന്നെ തീറ്റിക്കുകയും ചെയ്തെന്ന സൂചനക്കൊപ്പം വായിക്കുമ്പോൾ ,അങ്ങനെയല്ലാതെ ചിന്തിക്കവയ്യ.

 അപ്പോഴും
സഫക്കും ഫാര്യക്കുമൊക്കെ മാറ്റമില്ലെ ന്നോർപ്പിക്കാനായി ജിജന്റ നല്ലഫാവി വരുന്നു.
    ഒടുവിൽ മുഴുവൻ കഥയും മായ്ച്ചു കളഞ്ഞും തേച്ചുമിനുക്കിയും ഒരു ക്ലൈമാക്സ്
      വായനയുടെ ഒരോ നിമിഷവും ആസ്വാദ്യമാക്കുന്ന നോവലാണ് മാന്തളിരി ലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ
നന്ദി ബന്യാമിൻ

മാന്തളിരിന് ഒരു കൂട്ടിച്ചേർക്കൽ
പക്ഷേ ഇത് ഞാനെഴുതിയതല്ല. എന്റെ മകൾ സൂര്യയുടെ എഴുത്ത്.

മാന്തളിരിന് ഒരു വിയോജനക്കുറിപ്പ്.


വായിക്കാൻ കയ്യിലെടുക്കുമ്പോൾ പ്രതീക്ഷകളുടെ ഭാരമുണ്ട് മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾക്ക്, ആടുജീവിതത്തിലൂടെ അസ്വസ്ഥതയും അങ്കലാപ്പും സമ്മാനിച്ച, വിധിയുടെ വിചിത്ര നിയോഗങ്ങൾ ഓർമ്മിപ്പിച്ച എഴുത്തുകാരന്റെ പുതിയ പുസ്തകമെന്ന ഭാരം. ഭാവനയ്ക്ക് യാഥാർഥ്യത്തെ സൃഷ്ടിക്കാനും പുനഃസൃഷ്ടിക്കാനും കഴിയുമെന്ന് ‘മഞ്ഞവെയിൽ മരണങ്ങൾ’ എന്ന നോവലിലൂടെ അനുഭവിപ്പിച്ച പ്രതിഭാശാലിയുടെ പുതിയ വാഗ്ദാനം. ‘അക്കപ്പോരിന്റെ 20 നസ്രാണി വർഷങ്ങളി’ലെ ആക്ഷേപഹാസ്യത്തിന്റെ ഓർമ. വായനയ്ക്കു കുതിപ്പു പകർന്നു ചുണ്ടിൽ ചിരി വിടർത്തുകയും പിന്നീടും ഓർത്തോർത്തു ചിരിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന തുളഞ്ഞിറങ്ങുന്ന നർമത്തിന്റെ തീക്ഷ്ണതയും ഹാസ്യത്തിന്റെ പ്രഹരശേഷിയും. ഇവയിൽ നിന്നൊക്കെ വ്യത്യസ്തമായിരിക്കും കമ്യൂണിസ്റ്റ് വർഷങ്ങൾ എന്നുറച്ചു വിശ്വസിച്ചു, പ്രതീക്ഷിച്ചു, ആഗ്രഹിച്ചു. അത് ഒരു വായനക്കാരന്റെ സ്വാതന്ത്ര്യം ആ സ്വാതന്ത്ര്യത്തിന്റെ വിശാലതയിൽ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ വായിച്ചു താഴെ വയ്ക്കുമ്പോൾ മനസ്സിൽ നിറയുന്നതു ശൂന്യത. ഒരു മികച്ച പുസ്തകം മനസ്സിൽ അവശേഷിപ്പിക്കുന്ന അനുഭൂതിയുടെ അഭാവം. 


ഒരു ചെറിയ മധ്യതിരുവിതാംകൂർ ഭൂവിഭാഗമാണു മാന്തളിർ. അവിടെ നൂറ്റാണ്ടുകൾക്കു മുമ്പു സ്ഥാപിതമായ പ്രസിദ്ധമായ ഒരു സെന്റ് തോമസ് ദേവാലയമുണ്ട്. വർഷങ്ങളായി തുടരുന്ന സഭാവഴക്കുകളുടെ കേന്ദ്രസ്ഥാനം കൂടിയാണ് ഈ പള്ളി. മാന്തളിര്‍ കഥകളുടെ പ്രഭവകേന്ദ്രം. പള്ളിയെ ചുറ്റിപ്പറ്റി ജീവിതം കെട്ടിപ്പടുത്ത ഒരു കൂട്ടം മനുഷ്യർ പള്ളിയെ സംബന്ധിക്കുന്ന എന്തിനും അർഹിക്കുന്നതിലുമധികം പ്രാധാന്യം കൊടുക്കുന്നവർ. സ്നേഹിച്ചും കലഹിച്ചും ജീവിച്ച മാന്തളിർകാരുടെ തിരുശേഷിപ്പുകളാണ് അവരുടെ കഥകൾ. പറഞ്ഞാലും പറഞ്ഞാലും തീരാത്ത രസകരവും കൗതുകകരവുമായ കഥകൾ


മാന്തളിർ കഥകളുടെ ഒന്നാം ഭാഗം എത്തുന്നത് 2005ൽ. ഒരു വ്യാഴവട്ടത്തിനു ശേഷം അക്കപ്പോരിന്റെ തുടർച്ചയായി കമ്യൂണിസ്റ്റ് വർഷങ്ങൾ.


മാന്തളിരിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കവും വികാസവും ഒടുക്കവുമാണ് നോവലിന്റെ ഇതിവൃത്തം. ഒപ്പം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വികസനചരിത്രവും സമാന്തരമായി നിൽക്കുന്ന സഭാചരിത്രം. രാജ്യ, ലോക ചരിത്രവും ഒപ്പമുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം ഇതിനുമുമ്പും എഴുതപ്പെട്ടിട്ടുണ്ട്. പല രൂപത്തിൽ ഹ്രസ്വമായും ദീർഘമായും പിന്തുണയ്ക്കുന്നവരാലും എതിർക്കപ്പെട്ടവരാലും ഒറ്റുകൊടുക്കപ്പെട്ടവരാലും. അവയിൽ നിന്നു വ്യത്യസ്തത പുലർത്തുന്നുണ്ട് ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത ബെന്യാമിന്റെ ചരിത്രം. പാർട്ടിക്കൊപ്പം സഭാവഴക്കിന്റെ കേന്ദ്രസ്ഥാനം വഹിച്ച പള്ളി കൂടിയെത്തുമ്പോൾ രസക്കൂട്ടുകൾ പൂർണമാകുന്നു. ചരിത്രത്തിന്റെ വാസ്തവികതയ്ക്കൊപ്പം പ്രതിഭാശാലിയായ ഒരു എഴുത്തുകാരന്റെ വ്യക്തിപരമെങ്കിലും ഹൃദയ മിഴി കാണുന്ന ഭാവനയുടെ സത്യമുണ്ട് ബെന്യാമിന്റെ നോവലിൽ.



നാം പിന്നിട്ട ഒരു കാലം കളർ ടിവിയും ടാറ്റ സുമോയും കേരളത്തിനു പുത്തൻ കാഴ്ചകള്‍ സമ്മാനിച്ച ചരിത്രസന്ധി വരെ നീളുന്ന കാലം തികഞ്ഞ സത്യസന്ധതയോടെ ആ കാലത്തെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു എഴുത്തുകാരൻ. ആത്മാർത്ഥത ഓരോ അക്ഷരത്തിലും പ്രകടം. ചിരിപ്പിക്കുന്നുണ്ടു കഥാപാത്രങ്ങൾ. ചിന്തിപ്പിക്കുന്നുണ്ട് സാഹചര്യങ്ങൾ. ആക്ഷേപ ഹാസ്യത്തിന്റെ ഇഴപൊട്ടാതെ കാക്കാനും കഴിയുന്നുണ്ട്. പക്ഷേ, ഒരു ഗംഭീര നോവലിന്റെ ശക്തിയോ ദൃഢതയോ ബെന്യാമിന്റെ പുതിയ പുസ്തകത്തിന് അവകാശപ്പെടാനാവില്ല താൽപര്യമുള്ളവർക്കു മാത്രം വായിച്ചു പോകാവുന്ന ചരിത്രം. വായിക്കാനറിയുന്നവരെയെല്ലാം  [രാത്രി 8:30 -നു, 22/1/2018] ശ്രീല കെ. ആർ: വലിച്ചടിപ്പിക്കുന്ന മാന്ത്രികതയില്ലെന്നു മാത്രം. അപൂർവം അവസരങ്ങളിൽ അക്ഷരത്തിനു മാത്രം കഴിയുന്ന ദര്‍ശനം സാധ്യമാക്കുകയും മറ്റെല്ലായ്പ്പോഴും ശാന്തമായൊഴുകുന്ന ഒരു നദിയുടെ നിശ്ശബ്ദ താളം കേൾപ്പിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് വർഷങ്ങൾ

‘‘എടാ, ഒരു പുസ്തകമിറങ്ങിയാൽ ഉടനെയൊന്നും അതു വായിക്കരുത്. 20 വർഷം കഴിഞ്ഞും അതു വായിക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലായാൽ അപ്പോ എടുത്തു വായിക്കണം. അതു കാലത്തെ അതിജീവിക്കുന്ന പുസ്തകമായിരിക്കും. മഹാനായ റഷ്യൻ നോവലിസ്റ്റ് ബോറിസ് പാസ്റ്റർനക്കിന്റെ ഡോ. ഷിമാഗോ ആണ് ഞാൻ അവസാനമായി വായിച്ച നോവൽ പുസ്തകം. അദ്ദേഹം മരിച്ചതോെട ഞാൻ വായന നിർത്തി. അയാളെക്കാൾ മികച്ച എഴുത്തുകാർ ഈ ഭൂമിയിൽ ഉണ്ടാവട്ടെ. അപ്പോൾ ഞാൻ വായന തുടങ്ങാം.’’
മാന്തളിരിലെ കൊച്ചച്ചന്റെ ഈ വാക്കുകളിലുണ്ട്, മികച്ച പുസ്തകം മനസ്സിലാക്കാനുള്ള രഹസ്യത്തിന്റെ താക്കോൽ. പതിറ്റാണ്ടുകൾ എത്ര കടന്നുപോയാലും മലയാള ഭാവനയെ യാഥാർഥ്യത്തിലേക്കു കുലുക്കിയുണർത്തിയ കൃതിയായി നിലനിൽക്കും ആടുജീവിതം; ആ കൃതിയുടെ രചയിതാവായി ബെന്യാമിനും. മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങളോ? അൽ അറേബ്യൻ നോവൽ ഫാക്ടറിയും മുല്ലപ്പൂ നിറമുള്ള പകലുകളും പോലെ സാഹിത്യ ചർച്ചകളിൽ നിന്നു വേഗം മറവിയിലേക്കു മാറ്റപ്പെടാനാണോ കമ്മ്യൂണിസ്റ്റ് വർഷങ്ങളുടെ വിധി? ആശങ്കപ്പെടുത്തുന്ന കുറേ ചോദ്യങ്ങൾ ഉയർത്തുന്ന ബെന്യാമിന്റെ പുതിയ പുസ്തകം.

മികച്ച ഒരു എഴുത്തുകാരന്റെ പ്രതിഭയുടെ അടയാളം കമ്യൂണിസ്റ്റ് വർഷങ്ങളിൽ അവിടിവിടെയുണ്ട്. അദ്ഭുതപ്പെടുത്തുന്നവ. വിസ്മയിപ്പിക്കുന്നവ. പക്ഷേ, ആ അപൂർവ അവസരങ്ങൾ ആസ്വദിക്കാൻ വേണ്ടി എത്ര വായനക്കാർ 414 പുറങ്ങളിലൂടെ കടന്നുപോകുമെന്നു തെളിയിക്കേണ്ടതു കാലം. ഭാവന നിറം പിടിപ്പിച്ച ചരിത്രമെന്ന നിലയിലും കേരളത്തിലെ ഒരു കാലഘട്ടത്തെ ആക്ഷേപഹാസ്യത്തിന്റെ കണ്ണാടിയിലൂടെ കാണുന്ന എഴുത്തെന്ന നിലയിലും ഒളിമങ്ങാത്ത സ്ഥാനമുണ്ട് കമ്മ്യൂണിസ്റ്റ് വർഷങ്ങൾക്ക്. പക്ഷേ, വായനക്കാർ ബെന്യാമിനിൽ നിന്നു പ്രതീക്ഷിക്കുന്ന എഴുത്തിന്റെ, കലയുടെ, ഭാവനയുടെ, ഭാവിയുടെ പുസ്തകമല്ലെന്നു മാത്രം. 


മറക്കരുത്, മാന്തളിർ ദാനി എന്ന അച്ചാച്ചന്റെ വാക്കുകൾ 

‘‘മനുഷ്യൻ ആഗ്രഹിക്കുന്നതു നിർത്തിയാ, ജീവിക്കുന്നതു നിർത്തി എന്നാണർത്ഥം. ഓരോ അഞ്ചുവർഷം കൂടുമ്പോഴും നാം നമ്മളെ ഒന്നു തിരിഞ്ഞു നോക്കണം. നമ്മുടെ സ്ഥാനത്തെ അപ്പോഴും പുതുക്കി നിശ്ചയിച്ചിട്ടില്ലെങ്കി നാം ജീവിതത്തിൽ പരാജയപ്പെടാൻ തുടങ്ങിയിരിക്കുന്നു എന്നും മനസ്സിലാക്കിക്കോണം. അധ്വാനം ഇരട്ടിയാക്കേണ്ട കാലമാണത്.’