21-07-18



കണ്ണാടികളുടക്കുമ്പോൾ.
എന്റെ സുഖാനന്ദത്തിൻ
കൊടുമുടിയെക്കുറിച്ച്
നിനക്കെന്തറിയാം?
വിണ്ണിനു തീ പകരുന്ന
പന്തത്തെ നോക്കി
സൂര്യകാന്തി കൺ മിഴിക്കുമ്പോൾ
എന്റെ കണ്ണിൽ തെളിയുന്ന
തിരയിളക്കം നീ കണ്ടിട്ടുണ്ടോ?
ചങ്കിലെ പാട്ട് മധുരമായ് കൈമാറുന്ന
കുരുവികളുടെ പ്രണയം
എന്റെയുള്ളിൽ തീർക്കും തുടികൊട്ട്
നീ കേട്ടിട്ടുണ്ടോ?
അഴിച്ചിട്ട മുടിയിഴകളിൽ തലോടി
പവിഴമല്ലിച്ചുവട്ടിൽ
മാലകോർത്തിരിക്കുമ്പോൾ
വിരലുകളുടെ തുടിപ്പ്
നീ ശ്രദ്ധിച്ചിട്ടുണ്ടോ?
വിസ്മയം തീരാത്ത കുഞ്ഞിക്കണ്ണുകളെ
പാടിയുറക്കുമ്പോൾ
ത്രസിക്കുന്ന മാറിടം
നീയറിഞ്ഞിട്ടുണ്ടോ?
പെൺകുളി
കഴിഞ്ഞേഴാംനാൾ
പടം പൊഴിച്ചുയരുന്ന
മന്ദഹാസങ്ങളെ
അവിശ്വസനീയതയോടെയല്ലാതെ
നീ നോക്കിനിന്നിട്ടുണ്ടോ?
എന്റെ കൊടുമുടിയുടെ
വൈവിധ്യങ്ങളറിയാത്തവനേ
നിന്റെ മദപ്പാടിന്റെ
ഒറ്റക്കുടയിലേക്ക്
എന്നെ വലിച്ചു നിർത്താതിരിക്കുക.
സീന ശ്രീവത്സൻ

വരഞ്ഞുതുടങ്ങുമ്പോൾ
വരഞ്ഞു തുടങ്ങുമ്പോൾ.
ആദ്യമച്ഛനെ
നിശബ്ദതയുടെ
ചെറുനൂലിഴ കൊണ്ട്..!
പിന്നീടമ്മയെ
ഹൃദയവേരിൽ കൊരുത്ത്.!
പതിയെ പതിയെ.
മഷിക്കൂട്ട് വേണ്ട
പല വർണ്ണങ്ങളും ചാലിക്കേണ്ട
പുകമറച്ച ചിമ്മിനി
തുരുമ്പെടുത്ത മമ്മട്ടി..!
കൈയിലെ തഴമ്പ്
കാലിലെ ചിതമ്പൽ
കണ്ണിലെ ചുവപ്പ്
കരുവാളിപ്പിന്റെ കൊതുമ്പ്.
ചുമടേറ്റിയതിനാൽ
മുതുകിലെ കറുത്ത പാട്
അടിവയറിലെ
ചുവടധികഭാരം പേറിയ മടക്കുകൾ.
ഒക്കെ വരയണം.
കടലിൽ ഇരുട്ടൊളിപ്പിച്ച്
തിരിച്ചു കയറുവോളം
വെളിച്ചം മാത്രം സൂക്ഷിക്കുന്ന സൂര്യൻ.!
നിശ്ശബ്ദ മാത്രം
നെഞ്ചോട് ചേർത്തുവെക്കുന്ന
സ്വർണ്ണ പൗർണ്ണമി..!
ഇനി വീടാവാം
അത്ഭുത ലോകമാണത്
ആകാശം
ഭൂമി
പൂന്തോട്ടം
പുക്കൾ
ശലഭങ്ങൾ
രാജ്യം
രാജാവ്
രാജ്ഞി..!
അത്ഭുത ലോകവും
മഹാത്ഭുതങ്ങളും...!
വരഞ്ഞു കഴിഞ്ഞാൽ..
നിങ്ങൾ
വലുതാകുകയോ
ചെറുതാകുകയോ എന്നതല്ല.
ബലവാൻമാരാകുന്നു..!
അരുത്
കൈകൾ പിൻവലിക്കരുത്
പരിലാളനകൾ നഷ്ടപ്പെടാം
ഊതിക്കെടുത്തരുത്
വെളിച്ചമെങ്ങോട്ടോ മറയുന്നു.
കാറ്റ്
കൊടുങ്കാറ്റ്
മിന്നൽ
ഇടിവെട്ട്
നാമതിൽ തന്നെ ജീവിക്കുക.!
കൈകളിൽ
ചങ്ങലകളില്ലാതെ
കാലിൽ കൽഭിത്തികളില്ലാതെ
വീട്ടുമെത്തയിൽ കിടന്ന് തന്നെ
തലയണയിൽ തല ചായ്ച്ച്
ഉറ്റവരെല്ലാം ചുറ്റും കൂടി നിന്ന്
മക്കളുടെ കണ്ണുകളിൽ നോക്കി.
മറ്റൊന്നും ശേഷിക്കാനില്ലാതെ
മഹത്തായൊരു വിടവാങ്ങലല്ലാതെ.
മരണം വരച്ചിടാൻ
ശേഷിയില്ലാതെ..!
സംരക്ഷണത്തിന്റെ പുറംചട്ട
ആഗ്രഹിക്കുന്നവരല്ലേയവർ..!
അവരെ വരയുക
മാതാപിതാക്കളെ..!
അല്ലയോ..
മരിച്ചു ജീവിക്കുന്ന ചെറുപ്പക്കാരാ..
ഞാനിപ്പോഴും
അങ്ങയെ പ്രണയിക്കുന്നു...!!
റഫീക്ക്.ആറളം.

പിണങ്ങിപ്പോയ സൈക്കിൾ
കണ്ണാടിയുടെ ചില്ലില്‍
എന്നെ വിളിക്കല്ലേ എന്ന് രണ്ട് കണ്ണ്
സൈക്കിളിന്റെ പിറകില്‍ ഒരു കാക്ക
ചങ്ങലയഴിയുന്നതിന്റെ
സൈക്കിളിഴയുന്നതിന്റെ
പാട്ട് കെടുന്നതിന്റെ
മണ്‍തരി വായില്‍ ശ്വാസം തേടുന്നതിന്റെ
ഒടിച്ചുകളഞ്ഞ ചില്ലയുടെ കറ ഒഴുകുന്നതിന്റെ
എല്ലാത്തിന്റേയും
പടമെടുത്ത് പറന്നുപോവുന്ന കാക്ക
കവണയില്‍ നിന്ന് തെറ്റുന്ന കല്ല്
കാഷ്ഠം ഭയന്ന് മുഖം മൂടുന്ന കണ്ണാടി
കാക്കത്തൂവല്‍ - കിളിമുടി-പക്ഷിത്താടി
ടയറിനെ മണത്തുനോക്കുന്ന ഓന്തും പിള്ളേരും
ശ്വാസത്തിനെതിരെ
മീശയില്‍ കടിച്ചുപ്പിടിച്ച് പുളിയുറുമ്പുകളുടെ മുദ്രാവാക്യഘോഷണം
വെള്ളത്തില്‍ മുങ്ങിക്കപ്പല്‍ കളിച്ചിരുന്നപ്പോള്‍ കുമിളയാത്ര
എണ്ണിയവളുടെ ഫോണ്‍വിളി
മുയല്‍ച്ചെവിയന്‍ പൂവാങ്കുറുന്നിലകളുടെ കാടിന്റെ
ചുവപ്പന്‍ പാടമെന്ന പരിണാമം
തഴുതാമയുപ്പേരിയുടെ രുചി തങ്ങുന്ന ഉമിനീര്‍
പുരികപ്പാളത്തിലെ പഴുതാരയോട്ടങ്ങള്‍
ഡൈനാമോ ഊര്‍ന്ന് പോയതറിയാത്ത
സൈക്കിള്‍ ലൈറ്റ് , അതിനെ ഒക്കത്തിരുത്തിയ ഹാന്‍ഡില്‍
കണ്ണാടിയില്‍ കൊത്തിക്കൊണ്ട്
ആ നിമിഷത്തെ അലസമായി പിന്നിലേക്ക്
നീക്കിനീക്കിപ്പിടിക്കാനറിയാവുന്ന
മണ്ണാത്തിപ്പുള്ളിന്റെ വിളിയും
ചിത്രമായി പതിഞ്ഞുകാണും
ഭും എന്നൊച്ചവെച്ച വമ്പന്‍ വണ്ടിയുടെ
ചക്രച്ചാലില്‍ കിനിഞ്ഞ് പെട്രോള്‍ പാട
മുടിക്ക് ചുറ്റും കണ്ണീര്‍ഭൂപടം, അതില്‍ പിറകോട്ട് ചലിക്കാനാവാത്ത
പാട്ടേന്തുന്ന ഉറക്കെയുള്ള നിലവിളി
(ഇതിപ്പോള്‍
മണ്ണൊഴുകാന്‍ തുടങ്ങുകയും
ഓലത്തെയ്യം കൂക്കാന്‍ തുടങ്ങുകയും
വടക്കേച്ചിറയില്‍ കാക്കകള്‍ നീന്തിത്തുടിക്കുകയും
ചെയ്യുമ്പോഴുണരുന്ന പാട്ടിനെക്കുറിച്ചാണ് പറയുന്നത്)
കെട്ടുപോകുന്ന താളങ്ങളെ മാത്രം കുടിച്ചുവീര്‍ക്കുന്ന
നിമിഷത്തില്‍ ജയിക്കുന്ന കാമറകളുണ്ട്.
പാട്ടിന്‍വയറില്‍ നമ്മളുറങ്ങുമ്പോള്‍
ഒരു സൈക്കിളുന്തി സമയം പിറകിലൂടെ ഓടിക്കളയുന്നു.
കന്നി. എം

ഒറ്റക്കിനാവ്
സ്വപ്നങ്ങളുടെ വലിയ മാറാപ്പും പേറി ആ വലിയ കുന്നിൻ നെറുകയെ ലക്ഷ്യമാക്കി അവൾ നടന്നു.. കാലുകൾ വേച്ചു പോകുന്നുവെങ്കിലും ഈ കയറ്റം.. മുന്നിലെ ആ വലിയ ലക്ഷ്യം വല്ലാത്ത ആവേശമാണ് അവൾക്ക് നൽകിയത്.... പൊടുന്നനെ വലിയൊരു മഴ പെയ്തു... കുത്തിയൊലിക്കുന്ന പേമാരിയോടൊപ്പമെത്തിയ കാറ്റിൽ അവൾ വല്ലാതെ ഉലഞ്ഞു... നെറുകയിൽ തണുപ്പിന്റെ നേർത്ത തേങ്ങലായ് തഴുകി തലോടുന്ന ആ മഴപ്പെയ്ത്തിനെ അവൾ ഭ്രാന്തമായി പ്രണയിക്കുന്നുണ്ടായിരുന്നു..
ഇരുകൈകളും ചേർത്ത് വെച്ച് മനസിനെ ആ കൈകുമ്പിളിലെടുത്ത് ആ പെരുമഴക്കാലം മുഴുവൻ അവൾ നനഞ്ഞു തീർത്തു... മഴ പെയ്തൊഴിഞ്ഞപ്പോഴേക്കും ആ കുന്നിൻ നെറുകയിലേക്ക് അവളെത്തിയിരുന്നു... ആ ഉത്തുംഗത്തിൽ വെച്ച് തൻെറ മാറാപ്പ് തുറന്ന് സ്വപ്നങ്ങളെ അവൾ സ്വതന്ത്രരാക്കി...
കണ്ണുകൾ ഇറുകെ അടച്ച് ഒരു മയക്കത്തിലെന്ന പോലെ സ്വപ്നങ്ങളുടെ ലഹരിയിൽ അവൾ മതിമറന്നപ്പോൾ ഒരു ബുള്ളറ്റിന്റെ ശബ്ദം അവളെ ഉണർത്തി...
അപ്പോഴവൾ ഒരു ബുള്ളറ്റിലായിരുന്നു... നീല ജീൻസും വൈറ്റ് കുർത്തയുമണിഞ്ഞ്.. പല വർണ്ണങ്ങൾ നിറഞ്ഞതുവാല കൊണ്ട് നെറ്റിയിൽ മുറുക്കി കെട്ടി, കയ്യിൽ രുദ്രാക്ഷമണിഞ്ഞ്... ആക്സിലേറ്ററിൽ കൈകൾ അമരുമ്പോഴുള്ള വേഗത അവളെ ത്രസിപ്പിക്കുന്നുണ്ടായിരുന്നു... പെട്ടന്ന് ചങ്ങലക്കിലുക്കം കേട്ട് അവളൊന്ന് നടുങ്ങി...കണം കാലിൽ ബന്ധിച്ചിരിക്കുന്ന ആ ചങ്ങലകൾ അദൃശ്യമെങ്കിലും അവളെ നോക്കി പല്ലിളിച്ചു... പിറന്നു വീണപ്പോൾ മുതൽ അറുത്തുമാറ്റാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്ന 'അരുതുകൾ 'ചങ്ങലകളായ് ബന്ധനം തീർത്തപ്പോൾ അവൾ തുറന്നു വിട്ട സ്വപനങ്ങൾ ജീവനുള്ള ബിംബങ്ങളായി അവൾക്ക് ചുറ്റും അപ്പോഴും അലയുന്നുണ്ടായിരുന്നു...
യജിന  പത്മനാഭൻ

കിട്ടി "പ്പോയ ''' സ്വാതന്ത്ര്യം
അവർ
കറുത്തവരോ
വെളുത്തവരോ
ആയിരുന്നില്ല
ഒരേ ഭാഷയിൽ
സംവദിച്ചുമില്ല
ഒരു പോലത്തെ
ഭക്ഷണം കഴിച്ചില്ല
ഒരേ ദൈവത്തെ
ധ്യാനിച്ചുമില്ല
അതിനാൽ തന്നെ
അവരെ
ആരും കൂടെ കൂട്ടീല്ല.
നല്ലസംസ്ക്കാരത്തിനുടമകൾ
എല്ലാരാലും
വഞ്ചിക്കപ്പെട്ടവർ
ഒടുവിൽ
സമ്പത്തിനൊപ്പം
സ്വാതന്ത്രവും
നഷ്ടമായവർ
പിന്നീട്
ഉണ്ണാത്ത, ഉടുക്കാത്ത
പാവങ്ങൾ ; കൂടെ -
നാവിൽ
വെള്ളിക്കരണ്ടിയുള്ളവർ
ഒറ്റമുണ്ടുകാരന്റെ
പിന്നിൽ അണിനിരന്ന്
സ്വപ്നങ്ങൾ
തിരികെ പിടിച്ചവർ....!
പതിയെ പതിയെ..
അവർ വെളുക്കാൻ നോക്കി
ഒരേ ഭാഷ സംസാരിക്കാനും
ഒരേ ഭക്ഷണം കഴിക്കാനും
ഒരേ ദൈവത്തെ ധ്യാനിക്കാനും തുടങ്ങി
ഞങ്ങൾ ഒരു പോലെ
എന്നഹങ്കരിക്കാനും ....
എന്നാൽ
സീമകൾകടന്നു
പറന്നു പോകുന്ന പക്ഷികൾ
ഇവിടേക്ക് തിരിഞ്ഞു നോക്കി
അവയുടെ കണ്ണുകളിൽ
സഹതാപമായിരുന്നു
ദൂരെ നിന്നും
വീണ്ടും വന്നേക്കാവുന്ന
സ്വാതന്ത്ര്യ സമരത്തിന്റെ
സാധ്യതകൾ
അവർ കണ്ടുകാണുമായിരിക്കും .....

 ശാന്തി പാട്ടത്തിൽ

അജ്ഞതയുടെ മഞ്ഞു കണങ്ങൾ
ഇന്നെന്റെ കുഞ്ഞു പെങ്ങളുടെ
കുളിക്കല്യാണമായിരുന്നു.
ഉത്തരത്തിനു മുകളിൽ നിന്നും താഴേക്കു ചാർത്തിയ കുടമുല്ലപ്പൂമാലകൾ തോരണമിട്ട നടുമുറ്റത്തെ പന്തലിൽ ..
നടുത്തളത്തിലെ നിലത്തിരുന്നവൾ ചുറ്റും വട്ടമിട്ടിരുന്ന പെണ്ണുങ്ങളുടെ കളിതമാശകൾ.
ഒരു ഒളിപ്പോരുകാരിയുടെ ഇടം കണ്ണുകൊണ്ട് ശത്രുക്കളെ തിരിച്ചറിയുന്നതു പോലെ കളിയാക്കിയവൾമാരെ തിരഞ്ഞുപിടിച്ച് നിന്നെ പിന്നെ കണ്ടോളാം എന്ന മട്ടിലായിരുന്നു അവളിരുന്നിരുന്നത്.
എട്ടാം തരത്തിൽ എത്തിയ പെണ്ണിന്റെ നാണം കണ്ടില്ലേ?...
ജാപ്പാണം പുകയില കത്തി കൊണ്ടു് അരിഞ്ഞെടുത്ത് വായിൽ തിരുകുന്ന, ഞങ്ങളൊക്കെ ഷൗക്കർ ജാനകി എന്നു രഹസ്യമായി പേരിട്ട്
വിളിക്കുന്ന സരസുകുഞ്ഞമ്മായി....
ആളൊരു ശീമയാണ് ദേഷ്യം കയറിയാൽ തറവാട്ടു കാരണവരെപ്പോലും വിറപ്പിക്കും
അവളൊരു മദം പൊട്ടിയ ആനയെന്നാണ് വലിയമ്മാവൻ പറയുന്നത്.
ഇതു കേൾക്കുമ്പോൾ കുഞ്ഞമ്മായി തിരിച്ചടിക്കും
ഏത് കൊടി കെട്ടിയ കൊമ്പനായാലും ഈ സരസുന്റെ മുന്നിൽ വന്നാൽ വിവരമറിയും..".!!
വിവരമറിഞ്ഞിട്ടുണ്ട് പലരും...
കാണാൻ കൊള്ളാവുന്ന കാലത്ത് ഒരുപാടാളുകൾ ശ്രമിച്ചിട്ടുണ്ട് സരസു അമ്മായി വീണില്ല.. പക്ഷേ ചിലയവന്മാർക്ക് മുഖമടച്ച് അടി കൊണ്ടിട്ടുണ്ടു്. അതു കൊണ്ടു തന്നെ മദയാന എന്നു വല്യമ്മാമ്മ വിളിക്കുന്നത് തെറ്റായി തോന്നിട്ടില്ല...
മുറുക്കാൻ ചതച്ച് വായിലിട്ട് വാരസ്യാരുടെ ചെവിയിൽ കിന്നാരം മൂളിക്കാൻ ശ്രമിച്ചു.ശ്രദ്ധ മാറ്റി തന്നെ അവഗണിച്ച വാരസ്യാരെ കോപത്തോടെ നോക്കി...
എന്നീട്ടു പറഞ്ഞു
അല്ലെങ്കിലും എല്ലാർക്കും വേറെ ചില കാര്യങ്ങൾ കേൾക്കുന്നതാണിഷ്ടം, എന്നു പറഞ്ഞ് കുഞ്ഞമ്മായി ,കളം വിട്ടു
എന്റെ പൊന്നെ നമ്മളാര്
എന്നു പറഞ്ഞെഴിഞ്ഞു.
വിറകു കൂട്ടിയ അടുപ്പിലെ ചെമ്പിൽ തിളയ്ക്കുന്ന
പൊക്കാളി അരിയുടെ വേവ് നോക്കി തറവാട്ടിലെ സ്ഥിരം ദേഹണ്ഡക്കാരൻ - ഒത്തരി കൂടി വേകാനുണ്ട് കൃഷ്ണാ നീ വിറകു് കുറച്ചു കൂടി അടുപ്പിലിട്ടേയ്ക്കു...
ചിരട്ടയും, പൊതിമടലും, വിറകും അടുപ്പിലേയ്ക്കു തട്ടിയ കൃഷ്ണൻ മുറം കൊണ്ട് വീശി തീ പിടിപ്പിക്കാനിരുന്നു. പുകയുടെ ശല്യം കൊണ്ട് എലി ചാടുന്നതു പോലെ പെണ്ണുങ്ങൾ കൃഷ്ണനെ ചിത്തപറഞ്ഞു കൊണ്ട് അടുക്കളയിൽ നിന്നു പുറത്തേക്ക് ചാടി.... നടുത്തളത്തിലേക്ക് പോയി .
പ്രഥമനുള്ള പഴങ്ങൾ തൊലിയുരിച്ച് വൃത്തിയാക്കുന്നതിനിടെ വല്യമ്മാമ പറയുന്നുണ്ടായിരുന്നു ചെമ്പു പാത്രത്തിന് ഈയം പൂശീട്ട് എത്ര നാളായ് ക്ലാവിന്റെ ചുവയില്ലാതിരുന്നാൽ മതി. ആരും ശ്രദ്ധിക്കാതെ പൊഴിഞ്ഞു വീണ വാക്കുകൾ.
തളത്തിലെ വലിയ കുട്ടളത്തിൽ (വലിയ ചെമ്പുപാത്രം) മഞ്ഞളും മറ്റുമിട്ട് ചുടാക്കുന്ന വെള്ളം ,അനിയത്തിയെ കുളിപ്പിക്കാനായിരിക്കും .
എന്തെല്ലാം ചടങ്ങുകളാണു്?
ഇടയ്ക് പാചകപ്പുരയിലേക്ക് പോകുന്ന എന്നേ നോക്കി അവൾ കുസൃതിയോടെ ചോദിച്ചു.
എന്താ എട്ടാ ഇതൊക്കെ...
ചുറ്റുമിരുന്ന പെണ്ണുങ്ങളുടെ പരിഹാസച്ചിരിയിൽ നിന്നും ഓടി രക്ഷപ്പെട്ടു ഞാൻ.
അതു തന്നെയാ അനുജത്തി എനിക്കും ചോദിക്കാനുള്ളത്.
മഞ്ഞളരച്ച് മുഖത്തും ശരീരത്തിലും തേച്ച്‌ പിടിപ്പിച്ച് സ്ത്രീകൾ കുരവയോടെ കുളിപ്പിക്കാൻ കൊണ്ടു പോകുന്നു.
ഉമ്മറത്ത് ചാഞ്ഞിരുന്നു് അച്ഛൻ പണിക്കാർക്ക് നിർദ്ദേശം കൊടുക്കുന്നു.
രാമാ... കസേരയെല്ലാം നേരെയിടു....
കുറച്ചു നേരത്തെ ഇടവേളയുടെ കലപിലയിൽ നിറഞ്ഞ നേരം..
ഗേയിറ്റ് കടന്ന് വരുന്ന കാർ.. ദേഷ്യത്തോടെ നിന്നു. തികച്ചും ഗൗരവമായി മുഖം കനപ്പിച്ചവലിയേട്ടൻ കൂടെ ഏടത്തിയും..
എന്താ അച്ഛാ ഇതൊക്കെ?
പഴയ കാലത്തെ ആചാരങ്ങൾ, കാലം മാറീട്ടും ഇതൊന്നും നിറുത്താറായില്ലെ.
അച്ഛനതു പ്രതീക്ഷിച്ച പോലെ ..
എന്റെ കുഞ്ഞിനെ പെറ്റിട്ട് ഈ കൈകളിൽ ഏൽപ്പിച്ചിട്ട് പോയതാ അവൾ

എന്റെ കുഞ്ഞിനൊരു കുറവും വരുത്തില്ലെന്ന് അവളുടെ ആത്മാവിൽ തൊട്ട് സത്യം ചെയ്തിട്ടുണ്ട് ഈ അച്ഛൻ...
അച്ഛന്റെ ഗൗരവത്തിൽ തനിക്കഭിമാനം തോന്നിയ നിമിഷം..
ഏട്ടത്തി നടുത്തളത്തിലെത്തി. കുഞ്ഞനുജത്തിയുടെ താടിയിൽ പിടിച്ചുയർത്തി
വലിയ പെണ്ണായിരിക്കുന്നു. നീയ്...
സുന്ദരി...
അവൾ നാണത്താൽ കൂമ്പി നിന്നു., ഒരു വള കൈയിലണിയിച്ചു.
സ്ത്രീകളുടെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് വടക്കിനിയിലെ എന്റെ മുറിയിലേക്ക് പോകുമ്പോൾ ,ഇടനാഴിയിലെ തൂണിന്റെ മറയിൽ ചെറുമുകുളങ്ങൾ കൂമ്പി നിൽക്കുന്നതു പോലെ ഇടയ്ക്ക് തന്നെ നോക്കി കണ്ണിറുക്കി, ഒളികണ്ണിട്ടു നോക്കി ചിരിച്ചു. കടന്നു പോകാറുള്ള സാവിത്രി അമ്മായിടെ മകൾ ആരതി !..
തുളസിയും, ഉള്ളിയും ചേർത്ത് കാച്ചിയ എണ്ണയുടെ നറുഗന്ധം.
ഒരു പൊടിക്കാറ്റ് മനസ്സിനെ ഉലച്ചു.
അവളുടെ ഗൂഢമന്ദസ്മിതം, കണ്ണിലെ ദാഹം, ഹൃദയം നീറ്റുന്ന ഒരു പിടച്ചിൽ പോലെ..
ഇവളാള് ശരിയല്ല....
തെക്കേതിലെ ശരത്തിന്റെ കമന്റ് മനസ്സിൽ നിറഞ്ഞുനിന്നു.
നടുത്തളത്തിൽ വീണ്ടും വായ്ക്കുരവ..ചടങ്ങുകൾ തുടങ്ങന്നതിന്റെ താവാം...
ഒഴിഞ്ഞ കോണിലെ മുറിയിലെത്തി ഇത്തിരി വിശ്രമം, ഒന്നു മയങ്ങണം.
സദ്യവട്ടങ്ങളൊകെ അടുപ്പിച് കൊടുക്കാൻ പാടുപ്പെട്ടു... ഇനി സദ്യ കഴിഞ്ഞാലും പണിയുണ്ടാകും
എന്തായാലും സദ്യ കഴിക്കാൻ അമ്പല പറമ്പിലെ ആൽത്തറ വെടിപറച്ചിലുകാരുമെത്തും.
നന്ത്യർവട്ട പുഷ്പങ്ങൾ പൂത്തു നിൽക്കുന്ന വടക്കിനിയുടെ വാതിലും കടന്ന് അവൾ വന്നു
വാതിലിന്റെ, ഓടാമ്പലിന്റെ ഇളക്കത്തിൽ ലയിച്ചു ചേർന്ന പാദസ്വരത്തിന്റെ മൃദുലത, ഇടനാഴിയിലെ പദസഞ്ചലനം പോലെ.. ചൂടുള്ള നിശ്വാസങ്ങൾ തൊട്ടുപിറകിലെത്തി...
ആരതി ...
വാതിൽ തുറന്നവൾ അകത്തു കയറി.
എലി കെണിയിലകപ്പെട്ട പോലെയായ് ഞാൻ.
അവളുടെ രാഗാദ്രമായ നയനങ്ങളിൽ ഉടക്കി നിന്നു പോയോ..
ഈ പരിസരത്തൊന്നും ആരുമില്ല.
അവൾ വാതിൽ മെല്ലെ ചരി വശ്യമായ് ചിരിച്ചു.
എന്നെ ചേർത്തു പിടിച്ചവൾ മീശ മുളച്ചു വരുന്ന മേൽ ചുണ്ട് കടിച്ചു വലിക്കുമ്പോൾ
എവിടെയോ കുത്തിത്തറയ്ക്കുന്ന വികാരത്തിൽ തന്റെ ശരീരത്തോട് ചേർന്നലിയാൻ ഭാവിക്കവെ ....
വിറയാർന്ന കൈകൾ കൊണ്ട് അവളെ തള്ളിമാറ്റവേ മൃദുലമായ അവളുടെ ശരീരത്തിനു വിറയൽ പടർന്നിരുന്നു:
കള്ളൻ....
ഒന്നുകൂടി മുഖമുയർത്തി നെറുകയിൽ ചുംബിച്ചവൾ തളത്തിലേക്കോടിപ്പോയി..
വൃണിത ഹൃദയത്തിൽ കൗമാര ചാപല്യങ്ങളുടെ കുത്തൊഴുക്കിൽ കുളിയടിയന്തിരം തന്റെതായതു പോലെ തോന്നി.
വിശ്രമം വേണ്ട എന്നു വെച്ച് തളത്തിൽ തിരിച്ചെത്തുമ്പോൾ ആരതിയുടെ നറും നനവാർന്ന നയനങ്ങളുടെ ജതരേഖ,
രേഖാംശംങ്ങൾ തേടി തന്റെ മിഴിയിൽ ഏറ്റതു പോലെ...
സ്വീറ്റ് ഗേൾ..
ശരത്തിന്റെ കമന്റാണ് സ്ഥലകാലബോധമുണ്ടാക്കിയത്.
അതെ അവളുടെ ചുണ്ടിനു മധുരമാണ്..
ആരതിയുടെ സൗന്ദര്യം ശരത്തിന് ഹരമായി എന്നറിഞ്ഞതിനാൽ ഞാൻ ആകുലചിത്തനായ്
ഭയതരമായ ഒരു സന്ദേഹം....
അവസരം കിട്ടുമ്പോൾ ആരതിയുമായ് സംവദിക്കാൻ ശരത്ത് എത്തുന്നു.
കുളി കഴിഞ്ഞ് അനുജത്തി. പുതുവസ്ത്രങ്ങൾ അണിഞ്ഞ് ചടങ്ങുകളുടെ അന്ത്യത്തിൽ ,ഊണിനുള്ള സമയത്ത് അനുജത്തി. യുടെ ക്ലാസ്സിലെ കുട്ടികൾ കൂട്ടമായി വന്നു.
പഴപ്രഥമന്റെ മുകളിൽ വിതറിയ ഏലക്കായ്പ്പെടി നറുമണം പകർത്തി.
കൺഗ്രാജുലേഷൻ എന്ന പദത്തോടെ അവളുടെ കൂട്ടുകാർ എത്തി ചേർന്നു. ആൺ കുട്ടികളും പെൺകുട്ടികളുമടങ്ങുന്ന സംഘം.
അവർ അവൾക്കു വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ സമ്മാനം നൽകി....
താങ്ക സ്... പ്രിയരെ എന്നവൾ ഉപചാരം ചൊല്ലി..
തടിച്ചു സുന്ദരനായ കുസൃതി പയ്യൻ അനുജത്തിയെ കരം നുകർന്ന് കൈയ്യിൽ ചുംബിച്ചു ... -
ശിവ... ശിവ.. എന്താണീ കാണിക്കുന്നത്സ
രസു അമ്മായി...
ആൺ കട്ടികളുമായ് ഇനി അധികം അടുപ്പം പാടില്ല കുട്ടി....
why Not ?
എന്തുകൊണ്ട് പാടില്ല
തടിച്ചു സുന്ദരനായ പയ്യൻ ചോദിച്ചു. അവൻ വീണ്ടും പറഞ്ഞു.
നീ മെൻസസ് പിരീഡിലെത്തിയിരിക്കുന്നു. എല്ലാമാസവും കറക്ടായി ഓവ്വ്ലേഷൻ ഉണ്ടാകും. കുറച്ച് വേദനയും, ബ്ലിഡിങ്ങുമുണ്ടാകും.. അത്ര തന്നെ.ടേക്ക് കെയർ...
എന്റെ ഞെട്ടൽ മാറിയില്ല,
.
പെയ്തു തീരുമ്പോൾ 
വെളുത്ത വിരികളുള്ള കിടക്കയില്‍ പാദസരം മാത്രം അവളോട് സംസാരിച്ചുകൊണ്ടിരുന്നു. ജനാലയിലെ കര്‍ട്ടന്‍ ഞൊറിവിലൂടെ ചെറു നിഴലനക്കങ്ങള്‍ അവളെ പരിഹസിക്കുന്നതുപോലെ. കവിള്‍ കനര്‍പ്പിലൂടെ അരിച്ചിറങ്ങുന്ന നോവിന്‍റെ ലായനി ചുണ്ടുകളില്‍ തേങ്ങലിന്‍റെ വിങ്ങല്‍ തീര്‍ക്കുന്നുണ്ട്.
കണക്കുപുസ്തകത്തിന്‍റെ കള്ളികളില്‍ വരഞ്ഞുവയ്ക്കുന്ന അക്കങ്ങള്‍പോലെ കൂട്ടിക്കുറച്ച് മനസ്സിലേക്ക് വകഞ്ഞെടുക്കുമ്പോള്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ കൊഞ്ഞനം കുത്തുന്നതുപോലെ.
അമ്മേ ദാ നോക്ക് ഞാന്‍ വരച്ചതാ.. കുഞ്ഞുവാവ... കൊള്ളാമോ?
ശ്വേതയ്ക്ക് സങ്കടം സഹിക്കാനായില്ല, അവള്‍ പാറുവിനെ നെഞ്ചോട്ചേര്‍ത്ത് കെട്ടിപ്പിടിച്ചു.
അവളെവിടെ തന്‍റെ തോന്നലായിരുന്നോ? ഇല്ല അവളെന്‍റടുത്തുതന്നെയുണ്ടായിരുന്നു. നന്ദൂ... മോളേ....
ശ്വേത തലയിണയും കിടക്കവിരികളും വലിച്ചെറിഞ്ഞു. തെറിച്ചുവീണ തലയിണയിലൊന്ന് നന്ദുവാണെന്നവള്‍ക്കുതോന്നി. ഓടിച്ചെന്ന് വാരിയെടുക്കുമ്പോഴേക്കും ചെറിയ മയക്കത്തിലേക്കവള്‍ വഴുതിവീണു.
റോസ് നിറത്തിലുള്ള വെള്ള കിന്നരികള്‍ വച്ചുപിടിപ്പിച്ച ഒരു കുഞ്ഞുടുപ്പ്. അതില്‍ ഞാത്തിയിട്ടിരിക്കുന്ന സ്വര്‍ണ്ണനൂലുകള്‍. കുറേ വളപ്പൊട്ടുകള്‍ മഞ്ചാടി മണികള്‍... ശ്വേതയുടെ മനസ്സിലൂടെ പലചിത്രങ്ങളും കടന്നുവന്നു.
നിറയെ മയില്‍പ്പീലികള്‍ കുത്തിനിര്‍ത്തിയിരിക്കുന്ന ഒരു കാവ് അതിന്‍റെ കിഴക്കേ കോണില്‍ കുളമാവില്‍ നിന്നും ഞാന്നുകിടക്കുന്ന വള്ളിയില്‍ നന്ദു, ഒപ്പമൊരു കണ്ണനും...
മഴ ശക്തമാകുന്നുണ്ട് ഈശ്വരവാര്യര്‍ ശ്വേത കിടന്നിരുന്ന മുറിക്കുപുറത്തെ ബഞ്ചില്‍ കാല്‍ കയറ്റിവച്ചിരുന്നു. അയാള്‍ വളരെ ക്ഷീണിതനാണ്. മുഖം കണ്ടാലറിയാം ഇന്നൊന്നും കഴിച്ചിട്ടില്ലായെന്ന്.
വാര്യരെ ഇങ്ങനിരുന്നാലെന്താ ചെയ്ക... വല്ലതും കഴിക്കൂ... കുട്ടി ഉറങ്ങുകയല്ലേ....
ഒരു വിളര്‍ത്ത ചിരിമാത്രം സമ്മാനിച്ചു വീണ്ടും തറയിലേക്ക് ദൃഷ്ടിപതിപ്പിച്ച് അയാളിരുന്നു.
കേശവേട്ടന്‍ അയാളുടെ അടുത്ത് ചെന്നിരുന്നു. കാവിലെ വെളിച്ചപ്പാടാണ് കേശവേട്ടന്‍. പ്രതാപമുണ്ടായിരുന്ന കാലത്ത് ദൈവത്തിനു സമം എല്ലാവരും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. ഇന്ന് കാലം മാറി. കാവ് ഉത്സവത്തിനുമാത്രം ആളുകൂടുന്നിടമായി. അതും രാത്രി ഗാനമേളയോ മിമിക്രിയോ ഉണ്ടാച്ചാല്‍ മാത്രം.
കേശവേട്ടന്‍ വാര്യരുടെ തോളത്ത് തട്ടി സമാധാനിപ്പിച്ചു... എന്താ ചെയ്ക.. സുകൃതക്ഷയം.. കാവിലമ്മേ.....
വാര്യരുടെ കണ്ണുകളില്‍ നിന്നും ചിലതുള്ളികള്‍ ഉരുണ്ട് താഴേയ്ക്ക് പതിച്ചു.
നന്ദൂ...... അകത്തുനിന്നും വീണ്ടും ശ്വേത അലറിവിളിച്ചു.
കൈകള്‍ തോര്‍ത്തുമുണ്ടുകൊണ്ട് ബന്ധിച്ചിരിക്കാ എന്‍റെ കുട്ടീടെ..... ആരാ സഹിക്ക അല്ലേ കേശവേട്ടാ.... ഉം...
കേശവേട്ടന്‍ ചുമരിലേക്ക് ചാരി മലര്‍ന്നിരുന്നു... ഓര്‍മ്മകള്‍ ദേവൂന്‍റെ കുടിലിനകത്തേയ്ക്ക് ഇഴഞ്ഞു നീങ്ങി. കാവിലെ വെളിച്ചപ്പാടാണു താനെങ്കിലും പലപ്പോഴും ദേവു തനിക്കൊരു ഹരമായിരുന്നു. അവളുടെ പിന്നാമ്പുറങ്ങലില്‍ നിന്ന് ദൃഷ്ടിയെടുക്കാതെ കോരന്‍റെ ചായപ്പീടികയിലെ തടിബഞ്ചില്‍ പലപ്പോഴും താനിരുന്നിട്ടുണ്ട്. പലരും പറഞ്ഞു കേട്ടിട്ടുണ്ട് ദേവുവിന്‍റെ ഉടല്‍ മിടുക്ക്. അതൊട്ടനുഭവിക്കാന്‍ കഴിഞ്ഞില്ല. അതിനുമുന്‍പ് അവള്‍....
വാര്യര്‍ കഴിഞ്ഞദിവസം പറയുന്നതുവരെ തനിക്കാ കഥ അറിയില്ലായിരുന്നു. പക്ഷേ അറിഞ്ഞപ്പോള്‍ മനസ്സേറെ വേദനിച്ചു. രക്ത്സ്രാവംമൂലം മരിച്ചതാണെന്നാണ് താനും നാട്ടുകാരും കരുതീത്. അവളുടെ വകയിലൊരമ്മാവന്‍ രത്നാകരനും അതങ്ങുറപ്പിച്ചുപറഞ്ഞു. കേള്‍പ്പോരും കേഴ്വിയുമില്ലാത്തതിനാല്‍ ദേവുവിന്‍റെ മരണത്തെ ആരും ചിക്കിചികഞ്ഞതുമില്ല.
അവള്‍ മരിച്ചിട്ട് ഈ കര്‍ക്കിടകത്തില്‍ അഞ്ചുകൊല്ലമാവുന്നു. ശ്വേതയും രവിയും വാര്യരുടെ വീട്ടില്‍ തിരിച്ചെത്തീട്ടുമായി അത്രേംകൊല്ലം. വരുമ്പോള്‍ നന്ദു കൈക്കുഞ്ഞായിരുന്നു. പെറ്റെണീറ്റ് നേരെ ഇങ്ങുപോന്നൂന്നാണ് വാര്യര് തന്നോട് പറഞ്ഞത്.

ദേവൂന്‍റെ ചാക്കാലച്ചിലവ് മുഴുവന്‍ കൊടുത്തത് രവിയായിരുന്നു. ഇപ്പോഴാണ് അതിന്‍റെയൊക്കെ അര്‍ത്ഥം തനിക്കു മനസ്സിലാകുന്നത്. സത്യത്തില്‍ ദേവു കത്തെഴുതിയിട്ടാണ് രവി എത്തിയത്. അവള്‍ ഗര്‍ഭിണിയായിരുന്നു. ശ്വേതയ്ക്കാണെങ്കില്‍ ഇതുവരെയും കുട്ടികളുമില്ല. ദേവുവും രവിയുമായി ഇത്തരത്തിലൊരു ബന്ധമുണ്ടായിരുന്നുവെന്ന് നാട്ടിലാര്‍ക്കുമറിയില്ല. താന്‍പോലും വാര്യരിന്നലെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ അങ്ങനൊന്നൂഹിക്കകൂടി ചെയ്യില്ല. വാര്യരുടെ വലിയമ്മാവന്‍ ദേവുവിന്‍റെ അമ്മൂമ്മയ്ക്കു കൊടുത്തതാണ് പടിഞ്ഞാറെക്കോലായിലെ പത്തുസെന്‍റ് തെങ്ങുംപണ.
ദേവൂന് വയറ്റിലുണ്ടെന്ന് ആരും അറിഞ്ഞിരുന്നില്ല. മരിക്കുന്നതിന് ഏറെക്കാലം മുമ്പുതന്നെ അങ്ങോട്ടേയ്ക്ക് ഒരു മനുഷ്യരേം ദേവു അടുപ്പിച്ചിരുന്നുമില്ല. താനാ തൊഴിലൊക്കെ നിര്‍ത്തീന്ന് അന്നത്തെ ഉത്സവത്തിന് അവളുതന്നോട് പറഞ്ഞതും കേശവേട്ടനോര്‍ത്തു.
ഒറ്റാന്തടിയായ എനിക്ക് എന്തോ വേണം. തട്ടിനുംമുട്ടിനുമൊക്കെ ആരേലും തരണുണ്ട്. പിന്നെ പറമ്പിലെ തേങ്ങേംകൂടിയാകുമ്പം കുശാല്‍.... കേശവേട്ടന്‍റെ മനസ്സില്‍ ആ വാചകം ഒന്നു വന്നു പോയി. സത്യത്തില്‍ രവിയുമായി അടുത്തതിനുശേഷം ദേവു മറ്റൊരാളിന് പാ വിരിച്ചിട്ടില്ല എന്നതാണ് സത്യം.
നന്ദൂ.. നീ എവിടെയാ..... അകത്തുനിന്നും വീണ്ടും ശ്വേത അലറിവിളിച്ചു.
കഴിഞ്ഞമാസം ആയില്യത്തിന്‍റന്ന് വൈകിട്ട് കാവിലെ വെളക്കു കൊളുത്താന്‍ പോയതായിരുന്നു രവി. താനും വരുന്നെന്ന് ശാഠ്യംപിടിച്ച് കൂടെപ്പോകുമ്പോള്‍ മരണത്തില്‍ അച്ഛനൊപ്പം കൂട്ടുപോകുകയായിരുന്നു അവളെന്നാരുമറിഞ്ഞിരുന്നില്ല. കാവിനടുത്തെത്തിയപ്പോള്‍ ഒരിടി.. രണ്ടു തീഗോളങ്ങളാക്കി അവരെ എരിച്ചുകളഞ്ഞു. തിരിച്ചറിയാനാകാത്ത രണ്ടു കരിക്കട്ട തുണ്ടുകളായി.....
ആ കാഴ്ച താളംതെറ്റിച്ച ശ്വേതയുടെ മനസ്സിനെ ഇനിയും വീണ്ടെടുക്കാനായിട്ടില്ല. ഏറ്റവുമൊടുവില്‍ കൈകാലുകള്‍ ബന്ധിച്ച്...
വാര്യരുടെ മുതുകില്‍ ഒന്നു തലോടി കേശവേട്ടന്‍ എഴുന്നേറ്റു... ഇടനാഴിയിലെ അങ്ങേത്തലയ്ക്കല്‍ ചില്ലുവാതിലിലൂടെ പുറത്തേയ്ക്കു നോക്കി.. മഴ കനക്കുന്നുണ്ട്.... മഴത്തുള്ളികള്‍ കുത്തിവരയ്ക്കുന്ന ചിത്രങ്ങളില്‍ ദേവുവിന്‍റെ മുഖം അയാള്‍ കണ്ടു... അവള്‍ ചിരിച്ചു... കള്ളന്‍... എന്നെ പലപ്പോഴും നിങ്ങള് ഒളികണ്ണിട്ട് നോക്കീട്ടുണ്ടല്ലേ.... പക്ഷേ എന്‍റെ തമ്പ്രാനു ഈയുടല്‍ പകുത്തുവച്ചതിനുശേഷം ആര്‍ക്കും പായവിരിച്ചിട്ടില്ല ഈ ദേവു.... കണ്ടോ അവരിപ്പഴും എന്‍റൊപ്പമാ.... ഏന്‍റെ തമ്പ്രാനും മോളും.
ഒരു വെള്ളിടി ചില്ലുജാലകത്തില്‍ പതിച്ചു. ആ പ്രകാശത്തില്‍ രവിയും ദേവുവും നന്ദുവിന്‍റെ കൈപിടിച്ച് അകലേയ്ക്കുപോയി.
എങ്ങും ഇരുട്ട്. അയാള്‍ നടന്നു വേഗത്തിൽ ഇരുട്ടിലൂടെ.. മഴയിലൂടെ.... ഈശ്വര വാര്യരുടെ പുരയിടവും കഴിഞ്ഞ് ദേവു താമസിച്ചിരുന്ന ഓലപ്പുരയിരു ന്നിടത്തേയ്ക്ക്... അതാ ദേവു... അവൾ ചിരിക്കുന്നു..... വീണ്ടും വീണ്ടും...
വാ.... ഒരു പാട് കൊതിച്ചതല്ലെ....
.... വാ...
മഴയിരമ്പലുകൾ അയാളുടെ കാതിലൂടെ ഇരച്ചു കയറി, കാലുകൾ ഇടറുന്നു. ചുറ്റും ചിലമ്പിന്റെ താളം. ഉടവാളിലെ മണിയൊച്ച.. മനസ്സിടറുന്നു. കാൽ വിറയ്ക്കുന്നു... കിതച്ചു കൊണ്ടയാൾ കുതിർന്ന മണ്ണിൻ ചാലിലേയ്ക്ക് വീണു.
മഴ ശക്തമാണ്. ശരീരത്തിലേയ്ക്ക് കുത്തിക്കയറുന്ന മഴത്തുള്ളികൾക്ക് ചോരയുടെ മണം. സംശയം തീർക്കാൻ അയാൾ മണത്തു നോക്കി.... രക്തം... ഒരു ഞരക്കം.. ഒപ്പമൊരു കുഞ്ഞിന്‍റെ കരച്ചില്‍...
അയാളതിനെ വാരിയെടുത്തു ഒരു വിധത്തിലെഴുന്നേറ്റ് വാര്യത്തേയ്ക്കോടി.... വാര്യത്തെ തിണ്ണയില്‍ ആച്ചലച്ച് നിലംപതിക്കുമ്പോള്‍ മഴ ഇടിച്ചുകുത്തി പെയ്തു കൊണ്ടിരുന്നു.
കേശവേട്ടാ... നേരം പുലർന്നൂട്ടോ....
അവളുറങ്ങുവാ.... ആ നേരത്തിന് വാര്യത്തു പോയി കുളിച്ച് കാവിലൊന്നു തൊഴുതേച്ചും വരാം .
മഴയൊന്നു ശമിച്ചുന്നു തോന്നണു
അല്ലേ കേശവേട്ടാ...
ഈശ്വര വാര്യർക്കു പിന്നാലെ നടന്നു പോകുമ്പോൾ വാര്യത്തെ ഉമ്മറപ്പടിയിൽ ആർത്തലച്ചു വീണ നിമിഷങ്ങളിലേയ്ക്ക് പെയ്തുറ യുകയായിരുന്നു അയാൾ.  grameenan gramam..

പതിരായിപോണപ്രാണനേന്ന്...
മലയിറങ്ങി വന്ന മഴേ....
കാടിറങ്ങി വന്ന കാറ്റേ...
പൊരികൊട്ടി പെയ്യരുതേന്ന്..
കാട്ടില് വാഴണ മുത്തിയേ...
കാവ് കാക്കണ തേവിയേന്ന്...
കുരല് പൊട്ടെ കാറി
മടകാക്കണ ഏനിന്റെ
ഉയിരേ.. ,
കുടീലിരിക്കണ
പെണ്ണിന്റെ ; ക്ടാത്തന്റെ ,
പള്ളയെരിച്ചിലേ.. ,
പോരേൽ കുന്തിച്ചിരിക്കണ
കാർന്നോമ്മാരേന്ന്
ഓർക്കാതെ...
ഏല കാക്കും പഗോതീ
ന്റെ കോൽപ്പരുവച്ചെടിയെ
കുത്തിയൊലിപ്പിക്കാതെ
നീറ്റിൽ മുക്കാതെ..
മങ്കായിപ്പോകാതെ
നോക്കണേന്ന് ...
തൊളിതിന്ന്
ചേറ്റിലത്തിൽ താണ്
പൊലിനിറഞ്ഞ് ,
ഊരു പൊലിയണേന്ന്
ഉള്ളാലെ നെനച്ച്...
മടയെല്ലാം
മഴയെടുക്കുമ്പോളും
കാറ്റെന്റെ ഒക്കത്തെ
മണ്ണിൽ പൂഴ്ത്തുമ്പോളും
നെഞ്ചില് നാഞ്ചിൽ
താഴണ നോവാണ് തേവീന്ന്
നെഞ്ചുപൊട്ടിപ്പിടഞ്ഞ്...
മാടത്തീന്ന് പാടത്തേക്കും
തിരിച്ചും മോന്തീം,
പൊലച്ചേം, അന്തീം ,
അന്തോം , നോക്കാതെ
പതിരായിപ്പോയെന്റെ
പ്രാണനേന്ന്
പരിഭവിക്കാതെ...
വരമ്പ് നോവിക്കാതെ
കുക്കിരിക്കട്ടകൾ
പൊടിക്കാതെ
കണ്ടനിടവഴി ,
കാവുമല താണ്ടി
കാവല് നിൽക്കണ്...
വാഴണോർക്കും
ഊരിലോർക്കും
പള്ളനിറയ്ക്കാൻ
ആരും കാണാത്തൊരു
നുകമെപ്പഴുമേറ്റുന്നോൻ
സുഭാഷ്.എം.കുഞ്ഞ്കുഞ്ഞു(കുവ)

മഴയായ്
വേനലിന്റെ വരൾച്ചയിലേക്ക്....
ആദ്യമായി
പെയ്തു വീണ മഴയ്ക്ക്...
നിന്റെ വരവിന്റെ..
കുളിർമയും...
ചുംബനത്തിന്റെ.. മധുരവുമായിരുന്നു...
പക്ഷേ...
ഇന്നിങ്ങനെ മഴ പെയ്തു പെയ്തു കനക്കുമ്പോൾ
നിന്റെ കോപത്തീയിൽ വേവുന്ന...
പോലെയാണു ഞാൻ...
മുറ്റത്തിൻ പടിക്കു താഴെ..
വന്ന് എത്തി നോക്കി...
കേറി
വന്നോട്ടെ....
എന്ന് പെയ്തു വെള്ളം....
വെറുതെ .....
കാറ്റിനെ വിട്ടു....
കതക് തള്ളി തുറന്ന്
 ചോദിച്ചപ്പോ......
മിണ്ടാതെ നിൽക്കാനേ കഴിഞ്ഞുള്ളൂ...
കുട്ടികൾ സ്കൂളിൽ നിന്നെത്തിയില്ല....
നെഞ്ചോളമുള്ള പെയ്ത്തു വെള്ളം നീന്തി...
അവരെത്തുന്നതു വരെ...
ഒരു മഴയ്ക്കും അണക്കാനാവാത്ത
തീനെഞ്ചുമായി...
ഞാനും...
നനഞ്ഞ പുസ്തകസഞ്ചി വലിച്ചെറിഞ്ഞ്...
നാളെ മഴയവധിയെന്നാർക്കുന്ന....
മക്കൾടെ ......
സ്കൂളില്ലാ ദിവസം വെള്ളത്തിലെങ്ങനെ താണ്ടുമെന്ന ...
ചിന്തക്കിടെ മുറ്റത്തെത്തിയ.....
വെള്ളത്തിൽ സന്തോഷ വഞ്ചികളിറക്കുകയാണ്.......
കുട്ടികൾ
ഉമ്മറപ്പടി വരെയെത്തിയ...
വെള്ളത്തിൽ നിന്ന്
വഴിയറിയാതെത്തിയ..
നീർക്കോലി.....
വെള്ളത്തോടൊപ്പം വീട്ടിലേക്കിനിയും
അതിഥികൾ വരാനുണ്ടെന്നോർമ്മിപ്പിച്ചു...
മഴയിങ്ങനെ...
പിന്നെയും പിന്നെയും..
പെയ്തു പെയ്തു നിറയെ...
ഉയർന്നുയർന്നു പൊങ്ങുന്ന വെള്ളം....
കട്ടിൽ കാലുകളും
കടന്ന്...
നെഞ്ചോളമെത്തുമോ...
എന്ന വേവിൽ......
കൺമിഴിച്ച്
രാത്രിക്ക് കൂട്ടിരിക്കുന്നു....
ഞാനിവിടെ....
നിന്റെ വരവും കാത്ത്....
ശ്രീലാ അനിൽ....

മീശ
മീശവെച്ചു
എന്ന കുറ്റത്തിനായിരുന്നു
ചാപ്പനെന്ന പുലയന് ദണ്ഡനമേറ്റത്,
തലകീഴായി പൊരിവെയിലില്‍ തൂക്കിയത്
മീശപിരിച്ചുവെന്ന കുറ്റത്തിനാണ്
തീയന്‍ രാഘവന് ഭ്രഷ്ട് കല്‍പ്പിച്ചത്,
രാഘവന്റെ ഭാര്യയുടെ മുലകരിച്ചത്,
മകളുടെ മൂക്കുഛേദിച്ചത്
മുടിമുറിച്ചു,
മീശവടിച്ചു,എന്നീ കുറ്റങ്ങള്‍ക്കാണ്
ചോമനെന്ന ആദിവാസിയുടെ
കണ്ണു പറിച്ചെടുത്തത്,നീ കുടിലു കത്തിച്ചത്
മീശവടിക്കുന്നതും വളര്‍ത്തുന്നതും
മീശപിരിക്കുന്നതും കുറ്റമാണന്ന്
ഓരോ സമയങ്ങളില്‍ കല്‍പ്പിക്കുന്നു
നിന്റെ നീതിപുസ്തകം
നിന്റെ വര്‍ണ്ണഭീതികള്‍

മീശ കേവല ദണ്ഡനകാവ്യം.