21-05


ഇന്ന് ഒരു കഥാസമാഹാരത്തിൽ തുടങ്ങാം

കഥ എഴുതിയത്
തിരൂരിന് സുപരിചിതനായ മാധവൻ സാർ
കഥയുടെ പ്രകാശന ചടങ്ങിൽ കഥാപരിചയം നടത്തിയ ആൾ തന്നെയാണ് പുസ്തകക്കുറിപ്പ് തയ്യാറാക്കിയത്.
ബറാക്കുട
      എ.മാധവൻ
🍃🍃🍃🍃🍃🍃🍃🍃🍃🍃
     റിട്ട: പ്രധാനാധ്യാപക നായ ശ്രീ.എ.മാധവൻ മാസ്റ്റർ അധ്യാപകനെന്ന നിലയ്ക്കും അക്കൗണ്ട് ടെസ്റ്റ് ക്ലാസുകളെടുക്കുന്നയാൾ എന്ന നിലയ്ക്കും എല്ലാവർക്കും പരിചിതനാണ്. എന്നാൽ അദ്ദേഹത്തിന്റെ സർഗാത്മക പ്രതിഭയുടെ ഒരു പ്രതിഫലനമാണ് ബറാക്കുട എന്ന കഥാസമാഹാരം പ്രകാശിതമാകുമ്പോൾ നാം തിരിച്ചറിയുന്നത്.
       ജീവിതത്തിലെ പ്രത്യേക സന്ദർഭങ്ങൾക്ക് അർത്ഥം കൊടുത്ത് ആവിഷ്കരിക്കലാണല്ലോ കഥ. അതിനാൽ തന്നെ അത് സൂക്ഷ്മതലത്തിലുള്ള നിരീക്ഷണം ആവശ്യപ്പെടുന്നുമുണ്ട്. 4 കഥകളിലൂടെ സ്ത്രീ കഥാപാത്രങ്ങളുടെ മനസ്സ് കണ്ടെത്താനുള്ള ശ്രമമാണ് കഥാകൃത്ത് നടത്തുന്നത്.
   പെണ്ണെഴുത്ത്, ദളിത് എഴുത്ത്, ആദിവാസി എഴുത്ത് എന്നിങ്ങനെ എഴുത്തിനെ വർഗീകരിക്കുന്നതോടൊപ്പം തന്നെ അത്തരമൊരു വർഗീകരണം എത്രമാത്രം സംഗതമാണ് എന്ന ചോദ്യവും ഇന്ന് ഉയർന്നു വരുന്നുണ്ട്. പാർശ്വവത്കരിക്കപ്പെടുന്നവരുടെ പ്രശ്നങ്ങൾ അവരുടെ കാഴ്ചപ്പാടിൽ നിന്ന് ആവിഷ്കരിക്കേണ്ടത് തീർച്ചയായും ആവശ്യമാണ്. അത് അതേ വിഭാഗത്തിൽ പെട്ടവരായാലും മറ്റു വിഭാഗത്തിൽ നിന്നുള്ളവരായാലും അംഗീകരിക്കുക തന്നെ വേണം. ആ അർത്ഥത്തിൽ നോക്കിയാൽ പെൺ മനസ്സിനെ തിരിച്ചറിയാനുള്ള ഒരു ആൺപക്ഷ ശ്രമമായി മാധവൻ മാസ്റ്ററുടെ കഥകളെ നിരീക്ഷിക്കാം.
      ഡോ.ഹേമാംഗിനി, അലമേലു ,മഹേശ്വരി, ബറാക്കുട എന്നിങ്ങനെ 4 കഥകളിൽ പല കാരണങ്ങളാൽ കുടുംബ ബന്ധങ്ങളിൽ തകർച്ച സംഭവിക്കുന്ന സ്ത്രീകളുടെ മാനസികഭാവങ്ങൾ ,സ്നേഹാന്വേഷണങ്ങൾ ഇവയെല്ലാം പ്രമേയമാകുന്നു. ലവ്, ഷെയർ ,കെയർ ഇവയാണ് സ്ത്രീ കാംക്ഷിക്കുന്നത് എന്ന കഥാകൃത്തിന്റെ നിഗമനം ആധുനിക കാലത്തെ സ്ത്രീയെ സംബന്ധിച്ച് എത്രമാത്രം ശരിയാണ് എന്ന സന്ദേഹം ബാക്കി നില്ക്കുന്നു -
       ഒരു ഡോക്ടറായിട്ടു പോലും സ്വന്തം ശമ്പളം എങ്ങനെ ചെലവാക്കണം എന്ന് നിർണയിക്കാനാവാതെ പോകുന്നു ആദ്യ കഥയിലെ നായികയായ ഹേമാംഗിനിക്ക്. ഇരുമ്പുപണിയെടുക്കുന്ന മുറിയിലെ മുയലിനെപ്പോലെ ഭയം നിറഞ്ഞതാണ് പല സ്ത്രീകളെ സംബന്ധിച്ചും ഗൃഹാന്തരീക്ഷം എന്ന് ഹേമാംഗിനിയിലൂടെ നമ്മെ ഓർമ്മപ്പെടുത്തുന്നു.
     അലമേലു, മഹേശ്വരി എന്നീ കഥകളിലെ നായികമാർ സാമ്പത്തികമായും സാമൂഹികമായും ഒട്ടും സുരക്ഷിതരല്ല . അത് കൊണ്ടു തന്നെ അവരുടെ സ്നേഹാന്വേഷണങ്ങൾക്ക് വിധേയത്വത്തിന്റെ നിറമാണുള്ളത്.
      ഇര കോർക്കലും കാത്തിരിപ്പും മീൻപിടുത്തവുമൊക്കെ ബറാക്കുട എന്ന കഥയിലെ ബിംബങ്ങളാണ്. ഏറ്റവും സുന്ദരവും ആകർഷകവുമായ മത്സ്യത്തിനു വേണ്ടി ചൂണ്ടയിടുന്ന സമൂഹം, ഇര കോർക്കാൻ സഹായികളായി കൂടെയെത്തുന്നവർ......
കുടുംബമൊന്നാകെ ചൂണ്ടയിടലിന്റെ ദുസ്വപ്നങ്ങളിൽ കുരുങ്ങിക്കിടക്കുന്നു.
     ഇത്ര വൈകി ഒരാൾ തന്റെ ആദ്യ കഥാസമാഹാരം പ്രസിദ്ധീകരിക്കുമ്പോൾ അതിന്നർത്ഥം അദ്ദേഹം എഴുതിത്തുടങ്ങുന്നത് ഇപ്പോഴാണ് എന്നല്ല.പല കാലങ്ങളായി സമൂഹത്തോട് തനിക്കു പറയാനുള്ള കാര്യങ്ങൾ എഴുതുകയും പ്രമേയപരമായി സമാനതയുള്ളവ ചേർത്തുവച്ച് സമാഹരിക്കുകയും ചെയ്തു എന്നേയുള്ളൂ. ദുർഗ്രഹതകളില്ലാതെ ലളിത ഭാഷയിലാവിഷ്ക്കരിച്ചു എന്നതാണ് ഈ രചനകളുടെ എടുത്തു പറയാവുന്ന മറ്റൊരു സവിശേഷത
🍃🍃🍃🍃🍃🍃🍃🍃🍃🍃
സ്വപ്നറാണി