21-02


അലക്സാണ്ടർ സോൾഷെനിറ്റ്സിൻ
📘📘📘📘📘📘📘
പ്രശസ്തനായ റഷ്യൻ നോവലിസ്റ്റും നോബൽ സമ്മാനജേതാവുമാണ് അലക്സാണ്ടർ സോൾഷെനിറ്റ്സിൻ (ഡിസംബർ 11, 1918 - ഓഗസ്റ്റ് 3, 2008). ഇവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം, ഗുലാഗ് ദ്വീപസമൂഹം എന്നീ നോവലുകളിലൂടെ സ്റ്റാലിന്റെ കാലത്തെ സോവിയറ്റ് യൂണിയനിലെ തടവറകളുടെ കഥ പറഞ്ഞ് സോൾഷെനിറ്റ്സിൻ പ്രശസ്തനായി.

റഷ്യൻ വിപ്ലവം നടന്ന് ഒരു വർഷം കഴിഞ്ഞ്, 1918 ഡിസംബർ 11-നായിരുന്നു ജനനം. വളരെ ചെറുപ്പത്തിൽ പിതാവ് മരിച്ചു. ഓർത്തോഡോക്സ് ക്രിസ്തുമതത്തിന്റെ സ്വാധീനം നിറഞ്ഞ കുടുംബാന്തരീക്ഷമായിരുന്നെങ്കിലും കമ്മ്യൂണിസ്റ്റനുഭാവിയായാണ് അദ്ദേഹം വളർന്നുവന്നത്. സോൾഷെനിറ്റ്സിന്റെ ജീവിതത്തെ മാറ്റി മറിച്ചത് 1944-ൽ, രണ്ടാം ലോകമഹായുദ്ധത്തിലെ പട്ടാളസേവനത്തിനിടെ, "മീശയുള്ള മനുഷ്യനെ"(സ്റ്റാലിൻ) വിമർശിച്ചു സംസാരിച്ചുവെന്ന കുറ്റത്തിന് അറസ്റ്റ്ചെയ്യപ്പെട്ട് പിന്നീട് അദ്ദേഹം നോവലുകളിൽ തുറന്നുകാട്ടിയ 'ഗുലാഗ്-ലെ തടങ്കൽ‌പ്പാളയത്തിലേക്കുള്ള എട്ടുവർഷത്തെ നാടുകടത്തലിന് വിധിക്കപ്പെട്ടതാണ്. ശിക്ഷയുടെ കാലത്ത് അദ്ദേഹം കമ്മ്യൂണിസ്റ്റ് വിശ്വാസം ത്യജിച്ച് ഓർത്തോഡോക്സ് ക്രിസ്തുമത വിശ്വാസവുമായി ഒത്തുപോകുന്ന റഷ്യൻ ദേശീയത സ്വീകരിച്ചു. തടവുമുക്തനായ സോൾഷെനിറ്റ്സിൻ ശാസ്ത്രാധ്യാപകന്റെ ജോലിക്കൊപ്പം തടവിലെ അനുഭവങ്ങൾ വിവരിക്കുന്ന രചനകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

പ്രവാസി, അമേരിക്കയുടെ വിമർശകൻ
📕📕📕📕📕📕
1974-ൽ സോവിയറ്റ് യൂണിയനിൽ നിന്ന്  പുറത്താക്കപ്പെട്ട സോൾഷെനിറ്റ്സിൻ ആദ്യം ജർമ്മനിയിലും തുടർന്ന് സ്വിറ്റ്സർലൻഡിലും കുറേക്കാലം താമസിച്ചശേഷം അമേരിക്കൻ ഐക്യനാടുകളിലെത്തി. പതിനെട്ടുവർഷം അദ്ദേഹം അവിടെ താമസിച്ചു. എന്നാൽ രാഷ്ട്രീയ അഭയാർഥിയായി ഐക്യനാടുകളിലെ വെർമോണ്ട് സംസ്ഥാനത്തെ കാവെൻഡിഷ് എന്ന സ്ഥലത്ത് കഴിഞ്ഞ ഈ കാലഘട്ടത്തിൽ സോൾഷെനിറ്റ്സിൻ അമേരിക്കൻ ജീവിതവുമായി ഇടപഴകാനോ സാംസ്കാരികമായ കൊടുക്കൽ വാങ്ങലിനോ തയ്യാറായില്ല. എഴുത്തിലും കുടുംബത്തിലും ശ്രദ്ധകേന്ദ്രീകരിച്ച ഏകാന്തജീവിതമാണ് അദ്ദേഹം തെരഞ്ഞെടുത്തത്.  ഇക്കാലത്ത് അദ്ദേഹം അമേരിക്കൻ സംസ്കാരത്തിന്റെയും, പാശ്ചാത്യനാഗരികതയുടെ പൊതുവെയും, കടുത്ത വിമർശകനായി മാറി. സൈനികരീതിയിലുള്ള അദ്ദേഹത്തിന്റെ വസ്ത്രധാരണവും, പ്രവാചകന്റേതുപോലുള്ള താടിയും, ശകാരം നിറച്ച സംസാരരീതിയും അമേരിക്കക്കാരെ സോൾഷെനിറ്റ്സിനിൽ നിന്നകറ്റി. സോൽഷെനിറ്റ്സിന്റെ മകന്റെ സഹപാഠിയായിരുന്ന രാധികാ ജോൺസ് വെർമോണ്ടിലെ വീട്ടിൽ അദ്ദേഹത്തെ സന്ദര്ശിച്ചത് ഇങ്ങനെ അനുസ്മരിക്കുന്നു:-

കോളേജിൽ എന്റെ സഹപാഠിയായിരുന്ന അദ്ദേഹത്തിന്റെ മകന്റെ സഹായത്താൽ ഞാൻ സോൾഷെനിറ്റ്സിനെ വെർമോണ്ടിലെ വീട്ടിൽ 1993-ൽ സന്ദര്ശിച്ചു. ഗൗരവപ്രകൃതിക്കാരനെന്ന് തോന്നിച്ചെങ്കിലും അദ്ദേഹത്തിന്റെ കണ്ണുകൾ ദയവുള്ളവയായിരുന്നു. എന്റെ പ്രധാനവിഷയമെന്തെന്ന് അദ്ദേഹം ചോദിച്ചപ്പോൽ സാഹിത്യം എന്ന് ഞാൻ മറുപടി പറഞ്ഞു. "ഏതു സാഹിത്യം" എന്ന് അദ്ദേഹം വീണ്ടും ചോദിച്ചു. "ഇംഗ്ലീഷ് സാഹിത്യം" എന്ന് ഞാൻ മറുപടി പറഞ്ഞു. "വേറേയും സാഹിത്യങ്ങൾ ഉണ്ടെന്ന് അറിയാമോ" എന്നാണ് അപ്പോൾ അദ്ദേഹം പ്രതികരിച്ചത്.
ജനനം
അലക്സാണ്ടർ ഇസേവിച്ച് സോൾഷെനിറ്റ്സിൻ
1918 ഡിസംബർ 11
കിസ്ലോവോദ്സ്ക്, റഷ്യ
മരണം
2008 ഓഗസ്റ്റ് 3 (പ്രായം 89)
മോസ്കോ, റഷ്യ
തൊഴിൽ
നോവലിസ്റ്റ്
പുരസ്കാര(ങ്ങൾ)
സാഹിത്യത്തിനുള്ള നോബൽ സമ്മാനം
1970
ടെമ്പിൾട്ടൺ സമ്മാനം
1983

ഗുലാഗ് ദ്വീപസമൂഹം,
📕📕📕📕📕📕📕
ഗുലാഗ് ദ്വീപസമൂഹം" എന്ന പ്രഖ്യാത കൃതി തടങ്കൽ പാളയങ്ങളിലെ അവസ്ഥ നിർദ്ദയം തുറന്നുകാട്ടി.  നരകത്തിലെ ദുരിതങ്ങളുടെ ചിത്രം ഡിവൻ കോമഡിയിൽ കുറിച്ചിട്ട ഇറ്റാലിയൻ കവി ദാന്തേയെപ്പോലെ, ഭൂമിയിലെ നരകമായിരുന്ന ഗുലാഗിന്റെ ചിത്രം ലോകത്തിനുവരച്ചുകാട്ടിക്കൊടുത്ത അഭിനവ ദാന്തേ ആണ് സോൾഷെനിറ്റ്സിൻ എന്നുപോലും അഭിപ്രായമുള്ളവരുണ്ട്.[1] ആധുനികകാലത്ത് ഒരു രാഷ്ട്രീയസംവിധാനത്തിനെതിരായി നടത്തെപ്പെട്ട ഏറ്റവും ശക്തമായ കുറ്റാരോപണമെന്നാണ്, പ്രഖ്യാത അമേരിക്കൻ നയതന്ത്രജ്ഞനും ചിന്തകനുമായ ജോർജ്ജ് കെന്നാൻ ഗുലാഗിനെ വിശേഷിപ്പിച്ചത്. എന്നാൽ സ്റ്റാലിന്റെ ഭരണകാലത്തെ തടവറകളിലെ പീഡന കഥകൾ പുറം ലോകത്തെത്തിച്ചത് സോൾഷെനിറ്റ്സിന് പുതിയ സോവിയറ്റ് ഭരണകൂടത്തിന്റെ കറ്റുത്ത ശത്രുത നേടിക്കൊടുത്തു. പാർട്ടി പത്രമായ 'പ്രവദ' സോൾഷെനിറ്റ്സനെക്കുറിച്ചെഴുതിയ ലേഖനത്തിന്റെ ശീർഷകം "ദേശദ്രോഹിയുടെ വഴി" എന്നായിരുന്നു. 'ഗുലാഗ്' റഷ്യയിൽ പ്രസിദ്ധീകരിക്കപ്പെട്ടില്ല. അതിന്റെ റഷ്യൻ പതിപ്പ് വെളിച്ചം കണ്ടത് പാരിസിലാണ്. 1970 ൽ സോൾഷെനിറ്റ്സിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചുവെങ്കിലും തിരികെവരാൻ കഴിയുമോ എന്ന് ഭയന്നതിനാൽ സമ്മാനം സ്വീകരിക്കാൻ സ്റ്റോക്ക് ഹോമിലേക്ക് പോകാൻ സാധിച്ചില്ല.

ക്യാൻസർ വാർഡ്, പ്രഥമവൃത്തം(First Circle) എന്നിവ സോൾഷെനിറ്റ്സിൻ ഇക്കാലത്തെഴുതിയ പ്രശസ്തമായ മറ്റു രണ്ടു നോവലുകളാണ്.

ഡെനിസോവിച്ചിന്റെ ദിവസം
📕📕📕📕📕📕📕      
സ്റ്റാലിന്റെ കാലശേഷം അധികാരത്തിൽ വന്ന നികിതാ ക്രൂഷ്ചേവ് അനുവദിച്ചു തുടങ്ങിയ ഭാഗികമായ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രയോജനത്തിലാണ് സോൾഷെനിറ്റ്സിന് അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തിയ "ഇവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം" എന്ന നോവലൈറ്റ് റഷ്യൻ സാഹിത്യആനുകാലികമായ 'നോവി-മിർ'-ൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത്. സോൾഷെനിറ്റ്സിന്റെ കൃതികളിൽ, സോവിയറ്റ് യൂണിയന്റെ പതനത്തിന് മുൻപ് റഷ്യയിൽ പ്രസിദ്ധീകരിക്കപ്പെട്ടത് ഈ ലഘുനോവൽ മാത്രമാണ്. അത് ഏറെ ശ്രദ്ധിക്കപ്പെട്ടെന്നു മാത്രമല്ല ഗ്രന്ഥകർത്താവിനെ പലരും റഷ്യൻ സാഹിത്യത്തിലെ അതികായന്മാരായിരുന്ന ടോൾസ്റ്റോയി, ദസ്തയേവ്സ്കി, ചെക്കോവ് തുടങ്ങിയവരോട് താരതമ്യപ്പെടുത്തി ചിത്രീകരിക്കാൻപോലും തുടങ്ങി. എന്നാൽ താമസിയാതെ ക്രൂഷ്ചേവ്
 അധികാരഭ്രഷ്ടനാക്കാപ്പെട്ടതോടെ സോൾഷെനിറ്റ്സിനെ ഭരണകൂടവും കമ്മ്യൂണിസ്റ്റ് പാർട്ടിയും ആക്രമിക്കാൻ തുടങ്ങി.
https://youtu.be/tdkvpopu0kY