20-12

📕📕📕📕📕📕📕📕
ലോകസാഹിത്യം
നെസി
📕📕📕📕📕📕📕📕

പുസ്തകവിവരണം
സോവിയറ്റ് എന്നൊരു നാടുണ്ടത്രേ പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം എന്ന നാണിയുടെ സ്വപ്നം പങ്കിട്ട മലയാളിക്ക് ക്ലാവു പിടിച്ച കാലം വിലപ്പെട്ട കൃതിയാണ്. സോവിയറ്റ് യൂണിയന്‍ എന്ന ചുവന്ന ഭൂപടത്തിന്റെ തകര്‍ച്ച അവരുടെ അന്തരംഗങ്ങളില്‍ ഉണ്ടാക്കിയ മുറിവ് കനത്തതാണ്. മലയാള സാഹിത്യത്തിലും അത് ഒരു തരംഗമായി അലയടിയിച്ചു. എന്നാല്‍ തങ്ങളുടെ സ്വന്തം ഭൂപടത്തില്‍ ഈ മാറ്റം വരുത്തിയ ആഘാതങ്ങളാണ് സ്വെറ്റ്‌ലാന അലക്‌സിവിച്ച് അന്വേഷിക്കുന്നത്. അവിടെ വികാരങ്ങളും വിചാരങ്ങളും നഷ്ടസ്വപ്നങ്ങളും സ്വപ്ന തകര്‍ച്ചകളുമെല്ലാം അലതല്ലുന്നു. അങ്ങനെ ഈ കൃതി ഒരു ജനതയുടെ സാംസ്‌കാരിക വിക്ഷോഭമായി തീരുന്നു. ഒരു രാഷ്ട്രം അനുഭവിച്ചുകൊണ്ടിരിക്കുന്ന സഹനത്തിന്റെ മഹത്തായ ചരിത്രാഖ്യായികയാണ് ഇത്. ബഹുസ്വരമായ രചനാശൈലിയുടെ അദ്ഭുതപ്പെടുത്തുന്ന പുതിയൊരു സാഹിത്യാനുഭവം.

2015ലെ സാഹിത്യ നൊബേല്‍ ജേതാവാണ് കിഴക്കന്‍ യൂറോപ്പില്‍ റഷ്യയുടെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ബെലാറൂസയില്‍ ജനിച്ച സ്വെത്ലാന അലക്സ്യേവിച്ച്. സോവിയറ്റ് യൂണിയന്‍ എന്ന മഹത്തായ ആശയത്തിന്റെ അവശേഷിക്കുന്ന ഹൃദയത്തുടിപ്പുകള്‍ ലോകത്തിന് പകര്‍ന്നു നല്‍കിയ എഴുത്തുകാരി. സാമാന്യജനങ്ങളുടെ ജീവിതങ്ങള്‍ തൊട്ടറിയാനുള്ള പത്രപ്രവര്‍ത്തനത്തിലൂടെ ആര്‍ജിച്ച കഴിവ് സാഹിത്യത്തിലൂടെ പ്രകാശിപ്പിച്ചപ്പോള്‍ പിറന്നുവീണത് ബഹുസ്ഫുരതയുടെ ഉത്തമോദാഹരണങ്ങളായ കൃതികളാണ്. ഇവ നോവല്‍ എന്നതിലുപരിയായി നാനാ നാദങ്ങളുടെയും ബഹുസ്ഫുരതയുടെയും സൌന്ദര്യാത്മക സമ്മേളനംകൂടിയാണ്. ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയ അവരുടെ ഏറ്റവും പുതിയ കൃതിയാണ് 'സെക്കന്‍ഡ് ഹാന്‍ഡ് ടൈം: ദി ലാസ്റ്റ് ഓഫ് ദി സോവിയറ്റ്സ്'. സോവിയറ്റ് യൂണിയനെ മാറോട് ചേര്‍ത്ത ഒരു ജനതയുടെ നെഞ്ചിലെ നെരിപ്പോടുകളാണ് ഈ നോവല്‍ ആലേഖനംചെയ്യുന്നത്

ഏഴ് പതിറ്റാണ്ടോളം സോഷ്യലിസത്തിന്റെയും സാഹോദര്യത്തിന്റെയും അനുഭവങ്ങളില്‍ ജീവിച്ച ഒരു ജനത ആകസ്മികമായ ഒരു മഹാദുരന്തത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയുടെ ദാരുണമായ വിവരണം അവരുടെതന്നെ ചിലമ്പിച്ച സ്വരങ്ങളിലൂടെ ഒപ്പിയെടുക്കുകയാണ് നോവലിസ്റ്റ്. ഗൃഹാതുരത്വം ഉണര്‍ത്തുന്ന പല ആഖ്യാനങ്ങള്‍ കോര്‍ത്തിണക്കി ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ നഷ്ടത്തിലേക്ക് നേരിട്ട് വെളിച്ചംവീശുന്ന ഒരു നാടിന്റെ മനസ്സാണ് ഈ കൃതി തുറന്നിടുന്നത്. കമ്പോളവ്യവസ്ഥ പാടെ നാടിനെ കീഴ്പ്പെടുത്തും എന്നായപ്പോള്‍ ഒരു അട്ടിമറിക്ക് ശ്രമിച്ച് പരാജയപ്പെട്ട പട്ടാളമേധാവിയുടെ ആത്മഹത്യ ഹൃദയഹാരിയായി വര്‍ണിക്കുന്നുണ്ട് എഴുത്തുകാരി. ചരിത്രത്തിന്റെ ക്രൂരതകള്‍ക്ക് ആക്കംകൂട്ടിക്കൊണ്ട് അദ്ദേഹത്തിന്റെ കുഴിമാടംപോലും പുരാവസ്തുക്കച്ചവടക്കാര്‍ കൊള്ളയടിക്കുന്നു. പുതിയ റഷ്യയില്‍ താന്‍ യുദ്ധത്തില്‍ നേടിയ കീര്‍ത്തിമുദ്രകളേക്കാളും വില ആഡംബര ചരക്കുകള്‍ക്കും ഫാഷന്‍വസ്തുക്കള്‍ക്കും ആണെന്ന് തിരിച്ചറിയുമ്പോള്‍ റെയില്‍പാളത്തില്‍ തലവയ്ക്കുന്ന മറ്റൊരു സൈനികന്‍. തന്റെ പേരക്കുട്ടികളുടെ മുറിയില്‍ നിറയുന്ന കൊക്കോകോളയും പെപ്സിയും കണ്ട് വിറങ്ങലിച്ച മറ്റൊരു മനുഷ്യന്‍ പറയുന്നു തന്റെ അന്ത്യാഭിലാഷം ഒരു കമ്യൂണിസ്റ്റായി മരിക്കണം എന്നത് മാത്രമാണ്. അങ്ങനെ നീണ്ടുപോകുന്നു വിലാപങ്ങളുടെ പട്ടികയിലെ ഈ കഥാപാത്രങ്ങളുടെ നിര. കമ്യൂണിസത്തിനു പകരമായി ഉയര്‍ത്തിക്കാട്ടപ്പെട്ടത് തീവ്ര മുതലാളിത്തത്തിന്റെ വ്യാമോഹങ്ങള്‍ മാത്രമായിരുന്നുവെന്ന് ചരിത്രം തെളിയിച്ചപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു എന്ന തിരിച്ചറിവ് പകരുന്ന സന്താപവും ദൈന്യവുമാണ് ഈ നോവലിന്റെ പ്രധാന പ്രമേയം

ഈ പുത്തന്‍ലോകത്ത് പണമില്ലാത്തവന്‍ ഒന്നുമല്ല എന്ന ബോധം നല്‍കുന്ന പകപ്പും അന്ധാളിപ്പും ഞെട്ടലും ഈ ആഖ്യാനങ്ങളില്‍ ഉടനീളം കേള്‍ക്കാം. സ്വെത്ലാന അലക്സ്യേവിച്ചിന്റെ മാസ്റ്റര്‍ പീസ് എന്നാണ് പല നിരൂപകരും ഈ കൃതിയെ വിശേഷിപ്പിക്കുന്നത്. ഒരുപക്ഷേ, 1993ല്‍  രചിച്ച 'എന്‍ചാന്‍റ്റെഡ് വിത്ത് ഡെത്ത്' എന്ന കൃതിയില്‍ അവതരിപ്പിക്കപ്പെട്ട സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍നിന്ന് സ്വന്തം ജീവിതങ്ങളെ അടര്‍ത്തിമാറ്റാന്‍ കഴിയാതെ ആത്മഹത്യ ചെയ്തവരുടെയും ചെയ്യാന്‍ ശ്രമിച്ചവരുടെയും കഥകളുടെ ഒരു തുടര്‍ച്ചയാകാം ഈ കൃതി.  ബേല ഷൈവിച്ചാണ് ഈ നോവല്‍ റഷ്യന്‍ ഭാഷയില്‍നിന്ന് അതിമനോഹരമായി ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. റാന്‍ഡം ഹൌസാണ് പ്രസാധകര്‍.

ക്ലാവ് പിടിച്ച കാലം
ഒരു രാഷ്ട്രം അനുഭവിച്ചുകൊണ്ടിരിക്കുന്ന സഹനത്തിന്റെ മഹത്തായ ചരിത്രാഖ്യായികയാണ് ഇത്

സജിത്ത് മാഷ് പരിചയപ്പെടുത്തിയ ഒരു പുസ്തകത്തെക്കുറിച്ച് കൂടി

സ്വെറ്റ്‌ലാനയുടെ പുസ്തകം സംസാരിക്കുന്നു, യുദ്ധഭൂമിയിലെ പെണ്‍പോരാളികളെ കുറിച്ച്
By: അലീന ജോസഫ്, aleenamareenajoseph@gmail.com
June 29, 2017, 05:08 PM IST
നിങ്ങൾ യുദ്ധങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടാകാം... വായിച്ചിട്ടുണ്ടാകാം... യുദ്ധഭീകരത അടുത്തറിഞ്ഞവരുമാകാം. എങ്കിലും യുദ്ധമുഖങ്ങളിലെ സ്ത്രീകളെക്കുറിച്ച് അറിവുകൾ പരിമിതമാണ്. ലോകം ബലഹീനരായി കരുതുന്ന സ്ത്രീകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഭയാനകമായ യുദ്ധങ്ങളിൽ പോരാടി വീര്യം തെളിയിച്ചിട്ടുണ്ടെന്ന് ചരിത്രം. അവയെല്ലാം ഒരു പുരുഷശബ്ദത്തിൽ നമ്മൾ കേട്ടിട്ടുണ്ട്.. വായിച്ചിട്ടുണ്ട്... ഒരിക്കൽ യുദ്ധത്തിന്റെ മുഖ്യധാരയിലുണ്ടായിരുന്ന സ്ത്രീകളെക്കുറിച്ചും അവരുടെ പൊള്ളിക്കുന്ന അനുഭവങ്ങളെക്കുറിച്ചുമുള്ള ഓർമകൾ ഒരു സ്ത്രീ ശബ്ദത്തിൽത്തന്നെ മുഴങ്ങിക്കേട്ടാലോ... അതു തീർച്ചയായും മറ്റൊരു ചരിത്രമാകും.
അത്തരത്തിൽ ഒരു പുതിയ ചരിത്രമാണ് തന്റെ ഈ പുസ്തകത്തിലൂടെ സ്വെറ്റ്‌ലാന അലക്സിവിച്ച് ലോകത്തോട് പറയാനാഗ്രഹിച്ചത്. ‘യുദ്ധഭൂമിയിലെ സ്ത്രീ പോരാളികൾ’ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത പെൺപോരാളികളെക്കുറിച്ചുള്ള ‘വാർസ് അൺവുമൺലി ഫെയ്‌സ്’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ്. സ്വെറ്റ്‌ലാനയെ സംബന്ധിച്ച് ഇത് അവരുടെ സാഹിത്യസൃഷ്ടിയല്ല, രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ച് അവശേഷിക്കുന്നവർക്ക് പറയാനുളള അനുഭവക്കുറിപ്പാണ്.

യുദ്ധമുഖത്തുണ്ടായിരുന്ന സ്ത്രീ പോരാളികളെത്തേടി 100ൽപ്പരം നഗരങ്ങളിലൂടെ അവർ സഞ്ചരിച്ചു. രണ്ടായിരത്തിലധികം പേരെക്കണ്ട് സംസാരിച്ചു. എഴുത്തുകാരിയായല്ല മറിച്ച് കേൾവിക്കാരിയായാണ് സ്വെറ്റ്‌ലാന ഇവരെയെല്ലാം സമീപിച്ചത്. നാലു വർഷത്തോളം സ്വെറ്റ്‌ലാന ഈ പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു. വർഷങ്ങളുടെ തയ്യാറെടുപ്പോടെ അവർ ഈ പുസ്തകമെഴുതുമ്പോൾ സ്ത്രീകൾ പറയുന്ന ചരിത്രം വളച്ചൊടിക്കലാകുമെന്ന് പുരുഷസമൂഹം പോലും ചിന്തിച്ചിരുന്നു.
പുസ്തകം പ്രസിദ്ധീകരിക്കാൻ ആദ്യകാലത്ത് ആരും തയ്യാറായിരുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിന്റെ രണ്ടു ദശലക്ഷം കോപ്പികളാണ് അഞ്ചു വർഷത്തിനിടെ റഷ്യയിൽ വിറ്റഴിഞ്ഞത്.
എരിഞ്ഞുതീർന്ന കോടിക്കണക്കിനു ജീവനുകളും തകർന്നുപോയ രാജ്യങ്ങളുമൊക്കെയാണ് യുദ്ധത്തിലെ ഭീകരതയുടെ ആഴം കാണിക്കുന്നതെങ്കിൽ യുദ്ധത്തിന്റെ വിഷം കുടിച്ചവരും നരകയാതനയുമായി ജീവിക്കുന്നവരുമായ യഥാർത്ഥ ബലിയാടുകളാണ് സ്വെറ്റ്‌ലാനയിലൂടെ ഈ കൃതിയിൽ സംസാരിച്ചത്.

മാധ്യമ പ്രവർത്തനവും എഴുത്തും തമ്മിലുള്ള ദൂരം വളരെ കുറവാണെന്നിരിക്കിലും സാഹിത്യത്തിൽ നൊബേൽ ലഭിച്ച ആദ്യ പത്രപ്രവർത്തകയാണവർ. 2015-ൽ സ്വെറ്റ്‌ലാന അലക്സിവിച്ച് നൊബേൽ പുരസ്കൃതയായി. വസ്തുതാവിവരണങ്ങളെയും ഫിക്ഷനെയും മറികടക്കുന്ന ഒന്നാണ് അവരുടെ കൃതികളെന്നാണ് നൊബേൽ സമിതിയുടെ വിലയിരുത്തൽ. സ്വെറ്റ്‌ലാന, യുദ്ധം തകർത്തു കളഞ്ഞ റഷ്യയുടെയും ബൈലോറഷ്യയുടെയും മാറിലാണ് പിറന്നത്.
ബാല്യം ചെലവഴിച്ചത് യുദ്ധഭൂമിയിൽ ഉറ്റവരെയും തങ്ങളെത്തന്നെയും മാതൃരാജ്യത്തിനായി സമർപ്പിച്ച സ്ത്രീകൾക്കിടയിലും. യുദ്ധത്തിന്റെ അവശേഷിപ്പുകളെന്നവണ്ണം സ്ത്രീകൾ മാത്രമുള്ള ഒരു ഗ്രാമമായിരുന്നു അത്. അവരുടെ കണ്ണിലും കാതിലും നാവിലും ഓർമ്മകളിലും എന്തിനേറെ ചിന്തകളിലും യുദ്ധം മാത്രമാണ് നിഴലിച്ചത്. യുദ്ധം അത്രമേൽ ജനങ്ങളെ സ്വാധീനിച്ചിരുന്നു, സ്വെറ്റ്‌ലാനയുൾപ്പെടുന്ന പുതിയ തലമുറ പോലും ഒരുപക്ഷേ ഇന്നും യുദ്ധത്തിന്റെ അദൃശ്യമായ നിഴലിലാണ് ജീവിക്കുന്നത്

നാസിപ്പടയാൽ തങ്ങളെല്ലാം പിടിക്കപ്പെടുമെന്ന അവസ്ഥയിൽ മാറോടുചേർന്നു കിടന്ന വിശന്നു കരയുന്ന കുഞ്ഞിനെ ചതുപ്പിൽ താഴ്ത്തി കൊന്നുകളഞ്ഞ അമ്മ, മരണത്തിനിടയിൽ ഒരു പുതുജീവന് ജനിക്കാൻ അവകാശമില്ലെന്നു പ്രഖ്യാപിച്ച് ഗർഭത്തിലിരുന്ന ജീവനെ ഇല്ലായ്മ ചെയ്ത അമ്മ, ശത്രുവാണെങ്കിൽപ്പോലും അപരന്റെ ജീവനെടുക്കാൻ പകച്ചുനിന്ന പെൺകുട്ടികൾ, ക്ഷണികമെന്നറിഞ്ഞിട്ടും എല്ലാത്തിനോടുമുള്ള പ്രണയം മനസ്സിൽ കൊണ്ടുനടക്കുന്ന പെൺകുട്ടികൾ, യുദ്ധഭൂമിയിൽ മാതൃരാജ്യത്തിനായി മനസ്സിനെ കല്ലായി മാറ്റിയവർ, തങ്ങളെക്കാൾ മൂന്നോ നാലോ ഇരട്ടി ഭാരമുള്ള മുറിവേറ്റ സൈനികരെ എടുത്തുകൊണ്ടുവന്ന്‌ ശുശ്രൂഷിച്ച നഴ്‌സുമാർ തുടങ്ങി ഒട്ടനവധി സ്ത്രീകളെ സ്വെറ്റ്‌ലാന പരിചയപ്പെടുത്തുമ്പോൾ ഭാരിച്ച മനസ്സോടെയല്ലാതെ നമുക്കവരെ കടന്നുപോകാനാകില്ല. 200ലധികം സ്ത്രീ പോരാളികളാണ് പുസ്തകത്തിൽ വായനക്കാരോട് സംവദിക്കുക. ചിലർ കണ്ണീരോടെയും അടക്കാനാവാത്ത ആത്മസംഘർഷത്തോടെയും എഴുത്തുകാരിക്ക് മുന്നിൽ നിന്നപ്പോൾ മറ്റു ചിലർ നിർവികാരമായി അവരുടെ അനുഭവങ്ങളെ സമീപിച്ചതായി കാണാം.
യുദ്ധമുഖത്തെ പട്ടാളക്കാർ, ഒളിപ്പോരാളികൾ, സർജൻമാർ, ഡ്രൈവർമാർ, നഴ്‌സുമാർ, എൻജിനീയർമാർ, മെഡിക്കൽ അസിസ്റ്റന്റുമാർ, സഹായികൾ, ഡോക്ടർമാർ, പടയാളികൾ, ടെലിഫോൺ ഓപ്പറേറ്റർമാർ, പൈലറ്റുമാർ, ലിപി വിദഗ്ദ്ധകൾ, ബോംബ് സ്ക്വാഡുകൾ, ആന്റി എയർ ക്രാഫ്റ്റ് ഗണ്ണർമാർ, യുദ്ധവിമാനത്തിലെ പൈലറ്റുമാർ, ക്യാപ്റ്റൻമാർ, ടാങ്ക് ഡ്രൈവർമാർ തുടങ്ങി നിരവധി തസ്തികകളിൽ ഒരു കോടിയോളം സോവിയറ്റ് സ്ത്രീ പോരാളികളാണ്‌ മാതൃരാജ്യത്തിനായി യുദ്ധ ഭൂമിയിലേക്കിറങ്ങിയത്.

അവരിൽ ഏറെപ്പേരും കൗമാരദശയുടെ പടികടന്നതേ ഉണ്ടായിരുന്നുള്ളൂ. ഭംഗിയുള്ള ഉടുപ്പുകളും ഷൂസുകളും ധരിച്ച് സ്വപ്നങ്ങൾ നെയ്ത് ജീവിതത്തിലേക്ക്‌ യൗവ്വനം വരവേറ്റവർ. സ്ത്രീസഹജ ഭാവങ്ങൾക്ക് പ്രസക്തിയില്ലാത്ത യുദ്ധമുഖവുമായി അവർ എളുപ്പം ഇഴുകിച്ചേരുകയായിരുന്നു. യുദ്ധഭൂമിയിലെ ആൺ പദവികൾ പോലും അവർ തങ്ങളുടേതാക്കി. പരുക്കനായതും ചോരക്കറയിൽ മുങ്ങിയതുമായ വസ്ത്രങ്ങളോ ഭാരമേറിയ ഷൂസുകളോ ഒന്നും പെൺപോരാളികളെ പിന്തിരിപ്പിച്ചിരുന്നില്ല. എനിക്ക് യുദ്ധത്തിൽ എന്തെങ്കിലും ഒരു ജോലി നൽകൂ... എന്ന ആവശ്യവുമായി പെൺകുട്ടികൾ സൈന്യത്തിന്റെ ഓഫീസ് മുറികൾ കയറിയിറങ്ങി. ഒടുവിൽ യുദ്ധമവസാനിക്കുമ്പോൾ യുദ്ധം മരവിപ്പിച്ച മനസ്സുമായാണ് അവർ തിരിച്ചെത്തിയത്.
സ്വൈരമായി ആകാശത്ത്‌ പറന്നകലുന്ന പക്ഷികൾക്ക് ആ കറുത്ത ദിനങ്ങളെത്രയും വേഗത്തിൽ മറക്കാൻ സാധിച്ചു എന്ന് അതിശയപ്പെട്ടു കൊണ്ടാണ് പുസ്തകമവസാനിക്കുക. ഒരുപക്ഷേ പക്ഷികളെപ്പോലെ എല്ലാം മറന്നുകൊണ്ട് പഴയ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്ക് അസാധ്യമെന്നവണ്ണം തിരിച്ചറിഞ്ഞിട്ടാവണം അവരതു പറഞ്ഞിരിക്കുക. വർഷങ്ങൾക്കിപ്പുറവും സോവിയറ്റ് പെൺപോരാളികൾ അവരുടെ ഇരുണ്ട യുദ്ധകാലത്തെ മനസ്സിൽ സ്വരുക്കൂട്ടിയിരുന്നുവെന്ന് സ്വെറ്റ്‌ലാന പറഞ്ഞുനിർത്തുന്നു. യുദ്ധത്തിന്റെ തീവ്രത അവരാഗ്രഹിച്ചപോലെ സ്ത്രീശബ്ദത്തിൽ തന്നെ പുസ്തകത്താളിലെത്തിക്കാൻ അവർക്ക് സാധിച്ചിരിക്കുന്നു. രമാ മേനോൻ വിവർത്തന വൈഭവംകൊണ്ട് ഈ കൃതിക്ക് മലയാളത്തിൽ ജീവൻ നൽകിയിരിക്കുന്നു. ഗ്രീൻ ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ. 400 രൂപയാണ് പുസ്തകത്തിന്റെ വില.

📕
       ഇതേ എഴുത്തുകാരിയുടെ
വോയ്സസ് ഫ്രം ചെർണോബിൽ എന്ന പുസ്തകം ചെർണോബിൽ ദുരന്തത്തിനു ശേഷമുള്ള റഷ്യയുടെ ശബ്ദമാണ്..... റഷ്യക്കാരുടെ ശബ്ദമാണ്.ഈ പുസ്തകത്തെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട ചലച്ചിത്രമാണ് ഇന്നത്തെ ലോകസിനിമയിൽ🌈


സ്റ്റാലിന്‍ യുഗത്തില്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയിനിലെ സ്റ്റാനിസ്ലാവിലാണ് 1948ല്‍ സ്വെത്‌ലാനയുടെ ജനനം. ഉക്രെയിന്‍കാരനായ മാതാവിന്റെയും ബെലാറസുകാരനായ പിതാവിന്റെയും മകള്‍. ബെലാറസില്‍ വളര്‍ന്ന അവര്‍ പത്രപ്രവര്‍ത്തകയായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. പ്രാദേശികപത്രങ്ങളിലെ ലേഖിക. പിന്നീട് ബെലാറസിന്റെ തലസ്ഥാനമായ മിന്‍സ്‌കില്‍ സാഹിത്യമാസികയായ നെമാനില്‍ കറസ്‌പോണ്ടന്റ്.

വാര്‍സ് അണ്‍വുമണ്‍ലി ഫെയ്‌സ് എന്ന ആദ്യപുസ്തകം 1985ല്‍ പ്രസിദ്ധീകരിച്ചു. 20 ലക്ഷത്തിലധികം കോപ്പികളാണ് ഈ നോവല്‍ ലോകമെങ്ങും വിറ്റഴിച്ചത്. ദ് ലാസ്റ്റ് വിറ്റ്‌നെസ്: ദ് ബുക്ക് ഓഫ് അണ്‍ചൈല്‍ഡ്‌ലൈക്ക് സ്റ്റോറീസ് രണ്ടാം ലോകയുദ്ധത്തിലെ തന്റെയും മറ്റുള്ളവരുടെയും വ്യക്തിപരമായ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ്. 1993ല്‍ പുറത്തുവന്ന എന്‍ചാന്റഡ് വിത്ത് ഡെത്ത് സോവിയറ്റ് യൂണിയന്റെ പതനത്തോടെ നിരാശാഭരിതരും ആത്മഹത്യയില്‍ അഭയം തേടിയവരെയും കുറിച്ചായിരുന്നു. സിങ്കി ബോയ്‌സ്: സോവിയറ്റ് വോയ്‌സസ് ഫ്രം ദി അഫ്ഗാനിസ്താന്‍ വാര്‍, യുദ്ധം തോറ്റ റഷ്യന്‍ യുവതയുടെ ആത്മരാഹിത്യത്തിന്റെ വിലാപമായിരുന്നു.  വോയ്‌സസസ് ഫ്രം ചെര്‍ണോബില്‍: ദി ഓറല്‍ ഹിസ്റ്ററി ഓഫ് എ ന്യൂക്ലിയര്‍ ഡിസാസ്റ്റര്‍ ലോകത്തെ മുഴുവന്‍ മനുഷ്യസ്‌നേഹികളുടെയും കണ്ണു തുറപ്പിച്ചു. ഭീകരമായ ആണവദുരന്തത്തിന്റെ മറയ്ക്കാനാവാത്ത വേദന ഒരു തലമുറയുടെ തന്നെ വികസനത്തോടുള്ള കാഴ്ചപ്പാട് മാറ്റിമറിച്ചു. 21 ഡോക്യുമെന്റികള്‍ക്ക് തിരക്കഥ രചിച്ച അവര്‍ മൂന്ന് നാടകങ്ങളും എഴുതിയിട്ടുണ്ട്.

1901ല്‍ ആരംഭിച്ച സാഹിത്യ നൊബേല്‍ ലഭിക്കുന്ന 112 പേരില്‍ പതിനാലാമത്തെ സ്ത്രീ എഴുത്തുകാരിയാണ് സ്വെത്‌ലാന അലക്‌സ്യേവിച്ച്. പുരുഷന്മാര്‍ ഏറെയുള്ള സാഹിത്യഭൂമികയില്‍ രണ്ടു വര്‍ഷത്തിനിടെയാണ് ഒരു സ്ത്രീ എഴുത്തുകാരിക്ക് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഈ സാഹിത്യ പുരസ്‌കാരം ലഭിക്കുന്നത്.