19-02b

🏨  പേപ്പർ ലോഡ്ജ്🏨 

നോവൽ
സുസ്മേഷ് ചന്ത്രോത്ത്
പ്രസാ: മാതൃഭൂമി ബുക്സ്
വില   : 220/-

പേപ്പർ ലോഡ്ജിൽ  സംഭവിക്കുന്നത്.

സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ്,
മൂന്നാം നമ്പർ പോലീസ് കാര്യാലയം ,

ബഹുമാനപ്പെട്ട സാർ,

വളരെ  ആശങ്കയുണർത്തുന്നതും, സങ്കീർണ്ണമായതുമായ ഒരു പ്രശ്നത്തെ അഭിമുഖികരിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ.  അതായത്,  1995 ജൂലൈ മാസത്തിൽ പഠനാവശ്യത്തിനായി മറുനാടൻ മലയാളിയായ ഞാനിവിടെ വരികയും തുടർന്ന്  അഞ്ചു വർഷവും മൂന്നു മാസവും ഈ നഗരത്തിന്റെ ഭാഗമായി ജീവിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടായിരാമാണ്ട് പിറന്നതിനു ശേഷമാണ് ഞാനീ നഗരത്തിൽ നിന്നും പോകുന്നത്.

അതിനു ശേഷം  ഇപ്പോൾ പത്തു വർഷത്തിനുശേഷം തികച്ചും സ്വകാര്യാവശ്യത്തിനായി തിരിച്ചെത്തിയിരിക്കുകയാണ്. *എന്റെ പ്രശ്നം ഇതിനിടയിൽ  എന്നെ നഷ്ടപ്പെട്ടു പോയിരിക്കുന്നു   എന്നതാണ്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ  എന്നിൽ നിന്ന്  എനിക്ക് നഷ്ടപ്പെട്ടുപോയത്  ദയവായി കണ്ടെത്തി തരണം അത് തിരികെ ലഭിക്കാതെ ഈ നഗരത്തിൽ മനസ്സമാധാനത്തോടെ പ്രവേശിക്കാനോ ഞാൻ ചെയ്യേണ്ട കാര്യങ്ങൾ  യഥാവിധം ചെയ്യുവാനോ എനിക്ക് കഴിയുകയില്ല.എന്റെ പഴയകാല സൗഹൃദങ്ങളിലേക്കും ജീവിത പരിസരങ്ങളിലേക്കും എനിക്ക് പോയി വരണം. ഇപ്പോളത്തെ  എന്നിലെ വ്യക്തിക്ക് അതിനു കഴിയുമെന്ന് തോന്നുന്നില്ല.  ...................
...........................................
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ എന്നിൽ നിന്ന് കാണാതെ പോയ  എന്നെ എത്രയും  വേഗം കണ്ടെത്തി  എനിക്കു തന്നെ നല്കണമെന്ന് അഭ്യർഥിക്കുന്നു

വിശ്വസ്തതയോടെ,  പരാതിക്കാരൻ,
കർണൻ മഹാരാജ്.
(ഒപ്പും തീയതിയും)

ഇത്  കർണൻ മഹാരാജ് എന്ന രാജു എന്ന മഹി. പാതി മലയാളി. ചെറുപ്പത്തിൽ  ഒരു വിവാഹത്തിൽ പങ്കെടുക്കാനായി കേരളത്തിലെ ബന്ധുവീട്ടിൽ എത്തുകയും അവിടെ വെച്ച് മിലി എന്ന പെൺകുട്ടിയെ ഇഷ്ടപ്പെടുകയും ചെയ്തു.   താൻ സ്നേഹിക്കുന്ന പെണ്ണിനെ കാണാനും അവളായിരിക്കുന്നയിടത്ത് ഒന്നിച്ചു പഠിക്കാനുമായി പത്തു വർഷങ്ങൾക്കു മുൻപ് കേരളത്തിലെ ചരിത്രപ്രസിദ്ധമായ കോളേജിൽ പഠിക്കാൻ  വന്ന  കർണൻ മഹാരാജ്.

ഇപ്പോൾ  ഈ പരാതി  നല്കുന്ന സമയത്ത്  അദ്ദേഹം എത്തിയിരിക്കുന്നത് പോയിസൺ വാട്ടർ എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന  ഗർഭഛിദ്ര വേന്ദ്രന്മാരുടെ യോഗത്തിൽ പങ്കെടുക്കാനാണ്.  (താൻമൂലമോ, താനോ നേരിട്ട് ഗർഭഛിദ്രം നടത്തിയവരുടെ യോഗം) നഗരത്തിലെത്തിയ  ഉടനെ നല്കിയ പരാതിയാണ് മുകളിൽ.

മഹിയുടെ ഓർമ്മളിലൂടെയും റസാഖ് എന്ന  സുഹൃത്തിനോട് പറയുന്ന രീതിയിലുമാണ് നോവലിന്റെ  ആദ്യ ഭാഗം.  

പഠനത്തിനായി നഗരത്തിലെത്തിയ കർണനെ
പേപ്പർ ലോഡ്ജിൽ താമസം ശരിയാക്കി തരാം  എന്നു പറഞ്ഞു പെയിന്റർ തമ്പി ഒരുപാട് നടത്തി. പിന്നീടാണ്  പേപ്പർ ലോഡ്ജ് പൊളിച്ചിട്ടുതന്നെ വർഷങ്ങളായി  എന്നറിയുന്നത്.

താൻ സ്നേഹിക്കുന്ന പുരുഷനെത്തേടി വയനാട് നിന്നും നഗരത്തിലെത്തുകയും നഗരത്തിന്റെ മരുകളും ജീജാജിയുടെ ഭാര്യയുമായ ദീദി എന്ന്  എല്ലാവരും വിളിക്കുന്ന ദീദിയാണ് പൂമാല വിലാസം എന്ന  താമസസ്ഥലം മഹിക്ക് തയ്യാറാക്കി കൊടുക്കുന്നുത്.

പാറുവമ്മ  എന്ന പ്രായമായ സ്ത്രീയും കുറെ അന്തേവാസികളുമുള്ള ഒരാശ്രമം പോലെ നിശബ്ദമായ പൂമാല വിലാസം. അവിടെ മഹി താമസിക്കുന്നു.

കോളേജിൽ ചേർന്ന മഹി തന്റെ ജന്തുശാസ്ത്രം പ്രൊഫസർ  ഒളപ്പിച്ചു വളർത്തുന്ന വെരുകിനെ കണ്ടുപിടിക്കുന്നു. അതോടെ  അവർ തമ്മിൽ  അഗാധമായ സൗഹൃദം രൂപപ്പെടുന്നു. തന്റെ വീട്ടിലേക്ക് മഹിയെ പ്രൊഫസർ ക്ഷണിക്കുന്നു.  തന്റെ പുസ്തകങ്ങൾ  ഉപയോഗിക്കാൻ അനുവാദവും നല്കി. രാഷ്ട്രീയകലുഷിതമായ സാഹചര്യത്തിൽ നിന്ന് മിടുക്കനായ മഹി വിട്ടുനില്ക്കുന്നതിനായി മഹിയുടെ രാഷ്ട്രീയ പ്രവർത്തനം പ്രൊഫസർ വിലക്കുന്നു.

നിരന്തരമായ സന്ദർശനത്തിലൂടെ പ്രഫസറുടെ  ഏകാകിയായ ഭാര്യയുമായി മഹി ബന്ധം പുലർത്തുന്നു. കാമുകനായും മകനായും ആ സ്ത്രീ മഹിയെ സ്വീകരിക്കുന്നു.

അതേ സമയത്താണ്  നഗരത്തിൽ  മയിലുകളുടെ തലയില്ലാത്ത  ജഡം കണ്ടുതുടങ്ങിയത്. ദീദിയുടെ നിർദ്ദേശപ്രകാരം  മഹി അതിനെക്കുറിച്ച്  അന്വേഷിക്കുന്നു.

അന്വേഷണം താമിയിൽ എത്തുന്നു. മിടുക്കനായ ഡ്രൈവർ  ആയിരുന്നു താമി. ഒരു യാത്രയിൽ  ഒരു ശവം മറവുചെയ്യുകയും കത്തിക്കാൻ  കൂട്ടു നില്ക്കുകയും ചെയ്തിട്ടുള്ള മടങ്ങിവരവിൽ കാർ മറിഞ്ഞു താമിക്ക്  പരിക്കു പറ്റുന്നു. ശേഷം വണ്ടിയോടിക്കാൻ താമിക്ക് സാധിക്കുന്നില്ല. അയാൾ ക്രമേണ കാറു കഴുകുന്ന ജോലിയിലേക്ക് തിരിയുന്നു. എവിടെ ചെന്നാലും സ്ത്രീകൾ  അയാളെ തേടിയെത്തുമായിരുന്നു.
അമിതമായ മദ്യപാനവും സ്ത്രീ സംസർഗവും താമിയെ നാശത്തിലെത്തിച്ചു. ഇപ്പോൾ ബീഹാർ  എന്ന ബാറിലേക്ക് തവളയെയും കൊക്കിനെയും പിടിച്ചെത്തിക്കുന്ന പണിയാണ് താമി ചെയ്യുന്നത്.

താമിയെ പിന്തുടർന്ന് മഞ്ഞായൻ കോളനിയിലും പാലക്കളം എന്ന അധോലോക ചേരിയിലും മഹി എത്തുന്നു.

അവിടെ വെച്ച് മനുഷ്യനെ കൊല്ലുന്നതിന് പരിശീലനം ലഭിക്കുന്നതിനായി മയിലുകളെയും നായകളെയും കൃത്യമായി തല വെട്ടി വീഴ്ത്തുന്ന പരിശീലനം നല്കുന്നതു  മഹി മനസ്സിലാക്കുന്നു. മയിലുളെയും നായകളെയും അവർക്ക്  എത്തിക്കുന്നത് താമിയായിരുന്നു.

മഞ്ഞായൻ കോളനിയിലേക്ക് താമിയെ തേടിചെന്ന മഹി തന്റെ കോളേജിലെ വിദ്യാർത്ഥിനിയും പത്തു രൂപാ പട്ടാളം എന്ന്  വിളിപ്പേരുമുള്ള പി. ഡി. ലതയെ കണ്ടുമുട്ടുന്നു. ( പത്തു രൂപാ കൊടുത്താൽ മാറിടത്തിൽ പിടിക്കുന്നതിനും ചുംബനം നല്കുന്നതിനും ലത തയ്യാറായിരുന്നു എന്നു കരുതി  കൂട്ടുകാർ  നല്കിയ പേരാണ് അത്.  ആരിൽ നിന്നും  ഒരു പൈസ പോലും  ഈ സേവനത്തിന് ലത വാങ്ങിയിരുന്നില്ല. എന്നാൽ തോട്ടി ലത, ആന ലത, എന്നൊക്കെയുള്ള പേരുകളിൽ നിന്ന് രക്ഷപെടാൻ ലത സ്വീകരിച്ച  ഒരു മാർഗമായിരുന്നു ഈ ഫ്രീ സർവീസ്.  ഒരിക്കൽ സേവനം ലഭിച്ചവർ പിന്നെ ലതയെ തോട്ടി എന്നു വിളിക്കില്ലല്ലോ. )

ലതയുമായി മഹി തുറന്നു സംസാരിക്കുന്നു. ലത മഹി  എന്ന പുരുഷനിൽ  ആകൃഷ്ടയാകുന്നു.

മഹി ശേഖരിച്ച തെളിവുകൾ  മിലി നശിപ്പിക്കുന്നു. അവർ തമ്മിൽ പിരിയുന്നു. മിലി  ബാംഗ്ളൂരിലേക്ക് പോകുന്നു.

ഏകനായ മഹി വേദയെ  ഒരു കൂത്തു നടക്കുന്നയിടത്തുവെച്ച് പരിചയപ്പെടുന്നു. കോമളവിലാസ് കൺമഷിയുടെ മണമാണ് അമേരിക്കൻ മലയാളിയായ വേദയെ മഹിയോട് അടുപ്പിച്ചത്.
ആ സമയത്ത് വേദ മഹിക്ക്  ഒരാശ്വാസമായിരുന്നു. അമേരിക്കയിലേക്ക് പോകുന്നതിനു മുൻപ്  അവർ തമ്മിൽ ബന്ധപ്പെടുന്നു. അമേരിക്കയിൽ  എത്തിയ വേദ താൻ ഗർഭിണിയാണെന്നറിയുന്നു. തിരിച്ചു വരാനോ മഹിയോടൊത്തു  ജീവിക്കാനോ വേദ തയ്യാറായില്ല.

ഈ സമയത്ത്  റസാഖ് നടത്തുന്ന ലെനിൻ പ്രിന്റേഴ്സിൽ  മഹി  ചെല്ലുന്നു. അവിടെ വെച്ച് മുറിച്ചുണ്ടിനാൽ വിരൂപയായ ശാന്തയെയും ശാന്ത  എഴുതുന്ന കവിതകളെയും പരിചയപ്പെടുന്നു. ശാന്തയെ ചുംബിക്കാൻ ശ്രമിക്കുന്ന മഹിയെ ശാന്ത  കരണത്തടിക്കുന്നു.

നാളുകൾക്കു ശേഷം മിലി തിരിച്ചെത്തുകയും മഹിയെ വിവാഹം ചെയ്യുകയും  അവരൊന്നിച്ച് മഹിയുടെ നാട്ടിലേക്ക് പോകുന്നു. അലോസരങ്ങൾ നിറഞ്ഞ  ജീവിതം മടുത്തു  അവർ വേർപിരിയുന്നു.

അങ്ങനെ തികച്ചും  ഏകനായി തിരികെ നഗരത്തിലെത്തിയ മഹി, തനിക്ക്  തന്നെ നഷ്ടപ്പെട്ടതായി മനസ്സിലാക്കുന്നു.  

പ്രൊഫസർ മരിക്കുന്നു. മഹി പ്രൊഫസറുടെ ഭാര്യയെ കൂടെ കൂട്ടുന്നു.

കുറിമാനം :
തൃശൂർ നഗരത്തിലാണ് ഈ നോവൽ സംഭവിക്കുന്നത്.  കൃത്യമായ പേര്  പറയുന്നില്ലെങ്കിലും മറ്റു വിവരണങ്ങൾ,  അടുത്ത സ്ഥലങ്ങൾ  എന്നിവയുടെ സൂചനയിൽ നിന്നും  വ്യക്തമാണ്.

കുറച്ചു നല്ല മനുഷ്യരുടെ കഥയാണ്  ഈ നോവൽ.  മഹി , പത്തു രൂപാ പട്ടാളം  എന്ന ലത, അവളെ പ്രാണനായി പ്രണയിക്കുകയും ധൈര്യമായി വിവാഹം ചെയ്യുകയും,  വിഷാദ രോഗിയായിട്ടും കരുതലോടെ കാക്കുകയും ചെയ്യുന്ന  സർക്കിൾ ഇൻസ്പെക്ടർ ബിജു. (ഇദ്ദേഹമാണ്  മഹിയുടെ പരാതി  അന്വേഷിക്കുന്നത് ). മുറിച്ചുണ്ടിന്റെ വൈരൂപ്യത്താൽ ഒരുപാട് വേദനിക്കുകയും എന്നാൽ  സമയത്തികവിൽ നല്ല  ഭർത്താവിനെ ലഭിക്കുകയും പഠനം തുടർന്ന്  ഇപ്പോൾ  കാലടി യൂണിവേഴ്സിറ്റിയിൽ  ഗവേഷണം നടത്തുകയും ചെയ്യുന്ന ശാന്ത, ബാംഗ്ലൂരിൽ ഒരെഞ്ചിനീയറുടെ കൂടെ താമസിക്കുകയും അയാളുമായി പിരിഞ്ഞപ്പോൾ ആശ്രയമായി മഹിയിലേക്കെത്തുകയും ആ ജീവിതം തകർത്തു കളഞ്ഞു വിദേശത്തേക്ക് പോവുകയും ചെയ്ത മിലി. കർണ്ണനിൽ കാമുകനെ കാണുകയും അവനെ കൂടെ കൂട്ടാനായി തന്റെ ഭാര്യയോട് കർണനെ സ്നേഹിക്കണം എന്നു പറഞ്ഞ പ്രൊഫസർ,  താമി, ദീദി, ജീജാജി എന്ന ദീദിയുടെ അന്ധനായ ഭർത്താവ്,  ഒരുപാട് പേരുടെ പീഢനം സഹിച്ച ഉദി, ഡോക്ടർ  അരുണ, റോസാ ജയൻ,
റിട്ടയേർഡ് ഹെഡ് കോൺസ്റ്റബിൾ കുര്യാക്കോസ്,
തലയറ്റ് വീണ മയിലുകൾ, നായകൾ ....... അങ്ങനെ  ഒരുപാട് കഥാപാത്രങ്ങൾ.

ഒരു കാലഘട്ടം മുഴുവൻ പറിച്ചു വെച്ചിരിക്കുകയാണ് ഈ നോവലിൽ.

ആദ്യ വായനയിൽ ഗൗരവം തോന്നിയില്ലെങ്കിലും രണ്ടാം വായനയിൽ ഒരുപാട് മാനങ്ങൾ ദൃശ്യമാകുന്നു.  കഥാപാത്രങ്ങളുടെ സൂക്ഷ്മ നിരീക്ഷണം,  സ്വഭാവ  വ്യത്യാസങ്ങൾ,  അവയുടെ ചിത്രണം ..... സ്ഥല കാല നിർണ്ണയം എന്നിവ  ഭംഗിയായി  അവതരിപ്പിച്ചു.

പുതിയ  എഴുത്തുകാർ രതിയുടെ പുതിയ മേച്ചിൽപുറങ്ങൾ തേടുന്നുണ്ട്  തുറന്നെഴുത്ത് പലപ്പോഴും  അരോചകമായിത്തോന്നിയിട്ടുണ്ട്. എന്നാൽ  ഈ നോവലിൽ രതി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അരോചകമായിട്ടില്ല.
Image result for പേപ്പർ ലോഡ്ജ്



 മരണവിദ്യാലയം, ബാർകോഡ്, മാമ്പഴ മഞ്ഞ, ഹരിത മോഹനം തുടങ്ങി ധാരാളം ചെറുകഥകളിലൂടെ നമുക്ക് പരിചിതനായ സുസ്മേഷ് ചന്ത്രോത്തിന്റെ ശ്രദ്ധേയമായ ഒരു നോവലാണ് പേപ്പർ ലോഡ്ജ്. അസ്തിത്വ പ്രശ്നം സാഹിത്യരചനകൾക്ക് നിരന്തര പ്രേരണയായിരുന്ന ഒരു കാലഘട്ടത്തിനു ശേഷം അതേ പ്രമേയത്തെ തികച്ചും പുതുമയാർന്ന ഒരു ശൈലിയിൽ അവതരിപ്പിക്കുകയാണ് നോവലിസ്റ്റ്.
          താൻ പഠിച്ച നഗരത്തിലേക്ക് ഗർഭഛിദ്രവേന്ദ്രന്മാരുടെ സമ്മേളനത്തിനെത്തുന്നു കർണൻ മഹാരാജ്. തന്നെ രൂപപ്പെടുത്തിയ നഗരത്തിലേക്ക് 10 വർഷത്തിനു ശേഷം തിരിച്ചെത്തുന്ന കർണന് സ്വയം നഷ്ടപ്പെട്ടതായി അനുഭവപ്പെടുന്നു. ഇതേ കാര്യം, സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ അയാൾ പരാതിയായി നൽകുന്നു.
     തലശ്ശേരിയിൽ നിന്ന് സർക്കസ് മോഹവുമായി വളരെ ചെറുപ്പത്തിൽ നാടുവിട്ട കർണന്റെ അച്ഛൻ പല പല ജോലികൾ മാറി ചെയ്യുന്നതോടൊപ്പം ഉയർന്നു പഠിച്ച് നല്ല ജോലി നേടുന്നു.
 ഹൈദരാബാദുകാരിയെ വിവാഹം ചെയ്യുന്നതോടെ നാടുമായുള്ള ബന്ധം മിക്കവാറും അറ്റുപോകുന്നു. മരണങ്ങളാണ് തന്റെ ജീവിതത്തിലെ ഓരോ നിർണായക സന്ദർഭത്തിലും കൂട്ടിനുണ്ടായത് എന്ന് അയാൾ വിശ്വസിക്കുന്നു .
        അച്ഛന്റെ ബന്ധുവായ സതീഷ് മാമന്റെ വീട്ടിലെത്തിയ കർണ്ണൻ അയൽവാസിയായ മിലിയെ പരിചയപ്പെട്ടു.ആ പരിചയമാണ് പൂരങ്ങളുടെ നഗരത്തിൽ, മഹാരാജാവിന്റെ പേരിലുള്ള കോളേജിൽ മിലിയുമൊത്ത് പഠിക്കുന്നതിലേക്ക് അയാളെ നയിച്ചത്.ഈ പഠനകാലത്ത് അയാൾ പരിചയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയായ ദീദി, സഹപാഠിയും കവിയും മുച്ചിറിക്കാരിയുമായ ശാന്ത, വേദവതി ,റസാഖ് , പ്രൊഫസറും ഭാര്യയും താമി, ബിജു, ലത തുടങ്ങിയവരിലൂടെ 1990 കളിലെ സാമൂഹ്യ രാഷ്ട്രീയ മാറ്റങ്ങളും നോവലിസ്റ്റ് അടയാളപ്പെടുത്തുന്നു .
       പേപ്പർ ലോഡ്ജിൽ താമസമന്വേഷിച്ചു പോകുന്ന കർണന് , അതൊരു തകർക്കപ്പെട്ട സങ്കല്പം മാത്രമാണെന്നും അടിയന്തിരാവസ്ഥക്കാലത്ത് നിലനിന്നിരുന്ന ആ സ്ഥാപനം 1989 ൽ പൊളിച്ചുവെന്നും ഉള്ള വിവരമാണ് ലഭിക്കുന്നത്.
       ഈ കാലഘട്ടത്തിൽ മയിലുകളുടെ തലയറ്റ ശവം നഗരത്തിൽ വീണു തുടങ്ങി. ശാസ്ത്രസാഹിത്യ പരിഷത്തുകാരും ഇടതുപക്ഷക്കാരും 'ദേശീയ വസ്ത്രമായി ' കരുതിയിരുന്ന കാവി നിർലജ്ജം അവരിൽ നിന്ന് അപഹരിക്കപ്പെടുകയും അത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരശ്ളീലവും അധികാരത്തിനുള്ള മാർഗവുമായി മാറുന്നത് കാലം കാണേണ്ടി വരികയും ചെയ്തു. പറക്കുന്ന മയിലുകളും ഓടുന്ന നായ്ക്കളുമെല്ലാം ശത്രു വിന്റെ പ്രതീകമായി വെട്ടിവീഴ്ത്തപ്പെടുമ്പോൾ വർഗീയ വിഷം കേരളത്തിലും വേരാഴ്ത്തുക തന്നെയായിരുന്നു.

 ക്ലാസുകൾ ,സിനിമ, സാംസ്കാരിക ചർച്ചകൾ , മിലിയുമായുള്ള പ്രണയം, 'പ്രൊഫസറുടെ ഭാര്യയടക്കം പലരുമായുള്ള ശാരീരിക വേഴ്ചയുടെ പരീക്ഷണങ്ങൾ, മദ്യലഹരി- യൗവ്വനാരംഭം തൃശൂർ നഗരത്തിൽ പലതരം പ0നങ്ങളുടേതായി മാറുന്നു, കർണന്. പഠനം കഴിഞ്ഞ് രണ്ടു വർഷത്തിനു ശേഷം മിലിയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധത്തിന് നിലനില്പുണ്ടായില്ല. ബാംഗ്ലൂരിലെ ഫ്ലാറ്റിൽ ഒറ്റയ്ക്കാകുമ്പോൾ, മനുഷ്യന് നിലനില്ക്കാൻ ശബ്ദങ്ങളും സ്പർശനങ്ങളും എത്രത്തോളം ആവശ്യമാണെന്ന് കർണ്ണൻ തിരിച്ചറിയുന്നു
" എന്നെ ആരും തൊടാനില്ലാതെ വരുമ്പോൾ എന്റെ തൊലിയിൽ തുരുമ്പ് വീഴുന്നു . ഉറുമ്പ് പോലും നടക്കാനില്ലാത്ത ഒരു പാഴ്മരമാകുന്നു ഞാൻ '' എന്നാണ് അയാളുടെ കണ്ടെത്തൽ'
       പോയ്സൺ വാട്ടർ എന്ന fb കൂട്ടായ്മ ഒരുക്കുന്ന സംഗമം.
R.K മേനോനായി സമ്മേളനത്തിനെത്തി സ്ത്രീയുടെ പൊട്ടിത്തെറിയാകുന്ന ഉദി, കർണ്ണന്റെ ആദ്യത്തെ കുഞ്ഞിനെ വഹിച്ച് ഗർഭച്ഛിദ്രം നടത്തിയ വേദ, പത്തു രൂപാ പട്ടാളം എന്നറിയപ്പെട്ട ലത , സ്വന്തം പേരുപോലും മറന്ന പ്രൊഫസറുടെ ഭാര്യ - ഓരോ കഥാപാത്രവും സ്വന്തം അസ്തിത്വത്തെ നിർണ്ണയിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. വായിക്കപ്പെടേണ്ട ഒരു പുസ്തകം തന്നെയാണ് പേപ്പർ ലോഡ്ജ്.

         സ്വപ്നാ റാണി