19-02


ആത്മച്ഛായ
നോവൽ
സുസ്മേഷ് ചന്ത്രോത്ത്
പ്രസാധകർ:  മാതൃഭൂമി ബുക്സ്
വില  : 390/-

എഴുത്തുകാരൻ  :

ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ സ്വദേശി. ഇപ്പോൾ  കൽക്കത്തയിൽ താമസം.

രചനകൾ  :

 ഡി, 9, മറൈൻ കാന്റീൻ, പേപ്പർ ലോഡ്ജ്, ആത്മച്ഛായ (നോവലുകൾ )
നായകനും നായികയും ( നോവെല്ല)
വെയിൽ ചായുമ്പോൾ നദിയോരം, ആശുപത്രികൾ  ആവശ്യപ്പെടുന്ന ലോകം, ഗാന്ധിമാർഗ്ഗം, കോക്ടെയിൽ സിറ്റി, സ്വർണ്ണമഹൽ, മാമ്പഴമഞ്ഞ, മരണവിദ്യാലയം, ബാർകോഡ്, സങ്കടമോചനം, (കഥാസമാഹാരങ്ങൾ)
പകൽ , ആശുപത്രികൾ ആവശ്യപ്പെടുന്ന ലോകം,  ആതിര 10c,  (തിരക്കഥകൾ)

പുരസ്കാരങ്ങൾ:

ഡി. സി. ബുക്സ് നോവൽ കാർണിവൽ അവാർഡ്,  അങ്കണം അവാർഡ്,  കെ. എ. കൊടുങ്ങല്ലൂർ കഥാ പുരസ്കാരം,  ഇടശ്ശേരി അവാർഡ്,  സാഹിത്യ ശ്രീ പുരസ്കാരം,  തോപ്പിൽ രവി അവാർഡ്, കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്മെന്റെ, അങ്കണം- ഇ. പി. സുഷമ എൻഡോവ്മെന്റ്, പ്രൊഫ. വി. രമേഷ് ചന്ദ്രൻ  സ്മാരക കഥാ പുരസ്കാരം,  ജേസീ ഫൗണ്ടേഷൻ കഥാ പുരസ്കാരം,  2009-ലെ തിരക്കഥയ്ക്കുള്ള സംസ്ഥാന സർക്കാർ ടെലിവിഷൻ അവാർഡ്,  മികച്ച ഹ്രസ്വചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ  അവാർഡ്.

കഥകൾ പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആത്മച്ഛായയിൽ കാണുന്നത്

മൃണാളൻ, മൃണാൾ എന്നു നമുക്ക് വിളിക്കാം. കൊൽക്കത്തയിലെ  ഒരു വലിയ കൂട്ടുകുടുംബത്തിലെ സന്തതി. അച്ഛൻ മരിച്ചു.  അമ്മ മാത്രം കൂടെ. ശില്പകല  പാസ്സായ മൃണാൾ ഒരു ശില്പം തയ്യാറാക്കി.  താൻ ഗർഭത്തിൽ ഉരുവായിത്തുടങ്ങിയപ്പഴേ മരിച്ചു പോയ സ്വന്തം പിതാവിന്റെ ശില്പമായിരുന്നു അത്.  ആ ശില്പ നിർമ്മാണത്തിന്റെ  ഓരോ ഘട്ടത്തിലും അങ്ങനെയല്ല....... ഇങ്ങനെയാണ്... എന്ന നിർദ്ദേശങ്ങളുമായി ഭർത്താവിന്റെ  ഓർമ്മകളിൽ ജീവിക്കുന്ന മൃണാളിന്റെ അമ്മയുമുണ്ടായിരുന്നു.
തൃപ്തി വരാത്ത ശില്പങ്ങളെല്ലാം ഉടച്ചുകളഞ്ഞ്......... അങ്ങനെ  മൃണാൾ ശില്പ നിർമ്മിതിയിൽ വ്യാപൃതനായി........

പാതിയെത്തിയതും.... പൂർത്തിയായതുമായ ഒരുപാട്  ശില്പങ്ങൾ മൃണാൾ ഉടച്ചുകളഞ്ഞു.......

അച്ഛന്റെ നാല്പത്തിയേഴാമത്തെ ശില്പം തയ്യാറാക്കാൻ  ഒരുങ്ങുന്ന  മൃണാളിനോട് അവന്റെ  അമ്മ  പറഞ്ഞു.

"  സാരമില്ല  എനിക്ക്  അദ്ദേഹത്തിന്റെ പ്രതിമ വേണം. ഞാൻ  ഊതിക്കൊടുത്താൽ പ്രാണൻ കിട്ടുമെന്നുറപ്പു തോന്നുന്ന പ്രതിമ.  നിനക്കത് ചെയ്യാൻ പറ്റും.  ഈ അമ്മയിൽ അച്ഛൻ നിന്നെ മുളപ്പിച്ചതും ഞാൻ നിന്നെ വളർത്തിയതും നീ ശില്പിയാകാൻ കാലം  അനുവദിച്ചതും അതിനുവേണ്ടിയാണ്, അതിനുവേണ്ടി മാത്രം. "

എന്നാൽ താനുണ്ടാക്കിയ
എൺപത്തിമൂന്നാമത്തെ ശില്പത്തിൽ സ്വന്തം പിതാവിനെ മൃണാൾ കുടിയിരുത്തി.

പക്ഷെ  തന്റെ ഭർത്താവിന്റെ  എല്ലാ രൂപഭാവങ്ങളും ഉള്ള ആ പ്രതിമയെ ഭർത്താവായി കാണുകയും....
അതിനോട് സംസാരിക്കുകയും....
അതിന് ഭക്ഷണം കൊടുക്കാൻ ശ്രമിക്കുകയും........
ശേഷം...... കൂടെ ശയിക്കാനും തുടങ്ങിയപ്പോൾ......... കാര്യങ്ങൾ  പതുക്കെ പിടിവിട്ടു പോകുന്നതായി മൃണാളിന് തോന്നി......
തോന്നലല്ല  ശരിയായിരുന്നു.......

വാർത്ത പുറത്തേക്ക്  എത്തുവാൻ കൂട്ടുകുടുംബ സമ്പ്രദായത്തിൽ  ഒരുപാട് സമയം വേണ്ടല്ലോ..... ഭാരതം മുഴുവൻ  മൃണാൾ എന്ന ശില്പിയും.... ആ ശില്പിയുണ്ടാക്കിയ പിതാവിന്റെ പ്രതിമയും..... ആ പ്രതിമയിൽ  സ്വന്തം ഭർത്താവിനെ കാണുന്ന  അമ്മയും  വാർത്തയായി.

പ്രതിമ ലഭിച്ചതോടെ മൃണാളിനെ സ്വന്തം നിലയിൽ ജീവിക്കാനായി അമ്മ  നിർബന്ധിച്ചു.
അത്തരം സാഹചര്യത്തിൽ നിന്ന് മാറിനില്ക്കാനായി മൃണാളും ആഗ്രഹിച്ചു. അങ്ങനെ  ഒരിന്റർവ്യൂവിന് പങ്കെടുക്കാൻ ചെന്ന മൃണാളിന് അവിചാരിതമായി ഒരു സ്നേഹിതയെ കിട്ടി..... ശ്രാബൊന്ദി ഭക്ത.......
ഏകാന്തവും വിരസവുമായ  തന്റെ ജീവിതത്തിലെ കൂട്ടുകാരിയായി, മൃണാളിന് ശ്രാബൊന്ദി..........

ഇതേസമയം ബംഗാളിൽ നിന്നും  കാതങ്ങളായിരം ദൂരത്ത് കേരളത്തിലെ  ഭുവനം എന്ന ദേശത്ത്  ആ നാടിനെ ചിട്ടയോടെ രൂപപ്പെടുത്തുകയും സ്വയം പര്യാപ്തതയിൽ എത്തിക്കുകയും ചെയ്ത മനുജൻ എന്ന വ്യക്തിയുടെ ശില്പം നിർമ്മിക്കാൻ  മാന്തളിർ മാഷിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനമെടുക്കുന്നു.
അവരുടെ അന്വേഷണം മൃണാളിലേക്കെത്തുന്നു.

എന്നാൽ  ആദ്യ പ്രതിമയായ  പിതാവിന്റെ രൂപം തന്റെ ജീവിതത്തിൽ  ഉണ്ടാക്കിയ വേദനകൾ കാരണം മൃണാൾ ഭുവനത്ത് പോകാനും മനുജന്റെ ശില്പ നിർമ്മിതി എന്ന ജോലി  ഏറ്റെടുക്കാനും വിസമ്മതിക്കുന്നു.

മൃണാളൻ  ഒരു യാത്ര പോകുന്നു.  വിളിക്കാമെന്നു ശ്രാബൊന്ദിയോട് പറഞ്ഞു എങ്കിലും  ഫോൺ  ഉപേക്ഷിച്ചായിരുന്നു യാത്ര.  വഴിയിൽ വെച്ച് ഭീകരർ തട്ടിക്കൊണ്ടു പോകുന്നു.  ഏറെ നാളത്തെ മർദ്ദനത്തിനുശേഷം ഈ ബന്ദിയെ ഉപയോഗിച്ച് അവരുടെ ആവശ്യം  സാധിക്കില്ല  എന്ന തിരിച്ചറിവിൽ  മൃണാളിനെ ഭീകരർ മോചിപ്പിക്കുന്നു .

അവശനായി, ക്ഷീണിതനായി കിടന്ന  മൃണാളിന് അമു  എന്ന കുട്ടി  ഭക്ഷണവും പൈസയും കൊടുത്തു സഹായിക്കുന്നു.

ഡൽഹിയിലെ ഒരു വേശ്യാലയത്തിൽ സഹായിയായും പിന്നെ പിംഗളചിറ്റയെന്ന സ്ത്രീയുടെ നടത്തിപ്പിലുള്ള ഹോസ്റ്റലിലും കഴിഞ്ഞ അനാഥയാണ് അമു. അവിടെ വെച്ച് പരിചയപ്പെട്ട യാമി എന്ന  എഴുത്തുകാരിയാണ് പ്രാഥമിക വിദ്യാഭ്യാസം  അമുവിന് നല്കുന്നത്.

ആയിടെ ഡൽഹിയിൽ കൂട്ട മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് വേണ്ടിയുള്ള സമരത്തിൽ  അമുവും പങ്കെടുക്കുന്നു.
ഒരുപാട് പ്രത്യേകതകൾ  ഉള്ള  ഒരു പെൺകുട്ടിയാണ് അമു.  ഡൽഹിയിൽ നിന്നും ട്രെയിനിൽ അമു യാത്ര തുടർന്നു.  അങ്ങനെ മൃണാളുമായി സന്ധിക്കുന്നു.

വീട്ടിൽ തിരിച്ചെത്തിയ മൃണാളിന് അമ്മയെ കുറെക്കൂടി ഭേദമായ രീതിയിൽ കാണാൻ സാധിച്ചു.

കേരളത്തിലെ ഭുവനം എന്ന ദേശത്ത് മനുജനെന്ന മനുഷ്യന്റെ രൂപം ചെയ്യുന്നതിനായി മൃണാൾ പുറപ്പെടുന്നു.
റെയിൽവേ സ്റ്റേഷനിൽ വെച്ച് അമു വീണ്ടും  അവരിൽ നിന്നും  അകലുന്നു.

ഇന്ന് ജീവിച്ചിരിക്കുന്നവരാരും മനുജനെന്ന മനുഷ്യനെ കണ്ടിട്ടില്ല.  ആകെ പറഞ്ഞു കേട്ടുള്ള അറിവുകൾ മാത്രമാണ് ആശ്രയം. അഴകളവുകൾ തിട്ടമില്ല..... ആകാരത്തെക്കുറിച്ചും അറിയില്ല.

മൃണാളൻ അന്വേഷണം തുടങ്ങി.  അതിനായി ബോംബേ വരെ പോകുന്നു.  മനുജനെപ്പറ്റിയുള്ള ധാരാളം വിവരങ്ങൾ  ലഭിക്കുന്നു  ഒരുപാട് വർഷങ്ങൾക്ക് മുൻപ് ഭുവനത്തെക്കുറിച്ച് മഹാരാഷ്ട്രക്കാരനായ ഒരാൾ  എഴുതിയ  ഒരു പുസ്തകം  വിലപ്പെട്ട വിവരങ്ങൾ നല്കി. ആ യാത്രയിൽ  അമുവിനെ  വീണ്ടും യാദൃശ്ചികമായി തിരിച്ചു കിട്ടുന്നു.

തിരികെ ഭുവനത്ത് എത്തിയ മൃണാളൻ മഹത്തായ  സാധനയിലൂടെ, സിദ്ധിയിലുടെ മനുജന്റെ ശില്പം നിർമ്മിക്കുന്നു.
അത് വളരെ വിശേഷപ്പെട്ട  ഒന്നായിരുന്നു.

ശ്രാബൊന്ദിയും അമുവുമായി മൃണാൾ തിരിച്ചു കൽക്കത്തയിലേക്ക് യാത്രയാവുന്നു.

ഈ നോവലിൽ മൃണാൾ എന്ന ശില്പിയുടെ വികാസ പരിണാമങ്ങൾ പറയുന്നതിന് സമാന്തരമായി വസന്തൻ എന്ന  ഒരു  ഐ. ഐ. ടി പ്രൊഫസറുടെ കഥ കൂടി സുസ്മേഷ് ചന്ത്രോത്ത് പറയുന്നുണ്ട്. ഒരു പെൺവേട്ടക്കാരൻ.... അദമ്യമായ ലൈംഗികാസക്തിയുമായി അലയുന്ന  ഒരുവൻ. അയാളുടെ ആദ്യ ലൈംഗികാനുഭവം സ്വന്തം സഹോദരിയോടോ. .  മാതാവിനോടോ.... ആയിരുന്നു എന്നതാണ് പ്രത്യേകത.

രേണുക  എന്ന  വിദ്യാർത്ഥിനിയെ പ്രാപിക്കുകയും അവൾ വസന്തനാൽ  ഗർഭം ധരിക്കുകയും ചെയ്യുന്നു. തന്നെ സ്വീകരിക്കാത്ത വസന്തനുമുന്നിൽ വീഡിയോ ക്യാമറ  ഔൺ ചെയ്തു വെച്ചിട്ട് അവൾ ആത്മഹത്യ ചെയ്യുന്നു.

പെൺവേട്ട തുടർന്നെങ്കിലും കുറ്റബോധം ഇടയ്ക്ക് വസന്തനെ പിടികൂടിയിരുന്നു. അതിനിടയിൽ  കോടീശ്വരന്റെ സ്വപ്ന പദ്ധതിയായ
മൂകത്താഴ് വര യുടെ ജോലി  ഏറ്റെടുക്കുന്നു.

പണിതും
 പൊളിച്ചും വീണ്ടും പണിതും വീണ്ടും പൊളിച്ചും ഒരുന്മാദിയുടെ അവസ്ഥയിലേക്ക് വസന്തനെത്തി.

ആത്മഹത്യയെന്ന് പോലീസ്  എഴുതിതള്ളിയ  ഒരു ശവമായി വസന്തൻ മാറി.

എന്റെ  വീക്ഷണം  :

മനോഹരമായ  ഒരു നോവലാണ് ആത്മച്ഛായ.
ഭാഷയുടെ അത്ഭുതകരമായ വിന്യാസം ഈ നോവലിൽ കാണാം.
കഥാപാത്രങ്ങൾ  മിഴിവോടെ വികസിക്കുന്നു.  

ഭാരതത്തിലെ വിവിധയിടങ്ങളിൽ  വിഭിന്ന രീതിയിൽ  ജീവിക്കുകയും കടന്നു പോവുകയും ചെയ്യുന്ന ഒരുപിടിയാളുകളെ ചിത്രീകരിക്കുന്നു.

സമകാലിക സംഭവങ്ങളെ പരാമർശിക്കുമ്പോൾ പോലും അതി വൈകാരികത കാണിക്കാതെ കയ്യടക്കത്തോടെ എന്നാൽ സുക്ഷ്മമായിത്തന്നെ ആവിഷ്കരിക്കുന്നു.

സ്ഥപ്പേരുകൾ ആളുകളുടെ പേരുകൾ  ഒക്കെ കൃത്യമായ ആസൂത്രണത്തോടെയും ചാരുതയോടെയും തിരഞ്ഞെടുത്തതാണ് എന്ന്  പറയാം.

ഒരാൾ ശില്പിയായി നിർമ്മിക്കുമ്പോൾ മറ്റൊരാൾ നശിപ്പിക്കാനായി പാഞ്ഞു നടന്നു.  അവസാനം  അയാളും നശിക്കുന്നു.

സുഭാഷ് ചന്ദ്രൻ,  സുസ്മേഷ് ചന്ത്രോത്ത് , സന്തോഷ്  ഏച്ചിക്കാനം,   ഇ. സന്തോഷ് കുമാർ  ഇങ്ങനെ  മലയാള സാഹിത്യത്തിൽ കഥാരംഗത്ത്  സ എന്ന് തുടങ്ങുന്ന പേരുകാരുടെ ഒരു കാലഘട്ടമാണെന്ന് തോന്നുന്നു.  കഥപറയാനറിയുന്ന, കാതലുള്ള ഒരു തലമുറ ഉണ്ട്  എന്ന് നിസ്സംശയം പറയാം.

488 പേജുകളിൽ  നിറഞ്ഞു നില്ക്കുന്ന ഒരു നോവൽ  ഈ ചെറിയ കുറിപ്പിൽ  ഒതുങ്ങുന്ന  ഒന്നല്ല.  അതുകൊണ്ട് തന്നെ ചില കഥാപാത്രങ്ങളെ പരാമർശിക്കാതെ വിടേണ്ടതായി വന്നിട്ടുണ്ട്.
Image result for ആത്മച്ഛായ

Image result for ആത്മച്ഛായ