18-12

🙏🏻
സര്‍ഗസംവേദനം
അനില്‍
🙏🏻

കോളറക്കാലത്തെ പ്രണയം

മാർക്കേസ്
❤❤❤❤❤❤❤❤❤

എഴുത്ത് എന്നത് അതീന്ദ്രിയമായ എന്തോ ഒരനുഭവമാണെന്നാണ് എല്ലാരും പറയുക. പലപ്പോഴും പല കൃതികളും വായിക്കുമ്പോള്‍ നമ്മള്‍ ഞെട്ടുക തന്നെ ചെയ്യും. കഥയായാലും കവിതയായാലും ഭാവനയുടെ ലോകമാണ് കാണിച്ചു തരിക, വ്യത്യസ്തമായ പരിസരങ്ങളെ പരിചയപ്പെടുത്തും. മനസ്സിനെ വിഭ്രാത്മകമായ അവസ്ഥയില്‍ കൊണ്ടെത്തിക്കും ചിലപ്പോള്‍. സ്വന്തം അനുഭവത്തെ മറ്റുള്ളവര്‍ക്കായി അക്ഷരങ്ങളിലൂടെ പകരുമ്പോള്‍ ചിലപ്പോഴൊക്കെ അത് ദൈവീകമായ സര്‍ഗാത്മകതയുടെ ആത്മീയ അനുഭവമാകും.

മലയാളി ഏറ്റവും കൂടുതല്‍ വായിച്ച വിദേശ എഴുത്തുകാരനാണ് ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ്. അദ്ദേഹത്തിന്റെ ഏറെ പ്രസിദ്ധമായ കൃതിയാണ് കോളറക്കാലത്തെ പ്രണയം. പ്രണയത്തെ അതിന്റെ അന്തമില്ലാത്ത യാത്രയെ വേറിട്ട ഭാഷയോടെയാണ് മാര്‍ക്കേസ് എഴുതിവെയ്ക്കുന്നത്. അത്രയ്ക്ക് ഉദാത്തമായ അവസ്ഥയില്‍ നിന്ന് രതിയും പ്രണയവും ഒന്നിക്കുന്ന മാനസിക ജീവിതങ്ങളും മാര്‍ക്കേസ് അപാരമായ കൈവഴക്കത്തോടെ അടയാളപ്പെടുത്തുന്നു. രണ്ടു വ്യക്തികള്‍ തമ്മിലുള്ള പ്രണയത്തെ, നായകയും നായികയും കാത്തിരിക്കുന്ന അവസ്ഥയെയൊക്കെ അത്ഭുതപ്പെടുത്തുന്ന മാന്ത്രികത കൊണ്ട് മാര്‍ക്കേസ് എഴുതിവെയ്ക്കുന്നുണ്ട്. അല്ലെങ്കിലും കേവലമായ ഭ്രമമല്ല ശക്തമായ പ്രണയമെന്ന് കോളറക്കാലത്തെ പ്രണയത്തിലൂടെ മാര്‍ക്കേസ് പറയുന്നത്.

പ്രണയവും അതിന്റെ തീവ്രതയും പശ്ചാത്തലമാകുമ്പോള്‍ കൂടി അമേരിക്ക ഭൂഖണ്ഡത്തിന്റെ രാഷ്ട്രീയസാഹചര്യങ്ങളും ചരിത്രവും വലിയ ഒരു ക്യാന്‍വാസിലൂടെ മാര്‍ക്കേസ് വരച്ചുവെക്കുന്നത്. ഫെര്‍ഡിനാന്‍ഡേ അരിസ താന്‍ അതീവമായി പ്രണയിച്ച സ്ത്രീയ്ക്കായി കാത്തിരിക്കുന്ന കാത്തിരിപ്പ് മനുഷ്യന്റെ ഏറ്റവും വലിയ ജീവിതമായി അനുഭവിപ്പിക്കാനുള്ള മാര്‍ക്കേസിന്റെ വിരുത് ഇന്നും അത്ഭുതം തന്നെയാണ്.

കോളറ പടര്‍ന്ന കാലത്തെ , അതിന്റെ രാഷ്ട്രീയത്തെ വിവരിക്കാന്‍ രണ്ടു മനുഷ്യരുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിച്ചേരല്‍ നിമിത്തമാക്കുന്ന ലോകത്തെ, പ്രത്യേകിച്ച് എന്നെ വല്ലാതെ അനുഭവിപ്പിച്ച കൃതിയാണ് ഇത്. പ്രണയം എന്ന സാര്‍വ്വലൗകീക പ്രതിഭാസത്തിനപ്പുറം മനുഷ്യമനസ്സിന്റെ സഞ്ചാരങ്ങള്‍, മനശാസ്ത്ര കാഴ്ച്ചപ്പാടോടെ അദ്ദേഹം പകര്‍ന്നത് വിസ്മയം തന്നെ. അതുകൊണ്ടാവാം മാന്ത്രിക യാഥാര്‍ത്ഥ്യം ( Magical Realism ) എന്ന് നിരൂപകര്‍ മാര്‍ക്കേസിനെ കൊണ്ടാടുന്നത്.

പരിചിതമല്ലാത്ത ലോകത്തെ, അവിടുത്തെ രീതികളെ നമ്മളെ അനുഭവിപ്പിക്കുന്ന അപൂര്‍വ്വമായ രചനാശൈലിയാണ് ചുരുക്കത്തില്‍ മാര്‍ക്കേസിന്റെ കോളറാകാലത്തെ പ്രണയം.

ആമിന ഷഹീർ

❤❤❤❤❤❤❤❤❤❤

കോളറകാലത്തെ പ്രണയം


ഇന്ദുമേനോന്‍

പ്രീഡിഗ്രിക്കാലത്തെ ഒരു മഴദിവസമാണ് കോളറകാലത്തെ പ്രണയം വായിക്കാനെടുക്കുന്നത്. ജീവിതത്തില്‍ തീര്‍ത്തും അപരിചിതമായ ഒരു ഭൂമികയിലൂടെ സഞ്ചരിക്കുമ്പോള്‍ അവിടവിടങ്ങളിലായി പരിചിതമായ മുഖങ്ങള്‍ തെളിഞ്ഞുവന്നു.

"it is inevitable"   എന്ന ഒറ്റവരി വായനയില്‍തന്നെ ചുഴന്ന വയല്‍ക്കാറ്റുകള്‍ ഞങ്ങളുടെ തൊടിയിലെ കവുങ്ങുകളെ വേരോടെ പിഴുന്നുമറിച്ച് പഴയ കിണറ്റിലേക്ക് വലിച്ചിട്ടു. ഉണ്ടടക്കകള്‍ ചിതറിത്തെറിച്ചു. ബദാമിന്റെ പഴുത്ത കായകള്‍ നിറഞ്ഞ കൊമ്പ് തറയില്‍ പൊട്ടിവീണു. മിന്നല്‍പ്പിണറുകള്‍ വീടിനെ ചുറ്റിനിന്ന കുളത്തിലേക്ക് രത്നനെക്ലെസ്സുകള്‍ വലിച്ചെറിഞ്ഞു.

'മാഷേ കോളറകാലത്തെ കെണറിടിഞ്ഞു'
തെങ്ങുകയറാന്‍ വന്നിരുന്ന കേളുമൂപ്പന്‍ വിളിച്ചുപറയുന്നത് ഞാന്‍ വ്യക്തമായി കേട്ടു. സയനഡിന്റെ രൂക്ഷതയുള്ള ആല്‍മൊണ്ട്് ഗന്ധം മുറിയില്‍ പരക്കുന്നതായി ഞാനറിഞ്ഞു. അത് എന്റെ അനുജത്തി ബദാം പരിപ്പ് കുത്തിയെടുക്കുന്നതിനാല്‍ വരുന്ന വാസനയാണെന്ന് എനിക്കറിയാമായിരുന്നിട്ടും വാക്കുകളുടെ മോഹത്തള്ളിച്ചയില്‍ മാര്‍ക്വേസ് നോവലിലെ ജെറിമ ആത്മഹത്യചെയ്തതിന്റെ ബാക്കിയാണതെന്നാണ് എനിക്ക് തോന്നിയത്. പക്ഷേ,എന്റെ പറമ്പിലെ കിണറിനെന്താണ് കോളറകാലവുമായുള്ള ബന്ധം എന്ന് മനസ്സിലായില്ല. ഇത്രനാള്‍ ജീവിച്ചിട്ടും നാട്ടുകാര്‍ എന്റെ കിണറിനെ കോളറകാലത്തെ കിണര്‍ എന്ന് വിളിക്കുന്നെന്ന അറിവ് അത്ഭുതകരമായിരുന്നു. പ്രേമത്തെക്കുറിച്ചൊക്കെ അറിഞ്ഞുവരുന്ന 15–ാം വയസ്സില്‍ കേരളത്തില്‍, അതും എന്റെ നാട്ടില്‍, ഒരു കോളറവറുതി പൊട്ടിപ്പുറപ്പെട്ടെന്നും ഇതൊഴികെ മറ്റെല്ലാ കിണറുകളും കോളറരോഗാണു നിറഞ്ഞ് കെട്ടുപോയെന്നും ഒക്കെ ഊഹിക്കാനുള്ള ബുദ്ധിയില്ലായിരുന്നു. മഴയെപ്പോഴോ നിന്നുപോയി. കോളറകാലത്തെ ഞങ്ങളുടെ കിണര്‍ ഇടിഞ്ഞും പോയി. ഞാന്‍ പക്ഷേ വായന തുടര്‍ന്നുകൊണ്ടേ ഇരുന്നു.

പ്രേമത്തെക്കുറിച്ചുള്ള ആ വായന എന്റെ ആത്മാവിനെ അകാരണമായി ഉഷ്ണിപ്പിച്ചു. കാരണം അതൊരു മസ്തിഷ്കജ്വരമെന്നതുപോലെ എന്റെ മെനിഞ്ജസ്സിനെ അക്ഷരക്കൂട്ടാല്‍ പൊതിഞ്ഞ് പൊത്തിക്കൊണ്ടേ ഇരുന്നിരുന്നു. ഓരോ വരിയിലെയും ജീവ ദാര്‍ശനികതകള്‍ എന്നെ പിടിച്ചുലച്ചു. മരണത്തെക്കുറിച്ചുള്ള ഏകാന്തമായ ചിന്തകള്‍ എന്നെ ഭയപ്പെടുത്തി. യാത്രകളുടെ അനന്തമായ നീളം, കാത്തിരിപ്പിന്റെ നിസ്സഹായത, പ്രണയത്തിന്റെ ഗതികേടുകള്‍ ഇവയ്ക്കൊക്കെയൊപ്പം ഓരോ കഥാപാത്രങ്ങളെയും ഞാന്‍ സ്വയം കണ്ടെത്തിക്കൊണ്ടിരുന്നു. എന്റെ ഉള്ളിലെ അമ്പരപ്പോടെ നിന്ന പെണ്ണ് ഫെര്‍മിന ഡാസയെന്ന തിരിച്ചറിവില്‍ ഞാന്‍ കൌതുകത്തോടെ കണ്ണാടി നോക്കിനിന്നു. പ്രമേയപരവും ഘടനാപരവുമായ ഉദാത്തതയ്ക്കപ്പുറം ആ നോവലില്‍ ഫെര്‍മിനഡാസ ഉണ്ടെന്നതായിരുന്നു എന്നെ അത്രമേല്‍ അതിലേക്ക് കെട്ടിവലിച്ചത്. എല്ലാ കൌമാരക്കാരികള്‍ക്കുള്ളിലും ഒരു ഫെര്‍മിനയാണുള്ളതെന്നും എനിക്ക് മനസ്സിലായി. പ്രേമം എങ്ങനെയായിരിക്കണം എന്നു പഠിപ്പിക്കുന്നതായിരുന്നു ആ പുസ്തകത്തിലെ ഓരോ വരികളും. പ്രേമിക്കുന്ന സ്ത്രീയെ ഫെര്‍മിനയും, കാമിക്കയും പ്രേമിക്കയും ചെയ്യുന്ന പുരുഷനെ ഫ്ലോറന്റീനോ അരീസ്സയും ഉദാഹരിക്കുകയായിരുന്നു. സ്വപ്നങ്ങളിലൂടെയും ഉന്മാദകരമായ മായക്കാഴ്ചയിലൂടെയും കടന്നുപോകുകയായിരുന്നു ഞാന്‍. മട്ടുപ്പാവിലെ ജനാലയിലൂടെ നോക്കുമ്പോള്‍ കോളറകാലത്തെ ഞങ്ങളുടെ കിണറിനരികില്‍ ഒരു പാര്‍ക്ക് ബെഞ്ച് ഉണ്ടെന്നും മഴനനഞ്ഞ് എന്നെ നോക്കി ഒരു ആണ്‍കുട്ടി അവിടെത്തന്നെ നില്‍ക്കുന്നുണ്ടെന്നും എനിക്ക് തോന്നി. അതിലെ എല്ലാം മനോഹരവും തീവ്രവുമായിരുന്നു. രക്തം ചുറഞ്ഞുകൊണ്ടുള്ള പ്രണയം, അതിനായി മനുഷ്യനെടുക്കുന്ന പ്രയത്നം, വിശപ്പുപോലെ ആളിപ്പടരുന്ന അതിന്റെ തീച്ചിറകുകള്‍.

എല്ലാ കാല്‍പ്പനികബിംബങ്ങളും മനോഹരമായിത്തന്നെയിരുന്നു. പൂവുകളുടെ ഗന്ധം, മഴയുടെ നനഞ്ഞ ഉടല്‍, ഇലകളുടെ പ്രശാന്തമായ നിര്‍വാണപ്പൊഴിച്ചില്‍ എല്ലാം തീവ്രമായും തീക്ഷ്ണമായും അനുഭവപ്പെട്ടു. ഓരോ സംഭവങ്ങളും അന്നുവരെ ഞാന്‍ കണ്ടതോ ഭാവിയില്‍ ഞാന്‍ കാണാന്‍ പോകുന്നതോ ആയിരുന്നു. ആ പുസ്തകത്തില്‍ എന്നെ അലോസരപ്പെടുത്തിയത് അതികഠിനമായി പ്രേമത്തിലായിരുന്ന ഫെര്‍മിന തെരുവില്‍വച്ച് ഫ്ലോറന്റീനോ അരീസ്സയെ കണ്ട ഒറ്റനിമിഷത്തില്‍ പൊടുന്നനെ പ്രേമം നഷ്ടപ്പെട്ടതായ ഒരു സംഭവമാണ്. ഒരിക്കലും ഒരൊറ്റ കാഴ്ചയില്‍പ്രേമം നഷ്ടപ്പെടുന്നത് സത്യമല്ലെന്നും അത് മാര്‍ക്വേസിന് പറ്റിയ ഒരു പിഴവാണെന്നും എനിക്ക് തോന്നി. പ്രേമംപോലെ വിചിത്രമാണ് പ്രേമനിരാസം എന്നെനിക്കന്ന് അറിയുമായിരുന്നില്ല.

അക്കാലങ്ങളിലൊക്കെയും ഞാന്‍ കോളറകാലത്തെ പ്രണയം വീണ്ടും വീണ്ടും വായിച്ചുകൊണ്ടേയിരുന്നു. ഓരോ വായനയിലും പ്രണയത്തിന്റെ വ്യത്യസ്തമായ അക്ഷരതലങ്ങള്‍ എന്നെ ലഹരികൊള്ളിച്ചു. വായനയുടെ ഗംഭീരമായ ഹരം, ഉന്മാദം... പ്രേമത്തിന്റെ സത്തയറിയുന്ന ദാര്‍ശനികകൌമാരം.
മായാജാലക്കാരെപ്പോലെ കഥയില്‍നിന്ന് നേര്‍ജീവിതത്തിലേക്ക് കയറിവന്ന എത്രയോ എത്രയോ കഥാപാത്രങ്ങള്‍... എത്രയോ എത്രയോ ജീവിതരംഗങ്ങള്‍.
എങ്ങനെ പ്രേമിക്കണം, എങ്ങനെ പ്രേമനിരാസമുണ്ടാകണം, എങ്ങനെ തീവ്രമായി ജീവിതത്തെ ആഹ്ളാദിച്ചും വേദനിച്ചുമറിയണം, എങ്ങനെ സ്വപ്നങ്ങള്‍ കാണണം, എങ്ങനെ ഉന്മാദിയാകണം, എങ്ങനെ നിസ്സംഗയാകണം, എങ്ങനെയെഴുതണം... അതിനൊക്കെയുള്ള ഉത്തരമായിരുന്നു കോളറകാലത്തെ പ്രണയം.

പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങളുടെ കോളറകാലത്തെ കിണറില്‍ ഒരു ചെറുപ്പക്കാരന്റെ ജഡം ജലം കുടിച്ച് ചീര്‍ത്ത ഒരു നീര്‍ബൊമ്മപോലെ കാണപ്പെട്ട ആ വെള്ളിയാഴ്ചവരെ, എത്രയോ കാല്‍പ്പനികമായി എന്റെ ജീവിതത്തില്‍ നിന്ന ആ കോളറകാലത്തെ കിണര്‍ മൂടാന്‍ തീരുമാനമായി. കോളറകാലത്തെ പ്രണയം എന്ന പുസ്തകത്തിന്റെ വായനാവസാനവും അങ്ങനെയായിരുന്നു. രാത്രിയില്‍ കറുത്ത ശലഭങ്ങള്‍ കിണറിനുമീതെ പറക്കുന്നത് ഞാന്‍ കണ്ടു. ഈയാമ്പാറ്റകള്‍ കൂട്ടമായി ചിതല്‍മടകളിലൂടെ കിണറോരത്തേക്ക് ഉയരുന്നത് ഞാന്‍ കണ്ടു. ആ കിണറില്‍നിന്ന് ജലം കിട്ടാതെ കോളറപ്പെട്ട് മരിച്ച മനുഷ്യരുടെ ആത്മാക്കളെന്നപോലെ പാറ്റകള്‍ നിസ്സഹായമായി മഴനൃത്തം വയ്ക്കുന്നത് ഞാന്‍ കണ്ടു. ആകാശത്ത് മനോഹരങ്ങളായ നക്ഷത്രങ്ങള്‍ വിണ്ടുകീറിയ പിളര്‍പ്പിലൂടെ നേര്‍ത്ത വെളിച്ചവും തണുപ്പും തൊഴിയുന്നതുപോലെ എനിക്ക് തൊന്നി. കണ്ണീരുപോലെ തെളിഞ്ഞ കിണറിലെ ജലത്തില്‍ നക്ഷത്രങ്ങള്‍ പ്രതിബിംബങ്ങളായി വീണുനീന്തി. ഞാന്‍ എന്റെ കോളറകാലത്തെ പ്രണയം അടച്ചുവച്ചു. എന്റെ ഫ്ലോറന്റീനോയും ജുവനൈല്‍ ആല്‍ബിനോയുമായ ഭര്‍ത്താവുറങ്ങുന്ന കട്ടിലില്‍ കിടക്കുമ്പോള്‍ അകാരണമായ ഒരു സങ്കടം വന്ന് എന്നെ മൂടുന്നതായി ഞാനറിഞ്ഞു.

പിറ്റേന്ന് ഞാനുണരുമ്പോഴേക്കും കിണര്‍ മൂടിയിരുന്നു. എന്നേക്കുമെന്നേക്കുമായി മരണപ്പെട്ടവളുടെ ശവക്കുഴിപോലെ ചുവന്ന പച്ചമണ്ണിന്റെ നനഞ്ഞ കൂന. അവയ്ക്കുമീതെ തൊഴിഞ്ഞുകിടക്കുന്ന ചോരത്തൊലിയന്‍ ബദാം പഴങ്ങള്‍. എന്റെ തൊണ്ടയില്‍ എന്നന്നേക്കുമായൊരു മുറിവ് കിണറാഴത്തില്‍ രൂപംകൊണ്ടതായി ഞാനറിഞ്ഞു. പിന്നീടൊരിക്കലും കോളറകാലത്തെ പ്രണയം ഞാന്‍ വായിക്കയുണ്ടായില്ല.