പ്രിയ തിരൂർ മലയാളം സുഹൃത്തുക്കളെ... ചിത്രസാഗരം പംക്തിയുടെ എട്ടാം ഭാഗത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏
രാജാ രവിവർമ, ആർട്ടിസ്റ്റ് നമ്പൂതിരി.. എന്നീ ലോകപ്രശസ്ത ചിത്രകാരന്മാരെ കുറിച്ചായിരുന്നല്ലോ കഴിഞ്ഞ ലക്കങ്ങൾ...ഈ ലക്കത്തിൽ നമുക്ക് എം.വി.ദേവനെ കുറിച്ച് അടുത്തറിയാൻ ശ്രമിക്കാം...
കേരളത്തിലെ പ്രമുഖശില്പിയും ചിത്രകാരനും എഴുത്തുകാരനും പ്രഭാഷകനുമാണ് മഠത്തിൽ വാസുദേവൻ എന്ന എം. വി. ദേവൻ (15 ജനുവരി 1928 - 29 ഏപ്രിൽ 2014) . കേരളത്തിലെ ആധുനിക ചിത്രകലാപ്രസ്ഥാനത്തിന്റെ പ്രചാരകരിൽ മുമ്പൻ.വാസ്തുശില്പ മേഖലയിൽ ലാറി ബേക്കറുടെ അനുയായി. മയ്യഴിയിലെമലയാള കലാഗ്രാമത്തിന്റെ ഓണററി ഡയറക്ടർ
ശ്രീ. എം.വി.ദേവന്റെ ജീവിതത്തിലൂടെ....
തലശ്ശേരിക്കടൂത്ത് പന്ന്യന്നൂർ എന്ന ഗ്രാമത്തിലാണ് ദേവൻ ജനിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 1946-ൽമദ്രാസിൽ ചിത്രകല പഠിക്കുവാനായി പോയി. മദ്രാസ് സ്കൂൾ ഓഫ് ആർട്ട് ആന്റ് ക്രാഫ്റ്റ്സിൽ ഡി.പി. റോയ് ചൗധരി,കെ.സി.എസ്. പണിക്കർ തുടങ്ങിയവരുടെ കീഴിൽ ചിത്രകല അഭ്യസിച്ചു
ഈ ഗുരുനാഥന്മാർ അദ്ദേഹത്തിന്റെ ജീവിതത്തെയും ചിത്രകലയെയും വലിയ അളവു വരെ സ്വാധീനിച്ചു. ഈ സമയത്ത് അദ്ദേഹം എം. ഗോവിന്ദനുമായിപരിചയപ്പെട്ടു. എം.വി. ദേവന്റെ ജീവിത വീക്ഷണത്തിൽ ഈ കൂട്ടുകെട്ട് വലിയ മാറ്റങ്ങൾ വരുത്തി
🎨കലാജീവിതം🎨
മദ്രാസിൽ നിന്ന് തിരിച്ചുവന്ന അദ്ദേഹംമാതൃഭൂമി ദിനപത്രത്തിൽ മുഴുവൻ സമയ ചിത്രകാരനായി ജോലിയിൽ പ്രവേശിച്ചു.1952 മുതൽ 1961 വരെ മാതൃഭൂമിയിൽ ജോലി ചെയ്തു. അതിനുശേഷം മദ്രാസിൽ തിരിച്ചുപോയി ‘സതേൺ ലാങ്ഗ്വജസ് ബുക്ക് ട്രസ്റ്റ്’ എന്ന സ്ഥാപനത്തിൽ കലാ ഉപദേഷ്ടാവായി ജോലിയിൽ പ്രവേശിച്ചു. ഇവിടെ 1961 മുതൽ 1962 വരെ ജോലിചെയ്തു.
മദ്രാസ് ലളിതകലാ അക്കാദമി (1962 മുതൽ1968 വരെ), ന്യൂഡെൽഹി ലളിതകലാ അക്കാദമി (1966 മുതൽ 1968 വരെ),എഫ്.എ.സി.ടി. (കലാ ഉപദേഷ്ടാവായി,1968 മുതൽ 1972 വരെ) എന്നിവിടങ്ങളിൽ അദ്ദേഹം തന്റെ സർഗ്ഗ സപര്യ തുടർന്നു.1974 മുതൽ 1977 വരെ കേരള ലളിതകലാ അക്കാദമിയുടെ അദ്ധ്യക്ഷൻ ആയിരുന്നു
പുരസ്ക്കാരങ്ങൾ....ബഹുമതികൾ...🏆
🎖 രാജാരവിവർമ പുരസ്‌കാരം
🎖 കേരള സാഹിത്യ അക്കാദമി പുരസ്കാരംദേവസ്പന്ദനം എന്ന കൃതിക്ക് (2001)
🎖 വയലാർ അവാർഡ് (1999_2000)
🎖 ചെന്നൈ റീജ്യണൽ ലളിതകലാ അക്കാദമി ഫെലോഷിപ്പ് (1985)
🎖 ക്രിട്ടിക്സ് അവാർഡ് (1992)
🎖 കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് (1985)
🎖 എം.കെ.കെ. നായർ അവാർഡ് (1994)
🎖 2001 ൽ മാതൃഭൂമി സാഹിത്യപുരസ്‌കാരം
🎖 മലയാറ്റൂർ രാമകൃഷ്ണൻ ചിത്രശില്പകലാ ബഹുമതി(2001)
📒ദേവൻമാഷ്ടെ ആത്മകഥയായ ദേവസ്പന്ദനത്തെക്കുറിച്ച്...📙
👇👇👇
എം.വി. ദേവൻ രചിച്ച ഗ്രന്ഥമാണ് ദേവസ്പന്ദനം.2001-ൽ വൈജ്ഞാനിക സാഹിത്യത്തിനു നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്.2000ത്തിലെ വയലാർ അവാർഡും ഈ ഗ്രന്ഥത്തെ തേടിയെത്തി
ചിത്രകാരന്‍, ശില്പി, സാഹിത്യകാരന്‍, പ്രസംഗകന്‍, വാസ്തുശില്പി എന്നീ നിലകളില്‍ മലയാളികളില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയ എം.വി. ദേവന്റെ അരനൂറ്റാണ്ടുകാലത്തെ സാഹിത്യരചനകളുടെ സമാഹാരമാണു് ദേവസ്പന്ദനം. നിസ്സംഗമായ സത്യാന്വേഷണത്വരയോടെ മനുഷ്യക്ഷേമം മുന്‍നിര്‍ത്തി ആശയങ്ങളുടെ മേഖലയില്‍ ചിന്താശക്തി വ്യാപരിപ്പിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണു് ദേവന്‍. പാണ്ഡിത്യപ്രകടനമോ കപടഗൌരവമോ ഇല്ലാതെ തികച്ചും ലളിതമായി ആശയാവിഷ്കാരം നടത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ ലേഖനങ്ങളെല്ലാം ഒരുപോലെ പഠനാര്‍ഹങ്ങളാണു്. കല, സാഹിത്യം മുതലായവയെപ്പറ്റി അടിസ്ഥാനപരമായ ധാരണകളുള്ള ഒരു മനസ്സിനല്ലാതെ മര്‍മ്മസ്പര്‍ശിയായ ആശയങ്ങളെ ഇത്ര സുവ്യക്തമായി പ്രതിപാദിക്കുക സാധ്യമല്ല
മനുഷ്യമനസ്സില്‍ ഉജ്ജ്വലമായ ചിന്തകള്‍ക്ക് ബീജാവാപം നടത്തുന്ന അത്യന്തം പ്രൌഢവും ആധികാരികവുമായ ഈ ലേഖനസമാഹാരം നിസ്തുലമായ ആശയങ്ങളുടെ സുന്ദരമായ അവതരണമാണു്. ദേവന്‍ എന്ന ചിത്രകാരന്റെ വ്യക്തിത്വം സ്ഫുരിക്കുന്ന ചിത്രങ്ങളുടെ ഒരു വിഭാഗവും ജീവിതത്തിന്റെ ആല്‍ബം എന്നു വിശേഷിപ്പിക്കാവുന്ന മറ്റൊരു വിഭാഗവും കൂടാതെ മുഖാമുഖങ്ങളുടെ ഒരു ഭാഗവും ഇതിലുണ്ട്
ഇനിയൊരു അഭിമുഖമായാലോ...ദേവൻമാഷ്ടെ കീഴിൽ പത്തുവർഷത്തോളം ശിഷ്യനായി ചിത്രകല അഭ്യസിച്ച ശ്രീ.ജഗദീഷ് പാലയാട് ഗുരുനാഥനെക്കുറിച്ചുള്ള അനുഭവങ്ങൾ...ഓർമ്മകൾ...പങ്കുവെയ്ക്കുന്നു..
ദേവൻമാഷ്ടെ ചിത്രങ്ങൾ പലതും വ്യക്തികളുടെ കയ്യിലായതിനാൽ വേണ്ടത്ര ചിത്രങ്ങൾ ലഭ്യമല്ല എന്ന് ഖേദപൂർവം അറിയിക്കട്ടെ..സ്വന്തം കഴിവിനെ ഉയർത്തുന്നതിന് പകരം കലാപീഠം,കലാഗ്രാമം തുടങ്ങിയ കലയെ പരിപോഷിക്കുന്ന ഇടങ്ങളിലെ കലാധ്യാപനത്തിനാണ് അദ്ദേഹം പ്രാധാന്യം നൽകിയിരുന്നത്
ഈ ചിത്രത്തിലാരൊക്കെയെന്ന് മനസിലായില്ലേ😍
ഇനി ഇതിന്റെ പിന്നാമ്പുറക്കഥ വായിക്കാം..👇
എം.വി.ദേവൻ വരച്ച പ്രശസ്തമായ ചിത്രമാണിത്.ബഷീറിനെയും ഫാബി ബഷീറിനെയും മോഡലാക്കിയാണ് അദ്ദേഹം ഈ ചിത്രം പകർത്തിയത്.ബേപ്പൂർ സുൽത്താൻ ഫാബിയെ പെണ്ണുകാണാൻ പോയത് സഹോദരൻ അബൂബക്കറിനും കോഴിക്കോട്ടെ ചങ്ങാതിമാരായ തിക്കോടിയൻ,കെ
എ.കൊടുങ്ങല്ലൂർ,എം.വി.ദേവൻ...തുടങ്ങിയ ഒരു വലിയ സംഘത്തോടൊപ്പമായിരുന്നു.ഫാബിയെ ഇഷ്ടമായെന്ന് ബഷീർ പറയുന്നു.പിന്നെ ദേവനോട് ഒരു ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടു.ഇരുവരെയും മോഡലാക്കി ദേവൻ ബേപ്പൂർ സുൽത്താന്റെ ജീവിതത്തിലെ ആ നിമിഷം പേപ്പറിലേക്ക് പകർത്തി.ബഷീറും കൂട്ടുകാരും ആ ചിത്രത്തിൽ കയ്യൊപ്പ് ചാർത്തി ആ കെട്ടങ്ങോട്ട് ഉറപ്പിച്ചു.ബഷീർ മ്യൂസിയത്തിലാണ് ഈ ചിത്രം ഇപ്പോഴുള്ളത്.*
എനിക്ക് ലഭ്യമായ ഏതാനും ചിത്രങ്ങൾ...👇👇
ദേവൻമാഷ്ടെ ഗുരുവായ കെ.സി.എസ്.പണിക്കർ...ദേവൻമാഷ്ടെ വരയിലൂടെ...
ഇനി മാഹിയിലെ മലയാള കലാഗ്രാമത്തെക്കുറിച്ച് അൽപം...
ചുരുങ്ങിയ കാലം കൊണ്ട് തന്നെ കലയുടെ സമര്‍പ്പിത ശാന്തി സ്ഥലമയി മയ്യഴിപ്പുഴയോരത്തെ മലയാള കലാഗ്രാമം മാറിയിരിക്കുന്നു.ഇവിടം സന്ദര്‍ശിക്കാത്ത കലാകാരന്മാരും സാഹിത്യകാരന്മാരും നന്നേ ചുരുക്കമാണ് . സുപ്രസിദ്ധ പണ്ഡിതനും കവിയും നിരൂപകനുമയിരുന്ന എം.ഗോവിന്ദന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ സുഹൃത്ത് എ.പി.കുഞ്ഞിക്കണ്ണന്‍ പണികഴിപ്പിച്ച മലയാളകലാഗ്രാമം ഈ ഗ്രാമത്തെ അസൂയാവഹമായ ഔന്നത്യത്തില്‍ എത്തിച്ചിരിക്കുന്നു. ദേശീയ അന്തര്‍ദേശീയ രംഗത്ത് ന്യൂമാഹിയുടെ യശസ്സ് ഉയര്‍ത്താന്‍ ഈ സ്ഥാപനം മുഖ്യപങ്ക് വഹിക്കുന്നു. നൃത്തം,സംഗീതം,അഭിനയം,ചിത്രശില്പകല,കരകൌശലവസ്തുക്കളുടെനിര്‍മ്മാണം,യോഗ, സംസ്കൃതം, തുടങ്ങിയവയിലെല്ലാം ഇവിടെ കൂട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിശീലനം നല്‍കുന്നുണ്ട്.കൂടാതെ ഫോട്ടോഗ്രാഫിയിലും സംഗീത വാദ്ദ്യോപകരണങ്ങളിലും പരിശീലനം നല്‍കിവരുന്നു ഇതിനു പുറമെ വിവിധ കലാവിഭാഗങ്ങളില്‍ ക്യാമ്പുകളും ശിബിരങ്ങളും ഗവേഷണങ്ങളും നടത്തി വരുന്നു.
ആധുനിക രീതിയിലുള്ള ഓഡിറ്റോറിയവും ആര്‍ട്ട് ഗ്യാലറിയും ഹോസ്റ്റലും അതിഥി മന്ദിരവും സ്റ്റുഡിയോകളും അതിവിശാലമായ പരിശീലന കോപ്ലക്സും കാന്റിനുമുള്ള ആസ്ഥാപനത്തില്‍ ലൈബ്രറി&റിസര്‍വ് സെന്റര്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. പ്രതിമാസ പരിപാടികളുമായി മകം ഫിലിം സൊസൈറ്റിയും മകം
ആര്‍ട്ട്സ് ക്ലബും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു
മാഹിയിലെ കലാഗ്രാമത്തോടൊപ്പം കേരള കലാപീഠവും ദേവൻമാഷ്ടെ സാന്നിധ്യത്താൽ അനുഗ്രഹീതമായ സ്ഥാപനമാണ്...
മാഹിയിലെ കലാഗ്രാമം...
1969-ലാണ് കേരളകലാപീഠം രൂപീകരിക്കപ്പെട്ടത്. അറുപതുകളുടെ ആദ്യപകുതിയില്‍ അന്ന് ഫാക്ടിന്റെ ചെയര്‍മാനായിരുന്ന എം.കെ.കെ നായര്‍ സംഘടിപ്പിച്ച അഖിലേന്ത്യാ സാഹിത്യസമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ചിത്രകലാകേന്ദ്രമെന്ന ആശയമാണ് കേരളകലാപീഠത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്
ദേവൻമാഷ്ടെ മരണമറിയിച്ചുകൊണ്ടുള്ള പത്രവാർത്ത👇
വരകളും വരികളും ബാക്കി; എം വി ദേവന്‍ ഇനി ഓര്‍മ്മ (April 29, 2014)
അരനൂറ്റാണ്ടിലേറെയായി കേരളത്തിന്റെ ദൃശ്യഭാഷയെ സര്‍ഗ്ഗപരമായി ,ജാഗ്രതയോടെ പുതുക്കിയ കലാകാരനായിരുന്നു എം വി ദേവന്‍. സര്‍ഗ്ഗപരതയുടെ കാതലുളള നട്ടെല്ല് സൂക്ഷിച്ചതിനാല്‍ അധികാരസ്ഥാനങ്ങള്‍ എം വി ദേവനെ പലപ്പോഴും ആദരിച്ചില്ല
ഭാഷയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ എന്തായിരുന്നോ അതായിരുന്നു കേരളീയ ചിത്രകലയില്‍ എം വി ദേവന്‍.1928 ജനുവരി 15 ന് തലശേരി പന്ന്യന്നൂരില്‍,മഠത്തില്‍ ഗോവിന്ദന്‍ ഗുരുക്കളുടേയും മുല്ലോളി മാധവിയുടേയും മകനായിട്ടായിരുന്നു ജനനം.
18 ആം വയസിലെ മദ്രാസ് യാത്രയാണ് ദേവന്റെയും കേരളത്തിന്റെ ചിത്രകലയുടേയും തലവര മാറ്റിയത്.ചിത്രകലയില്‍ കെസിഎസ് പണിക്കര്‍,ധൈഷണികതയില്‍ എം ഗോവിന്ദന്‍.എണ്ണം പറഞ്ഞ ഗുരുക്കന്‍മാര്‍ എം വി ദേവനിലെ കലാകാരനെ കേരളീയ ചിത്രകലയുടെ എക്കാലത്തെയും വലിയ ഗുരുവാക്കി മാറ്റി.
ബഷീറിന്റെയും ഉറൂബിന്റെയുമൊക്കെ കഥാപാത്രങ്ങള്‍ ദേവന്റെ രേഖാചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് കൂടുതല്‍ പ്രിയപ്പെട്ടതായി. ചങ്ങമ്പുഴയുടെ സ്പന്ദിക്കുന്ന അസ്ഥിമാടത്തിന് വരച്ച കവറിന് കിട്ടിയ 5 രൂപയെ പറ്റി ,അദ്ദേഹമെഴുതിയ പുസ്തകമായ ദേവസ്പന്ദനത്തിലുണ്ട്. കേരള കലാപീഠം,മാഹി കലാഗ്രാമം,ലളിതകലാ അക്കാദമി , ലാറി ബേക്കറുടെ കേരളത്തിലെ നിര്‍മ്മാണങ്ങള്‍,വരകള്‍,ചിത്രങ്ങള്‍,ശില്‍പ്പങ്ങള്‍ ,എഴുത്തുകാരുമായുളള ഗാഢസൗഹ്യദം,അധികാരത്തിന് വഴങ്ങാത്ത കലാകാരന്റെ ഗര്‍വ്വ് .എം വി ദേവന്റെ അര നൂറ്റാണ്ടുകാലത്തെ സര്‍ഗ്ഗ ജീവിതം അങ്ങേയറ്റം സത്യസന്ധത നിറഞ്ഞതായിരുന്നു.
കരുത്തുളള ശില്‍പ്പത്തെപ്പോലെ ഒരു നട്ടെല്ല് അവസാനം വരെ സൂക്ഷിച്ചതിനാല്‍ ഭാരതത്തിന്റെ വലിയ ബഹുമതികളൊന്നും ദേവനെ തേടിയെത്തിയില്ല.എം വി ദേവന്‍ അത് തേടിയതുമില്ല. സ്പന്ദിക്കുന്ന വരകളും വരികളും മലയാളത്തിന് സമ്മാനിച്ച് എം വി ദേവന്‍ ഓര്‍മ്മയാവുന്നു.
ഇനി വീഡീയോ ലിങ്കുകളിലൂടെ...👇👇
https://youtu.be/nQINBW08dlU
https://youtu.be/1wR5POOltDk
https://youtu.be/to-2QPnP5GI
https://youtu.be/CYwgUExjWhs
https://youtu.be/kEZCrN0vrD0
ദേവൻമാഷ്ടെ സഹപ്രവർത്തകനായ പ്രവീൺ സാറുമായി(പ്രവീൺ ചന്ദ്രൻ മൂടാടി_ചിത്രകാരൻ,സാഹിത്യകാരൻ,സിനിമാപ്രവർത്തകൻ)അഭിമുഖം റെഡിയായിരുന്നു..പക്ഷെ റെയ്ഞ്ച് കുറഞ്ഞതിനാൽ റെക്കോഡ് ആയില്ല..അദ്ദേഹം ഇനിയും വിളിക്കാൻ പറഞ്ഞിട്ടുണ്ട്..
(കലാഗ്രാമത്തിൽ ദേവൻ മാഷ് -ഇടത് അറ്റത്ത് ഇരിക്കുന്നു)