പാണിനീയം
⚜⚜⚜⚜⚜
ശാസ്ത്രീയ രീതിയിൽ എഴുതപ്പെട്ട ലോകത്തെ ആദ്യ വ്യാകരണഗ്രന്ഥമാണ്
പാണിനീയം
⚜⚜⚜⚜⚜
പാണിനി
പ്രാചീന ഗാന്ധാരദേശത്ത് ബി.സി അഞ്ചാം ശതകത്തിൽ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന സംസ്കൃത ഭാഷാശാസ്ത്രജ്ഞനനും ഗണിതശാസ്ത്രജ്ഞനുമാണ് പാണിനി മഹർഷി. അഷ്ടാദ്ധ്യായി ഉൾപ്പെടുന്ന പാണിനീസൂക്തങ്ങളിലൂടെ 'സംസ്കൃതഭാഷയ്ക്ക് ശാസ്ത്രീയമായ ചട്ടക്കൂടുകൾ നിർവചിച്ചു. സംസ്കൃതഭാഷയിലെ സ്വരങ്ങളും വ്യഞ്ജനങ്ങളും പ്രത്യേകരീതിയിൽ ക്രമീകരിച്ച് പാണിനി അവയെ ബീജഗണിതത്തിലെന്നതു പോലെ സൂത്രവാക്യങ്ങൾ നിർമ്മിക്കാനുപയോഗിച്ചു. മുവായിരത്തോളം വരുന്ന ഇത്തരം ചെറുസൂത്രവാക്യങ്ങൾ ഉപയോഗിച്ച് ഭാഷയിലെ വ്യാകരണനിയമങ്ങൾ അദ്ദേഹം തയാറാക്കി.
സംഭാവനകൾ
⚜⚜⚜⚜⚜⚜
പാണിനിയുടെ ഭാഷാശാസ്ത്രപഠനങ്ങൾ അതിസങ്കീർണ്ണവും സാങ്കേതികമേന്മകൾ ഉൾക്കൊള്ളുന്നവുമായിരുന്നു.
നിരുക്തം, വർണ്ണം, മൂലം (morpheme, phoneme and root) എന്നിവയുടെ ശാസ്ത്രീയ പഠനങ്ങൾ പാശ്ചാത്യഭാഷാശാസ്ത്രജ്ഞർക്ക് പരസഹസ്രം സംവത്സരങ്ങൾക്കു മുമ്പുതന്നെ പാണിനി നടത്തിയിരുന്നു.
അദ്ദേഹത്തിന്റെ വ്യാകരണസൂക്തങ്ങൾ സംസ്കൃതം പദാവലി പൂർണ്ണമായും ഉൾക്കൊള്ളുന്നവയായിരുന്നു. വ്യാകരണനിയമങ്ങളിൽ പൂർണ്ണത വരുത്തുവാൻ പാണിനി കാണിച്ചിരിക്കുന്ന ശുഷ്കാന്തി അദ്ദേഹത്തിന്റെ വ്യാകരണനിയമങ്ങളെ ആധുനിക ശാസ്ത്രലോകത്തിലെ കമ്പ്യൂട്ടറുകളുടെ മെഷീൻ ലാംഗ്വേജുമായി താരതമ്യപ്പെടുത്തുവാൻ തക്കവണ്ണം മികവുറ്റതാക്കുന്നു.
ആധുനിക ഗണിതശാസ്ത്രത്തിലെ സിദ്ധാന്തങ്ങളായ ട്രാൻസ്‌ഫോർമേഷൻ, റിക്കർഷൻ എന്നിവയുടെ സങ്കീർണ്ണമായ ഉപയോഗങ്ങൾ പാണിനിയുടെ വ്യാകരണത്തിനു ടൂറിങ് മെഷീനുകൾക്ക് സമാനമായ ചിന്താശേഷി പ്രദാനം ചെയ്യുന്നു. ഈ വക കാര്യങ്ങൾ പരിഗണിച്ച് പാണിനിയെ കമ്പ്യൂട്ടർശാസ്ത്രത്തിന്റെ ഉപജ്ഞാതാവായും കരുതാവുന്നതാണു്. മറ്റു ഭാഷകളിലും പാണിനീസൂക്തങ്ങൾ വ്യാകരണനിയമങ്ങളിൽ പ്രയോഗിച്ചുകാണുന്നുണ്ടു്. ആധുനിക കമ്പ്യൂട്ടർശാസ്ത്രത്തിലെ പ്രോഗ്രാമിങ് ലാംഗ്വേജുകളുടെ വ്യാകരണം സിദ്ധാന്തീകരിക്കുന്ന ബാക്കസ്-നോർമൽ ഫോം അഥവാ ബി.എൻ.എഫ് നിയമാവലികൾക്ക് പാണിനീസൂക്തങ്ങളുമായുള്ള സാമ്യം സുവ്യക്തമാണു്. ബാക്കസ്-നോർമൽ ഫോം പലപ്പോഴും പാണിനി-ബാക്കസ് ഫോം എന്നും വിവരിച്ചുകാണാറുണ്ട്.
ജീവിതകാലഘട്ടം
⚜⚜⚜⚜⚜⚜
പാണിനിയുടെ ജീവിതകാലത്തെ കുറിച്ച് വ്യക്തമായ ധാരണകൾ ഇതുവരെയില്ല; എങ്കിലും ബി.സി ഏഴാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിലായിട്ടാണു് പാണിനിയുടെ ജീവിതകാലം കണക്കാക്കപ്പെടുന്നതു്. പാണിനി ബുദ്ധനുമുൻപായിരുന്നുവെന്ന് ജവഹർലാൽ നെഹ്രു ഇൻഡ്യയെ കണ്ടെത്തലിൽ ഉറപ്പിച്ചു പറയുന്നു.
സ്മൃതി-ശ്രുതി എന്നീ പുരാണേതിഹാസ വിവരങ്ങൾ അനുസരിച്ചാണെങ്കിൽ പാണിനി ജീവിച്ചിരുന്നതു ബി.സി 520-460 കാലഘട്ടത്തിലാണു; ഈ സമയമാകട്ടെ വേദകാലഘട്ടത്തിന്റെ ഉത്തരഭാഗമായും കണക്കാക്കപ്പെടുന്നു: പാണിനീസൂക്തങ്ങളിൽ ഛന്ദസ്സുകളെ കുറിച്ചുകാണുന്ന നിർണ്ണയങ്ങൾ സൂചിപ്പിക്കുന്നതു സംസാരഭാഷയിൽ നിന്നുമാറി വ്യതിരേകിയായുള്ള വേദാകാല സംസ്കൃതം ഭാഷയെ കുറിച്ചാണ്.
പാണിനിയുടെ കാലത്തു തന്നെ സംസ്കൃതം പുരാതനഭാഷയായി കണക്കാക്കപ്പെട്ടിരുന്നു.
അതേസമയം സുവ്യക്തമായ ഒരു ഡയലക്റ്റ് ആയും തുടർന്നിരിന്നു.
പാണിനീസൂക്തങ്ങളിൽ ഹൈന്ദവദേവതയായ ‘വസുദേവനെ’ കുറിച്ചുള്ള പരാമർശങ്ങൾ കാണാം, ഹൈന്ദവ തത്ത്വശാസ്ത്രമായ ധർമ്മത്തെ കുറിച്ചുള്ള വീക്ഷണങ്ങളുമുണ്ടു് (4.4.41 -ൽ ധർമ്മം ചരതി എന്നു പാണിനി നിരീക്ഷിക്കുന്നു.)
പാണിനിയുടെ ജീവിതകാലത്തെ കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ സൂക്തങ്ങളിൽ നിന്നുമാണു് ചരിത്രകാരന്മാർ കണ്ടെടുത്തിട്ടുള്ളത്. 4.1.49 എന്ന ഭാഗത്തു കാണുന്ന യവനൻ/യവനാനി എന്നീ പദങ്ങൾ ഗ്രീക്ക് സംസ്കൃതിയിലേക്ക് വിരൽ ചൂണ്ടുന്നു. ബി.സി 330 -ൽ അലക്സാണ്ടറുടെ ഇന്ത്യാപ്രവേശത്തിനു മുമ്പെയായി ഗ്രീക്കുകാർ ഭാരതഖണ്ഡത്തിലേക്ക് കടന്നു വന്നതിന്റെ സൂചനകളില്ലാത്തതുകാരണം യവനൻ എന്ന വാക്ക് പുരാതന പേർഷ്യനിൽ നിന്നും കടംകൊണ്ടതാണെന്നും ഊഹിപ്പാവുന്നതാണു്. ഈ ഒരു കാരണത്താൽ തന്നെ പാണിനി, സൗരാഷ്ട്രയിലെ ദാരിയസ് ഒന്നാമന്റെ കാലത്തു ജീവിച്ചിരുന്നു എന്നും കരുതുന്ന ചരിത്രകാരന്മാരുണ്ടു്.
⚜⚜⚜⚜⚜⚜⚜⚜
അഷ്ടാധ്യായി
⚜⚜⚜⚜⚜⚜⚜
പാണിനി രചിച്ച സംസ്കൃത വ്യാകരണഗ്രന്ഥമാണ് അഷ്ടാധ്യായി .
എട്ട് അദ്ധ്യായങ്ങൾ ഉള്ളതിനാലാണ് ഇതിന്ന് അഷ്ടാധ്യായി എന്നു പറയുന്നത്.
പാണിനീയം എന്ന പേരിലും ഈ ഗ്രന്ഥം പ്രസിദ്ധമാണ്. ലോകത്തിലെ ഒന്നാംകിട ഭാഷാശാസ്ത്രഗ്രന്ഥങ്ങളിൽ പെടുന്ന ഈ കൃതി, സംസ്കൃതഭാഷയുടെ വികാസചരിത്രത്തിലെ ഏറ്റവും പ്രധാന പാഠവും വൈദികയുഗത്തിൽ നിന്ന് ക്ലാസ്സിക്കൽ യുഗത്തിലേയ്ക്കുള്ള ആ ഭാഷയുടെ പരിണാമത്തിന്റെ ഉപകരണവും ആയി കണക്കാക്കപ്പെടുന്നു.
പശ്ചാത്തലം
പാണിനി എന്ന പേരിന് പാണിനന്റെ മകൻ എന്നാണ് അർത്ഥം. ക്രിസ്തുവിന് മുൻപ അഞ്ചാം നൂറ്റാണ്ടിനടുത്തെന്നോ ഗാന്ധാരദേശത്തെ പുഷ്കലാവതിയിൽ ജനിച്ചതായി കരുതപ്പെടുന്ന പാണിനി പ്രാചീനഭാരതത്തിലെ പ്രഖ്യാത വിജ്ഞാനകേന്ദ്രമായ തക്ഷശിലയിൽ വച്ചാണ് അഷ്ടാധ്യായി എഴുതിയത്.
അഷ്ടാധ്യായിയെ "ലോകത്തിലുണ്ടായ ആദ്യത്തെ ഭാഷാശാസ്ത്രഗ്രന്ഥം" എന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും ഭാരതത്തിൽ തന്നെ അഷ്ടാധ്യായിക്കു മുൻപും വ്യാകരണരചനകൾ ഉണ്ടായിട്ടുണ്ട്.
( പാണിനി തന്നെ 64 പൂർവസൂരികളെ സൂചിപ്പിക്കുകയും അപിശാലി, ഗലവൻ, ഗാർഗ്യൻ, കശ്യപൻ, ചക്രവർമ്മണൻ, ഭരദ്വാജൻ, ശാകല്യൻ, ശാകതായനൻ, സെനകൻ, സ്ഫോടായനൻ എന്നിങ്ങനെ പത്തുപേരെ എടുത്തു പറയുകയും ചെയ്യുന്നുണ്ട്. ഈ മുൻകാല വൈയാകരണന്മാരുടെ കൃതികൾ ലഭ്യമല്ലാത്തതിനാൽ, അഷ്ടാധ്യായിയിലെ ആശയങ്ങൾക്ക് പാണിനി അവരോട് ഏതളവുവരെ കടപ്പെട്ടിരിക്കുന്നു എന്നു നിർണ്ണയിക്കുക എളുപ്പമല്ല.)
വാമൊഴിയായി പ്രചരിച്ചിരുന്ന ഒരു വ്യാകരണപാരമ്പര്യത്തെ ലിഖിതരൂപത്തിലാക്കുകയാവാം പാണിനി ചെയ്തതെന്ന് പുരാതനഭാരതത്തിന്റെ ചരിത്രമെഴുതിയ റോമിള്ളാ ഥാപ്പർ ഊഹിക്കുന്നു. ചുറ്റുപാടും നിലവിലുണ്ടായിരുന്ന സംസ്കൃതേതര ഭാഷകൾ സംസ്കൃതത്തിന്മേൽ ചെലുത്തിയിരുന്ന സ്വാധീനത്തിനു അറുതിവരുത്തുക, സംസ്കൃതേതര ഭാഷകൾ സംസാരിച്ചിരുന്നരുടെ സംസ്കൃതപഠനം എളുപ്പമാക്കുക എന്നീ ലക്ഷ്യങ്ങൾ ഈ രചനയ്ക്ക് പാണിനിയെ പ്രേരിപ്പിച്ചിരിക്കാം എന്നും ഥാപ്പർ കരുതി.
ഉള്ളടക്കം
⚜⚜⚜⚜⚜
മന:പാഠമാക്കൽ എളുപ്പമാവും വിധം പരമാവധി കാച്ചിക്കുറുക്കി എഴുതപ്പെട്ടിട്ടുള്ള 3959 സൂത്രങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം.
ഒതുക്കത്തിലും കൃത്യത്യാനിഷ്ഠയിലും അവ ബീജഗണിതസൂത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. ഉദാഹരണത്തിന് ഒന്നാം സൂത്രം
"വൃദ്ധിരാദൈച്"
എന്നും ഏറ്റവും അവസാനസൂത്രം
"അ അ ഇതി "
എന്നും മാത്രമാണ്. സൂത്രങ്ങളെ പൊതുവേ എട്ടു അദ്ധ്യായങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ അദ്ധ്യായത്തേയും വീണ്ടും നാലു പാദങ്ങളായും വിഭജിച്ചിട്ടുണ്ട്.
അദ്ധ്യായങ്ങളുടെ ഉള്ളടക്കം ഏറെക്കുറെ താഴെപ്പറയും വിധമാണ്:-
1⃣ഒന്നാമദ്ധ്യായം: കൃതിയിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികസംജ്ഞകളും വ്യാഖ്യാനനിയമങ്ങളും
2⃣രണ്ടാമദ്ധ്യായം: നാമങ്ങളും നാമരൂപങ്ങളും
3⃣മൂന്നാമദ്ധ്യായം: ക്രിയാമൂലങ്ങളും അവയോട് പ്രത്യയങ്ങൾ ചേരുന്ന വിധവും
4⃣, 5⃣ നാലും അഞ്ചും അദ്ധ്യായങ്ങൾ: നാമകാണ്ഡങ്ങളും അവയോട് പ്രത്യയങ്ങൾ ചേരുന്ന വിധവും
6⃣, 7⃣ആറും ഏഴും അദ്ധ്യയങ്ങൾ: പദരൂപീകരണത്തിലെ ഉച്ചാരണ, സ്വരബല വ്യതിയാനങ്ങൾ
8⃣എട്ടാമദ്ധ്യായം: വാക്യരൂപീകരണ നിയമങ്ങൾ.
അദ്ധ്യായങ്ങളുടെ വിഭജനത്തിലെ ഏകദേശപദ്ധതി ഇതാണെങ്കിലും ഈ വിഷയവിഭജനം പാണിനി കൃത്യമായി പിന്തുടരുന്നില്ല. പല സന്ദർഭങ്ങളിലും അപ്പോൾ പിന്തുടരുന്ന ഒരു ചിന്താധാരയുടെ പശ്ചാത്തലത്തിൽ വിശദീകരിക്കുക എളുപ്പമാണെന്നു തോന്നുന്ന ഒരു നിയമത്തെ, വിഷയവിഭജനപ്രകാരം അതുമായി ബന്ധമില്ലാത്തതെന്നു പറയാവുന്ന സന്ദർഭത്തിലും പാണിനി ഉൾപ്പെടുത്തി.
(അവതരണത്തിലെ ആധുനിക വികാസം അന്ന് പ്രതീക്ഷിക്കുക വയ്യ )
തന്റെ വ്യാകരണനിയമങ്ങൾക്ക് പാണിനി പ്രധാനമായും ആശ്രയിച്ചത് രണ്ടു സങ്കല്പങ്ങളെയാണ്:
എല്ലാ നാമങ്ങളും ക്രിയകൾ പരിണമിച്ചുണ്ടാകുന്നവയാണെന്നും, വാക്കുകൾ രൂപപ്പെടുന്നത് പ്രത്യയങ്ങളെ ആശ്രയിച്ചാണെന്നുമാണ് ഈ സങ്കല്പങ്ങൾ.
എന്നാൽ, വാക്കുകൾക്ക് അവയുടെ ഉല്പത്തിചരിത്രം വച്ചുനോക്കുമ്പോൾ ഉണ്ടാകാവുന്ന അർത്ഥം തന്നെ കല്പിക്കണമെന്ന് പാണിനി നിർബ്ബന്ധിച്ചില്ല. വാക്കിന്റെ ഘടന പരിശോധിക്കുമ്പോൾ കിട്ടുന്ന അർത്ഥത്തേക്കാൾ, സാമാന്യ ഉപയോഗത്തിന്റെ ബലത്തിൽ അതിനു കിട്ടിയേക്കാവുന്ന വ്യത്യസ്തമായ അർത്ഥത്തിന് പ്രാധാന്യമുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.
ഇതരഭാഷകളിലെ സ്വാധീനം
⚜⚜⚜⚜⚜⚜⚜
സംസ്കൃതത്തിനു പുറമേയുള്ള ഭാരതീയ ഭാഷകളും അഷ്ടാധ്യായിയിലെ വ്യാകരണവ്യവസ്ഥ ഒരളവുവരെ ഉപയോഗിച്ചിട്ടുണ്ട്. പാലിയും മറ്റു പ്രാകൃതഭാഷകളും ഇതിനുദാഹരണമാണ്. സംസ്കൃതത്തിന്റേതിൽ നിന്നു ഭിന്നമായ ഭാഷാഗോത്രത്തിൽ പെടുന്ന ദ്രാവിഡഭാഷകൾ പോലും അഷ്ടാധ്യായിയുടെ സ്വാധീനത്തിൽ വന്നു. തമിഴിലെ തൊൽകാപ്പിയം, മലയാളത്തിലെ ലീലാതിലകം, തെലുങ്കിലെ ആന്ധ്രാശബ്ദചിന്താമണി, കന്നഡയിലെ കർണാടകഭാഷാഭൂഷണം, ശബ്ദമണിദർപ്പണം എന്നിവ അഷ്ടാധ്യായിയുടെ പാരമ്പര്യത്തിൽ പെടുന്ന രചനകളാണ്. ഈ പരമ്പരയിൽ പെടുന്ന ദ്രാവിഡഭാഷാരചനകളിൽ ഒടുവിലത്തേത്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എ.ആർ. രാജരാജവർമ്മ മലയാളത്തിൽ എഴുതിയ കേരളപാണിനീയം ആണ്.
⚜⚜⚜⚜⚜⚜⚜