18-06-18b


📚📚📚📚📚
പാൽ ഞരമ്പ്
റോസി തമ്പി
📗📗📗📗📗
പാല്‍മണമുതിരും കനല്‍വഴികള്‍
അമ്മയുടേയും മകന്റേയും ഗാഡബന്ധം വിളിച്ചോതുന്ന ടാഗോറിന്റെ ഒരു കവിതയുണ്ട്. കവിതയിൽ, മകന്‍ വീട്ടുമുറ്റത്തു നിൽക്കുന്ന ചെമ്പകച്ചെടിയിലെ ഒരു ചെമ്പകപ്പുവായി ഒരു പകൽ മുഴുവന്‍ മാറിപ്പോകുന്നു. അമ്മ രാവിലെയെഴുന്നേറ്റ് മകനെ അന്വേഷിക്കുകയും. മകനെ കാണാതെ അവന്റെ പേര് ഉറക്കെ വിളികയും ചെയ്യുന്നു. ചെമ്പകപ്പൂവായി മാറിയ മകൻ അതുകണ്ട് ഉള്ളിൽ ചിരിക്കുന്നു. രാവിലെ കുളികഴിഞ്ഞ് അമ്മ ചെമ്പകച്ചെടിക്കു വെള്ളമൊഴിച്ച്, ചെമ്പകച്ചെടിയ്ക്കു താഴെയിരുന്ന് പ്രാർത്ഥിക്കുന്നു. അപ്പോൾ ചെമ്പകപ്പൂമണം അമ്മയെ തഴുകുന്നു. ഉച്ചഭക്ഷണത്തിനു ശേഷം അമ്മ ജനലരികിലിരുന്ന് രാമായണം വായിച്ചപ്പോൾ മകനാകുന്ന ചെമ്പകപ്പൂനിഴൽ ആ പുസ്തകത്തിൽ വീഴുന്നു. വൈകുന്നേരം ആ ചെമ്പകപ്പൂവ് കാറ്റിൽ താഴെ വീണ് വൈകുന്നേരം വീണ്ടും മകനായി അമ്മയ്ക്കരികിലെത്തുന്നു. അമ്മ മകനെവിടെപ്പോയിരുന്നെന്ന് ആശങ്കയോടെ ചോദിക്കുന്നു. അമ്മയ്ക്കുള്ളിൽ മകനും മകനുള്ളിൽ അമ്മയും വേർപിരിയാനാവാത്തവിധം എന്നും എപ്പോഴും ജീവിക്കുന്നുവെന്ന് അവരപ്പോൾ തിരിച്ചറിയുന്നു.
ടാഗോറിന്റെ ഈ കവിതയേക്കാൾ ഉദാത്തമായി മാതൃബന്ധത്തെ രചനാവൽക്കരിക്കാൻ സാധ്യമല്ല. റോസി തമ്പിയുടെ 'പാൽഞരമ്പ്' എന്ന കവിതാ സമാഹാരം അമ്മവഴികളിലൂടെയുള്ള കനൽ സഞ്ചാരമാണ്. കവിതാ സമാഹാരത്തിന്റെ പേരു് കവിതയിലുടനീളം തെളിഞ്ഞുകാണുന്ന അപൂർവ്വത ഈ കവിതാവല്ലരിയെ വ്യത്യസ്തമാക്കുന്നു.
കവിതാ സമാഹാരത്തിനു മുൻപിൽ ആമുഖമായി കൊടുത്തിരിക്കുന്ന ലീലാവതി ടീച്ചറുടെ വാക്കുകൾ ശ്രദ്ധേയമാണ്. "പ്രണയം അമ്പത്തൊന്ന് അക്ഷരവചിങ്ങളായി പുഷ്പിച്ചിട്ടുള്ള ഒരു തനുലതയാണ് ഈ കവിതാ സഞ്ചിക. 'അമ്പത്തൊന്ന്' എന്നു വെറുതെ പറയുന്നതല്ല. അമ്പത്തൊന്നു തവണ ഈ കൃതി മാലികയിൽ പ്രണയമെന്ന വചനം മുത്തോ, പവിഴമോ, പൂവോ പോലെ കോർത്തിരിക്കുന്നു. സ്നേഹം, പ്രേമം, മുതലായ പര്യായ ശബ്ദങ്ങളെക്കൂടാതെ പ്രണയമെന്ന പദം തന്നെ അമ്പത്തൊന്നു തവണ പ്രയുക്തമായിട്ടുണ്ട്. എണ്ണിനോക്കി തിട്ടപ്പെടുത്തിക്കൊണ്ടാണിതു പറയുന്നത്." ലീലാവതി ടീച്ചറുടെ നിരീക്ഷണത്തെ സാർത്ഥകമാക്കും വിധം തീക്ഷ്ണതയേറുന്ന പ്രണയാനുഭവം കൂടിയാണ് 'പാൽഞരമ്പ്.'
അനുഭവങ്ങളുടെ പാരമ്പര്യം.
സ്നേഹം, പ്രണയം ഇവയൊന്നും ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വെറുംവാക്കുകളല്ല. അവൾക്കത് ഒരുപാട് തലങ്ങളിലൂടെ അനുഭവിക്കാനും പ്രകടിപ്പിക്കാനുമാകുമെന്ന പ്രഖ്യാപനം ഈ കവിതകളിലൂണ്ട്.
"ഗർഭസ്ഥമാം ഉടലിനെ
പ്രണയാർദ്ര വിരലുകൾകൊണ്ട്
തലോടിയുണർത്തി" (പാൽഞരമ്പ്)
"നീ അരികിലിരിക്കുമ്പോൾ
ചന്ദ്രനും നക്ഷത്രങ്ങളും നിറഞ്ഞ നാടകംപോലെ
ശാന്തം എന്റെ ഹൃദയം" (ചെവി ഓർമ്മ)
"പൂരിപ്പിക്കാൻ വിട്ടുപോയ
എന്നിലെ പൂർണ്ണതയാണു നീ" (നിലവിളി)
"വിണ്ടുകീറീയ മണ്ണടരുകളിലേയ്ക്ക്
ഒഴുകിയെത്തിയ മഴത്തുള്ളി
എന്നിലേക്കൊഴുകിയെത്തിയ നിന്റെ പ്രണയം പോലെ
ഉള്ളടരുകളം കുളിർപ്പിച്ച്
വിത്തിനെ പച്ചയായ് തഴപ്പിച്ചു
നീയെനിക്കെന്നപോലെ
ഭൂമിയ്ക്കു പരിചയായ്
പച്ചയാണു പ്രണയം"(പച്ച)
"നിലാവിൽ തളിർത്ത ഉടൽ
പ്രണയത്താൽ മൂടപ്പെട്ടു
നിനക്കു ഭാരമാകാത്തിടത്തോളം
നിന്റെ പ്രണയം നീ എനിക്കു തരിക" (ഉറക്കം നിലാവ് കടമെടുത്ത രാത്രി)
പ്രണയത്തിന് അനേകമടരുകളിലേയ്ക്ക് വ്യാപിക്കുന്ന പൂർണ്ണതയുണ്ടെന്നും സ്ത്രീ വിരചിതമായ ലോകത്ത് അനുഭവതീവ്രത ഏറിയിരിക്കുമെന്നും അവളുടെ പ്രണയം ശരീരത്തോടും പ്രകൃതിയോടും ജീവിതത്തോടും ചേർന്നു നിൽക്കുന്ന യാഥാർത്ഥ്യം കുടിയാണെന്നും ഈ വരികൾ അനുഭവിപ്പിക്കുന്നു.
ബൈബിൾ ബിംബങ്ങൾ
ശ്രദ്ധേയമായ രണ്ടു മതങ്ങളുടെ ഉൽപ്പത്തി ചരിത്രകഥ അടയാളപ്പെടുത്തുന്ന 'ചരിത്രം ഉണ്ടായതെങ്ങനെ' എന്ന കവിത ചരിത്രത്തെ പ്രണയമെന്നും മരണമെന്നും രണ്ടായി വിഭജിക്കുന്നു.
"അങ്ങനെ ചരിത്രം
പ്രണയമെന്നും
മരണമെന്നും
രണ്ടായി പിറന്നു"(ചരിത്രം ഉണ്ടായതെങ്ങനെ)
ഇവിടെ എല്ലാ മതങ്ങളുമൊന്നാണെന്ന ഏക ദർശനത്തിലേയ്ക്ക് തികച്ചും ലളിതമായി കവിതയെ ചേർത്തുകെട്ടാൻ കവിയിത്രിയ്ക്കു സാധിച്ചിട്ടുണ്ട്.
'ദൈവം അവളുടെ കൂഞ്ഞായിരുന്നു' എന്ന കവിതയിൽ കുരിശിൽ തറയ്ക്കപ്പെട്ട ദൈവത്തെ നെഞ്ചേറ്റുന്ന പ്രകൃതിയെ ഒരമ്മമനസ്സായി ആവിഷ്കരിച്ചിരിക്കുന്നു.
"മരം നീലയുടുപ്പണിഞ്ഞ്
ചന്ദ്രനെ വളകളാക്കി
നക്ഷത്രങ്ങളെ മുടിയിൽ ചൂടി
ദൈവത്തെ മടിയിൽ കിടത്തി
കാറ്റുകൊണ്ട് താളം പിടിച്ച്
കഥകൾ പറഞ്ഞ്
താരാട്ടുപാടിയുറക്കി
ദൈവം അവളുടെ കുഞ്ഞായിരുന്നു." (ദൈവം അവളുടെ കുഞ്ഞായിരുന്നു)
ലോകത്തോളം വളരുന്ന മാതൃസങ്കല്പവും ഈശ്വരനെപ്പോലും കുഞ്ഞായിക്കാണുന്ന സ്ത്രീമനസ്സും കവിതാ ഭാവഭംഗിയും ഈ കവിതയെ ഹൃദയസ്പർശിയാക്കുന്നു.
'ഹാഗാർ' എന്ന കവിത തിരസ്കൃതയാക്കപ്പെടുമ്പോഴും സ്നേഹത്തെ / പ്രണയത്തെ / ഈശ്വരനെ മുറുകെപ്പിടിക്കുന്ന സ്ത്രീയുടെ അധികമാരും ഇതുവരെ പങ്കുവച്ചിട്ടില്ലാത്ത അനുഭവതലം തുറന്നു കാണിക്കുന്നു.
"സാറായ്ക്കു വേണ്ടിയായിരുന്നില്ലത്.
ഇസ്മായേലിനു വേണ്ടിയുമല്ല
സൌമ്യമായ ആനന്ദത്തിൽ
പാപത്തിൻകൊമ്പുകൾ കൊഴിഞ്ഞുപോയി" (ഹാഗാർ)
സ്നേഹമെന്ന സ്ത്രീയുടെ അടിസ്ഥാനപരമായ മാനസികാവശ്യത്തെ ഇവിടെ കവയിത്രി തുറന്നുകാണിക്കുന്നു. ഇസ്രായേൽ ജനത്തിന്റെ പിതാവായ അബ്രാഹമിന്റെ പത്നിയും ഇസ്മയലിന്റെ അമ്മയുമായ ഹാഗാറിനെ ആരും മനസ്സിലാക്കുന്നില്ല. സാറായും അബ്രഹാമും ഇസഹാക്കും ഇസ്മയിലും ആരും തന്നിലെ സ്നേഹംകൊണ്ട് സ്വയം നിറഞ്ഞ് പ്രണയമായൊടുങ്ങുന്ന ഹാഗാർ ഏതൊരാളുടെയുള്ളിലും തീക്ഷ്ണമായ സ്ത്രീചരിത്രമായി നിലനിൽക്കും.
യേശുവിനെ യഹൂദർ കുരിശിൽ തറയ്ക്കാൻ കൊണ്ടുപോകുമ്പോൾ പുറകെ നിലവിളിച്ചു നടന്നിരുന്ന സ്ത്രീകളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന സ്ത്രീയാണ് വെറോനിക്ക. ബൈബിളിൽ പരാമർശിക്കപ്പെടാത്ത വെറോനിക്കയെ 'വെറോനിക്ക' എന്ന കവിതയിൽ തീവ്രമായ പ്രണയ സങ്കല്‍പമായി ഉയർത്തിയിരിക്കുന്നു. ആശാൻ കൃതിയായ കരുണയിൽ ബന്ധിതരാണെന്നു തിരിച്ചറിയുന്ന വാസവദത്തയെപ്പോലെ തന്റെ പ്രണയത്തെ തൂവാലയിലേയ്ക്കാവാഹിച്ച് പ്രണയമായി ജീവിച്ച വെറോനിക്ക ശക്തയായ സ്ത്രീബിംബമാണ്.
"എന്നിട്ടും ജീവനിൽ നിന്ന്
ഒഴിവാക്കപ്പെടാനാകാത്ത അഗ്നിപോലെ നീ പ്രണയമനസ്സുകളിൽ
ആദിരൂപമായിപ്പടരുന്നു"(വെറോനിക്ക)
ഓരോ പ്രണയിനിയുടെയുള്ളിലും പ്രണയത്തിന്റെ ആദിരൂപമായി വെറോനിക്ക പടരുന്നുവെന്ന വിശേഷണം നിസ്വാർത്ഥ സ്ത്രീസ്നേഹത്തിനുള്ള അംഗീകാരം കൂടിയാണ്. മതഗ്രന്ഥത്തിൽ നിന്നൊഴിവാക്കിയാലും ഈശ്വരനെ അറിഞ്ഞ തീവ്രസ്നേഹമാണ് വെറോനിക്കയെന്ന കവയിത്രിയുടെ കണ്ടെത്തലും പ്രഖ്യാപനവും ആഴമേറിയതാണ്.
'പ്രണയത്തിന്റെ ഏഴു ദിനരാത്രങ്ങൾ' എന്ന കവിത ഉല്പത്തിയുടെ ഏഴു ദിവസത്തെ സൂചിപ്പിക്കുന്നു. ദൈവരാജ്യമെന്നാൽ പ്രണയരാജ്യം കൂടിയാണെന്ന വിലയിരുത്തൽ പുതുമയുള്ളതാണ്. 'അങ്ങനെ ഭൂമിയിൽ കുടുംബമുണ്ടായി' എന്ന കവിതയിൽ ആദാംമിന്റെയും ഹവ്വയുടേയും കഥ പ്രണയം പശ്ചാത്തലമായി ഉൾച്ചേർത്തിരിക്കുന്നു.
"ഉഗ്രശാപത്തിനും
മഹാപ്രളയത്തിനും മുകളിൽ
പ്രണയം നമുക്കു തോണിയായ്
തോട്ടം ഉപേക്ഷിച്ച്
മഴവില്ല് സാക്ഷിയാക്കി
ദൈവം നമ്മോടൊപ്പം പോന്നു."
ഈ വരികൾ സ്നേഹനിർമ്മിതമായ ലോകസങ്കല്പത്തെ പുനർനിർമ്മിക്കുന്നു.
ഇവിടെ
"സ്നേഹമാണഖിലസാരമൂഴിയിൽ"
എന്ന ആപ്തവാക്യത്തെ കവയിത്രി പറഞ്ഞുറപ്പിക്കുന്നു.
സമകാലികം
'അവനുപേര് അയ്യപ്പൻ' എന്ന കവിത അയ്യപ്പൻ എന്ന കവി അനുഭവവും ചിത്രവുമായി മുന്നിൽത്തെളിയുന്ന അനുഭവം പകർന്നു നൽകുന്നു. 'ഓർമ്മയാചരണം' എന്ന കവിതയും സമകാലിക ജീവിതാനുഭവങ്ങളോട് ചേർന്നുനിൽക്കുന്നവയാണ്.
"പ്രണയികൾക്കുവേണ്ടി
പകുക്കപ്പെട്ട
വിശുദ്ധന്റെ
ഓർമ്മയാചരണത്തിൻ
എന്നിൽനിന്ന്
നിന്നിലേയ്ക്കുള്ള ദൂരം
ഇത്രമാത്രം" (ഓർമ്മയാചരണം)
പ്രണയദിനം ആഘോഷിക്കുമ്പോഴും എല്ലാ ദിനങ്ങളേയും ആഘോഷമാക്കി മാറ്റുമ്പോഴും ബന്ധങ്ങളിൽ കുറഞ്ഞുവരുന്ന ആത്മാർത്ഥതക്കുറവിനെ ഈ കവിത കണ്ടറിയുന്നു. അതാണ് ഈ കവിതയുടെ സാമൂഹ്യപ്രസക്തി. വീട്, ഒരുത്തി, സൈബർക്ലാസ്സ്, ലൈഫ്സ്റ്റൈൽ, ടെസ്റ്റ്ഡ്രൈവ് എന്നീ കവിതളും ഇതിനോടുചേർത്തു വായിക്കേണ്ടവയാണ്.
സ്ത്രീയുടെ സ്വാതന്ത്യംപോലും കുടുംബത്തിലെ മറ്റംഗങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന സമകാലിക സ്ത്രീ സമൂഹത്തിന്റെ ആകുലതകൾ പങ്കുവയ്ക്കുന്നു.
"ഇഴഞ്ഞു പുളഞ്ഞു ഭയന്നുള്ള ആ പോക്ക്
കണ്ണുനിറയുന്നു
ഞാനുമിതുപോലെ
ഒരിരയാണല്ലോ സഖി..."
സ്ത്രീയുടെ സമകാലിക സംഘർഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് സ്ത്രീത്വത്തിന്റെ ആശങ്കകളോടും അനിശ്ചിതത്വത്തോടും കവയിത്രി ഐക്യപ്പെടുന്നു.
പ്രകൃതിഭാവങ്ങൾ
നിലാവ്, കാറ്റ്, ഋതുക്കൾ, പൂക്കൾ, സൂര്യൻ, ദിനരാത്രങ്ങൾ തുടങ്ങി പ്രകൃതിയുടെ വ്യത്യസ്തമായ എല്ലാ ഭാവങ്ങളേയും അനുഭങ്ങളേയും ഉൾച്ചേർത്തുള്ള കാവ്യരീതി ഈ കവിതകളുടെ ആഴമേറ്റുന്നു.
"ജലരാശിയിലെ ചന്ദ്രത്തിളക്കത്തിൽ
വിടർന്ന പനിനീർപ്പൂ
ആദ്യത്തെ മഞ്ഞുതുള്ളി
ദലങ്ങളിൽ പൊതിഞ്ഞ്
നിദ്രയിലേയ്ക്ക് തിരിച്ചുപോയി
തണുപ്പിനെ കെട്ടിപ്പിടിച്ചുപോയി
തണുപ്പിനെ കെട്ടിപ്പിടിച്ചുറങ്ങാൻ
എന്തു സുഖം" (മഞ്ഞുകാലം)
ഈ കവിതയിലൂടെ കടന്നുപോകുമ്പോൾ തണുപ്പും ജീവിതവും ഒരനുഭവക്കാലമായി നിറഞ്ഞ് ഉള്ളിലൊരു തണുപ്പിനെ അനുഭവിപ്പിക്കുന്നു.
ഒരിക്കലും മുറിച്ചുമാറ്റാനാവാത്ത പാൽമണമൂറും ജീവിതഗന്ധം ഈ കവിതകളിലുണ്ട്. കവിയിത്രിയെഴുതിയപോലെ
'പൂരിപ്പിക്കാൻ വിട്ടുപോയ
എന്നിലെ പൂർണ്ണതയാണുനീ'
സൂക്ഷ്മവായനകൊണ്ടു നാമോരുത്തർക്കും പൂരിപ്പിക്കാൻ ഇഴയടുപ്പത്തോടെ ചേർത്തുകെട്ടിയ കവിതകളാണ് പാൽഞരമ്പിലേത്. വായനാനുഭവംകൊണ്ടും മാത്രം നാം ഓരോരുത്തരും പൂരിപ്പിക്കേണ്ടതും.

-------- മഞ്ജുള 
🌾🌾🌾🌾🌾🌾
1965 ല്‍ തൃശ്ശൂരിലെ പുന്നംപറമ്പില്‍ ജനിച്ചു. എം. എല്‍. മേരിയുടെയും ടി. വി. തോമസിന്‍റെയും മകള്‍. മച്ചാട് ഗവ. ഹൈസ്കൂള്‍, വടക്കാഞ്ചേരി വ്യാസ കോളേജ്, തൃശ്ശൂര്‍ വിമല കോളേജ്, ശ്രീ കേരളവര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1994 ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും പി. എച്ച്. ഡി. ബിരുദം. ഇപ്പോള്‍ ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളേജില്‍ റീഡര്‍ (മലയാളം), പ്രശസ്ത കവി വി. ജി. തമ്പിയാണ് ഭര്‍ത്താവ് ലേഖനം, കവിത, യാത്രാവിവരണം എന്നിവ എഴുതുന്നു. 2009 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള ഡോ. എം. വി. ലൈലി അവാര്‍ഡ് (“സ്ത്രൈണതയുടെ ആത്മാഭാഷണങ്ങള്‍”) ലഭിച്ചു. തത്വം, ഭാഷ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുളള പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.