18-06-18

എന്റെ പ്രിയ പുസ്തകം
ഹസീന .കെ
📗📗📗📗📗    
ഹെയ്മാനയിലെ വിശുദ്ധമാനസര്‍
📗📗📗📗📚📚📚📚📚📚

തുര്‍ക്കി ഭാഷയില്‍ എഴുതപ്പെട്ട ബുറാന്‍സോന്‍മെസിന്റെ  
  മസുമലാർ
എന്ന നോവലിന്റെ മലയാള വിവര്‍ത്തനമാണ്
വിശുദ്ധമാനസര്‍’
      “സുന്ദരമായ ബാല്യകാല സ്മരണകളില്‍ എന്റെ ഗ്രാമം നിറഞ്ഞുനില്‍ക്കു ന്നുണ്ട്‌. ബാല്യം എന്നാല്‍ എന്റെ ജന്മനാടായിരുന്നു എന്നുതന്നെ പറയണം.’’ എന്ന് പറഞ്ഞാണ് നോവല്‍ തുടങ്ങുന്നത്. കഥാനായകനായ ബ്രാനിതാവോ വിന്റെ ഗ്രാമത്തിന്റെ ഭൂതകാല സ്മരണകളിലൂടെയാണ് നോവല്‍ ഇതള്‍ വിടര്‍ത്തുന്നത്. മാര്‍ക്വിസിന്റെ ‘മക്കൊണ്ടോ’പോലെ ഹെയ്മാന എന്ന അജ്ഞാതദേശത്താണ് സംഭവബഹുലമായ കഥകള്‍ നടക്കുന്നത്. ചെന്നായ്ക്കളും വെള്ളക്കരടികളും നിറഞ്ഞ ഹെയ്മാന സമതലങ്ങളിലെ കുര്‍ദ് വംശജരുടെ മൂന്നു തലമുറയുടെ കഥ പറയുന്നുണ്ട് ഈ കൃതിയില്‍.
 അമ്മയോടൊപ്പം കഥകള്‍കേട്ട് ജീവിച്ച ബാല്യകാലത്തെക്കുറിച്ച് ബ്രാനിതാവോ പറയുമ്പോള്‍ ചെറിയ ആകാശങ്ങളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട പാവപ്പെട്ട മനുഷ്യരുടെ വ്യഥകള്‍ നമ്മള്‍ തൊട്ടറിയുന്നു.  നിഷ്കളങ്കമായ കുറെ ജീവിതങ്ങളില്‍ പാപം പിടിപെടുന്നത് നാം അനുഭവിച്ചറിയുന്നു. ജീവസ്സുറ്റ കഥാപാത്രങ്ങള്‍ അവരുടെ ജീവിതങ്ങള്‍കൊണ്ട് നമ്മുടെ മനസ്സില്‍ അനുരണനം സൃഷ്ടിക്കുന്നത് നാം തിരിച്ചറിയുന്നു. കെവെ മുത്തശ്ശിയും താതര്‍ എന്ന ഫോട്ടോഗ്രാഫറും പഴഞ്ചന്‍ ഇസ്മായീലും കൈയില്‍ എന്നും ഒരു റേഡിയോയുമായി ഭാര്യയേയും കുഞ്ഞിനേയും തേടിനടന്നു ജീവിതം അവസാനിപ്പിച്ച ഹതീപ് അമ്മാവനും കാമുകിയുടെ സഹോദരന്മാര്‍ തന്നെ വധിക്കാന്‍ വരികയാണെന്ന് തെറ്റിദ്ധരിച്ച്‌ തന്‍റെ പ്രിയ സഹോദരന്മാരെ വെടിവെച്ചുകൊന്ന്‍ ആ വേദനയില്‍ ജീവിക്കുന്ന ഫെര്‍മാനും കഴുകന്റെ മുഖമുള്ള സ്ത്രീയും അവരുടെ ഇരട്ടപ്പെണ്‍കുട്ടികളും എല്ലാം മറക്കാന്‍ കഴിയാത്തവരായി മാറുന്നു.
  കേംബ്രിഡ്ജിലാണ് ഈ നോവലിന്‍റെ വര്‍ത്തമാനകാലം അരങ്ങേറുന്നത്. അവിടെവെച്ച് ബ്രാനിതാവോ ഇറാന്‍ വംശജയായ ഫെറൂസയെ കണ്ടുമുട്ടുന്നു. ഇരുവരും ജന്മനാട്ടില്‍നിന്ന്‍ അകന്നുജീവിക്കുവാന്‍ വിധിക്കപ്പെട്ടവര്‍. രണ്ടു രാജ്യങ്ങളിലെയും ആഭ്യന്തര രാഷ്ട്രീയകാലാവസ്ഥകള്‍ പ്രതികൂലമായതിനാല്‍ പ്രവാസികളാവാന്‍ വിധിക്കപ്പെട്ടവര്‍. കലയും സാഹിത്യവും ചരിത്രവും നിറഞ്ഞ സമാന അഭിരുചികള്‍ അവരെ പ്രണയികളാക്കുന്നു. കേംബ്രിഡ്ജിന്‍റെ ജീവിതപരിസരങ്ങളുമായി ബന്ധപ്പെട്ട് ഐസക് ന്യൂട്ടന്‍, വിറ്റ്‌ജെന്‍സ്റ്റീന്‍,ബാച്ച് എന്ന സംഗീതജ്ഞന്‍ തുടങ്ങി ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍ക്വേസ് വരെ ഈ നോവലില്‍ കൌതുകപൂര്‍വ്വം അവതരിപ്പിക്കപ്പെടുന്നുണ്ട്. കഥകളോടൊപ്പം കവിതകളും ഈ നോവലിന്റെ ആഖ്യാനത്തിലേക്ക് കടന്നുവരുന്നു. ബ്രാനിതാവോയുടെ തലമുറക്കഥകള്‍ ഫെറൂസയുടെ വായനകളിലൂടെയാണ് വായനക്കാരിലേക്ക് എത്തിച്ചേരുന്നത്.
 ഈ കൃതിയില്‍ മരണം  ഒരു ഘോഷയാത്രയാണ്. കെവെയുടെ അമ്മയും ഏഴു സഹോദരങ്ങളും പകര്‍ച്ചവ്യാധി ബാധിച്ച് മരിച്ചുപോയി. പില്‍ക്കാലത്ത് വസൂരിയും മറ്റു രോഗങ്ങളും കാരണം  മക്കളുടെയും ഭര്‍ത്താവിന്റെയും വിയോഗം ഒരു ശൂന്യതയുണ്ടാക്കിയപ്പോള്‍ കെവെ മുത്തശ്ശി മറ്റൊരു ഭര്‍ത്താവിനെ തേടി. തലമുറകളെ നിലനിര്‍ത്താന്‍ ഭര്‍ത്താവിന് ഒരു രണ്ടാംഭാര്യയെ തേടി. അയാള്‍ മരണപ്പെട്ടപ്പോള്‍ ഭാര്യയ്ക്ക് മറ്റൊരു വരനെ തേടി. അങ്ങനെ നീളുന്ന വിചിത്രമായ തലമുറക്കഥകളില്‍ സ്ത്രീ പാപം പേറുന്ന ഒരു പ്രതീകമായി മാറുന്നു. സാദെത്ത് എന്ന തുര്‍ക്കിവംശജ ഹെയ്മാന സമതലങ്ങളിലെത്തുന്നതും കരടിയുടെ ആക്രമണമേറ്റ് കഴുകന്റെ മുഖമുള്ള ഒരു സ്ത്രീയായി മാറുന്നതും നിഷ്കളങ്കര്‍ ഏറ്റുവാങ്ങുന്ന പാപങ്ങളാണ്.
സ്വന്തം നാട്ടിലെ സാംസ്കാരിക അധിനിവേശം എഴുത്തുകാരന്റെ ഒരു ദുഃഖമായി എഴുത്തുകാരന്റെ ഉള്ളിലുണ്ടെന്ന് കുഞ്ഞു മെഹ്മതിന്റെ കഥയില്‍നിന്ന് മനസ്സിലാക്കാം. കുര്‍ദ്ദിഷ്ഭാഷ  സംസാരിക്കാന്‍ ഭയപ്പെടുന്ന കുട്ടി ആ നാടിന്റെ ദാരുണമായ അവസ്ഥയെ പ്രതിനിധീകരിക്കുന്നു. പ്രവാസത്തിലും ജന്മനാട്ടിലും അന്യരാക്കപ്പെടുന്ന മനുഷ്യരുടെ പ്രതിനിധിയാണ് ബ്രാനിതാവോ. സ്വന്തം ഭരണകൂടത്തിന്റെ അവഗണനയ്ക്കും മര്‍ദ്ദനത്തിനും ഇരയാകുന്ന ബ്രാനിതാവോയിലൂടെ ബുറാന്‍സോന്‍മെസിന്റെ ആത്മകഥാംശമുള്ള ചരിത്രം വെളിപ്പെടുന്നു. തുര്‍ക്കി പോലീസിന്റെ മര്‍ദ്ദനമേറ്റ് ലണ്ടനിലെ ആശുപത്രിയില്‍ നിരവധി മാസം കഴിച്ചുകൂട്ടിയിട്ടുണ്ട് എഴുത്തുകാരന്‍.
ഡെന്നീസ് എന്ന വിപ്ലവനായകന്‍ പുതിയ കാലത്ത് കുര്‍ദ്ജനതയുടെ സ്വപ്നങ്ങളില്‍ തീ പടര്ത്തുന്നുണ്ട്. മൂന്നാംലോകരാജ്യങ്ങളിലെ മനുഷ്യരുടെ വിമോചനസ്വപ്നം തന്നെയാണ് ഈ ഡെന്നീസ്, ചെഗുവേരയെപ്പോലെ.  ഒരു സമുദ്രത്തെ ഒരു കുഞ്ഞുചിമിഴില്‍ ഒതുക്കിയപോലെയാണ് ഈ പുസ്തകം വായിച്ചുകഴിഞ്ഞാല്‍ തോന്നുക. അത്രമാത്രം കഥാപാത്രങ്ങളും ഉപകഥകളും നിറഞ്ഞ ഒരു കൊച്ചുനോവല്‍. ആരാണ് നിഷ്കളങ്കര്‍ - അതീ ഭൂമിയിലെ പാവപ്പെട്ട മനുഷ്യരാണെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം ഗ്രന്ഥകാരന്‍ പറഞ്ഞുവെക്കുന്നുണ്ട്. അജ്ഞാതമായ ഒരിടത്തെ അപരിചിതജീവിതം ആവിഷ്കരിച്ച ഈ നോവല്‍ ഒരു വിവര്ത്തനകൃതിയായി തോന്നാത്തവിധം മനോഹരമായി പരിഭാഷപ്പെടുyത്തുവാന്‍ വിവര്‍ത്തകന് കഴിഞ്ഞിരിക്കുന്നു.
വിശുദ്ധമാനസര്‍

📚📚📚📚📚📚
വിവ: എം.ജി.സുരേഷ്  📗📗📗📗📗📗
ഗ്രീന്‍ ബുക്ക്സ്
🌾🌾🌾🌾🌾🌾