17-09-18

 

📚📚📚📚📚
കനൽ പക്ഷികൾ പാടിയത് 
ഇനി കനൽപക്ഷികൾ  പാടട്ടെ
വില 80 രൂപ
പേരക്ക ബുക്സ് പബ്ലിക്കേഷൻ.
📗📗📗📗📗📗
എഴുത്തിലെ പുതുമുഖമായ സുഹ്‌റ പടിപ്പുര യുടെ ആദ്യ കവിതാ സമാഹാരമായ 'ഇനി കനൽപക്ഷിക ൾപാടട്ടെ,
എന്ന കവിതാ സമാഹാരത്തെ കുറിച്ച് .
📚📚📚📚📚📚

വായനയിൽ കണ്ണുടക്കുന്ന 55 കവിതകളുടെ സമാഹാരമാണ് കഴിഞ്ഞ മാർച്ചിൽ പുറത്തിറങ്ങിയ 'ഇനി കനൽപക്ഷികൾ പാടട്ടെ " എന്ന പുസ്തകം.സാമൂഹിക മാറ്റങ്ങളെ തിരിച്ചറിയുന്ന സ്ത്രീ മനസ്സിൽ നിന്നും ഇറങ്ങി വരുന്ന പ്രതിരോധത്തിന്റെ ആയുധമായി സുഹറ ടീച്ചറുടെ കവിതകൾ വളർന്നു വരുന്നു.ഓരോ കവിതയും അവസാനം ഒരു കൊളുത്തിട്ട് വലിച്ച് വായനക്കാരെ നന്മയുടെ പാതയിലേക്ക് നയിക്കുന്ന മൂർച്ചയുള്ള വാക്കുകളായി കാച്ചിക്കുറുക്കിയെടുത്തതാണ്.

ഗഹനമായ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ അവതരിപ്പിക്കുബോഴും പെണ്ണിടങ്ങളിൽ നിന്നും സ്വീകരിച്ച മൂർച്ചയുള്ള ബിംബകൽപ്പനകൾ കവിതകളെ വ്യത്യസ്തമാക്കുന്നു. പറഞ്ഞു തഴമ്പിച്ച വിഷയങ്ങളെ തന്റെ കഥാഖ്യാനരീതിയിലുള്ള അവതരണത്തിലൂടെ അതിന്റെ അതിർവരമ്പുകൾ കടന്ന് കവിത മാനവികതയിലേക്ക് ഉയരുന്നതായി കാണാൻ കഴിയും.

എഴുത്തുമേശയില്ലാത്ത സ്ത്രീയുടെ എഴുത്ത് മീൻ വെട്ടുമ്പോൾ കയറി വരുന്ന പൂച്ചക്കുട്ടിയുടെ പിണങ്ങിപ്പോക്കായി ചിത്രീകരിക്കുമ്പോൾ അതിലൊരു വലിയ ഫെമിനിസം കലാപം കൂട്ടുന്നുണ്ട്. സാമ്പാറിന് കടുക് വറുക്കുമ്പോഴും മീൻ വെട്ടുമ്പോഴും കയറി വരുന്ന കവിതകളെ സ്വീകരിക്കാൻ കഴിയാതെ താഴെ വയ്ക്കുന്ന പെൺ തൂലികയാണ് കവിതക്ക് വിഷയം. വർക്കിംഗ്‌ വുമണി ന്റെ ചുമതലയും കടപ്പാടും വരിഞ്ഞുമുറുക്കിയ ജീവിതത്തിനിടയിൽ കയറി വരുന്ന എഴുത്ത് പലപ്പോഴും കവയത്രിക്ക് ശല്യമായിരുന്നിരിക്കാം. ഒന്നിനേയും വകവക്കാതെ പറന്നുയരാൻ ശ്രമിക്കുന്നവർക്ക് പിന്നിൽ നിന്നും വലിക്കുന്ന ചിറകരിയുന്ന ചിന്തകളെ തട്ടിമാറ്റി ഉയർന്നു വരുന്ന കനൽപക്ഷിയായി വായനക്കാരന്റെ മനസ്സുണർത്തുന്ന കവിതകളുടെ സമാഹാരമാണിത്.

മക്കളാൽ ഉപേക്ഷിക്കപ്പെടുന്ന അമ്മയുടെ കയ്യിൽ അടക്കിപ്പിടിച്ച അരിമുറക്ക് " മക്കള റിയാൻ "എന്ന കവിതയിൽ ഒരു നീറ്റലായി മാറുന്നു.വിവാഹവും പരീക്ഷയും ഇരുപുറമായി ചിത്രീകരിക്കുന്ന ' കെട്ടുന്നതിന് മുൻപ്‌ ജീവിത നിരീക്ഷണത്തെ മർമ്മ മറിഞ്ഞ് നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചതാണ്. അണുകുടുംബത്തിന്റെ ചില്ലയിൽ ചേക്കേറുന്ന പുത്തൻ തലമുറയുടെ ഭാവം 'കുടിയിരിക്കൽ, ' എന്ന കവിതയിൽ ഖബറിടത്തിന്റെ ഏകാന്തതയോടുപമിച്ച് സ്വാർത്ഥ ചിന്തയെ തുറന്നു വെച്ചിരിക്കുന്നു. അഞ്ചാം ക്ലാസുകാരന്റെ ബാഗിൽ നിന്നും കണ്ടെത്തുന്ന പേന തെളിവാക്കി രാജ്യ ദ്രോഹ കുറ്റം ചുമത്തുന്നതിലൂടെ അധികാര കേന്ദ്രങ്ങളുടെ അക്ഷരപ്പേടി പറയുന്ന" രാജ്യദ്രോ ഹി " എന്ന കവിത തന്നെയാണ് ഇതിലെ ഈടുറ്റ രചന.
കുന്നുംപുഴയും അടയാളം വച്ച് പോയ കാറ്റ് തിരിച്ചെത്താനാകാതെ വരൾച്ച തേടുന്ന പ്രകൃതി ' അടയാളങ്ങൾ എന്ന കവിതയിലൂടെ ആഴത്തിലും നേർപ്പിച്ചും പറയുന്ന പാരിസ്ഥിതിക കവിതയാണ്
ആശയവൈവിധ്യം കൊണ്ടും എഴുത്തിന്റെ ആന്തരിക ചൈതന്യം കൊണ്ടും പെണ്ണെഴുത്തി ന്റെ ചേരിയിലേക്ക് മാറ്റി വയ്ക്കാൻ കഴിയുന്നതല്ല ഈ കവിതാ സമാഹാരം. പെണ്ണിന് മാത്രം പറയാൻ കഴിയുന്ന വിധം മാറി നിൽക്കുന്ന പെണ്ണിടത്തിന്റെ ബിംബകൽപനകൾ കവിതയിൽ ഇടം തേടുമ്പോഴും സ്വത്വ ബോധമുള്ള ആർജ്ജവമുള്ള അടക്കമുള്ള തൂലിക വായനക്കാരനെ ഹൃദ്യമാക്കി മാറ്റുന്നു. പ്രണയവും പ്രകൃതിയും സ്നേഹവും സൗഹൃദവും വിദ്യാലയവും പരിസ്ഥിതിയും മാനവീകതയും കവിതയിൽ നിറഞ്ഞു നിൽക്കുന്നു.

സുഖാനുഭവത്തിൽ നിന്നും മാറി ലോകം അനുഭവിക്കുന്ന വർഗ്ഗവർണ്ണവിവേചനത്തിന്റെ കാലത്ത് സൗന്ദര്യവും പ്രതിരോധവും തീർക്കുന്ന കവിതകളായി ഈ സമാഹാരം മാറി നിൽത്തുന്നു.ശരീരത്തെക്കുറിച്ചും തീണ്ടാരി രക്തത്തെ കുറിച്ചും പറഞ്ഞാൽ മാത്രം ഗംഭീരമാക്കുന്ന പെൺ ശബ്‌ദത്തിൽ നിന്നും മാറി സാമൂഹിക മാറ്റത്തെ തിരിച്ചറിയുന്ന ഉയർച്ച കവിതയിൽ കാണാം. സമൂഹത്തിൽ തന്റെ ഇമേജിന് കളങ്കം വന്നാലും പറയാനുള്ളത് ഉറക്കെ പറയുന്ന കുറുമ്പും ധിക്കാരവും ഒളിച്ചിരിക്കുന്ന കരുത്തുള്ള തൂലികയാണ് കവയത്രിയുടേത്. പ്രത്യാശ അരികു ചുറ്റി നടക്കുമ്പോഴും സ്വപ്നങ്ങൾ ചിറകൊടിയു മ്പോഴും നേർത്ത ദുഃഖഛായയും രോദനവും കവിതയിൽ ഊറിക്കിടക്കുന്നു. ഒന്നിനും ഒതുങ്ങാതെ ജയിക്കുന്ന സ്ത്രീ മനസ്സിന്റെ കരുത്ത് വായനക്കാരന് സമ്മാനിക്കുന്നു. ചുറ്റുപാടുകളെക്കുറിച്ച് യാഥാർത്ഥ്യത്തോടെ ചിന്തിക്കുമ്പോഴും " ശമിക്കാത്ത ദാഹവും
നിലക്കാത്ത പ്രവാഹവും ഒടുങ്ങാത്ത പെയ്ത്തുമായി ചിലപ്പോൾ നെഞ്ചിൽ എരിയുന്ന നെരിപ്പോടായും മാറുന്ന പ്രണയം കാത്തിരിപ്പ് എന്ന കവിതയിൽ അവതരിപ്പിക്കുമ്പോൾ കവിത കാൽപനി കതയിലേക്കും എത്തി നോക്കുന്നത് കാണാം. ഇന്നിന്റെ ആസുരതകളെ കണ്ടെത്തിസന്ധിയില്ലാതെ കലഹിക്കുന്ന കവിതയുടെ പണിപ്പുരയിൽ കാച്ചിയെടുത്ത വാക്കുകൾ - അത് കവിതയെ മൂല്യമേറിയതാക്കി മാറ്റുന്നു.
മതവും കൊടിയും മതിൽകെട്ട് തീർക്കുമ്പോഴും ഋതുക്കൾ വഴി തെറ്റി അലയുമ്പോഴും സ്വയം അഭിരമിക്കാതെയുള്ള ഇത്തരം കാവ്യശ്രമങ്ങളെ നമുക്ക് സ്വീകരിക്കാം.

📚📚📚📚📚📚📚📚📚
ഷഹീറ നജ്മുദ്ധീൻ
ക്രസന്റ് ഹയർ സക്കന്ററി സ്കൂൾ
കാളികാവ് .