17-04b


ദൃശ്യകലയുടെ വരമൊഴിണക്കത്തിൽ എഴുപത്തിയൊമ്പതാം ഭാഗമായി പരിചയപ്പെടുന്നു.... നമുക്കേവർക്കും പ്രിയങ്കരമായ പാവകളി
ഇന്നത്തെ പാവകളിയിൽ പ്രധാനമായും പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത് തോൽപ്പാവക്കൂത്ത്,നോക്കുവിദ്യ പാവകളിഎന്നിവയെയാണ്..
എങ്കിലും പാവകളിയെ ഒന്ന് ആദ്യം പരിചയപ്പെടാം(നിങ്ങൾക്കറിയാമെന്നെനിക്കറിയാം😃)
പാവകളി👇
പാവകളെ ഉപയോഗിച്ച് കഥാഖ്യാനം ചെയ്യുന്ന സമ്പ്രദായമാണ്  പാവകളി.ഇംഗ്ലീഷ്: Puppetry. ഒന്നോ അതിലധികമോ കലാകാരൻ‌മാർ പാവകളെ കൈ കൊണ്ട് ചലിപ്പിച്ച് കഥ അവതരിപ്പിക്കുക എന്നതാണ്‌ ഇതിലെ രീതി. പാവക്കൂത്ത് എന്നും ഇത് അറിയപ്പെടുന്നു. ലോകത്തിലെ പല രാജ്യങ്ങളിലും പ്രചാരത്തിലുള്ള ഇത് 4000 വർഷങ്ങൾക്കുമുൻപ് ഇന്ത്യയിലാണ് ആരംഭിച്ചതെന്നു കരുതപ്പെടുന്നു.ലോകത്തിന്റെ പ്രാചീനമായ കലാരൂപമായ പാവകളിയിൽ വ്യത്യസ്ത തരം പാവകളെ ഉപയോഗിക്കുന്നുണ്ട്. മനുഷ്യകരങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന നിർജ്ജീവ രൂപങ്ങൾ എന്നാണു പപ്പറ്റുകളുടെ നിർവചനം.

എെതിഹ്യത്തിലൂടെ...👇
പാവകളിയെ ബന്ധപ്പെടുത്തി അതാതു രാജ്യങ്ങളിൽ നിരവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. പാവകളിയുടെ ഉത്ഭവത്തെപ്പറ്റിയുള്ള വിശ്വാസങ്ങളാണ് ആ കഥകൾക്കടിസ്ഥാനം. പരമ്പരാഗത പാവക്കൂത്തുകാർ അവരുടെ പാവകൾക്ക് പാവനത്വം കല്പിക്കാനായി പുരാണങ്ങളുമായി ബന്ധപ്പെടുത്തി കഥകൾ ഉണ്ടാക്കാറുണ്ട്
ശിവനേയും പാർവതിയേയും ബന്ധപ്പെടുത്തിയുള്ള കഥയാണ് ഇന്ത്യയിൽ പ്രചാരമുള്ളത്. മരപ്പണിക്കാരൻറെ പാവകളെ കണ്ട് ഇഷ്ടപ്പെട്ട പാർ‍വതി അവക്ക് ജീവൻ നൽകുകയും നേരമ്പോക്കിനായി അവയെക്കൊണ്ട് നൃത്തമാടിക്കുകയും ചെയ്തുവത്രെ. കൗതുകം തീർന്നശേഷം പാവകളെ നിർജ്ജീവമാക്കി തിരിച്ചു പോകുകയും ചെയ്തു.ഇതെല്ലാം ഒളിഞ്ഞിരുന്നു കണ്ട മരപ്പണിക്കാരൻ അവരോട് തന്റെ പാവകൾക്ക് ജീവൻ തിരിച്ചുനൽകണമെന്ന് അഭ്യർത്ഥിച്ചു. എന്നാൽ സ്വന്തം ബുദ്ധിശക്തികൊണ്ട് അതിനൊരു മാർഗ്ഗം കണ്ടുപിടിക്കാൻ ഉപദേശിച്ച് ശിവ-പാർവതിമാർ തിരിച്ചു പോയി. മരപ്പണിക്കാരൻ പിന്നെ ആലോചിച്ച് തയ്യാറാക്കിയ ഒരു കലാരൂപമാണത്രെ പാവകളി. പാവകളി കഴിഞ്ഞാൽ അവയെ പുഴയിലൊഴുക്കുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നത്പാവകളാണെങ്കിലും അവയുടെ ഭൗതികശരീരം ഇല്ലായ്മ ചെയ്യുന്ന സങ്കല്പത്തിലാണ്‌.

പാവകളി അതി പ്രാചീനകാലം മുതൽക്കേ ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടുകളിൽ പാവകളിക്ക് അപചയം നേരിട്ടുവെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഭാരതത്തിലെ പാവകളിക്ക് പുനരുജ്ജീവനം സാധ്യമായി. ആരോഗ്യകരമായ മാറ്റം ഗതകാല പാരമ്പര്യത്തിന്റെ നേർക്കുള്ള സമീപനത്തിൽ സാധ്യമായി. ദീർഘകാലം ഭാരതീയ കരകൗശല ബോർഡിന്റെ അദ്ധ്യക്ഷയായിരുന്ന ശ്രീമതി കമലാദേവി ചതോപാധ്യായ പാവകളിയെ പുനർജനിപ്പിക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. 1952- ൽ ഉദയ്പ്പൂരിൽ സ്ഥാപിക്കപ്പെട്ട ഭാരതീയ ലോക് കലാമണ്ടൽ എന്ന സ്ഥാപനം പാവകളിയെ വികസിപ്പിക്കുന്നതിൽ സഹായിച്ചു. ഡൽഹിലെ ഭാരതീയ സംഘം നാടൻ കലകളെ പ്രോത്സാഹിപ്പിച്ച മറ്റൊരു സ്ഥാപനമാണ്‌. അഹമ്മദാബാദിലെ കലാസംഘടനയായ ദർപ്പണ യുടെ കീഴിലെ പാവകളി സംഘത്തിന്റെ നേതൃത്വം വഹിച്ചിരുന്ന മെഹർ കോണ്ട്രാക്റ്റർ പാവകളിക്കാരുടെ അനിഷേദ്യനേതാവെന്നാണറിയപ്പെടുന്നത്. കൽക്കട്ടയിലെ ലിറ്റിൽ പപ്പറ്റ് തിയേറ്റർ, ഡെൽഹിയിലെ ശ്രീറാം കൾചറൽ സെന്ററിലെ സൂത്രധാർ പപ്പറ്റ് തിയേറ്റർ തുടങ്ങിയവ പാവകളിയിൽ പ്രശസ്തമായ പേരുകളാണ്‌.

തരംതിരിവുകൾ....👇
(1) കയ്യുറപ്പാവ..👇
മനുഷ്യന്റെ കൈയ്യുകൊണ്ട് ചലിപ്പിക്കുന്നു. നടുവിരലും ചൂണ്ടുവിരലിലും ഉയർത്തി നിർത്തി മറ്റുവിരലുകൾ കൊണ്ട് ചലിപ്പിക്കുന്നു.
(2) കോൽപ്പാവ👇
കോലുകളുപയോഗിച്ച് കൈയ്യും ശരീറവും താങ്ങി നിർത്തി കൈകൾ ചലിപ്പിച്ചാണ് ഈ പാവകളി. കോല്പാവക്ക് പൊതുവേ പൂർണ്ണരൂപം ഉണ്ടാകാറില്ല.
(3) നിഴൽപ്പാവ...👇
നേരിട്ട് അരങ്ങിലെത്താതെ തുണികൊണ്ടുള്ള തിരശ്ശീലക്കുപിന്നിൽ വച്ച വെളിച്ചത്തിനു മുമ്പിലായി പാവയെ ചലിപ്പിച്ച് അതിന്റെ നിഴലാട്ടമാണ് നിഴല്പാവക്കൂത്ത്. പലനിറത്തിലുള്ള് നിഴ്ലുകളൂം ഇതിനുപയോഗിക്കറുണ്ട്. പരമ്പരാഗത രീതിയിൽ തോല്പാവകളാണ് ഉപയൊഗിക്കുന്നത് എന്നതുകൊണ്ട് തൊല്പാവക്കൂത്ത് എന്നും പറയാറുണ്ട്. കേരളത്തിലെ തോൽപ്പാവക്കൂത്ത്, തമിഴ് നാട്ടിലെ തോലുബൊമ്മലാട്ടം,ഒറീസയിലെരാവൺഛായ എന്നിവ പ്രസിദ്ധ നിഴൽ പാവ രൂപങ്ങളാണ്.

ചരടുപാവ/നൂൽപ്പാവ👇
പാവയുടെ ശരീരഭാഗങ്ങൾ നൂലുകൊണ്ട് കെട്ടി ചലിപ്പിക്കുന്നു. താരതമ്യേന വിഷമം കൂടുതലാണിതിന്.











തോൽപ്പാവക്കൂത്ത്..👇👇
കമ്പരാമായണത്തെ ആസ്പദമാക്കി തയ്യാറാക്കിയ തോല്‍പാവക്കൂത്ത് പാലക്കാട് ജില്ലയില്‍ അരങ്ങേറിവരുന്നു. ദേവീക്ഷേത്രങ്ങളിലെ കൂത്തുമാടത്തറയിലാണ് അവതരണം. ഇതില്‍ ഉപയോഗിക്കുന്ന പാവകള്‍ മാനിന്റെ തോലുകൊണ്ട് നിര്‍മ്മിച്ചവയാണ്. ഇതുകൊണ്ടാണ് തോല്‍പാവക്കൂത്ത് എന്ന പേരുവന്നത്. കമ്പരാമായണം ആധാരമാക്കി പഞ്ചവടി പ്രദേശം മുതല്‍ പട്ടാഭിഷേകംവരെയുള്ള കഥകളാണ് ഇതില്‍. 21 രാവുകളില്‍ അരങ്ങേറുന്ന വിധം ചിട്ടപ്പെടുത്തിയിരിക്കുന്നു. ചരടുകളുടെ സഹായത്താല്‍ പാവകള്‍ ചലിപ്പിക്കുന്നു. ഇവയുടെ നിഴലുകള്‍ തുണിയില്‍ വീഴ്ത്തിയാണ് കൂത്ത്. തോലില്‍ തുളകളും വിവിധ ആകൃതിയില്‍ രൂപങ്ങള്‍ വെട്ടിയെടുക്കും. മുളംതണ്ടില്‍ ഉറപ്പിച്ചാണ് കളിക്കുന്നത്. രംഗപൂജ, ഗുരുവന്ദനം എന്നിവയോടെ ആരംഭിക്കും. വായ്ത്താരികള്‍ ചൊല്ലുന്നത് രംഗം കൊഴുപ്പിക്കും. 12 മീറ്റര്‍ നീളത്തിലാണ് കൂത്തുമാടം. തിരശീലക്ക് അത്ര നീളമുണ്ട്. തിരശീലക്ക് 'ആയപുടവ' എന്നാണ് പേര്. വെളുത്ത തിരശീലയുടെ അടിഭാഗം കറുത്ത തുണിയാല്‍ മറച്ചിരിക്കും. നീളംകൂടിയതും വീതികുറഞ്ഞതുമായ പലക തിരശീലയുടെ നീളത്തിനൊപ്പം പിന്നില്‍ ഉറപ്പിക്കും. 21 വിളക്കുകള്‍ പലകയില്‍ കത്തിച്ചുവയ്ക്കും. പലകയില്‍ കൊത്തിയ 21 കുഴികളിലാണ് വിളക്കുവച്ചിരിക്കുന്നത്. ഈ പലകക്ക് വിളക്കുമാടം എന്നു പറയും. നാളികേരമുറിയില്‍ എണ്ണ നിറച്ചാണ് വിളക്കുണ്ടാക്കുന്നത്. കളിയരങ്ങിന്റെ മുന്‍വശം മാലകള്‍, കുരുത്തോലകള്‍ ചാര്‍ത്തി അലങ്കരിക്കും. അണിയറയില്‍ പത്തുപേരോളം കാണും പറയുവാനും പാടാനും പാവകളെ കളിപ്പിക്കാനും. 'മാടപുലയന്‍' ആണ് രംഗത്ത് ആവശ്യത്തിനുള്ള സാധനങ്ങള്‍ ഒരുക്കുന്നത്.







ഒരു ചെറു വിശദീകരണം കൂടി...
കേരളത്തില്‍ കൂടുതല്‍ പ്രചാരമുള്ള പാവകളിയാണ് തോല്‍പ്പാവക്കൂത്ത്. പാലക്കാട്, പൊന്നാനി പ്രദേശങ്ങളിലെ ദേവീക്ഷേത്രങ്ങളില്‍ നടത്താറുള്ള അനുഷ്ഠാനമാണിത്. രാത്രിയിലാണ് പാവക്കൂത്ത് നടത്താറ്. മുന്‍പു കാലങ്ങളില്‍ ഓല കൊണ്ടും ഇപ്പോള്‍ തോല് കൊണ്ടും ഉണ്ടാക്കിയ പാവകളാണ് ഇതിന് ഉപയോഗിക്കുന്നത്. പാവകളുടെ നിഴല്‍ തിരശ്ശീലയില്‍ വീഴ്ത്തിയാണ് പ്രദര്‍ശനം.  അതുകൊണ്ട് തന്നെ ഇതിന് ഓലപ്പാവക്കൂത്ത്, നിഴല്‍പ്പാവക്കൂത്ത് എന്നീ പേരുകളുണ്ട്.

ക്ഷേത്രത്തിലെ കൂത്തുമാടത്തിലാണ് പരിപാടി അരേങ്ങറുന്നത്. മൂന്നുഭാഗവും മറച്ചിരിക്കും. മുന്‍ഭാഗത്ത് തിരശ്ശീല ഇടും. തിരശ്ശീലയുടെ പകുതി ഭാഗം കറുപ്പും, ബാക്കി  ഭാഗം വെളുപ്പും ആയിരിക്കും. കൂത്തുമാടത്തില്‍ മുകളിലായി എണ്ണ നിറച്ച തേങ്ങ മുറിയില്‍ തിരികള്‍ വെച്ചു കത്തിക്കും. ഈ ദീപങ്ങളുടെ മുമ്പിലാണ് പാവകളെ വെക്കുന്നത്. പാവകളുടെ നിഴല്‍ വെളുത്ത തിരശ്ശീലയില്‍ വീഴുന്നു. പാവകളെ നിയന്ത്രിക്കുന്നത് മുളവടി കൊണ്ടാണ്. കമ്പരാമയണത്തിലെ വരികളാണ് പാടുന്നത്. രാമായണം കഥയാണ് തോല്‍പ്പാവക്കുത്തിന്റെ വിഷയം. പൂര്‍ണ്ണമായും അവതരിപ്പിക്കാന്‍ നാല്‍പ്പത്തൊന്നു ദിവസം വേണം.

പാട്ട് അവസാനിച്ചാല്‍ സരസമായ വിവരണം ഉണ്ടാകും. പാവകള്‍ക്ക് പ്രത്യേക സ്ഥാനവും നിശ്ചയിച്ചിട്ടുണ്ട്. ശ്രീരാമപക്ഷത്തുള്ള പാവകള്‍ വലതു വശത്താണ് അണിനിരക്കുന്നത്. ഇടത് വശത്ത് രാവണപക്ഷത്തെ പ്രതിനിധീകരിക്കുന്ന പാവകളേയും നിരത്തും. പറയുടെ ആകൃതിയിലുള്ള ചെണ്ടയാണ് ഇതിന് ഉപയോഗിക്കുന്നത്. ചെണ്ട, മദ്ദളം എന്നിവയാണ് അകമ്പടി വാദ്യങ്ങള്‍. പാവകളിയില്‍ പാരമ്പര്യമുള്ള പുലവര്‍ കുടുംബമാണ് സാധാരണ തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കുന്നത്. കേരളത്തിലെ ഈ പാവകളി സമ്പ്രദായത്തിന് മുന്നൂറിലധികം വര്‍ഷത്തെ പഴക്കം അവകാശപ്പെടുന്നുണ്ട്.

കൂത്തുമാടത്തിന്റെ പ്രത്യേകതകൾ...
പ്രത്യേകം സജ്ജമാക്കുന്ന ഒരു കൂത്തുമാടം ഇതിന്നാവശ്യമാണ്‌. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സമാനമായ നിഴൽക്കൂത്ത് നിലവിലുണ്ടെങ്കിലും കേരളത്തിലാണ്‌ ഇവ കൂടുതലായും അവതരിക്കപ്പെടുന്നത്. ഫലത്തിൽ ദ്വിമാനസ്വഭാവമുള്ള മട്ടിലാണ്‌ ഇതിന്റെ പാവകൾ ഉണ്ടാക്കുന്നത്. പാവകളുടെ ചലനത്തിലെ നാടകീയത വർദ്ധിപ്പിക്കാൻ പാവകളിൽ നിറയെ തുളകളും ഇട്ടിരിക്കും. ഇത് നിഴലുകളുടെ ആസ്വാദ്യത കൂട്ടുന്നു. തോൽപ്പാവക്കൂത്ത് നടത്തപ്പെടുന്ന എല്ലാ ക്ഷേത്രങ്ങളിലും സ്ഥിരം കൂത്തുമാടം അത്യാവശ്യമാണ്‌. കൂത്തുമാടത്തിൽ മുകളിൽ വെള്ളയും താഴെ കറുപ്പും തുണികൊണ്ട് നീളത്തിൽ തിരശ്ശീല കെട്ടുന്നു. മാൻതോലു കൊണ്ടുണ്ടാക്കിയ പാവകളെ, തുടക്കത്തിൽ മുകളിലെ വെള്ള തിരശ്ശീലയിൽ, കാരമുള്ള് (നല്ല മൂർച്ചയും ബലവുമുള്ള ഒരു മുള്ളാണിത്) ഉപയോഗിച്ച്, കഥയ്ക്കനുയോജ്യമായരീതിയിൽ ക്രമപ്രകാരമായി തറച്ചുവയ്ക്കുന്നു. പാവകളിന്മേൽ നെടുങ്ങനെ ഉറപ്പിച്ച ഒരു വടി താഴേക്ക് നീണ്ടുനിൽക്കുന്നുണ്ടാകും. പുറകിൽ സജ്ജമാക്കുന്ന വിളക്ക് തിരശ്ശീലയിൽ തോൽപാവകളുടെ നിഴലുകൾ വീഴ്ത്തും. കൂത്തുകവി താളമിട്ട് പാട്ട് പാടുന്നതിനനുസരിച്ച് ഒരാൾ ബന്ധപ്പെട്ട കഥാപാത്രങ്ങളുടെ പാവകളെ അവയുടെ നീണ്ടുനിൽക്കുന്ന വടിയിൽ പിടിച്ചുകൊണ്ട് ചലിപ്പിക്കുന്നു. തിരശ്ശീലയിൽ വീഴുന്ന നിഴലുകളുടെ ചടുലത നിയന്ത്രിച്ചുകൊണ്ട് അവിടെ വീഴുന്ന ദൃശ്യം സന്ദർഭോചിതമായ ഭാവപുഷ്ടിയോടെ അവതരിപ്പിക്കപ്പെടുന്നു











സ്റ്റേജ് പരിപാടിക്കായി സജ്ജീകരിച്ച കൂത്തുമാടം

തോൽപ്പാവക്കൂത്ത് എെതിഹ്യം...
ദേവീപ്രീതിയ്ക്കായി നടത്തിവരുന്ന ഈ അനുഷ്ഠാനത്തിനു പുറകിലെ‍ ഒരു ഐതിഹ്യം ഇപ്രകാരമാണ്: പണ്ട് ദേവന്മാർക്കും ഋഷികൾക്കും, മാനവർക്കുമെല്ലാം ശല്യമായ ദാരികൻ എന്ന ഒരു അസുരനുണ്ടായിരുന്നു. ഈ അസുരനെ നിഗ്രഹിക്കുവാനായി പരമശിവൻ തന്റെ കണ്ഠത്തിലെ കാളകൂടവിഷത്തിൽ നിന്നും ഭദ്രകാളിയെ സൃഷ്ടിച്ചു. ഏറെനാൾ നീണ്ടു നിന്ന ഒരു യുദ്ധത്തിനൊടുവിൽ ഭദ്രകാളി ദാരികനെ വധിച്ചു. ദാരികനും കാളിയും തമ്മിൽ യുദ്ധം നടന്ന അതേ സമയത്താണത്രെ രാമ-രാവണയുദ്ധവും നടന്നത്. അതുകൊണ്ട് രാമൻ രാവണനെ നിഗ്രഹിക്കുന്നതു കാണാൻ കാളിയ്ക്ക് സാധിച്ചില്ല. ആ കുറവു നികത്താനാണത്രേ കൊല്ലം തോറും കാളീക്ഷേത്രങ്ങളിൽ തോൽ‌പ്പാവക്കൂത്ത് നടത്തി വരുന്നത്

ചരിത്രത്തിലൂടെ...
കൃത്യമായി എതു കാലഘട്ടത്തിലാണ് തോൽപ്പാവക്കൂത്ത് രൂപപ്പെട്ടത് എന്നു പറയാനാവില്ല. വെള്ളാളച്ചെട്ടി , നായർ തുടങ്ങിയ സമുദായത്തിലുള്ളവരാണ് സാധാരണയായി കൂത്ത് നടത്തിക്കാറുള്ളത്.  തമിഴ്നാട്ടിൽ തോല്പ്പാവക്കൂത്തിന്ന് പ്രചാരം കാണുന്നതുകൊണ്ടും ഉപയോഗിക്കുന്ന സാഹിത്യം കമ്പരാമായണമായതുകൊണ്ടുംഇത് അവിടങ്ങളിൽ ഉത്ഭവിച്ച് പ്രചാരം നേടിയ ശേഷം കേരളക്കരയിലേക്കു എത്തിയതാകാമെന്ന് അഭിപ്രായമുണ്ട്. ഇതവതരിപ്പിക്കുന്നവരെ പുലവർ എന്നാണ്‌ പറഞ്ഞുവരുന്നത്. തമിഴ്നാട്ടിലും ഇവർ ഈ പേരിൽത്തന്നെയാണ്‌ അറിയപ്പെടുന്നത്. ഒറ്റപ്പാലം താലൂക്കിലെ മനിശ്ശേരിയിൽ ഈ കലാരൂപം അവതരിപ്പിക്കുന്നതിൽ ‍ പ്രസിദ്ധരായ ഒരു കുടുംബമുണ്ട്.പാലക്കാട്ടു ശിങ്കപ്പുലവർ എന്ന ആളാണു് ഈ സമ്പ്രദായം ആദ്യമായി നടപ്പിലാക്കിയതെന്നു പറഞ്ഞുവരുന്നു. ഇഷ്ടിരങ്ഗപ്പുലവർ എന്ന പേരിൽ അറിയപ്പെടുന്ന മറ്റൊരു കലാകുശലൻ കാലാന്തരത്തിൽ അഭിനയത്തിലും പ്രവചനത്തിലും മറ്റു പല പരിഷ്കാരങ്ങളും വരുത്തി

ഭദ്രകാളി ക്ഷേത്രങ്ങൾക്കു സമീപമുള്ള പറമ്പുകളിലാണ് സാധാരണമായി കൂത്തു കഴിക്കുന്നതു്. കൂത്തുമാടം ദക്ഷിണാഭിമുഖമായി തൽക്കാലാവശ്യത്തിന്നു കെട്ടിയുണ്ടാക്കും. മാടത്തിന്റെ നടുവിൽ ഭദ്രകാളി സന്നിധാനം ചെയ്യുന്നതായാണു് സങ്കല്പം. രാമാദിപ്രതിബിംബങ്ങളായ പാവകളുടെ സ്ഥാനം വലത്തുഭാഗത്തും രാവണാദികളുടേതു് ഇടത്തുഭാഗത്തുമാണ്. ഒരു ഭാഗം ചുവടെ ഉദ്ധരിക്കുന്നു. അതിലെ ഭാഷയും തമിഴ് തന്നെ.

“നിന്തിരുവടിയുടെ പിതാവാന ദശരഥഭൂപതി,
കൊടുങ്കൊലാന തൈചെലുത്താമൽ,
ഉലകത്തിനിടത്തിലുണ്ടാന സർവജനങ്കളൈയും
തനതുചെങ്കോലിനിടത്തിൽ പ്രവേശിത്തു,
ധർമ്മരക്ഷയ്ക്കാക ഒരേ മാർഗ്ഗമാക നടത്തി,
പ്രജകളൈ രക്ഷിക്കകൂടിയവനും ഇന്തകാലത്തിനിടത്തിൽ
പെരുമ്പാപികളാകിയ രാവണാദികൾ ജനിത്തു,
കൃത്യാകൃത്യങ്കളാന സ്വധർമ്മങ്കളൈ നീക്കം ചെയ്തു,
ഉലകത്തിനിടത്തിലുണ്ടാന സജ്ജനങ്കൾ സ്വധർമ്മങ്കൾ വിട്ടപടിയിനാൽ,
രാത്രികാലത്തിനിടത്തിൽ അന്ധകാരം അടൈന്തപോൽ ഉലകത്തിൽ അന്ധകാരമായിരിക്കിറപൊഴുതു,
ഹേ! സ്വാമിൻ നീങ്കൾ അവതരിത്തു സൂര്യദേവരൈപ്പോൽ അന്ധകാരം നീക്കംചെയ്‌വതർക്കാക
ഇന്ത വനത്തിൽ പ്രവേശിത്തതിനാൽ ഇന്ത വിഷയത്തൈ എടുത്തുചൊല്ലി വൈത്തേൻ സ്വാമിൻ.”

ശ്രീരാമാവതാരം മുതൽക്കു് തുടങ്ങുന്ന കൂത്തു കവളപ്പാറ ആരിയങ്കാവിലേ നടത്തുവാൻ പാടുള്ളു; ശ്രീരാമപട്ടാഭിഷേകം വരെ എവിടെയും നടത്തണം. ആരംഭം മുതൽ കളിക്കുകയാണെങ്കിൽ നാല്പത്തൊന്നു ദിവസം വേണം. പഞ്ചവടീപ്രവേശം മുതൽക്കാണെങ്കിൽ ഇരുപത്തൊന്നു ദിവസവും സേതുബന്ധം മുതൽക്കാണെങ്കിൽ പതിനൊന്നോ പന്ത്രണ്ടോ ദിവസവും മതിയാകും

തോല്പാവക്കൂത്ത് ഇപ്പോൾ...
കേരളത്തിൽ വള്ളുവനാട്ടിലും പരിസരപ്രദേശങ്ങളിലുമുള്ള ദേവീക്ഷേത്രങ്ങളിലാണ്‌ ഇത് നടത്തിവരുന്നത്. മാൻ തോലുകൊണ്ട്രാമായണം കഥയിലെ എല്ലാ കഥാപാത്രങ്ങളുടേയും പാവകൾ ഉണ്ടാക്കുന്നു. തോൽപ്പാവക്കൂത്ത് വളരെ അപൂർവ്വം ക്ഷേത്രങ്ങളിലെ ഇപ്പോൾ കണ്ടുവരാറുള്ളൂ. പാലക്കാടു ജില്ലയിലെഒറ്റപ്പാലം, മണ്ണാർക്കാട്, ആലത്തൂർ, പാലക്കാട് താലൂക്കുകൾ, തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്ക്, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് എന്നിവിടങ്ങളിലെ അനവധി ദേവീക്ഷേത്രങ്ങളിൽ തോൽപ്പാവക്കൂത്ത് ഇന്നും നടത്താറുണ്ട്. വള്ളുവനാട്ടിലെ എല്ലാ പ്രധാന ദേവീക്ഷേത്രങ്ങളിലും കൂത്തുമാടങ്ങൾ ഉണ്ട്.

കലാകാരന്മാർ
പാലക്കാട് ജില്ലയിൽ ഏതാണ്ട് പതിനഞ്ചോളം സംഘങ്ങൾ ഇപ്പോൾ ഈ കലാപരിപാടി അവതരിപ്പിക്കുന്നുണ്ട്. ഷൊറണൂരിനടുത്ത് കൂനത്തറയിലുള്ളരാമചന്ദ്രപുലവർ ഇവരിൽ ശ്രദ്ധേയനാണ്‌. മുഖ്യകലാകാരനെ കൂത്തുമാടപ്പുലവർ എന്നാണ്‌ പറയുന്നത്. തൃശ്ശൂർ - പാലക്കാട് ജില്ലകളിലെ ഏതാണ്ട് എൺപതോളം ക്ഷേത്രങ്ങളിൽ ഇവർ ഏഴു മുതൽ നാല്പത്തൊന്നു വരെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കൂത്ത് അവതരിപ്പിച്ചു വരുന്നു.

പ്രമേയം...
തോൽ‌പ്പാവക്കൂത്തിന്റെ പ്രമേയം പ്രധാനമായും ജനനം മുതൽ പട്ടാഭിഷേകം വരെയുള്ള രാമായണകഥയാണ്. ഇത് മുഖ്യമായും കമ്പരാമായണത്തെ ആസ്പദമാക്കിയാണ്. കൂത്തിനുവേണ്ടി 21 ഭാഗങ്ങളാക്കി തിരിച്ചിട്ടുള്ള ഇതിനെ 21 ദിവസങ്ങളിലായാണ് ആടുന്നത്. ഗദ്യത്തിലും പദ്യത്തിലുമായി രചിക്കപ്പെട്ടിട്ടുള്ള ഈ 21 ഭാഗങ്ങളെആടിപ്പറ്റ് എന്നാണ് വിളിക്കുന്നത്. ചെന്തമിഴും മലയാളവും കലർന്ന 'ആടിപ്പറ്റാ'ണ് കഥാസന്ദർഭം വിവരിക്കുന്ന പിൻപാട്ട്. ആടിപറ്റിൽ 2500 ശ്ലോകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ ചില പദ്യങ്ങൾ കമ്പരാമായണത്തിൽഇല്ലാത്തതാണ്. ചിലേടത്ത് കമ്പരുടെ തന്നെ കവിതകളുടെ പാഠഭേദവും കാണാൻ കഴിയും. കൂത്തിന് അനുകൂലമായ രീതിയിൽ ഇത്തരം കൂട്ടിച്ചേർക്കലുകൾ നടത്തിയിരിക്കുന്നത് പാവക്കൂത്ത് കലാകാരന്മാർ തന്നെയാണ് . ഇത്തരത്തിൽ ചേർത്തിരിക്കുന്ന പദ്യങ്ങൾ അധികവും തമിഴ്ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്.

സംഗീതം
എഴുപറ, ചെണ്ട, മദ്ദളം, ചേങ്ങില,ഇലത്താളം, കുഴൽ എന്നിവയാണ് അകമ്പടിവാദ്യങ്ങൾ. വിഘ്നേശ്വര സ്തുതിയോടെയാണ് കൂത്ത് ആരംഭിക്കുന്നത്.













https://youtu.be/us2Oby6un_o

https://youtu.be/1_lrV-M1FbE

https://youtu.be/KOkM_w7sA2Q

https://youtu.be/g7MvLWCzZCo

https://youtu.be/p2hxxuyXtdI