16-10-17

📚📚
📖📖
📗📘📙
സർഗ്ഗ സംവേദനം
അനില്‍
📢📢📢📢📢
🔹🔹🔹🔹🔹🔹
📕📒
   📚

സർഗ സംവേദനത്തിലേക്ക് സ്വാഗതം....🙏🏻


🌹 പുസ്തക പരിചയം 🌹

           ഒടിയൻ
           നോവൽ 
           പി. കണ്ണൻ കുട്ടി
പ്രസാധകർ  :
ഡി.സി.ബുക്സ് 
വില : 110/-

കറന്റ് ബുക്സ് സുവർണ ജൂബിലി നോവൽ മത്സരത്തിൽ  ഒന്നാം സ്ഥാനം ലഭിച്ച കൃതി  

.............................................
         
       നമ്മുടെ കാഴ്ചയിൽ നിന്നു മറഞ്ഞു പോകുന്ന നിരവധി സംസ്കാരങ്ങളുണ്ട്. പക്ഷേ, നാം അത് ശ്രദ്ധിക്കാറില്ല, കാണാറുമില്ല. പാലക്കാട് ജില്ലയിലെ പരുത്തി പ്പുള്ളി ഗ്രാമത്തിൽ ഒരു പറത്തറയും കുറേ പറയ കുടുംബങ്ങളും അവരെ ചുറ്റിപ്പറ്റി ദൈവീകവും മാന്ത്രികവും നീചവും നിഗൂഢവുമായ, കുട്ടികളെ കിടിലംകൊള്ളിക്കുന്ന 
ഒരുപാട് കഥകളുമുണ്ടായിരുന്നു.

കാലങ്ങൾക്കു ശേഷം നോവലിസ്റ്റിന്റെ അവധിക്കാല ജീവിതങ്ങളിലൊന്നിൽ ആ പറത്തറ തേടി ഉൾക്കിടിലമില്ലാതെ നടന്നപ്പോൾ അവിടെ അങ്ങനെയൊന്ന് കണ്ടില്ല, എന്നു മാത്രമല്ല അതിന് എന്തു സംഭവിച്ചു എന്ന് പറഞ്ഞു കൊടുക്കാൻ പറ്റിയ ഒരു സുഹൃത്തും അദ്ദേഹത്തിന് അവിടെയില്ലായിരുന്നു. പിന്നീട് ആ ചോദ്യത്തിന്റെ ഉത്തരം അദ്ദേഹത്തിന്റെ മനസിൽ തെളിഞ്ഞുവന്നതാണ് നോവൽ..... 

ഒരു കാലഘട്ടത്തിൽ പറയജനവിഭാഗം അനുഭവിച്ചിരുന്ന ദാരിദ്ര്യവും ബുദ്ധിമുട്ടുകളും വിഭാഗീയതകളുമൊക്കെ കൃത്യമായി അവതരിപ്പിച്ചിരിക്കുന്ന ആഖ്യാനം. പറയർ മരിച്ചാൽ ചത്തു എന്നേ പറയുകയുള്ളൂ, ആ ജന്മങ്ങൾ മൃഗ സമാനമാണ് എന്ന അർത്ഥത്തിൽ..

പറക്കാളിക്കാവിലെ ഉത്സവം, അല്ലലും അയിത്തവും പിണക്കവും മറന്ന് പരുത്തിപ്പുള്ളിക്കാർ, ദേശത്തിന്റെ ഉത്സവമായി എല്ലാ വർഷവും ആഘോഷിക്കാറുണ്ട്. കൊടുങ്ങല്ലൂർ ഭരണിക്ക് പോകാൻ കഴിവില്ലാത്തവർ ഈ ഉത്സവം കണ്ടു തൃപ്തരാകും. പുറം ദേശങ്ങളിൽ നിന്നൊക്കെ കച്ചവടക്കാർ എത്തും. നീട്ടി വളർത്തിയ മുടിയും അരമണിയും കാൽച്ചിലമ്പും പള്ളി വാളും കിലുക്കി ഉറഞ്ഞു കൊണ്ട് വിയർപ്പിൽ കുതിർന്ന കറുത്ത കോമരങ്ങൾ കാവുതീണ്ടും.

നാലാംനാൾ വൈകുന്നേരത്തോടെ പരുത്തിപ്പുള്ളി ശാന്തയാവും. കച്ചവടക്കാർ തിരികെ പോകും. അതിനിടയിൽ പുതിയ ബന്ധങ്ങൾ ഉരുത്തുരിഞ്ഞിരിക്കും. അവിഹിത ഗർഭങ്ങൾ ഉണ്ടാകും.

കരിമാണ്ടി, കെട്ടിയവൾ പറക്കാടത്തി മകൻ വെള്ളമായൻ, സംസാരശേഷിയില്ലാത്ത മകൻ. 
കൂട്ടക്കാരൊക്കെ തറവിട്ടുപോയപ്പോഴും കരിമാണ്ടിക്ക് പോകാൻ കഴിഞ്ഞില്ല. ഒടിയും മന്ത്രവും കാവും ഉപേക്ഷിക്കാൻ അവന് കഴിഞ്ഞില്ല.

പണ്ട് ദേശം കാത്തത് പരുത്തിപ്പുള്ളി ഭഗവതി. അവകാശതർക്കങ്ങളിൽ പെട്ട് പൂജയും വഴിപാടും മുടങ്ങുകയും ദേവിയുടെ ചൈതന്യം കുറയുകയും ചെയ്തു. അതിന്റെ പരിണത ഫലം ദേശത്തിന്. വളരെക്കാലത്തിനു ശേഷം ഒരു നമ്പൂതിരി സ്വന്തം മന്ത്ര സിദ്ധിയിലൂടെ, നഷ്ടപ്പെട്ട ചൈതന്യത്തെ ആവാഹിച്ച് ദേവിക്ക് പുനർജന്മം കൊടുത്തു. അമ്പലം പണിത് കുടിയിരുത്തി.

മന്ത്രകർമ്മങ്ങളിൽ മിടുക്കനായ നമ്പൂതിരിയോടൊപ്പം ഭഗവതിയും കുടും. തിരിച്ച് വരും. ശ്രീകോവിലിൽ മന്ത്രക്കുരുക്കിൽ തളയ്ക്കും. ഒരിക്കൽ കറുത്തവാവ്. ഭരണിനാൾ. പുലർച്ച. നമ്പൂതിരി മന്ത്രകർമം കഴിഞ്ഞ് മടങ്ങുകയായി.  പുഴ കടന്ന് കാവിലെത്തിയപ്പോൾ ഭഗവതി കൂടെയില്ല. തിരികെ അന്വേഷിച്ചു പോയി. കർമം കഴിഞ്ഞ് നടന്നാൽ തിരിഞ്ഞു നോക്കരുത്, തിരിഞ്ഞ് നടക്കരുത് എന്നാണ് പ്രമാണം. അന്ന് അതൊക്കെ മറന്നു.
ദൂരെ വെളിച്ചത്തിൽ പറയൻ ചെപ്പൻ. അസഭ്യ വാക്കുകൾ മന്ത്രം പോലെ ഉരുവിട്ടു കൊണ്ട് മുന്നിലിരിക്കുന്ന കരിങ്കല്ലിനെ പൂജിക്കുന്നു. കണ്ടും കേട്ടും രസിച്ച് ഭഗവതി. നമ്പൂതിരി കോപിഷ്ടനായി. എത്ര കാലത്തെ ഉപാസനയ്ക്കു ശേഷമാണ് ദേവി തന്റെ മുന്നിൽ പ്രസാദിച്ചത്. ക്രുദ്ധനായ നമ്പൂതിരിയുടെ ആജ്ഞകൾ നിരസിച്ച ദേവിയും ക്രുദ്ധയായി. ''സ്വന്തം ആവശ്യങ്ങൾക്കായി എന്നെ കീഴടക്കിയതിനേക്കാൾ ഭക്തി ഈ അധമനുണ്ട് " ഇതു പറഞ്ഞ് ദേവി ചെപ്പന് പ്രത്യക്ഷയായി അര മണിയും പട്ടും കാൽച്ചിലമ്പും അഴിച്ച് വാളോടുകൂടി അവന് കൊടുത്തു. " ഇനി മുതൽ നീയെന്റെ ".  അവൾ അവനെ ആലിംഗനം ചെയ്തു. "നീ എനിക്കായി പിറന്നവൻ, എന്നെ അറിയേണ്ടവൻ, അനുഭവിക്കേണ്ടവൻ, ഇനി നിന്റെ പരമ്പരയിലെ മൂത്ത ആൺ സന്തതി പതിനാറ് തികയുന്നതിന്റ ന്നു മുതൽ എന്റെ ".

നമ്പൂതിരി നോക്കി നിൽക്കെ ചെപ്പൻ പൂജിച്ചു കൊണ്ടിരുന്ന കരിങ്കല്ലിൽ കയറി ദേവി അപ്രത്യക്ഷയായി. നമ്പൂതിരി നിറകണ്ണുകളോടെ ശപിച്ചു.

"ഈ പറയന്മാരുടെ അധമ പ്രവൃത്തികൾക്ക് കൂട്ടുനിന്ന് കൂട്ടുനിന്ന് നിന്റെ ചൈതന്യം നശിച്ചുപോകട്ടെ. എന്റെ മുന്നിൽ വച്ച് കാമക്കൂത്ത് നടത്തിയതിലൂടെ എന്റെ ബ്രഹ്മചര്യവ്രതത്തെ നീ അപമാനിച്ചു. നിന്റെ കാമം ഒരിക്കലും തൃപ്തി കാണാതെ പോകട്ടെ. അത് നിന്നെ ഇവിടെ തളക്കട്ടെ. വെറും തെറിവാക്കുകളാകട്ടെ നിനക്ക് കിട്ടുന്ന മന്ത്രം. ഇവന്റെ പരമ്പര മാത്രമാകട്ടെ നിന്റെ ഉപാസകർ".  നമ്പൂതിരി ചെപ്പനെയും ശപിച്ചു. " ഇടിത്തീ നീണ് നിന്റെ കുലം മുടിഞ്ഞു പോകട്ടെ." ചെപ്പന്തറ താവഴിക്കു മേൽ വീണ ഈ ശാപം നൂറ്റമ്പത്താറു കൊല്ലം കൊണ്ടേ പൂർത്തിയായുള്ളൂ.

കരിമാണ്ടി, ചെപ്പന്റെ തലമുറയിലെ ഇപ്പോഴത്തെ കണ്ണി. ജീവിച്ചിരിക്കുന്ന അവസാനത്തെ ആശിതൻ. കാളിക്കു വിളക്കുവെയ്ക്കണം. പൂജ മുടക്കാനാവില്ല...
കരിമാണ്ടിക്ക് ഒരു മകൻ. മകന്റെ ജനനത്തിനു മുമ്പേ കരിമാണ്ടിയുടെ വീഴ്ച. കാളി ചതിച്ചു എന്ന് പറക്കാടത്തി. കരിമാണ്ടിയുടെ മരണം. വെള്ളമായന് പതിനാറു തികഞ്ഞു. ദേവി അവനരികിലെത്തി. അവൾക്കുള്ളതാണ് അവൻ......

ദേവി അവന് നൽകിയ സിദ്ധി എന്ത്...?

ഗ്രാമവാസികൾ അവന്റെ മാറ്റം ഉൾക്കൊണ്ടതെങ്ങനെ..?

പറക്കാളിയുടെ സങ്കടം എന്തായിരുന്നു...?

തന്റെ മകന്റെ ജീവൻ രക്ഷിക്കാൻ അവൾ ചെയ്തതെന്ത്...? 

കരിമാണ്ടിയെപ്പോലെ വെള്ളമായനേയും രക്ഷിക്കാൻ കാളി വരില്ല എന്ന് പറക്കാളിക്ക് തോന്നാൻ കാരണം...?

വായനയുടെ നോവും, സുഖവും, ചാരുതയും അറിയുവാൻ 
പ്രിയ കൂട്ടുകാരേ വായിക്കൂ.... ഒടിയൻ
മനോഹരമായ നോവൽ. 
             🌷🌷🌷
സബുന്നിസാ ബീഗം.
ഒടിയൻമാർ രാത്രി കാലങ്ങളിലെ പേടി സ്വപ്നമായിരുന്ന ഒരു ഇരുണ്ട കാലം തെക്കൻ മലബാറിൽ ഏതാണ്ട് 80 വർഷം മുമ്പുവരെ നിലനിന്നിരുന്നു.
മാന്ത്രികതയിലും അനുഷ്ഠാനത്തിലും തളക്കപ്പെട്ട നിലയിലുള്ള ഒറ്റപ്പെട്ട കൊലപാതകങ്ങൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അനുഷ്ഠാന ദുരാചാരമായിരുന്നു ഒടിമറിയൽ.
ഒടി മറിയുക എന്നാൽ വേഷം മാറുക എന്നർത്ഥം. നേരം ഇരുട്ടിയാൽ അനുഷ്ഠാനപരമായ ചില പൂജകൾക്കു ശേഷം ഒടിമറിയാൻ തയ്യാറാകുന്ന വ്യക്തി പൂർണ്ണ നഗ്നനായ ശേഷം ചെവികളിൽ പിള്ള തൈലം/പിണ്ണതൈലം എന്നൊരു മാന്ത്രിക എണ്ണ പുരട്ടുന്നതോടെ ആഗ്രഹിക്കുന്ന ഏതെങ്കിലും മൃഗ രൂപം പ്രാപിക്കുകയോ അല്ലെങ്കിൽ അദൃശ്യനാകുകയോ ചെയ്യുമെന്നാണ് വിശ്വാസം.
ഈ മാന്ത്രിക വിശ്വാസത്തിന്റെ ബലത്തിൽ സവർണ്ണ ഹിന്ദു മതത്തിന്റെ കണ്ണിലെ കരടായി കണക്കാക്കിയിരുന്ന അവർണ്ണ (തിയ്യർ) ഹിന്ദുക്കളായ പ്രമുഖരേയോ മുസ്ലീംങ്ങളെയോ (ജോനകർ / മാപ്പിളമാർ ) ഒളിഞ്ഞിരുന്ന് ആക്രമിച്ച് കൊല്ലുക എന്നതാണ് ഒടിയന്റെ രീതി. ഇരയുടെ പിന്നിലൂടെ ഓടി വന്ന് ഒരു വടി കൊണ്ട് പിൻകഴുത്തിൽ ഇടിച്ച് ഇരയെ വീഴ്ത്തുകയും, വീണ് കിടക്കുന്ന ഇരയുടെ കഴുത്തിൽ വടി വച്ച്, രണ്ട് വശങ്ങളിലുമായി വടിയിൽ കയറി നിന്ന് നട്ടെല്ല് പൊട്ടുന്ന വിധം വടിയിൽ ചവിട്ടു കയുമാണ് ചെയ്യുക. ഇര മൃത പ്രായനായെന്നു കണ്ടാൽ ഒടിയൻ ഓടി രക്ഷപ്പെടും.(പൊതുവെ പാവം ഭീരുവാണ് ) പലപ്പോഴും സ്വന്തം വീട്ടുപടിക്കൽ വച്ചു നടക്കുന്ന ആക്രമണമായതിനാലാകണം പാതി ജീവനിൽ ഇഴഞ്ഞ് പൂമുഖത്തെത്തി രക്തം ചർദ്ദിച്ച് മരിക്കകയാണ് ഇരയുടെ വിധി.
ഒടി മറിയാനുള്ള മാന്ത്രികമരുന്നായിരുന്ന പിള്ള തൈലം തയ്യാറാക്കുന്നതിലും ക്രൂരമായ വംശഹത്യയുടെ ഗൂഢാലോചന ഉണ്ടായിരുന്നു. അവർണ്ണ / തിയ്യ തറവാടുകളിലെ ഗർഭിണികളായ സ്ത്രീകളുമായി സ്നേഹവിധേയത്വം കാണിച്ച് അടുത്തുകൂടുന്ന ഒടിയ കുടികളിലെ സ്ത്രീകൾ കാലു തടവിക്കൊടുക്കുന്നതിനിടയിൽ ചില മർമ്മ പ്രയോഗങ്ങളിലൂടെ ഗർഭിണികളുടെ ഗർഭം അലസിപ്പിക്കുന്നതായും മാസ്മരിക വിദ്യയിലൂടെ ഗർഭിണികളെ ആത്മഹത്യക്കു പ്രേരിപ്പിച്ചിരുന്നതായുമൊക്കെ കഥകൾ കേട്ടിട്ടുണ്ട്. ഇങ്ങനെ ഗർഭിണിയായിരിക്കെ ആത്മഹത്യ ചെയ്യുന്ന അവർണ്ണ / ഈഴവ സ്ത്രീകളുടെ മൃതശരീരത്തിൽ നിന്നും ശേഖരിച്ചിരുന്ന ഗർഭസ്ഥ ശിശുവിന്റെ ശരീരം വാറ്റിയെടുത്തുണ്ടാക്കിയിരുന്ന മാന്ത്രിക മരുന്നാണത്രേ പിള്ള തൈലം!
അദൃശ്യമാകാനുള്ള മരുന്നിന്റെ നിർമ്മാണ രീതി തന്നെ വംശീയ ഉന്മൂലനത്തിന്റെ രാഷ്ട്രീയം പ്രകടമായി കാണാം.
ഒടി മറിഞ്ഞ് ഉദിഷ്ട കൊലപാതകം നടത്തി വരുന്ന ഒടിയൻ കലിയടങ്ങാതെ തന്റെ കുടിലിനു ചുറ്റും ഓടുമെന്നും, ആ സമയത്ത് ഒടിയ കുടിയിലെ സ്ത്രീ അടുക്കളയിൽ നിന്നും കാടിവെള്ളം ഒടിയന്റെ തലയിലൂടെ ഒഴിക്കുന്നതിലൂടെ മാത്രമെ ഒടിയന്റെ കലിയടങ്ങി പൂർവ്വ രൂപം പ്രാപിക്കുകയുള്ളു. ഈ പ്രവർത്തിക്ക് ഒടിയ സ്ത്രീ താമസിക്കുന്ന പക്ഷം, ഒടിയൻ തന്റെ കുടുബത്തിലെ സ്ത്രീയെയും ക്രൂരമായി വലിച്ചു കീറി കൊന്നിരുന്നത്രേ!
ഒടിയന്മാർ എന്ന പേരിലുള്ള വാടക കൊലയാളികൾ ഏറ്റവുമധികം ഉണ്ടായിരുന്ന പ്രദേശമായിരുന്നു ചിത്രകാരന്റെ ജന്മദേശമായ പെരിന്തൽമണ്ണ, അങ്ങാടിപ്പുറം, മങ്കട പ്രദേശങ്ങൾ. 1940 കളിൽ പോലും മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ഒടിയൻ കൊലപാതകങ്ങൾ നടന്നിരുന്നു. വൈദ്യുത വഴി വിളക്കുകൾ വിപുലമായി സ്ഥാപിക്കപ്പെട്ടതോടെയാണ് ഒടിയന്മാർ രംഗം വിട്ടതെന്നു പറയാം. കാരണം, രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറവു പറ്റിയാണ് ഒടിയന്റെ ഒടി വിദ്യ അരങ്ങേറിയിരുന്നത്. ഒളിച്ചും പതുങ്ങിയുമിരുന്ന് മുൻ നിശ്ചയിച്ച ഒറ്റപ്പെട്ട പതിവു യാത്രക്കാരനെ അപ്രതീക്ഷിതമായി പിന്നിൽ നിന്നും ആക്രമിച്ച് കൊലപ്പെടുത്തുക എന്ന ദൈവീകമായ അനുഷ്ഠാന കർമ്മമാണ് ഒടിയൻ നിർവ്വഹിച്ചിരുന്നത്. ഇരയായ യാത്രക്കാരനെ കൊള്ളചെയ്യുക എന്നതൊന്നും ഒടിയന്റെ ലക്ഷ്യമല്ല. [രാത്രി 9:14 -നു, 16/10/2017] അനിൽ ചെണ്ടപ്പുറായ: സ്ഥലത്തെ നാടുവാഴികളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശ പ്രകാരം പ്രധാനികളായ ഈഴവ-തിയ്യരെ / ആശാരി / മൂശാരി / തട്ടാൻ / മാപ്പിള തുടങ്ങിയ അവർണ്ണരെ കൊന്നൊടുക്കി, അവരുടെ സ്വത്ത് കയ്യടക്കുക, അവർണ്ണ കുടുംബത്തെ വഴിയാധാരമാക്കുക തുടങ്ങിയ ബ്രാഹ്മണിക തന്ത്രങ്ങൾ വളരെ വിദഗ്ദമായി നടപ്പാക്കാനായി നിയോഗിക്കപ്പെട്ടിരുന്ന വാടക / അനുഷ്ടാന കൊലയാളികളായിരുന്നു ഒടിയന്മാർ. അകാരണവും, മനുഷ്യത്വ രഹിതവുമായ കൊല മനസ്സാക്ഷിക്കുത്തില്ലാതെ നടത്താനുള്ള ന്യായീകരണമായായിരിക്കണം കൊലപാതകത്തെ അനുഷ്ഠാനമായി വ്യവസ്ഥപ്പെടുത്തിയത് എന്നു കരുതാം.
സത്യത്തിൽ ഒടിയന്മാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൊലയാളികൾ മഹാ പാവങ്ങളും മൂല്യബോധവും നന്മയും ഉള്ള ദരിദ്രരായ ഗോത്ര ജനവിഭാഗത്തിൽ നിന്നുള്ളവരാണ്. കുട്ടിക്കാലത്ത് കേട്ടിട്ടുള്ളത് ജനപ്രിയ പാട്ടുകാരുടെ മഹത്തായ പൈതൃകമുള്ള പാണർ എന്ന ഗോത്രക്കാരിൽ നിന്നുള്ള ചിലരെയാണ് സവർണ്ണ ഭരണാധികാരികൾ അധാർമ്മികരാക്കി, ഈ അനുഷ്ഠാനത്തിനായി തിരഞ്ഞെടുത്തിരുന്നത് എന്നാണ്.
ഒടിയന്മാർക്ക് കൊല്ലാനാകാത്ത വിധം പ്രമുഖരായ/ കളരിഅഭ്യസികളായ അവർണ്ണരെ കൊല്ലാൻ നിയോഗിക്കപ്പെട്ടിരുന്ന വിദഗ്ദ ഒടിയനെ വെള്ളൊടികൾ എന്നു പറഞ്ഞിരുന്നത്രേ! ഇവർ ഒടി വിദ്യ നടത്തിയാൽ ഇരകൾക്ക് കളരി ചികിത്സകളിലൂടെയുള്ള മറുവൊടിയിലൂടെ രക്ഷപ്പെടാനുള്ള സാധ്യത പോലും വിരളമായിരുന്നത്രേ! സുഗന്ധം കലക്കിയ മയക്ക് മരുന്ന് മണപ്പിച്ച് മയക്കിയ ശേഷം കഴുത്ത് ഒടിച്ച് ആണ് കൊലപ്പെടുത്തിയിരുന്നത്. കൊലപ്പെടുത്തേണ്ട ആളെ നിരന്തരം വീക്ഷിച്ച് പോകുന്ന വഴിയിൽ ഈ മയക്ക് മരുന്ന് മണപ്പിക്കും പിന്നെ വലിച്ച് കൊണ്ട് പോയി മരച്ചില്ലകളുടെ ഇടയിലോ വേരിന്റെ ഇടയിലോ തല കയറ്റി വെച്ച് ശരീരം തിരിച്ച് കഴുത്ത് ഒടിക്കും. മരണപ്പെടുന്നവരുടെ കഴുത്ത് ഒടിഞ്ഞിരുന്നതിനാലാണ് ഒടിയൻ എന്ന പേര് വന്നത് എന്നനുമാനിക്കുന്നു. 
ചില സമയങ്ങളിൽ മയക്കിയ ശേഷം ഉരുളൻ കല്ലോ അച്ചിങ്ങയോ മലദ്വാരത്തിൽ അടിച്ച് കയറ്റും. ഇവർ ഒരാഴ്ചക്കുള്ളിൽ ചോര വിസർജിച്ച് മരിക്കും.
നല്ല മനക്കരുത്തുള്ളവർക്ക് ഒടിയനെ കീഴ്പെടുത്താമെന്നാണ് തൃശ്ശൂർഭാഗത്തോള്ള കഥ .ഒടിയന്റെ മുന്നിൽ പെട്ടാൽ തിരിഞ്ഞോടാതെ ഭയപ്പെടാതെ നമ്മുടെ വസ്ത്രം എല്ലാം അഴിച്ച് പരിപൂർണ നഗ്നനായി ഒടിയനെ വലംവച്ച് കളം വരച്ച് മുഖത്ത് ആഞ്ഞടിക്കണം .വായിലുള്ള മാന്തികമരുന്ന് തെറിച്ച് പുറത്ത്പോകുന്നപോലെ ശക്തിയായി അടിക്കണം
മന്ത്രമറിയുന്നവരുടെ അടുത്തേക്ക് ഒടിയൻ വന്നാൽ , വ്രത്താകൃതിയിൽ കളം വരഞ്ഞു അതിൽ മന്ത്രം ചൊല്ലി കത്തി കുത്തിയാൽ പുലരുന്നത് വരേ ഒടിയന് അതിൽ നിന്നും പുറത്ത് രക്ഷപെടാൻ കഴിയില്ലന്നും നേരം പുലർന്നാൽ സ്വന്തം ശരിരം തിരിച്ചുകിട്ടുമെന്നും കേട്ടിട്ടുണ്ട്. കാളയുടെ രൂപം പ്രപിച്ചുവരുന്ന ഒടിയൻ മാരെ പുലരുവോളം നിലം ഉഴുതശേഷം മാപ്പ് കൊടുത്തു വിടാറുണ്ടായിരുന്നത്ര ചില മന്ത്രമറിയുന്നവർ.
പ്രജിത ടീച്ചർ വക👆🏼

ഇവിടെ ഒടിയനു മുന്നിൽ പൂർണനഗ്നയായ കാളി പ്രത്യക്ഷപ്പെടാറുണ്ട്...
പിള്ള തൈലവും അതിന്റെ നിർമാണവും ഉപയോഗവുമൊക്കെ പ്രജിത ടീച്ചർ പറഞ്ഞതുപോലെ കഥയിലുമുണ്ട്.. അതുപോലെ ഒടിയൻ കൊലപാതകിയാകുന്നില്ല.... എന്നാൽ കാളി പ്രീതയായി കഴിയുമ്പോൾ അടുത്ത മരണത്തിന്റെ സൂചന ഒടിയനു കൊടുക്കുന്നു.. അല്ലെങ്കിൽ അതു കൊടുക്കാനായി കാളി വരുന്നു... ഇടയ്ക്ക് സൂചന കൊടുക്കാതെ തന്നെ ഒടിയനിഷ്ടമായ പെൺകുട്ടിയെ കാളികൊല്ലുന്നു... ചോദിച്ച ഒടിയനോട് 'നീ എന്റെ മാത്രമാണ് ' എന്ന് മറുപടിയും....