16-07-18














കവിത.കെ
മലയാളം അദ്ധ്യാപിക
ജി.ബി എച്ച് എസ് തിരൂർ
📗📗📗📗📗📚📚📚📚📚
കടൽ മുത്ത്
എ.ആൻഡ്രൂസ്
DC ബുക്സ്
📖📖📖📖📖📖📖📖📖📖
ഒരു മത്സ്യത്തൊഴിലാളിയുടെ മുപ്പതു വർഷത്തെ ഡയറിക്കുറിപ്പുകൾ

 അധികമാരും വായിച്ചിരിക്കാനിടയില്ലാത്ത ഒരു പുസ്തകം, പരിചയപ്പെടുത്തുന്നു.സാഹിത്യകാരനോ പ്രശസ്തനോ അല്ലാത്ത, പ്രൈമറി വിദ്യാഭ്യാസത്തോടെ പഠനം അവസാനിപ്പിക്കേണ്ടി വന്ന ഒരു സാധാരണ മത്സ്യതൊഴിലാളിയായ ആൻഡ്രൂസിന്റെ പുസ്തകമാണ് 'കടൽ മുത്ത്‌'. ഉപജീവനത്തിനായി കടലിനെ ആശ്രയിച്ച് അതിനെ ആഴത്തിൽ അറിഞ്ഞ ഒരു വ്യക്തിയുടെ കുറിപ്പുകളാണിത്.  കടൽ നമുക്കെന്നും ഇഷ്ടമാണ്. മതിവരാത്ത കാഴ്ചകളും അദ്ഭുതങ്ങളും സമ്മാനിക്കുന്ന കടലിനെ മാത്രമേ നമുക്കറിയൂ. അതിലപ്പുറം കടലിനെ അറിയാൻ സഹായിക്കുന്ന ഒരു പുസ്തകമാണി ത്.കടലിന്റെ നിറം മാറ്റം, വ്യത്യസ്ത ഭാവങ്ങൾ, മീനുകൾ, അവയുടെ സവിശേഷതകൾ, പ്രജനനം, മറ്റ് ജീവജാലങ്ങൾ, ചാകര, മീൻപിടുത്ത അനുഭവം, തൊഴിലാളികൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ, ആപത്തുകൾ, ഇവയെല്ലാം കൃത്യമായി പകർന്നു നൽകുന്നു. ഇവിടെ വായന വല്ലാത്തൊരു അനുഭവമായി മാറുന്നു.
  പോർട്ട് കൊല്ലത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളിയാണ് എ.ആൻഡ്രൂസ്. അദ്ദേഹം കടലിൽ പോകുമ്പൊഴൊക്കെ അനുഭവങ്ങൾ ഡയറിക്കുറിപ്പുകളായി എഴുതി സൂക്ഷിച്ചിരുന്നു. ഇങ്ങനെ 30 കൊല്ലം എഴുതിയ കുറിപ്പുകളാണ് കടൽ മുത്ത് എന്ന പേരിൽ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളിയുടെ കടലുമായി ബന്ധപ്പെട്ട ജീവിതാനുഭവങ്ങൾ സമഗ്രമായി നാമിവിടെ അനുഭവിക്കും. കടലിലെ എല്ലാ ജീവജാലങ്ങളും മന:പാഠമാണ് ആൻഡ്രൂസിന്‌. വർക്കല മുതൽ കോരൂത്തോട്ടം വരെ കടലിന്റെ അടിത്തട്ടിന്റെ മാപ്പു വരച്ച്, നഷ്ടപ്പെടുന്ന മത്സ്യസമ്പത്തും മാറുന്ന പരിസ്തിതിയും അദ്ദേഹം അടയാളപ്പെടുത്തുന്നു. മത്സ്യത്തൊഴിലാളിയുടെ വിശ്വാസവും, അന്ധവിശ്വാസവും വിവരിച്ച്, അന്ധവിശ്വാസങ്ങൾക്കു പിന്നിലെ യുക്തി അവതരിപ്പിക്കുന്നതിൽ ആൻഡ്രൂസ് കാട്ടുന്ന മിടുക്ക് കൗതുകകരമാണ്.

     കടലിന്റെ നിറം മാറുന്നതും കാലാവസ്ഥ മാറുന്ന തുമെല്ലാം അമ്പരപ്പിക്കുന്ന വസ്തുകളായി നമുക്ക് തോന്നും. മുസാഫർ അഹമ്മദ് മരുഭൂമിയെ നമുക്ക് മുന്നിൽ നിവർത്തി വച്ചതു പോലെ നമുക്കറിയാത്ത കടലിന്റെ പല മുഖങ്ങളാണ് എഴുത്തുകാരൻ തുറന്നു വെക്കുന്നത്. കടൽ നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും മലിനീകരണം ഉണ്ടാക്കുന്ന ദൂരവ്യാപക ഫലങ്ങളും ആശങ്കകളും ഇതോടൊപ്പം എഴുത്തുകാരൻ പങ്കുവയ്ക്കുന്നുണ്ട്. കടലിനെ അറിയാനും സ്നേഹിക്കാനും സംരക്ഷിക്കാനും പ്രചോദനമാവുന്ന രചനയാണ് അൽപ്പം പഴയ ഈ പുസ്തകം. കടലിനെ സ്നേഹിക്കുന്നവരും അല്ലാത്തവരും വായിക്കുകയും അറിയുകയും ചെയ്യേണ്ട പുസ്തകം എന്ന്  കടൽ മുത്തിനെ വിശേഷിപ്പിക്കാം

🌾🌾🌾🌾🌾


 കവിത ക്ലാരി












കടല്‍ ഒരു പാഠപുസ്തകം - (വി ആര്‍ ജ്യോതിഷ്)


.......അങ്ങനെ കഥ പറയാന്‍ ഞാന്‍ മാത്രം അവശേഷിച്ചു - (മൊബിഡിക്, ഹെര്‍മന്‍ മെല്‍വിന്‍)

കടല്‍ ഒരു കഥയാണ്. ഒരിക്കലും പറഞ്ഞുതീരാത്ത കഥ. കടല്‍ക്കഥ പറഞ്ഞ് നമ്മെ അത്ഭുതപ്പെടുത്തിയവര്‍ ഒരുപാടുണ്ട്. ഹെര്‍മന്‍ മെല്‍വിന്‍, ഹെമിങ്‌വേ മാര്‍കേസ്.... ലോകപ്രശസ്തമായ കടല്‍ക്കഥ പറഞ്ഞവര്‍.

എന്നാല്‍ നമുക്കിടയില്‍ കടലിന്റെ കഥ പറയാന്‍ ഒരാളുണ്ട്. അധികമാരുമറിയാത്ത ആന്‍ഡ്രൂസ്. 

ചരിത്രമുറങ്ങുന്ന കേരളത്തിന്റെ കടല്‍ത്തീരങ്ങളെക്കുറിച്ച് ആന്‍ഡ്രൂസിനോളം അറിവ് ആര്‍ക്കുമില്ല. കടലുമായി പതിറ്റാണ്ടുകളുടെ പൊക്കിള്‍ക്കൊടി ബന്ധമുണ്ട് ആന്‍ഡ്രൂസിന്.

കൊല്ലത്തെ വാടി കടപ്പുറം. പോര്‍ച്ചുഗീസുകാരും ഡെച്ചുകാരും കരിങ്കല്‍കെട്ടിയുണ്ടാക്കിയ കോട്ടകളും കൊത്തളങ്ങളുമൊക്കെയുണ്ടായിരുന്ന കടപ്പുറം. ഇന്ന് അതൊക്കെ ഓര്‍മ്മയാണ്. തീരക്കടലിന്റെ അടിത്തട്ടില്‍ പണ്ടെങ്ങോ കടലെടുത്ത തീരങ്ങളുടെ ഓര്‍മ്മകളുമായി ആ ചരിത്രാവശിഷ്ടങ്ങള്‍ കിടക്കുന്നു. കടല്‍ക്കരയില്‍ തിരമാലകളെ കാലുകൊണ്ടു തഴുകി മത്സ്യത്തൊഴിലാളികളുടെ പ്രിയപ്പെട്ട ആന്‍ഡ്രൂസ് ചേട്ടന്‍. (ആന്‍ഡ്രൂസ് അവര്‍ക്ക് ചേട്ടനാണ്. ഒരു ജന്മം കടലിനെക്കുറിച്ച് പഠിച്ചതിന് നാട്ടുകാര്‍ സ്‌നേഹത്തോടെ നല്‍കിയ പേര്)

'കടലിനടിയിലെ പാറക്കൂട്ടങ്ങളിലേക്ക് പങ്കായം താഴ്ത്തി ചെവിയോര്‍ത്ത് തുടിച്ചുകളിക്കുന്ന മീന്‍കൂട്ടങ്ങളുടെ പാട്ടു കേള്‍ക്കാമായിരുന്നു. ഇന്ന് ചങ്കുതകര്‍ക്കുന്ന നിശബ്ദത മാത്രം.' ആന്‍ഡ്രൂസ് കടലിനെക്കുറിച്ച് പറഞ്ഞു തുടങ്ങുകയാണ്. ഒരു അസ്തമയം സാക്ഷിയാക്കി.

15 ആം വയസ്സിലാണ് ആന്‍ഡ്രൂസ് കടലില്‍ പോയിത്തുടങ്ങുന്നത്. ഏകദേശം 40 വര്‍ഷത്തോളം തുടര്‍ച്ചയായി കടലില്‍ പോയിരുന്നു. ദിവസം 18 ഉം 20 മണിക്കൂറുകള്‍ കടലിലായിരിക്കും. അങ്ങനെയൊരു കണക്കുനോക്കിയാല്‍ 62 വയസ്സിനിടയില്‍ ആന്‍ഡ്രൂസ് കടലില്‍ കഴിഞ്ഞത് 40 വര്‍ഷം. ഉള്‍ക്കടലിലെ പാരുകളില്‍ ചൂണ്ടയെറിഞ്ഞ് ആന്‍ഡ്രൂസ് വലിയ മീനുകളെ കാത്തിരുന്നത് 40 വര്‍ഷം.

ഈ കാത്തിരിപ്പാണ് കടലിനെക്കുറിച്ച് പഠിക്കാന്‍ ആന്‍ഡ്രൂസിനെ പ്രാപ്തനാക്കിയത്. കടലിനെയും അതിനുള്ളിലെ ജീവജാലങ്ങളെയും ആന്‍ഡ്രൂസ് സുക്ഷ്മം നിരീക്ഷിക്കാന്‍ തുടങ്ങി. കടലിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ കഴിയുന്നിടത്തോളം ശേഖരിക്കാനും പഠിക്കാനും തുടങ്ങി. പരമ്പരാഗത മത്സ്യബന്ധനരീതികളും അവയുടെ മേന്മകളും എഴുതിവെച്ചു. ഡയറിക്കുറിപ്പുകളില്‍ വിയര്‍പ്പും ചോരയും കടലുപ്പും കലര്‍ന്ന അനുഭവങ്ങളാണ് ആന്‍്ഡരൂസ് പിന്നീട് പുസ്തകമാക്കിയത്. 'കടല്‍മുത്ത്' എന്ന് പേരിട്ട ഗ്രന്ഥം തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജിലെ പ്രൊഫ. എല്‍മാ ജോസഫ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. ആന്‍്ഡ്രൂസിന്റെ സേവനങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ഈ പരിഭാഷ വന്നതിനുശേഷമാണ്. നാഷനല്‍ ജ്യോഗ്രഫിക് ചാനലും ബി ബി സിയുമെല്ലാം ആന്‍ഡ്രൂസിനെക്കുറിച്ചുള്ള ഡോക്യുമെന്ററികള്‍ സംപ്രേക്ഷണം ചെയ്തു.

കടല്‍ക്കുറിപ്പുകള്‍

കടലില്‍നിന്നു തിരിച്ചുവന്നാല്‍ ആന്‍ഡ്രൂസ് ആദ്യം ചെയ്തിരുന്നത് അന്നന്നുകിട്ടിയ അറിവുകള്‍ എഴുതിവെക്കുകയാണ്. ഈ നിരീക്ഷണങ്ങളാണ് പിന്നീട് പുസ്തകമാക്കിയത്. 


ആന്‍ഡ്രൂസിന്റെ പിതാവ് അമ്പ്രോസും പരമ്പരാഗത മത്സ്യത്തൊഴിലാളിയായിരുന്നു. മക്കളെ പഠിപ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അമ്മ ലൂയിസക്കും അതായിരുന്നു താത്പര്യം. എന്നാല്‍ വീട്ടിലെ സാഹചര്യങ്ങള്‍ മൂന്ന് ആണ്‍മക്കളെ കടലിലേക്ക് തള്ളി. അപ്പോഴും ഇളയവനായ ആന്‍ഡ്രൂസ് പഠിക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. കുട്ടിക്കാലം മുതല്‍ക്ക് കടലിനെയെന്നപോലെ ഫുഡ്‌ബോളിനേയും ആന്‍ഡ്രൂസ് പ്രണയിച്ചു. ഉപ്പുരസമുള്ള മണലില്‍ അയാളുടെ കുഞ്ഞുകാലുകള്‍ പന്തിനു പിറകേ പാഞ്ഞു. ഒരിക്കലും വിജയത്തിന്റെ ഗോളടിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. അതോടെ വീട്ടുകാരുടെ പ്രതീക്ഷയും പൊലിഞ്ഞു. 

ഇവന്‍ പഠിച്ച് കുടുംബം പ ുലര്‍ത്തുമെന്ന് കരുതേണ്ട. അഞ്ചാംപാഠം മടക്കി ആന്‍ഡ്രൂസ് കടലിലേക്കിറങ്ങി. കടല്‍പ്പണിയുടെ കഷ്ടപ്പാടുകള്‍ അറിഞ്ഞ് അച്ഛനും സഹോദരങ്ങളും ആന്‍ഡ്രൂസിനെ വിലക്കി. പുറംപണിയാണെങ്കില്‍ ഇതിനേക്കാളൊക്കെ നല്ല ജീവിതസാഹചര്യങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ പറഞ്ഞു. അങ്ങനെ കൊല്ലം പോര്‍ട്ടില്‍ ആര്‍ഡ്രൂസ് ചുമട്ടുതൊഴിലാളിയായി.

പിന്നീട് വെല്‍ഡിങ് പഠിച്ചു. ഒരു കമ്പനിയില്‍ ജോലികിട്ടി. എന്നാല്‍ അവിടെ നടന്ന സമരത്തില്‍ ആന്‍ഡ്രൂസിന് പണി പോയി. വീണ്ടും കടലമ്മയുടെ വിളികേട്ട് ആന്‍ഡ്രൂസ് വള്ളമിറക്കി. നാലുപതിറ്റാണ്ട് ആന്‍ഡ്രൂസ് കടലിന്റെ അത്ഭുതങ്ങളിലേക്ക് തുഴയെറിഞ്ഞു. രണ്ടുവര്‍ഷമായി വിശ്രമത്തിലാണ്.

ആദ്യം കൂട്ടുകാരോടും ബന്ധുക്കളോടുമൊപ്പമാണ് ആന്‍ഡ്രൂസ് കടലില്‍ പോയിരുന്നത്. പിന്നീടയാള്‍ ഒറ്റക്കു തുഴഞ്ഞു. 30 വര്‍ഷം ആന്‍ഡ്രൂസ് കടലില്‍ പോയതും ഒറ്റക്കായിരുന്നു. തന്റെ ചെറിയവള്ളത്തില്‍ ചൂണ്ടയുമായി. പായ്‌തോണിയില്‍ കാറ്റിന്റെ ഗതിക്കനുസരിച്ച് തോണി സഞ്ചരിച്ചു. തോണിയുടെ പോക്കനുസരിച്ച് ആന്‍ഡ്രൂസിന്റെ ജീവിതവും, കുടുംബത്തിലെ ദാരിദ്ര്യവും ഇല്ലായ്മകളുമായിരുന്നു ഈ ഏകാന്തയാത്രക്ക് കാരണം.

30 വര്‍ഷത്തെ ഡയറിക്കുറിപ്പുകള്‍

30 ല്‍ ഏറെ വര്‍ഷമായി ആന്‍ഡ്രൂസ് സ്ഥിരമായി ഡയറിക്കുറിപ്പെഴുതുന്നു. എഴുതിക്കഴിഞ്ഞ നൂറോളം ഡയറികള്‍ ആന്‍ഡ്രൂസിന്റെ കൊച്ചുവീട്ടിലുണ്ട്. ഓരോ ദിവസത്തേയും ഡയറിക്കുറിപ്പുകള്‍ ഇങ്ങനെ തുടങ്ങുന്നു: 'പുലര്‍ച്ചേ ഫിലോമിന ചായതന്നു.' ഏറ്റവുംകൂടുതല്‍ പ്രാവശ്യം ആവര്‍ത്തിച്ച് എഴുതിയിട്ടുള്ള വാചകവും ഒരു പക്ഷെ, ഇതായിരിക്കാമെന്ന് ആന്‍ഡ്രൂസ്. ഫിലോമിന ആന്‍ഡ്രൂസിന്റെ ഭാര്യയാണ്.

മരണം എപ്പോഴും ആന്‍ഡ്രൂസിന്റെ സഹയാത്രികനായിരുന്നു. 7 ആം വയസിലാണ് ആദ്യം മരണത്തെ മുഖാമുഖം കാണുന്നത്. കൂട്ടുകാരോടൊപ്പം കളിച്ചുനിന്ന ആന്‍ഡ്രൂസിന് കടല്‍ത്തിര വിഴുങ്ങി. കടപ്പുറത്ത് ആള്‍ക്കാരുണ്ടായിരുന്നതുകൊണ്ട് അന്ന് ജീവന്‍ തിരിച്ചുകിട്ടി. ഒരു അമ്മാവനാണ് ആന്‍ഡ്രൂസിനെ തിരയില്‍ നിന്നു കോരിയെടുത്തത്. അടുത്തകാലത്ത് ആ അമ്മാവന്‍ മരിച്ചപ്പോള്‍ ആന്‍ഡ്രൂസ് തന്റെ ഡയറിയില്‍ എഴുതി, വലിയ മുക്കുവന് ഒരിറ്റു കണ്ണുനീര്‍.

ആറേഴുതവണ ആന്‍ഡ്രൂസ് മരണം മുന്നില്‍ക്കണ്ടു. അതിലൊരു സംഭവം ആന്‍ഡ്രൂസ് തന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചിട്ടു: 

' .... ഇന്ന് കടല്‍ ഇളകിമറിഞ്ഞു. എന്റെ ചൂണ്ടിയില്‍ ഒരു തെരണ്ടി കുരുങ്ങി. തോണിയോടടുത്ത തെരണ്ടി വാലുയര്‍ത്തി കുത്താന്‍ ശ്രമിക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു. വലിയ മൂന്ന് മുള്ള് വാലിലുണ്ടായിരുന്നു. ഞാനൊരുവിധം തെരണ്ടിയെ തോണിയോടടുപ്പിച്ച് അതിന്റെ രണ്ടുമൂക്കിലും വിരല്‍ കയറ്റി. തിരവരുന്നതുകണ്ടു ഭയന്ന ഞാന്‍ സമനിലതെറ്റിയ തെരണ്ടിയെ തോണിക്കടുത്തേക്കു മറിച്ചെങ്കിലും തെരണ്ടി തിരിഞ്ഞു പിടിച്ചു. വാലിലെ നീളംകൂടിയ മുള്ള് എന്റെ ഇടതുകയ്യില്‍ മുട്ടിനുതാഴെയായി ഉള്ളിലേക്കു കയറിക്കഴിഞ്ഞു. തിരയില്‍നിന്നു രക്ഷപ്പെടാമെന്നു കരുതിയ ഞാന്‍ സര്‍വശക്തിയുമെടുത്തു മുള്ളു വലിച്ചൂരാന്‍ ശ്രമം നടത്തിക്കൊണ്ടിരുന്നു.

തോണിയെ വിഴുങ്ങാന്‍ വരുന്ന തിരയില്‍നിന്നു രക്ഷപ്പെടാന്‍ ഒരു വിധത്തില്‍ പങ്കായമെടുത്തു. രണ്ടുമൂന്നു തവണ തുഴഞ്ഞു. ഇതിനകം കടലില്‍ എന്റെ ചോര പരന്നിരുന്നു. പെട്ടെന്നു ഞാന്‍ ബോധരഹിതനായി. മരണത്തിന്റെ ഉപ്പുവെള്ളം ഞാന്‍ ഒരുപാടുകുടിച്ചു.

പിന്നീടു സംഭവിച്ചതൊന്നും എനിക്കറിയില്ല. എന്നെയും വലിച്ചുകൊണ്ടു തെരണ്ടി ഉള്‍ക്കടലിലേക്കു പോയി. ആ വഴിയില്‍ കുറച്ചുപേര്‍ വലയെറിയുകയായിരുന്നു. എന്റെ അനുജനും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരെന്നെ രക്ഷിച്ച് ആശുപത്രിയിലാക്കി. ബോധം വരുമ്പോള്‍ ഞാന്‍ ആശുപത്രിക്കിടക്കയിലായിരുന്നു. ദൈവമേ, മറ്റൊരു പുനര്‍ജന്മം.....'


ഉള്‍ക്കടലില്‍ മീന്‍ കാത്തിരിക്കുന്ന മത്സ്യത്തൊഴിലാളിയുടെ ജീവന്‍ കടലമ്മയുടെ കാരുണ്യത്തിലാണ്. മറ്റൊരു അപകടത്തിന്റെ കഥ ആന്‍ഡ്രൂസിന്റെ ഡയറിക്കുറിപ്പില്‍ നിന്ന്. 

'മാര്‍ച്ചുമാസത്തിലെ അവസാന ദിവസം. മനോഹരമായ രാത്രി. മണല്‍ത്തിട്ടയിലിരുന്നപ്പോള്‍ വരാന്‍പോകുന്ന കാലവര്‍ഷത്തിന്റെ അവസാന വെളിച്ചം കണ്ടു. കടലില്‍ തിരമാലകള്‍ ഉയരുന്നു. രണ്ടുദിവസം മുമ്പുണ്ടായ കറുത്തവാവിനു ശേഷം ചന്ദ്രനെ കാണുന്ന ദിവസം. ചന്ദ്രന്റെ ആദ്യത്തെ കഷണം ജലാശയത്തെ ഇളക്കിമറിക്കും. ചൂണ്ടക്കുപോകാന്‍ ഇര വാങ്ങിയരുന്നെങ്കിലും കടല്‍ ഇളകി മറിയുന്നതിനാല്‍ വള്ളമിറക്കാന്‍ സാധിച്ചില്ല. മുഴക്കോല്‍ വെള്ളി നോക്കിയപ്പോള്‍ നേരം പാതിരാ കഴിഞ്ഞ് രണ്ടുമണി. ഭാര്യയെ വിളിച്ചുണര്‍ത്തി കഞ്ഞിവെള്ളം കുടിച്ചുവന്നപ്പോഴേക്കും തിരമാലകള്‍ അല്പം ശാന്തമായി. ചെറിയതോണി കടലിലേക്കിറക്കി.

മീന്‍ തങ്ങുന്ന മരുപ്പാക്കല്ലില്‍ തോണിയെത്തിയപ്പോള്‍ കവര് തീജ്വാലപോലെ കത്തിനിന്നു. വടക്കോട്ടു തുഴഞ്ഞു തിരമാലകള്‍ക്ക് ശക്തിയേറി. ആഞ്ഞുതുഴഞ്ഞ് മീന്‍വാസമുള്ള കൊപ്രാക്കല്ലില്‍ എത്തിച്ചു. തങ്കശേരി ലൈറ്റ് ഹൗസിനു സമീപം കരയോടടുത്ത് കടലിനടിയില്‍ ഒരു മീറ്റര്‍ മുതല്‍ നാലുമീറ്റര്‍ വരെ ആഴത്തില്‍ ചിതറിക്കിടക്കുന്ന കല്ലാണിത്. അവിടെ ചൂണ്ടയിട്ട് അല്പം കഴിഞ്ഞപ്പോള്‍ ഒരു കുറവ മീന്‍ കിട്ടി. വീണ്ടും ചൂണ്ടയിറക്കിയപ്പോള്‍ കടലോട്ടം തുടങ്ങി. തിരമാലകള്‍ക്ക് ശക്തിയേറി. പെട്ടെന്ന് തിരയോട്ടം കൂടിയതിനാല്‍ ഭയന്നുപോയി.

നേരം വെളുക്കുന്തോറഉം നാലുവശവും തിരമാലകളുടെ പതക്കെട്ടായിരുന്നു. തോണി നിറച്ചും വെള്ളം. വെള്ളം കോരി കൈകുഴഞ്ഞു. ദൂരെ ബോട്ടുകളുടെ ആരവം. അലറിവിളിച്ചെങ്കിലും അവര്‍ കേട്ടില്ല. തിരമാലകള്‍ ആര്‍ത്തലറുന്ന ശബ്ദം. മരണം നിശ്ചയം. ഞാനും ഒരുങ്ങി മരണത്തിനായി. ഒരു മീന്‍പിടുത്തക്കാരന്റെ അന്ത്യമായി ചൂണ്ട ചുറ്റിയെടുത്തു. തിരമാലകള്‍ ചീറ്റിയൊഴിക്കുന്ന വെള്ളം കോരിക്കളഞ്ഞുകൊണ്ടിരുന്നു. മനസ്സും ശരീരവും തളര്‍ന്നു. വള്ളത്തില്‍ മരണംകാത്ത് കിടന്നു. കിഴക്ക് വെള്ളകീറിയപ്പോള്‍ തിരമാലകളുടെ ശക്തി കുറഞ്ഞു. പ്രാര്‍ത്ഥിച്ചുകൊണ്ട് തെക്കോട്ടു തുഴഞ്ഞു. ശരീരം വിറച്ചു. കണ്ണില്‍ ഇരുട്ടുകയറി. എത്രനേരം തുഴഞ്ഞാല്‍ കരയെത്തും. അറിഞ്ഞുകൂടാ... എങ്കിലും മരണമെങ്കില്‍ അതെന്നു കരുതി തുഴഞ്ഞു. കുറേനേരം കഴിഞ്ഞിരിക്കണം. ആരൊക്കെയോ അടുത്തുവരുന്നു. മരണം ഒരിക്കല്‍കൂടി തോറ്റു'.

നക്ഷത്രങ്ങളേ കാവല്‍

തീരത്തുനിന്ന് 22 കിലോമീറ്റര്‍ കടന്നാല്‍ കരമറയും. പിന്നെ മറ്റൊരു ലോകമാണ്. ഏകാന്തതയുടെ ലോകം. നോക്കെത്താ ദൂരങ്ങളിലേക്ക് തെന്നിപ്പോകുന്ന തിരകള്‍. ചിലപ്പോള്‍ പതിയെ, ചിലപ്പോള്‍ ദേഷ്യത്തോടെ വീശിയടിക്കുന്ന കടല്‍ക്കാറ്റ്. അപ്പോള്‍ കടലിനൊരു മുഴക്കമാണ്. പിന്നെ മീന്‍ മറിയുന്ന ശബ്ദം. വെടിയൊച്ചപോലെ.

കാറ്റില്ലെങ്കില്‍ കടല്‍ നിഷ്‌കളങ്കമായി ഉറങ്ങുന്ന കുഞ്ഞിനെപ്പോലെയാകും. എവിടെനിന്നോ ഒഴുകിവരുന്ന നനുത്ത സംഗീതം. ചെറിയ ശബ്ദങ്ങള്‍ക്കുപോലും ഉള്‍ക്കടലില്‍ പ്രതിധ്വനിയുണ്ട്.

രാത്രിയില്‍ കിന്നാരം പറയാന്‍ നക്ഷത്രങ്ങളാണ് കൂട്ട്. വര്‍ണവിളക്കുകള്‍ തൂക്കിയ മൈതാനം പോലെ ആകാശം അവിടെ ഉദിക്കുന്ന നക്ഷത്രങ്ങളെ മത്സ്യത്തൊഴിലാളിക്കു തരിച്ചറിയാം. 'വെള്ളി' എന്നാണ് അവര്‍ നക്ഷത്രങ്ങളെ വിളിക്കുന്നത്.

കപ്പല്‍വെള്ളി, ആറാമീന്‍വെള്ളി, കുരിശുവെള്ളി, മുഴക്കോല്‍വെള്ളി, വിടവെള്ളി - നക്ഷത്രങ്ങള്‍ക്ക് ഇങ്ങനെ ഒരുപാടു പേരുകള്‍. ചിലവെള്ളികള്‍ ഉദിക്കുമ്പോള്‍ കടലിനും മാറ്റമുണ്ടാകും. ചില നക്ഷത്രങ്ങളുദിക്കുമ്പോള്‍ മീനുകള്‍ കൂട്ടത്തോടെ വരും. ചിലവ മീനുകളെ ഓടിക്കും. അപ്പോള്‍ വെറും കൈയോടെ തിരിച്ചു പോവുകയല്ലാതെ വഴിയൊന്നുമില്ല. ആന്‍ഡ്രൂസ് പറയുന്നു. ഉള്‍ക്കടലില്‍ ഏകാന്തമാകുന്ന രാത്രികളില്‍ കണ്ണും കാതും തുറന്നിരുന്നാല്‍ കടല്‍ അതിന്റെ മാന്ത്രികലോകം തുറക്കുമത്രേ! ദൂരെ ദൂരെ തെളിഞ്ഞു കത്തുന്ന മായാദീപങ്ങള്‍. ഒളിപ്പിച്ചുവെക്കുന്ന നൂറായിരം രഹസ്യങ്ങളില്‍ ചിലത് കടല്‍ ഈ രാത്രികളില്‍ തുറക്കുന്നു.


പുലിയന്‍ സ്രാവുകള്‍
ഞങ്ങള്‍ വളരെ ഭീതിയോടെയാണ് തീരക്കടലിലെ പാറക്കൂട്ടങ്ങളില്‍ ചൂണ്ടപ്പണി നടത്തുന്നത്, പ്രത്യേകിച്ചും രാത്രിയില്‍. പള്ളിയാക്കല്ലിന്റെ ഗുഹക്കുള്ളില്‍ എവിടെയോ ഭീമാകാരനായ പുലിയന്‍ സ്രാവും ഇണയും തങ്ങിയിരുന്നതായി പ്രായമുള്ള ചൂണ്ടക്കാരനായ ക്ലമന്റ് പറയുഞ്ഞു. പലപ്പോഴും പള്ളിയാക്കല്ലിന്റെ വടക്കുവശത്തുള്ള ചരിവില്‍ ചൂണ്ടയിട്ടിരിക്കുമ്പോള്‍ പുലിയന്‍സ്രാവിനെ കണ്ടതായി പറഞ്ഞിരുന്നു. അവിടെ ചൂണ്ടയില്‍ പിടിക്കുന്ന ഏതൊരു മീനും വള്ളത്തിന്റെ അടുത്തെത്തുന്നതിനു മുമ്പ് പുലിയന്‍ സ്രാവ് പിടിച്ചുകൊണ്ടുപേകും. ഒരുക്കല്‍ ഞാനൊരു നെന്മീനെ പിടിച്ചു വള്ളത്തിലേക്കു വലിച്ചുകയറ്റി നോക്കുമ്പോള്‍ ഒരു അലര്‍ച്ച. നോക്കുമ്പോള്‍ മീനിന്റെ മുക്കാല്‍ ഭാഗം വാക്കകത്താക്കി അലറുകയാണ് ഒരു പുലിയന്‍ സ്രാവ്. ചൂണ്ട ഉപേക്ഷിച്ച് ഞാന്‍ ജീവനുംകൊണ്ട് തുഴഞ്ഞു. (കടല്‍മുത്ത്)

കടലില്‍നിന്ന് കരയിലേക്കു നോക്കിയാല്‍ തങ്കശേരിയിലെ വിളക്കുമാടം കാണാം. അതൊരു നക്ഷത്രം പോലെയാണ്. കരയിലേക്കുള്ള ദൂരം കുറയുംതോറം ഒരു വിളക്കുതെളിച്ചു കിടക്കുന്ന വലിയ കപ്പലുപോലെ കര കിടക്കും. എന്നാല്‍ കടലില്‍നിന്നുള്ള മനോഹരമായ കാഴ്ച സഹ്യപര്‍വതമാണ്. കരക്കാറ്റടിക്കുന്ന ഡിസംബര്‍ മുതല്‍ മാര്‍ച്ചുവരെയുള്ള കാലം മഞ്ഞിന്റെ മറയില്ലാത്ത മലനിരകള്‍ കാണാം. ദൂരെ ദൂരെ നീലക്കൊടുവേലികള്‍ പൂക്കുന്ന മലനിരകള്‍ ഒരു പക്ഷെ, കേരളത്തിലെ ഉള്‍ക്കടലില്‍ നിന്നുമാത്രമേ ഇത്തരമൊരു കാഴ്ചയുണ്ടാവൂ. ആന്‍ഡ്രൂസ് അങ്ങനെയൊക്കെ വിശ്വസിക്കുന്നു.

കടല്‍ വരയ്ക്കുന്നു.
ഇതിനിടയില്‍ ആന്‍ഡ്രൂസ് കടലിനെ വരച്ചു. തീരക്കടലിന്റെ അടിത്തട്ട് മനഃപാഠമാക്കിയ ആന്‍ഡ്രൂസ് വളരെക്കാലത്തെ പരിശ്രമത്തിനു ശേഷമാണ് വര്‍ക്കലമുതല്‍ കോവില്‍ത്തോട്ടം വരെയുള്ള തീരക്കടലിന്റെ അടിത്തട്ട് വരച്ചത്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മത്സ്യസമ്പത്തും മാറുന്ന പരിസ്ഥിതിയും ആന്‍ഡ്രൂസ് തന്റെ 'മാപ്പില്‍' രേഖപ്പെടുത്തി അധികൃതര്‍ക്ക് സമര്‍പ്പിച്ചു. 250 ല്‍ പരം മത്സ്യങ്ങള്‍, പൊറ്റപ്പാരുകള്‍, മണല്‍ത്തിട്ടകള്‍, മണല്‍ക്കൂനകള്‍, മണല്‍ഗര്‍ത്തങ്ങള്‍, പാറക്കൂട്ടങ്ങള്‍, പവിഴപ്പുറ്റുകള്‍ അങ്ങനെ കടലില്‍ എന്തെല്ലാം അത്ഭുതങ്ങള്‍.

സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ കടലിനെ സ്വാധീനിക്കാറുണ്ടെന്ന് ആന്‍ഡ്രൂസ് പറയുന്നു. കറുത്തവാവ്, വെളുത്തവാവ്, അഷ്ടമി ദിവസങ്ങളില്‍ കടല്‍ ഇളകും. കടലിന്റെ അടിത്തട്ടില്‍ ഒരുതരം പൊരിച്ചിലാണ്. അതുകൊണ്ട് മീന്‍ അടിത്തട്ടില്‍ നിന്ന് മുകളിലേക്കു വരും.

കടലിന്റെ നിറം നോക്കിയാലറിയാം എവിടെയാണ് മീനുള്ളതെന്ന്. ചില പ്രത്യക സ്ഥലങ്ങളില്‍ കടലിന് ഇരുള്‍ നിറമായിരിക്കും. അതൊരു മീന്‍പാടമായിരിക്കാം. മീനുകള്‍ കൂട്ടത്തോടെ സഞ്ചരിക്കും. ഇപ്പോള്‍ ഈ ഇരുള്‍ നിറങ്ങളില്ല. കാരണം ട്രോളറുകള്‍ എല്ലാം വാരിയെടുക്കുന്നു.

കടലിന്റെ ഒഴുക്കുനോക്കിയാണ് മീന്‍പിടിക്കാനിറങ്ങുന്നത്. കടപ്പുറത്തുനിന്ന് കാല്‍വിരലുകൊണ്ട് മണല്‍ ഇളക്കിനോക്കും. തീരത്തിന് ഉറപ്പു കൂടുതലാണെങ്കില്‍ കടല്‍ഒഴുക്ക് ഒരു പ്രത്യേക ദിശയിലായിരിക്കും. അതനുസരിച്ച് വള്ളമിറക്കും. കടപ്പുറത്തു നില്‍ക്കുമ്പോള്‍ ആന്‍ഡ്രൂസിന് മഴ പ്രവചിക്കാന്‍ കഴിയും. ചിലപ്പോള്‍ നല്ല തെളിഞ്ഞ അന്തരീക്ഷമായിരിക്കും. കാര്‍മേഘങ്ങള്‍ അന്തരീക്ഷത്തിലെങ്ങും ഉണ്ടായിരിക്കില്ല. എങ്കിലും ആന്‍ഡ്രൂസ് പറയും, 'മറിയേടത്തിയേ... തുണിവാരിക്കോ. മഴ പെയ്യാറായി.' അരമണിക്കൂറിനുള്ളില്‍ നല്ല മഴ പെയ്യും.

പക്ഷെ, ഈ പ്രവചനം എപ്പോഴും ശരിയാവാറില്ലെന്നും ആന്‍ഡ്രൂസ് പറയുന്നു. ശരീരത്തിലേല്‍ക്കുന്ന ചൂടിന്റെ കാഠിന്യമനുസരിച്ചാണ് പലപ്പോഴും മഴ പ്രവചിക്കുന്നത്. അതെങ്ങനെയെന്നു ചോദിച്ചാല്‍ ആന്‍ഡ്രൂസ് പറയും, 'ഒക്കെ ഒരുതരം തോന്നലാ...'


കടലുപോലെയാണ് ആന്‍ഡ്രൂസിന് ജീവിതവും. അഞ്ചുമക്കളാണ് ആന്‍ഡ്രൂസിന്; ഒരാണും നാലു പെണ്ണും. മക്കളെ നല്ല നിലയിലാക്കണമെന്ന് ആന്‍ഡ്രൂസ് കരുതി. എന്നാല്‍ വിധി മറ്റൊന്നാണ് ചെയ്തത്. മക്കള്‍ക്ക് തീരാരോഗങ്ങള്‍ സമ്മാനിച്ച് ആന്‍ഡ്രൂസിന്റെ കണക്കുതെറ്റിച്ചു. മനോരോഗിയായ ഇളയമകനാണ് ഇന്ന് ആന്‍ഡ്രൂസിന്റെ ദുഃഖം.

'സ്വന്തം ദുഃഖം മറക്കാന്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്നോ? മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ ഇടപെടുന്നു. അവരെ ആശ്വസിപ്പിക്കുന്നു. സഹായിക്കുന്നു.' സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ ജനറല്‍ സെക്രട്ടറികൂടിയാണ് ആന്‍ഡ്രൂസ്. കഴിഞ്ഞ മുപ്പത് വര്‍ഷമായി ആന്‍ഡ്രൂസ് ഈ സ്ഥാനം ഏറ്റെടുത്തിട്ട്.

സ്വന്തം ദുഃഖത്തിന് അറുതിയിടാന്‍ നാം എന്തോക്കെ ചെയ്യുന്നു. ഇരുട്ടില്‍ ആന്‍ഡ്രൂസിന്റെ കണ്ണു നനയുന്നു. മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ ഇടപെടാന്‍ ഏതെങ്കിലും പ്രവാചകന്‍ പറഞ്ഞിട്ടുണ്ടോ? ആന്‍ഡ്രൂസിന് അതൊന്നും അറിഞ്ഞുകൂടാ. ഈ മനുഷ്യന്റെ മനസ്സില്‍ കടലാണ്. പുറത്താരുമറിയാതെ അത് ഇരമ്പിക്കൊണ്ടിരിക്കുന്നു. (കടപ്പാട്: വനിത, ജൂലൈ 15-31, 2006)