16-06-18

പ്രണയം നമ്മെ
ഒരു ഫുട്ബോൾ കളിക്കാരനാക്കുന്നു .
നമ്മൾ ഡീഗോ മറഡോണയാകുന്നു.
ദൈവമായിത്തീരുന്നു .
നമ്മുടെ എല്ലാ നീക്കങ്ങളും ദൈവത്തിന്റെ കയ്യൊപ്പാകുന്നു.
നമ്മൾ പെലെ ആകുന്നു.
നിസ്വാർത്ഥ നേട്ടങ്ങളാൽ വിസ്മയമാകുന്നു.
നമ്മൾ സുനിൽ ഛേത്രിയാകുന്നു.
അർഹിക്കുംവിധം ആഘോഷിക്കപ്പെടാത്ത അസാധ്യപ്രതിഭയാകുന്നു.
നമ്മൾ റെനെ ഹിഗ്വിറ്റയാകുന്നു.
അത്രമേൽ അപകടകരമായ അഭ്യാസങ്ങളാൽ കാണികളെ അത്രമേൽ
ത്രസിപ്പിക്കുന്നു .
നമ്മൾ ഏരിയൽ ഒർട്ടേഗയാകുന്നു.
സകലരേയും അത്രമേൽ മനോഹരമായി
വെട്ടിച്ച്‌ വെട്ടിച്ച്‌ ഒടുവിൽ ഗോൾ പോസ്റ്റിനു
മുൻപിൽ വെച്ച്‌ അതിക്രൂരമായി  ചവുട്ടിവീഴ്ത്തപ്പെടുന്നു.
നമ്മൾ ബെബറ്റോയാകുന്നു.
ആഹ്ലാദങ്ങളുടെ തൊട്ടിലാട്ടത്തിൽ
ഒരു കൊച്ചു കുട്ടിയെപ്പോലെ നൃത്തം ചെയ്യുന്നു.
നമ്മൾ എസക്കിയേൽ ലാവേസിയാകുന്നു.
അത്രമേൽ സുന്ദരനാകുന്നു.
എല്ലാവരോടും ചിരിക്കുന്നു.
നമ്മൾ വാൾഡറമയാകുന്നു.
നമ്മുടെ ഹെയർസ്റ്റൈൽ
നമുക്ക്‌ അത്രമേൽ പ്രിയപ്പെട്ടതാകുന്നു.
നമ്മൾ ഫിലിപ്പ്‌ ലാമാകുന്നു.
എത്ര വലിയ ആക്രമണങ്ങളേയും 
പുല്ലുപോലെ പ്രതിരോധിക്കുന്നു.
നമ്മൾ ഈഡൻ ഹസാർഡാകുന്നു.
എപ്പോൾ എവിടെ നിന്ന് എങ്ങോട്ടേയ്ക്കൊക്കെ പാഞ്ഞെത്തുമെന്ന് നമുക്കുപോലും ഒരു പിടിയുമില്ലാതാകുന്നു.
നമ്മൾ ആര്യൻ റോബനാകുന്നു.
അത്രമേൽ മനോഹരമായ താളത്തിൽ മുന്നേറുന്നു. ഒരു ചെറു പിഴവിൽ 
സകല താളവും തെറ്റിപ്പോകുന്നു.
നമ്മൾ ചിലാവർട്ടാകുന്നു.
ഗോൾ തടുക്കാനും ഗോൾ അടിക്കാനും 
ഒരേ സമയം സന്നദ്ധനാകുന്നു.
നമ്മൾ സിദാനാകുന്നു.
വൈകാരികതയിൽ വീണുപോകുന്ന കിടിലൻ മജീഷ്യനാകുന്നു.
നമ്മൾ സുവാരസാകുന്നു.
കടിയും നുള്ളും ഫൗളുകളുമായി
കുരുത്തംകെട്ടവനായിത്തീർന്നിട്ടും പ്രിയപ്പെട്ടവരുടെ ചങ്കാകുന്നു.
നമ്മൾ ക്രിസ്റ്റ്യാനോ റൊണാൾഡോയാകുന്നു.
കൂട്ടിന്‌ ആരുമില്ലങ്കിലും ഒറ്റയ്ക്ക്‌ ജയിക്കാൻ കെൽപ്പുള്ളയാളായിത്തീരുന്നു.
നമ്മൾ റൊണാൾഡീഞ്ഞോയാകുന്നു.
തുടക്കം മുതൽ ഒടുക്കംവരെ കളം നിറഞ്ഞാടുന്നു.
നമ്മൾ ഡേവിഡ്‌ ബെക്കാമാകുന്നു.
ജീവിതമാകെ മഴവില്ലഴകുള്ള ഫ്രീകിക്കാക്കുന്നു.
നമ്മൾ മെസ്സിയാകുന്നു.
ഏതോ അന്യഗ്രഹത്തിൽ നിന്നും ഭൂമിയിലെത്തിയ മാലാഖയാകുന്നു.
നമ്മൾ ദ്രോഗ്ബയാകുന്നു.
സകല പ്രതിരോധങ്ങളേയും തല്ലിത്തകർക്കുന്നു.
നമ്മൾ നെയ്മറാകുന്നു.
ഏത്ര വലിയ പരിക്കേറ്റാലും
അതിശക്തമായി തിരിച്ചെത്തുന്നു.
നമ്മൾ റിക്വൽമേയാകുന്നു.
കളി നമ്മൾ മാത്രം നിയന്ത്രിക്കുന്ന അൽഭുതമാകുന്നു.
കാലമെന്ന കോച്ചിനാൽ
അസമയത്ത്‌ പിൻവലിക്കപ്പെടുന്നു.
നമ്മൾ ആന്ദ്രേ എസ്കോബാറാകുന്നു.
ഒരൊറ്റ സെൽഫ്‌ ഗോളിൽ 
നമ്മൾ തന്നെ അവസാനിക്കുന്നു.
രവി കൃഷ്ണൻ

അർജന്റീന
നീലമേഘങ്ങൾ മാഞ്ഞു പോയാലും
മായാത്ത സൗന്ദര്യമല്ലേ..
നിന്റെ  വിസ്മയം '
മുനിഞ്ഞു കത്തുന്നവിളക്കിന്റെ
പ്രഭ പോലും നീലയാണ്.
ഞാൻ നിന്നെ അർജന്റീനയെന്ന്
വിളിക്കുന്നില്ല.
എന്റെ സങ്കടം, 
പല കൊടുങ്കാറ്റുകൾ
ഒടുക്കിയൊതുക്കിയവന്റെ
അവസാന പോരാട്ടത്തിൽ
ഒരു മിന്നൽ പിണർ
ഉള്ളിനെ പിളർക്കുമോ
എന്നോർത്തു മാത്രമാണ്.
ഒരു ചെറു കാറ്റിൽ -
പറക്കുന്ന എതിരാളികളെ 
നേരിന്റെ ഗോൾമഴയാൽ
ജ്ഞാനസ്നാനം ചെയ്യിച്ച്
അവസാനത്തെ അത്താഴത്തി
നെന്ന പോലെ ഇരുത്തി
പന്തുപോലെ ഉരുട്ടി
അന്നം നൽകണം.
നിന്നെ ഭയന്നുവെന്നതിലാണ്.
സത്യം അറിഞ്ഞ് 
അവർ വേവുന്ന തെങ്കിൽ,
പെനാൽറ്റി കിക്കാൽ
തന്നെ പ്രസാദിപ്പിച്ചേക്കണം.
പന്തിനോളം വരില്ല ഒരു തിരുമുറിവും.
നോവ് നിന്റെതല്ല.
നിന്നിൽവിശ്വാസം ഇല്ലാത്തവരുടേതാണ്.
മുറി വൂതിയുണക്കാൻ
ആകാശവും കടലും കാത്തു നിൽപാണ്.
 നീ പഴയ പോൽ ചെറുപ്പം
പ്രായത്തെഭയപ്പെടാതിരിക്കുക.
നിന്റെ പിഴവകളോട് 
കാർക്കശ്യം കാണിക്കാതെയും 
മഞ്ഞ ചോപ്പ് കാർഡ് കാണാതെയും
വിലയിരുത്താതെയും
കാണികൾ
നിന്നെ പുണ്യജീവിത മായി
വാഴ്ത്തികൊണ്ടിരിക്കും.
' എവിടെയും സൗമ്യമായ
കാറ്റുണ്ടെന്നിരിക്കെ
ഗ്യാലറിയിലെകാറ്റിനെ
ഓർത്ത് അഗ്നി സ്നാനം നടത്താമെന്നിരിക്കെ,
നിഗൂഢമായി പന്തിനെ
പിൻതുടരുക ...
ഗോളടിക്കാതെ
നീ നിരാശനാകുന്നത് 
ഞാനിഷ്ടപ്പെടുന്നില്ല.
അവരിഷ്ടപ്പെടുന്നില്ല ..
കാലുകൊണ്ട് രചിച്ച
കവിതയിൽ
നിന്നുമറിയൂ;നീല വെളിച്ചം.
കടലലറി വിളിക്കുന്നതു
നിന്റെ പേരുമാത്രം...
അജിത്രി

ഇനി ഒരനുഭവക്കുറിപ്പ്👇🏻👇🏻
 'രക്ഷാധികാരി ബൈജു' എന്നെ വല്ലാതെ ആകർഷിച്ചൊരു  സിനിമയാണ് .... കാരണം അതിലുള്ളപോലൊരു ക്ലബ് ഞങ്ങളുടെ നാട്ടിലും ഉണ്ട് . പേര് യുണൈറ്റഡ് ക്ലബ് .അതാത് കാലങ്ങളിൽ നാട്ടിലുണ്ടായിരുന്ന യുവാക്കളുടെ സംഗമ കേന്ദ്രമായിരുന്നു ഈ ക്ലബ് ..... ഇതിൽ ഹൈ സ്കൂളിൽ ഉള്ളവർ തൊട്ടു കോളേജിൽ പഠിക്കുന്നവരും , പഠിത്തം കഴിഞ്ഞവരും , ജോലി ഉള്ളവരും, ഇല്ലാത്തവരും , ജോലി കാത്തിരിക്കുന്നവരും, പത്താം ക്ലാസ് തോറ്റവരും എല്ലാം ഉണ്ട് ... അക്കാലത്തെ ഞങ്ങളുടെ നാട്ടിലെ ക്ഷുഭിത യൗവനങ്ങൾ .....എല്ലാം മിക്കപ്പോഴും ഈ ക്ലബ്ബിലായിരുന്നു സമയം ചിലവഴിച്ചിരുന്നത്. സിനിമയിൽ ഉള്ള പോലെ രക്ഷാധികാരി യുണൈറ്റഡ് ക്ലബ്ബിനും ഉണ്ടായിരുന്നു .... പക്ഷെ കാലാകാലങ്ങളിൽ മാറിക്കൊണ്ടിരിക്കും ...എന്റെ ഒക്കെ കുട്ടിക്കാലത്തു ജയേട്ടൻ ആയിരുന്നു ന്നാണ് ഓർമ .... പിന്നെ അത് ഹര്യേട്ടനായി ......ശേഷം ഉണ്ണ്യേട്ടൻ.......അങ്ങിനെ അങ്ങിനെ ......

രാവിലെ 7 മണിക്ക് തുറക്കുന്ന  ക്ലബ്ബിൽ പാതിരാത്രി കഴിഞ്ഞാലും ആളുണ്ടാവുമായിരുന്നു ..... രണ്ടു ഡെസ്ക് മൂന്നാലു ബെഞ്ച് ഒരു കാരംസ്‌ബോർഡ്  ഒരു ടീവി ... പിന്നെ പുറകിൽ ഒരു കൊച്ചു   ലൈബ്രറിയും ..... ഇത്രയും ആയാൽ യൂണൈറ്റഡ്ക്ലബ് ആയി ....... 

നാട്ടിലെ മുതിർന്നവർക്ക് പക്ഷെ ഈ ക്ലബ്ബ് അത്രക്കങ് ഇഷ്ടമല്ല😤 ....... കാരണം വേറെ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത  ചങ്ക് ബ്രോസ് ( ക്ഷുഭിത യൗവനങ്ങൾക്കു നാട്ടുകാരിട്ട ഓമനപ്പേര് 😆) മുഴുവനും എപ്പോൾ നോക്കിയാലും ഈ ക്ലബ്ബിലാവും. ആരെയും സ്വന്തം വീട്ടിൽ ഒരാവശ്യത്തിന് നോക്കിയാൽ കിട്ടില്ല...... വൈകുന്നേരമായാൽ എല്ലാം കൂടി പന്ത് കളിയ്ക്കാൻ മാട്ടുമ്മൽ ( പുഴയുടെ തീരത്ത് ) പോവും . തിരിച്ചു വന്നാൽ വീണ്ടും ക്ലബ്ബിൽ ......മുതിർന്നവർ അരിശപ്പെടാൻ പിന്നെന്തു വേണം? 
  
ഇങ്ങിനെ ഒക്കെ ആണെങ്കിലും ക്ലബ്ബിലെ  ചങ്ക് ബ്രോസിനെക്കൊണ്ട്   കുറെ ഗുണങ്ങളും ഉണ്ടായിരുന്നു...... ..രാത്രി പെട്ടന്ന് ആർക്കേലും വയ്യായ്ക  വന്നാൽ ആദ്യം അറിയുന്നത് ക്ലബ്ബിലുള്ളവരാവും.....  നമ്മൾ അറിയുന്നതിന് മുന്നേ അവർ ആരെങ്കിലും ഓടിയിട്ടുണ്ടാവും ആശുപത്രിയിലേക്ക് പോവാൻ വണ്ടി വിളിക്കാൻ. വൈകുന്നേരം വേട്ടേക്കരൻ  കാവിലേക്കു പോവുമ്പോ 'അമ്മ  പറയും ..... "ഇരുട്ടാവുന്നു  ക്ലബ്ബിൽ ഏട്ടന്മാർ  ആരെങ്കിലും കാണും അവരോടു  ഒന്നങ്ങട് അമ്പലത്തിലേക്ക് ആക്കി തരാൻ പറയോണ്ടു" ...
 പാതിരാത്രി ആയാലും ക്ലബ്ബിൽ ആളുണ്ടാവും എന്നുള്ളതിനാൽ കള്ളന്മാർക്ക് അത്ര എളുപ്പത്തിൽ ആ പ്രദേശത്തുള്ള വീടുകളിലൊന്നും കേറാൻ പറ്റില്ല .

അങ്ങിനെ ഈ ക്ലബ്ബും അതിലെ   ചങ്ക് ബ്രോസും ഞങ്ങളുടെ ഗ്രാമത്തിനെയും ഇവിടുത്തെ തരുണീമണികളെയും കാവൽ ഭടന്മാരെ പോലെ സംരക്ഷിച്ചു പോന്നു

ഇതിനൊക്കെ പുറമെ ഓണം ,
വിഷു , ക്രിസ്മസ് എല്ലാത്തിനും ക്ലബ്ബിൽ ആഘോഷങ്ങളുണ്ടാവും . മത്സരങ്ങളും പാട്ടും ഡാൻസും  മിട്ടായി പെറുക്കലും ബലൂൺ പൊട്ടിക്കലും ...... എന്ത് രസമായിരുന്നു ആ കാലം. 

ഇതൊക്കെ ഇപ്പോൾ ഓർക്കാൻ കാരണം വേൾഡ് കപ്പ് ആണ് ....  അവിടെ  ഗ്രാമത്തിലെ ആ ക്ലബ്ബിൽ  ഇപ്പോൾ ടീവിക്ക്‌ ചുറ്റും ചങ്ക് ബ്രോസ് സമ്മേളിച്ചിട്ടുണ്ടാവും .... ആർപ്പും വിളിയും കൂക്കുവിളിയുമൊക്കെ ആയി ........
ചെറുപ്പത്തിൽ എന്റെ ഒരു വെല്യ മോഹമായിരുന്നു ..... ക്ലബ്ബിൽ പോയി സെറ്റ് കൂടി ഇരിക്കാന്നുള്ളത് .
പെൺകുട്ടി ആയതു കൊണ്ട് അതൊന്നും അനുവദനീയമല്ലായിരുന്നു ......അതെന്നും ഏട്ടന്മാർക്കു മാത്രം അവകാശപ്പെട്ടതായിരുന്നു 😔.....  

അടുത്ത ജന്മം എനിക്കൊരാൺകുട്ടിയായി ജനിക്കണം ......നാട്ടിലെ ആ ക്ലബ്ബിൽ പോയി ഇരുന്നു കാരംസ്  കളിക്കണം .... പഠിത്തം കഴിഞ്ഞു  ജോലിയൊന്നുമില്ലാതെ ഇരിക്കുമ്പോ വീട്ടിൽ നിന്നും 'അമ്മ ചീത്ത പറയുന്നത് കേൾക്കാതിരിക്കാൻ ക്ലബ്ബിൽ പോയി അന്നത്തെ പത്രങ്ങൾ അരിച്ചു പെറുക്കണം  ..... സന്ധ്യക്ക്‌ വേട്ടേക്കരൻ കാവിൽ നിന്നും തൊഴുതു മടങ്ങുന്ന   പെൺകുട്ടികളെ സുരക്ഷിതമായി അവരവരുടെ വീടുകളിലേക്കാക്കി കൊടുക്കണം..... അവരിലൊരാളെ   ആരുമറിയാതെ പ്രേമിക്കണം💖.... കോലോത്തുവീട്ടിലെ ചകിരി മാമ്പഴം പെറുക്കാൻ വരുന്ന കുട്ടിപട്ടാളങ്ങൾക്കു എത്താത്ത കൊമ്പിലെ മാമ്പഴങ്ങൾ കല്ലെറിഞ്ഞു വീഴ്ത്തി കൊടുക്കണം .
വൈകുന്നേരം മാട്ടുമ്മൽ പോയി പന്ത് കളിക്കണം..... രാത്രി ഉറങ്ങാതെ ക്ലബ്ബിലിരുന്നു സൊറ പറയണം ...... എന്നെ തിരക്കി ക്ഷുഭിതനായി എത്തുന്ന അച്ഛന്റെ ടോർച്ചു വെളിച്ചത്തിനു പിറകെ  മറുത്തൊരക്ഷരം പറയാതെ കൂടെ പോകണം . വേൾഡ് കപ്പ് വരുമ്പോ ഉറക്കമൊഴിഞ്ഞിരുന്നു കളി കാണണം.....

 വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും .......വെറുതെ മോഹിക്കുവാൻ മോഹം .....
നിഷ വിക്രം

കാലത്തിന്റെ  താക്കോൽ
ക്ലോക്കിനുള്ളിൽ മരിച്ചുകിടന്ന സമയത്തിന്റെ 
നിലവിളികളെ  മറന്ന് 
പിന്നെയും കുതിക്കുന്ന 
ജീവൽ  സൂചികളെ..... 
പ്രതാപങ്ങൾ  ഉരുക്കിയൊഴിച്ച 
കാലത്തിന്റെ  താക്കോൽ 
ദൈവം  ഏല്പിച്ചത് 
നിങ്ങളെയായിരുന്നുവോ...
കലാപങ്ങളിൽ  ഉടഞ്ഞുപോയ നിലവിളികളെ പകുത്തെടുത്ത് 
ഭൂമിയിലെ  പുതുസ്പന്ദനങ്ങൾക്ക് 
താളം  നൽകുമ്പോൾ 
മരിച്ചു മരവിച്ച 
തെരുവുകളുടെ തേങ്ങൽ 
നിങ്ങൾ കേട്ടിരുന്നുവോ... 
തെരുവ്  വേശ്യയുടെ 
വിലപേശിയുറപ്പിച്ച 
ചതഞ്ഞ  രാത്രിയുടെ 
അവസാന  യാമങ്ങൾ 
ഇഴഞ്ഞലയുന്നത്  
നിങ്ങൾ  കണ്ടിരുന്നുവോ... 
ഇറച്ചിവെട്ടുകാരന്റെ 
കത്തിയിൽ  പടർന്ന 
ചുവന്ന  ജീവന്റെ  മിടിപ്പുകൾ മറന്ന് 
വെട്ടിയരിഞ്ഞ  ഇറച്ചിത്തുണ്ടുകളിൽ 
അവസാനത്തേതിലും 
ജീവനുണ്ടായിരുന്നുവെന്ന് 
തിരിഞ്ഞു  നോക്കിയപ്പോഴെങ്കിലും 
നിങ്ങളറിഞ്ഞിരുന്നുവോ... 
കൊടുങ്കാറ്റ്  പുഴക്കിയെറിഞ്ഞ 
വന്മരത്തിന്റെ വേരുകൾക്ക്
മരണത്തിന്റെ  മണമുണ്ടായിരുന്നുവെന്നും
ഇറുകെപ്പുണർന്നടർന്ന 
മണ്ണിന്
ഗദ്ഗദത്തിന്റെ നനവുണ്ടായിരുന്നുവെന്നും 
നിങ്ങളറിയുന്നുവോ 
ഉപ്പുറങ്ങിയ  
കടൽ വെള്ളത്തിന്  
വെൺശംഖിന്റെ സ്വപ്നങ്ങളുടെയും 
കടൽപുത്രിയുടെ  കണ്ണുനീരിന്റെയും 
ചവർപ്പായിരുന്നുവെന്ന് 
നിങ്ങളെപ്പോഴെങ്കിലും 
അറിഞ്ഞിരുന്നോ...... 
റൂബി  നിലമ്പൂർ

മഞ്ഞുപെയ്യും
തണുപ്പുള്ളരാത്രിയിൽ
നക്ഷത്രങ്ങളെല്ലാം
സൂര്യനുചുറ്റും വട്ടത്തിലിരുന്ന്
കുളിർകായുന്നു
വരാന്തയിലെ തിയ്യിൽ
മഴവന്നിരുന്നിരുന്ന്
പുകയുന്നുണ്ട്
സന്ധ്യകളെന്നുമെനിക്ക്
ഈ കോഴിക്കുഞ്ഞുങ്ങളെ
തീകാച്ചി കൂട്ടിലിടുന്നതൊരു
വിനോദമാണ്
കൊക്കുകൾക്കൊണ്ട്ക്കൊത്തുന്നത്...
കൂട്ടമായുള്ളയവയുടെയൊച്ച മഴ
കൊലുസിട്ടതുപോലെകേൾക്കും

എന്നിരുന്നാലുമവകളുടെ കൂട്
പരുന്തുകൊണ്ടുപോയി
വിശപ്പായിരുന്നതിന് .....
അശോകൻ മറയൂർ

മഴക്കാറ്റ്
എവിടെയോ 
മഴ പെയ്യുന്നുണ്ടാവണം,
ഒരു തണുത്ത കാറ്റ്
വരുന്നുണ്ട്.
മഴയോരത്തെവിടെയോ
ആരോ
പാടുന്നുണ്ടാവണം
കാറ്റിലൊരു സുഗന്ധമുണ്ട്
പാട്ട് കേട്ട്
മരമേതോ
പൂത്തുലഞ്ഞതാവണം
കാറ്റിലൊരു കൊലുസ്സ്
കിലുങ്ങുന്നുണ്ട്.
കൊലുസ്സിനെയോർത്താരോ
കരച്ചിലടക്കിയതാവണം
കാറ്റൊരു നെടുവീർപ്പാണ്.
മോഹനകൃഷ്ണൻ കാലടി

ആൺ,വരയാടുകളുടെ സങ്കീർത്തനങ്ങൾ
 മൗനങ്ങളിൽ,മഴ പെയ്യുമ്പോഴാണ്-
വസന്തങ്ങളുണ്ടാകുന്നത്
നമ്മൾ, ഓർമ്മകളിൽ പെറ്റു വീണ
രണ്ടിണ വരയാടുകൾ
നീലക്കുറിഞ്ഞികളുടെ പ്രണയ'ലോകം
നീ പൂക്കളുടെ അധിപ
പൂമ്പാറ്റകളുടെ കൂട്ടുകാരി
വരയാടുകളുടെ ലോകത്തെ തമ്പുരാട്ടി
വസന്തം ഇലപ്പച്ചകളുടെ -
കടിഞ്ഞാണഴിച്ചു വിടുന്നു
പൂക്കളെ,സ്വതന്ത്രയാക്കുന്നു
വേനലിനെ,നിഴലിലേക്കൊതുക്കുന്നു
മഴയെ,വർണ്ണങ്ങളുടെ അലങ്കാരമണിയിക്കുന്നു
മഴവില്ലുടുത്ത് പൂക്കളിൽ നൃത്തം ചെയ്യുന്നവളേ
നിന്റ കൊമ്പുകളിൽ മാമരം പൂക്കുന്നു
വാക്കിന്റ പക്ഷികൾ-
നിന്നിൽ നിന്നു പുറപ്പെടുന്നു
രാപ്പൂക്കളുടെ,കൂട്ടുകാരി
ഇത് നമ്മുടെ വസന്തത്തിന്റ അന്ത്യം
ആകാശം ചെന്നിറമണിയുകയും
പുൽമേടുകളിലേക്ക് -
ഉഷ്ണത്തെ,തുറന്നു വിടുകയും ചെയ്യുന്നു
നീ കുന്നുകളിൽ...
നീലക്കുറിഞ്ഞിപ്പാറകളിൽ അദൃശ്യയാകുന്നു
നമ്മുടെ പുൽമേടുകൾ
നീലാകാശങ്ങളിലെ,കുഞ്ഞാട്ടിൻ പറ്റങ്ങൾ
നിന്നിലേക്കദൃശ്യരാകുന്ന,മരുപ്പച്ചകൾ
നീലക്കുറിഞ്ഞിപ്പൂക്കളുടെ വസന്ത വിസ്മയം
നീയദൃശ്യമായിടത്ത് മരുഭൂമി പൂവിടുന്നു
ഇത് മൗനങ്ങളുടെ മരുഭൂമി
വേനൽ വിഴുങ്ങിയ -
നീലക്കുറിഞ്ഞി വിത്തുകൾ
ഒറ്റക്കായവരുടെ വിരഹലോകം
ഒരു മഴ പെയ്യുകയും
ഒരു വസന്തം വിടരുകയും ചെയ്യപ്പെടട്ടെ
ആൺ,വരയാടുകളുടെ സങ്കീർത്തനങ്ങളിൽ 
വേറെന്തു പ്രതീക്ഷയാണുള്ളത്?
ശലഭം നിരണംകാരൻ

ഇണചേരൽ
അവനുമവൾക്കും
നാണമേയില്ല .
എത്ര പരസ്യമായാണവർ
ഇണചേരുന്നത്.
നാട്ടിലൂടെയവൻ
ഓടിപ്പോകുന്നത്
നിങ്ങൾ കണ്ടിട്ടുണ്ടാവും .
ഓടിയിങ്ങനെ വരുന്നത്
ഇവളുമായ്
ഇണചേരാനാണ്.
ദൂരെയിവളെ
 കാണുമ്പോഴെയവൻ
നൃത്തം ചെയ്യും
അമറിത്തുടങ്ങും .
ഇവളതുകേൾക്കുമ്പോഴെ
കുണുങ്ങിനിൽക്കും
തുള്ളിക്കുലുങ്ങിയംഗങ്ങ-
ളിളക്കിയവനെ
ഹരംപിടിപ്പിക്കും.
പിന്നെയവനൊരു
വരവാണ്.
വന്നപാടെയിവളെ
കെട്ടിപ്പിടിച്ച്
ചില്ലകളെല്ലാം
പിടിച്ചുലച്ച്,
ഇലകളെല്ലാം
തല്ലിപ്പൊഴിച്ച്,
കിഴുമേൽതടവി,
മുടിയഴിച്ചതിൽ
മുഖമമർത്തി,
ഓരോ ശാഖകളിലു-
മിഴുകിയിറങ്ങി,
വേരുകൾവരെ -
യിക്കിളിയാക്കി ....
പിന്നെയിവൾ
നനഞ്ഞൊഴുകും.
ശീൽക്കാരമുതിർക്കും.
പ്രണയനിറവിൽ
നനഞ്ഞൊട്ടിയിങ്ങനെ
മരിച്ചുകളയാമെന്ന്
കാതിൽ മൊഴിയും .
മഴയവൻ പോയിക്കഴിഞ്ഞ്
കാടിവൾ
ഉറങ്ങിയുണർന്ന്
ചോലയിൽകുളിച്ച്
തളിരുപച്ചയുടുത്തൊരു
നിൽപുനിൽക്കും .
അവൻ വന്നതും
പോയതുമൊന്നും
ഞാനറിഞ്ഞില്ലേയെന്ന
നിൽപ്പിനെന്തൊരു ചേലാണ്.
എന്നിരിക്കിലും
നിഴൽ പോലെ
അഴലൊന്ന് കാണാ-
മാമിഴികളിൽ .
മഴയവൻ പെയ്തു -
തോർന്നെഴുന്നേറ്റ്
തുണിവാരിച്ചുറ്റി-
ത്തിരികെയിറങ്ങുമ്പോൾ
കൈപിടിച്ചവൾ
ചോദിച്ചിട്ടുണ്ടാവും ,
അടുത്താണ്ട് വരുവോന്ന് .
ഉറപ്പില്ലാതവനൊന്ന്
പകച്ചിട്ടുണ്ടാവും .
വന്നാൽ നീയുണ്ടാകുമോ -
യെന്നുതിരിച്ചുചോദി-
ച്ചവനൊന്നു
വിതുമ്പിയിട്ടുണ്ടാവും .
രാത്രി മുഴുവനും
കരഞ്ഞുറങ്ങാതവൾ
കിടന്നിട്ടുണ്ടാവും .
ലാലു

ചില മഴയോർമ്മകൾ
മഴ....
തിമിർക്കുന്നു.... 
പുറത്ത്....
ഒരു സംഗീതമായ്...
ആഹ്ളാദമായ്....
മഴത്താളം മനസ്സിൽ....
പെയ്തു നിറയുന്നു....
മഴത്തുള്ളി മേളപ്പെരുക്കം....
ചില കുട്ടിക്കാല 
മഴയോർമ്മകളിലേക്കൊരു 
നടത്തം....
ഓണപ്പൂവിട്ട മുറ്റം....
മഴവിൽ മാനം നോക്കി...
സങ്കടക്കുട ചൂടി...
നിൽക്കെ... കള്ളച്ചിരിയോടെ...
വെയിലിനിടയിൽ....
ഒരു പെയ്ത്ത്...
ഒഴുകിപ്പരക്കുന്ന പൂവിതളുകളെ കുടചൂടിച്ച്
കൂടെ കൂട്ടുന്ന ബാല്യം...
തോൽക്കില്ലെന്ന കുറുമ്പോടെ....
മഴയും...
ജൂൺ, മഴ നനഞ്ഞ്...
വള്ളിച്ചെരിപ്പിന്റെ
മഴച്ചിത്രങ്ങൾ നീളൻപാവാടയിൽ വരച്ച്........

വഴിയിലെ വെള്ളത്തിന്റെ ഓരോതുള്ളിയും സ്വന്തമാക്കി....
തട്ടിത്തെറിപ്പിച്ച്.... മഴ, 
വൈകുന്നേരങ്ങളിലെ ആഘോഷത്തിലലിഞ്ഞ്....
നനഞ്ഞ്...
കുളിച്ച്....
പിന്നെയുള്ള...
പനിക്കാലത്തെ പുണർന്നൊരു...
മഴയോർമ്മ....
മഴപ്പെയ്ത്തിൽ...
കുളിച്ച്....
ഇറ വാലത്തെ വെള്ളത്തിൽ...
നനച്ച്....
തുവർത്തി...
കയറുകയാണ്....
ഇപ്പോഴും...
മഴയോർമ്മകൾ
ശ്രീല അനിൽ