16-04b

ഖുറൈശിക്കൂട്ടം
യു. എ. ഖാദർ 

പ്രസാ : സാഹിത്യ പ്രവർത്തക സഹകരണ സംഘം
വില     : 170/-
ആദ്യ പതിപ്പ്    : 1974
നാലാം പതിപ്പ്  : 2010
നാഷണൽ ബുക്ക് സ്റ്റാളിൽ ലഭ്യമാണ്.

യു. എ. ഖാദർ

1935- ൽ ബർമ്മയിൽ ജനനം. മാതാവ്  ബർമ്മക്കാരിയും പിതാവ് കൊയിലാണ്ടിക്കാരനുമായിരുന്നു. ഖാദർ ജനിച്ചു മൂന്നാം ദിവസം മാതാവ് മരിച്ചു.  മാതാവിന്റെ കുടുംബത്തോടൊപ്പം ഏഴുവയസ്സുവരെ. രണ്ടാം ലോക മഹാ യുദ്ധത്തോടെ ഇന്തയിലെത്തി. കൊയിലാണ്ടിയിൽ മലയാളിയായി ശേഷജീവിതം.

നാല്പത്തിയെട്ടോളം കൃതികളുടെ കർത്താവ്.  ഇംഗ്ലീഷ്,  ഹിന്ദി,  കന്നഡ എന്നീ ഭാഷകളിലേക്ക് ഇദ്ദേഹത്തിന്റെ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

തൃക്കോട്ടൂർ പെരുമ എന്ന കൃതി 1983 ലെ കഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടി.   2009- ലെ കേന്ദ്ര സാഹിത്യ അവാർഡ്  തൃക്കോട്ടൂർ നോവലെല്ലകൾ എന്ന കൃതിക്ക് ലഭിച്ചു. എസ്.  കെ. പൊറ്റെക്കാട്ട് അവാർഡ്,  അബുദാബി ശക്തി അവാർഡ്, സി. എച്ച്.  മുഹമ്മദ് കോയ  അവാർഡ്  എന്നിങ്ങനെ ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കേരള സംസ്ഥാന ഫിലിം അവാർഡ് ജൂറിയംഗം, കേരള സാഹിത്യ അക്കാദമി,  ലളിതകലാ അക്കാദമി ജനറൽ കൗൺസിൽ അംഗം, സാഹിത്യ പ്രവർത്തക സഹകരണ സംഘം എക്സിക്യൂട്ടീവ്  അംഗം, വൈസ്പ്രസിഡന്റ്,  മാതൃഭൂമി ഫിലിം അവാർഡ് ജൂറിയംഗം, പുരോഗമന സാഹിത്യ സംഘം പ്രസിഡന്റ്  എന്നീ നിലകളിൽ  പ്രവർത്തിച്ചിരുന്നു.

ഖുറൈശിക്കൂട്ടത്തിന്റെ വമ്പത്തരങ്ങളിലൂടെ:
അത്താണി വളപ്പിൽ കുഞ്ഞയിശൂന്റെ മകനാണ് കുഞ്ഞബ്ദുള്ള. അവറാൻ മുസല്യാര് കുഞ്ഞയിശൂനെ കല്യാണം കഴിച്ച വകയിലുള്ളതാണ് കുഞ്ഞബ്ദുള്ള. ഉമ്മായെ മൊഴിചൊല്ലി ബാപ്പ പോയതോടെ കുഞ്ഞബ്ദുള്ള അനാഥനായി. കടപ്പുറത്തെ മീൻവള്ളങ്ങളിൽ നിന്ന് മീൻ കയ്യിട്ടുവാരിയും, കല്ലുമ്മക്കായ് കടലാഴത്തിൽ മുങ്ങിയെടുത്തും പട്ടിണി മാറ്റാൻ നോക്കി. എന്നാൽ  അവഗണനയും പ്രാക്കും മാത്രമായിരുന്നു ബാക്കി. പട്ടിണിയും  പരിവട്ടവുമായി  കഴിഞ്ഞ നാളുകളിൽ  ഒരു നല്ല മനുഷ്യൻ  മീൻ കൊടുത്തു വില്ക്കാൻ പറഞ്ഞു.  മീൻകൊട്ടയും തലയിലേറ്റി കുഞ്ഞബ്ദുള്ള  ഓടി........... ആ ഓട്ടം ഇപ്പോൾ  അത്താണിവളപ്പിൽ ആയിഷാ മൻസിലിൽ കുഞ്ഞബ്ദുള്ള മുതലാളിയിലെത്തി നില്ക്കുന്നു.

കുഞ്ഞബ്ദുള്ളയുടെ രണ്ടു പെൺമക്കൾക്കും കല്യാണാലോചന നടക്കുന്നു.  കാശും മുതലും മുതലാളി വിളിയുമുണ്ടെങ്കിലും തറവാടിത്തം ഇല്ലാത്തതിന്റെ പേരിൽ  ശകലം കുറവ് കുഞ്ഞബ്ദുള്ള  അനുഭവിക്കുന്നുണ്ട്. അതു മാറ്റിയെടുക്കണം.

മൂത്തവളെ എഞ്ചിനീയർക്കും രണ്ടാമത്തവളെ ഡോക്ടർക്കും കൊടുക്കാനാണ് ആഗ്രഹം.  അതും  എണ്ണം പറഞ്ഞ തറവാട്ടീന്ന് തന്നെ വേണം. ആലോചന മുറുകി.

മണമ്മൽ മമ്മുഹാജിയുടെ മകൻ യൂസഫ് എഞ്ചിനീയറിംഗ് പഠിക്കുന്നു. നല്ല പയ്യൻ.  പതിനായിരം  ഉറുപ്പിക സ്ത്രീധനവും ഭാവിയിലെ പഠനച്ചിലവും വഹിക്കാൻ  കുഞ്ഞബ്ദുള്ള തയ്യാർ.

അരൂറ്റിക്കാട്ടിലെ അബൂബക്കർ ഹാജിയുടെ  മകൻ ജമാൽ.  മംഗലാപുരത്ത് മെഡിസിന് പഠിക്കുന്നു.
എഞ്ചിനീയർക്ക് കൊടുക്കുന്ന സ്ത്രീധനം തന്നെ ഡോക്ടർ പുയ്യാപ്ലയ്ക്കും കൊടുക്കാൻ  കുഞ്ഞബ്ദുള്ള തയ്യാർ.
ഈ രണ്ടു ചെറുപ്പക്കാരിലൂടെ തറവാട്ട്
 മഹിമയും അന്തസ്സും വീണ്ടെടുക്കാമെന്നും
 കുഞ്ഞബ്ദുള്ള കരുതി.

സമുദായ പ്രമാണിമാർ ഇടനില നിന്ന്
ആലോചനകൾ നടന്നു.  രണ്ടു വരന്മാരുടെയും പിതാക്കന്മാർ  സമ്മതിച്ചു.

ജമാൽ , അബ്സത്ത് എന്ന സുന്ദരിയുമായി പ്രണയത്തിലാണ്. മനോഹരിയും മോഡേണുമായ അബ്സത്തിനെ ജമാലിനും ഇഷ്ടം.  എന്നാൽ  അരൂറ്റിക്കാട്ടിൽ അബൂബക്കർ ഹാജിയുടെ തീരുമാനം  ഉറച്ചതായതിനാലും എതിരുനില്ക്കാൻ ജമാലിന് ആവതില്ലാത്തതിനാലും ആ പ്രണയം മറച്ചു വെച്ച്  കുഞ്ഞബ്ദുള്ളയുടെ രണ്ടാമത്തെ മകളെ നിക്കാഹ് ചെയ്യാൻ  സമ്മതിക്കുന്നു. നിക്കാഹ് വിവരം കോളേജിലും കൂട്ടുകാരും അറിയാതിരിക്കാൻ ജമാൽ ശ്രമിക്കുന്നു.  ഇവിടെ നിക്കാഹ് കഴിക്കുകയും കോളേജിൽ  അബ്സത്തിന്റെ കാമുകനായി വിലസുകയും ചെയ്യാം  എന്നതായിരുന്നു മോഹം..........

മണമ്മൽ മമ്മുഹാജിയുടെ മകൻ യൂസഫ്.  തന്റെ ബാല്യകാല സഖിയായ  സഫിയയുമായി പ്രണയത്തിലാണ്.
കുഞ്ഞായിരിക്കുമ്പോൾ റംഗൂണിലേക്ക് പോയതാണ് സഫിയയുടെ ബാപ്പ.  അവിടെ വേറെ കുടുംബം ഉണ്ടെന്നു  കേൾക്കുന്നു. ഉമ്മ  ആമിനുമ്മയും സഫിയയും മമ്മുഹാജിയുടെ അടുത്ത തൊടിയിലാണ് താമസം.

കുഞ്ഞുനാളിൽ  ഓത്തുപള്ളിയിൽ പോയ കാലം തൊട്ടേ സഫിയയും യൂസഫും ഇഷ്ടത്തിലായിരുന്നു.
അവർതമ്മിൽ ഹൃദയം പരസ്പരം കൈമാറി.

മണമ്മൽ മമ്മുഹാജിയും കുഞ്ഞബദുള്ളയും തമ്മിൽ വിവാഹത്തിന് വാക്കുറപ്പിക്കുന്നു. ഇതറിഞ്ഞ  യൂസഫ്  തനിക്ക് സഫിയയെയല്ലാതെ മറ്റൊരു കുട്ടിയെ വിവാഹം കഴിക്കാൻ  പറ്റില്ല  എന്നു തുറന്നു പറയുന്നു.  ബാപ്പയും മകനും തമ്മിൽ  വഴക്കാകുന്നു. യൂസഫ് ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുന്നു.

തന്റെ മകളുടെ മനസ്സിലെ പ്രണയമൊന്നും അറിയാതെ  തന്റെ ബന്ധുവും തറവാട്ട് കാരണവരുമായ അബൂബക്കർ ഹാജിയോട്  സഫിയക്ക്  നല്ല വിവാഹാലോചന  നടത്തണമെന്ന് ആമിനുമ്മ  പറയുന്നു.

സഫിയയെ ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ച് വിട്ടാൽ വഴിവക്കിലുള്ള അവരുടെ തൊടിയും വീടും കൈക്കലാക്കാമെന്നുള്ള അതിബുദ്ധിയോടെ അബൂബക്കർ ഹാജി  ചില  ആലോചനകൾ നടത്തുന്നു.

ഒരേയൊരു മകൻ ആത്മഹത്യക്ക് ശ്രമിച്ചത് മമ്മുഹാജിയെ തളർത്തി. പുത്രവാത്സല്യത്താൽ സഫിയയുമായുള്ള വിവാഹം നടത്താമെന്ന് മമ്മുഹാജി സമ്മതിക്കുന്നു.


എന്നാൽ  ഈ സമയത്താണ് റംഗൂണിലെ എല്ലാം നഷ്ടപ്പെട്ട് ഭാര്യയും മൂന്നു മക്കളുമായി അഭയാർത്ഥികളെന്നപോലെ  സഫിയയുടെ ബാപ്പ നാട്ടിലെത്തുന്നത്.  അബൂബക്കർ ഹാജിയുടെ തന്ത്രപരമായ നീക്കത്തിലൂടെ വാപ്പയെന്ന നിലയ്ക്ക്  ഇയാളെക്കൊണ്ട് സഫിയയുടെ നിക്കാഹ്  ഉറപ്പിക്കുന്നു......


പ്രണയത്താൽ നീറുന്ന  സഫിയയും യൂസഫും ഒന്നാകുമോ............

കുഞ്ഞബ്ദുള്ളയുടെ പണക്കാരി മകളെ കെട്ടി നാട്ടിലും അബ്സത്തുമായി കാമുക വേഷത്തിൽ മംഗലാപുരത്തും വിലസാമെന്ന  ജമാലിന്റെ മോഹം നടക്കുമോ.... .

പുതിയ വികസന സാധ്യതകൾ കിനാവ് കണ്ട് സഫിയയുടെയും ആമിനുമ്മയുടെയും വസ്തു തട്ടിയെടുക്കാനുള്ള അബൂബക്കർ ഹാജിയുടെ മോഹം സഫലമാകുമോ.........

വിരഹിണിയായ ആമിനുമ്മയ്ക്ക് വയസ്സ്കാലത്തെങ്കിലും തന്റെ ഭർത്താവിന്റെ സ്നേഹം  കിട്ടുമോ.......

ഇതിനെല്ലാം ഉത്തരം തന്ന് സുഖപര്യവസായിയായി ഈ നോവൽ  അവസാനിക്കുന്നു.

സഫിയയുടെ ബാപ്പ ശരിയായി തന്റെ ഉത്തരവാദിത്വം മനസ്സിലാക്കി.
യൂസഫിന്റെ സ്നേഹവും മണമ്മൽ മമ്മുഹാജിയുടെ   ശരിയായ ദീനും  അവരുടെ പ്രണയത്തെ കൂട്ടിച്ചേർത്തു.

പത്തുപൈസ സ്ത്രീധനം വാങ്ങാതെ ഇണയായി, തുണയായി  സഫിയയെ യൂസഫിനെ ഏല്പിച്ചു.

മകൻ ജമാലിന് താമസിക്കാൻ ആമിനുമ്മയുടെ തൊടിയും വീടും സ്വന്തമാക്കാമെന്നുള്ള അബൂബക്കർ ഹാജിയുടെ മോഹം വൃഥാവിലായി.

അബ്സത്തിന്റെ വാപ്പ  ജമാലിന്റെ വിവാഹത്തിന് വന്നതോടെ ഇവിടെ
 ഭർത്താവും മംഗലാപുരത്ത് കാമുകനുമായി വിലസാമെന്ന ജമാലിന്റെ മോഹവും കല്ലത്തായി.

എന്നാലും  പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളുമായി
ഖുറൈശിക്കൂട്ടം അതിന്റെ വമ്പത്തരങ്ങൾ തുടരുന്നു.

എന്റെ  വീക്ഷണം:
ഏക ദൈവം, ഏക  ജനത  എന്ന സങ്കല്പമാണ് ഇസ്ലാമിലുള്ളത്. എന്നാൽ  നബി തിരുമേനി പഠിപ്പിച്ചതിൽ നിന്നും ഒരുപാട് വ്യതിചലിച്ച് സമുദായത്തിനകത്ത് വേർതിരിവുകളുടെ വൻമതിലുകളാണ് പ്രമാണിമാർ തീർക്കുന്നത്.
പൊള്ളയായ തറവാട്ട് മഹിമയും അതിന്റെ വീമ്പു പറച്ചിലും പണക്കാരോടുള്ള അമിതമായ വിധേയത്വവും , പണമില്ലാത്തവരോടുള്ള അവഗണനയും ഈ സമൂഹത്തിലുമുണ്ട്.
അതിലേക്കാണ് യു. എ. ഖാദർ   ഈ നോവലിലൂടെ വിരൽ ചൂണ്ടുന്നത്.
നാണംകെട്ടും പണം നേടിയാൽ  നാണക്കേടാപണം മാറ്റിക്കൊള്ളും ഈ പഴമൊഴി അന്വർത്ഥമാക്കുന്നതാണ് ഖുറൈശിക്കൂട്ടം എന്ന നോവൽ.  

കുരുവിള ജോൺ