16-04

ഇന്ന് ഒരു യുവകവയത്രിയെ പരിചയപ്പെടാം നീതു കൊടക്കാട്. മലപ്പുറം ജില്ലയിലെ കൊടക്കാട്ട് ജനനം. സോഷ്യൽ മീഡിയയിൽ നിറ സാന്നിദ്ധ്യം . ആദ്യ കവിതാ സമാഹാരമാണ് ഞാനൊരുത്തി. പവിത്രൻ തീക്കുനിയാണ് കവിതക്ക് ശ്രദ്ധേയമായ മുഖക്കുറിപ്പ് രചിച്ചത്
ഞാനൊരുത്തി
നീതു കൊടക്കാട്
ഉയിരിൽ
ഉടലിൽ
ഉന്മാദങ്ങളിൽ

ഞാനൊരുത്തി.
തീപിടിച്ച വാക്കുകൾ മാത്രം കൊരുത്ത കവിതകൾ കണ്ടിട്ടുണ്ടോ?
അങ്ങനെയുള്ള 36 കവിതകളടങ്ങുന്ന സമാഹാരമാണ് ഞാനൊരുത്തി
          പേരിൽ തന്നെയുണ്ട് കവിത
ഞാൻ, ഒറ്റ, ത്തി (സ്ത്രീ) ഈ മൂന്നു വക്കുകളിൽ ഏതിലാണ് കവിത ഊന്നുന്നത്
      കരളുറപ്പിന്റെ കരിങ്കാതൽ കടഞ്ഞ ഒരു ഞാൻ ഈ കവിതകളിലെല്ലാമുണ്ട്! പുലയാട്ടലും പുലഭ്യം പറച്ചിലും കൊണ്ട് ചൂളിപ്പോകാത്ത ആ സ്വത്വമാണ് ഈ കവിതകളുടെ നട്ടെല്ല്.
  ഒറ്റയായിപ്പോയ - ആപത്തിലൊറ്റക്കായിപ്പോയ ഒരു ജീവാത്മാവിന്റെ അതിജീവനത്തിന്റെ തുടിപ്പാണിക്കവിതയുടെ സ്പന്ദനം.അത്ര നിരപ്പല്ലാത്ത ജീവിതവഴിപ്പടവുകളിൽ പെണ്ണുടലിനെ തീക്കട്ടക്കണ്ണുമായി കാത്തിരിക്കുന്ന ബഢവാഗ്നികളോട് കയർക്കാനാവാതെ, തീപ്പാതിയായി ഉടലെരിഞ്ഞത് ഉയിരറിയാതെ സ്വയം കാത്തവൾ.ഈ മൂന്നു സ്വത്വങ്ങളുടെ മേളനമാണ് , ഞാനൊരുത്തി.
     ഉടൽ ആണ് ആദ്യ കവിത
അത് വായിച്ച് തുടങ്ങാം

 "താരതമ്യപ്പെടുത്തലുകളിൽ
തഴയപ്പെട്ട ഒരുടലുണ്ട്
തേരട്ടത്തൊടലുകളിൽ
മുള്ളു കൊണ്ട പോലെ
പുളഞ്ഞത്....
ജീവനൊടിഞ്ഞു പോയത്..
പൊള്ളിയടർന്നശേഷം
ഒരു കാറ്റുമ്മവെച്ചപ്പോൾ
പൂവാക പോലെ
ചോന്നത്..."
      ആത്മനിഷ്ഠതയാണ് നീതുവിന്റെ കവിതകളുടെ മുഖമുദ്ര. സ്വന്തം മുറിവുകളിലുറവാകുന്ന ചുടുചോരയുടെ നീറ്റൽ അനുവാചകന്റെ  ഹൃദയവുമായി സമന്വയിപ്പിക്കുന്നതിൽ നീതു വിജയിച്ചിട്ടുണ്ട്.
കവിതകൾ കാട്ടിത്തരുന്ന കവി ജീവിതം അതുകൊണ്ടുതന്നെ പ്രസക്തവുമാണ്.

      അവിവാഹിതയായൊരു മാതാവിന്റെ തീവ്രാനുഭവം  അനുവാചകനെ  അനുഭവിപ്പിക്കുന്ന ഒരുകാവ്യഭാവനയിലേക്കു പോകാം."തെറിച്ചതെന്ന് .പിഴച്ചതെന്ന്
വേലി ചാടിയതെന്ന് "
ലോകം മുഖം കറുപ്പിക്കുമ്പോഴും
"ഞാനെന്റെയുള്ളിൽ
നിവർന്നു തന്നെയാണ് നിൽക്കുന്നത് ".
എന്നാശ്വസിക്കാൻ മാത്രം കരുത്ത്  ആകവി ഹൃദയത്തിനു കൂടിയുള്ളതാണ്.
"ആത്മനിന്ദയുടെ അടുപ്പിലേക്ക്
വെന്തുരുകാൻ വിറകു കൊള്ളി പോലെ
ജീവിതം നീക്കിവച്ചവർ "
"കണ്ണീരു കാച്ചിയവർ" തൊട്ടാവാടി സമം ജീവിതം ഇഴഞ്ഞു തീർക്കുന്ന ഏതു സ്ത്രീ മാനസമാണ് ഇതിൽ അസൂയപ്പെടാത്തത്!

      ഒരു സ്ത്രീപക്ഷ എഴുത്തുകാരിയായി യായോ പുരുഷ വിദ്വേഷിയായോ വായിച്ചു പോവരുത്, ഈ കവയിത്രിയെ. ഋതു എന്ന കവിത നോക്കൂ . "ഓരോ ഋതുവിലും ഭ്രാന്തിന്റെ മുനമ്പിൽനിന്ന്
 പ്രിയപ്പെട്ടവനേ ഞാൻ നിന്നെ അല്ലാതെ
 മറ്റെന്താണ് ധ്യാനിക്കുക " എന്ന് ,ചേർന്നു നിൽക്കാൻ കൊതിക്കുന്ന - സമരസപ്പെടലിന്റെ - ഹൃദയമാണ് കവിത പങ്കുവയ്ക്കുന്നത്. "നീ എന്റെ പ്രണയത്തിന്റെ പറുദീസ' എന്ന് ആത്മാർപ്പണം ചെയ്യുന്നവൾ. ജീവിച്ചു തീർത്തത് പേടിക്കേണ്ട ഓർമ്മകളാവുമ്പോൾ
 " ഇരുട്ടെനിക്കു പേടിയാവുന്നെന്ന്
ഞാൻ നിന്നെ വിളിക്കുന്നു." എന്ന് നിഴലിലേക്കൊതുങ്ങുന്നവൾ.
മരണ തീരത്തു നിൽക്കുമ്പോൾ
"ആത്മവിശ്വാസത്തിലേക്ക്
നീയെന്റെ കൈ പിടിക്കുന്നു.
മരിച്ചു പോവാതെ ഞാൻ
നീയായ് തുടിക്കുന്നു"
(നീയുള്ളതുകൊണ്ട് ) എന്ന് സാത്മീകരണം തേടുന്നവൾ.
" നിന്റെ നെഞ്ചിലേക്ക്
ചോന്നു വീഴാനിത്തിരി
ഇരുട്ടെടുത്തു  വയ്ക്കുക " എന്ന് മോഹിക്കുന്നവൾ,
"ചോരയിറ്റുന്ന ജീവിതത്തിലും
തോറ്റു പോകുന്നതല്ലോ എന്നവൾ
വീണുപോവു"കയാണ്.
മണ്ണിനും തോരണത്തിനും ചോരച്ചുവപ്പുള്ള സ്വന്തം നാടുകാണാനും അവൾക്കൊരു തുണവേണം. നാട്ടുകാഴ്ചകളിലെ സുഖദമാമോർമ്മയോ
" അച്ഛനല്ലാതെ മാളൂ എന്നു വിളിച്ചിരുന്ന
ഒരാൾ കാത്തിരുന്ന
ആ വളവി" നേക്കുറിച്ചുള്ളതും.
    "നിന്നിൽ നിന്നെന്നിലേക്കു നീളുന്ന
പൊക്കിൾക്കൊടിയറുക്കാതെ

ഉടലുകൊണ്ടു ഞാൻ നിന്നെ പുതപ്പിച്ചു " (ഉടൽപ്പൂവ്) നിർത്തുമ്പോൾ മാത്രമാണ് കാമുകീത്തത്തിന്റെ പൂർണ്ണ സമർപ്പണത്തിൽ നിന്നും വേറിട്ടു നിൽക്കുന്നത്.
ഉടൽപ്പൂവ് സവിശേഷതയുള്ള ഒറ്റപ്പെട്ട കവിതയാണ്. ശ്രദ്ധയുള്ള കാമുകിയിൽ നിന്നും, സൂക്ഷ്മതയുള്ള മാതൃത്വത്തിലേക്ക് സംക്രമിക്കുന്ന ദ്വന്ദ്വഭാവം ഇക്കവിതയേ മറുമാനങ്ങളിലേക്കുയർത്തുന്നു.   കവയത്രിയുടെ ഒറ്റപ്പെടലും കാണുക
"ആരുമില്ലെന്നൊരൂഞ്ഞാലിൽ
ഒരുമിച്ചാടിയാണു നാം വളർന്നത് "

        ദാമ്പത്യത്തിന്റെയും പ്രണയത്തിന്റെയും തകർച്ചയിൽ തകരാതെനിൽക്കുന്ന ഉരുവമാണ് കവിതയുടെ മറ്റൊരുകുടിവയ്പ്പ്. അരഞ്ഞും എരിഞ്ഞും തീരുന്ന പെൺജീവിതത്തെപ്പറ്റി
" ജീവിതമെന്നു ചേർന്നു നിന്നതിന്റെ നെഞ്ചിൽ
വിരിഞ്ഞു നിന്ന മുള്ളു തറച്ച
മുറിവുണങ്ങിയില്ലെന്ന് " സങ്കടപ്പെടുകയും
"തെരുവപ്പുല്ലിന്റെ മണം
മനസ്സുമുറിക്കാത്ത
ഒരു കാലമുണ്ടെനിക്കെന്ന്
അന്ന് നിങ്ങളറിയും"
എന്ന് പ്രണയനഷ്ടത്തിൽ നെഞ്ചുറപ്പുകാട്ടുകയും ചെയ്യുന്നു.

        സമൂഹത്തിന്റെ ഇടപെടലുകളിൽ ഒരു പെൺജീവിതം എത്ര വ്രണിതമായിരിക്കുമെന്നതിന്റെ നേരനുഭവത്തിന്റെ തുടർക്കണിയാണീ സമാഹാരം
"പതിനൊന്നാം വയസിൽ
പരിചയമുള്ളൊരു ചിരി
തുപ്പൽ മണമുള്ള കൈകൾ നീട്ടി "
വർഷിച്ച വെറുപ്പ് പിന്നെ പതിനാലു വേനലുകടന്നിട്ടും ഓരോ കാഴ്ചയിലും പൊള്ളലും അരക്ഷിതാവസ്ഥയും നൽകുന്നു. "അരക്ഷിതാവസ്ഥയുടെ തൊട്ടിലിലെന്നപോൽ " എന്ന പ്രയോഗം നൽകുന്ന കൃത്യതക്ക് പട്ട് വേറേ നൽകണം.

"നിങ്ങളുടെ ഉന്മാദ സദസ്സുകളിൽ
പരദൂഷണ കഥകളിൽ
ഇറച്ചിക്കഷണങ്ങളാവുന്ന
ചില പെണ്ണുങ്ങൾ "
      ഒറ്റപ്പെട്ടവളെ തെളിഞ്ഞ് പരിഹസിക്കുകയും ഒളിഞ്ഞ് ഒളിസേവകാമിക്ക കയും ചെയ്യുന്ന പുരുഷ സുഹൃത്തുക്കളുടെ നാടാണിത്. അവളെക്ക റിച്ചാണ് പറയാനുള്ളത് എന്ന ഈ കവിതയുടെ തീക്ഷ്ണതയിൽ നാം പുറം പൊളിഞ്ഞു പോവും.
" അവൾക്കൊരു പ്രണയമുണ്ടെന്നറിഞ്ഞാൽ
കാലുകൾക്കിടയിൽ ഒതുങ്ങിനിൽക്കാത്ത
ആസക്തിക്കൊപ്പം
നിങ്ങളവനെയും പുച്ഛിക്കും
... എങ്കിലും പ്രിയമുള്ളവരേ,
നിങ്ങളോട് അവളൊരിക്കലും കരയില്ല
നിങ്ങൾ കൊത്തി വലിച്ചിട്ടും
മുറിഞ്ഞുപോവാത്ത ജീവിതവുമുയർത്തിപ്പിടിച്ച്
അവൾ നടന്നു പോകും."
          പുതിയ വാക്കുകൾ, പുതിയ പ്രയോഗങ്ങൾ, ആശയത്തിന്റെ പുതുമയുള്ള വീക്ഷണങ്ങൾ, അങ്ങനെയൊട്ടേറെ പുതുമളുമായാണ്  ഞാനൊരുത്തി വന്നിരിക്കുന്നത്. നേരിട്ടു ഹൃദയവുമായി സംവദിക്കുന്ന കവിതകൾ
ഒറ്റ വായനയിൽ വെടിപ്പാവുന്നവ, പിന്നെ ആവർത്തിച്ചു വായിക്കാൻ തോന്നുന്നവ.
       ഈ കവിതകളിലൂടെ ഒടുവട്ടമെങ്കിലും കടന്നു പോവുക.