16-01

സുഹൃത്തുക്കളെ,
       കാഴ്ചയിലെ വിസ്മയത്തിൽഅറുപത്തിയൊന്നാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്ന കലാരൂപം ഊരാളിക്കൂത്ത്

ഊരാളിക്കൂത്ത്

ഇടുക്കി ജില്ലയിലെ പ്രധാന ആദിവാസി ഗോത്രമായ ഊരാളി സമൂഹത്തിലെ ഒരു കലാരൂപമാണ് ഊരാളിക്കൂത്ത്. കാട് വെട്ടുമ്പോഴും നിലമൊരുക്കി കൃഷിയിറക്കുമ്പോഴും വിളവെടുക്കുമ്പോഴും മരണാനന്തരചടങ്ങിലും കാത്കുത്ത്- തിരണ്ടുകല്യാണത്തിനുമാണ് ഊരാളികൂത്ത് നടത്തിയിരുന്നത്. ജീവിതവും സംസ്കാരവുമായി ബന്ധപ്പെട്ട എട്ട് ചുവടുകളാണ് കൂത്തിലുള്ളത്. വായ്പാട്ടിനൊപ്പം മത്താളം, കിന്നീരം, ജാലറി തുടങ്ങിയ വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നു. 12 സ്ത്രീകളാണ് നൃത്തം ചെയ്യുക. 11 പുരുഷന്മാർ വായ്പാട്ട് പാടും.

“തെക്കേതെരുവിലും തേരോടുംവീഥിക്കും

മത്തളക്കാരനെ വെച്ചിരുന്തേ
വെച്ചിരുന്തേ ചാമി വെച്ചിരുന്തേ
എത്തിനെ നേരം വെച്ചിരുന്തേ



എന്നിങ്ങനെയാണ് ഊരാളിക്കൂത്തിലെ പാട്ട്.

ഊരാളിക്കൂത്ത്  എെതിഹ്യം👇

ഇടുക്കി ജില്ലയിലെ ഗോത്രവര്‍ഗ്ഗ സമുദായമാണ് ഊരാളി.  തങ്ങളുടെ തനതു കലാരൂപമാണ് ഊരാളികൂത്ത്.  കഥാകഥനപരമായ നിരവധി ആഖ്യാനങ്ങള്‍ ഒത്തുചേര്‍ന്നതും നാടകാവിഷ്‌കാരത്തിന്റെ രൂപമുള്ളതുമാണ് ഊരാളികൂത്ത്.

നദിയില്‍ ആരോ ഉപേക്ഷിച്ച കൊച്ചു പെട്ടകത്തില്‍നിന്നു മാതപ്പെണ്ണിനു കിട്ടിയ കുഞ്ഞ് വളര്‍ന്നു കോവലനായി. മുതിര്‍ന്നപ്പോള്‍ മാതപ്പെണ്ണിനു കോവലനോടു പ്രണയം. എന്നാല്‍ കോവലന്റെ മനസ്സില്‍ പ്രണയിനിയായ കണ്ണകി മാത്രം. മാതൃസ്ഥാനത്തു കണ്ട മാതപ്പെണ്ണിനെ ഭാര്യയാക്കാനാവില്ലെന്നു കോവലന്‍ തീര്‍ത്തുപറഞ്ഞു.

അരിശം പൂണ്ട മാതപ്പെണ്ണ് കോവലനെ കൂത്തുമല്‍സരത്തിനു ക്ഷണിച്ചു. എന്നാല്‍ മാതപ്പെണ്ണിനോടു കൂത്തില്‍ തോറ്റ് അപമാനിതനായി മധുരാ നഗരത്തില്‍നിന്നു പലായനം ചെയ്യേണ്ടിവന്നു കോവലന്. കേരളത്തിലെ ഊരാളി ഗോത്രവര്‍ഗക്കാര്‍ക്കു ശിഷ്യപ്പെട്ടു കൂത്തില്‍ അഗ്രഗണ്യനായ ശേഷം മധുരയില്‍ തിരിച്ചെത്തി മാതപ്പെണ്ണിനെ തോല്‍പ്പിച്ചു കോവലന്‍ പ്രിയതമയായ കണ്ണകിയെ സ്വന്തമാക്കി.

ചെയ്യാത്ത കുറ്റത്തിനു മരണശിക്ഷ ഏറ്റുവാങ്ങിയ കോവലന്റെയും പാതിവ്രത്യ ശക്തികൊണ്ടു മധുരാ നഗരത്തെപ്പോലും ദഹിപ്പിച്ച കണ്ണകിയുടെയും കഥ കേട്ടിട്ടുള്ളവര്‍ അത്ഭുതപ്പെട്ടേക്കാം, ഇതേതു കഥ! ഇക്കഥ മാത്രമല്ല, ഇതുപോലെ അനേകമനേകം വിസ്മയ കഥകളുടെ അമൂല്യ ശേഖരമാണ് ഗോത്രവര്‍ഗ സംസ്‌കൃതിയുടെ അവശേഷിപ്പായ ഊരാളിക്കൂത്ത് എന്ന കലാരൂപം

ഊരാളിക്കൂത്തിനെക്കുറിച്ച് വന്ന പത്രവാർത്തയിൽ നിന്നും👇

തലമുറയുടെ താളംപിടിച്ച് ഊരാളി കൂത്ത് ഒരുങ്ങുന്നു
Tuesday Oct 8, 2013
കോഴിക്കോട്: ""തെക്കേതെരുവിലും തേരോടുംവീഥിക്കും മത്താളക്കാരനെ വെച്ചീരുന്തേ, വെച്ചിരുന്തേ ചാമി വെച്ചിരുന്തേ എത്തീനെ നേരം വെച്ചീരുന്തേ""- വായ്പാട്ടിനും കാടിന്റെ ആത്മാവറിഞ്ഞ മത്താളത്തിനും ചുവട്വെച്ച് ഊരാളി കൂത്ത്. ഊരാളി ഗോത്രക്കാരുടെ മണ്‍മറയുന്ന ഈ ആട്ടവും കൂത്തും പുനരുജ്ജീവിപ്പിക്കാനുള്ള പരിശീലന പരിപാടികളിലാണ് കിര്‍ത്താഡ്സ് ആദികലാ കേന്ദ്രം. ഇതിന്റെ ഭാഗമായി ഊരാളികൂത്ത് പരിശീലനം ചേവായൂരിലെ കിര്‍ത്താഡ്സ് ഹാളില്‍ തുടങ്ങി. ഇടുക്കി ജില്ലയിലെ പ്രധാന ആദിവാസി ഗോത്രമായ ഊരാളി സമൂഹത്തിലെ കലാകാരന്മാരാണ് കൂത്ത് അരങ്ങിലെത്തിക്കുന്നത്. വണ്ണയപ്പുറം പഞ്ചായത്തിലെ പട്ടയകുടി ഊര് നിവാസികളായ ഇവര്‍ തൊണ്ണൂറുകാരി പൂമാലി എന്ന ദേവകിക്കൊപ്പമാണ് പരിശീലിക്കുന്നത്.

ഊരാളികൾ👇

ഇടുക്കി ജില്ലയിലെ ഒരു ആദിവാസിഗോത്രമാണ്  ഊരാളി.നരവംശ ശാസ്ത്രജ്ഞരുടെ നിഗമനപ്രകാരം ഇവർ നെഗ്രിറ്റോ വംശത്തിലാണ് ഉൾപ്പെടുന്നത്.ചുരുണ്ട മുടിയും, കറുത്ത തൊലിയും, വട്ടത്തലയും, വീതിയേറിയ മൂക്കുമാണ് ഇവരുടെ പ്രത്യേകത.

കാട് വെട്ടുമ്പോഴും നിലമൊരുക്കി കൃഷിയിറക്കുമ്പോഴും വിളവെടുക്കുമ്പോഴും മരണാനന്തരചടങ്ങിലും കാതുകുത്ത്- തിരണ്ടുകല്യാണത്തിനും ഇവർഊരാളികൂത്ത് എന്നൊരു കലാരൂപം നടത്തുന്നു.

മുതുവാൻ, മന്നാൻ, മലയരയൻ, ഉള്ളാടൻ,പളിയർ, മലപ്പുലയൻ എന്നിവയാണ് ജില്ലയിലെ മറ്റ് ആദിവാസി വിഭാഗങ്ങൾ
തമിഴും മലയാളവും ഇടകലര്‍ന്ന ഒരു പ്രത്യേകത ഭാഷ ഊരാളി വിഭാഗക്കാർക്ക് സ്വന്തമായിട്ടുണ്ട്.  1901 ലെ തിരുവിതാംകൂര്‍ കാനേഷുമാരിയില്‍ ഊരാളികളുടെ എണ്ണം 3609 ആയിരുന്നു.  തേന്‍ശേഖരണവും ഏലക്കാ സംഭരണവുമാണ് അവരുടെ പ്രധാന തൊഴിലുകള്‍

പ്രമുഖ ഊരാളിക്കൂത്ത് കലാകാരി ഇടുക്കിജില്ലയിലെ വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടി  ഊരിലെ 👇പൂമാലി മൂപ്പത്തി
കിന്നീരംതന്ത്രികളുള്ള ഒരു അപൂർവ താളവാദ്യം. ഈറ്റ കൊണ്ടാണ് ഇത് നിർമ്മിക്കുന്നത്. തന്ത്രികളും മുളന്തോൽ തന്നെ...👇
ചിത്രങ്ങളിലൂടെ...👇




ഊരാളിക്കൂത്ത്... ഒരു വീഡിയൊ ലിങ്ക്👇

Oorali koothu performed in Calicut

പുതിയ തലമുറയ്ക്ക് ഊരാളി കൂത്ത് ഒരു മ്യൂസിക്ക് ട്രൂപ്പ് ആണ്..ആനുകാലികപ്രശ്നങ്ങളെ സധെെര്യം പാട്ടാക്കി അവതരിപ്പിക്കുന്ന മ്യൂസിക് ട്രൂപ്പ്.. ഈ മാറ്റത്തിന്നിടയിലും നമ്മുടെ അന്യം നിന്നു പോകുന്ന ഊരാളിക്കൂത്ത്പോലുള്ള ഗോത്രവർഗകലാരൂപങ്ങളെ നിലനിർത്താൻ കിർത്താഡ്സ് പോലുള്ള സംഘടനകൾ ശ്രമിക്കുന്നത് അഭിനന്ദനീയം തന്നെ..

ഊരാളി ബ്രാൻഡ് ന്യൂജെൻ...വിശദവിവരങ്ങൾ ഇതാ👇
ഊരാളികളുടെ ഗാനങ്ങള്‍ ധാരാളം ചോദ്യങ്ങളാണ് സമൂഹത്തിനുമുന്നിലേക്ക് കൊണ്ടുവരുന്നത്. ഊരാളികള്‍ ആരാണ് ?പരിചയപ്പെടാം..

ഊരാളികളോ....അതെ ഇതൊരു വേറിട്ട മ്യൂസിക് ട്രൂപ്പാണ്.വെറും മ്യൂസിക് ബാന്‍ഡല്ല.

ധാരാളം പ്രത്യേകതകളുണ്ടിതിന്. നമുക്കുചുറ്റും നടന്നുകൊണ്ടിരിക്കുന്ന ആനുകാലിക പ്രശ്നങ്ങളെ, പ്രതിസന്ധികളെ, സാധാരണ മനുഷ്യരുടെ പ്രശ്നങ്ങളെ, ജാതിയുടെ മതത്തിന്റെ തൊട്ടുകൂടായ്മയുടെ അങ്ങനെ സമൂഹത്തിലെ പല മുഖം മൂടികള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുന്ന ശക്തമായ വിഷയങ്ങളാണ് പാട്ടുകളിലൂടെ ഊരാളികള്‍ നമുക്കുമുന്നിലേക്ക് കൊണ്ടുവരുന്നത്.

പാട്ടുകളും കവിതകളും ഇടയ്ക്ക് നാടകങ്ങളുമായി ഊരാളി സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

റോക്ക് സംഗീതത്തിന്റെ അകമ്പടിയോടുകൂടി അവതരിപ്പിക്കുന്ന ഇവരുടെ സംഗീതപരിപാടിക്ക് ആരാധകര്‍ ഏറെയാണ്. യൂട്യൂബിലും അല്ലാതെയും പാട്ടു കേട്ട് ആസ്വദിച്ചിട്ടുള്ളവരും ധാരാളം. ഇതുമാത്രമല്ല വേഷവിധാനത്തിലും രൂപത്തിലും വ്യത്യസ്തരാണ് ഇവര്‍. നീട്ടി വളര്‍ത്തിയ താടിയും മുടിയും ഇവരെ വേറിട്ടുനിര്‍ത്തുന്നു.

പുഴയെ ഊറ്റി... മണലെടുത്ത് .വിറ്റ് വിറ്റ്...
മണലുവറ്റി പുല്ലുകെട്ടി പുഴതന്നെയില്ലാതായാല്‍....
നാട് വിട്ട് കേറിച്ചെന്ന് കാടുവെട്ടി തിന്നു തീര്‍ത്താല്‍....
മരവുമില്ല മൃഗവുമില്ല....കാടുതന്നെ ഇല്ലാതാകും...

ഇഞ്ഞിം വേണം, ഇഞ്ഞിംവേണം, ഇഞ്ഞിംവേണം,ഇഞ്ഞിംവേണം....

അച്ഛനെന്നെ പഠിപ്പിച്ചു ഇഞ്ഞിംവേണം ഇഞ്ഞിംവേണം....
മാഷെന്നെ പഠിപ്പിച്ചു ഇഞ്ഞിംവേണം ഇഞ്ഞിംവേണം...
നാടെന്നെ പഠിപ്പിച്ചു ഇഞ്ഞിംവേണം ഇഞ്ഞിംവേണം...

ഞങ്ങളു താടിവളര്‍ത്തും മീശവളര്‍ത്തും മുട്ടോളം മുടിവളര്‍ത്തും
ഞങ്ങടെയിഷ്ടം... ഞങ്ങടെ ഇഷ്ടം... ഞങ്ങടെയിഷ്ടം....

ഈനാട്ടില്‍ മനുഷ്യര്‍ക്ക് വഴിനടക്കാന്‍ പാടില്ലന്നാ പറയുന്നേ....
നിയമം പറയുന്നെ.....
ഈ നാട്ടില്‍ തലയില് മുടി ഇതുപോലെ വളരാന്‍ പാടില്ലന്നാ പറയുന്നേ.....
ഈ നാട്ടില്‍ നീ ചിരിച്ചുകളിച്ച് വളരാന്‍ പാടില്ലെന്നാ പറയുന്നേ....

മരങ്ങളെ മനുഷ്യരെ മൃഗങ്ങളെ പുല്‍ച്ചാടികളെ....
പാമ്പുകളെ പറവകളെ പൂമ്പാറ്റകളെ....
അത്ഭുതലോകം അതിശയലോകം അനന്ദലോകം മുന്നില്‍....

ഇതൊക്കെ ഊരാളികള്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളിലെ ചില വരികളാണ്. താളത്തോടെ ആസ്വദിച്ച് കേട്ടാല്‍ നിങ്ങളും തീര്‍ച്ചയായും ഇവരെ ഇഷ്ടപ്പെടും..

ഇവരാണ് ഊരാളികള്‍...


ഊരാളി എന്നാല്‍ ഊരില്‍ ഉള്ള ഒരാള്‍. അതായത് നിങ്ങള്‍ക്ക് അടുത്തറിയാവുന്ന അടുത്തു നില്‍ക്കുന്ന ഒരാള്‍. അതു ചിലപ്പോള്‍ നിങ്ങള്‍ തന്നെയാകാം, അപ്പോ ഊരാളി സമൂഹത്തിലേക്ക് തുറന്നു പിടിച്ചിട്ടുള്ള ഒരു കണ്ണാടി പോലെയാണ്, എന്നുവെച്ചാ കാണുന്നതിനോടും കേള്‍ക്കുന്നതിനോടുമൊക്കെ ഇടപെട്ട് അറിേയണ്ടത് അറിഞ്ഞ് പ്രതികരിക്കുന്നിടത്ത് പ്രതികരിച്ച് പറയേണ്ടത് പറയുന്നയാളാണ് ഊരാളി.

നാടകരംഗത്ത് പ്രവര്‍ത്തിക്കുന്നതോടൊപ്പം ലാറ്റിനമേരിക്കയില്‍ വര്‍ഷങ്ങളോളം തിയറ്റര്‍ ആക്ടിവിസ്റ്റായി ജീവിക്കുകയും ചെയ്ത മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് ഊരാളിയുടെ ടീം.