15-10-18

📚📚📚📚📚📚
ഞാന്‍ റിഗോബെര്‍ത മെഞ്ചു
ഗ്വാട്ടിമലയിലെ അമേരിന്ത്യന്‍ പോരാളി
വിവര്‍ത്തനം - രാജന്‍ തുവ്വാര
പ്രസാധകര്‍ - സമത ബുക്സ് തൃശൂര്‍
വില - 300
''പോരാട്ടത്തിനുള്ള എന്‍റെ പ്രതിബദ്ധതയ്ക്ക് അതിരുകളോ പരിമിതികളോ തിരിച്ചറിയാന്‍ കഴിയില്ല.തങ്ങളുടെ ദൗത്യം ഹൃദയത്തില്‍ വഹിക്കുന്നവര്‍ മാത്രമാണ് അപകടസാദ്ധ്യതകള്‍ ഏറ്റെടുക്കുവാന്‍ ധൈര്യപ്പെടുന്നത്''.
  റിഗോബെര്‍ത മെഞ്ചു.
ആത്മകഥകൾ അമിതമായി വായിക്കുന്നതും ഇഷ്ടപ്പെടുന്നതും ഒരു തരം മനോരോഗമാണെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു അങ്ങനെയെങ്കില്‍  എന്റെ ആ രോഗാവസ്ഥ വളരെ ഗുരുതരമാണ്. ഇന്നുവരെ ഏകദേശം  ഇരുന്നൂറോളം പുസ്തകങ്ങള്‍ ആത്മകഥകളും ജീവചരിത്രങ്ങളുമായി മാത്രം വായിച്ചു.അല്ലത്തവ എകദേശം എഴുന്നൂറോളവും
വായിച്ച ആത്മകഥകളില്‍  പലതും ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തുകയും കീറിമുറിയ്ക്കുകയും അതേ സമയം ജീവിതത്തെ ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്  അത്തരത്തിലൊന്നാണ് റിഗോബെര്‍ത മെഞ്ചുവിന്‍റെ  ''ഞാന്‍ റിഗോബെര്‍ത മെഞ്ചു ഗ്വാട്ടിമലയിലെ അമേരന്ത്യന്‍ പോരാളി എന്ന പുസ്തകം.ഈ പുസ്തകം നിങ്ങളുടെ ലോകത്തോടുള്ള കാഴ്ചപ്പാടുകളെ മാറ്റുകയും പുതിയ ഒരുണര്‍വ്വിലേയ്ക്കും പുതുബോധത്തിലേയും നയിക്കുകയും ചെയ്യും തീര്‍ച്ച.
''പര്‍വ്വതങ്ങളെ കിടിലം കൊള്ളിച്ച പെണ്‍പോരാളി'' ഒരു പക്ഷേ ആ പേരാവും മെഞ്ചുവിന് കൂടുതലായി ചേരുക. ഗ്വാട്ടിമലയിലെ മണ്ണിന്റെ മക്കള്‍ നടത്തിയ അവകാശപ്പോരാട്ടങ്ങളെ മുന്നില്‍ നിന്ന് നയിക്കുകയും അവര്‍ക്ക്  തിരിച്ചടികളേല്‍ക്കുമ്പൊള്‍ അതിനെ സധൈര്യം ഏറ്റെടുത്ത് പ്രതിരോധിക്കുകയും ചെയ്തവളെ നാം മറ്റെന്ത് പേരിട്ടാണ് വിളിക്കുക.ഒരുനാട്ടിലെ ജനത ഒന്നടങ്കം അടിച്ചമര്‍ത്തപ്പെട്ടതിന്റെ ഇരുളടഞ്ഞ ഏടുകളിലേക്ക് വെളിച്ചംവീശുന്ന ഒന്നാണ് മെഞ്ചുവിന്‍റെ ജീവിതവും ഈ ജീവിതകഥയും.  മായന്‍ ഗോത്രത്തില്‍പെട്ട ഇന്ത്യന്‍ വര്‍ഗ്ഗക്കാരിയായ റിഗോബര്‍ത്ത മെഞ്ചുവിന്റെ ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ ഒരു സ്ത്രീയ്ക്ക് ഇത്രയുമൊക്കെ യാതനകളെ നേരിടാനാവുമൊയെന്നും അതേസമയും ഇത്രയും പ്രതിരോധം തീര്‍ക്കാനാവുമോയെന്നും നാം അത്ഭുതപ്പെട്ടേക്കാം.
ലാറ്റിന്‍അമേരിക്കയിലെ ഗ്വാട്ടിമാലയിൽ 1959 ജനുവരി 9 നാണ് റിഗോബെർത ജനിച്ചത്.  പട്ടാള ഭരണകൂടത്തെ ചെറുത്തുനിന്ന മായൻ സംസ്കാരമുറകൾ അനുസരിച്ചു പോന്ന റെഡ്‌ ഇന്ത്യൻ വംശജനായ ഒരു കര്‍ഷകത്തൊഴിലാളിയുടെ അതായത് ഗ്വാട്ടിമാലയിലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് ഗോത്രവര്‍ഗങ്ങള്‍ക്കെതിരെ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളിലേക്ക് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നതിന് ഗ്വാട്ടിമാലയിലെ സ്പാനിഷ് എംബസി കയ്യേറ്റത്തിന് നേതൃത്വം കൊടുത്ത വിന്‍സെന്റിന്‍റെ ആറുമക്കളില്‍ ഒരുവളാണ് റിഗോബെര്‍ത മെഞ്ചു.
ഗ്വാട്ടിമാലയിലെ 22 ഗോത്രവര്‍ഗങ്ങളിലെ ഏറ്റവും വലിയ വിഭാഗങ്ങളിലൊന്നായ ക്വിഷെയില്‍ ജനിച്ച റിഗോബെര്‍ത കുട്ടിക്കാലത്തുതന്നെ കുടുംബത്തിനൊപ്പം തോട്ടങ്ങളിലും പാടത്തും പണിയെടുക്കാന്‍ നിര്‍ബന്ധിതയായി. വിദ്യാഭ്യാസമെന്നത് അവള്‍ക്ക് ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ല.ആറുമാസം തീരപ്രദേശത്തെ തോട്ടങ്ങളില്‍ കളപറിക്കാനും വിളവെടുപ്പിനുമായി പണിക്കുപോകുന്ന റിഗോബെര്‍തയും അവളുടെ ഗോത്രവര്‍ഗ ജനതയും അവശേഷിക്കുന്ന ആറുമാസക്കാലം മലയോര മേഖലയിലെ പാടങ്ങളില്‍ രാപകലെന്യെ പണിയടുത്തു.ഈ കഷ്ടപ്പാടുകള്‍ സഹിച്ചാലും അവര്‍ക്ക് പട്ടിണിമരണങ്ങളും രോഗവും ദുരിതവും മാത്രമായിരുന്നു മിച്ചം.തോട്ടങ്ങളില്‍ പണിയെടുക്കുന്നവര്‍ മരണപ്പെട്ടാല്‍ ശവമടക്കണമെങ്കില്‍ തോട്ടമുടമകള്‍ക്ക് പണം കൊടുക്കണമായിരുന്നു.ഇങ്ങനെ പല ദുരിതപര്‍വ്വങ്ങളും എത്ര വലുതായിരുന്നുവെന്ന് റിഗോബെര്‍ത തന്‍റെ ആത്മകഥയില്‍ വരച്ചുകാട്ടുന്നു.
റിഗോബര്‍തോയുടെ ജീവിതവും കഷ്ടപ്പാടുകളും ദുരിതവും നിറഞ്ഞതായിരുന്നു.തന്‍റെ രണ്ട് സഹോദരന്‍മാര്‍ പട്ടിണിയും രോഗവും ബാധിച്ച് മരിക്കുന്നത് അവള്‍ക്ക് നിസ്സഹയതോടെ കണ്ടു നില്‍ക്കേണ്ടി വന്നു. കുട്ടികള്‍ പട്ടിണിയും രോഗങ്ങളുംമൂലം മരിച്ചുപോകുന്ന കാഴ്ച ഏറെ കാണേണ്ടിവന്ന റിഗോബെര്‍ത താന്‍ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് ബാല്യത്തില്‍തന്നെ പ്രതിജ്ഞയെടുത്തു.തോട്ടമുടമകളില്‍നിന്നും കങ്കാണിമാരില്‍ നിന്നും  നേരിട്ടിരുന്ന പീഡനങ്ങളെക്കുറിച്ചും മനസാക്ഷിയെ മരവിപ്പിക്കുന്ന ദുരിതപര്‍വ്വങ്ങളെക്കുറിച്ചും  റിഗോബെര്‍ത തന്‍റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. തോട്ടമുടമയുടെ പുത്രന്റെ കാമാര്‍ത്തിക്കു വഴങ്ങാത്ത പെട്രോണയെന്ന റിഗോബെര്‍തയുടെ  കളിക്കൂട്ടുകാരിയെ ജന്മിപുത്രന്‍  ഗുണ്ടകളെക്കൊണ്ട് തല്ലിക്കൊന്ന് തുണ്ടുതുണ്ടാക്കിയിട്ടും   അധികാരികളാരും കേസെടുത്തില്ലെന്നു മാത്രമല്ല, തിരിഞ്ഞുനോക്കുകപോലും ചെയ്തില്ലെന്നും ഇരുപത്തഞ്ച് കഷ്ണങ്ങളാക്കപ്പെട്ട ആ ശവശരീരത്തോടുപോലും അവര്‍ നിന്ദ്യമായാണ് പെരുമാറിയതെന്നും മെഞ്ചു വേദനയോടെ പങ്ക് വയ്ക്കുന്നു.  ഇത്തരം കൊടിയ അക്രമങ്ങളാണ് ഈ ഗോത്ര ജനതയെ ചെറുത്തുനില്‍പിന് നിര്‍ബന്ധിതരാക്കിയത്. എന്നാല്‍ ഏത് കഷ്ടപ്പാടുകള്‍ക്കും ദുരിതങ്ങള്‍ക്കും ഇടയിലും ഗോത്രവര്‍ഗ്ഗജനത തങ്ങളുടെ ഗോത്ര ജീവിതത്തിന്റെ ആചാരാനുഷ്ഠാനങ്ങളും സന്തോഷ സന്താപങ്ങളുമെല്ലാം ആഘോഷിക്കുകയും മുറുകെ പിടിക്കുകയും ചെയ്തു അഭിമാനത്തോടെ  റിഗോബെര്‍ത തന്‍റെ ആത്മ കഥയില്‍ പങ്ക് വയ്ക്കുന്നു. തോട്ടങ്ങളിലേക്ക് സംഘം ചേര്‍ന്നാണ് ആദിമ നിവാസികളായ ഗോത്രവര്‍ഗക്കാര്‍ പണിക്കുപോയിരുന്നത്. ഈ സംഘബോധംതന്നെയാണ് ഭൂപ്രഭുക്കളുടെയും തോട്ടമുടമകളുടെയും ക്രൂരതകള്‍ക്കെതിരെ, മറ്റൊരുമാര്‍ഗവുമില്ലാതെയായപ്പോള്‍, ചെറുത്തുനില്‍ക്കാന്‍ അവര്‍ക്ക് തുണയായതും.
കൗമാരപ്രായത്തിൽത്തന്നെ റിഗോബെർത കത്തോലിക്ക ക്രൈസ്തവ സഭയുടെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന സാമുഹ്യ പ്രവത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. ഇത് അവളെ സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനൊപ്പം സമൂഹത്തിനുവേണ്ടി തനിക്ക് പലതും ചെയ്യാനുണ്ടെന്നുള്ള ബോധ്യവും ഉണ്ടാക്കി.
തങ്ങളെപ്പോലെതന്നെ ദാരിദ്ര്യവും ചൂഷണവും ദുരിതവും നേരിടുന്ന ലാദിനോകള്‍ ഉള്‍പ്പെടെ അധ്വാനിക്കുന്നവരുടെ കൂട്ടായ്മ ഉണ്ടാകണം എന്നവള്‍ മനസ്സിലാക്കി. തങ്ങളൊരുമിച്ചുനിന്നാല്‍ സ്വാതന്ത്യം അകലെയല്ലയെന്നുള്ള ബോധ്യം റിഗോബെര്‍തയ്ക്കുണ്ടായിരുന്നു. അവളുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ "പ്രശ്നങ്ങളുടെ മൂലകാരണം കിടക്കുന്നത് ഭൂമിയുടെ ഉടമസ്ഥതയിലാണെന്ന് ഞങ്ങള്‍ കണ്ടെത്തി. ലാദിനോ ആയ സ്നേഹിതരോട് അടുത്തപ്പോഴാണ് കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്ന ലാദിനോകള്‍ ഉണ്ടെന്നും ഞങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നത് ഭരണവര്‍ഗത്തിന്റെ കൗശലമാണെന്നും മനസ്സിലാക്കിയത്''.
വീട്ടിലെ പട്ടിണിയില്‍ നിന്നും തോട്ടത്തിലെ അടിമപ്പണിയില്‍നിന്നുള്ള ഒരു മോചനത്തിനയും റിഗോബെര്‍ത കുറച്ചു നാള്‍ നഗരത്തിലെ പ്രഭുകുടുബത്തില്‍  വീട്ടുവേലക്കാരിയായും  ജോലി നോക്കി.എന്നാല്‍ അവിടെയും ജീവിതം അടിമ പണിയേക്കാളും നികൃഷ്ടമായതിനാല്‍ അതുപേക്ഷിച്ച് അവള്‍ വീണ്ടും കുടുംബത്തോടൊപ്പം തോട്ടങ്ങളിലേക്ക് പണിക്കുപോയി. ഭൂവുടമകളുമായും ഭരണാധികാരികളുമായും ആശയവിനിമയം നടത്തുന്നതിന് ഭരണാധികാരികളുടെ ഭാഷയായ സ്പാനിഷ് പഠിക്കേണ്ടതുണ്ടെന്ന തിരിച്ചറിവ് റിഗോബെര്‍ത എന്ന പോരാളിയെ സ്പാനിഷ് പഠിക്കാനും തന്റെ ആളുകളെ അതു പഠിപ്പിക്കാനും പ്രേരിപ്പിച്ചു. സങ്കരവര്‍ഗത്തില്‍പെട്ട ലാദിനോകളുടെ - ദരിദ്രരായ കര്‍ഷകത്തൊഴിലാളികളുടെ - സഹായത്തോടെയാണ് റിഗോബെര്‍ത സ്പാനിഷ് സംസാരിക്കാന്‍ പഠിച്ചത്.പതിയെ റിഗോബര്‍ത ആശയസമരങ്ങളില്‍ നിന്നും പ്രതിരോധമാര്‍ഗ്ഗങ്ങളില്‍ നിന്നും പ്രത്യാക്രമണത്തിന്‍റെ പാത തിരഞ്ഞെടുത്തു.ബൈബിളിലെ വിമോചനാശയങ്ങളെ സമരായുധമാക്കി ഗറില്ലയുദ്ധം ആരംഭിക്കുകയും അതിന്‍റെ മുന്നണിപ്പോരാളിയാവുകയും ചെയ്തു.
ജീവിക്കാനും  സ്വതന്ത്ര്യത്തിനുമായുള്ള ആ പോരാട്ടത്തില്‍ റിഗോബെർതക്കും കുടുംബത്തിനും നിരവധി പീഡനങ്ങൾ സഹിക്കേണ്ടി വന്നു.  റിഗോബെര്‍തയുടെ പിതാവും മാതാവും സഹോദരനും മറ്റൊട്ടേറെ പേര്‍ക്കൊപ്പം ക്രൂരപീഢനങ്ങളേറ്റ്  കൊലചെയ്യപ്പെട്ടു.ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പട്ടാള ഭരണകൂടങ്ങളും സാമ്രാജ്യത്ത ശക്തികളും നടത്തിയ തേര്‍വാഴ്ചകളുടെ നേര്‍ചിത്രം കൂടിയായ ഈ പുസ്തകം ഒട്ടൊരു വേദനയോടും അതിലുമുപരി  സാമ്രാജ്യത്വ ശക്തികളോടുള്ള അമര്‍ഷത്തോടും കൂടിയെ വായിക്കാനാവു.പിന്‍ കുറിപ്പ്-
1992ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചതോടെയാണ് റിഗോ ബെര്‍തമെഞ്ചു എന്ന ഗ്വാട്ടിമാലയന്‍ പോരാളിയെ ലോകം ശ്രദ്ധിക്കുന്നതും അവരുടെ വാക്കുകളെ ശ്രവിക്കുന്നതും, പോരട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതും.
ഗ്വാട്ടിമാലയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഭൂപ്രഭുക്കളും സ്വേച്ഛാധിപതികളായ ഭണാധികാരികളും നടത്തിയ കൂട്ടക്കൊലകളും അവര്‍ക്കെതിരെ 1970കളിലും 1980കളിലും തന്‍റെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ ഗറില്ലാ പോരാട്ടങ്ങളെയും ,ഭരണകൂട ഭീകരതയേയും അതിനെതിരെ നടന്ന ചെറുത്തുനില്‍പ്പിന്‍റേയും പോരാട്ടങ്ങളുടെയും കഥ റിഗോബെര്‍ത തന്‍റെ ആത്മകഥയിലൂടെ ലോകത്തെയറിയിച്ചു. നിരക്ഷരയായ അവരുടെ ആത്മകഥയ്ക്ക് ലിഖിത രൂപം നല്കി ലോകത്തിന്മുമ്പില്‍ അവതരിപ്പിച്ചത് വെനസ്വേലന്‍ സാമൂഹ്യശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ എലിസബത്ത് ബര്‍ഗോസ് ദിബ്രെയാണ്.
ജോയിഷ് ജോസ്
🌾🌾🌾🌾🌾