15-09-18


പ്രണയമില്ലാതെയായ നാൾ
പ്രണയമില്ലാതെയായ നാൾ സകലതും
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു ഞാൻ
ജനലരികിൽ നിന്നിളവെയിൽ കൈത്തലം
പതിയേ പിൻ വലിയ്ക്കുന്നതു മാതിരി
ഇലകളിൽ നിന്നെടുത്തൊരു ഹരിതകം
മഴയുടെ ജലസാന്ദ്രമാം സൗഹൃദം
വിരലിലാദ്യം തൊടുമ്പോൾ പടർന്നൊരു
വിവരണാതീത വൈദ്യുതീ കമ്പനം
പ്രണയമില്ലാതെയായനാൾ സകലതും
തിരികെയേൽപ്പിച്ചു പിൻ മടങ്ങുന്നു ഞാൻ
അതിരെഴാത്ത നിശീഥത്തിലെവിടയോ
വിളറിവീഴും നിലാവിന്റെ സുസ്മിതം
മിഴികളിൽ  നിന്നു മിന്നലായ്‌ വന്നെന്റെ
മഴകളെ കുതികൊള്ളിച്ച കാർമ്മുകം
പ്രണയമില്ലാതെയായനാൾ സകലതും
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു ഞാൻ
പ്രണയമില്ലാതെയായനാൾ സകലതും
തിരികെയേൽപ്പിച്ചു പിന്മടങ്ങുന്നു ഞാൻ
തിരയഗാധങ്ങളിൽ നിന്നു ചിപ്പികൾ
കരയിൽ വച്ചു മടങ്ങുന്നതു മാതിരി
റഫീക്ക്‌ അഹമ്മദ്‌
****************

ജീവിക്കാനുള്ള കാരണങ്ങൾ
മരിക്കാൻ നിനക്ക് കാരണങ്ങൾ ഉള്ളതുപോലെ തന്നെ ജീവിക്കാൻ  ചില കാരണങ്ങൾ  ഞാനും കണ്ടെത്തിയിട്ടുണ്ട് ,
അല്ലെങ്കിലും നീ പറയുമ്പോലെ ഏതിലും കാരണങ്ങൾ കണ്ടെത്തുകയെന്നത്  എനിക്കൊരു കലയാണ് .
എന്റെ
പ്രഭാതങ്ങളുണ്ടാകുന്നതു തന്നെ നിന്റെ ചായ ഗ്ലാസ്സിൽ  കടുപ്പത്തിലൊരു ചായയാകാനാണ് ,
കപ്പിനും ചുണ്ടിനുമിടയിലെ എന്റെ സ്നേഹ മധുരം നീ കാര്യമാക്കുന്നില്ലെങ്കിലും ..
നിന്നെപ്പോലെ ഫോണും കുത്തിയിരിക്കാൻ ആഗ്രഹമില്ലാഞ്ഞല്ല,
ചോറായും കറിയായും നമ്മുടെ കുഞ്ഞുങ്ങളുടെ ചോറ്റുപാത്രങ്ങളിൽ എനിക്ക് അവതരിച്ചല്ലേ പറ്റൂ .
ഉച്ചയൂണിന്റെ ഇടവേളയിൽ ഇന്നലെക്കണ്ട സീരിയലിനെപ്പറ്റി കൂട്ടുകാരോട് പറഞ്ഞൊന്ന് ചിരിക്കണം,
വറുത്ത മീൻ കഷ്ണങ്ങളോടൊപ്പം ,
മീൻ കറി എങ്ങനെ എളുപ്പത്തിലുണ്ടാക്കാമെന്നോ, റിഡക്ഷൻ സെയിലിനെക്കുറിച്ചോ  ഉള്ള കാര്യങ്ങൾ പങ്കു വയ്ക്കണം .
വൈകുന്നേരങ്ങളിലെ കാറ്റേറ്റ്  പറ്റുമെങ്കിൽ ഇത്തിരി നേരം മുറ്റത്ത് നടക്കണം ,
നാളെ മുതൽ വായന തുടങ്ങണമെന്ന് തീരുമാനിക്കണം.
പിറ്റേന്നത്തേക്കുള്ള പച്ചക്കറി അരിയുന്നതിനിടയിൽ അമ്മയെയും അച്ഛനെയും  ഓർത്ത്  കണ്ണു നിറയ്ക്കണം .
പണ്ട് പാടിയ പാട്ടുകൾ മൂളി നോക്കണം .
കാത്തിരിക്കുന്ന അവസാനത്തെ എച്ചിൽ പാത്രവും കഴുകി കമഴ്ത്തി ,
അടുക്കളയെ ഉറക്കണം .
പാതിമയക്കത്തിലൊന്ന്
മേൽക്കഴുകി വന്ന്,
നീ വരുന്നതും കാത്ത് കാത്ത് കിടന്ന് ഉറങ്ങിപ്പോകണം ...
നട്ടപ്പാതിരയ്ക്ക്  നിന്റെ ഉച്ചത്തിലുള്ള കൂർക്കം വലി കേട്ടുണരണം .
ജീവിതം അത്രമേൽ വരണ്ടുപോകുമ്പോൾ ,
മരിക്കാനെന്നതു പോലെ ജീവിക്കാനും ഓരോ കാരണങ്ങൾ കണ്ടെത്തണം
ഷീലാ റാണി
****************

മകൾ
വെയിൽച്ചതുരത്തിൻ ചിലന്തി നൂലുകൾ
നരച്ചമേൽക്കൂര
പൊതിഞ്ഞസന്ധ്യയിൽ
മകളേ
നിൻ മണിക്കൊലുസലുക്കു പോൽ
മരക്കൂട്ടങ്ങളിൽച്ചെറുമഴവന്നു
വനമലരുകൾക്കരികെരാവിന്റെ
പദസ്വനം കേട്ടു മിഴി തുറക്കവെ
അകലെ
ദിക്കുകൾ തുറന്ന വാതിലൂ-
ടണിഞ്ഞൊരുങ്ങി നീ കടന്നു പോകുന്നു
എവിടെയോ വിശന്നുറങ്ങുന്നൂ മുറിഞ്ഞൊഴുകുന്നൂ
ഭയന്നിടറിയോടുന്നു
തെരുവുകൾ കത്തും കൃപണഭൂമിയിൽ
എവിടെയൊറ്റക്കു കരഞ്ഞിരുപ്പു നീ ?
മകളെ
നിന്നെയും നിനച്ചിരുന്നു ഞാൻ
കരിയിലകളാൽ മറഞ്ഞു പോകുന്നു
കരിഞ്ചിലന്തിനൂൽ വലയിലാകാശം നിലവിളിക്കാഴ്ച്ച നിരത്തിവയ്ക്കുന്നു
മകളേ
കുന്നുകൾക്കുറിഞ്ഞി പൂക്കുന്നു
കുടമുല്ലവള്ളി ചിരിച്ചു നിൽക്കുന്നു
എവിടെ
നീ നിന്റെ പ്രഭാത ഗാനവും
തളിർ കിനാക്കളും
തകർന്നെവിടെ നീ
റെജി കവളങ്ങാടൻ
****************

നീ
തരുമെന്ന്
പറഞ്ഞു കൊതിപ്പിച്ച
പ്രണയലേഖനം
ഇനി വേണ്ട.
അക്ഷരങ്ങളുടെ
തീച്ചൂളയിൽ
വേവിച്ചെടുത്ത
അപ്പ കഷ്ണം
ഇനി വേണ്ട.
ചോര പുരണ്ട
ഭൂപടങ്ങളിൽ
പടർന്നു കയറുന്ന
വികാരങ്ങൾ
ഇനി വേണ്ട.
മാംസം
തുളച്ചുകയറുന്ന
സ്വപ്നങ്ങൾ
ഇനി വേണ്ട.
ഉടലിനെ
പച്ചയോടെ
ശാപ്പിടുന്ന
ഭരണകൂടം
ഇനി വേണ്ട.
എങ്കിലും,
എനിക്ക് വേണം
ചുവപ്പ്
ഒട്ടും ചോരാതെ
എന്റെ
പ്രണയത്തിന്
കാവലിരിക്കുമെന്ന്
ഉറപ്പു തരുന്ന
ഹൃദയപക്ഷത്തെ...
ബിജു വളയന്നൂർ
****************

അന്ന്, ദൈവത്തിന്
വല്ല്യ പണിയൊന്നും ഇല്ലാതിരുന്ന, വെള്ളിയാഴ്ച്ച,
അക്ഷരമാലയിൽ, ചില വിസ്മയങ്ങൾ സൃഷ്ടിക്കാൻ തീരുമാനിച്ചു,
(ഏതെങ്കിലും, സഹകരണ ബാങ്കിന്റെ
കലണ്ടറുണ്ടായിരുന്നോ ആവോ)
ആദ്യം " ഋ " എന്ന
നിരുപദ്രവകാരിയും, പരമാവധി പരോപകാരിയും, ലൊട്ടുലൊടുക്കു ചപ്പടാച്ചിയും,
കള്ളുകുടിച്ചാൽ മാത്രം അലമ്പനും,
പ്രത്യക്ഷ പ്രണയ ശീലനും,
തുറു കണ്ണനുമായ പുരുഷനെ സൃഷ്ടിച്ചു,
സൃഷ്ടിക്കലിന്റെ സംഘർഷം
അത് ദൈവത്തിന് മാത്രേ അറിയു,
ഗഢീ, സംഘർഷം കുറയ്ക്കാൻ, സോമരസത്തിന്റെ ,കൂജ തുറന്നതും..
"ഋ " എന്ന പുരുഷൻ അലറി
എനിക്കിപ്പോ പെണ്ണുവേണം..
ലെന്തൂട്ടാ ,ചെക്കാ, കിടന്ന് തൊള്ളതൊറക്കണത്,
വല്ലാണ്ട് കളിച്ചാ...
കാലുമ്മേ പിടിച്ച് തലക്കീഴാക്കി
കണ്ണ് രണ്ടും കൊടഞ്ഞ്‌ കളയൂട്ടാ
ദൈവം കലിച്ചു
(അല്ലെങ്കിലും ദൈവങ്ങൾക്കിത്തിരി കലിപ്പ് കൂടുതലാണ്)
ഋ " എന്ന പുരുഷൻ ആരാ മോൻ,
വിട്ടില്ല,
പെണ്ണ്, പെണ്ണ്, എന്നലറി വിളിച്ച് നടന്നു.
സഹദൈവങ്ങളെന്ത് കരുതും
ദൈവം അങ്കലാപ്പിലായി
ഒന്നും ആലോചിച്ചില്ല
" ഋ " എന്ന പുരുഷനെ പിടിച്ച്, അപ്പിൾ മരത്തുമ്മേ ചേർത്തു നിർത്തി, "ലവിടെവിടൊക്കെ ലൊറ്റ " മുറിക്കൽ,
എന്തൽഭുതം,
ദേ, അക്ഷരമാലയിൽ...
"ഴ " എന്ന പെണ്ണ്
( ആരാണ്ട് പറഞ്ഞുണ്ട് നടക്കണണ്ട് "ഋ " എന്ന പുരുഷനെ ദൈവം മുറിച്ചില്ല
അവന്റെ ,നട്ടെല്ല് ഊരിയിട്ടാണ് "ഴ " എന്ന പെണ്ണിനെ ഇണ്ടാക്കീതെന്ന്, ആ എനിക്കറിയില്ല കാണാത്ത കാര്യം പറഞ്ഞു നമ്മക്ക് ശീലവും ഇല്ല )
സജീവൻ പ്രദീപ്
****************

കൊത്തിയാട്ടുമ്പോൾ
ഇനി നീ നഗ്നയാവുക
'മാനം' തുന്നിപ്പിടിപ്പിച്ച
പേർത്തും ചേർത്തും
പറഞ്ഞൊതുക്കിയ
അധിനിവേശങ്ങൾ
ഒന്നൊന്നായ്
ഊതിപ്പറത്തുക
കാണട്ടെ നിന്റെ
ഭൂമിയിടങ്ങൾ
ജീവൻ ഉറവപൊട്ടിയ
സ്തനകാന്തികൾ
നീ സമാധിയിലാണ്ട
ആലിലവയർ.
പുഴുവായിരുന്ന നീ
പൂമ്പാറ്റയായ്
പറന്നിറങ്ങിയ
ജനനവഴികൾ.
കണ്ണാലെ കൊഞ്ചവെ
നീ ആദ്യം അമർന്നിരുന്ന
ആ മടിത്തട്ട്.
ആകാശവും ഭൂമിയും
നീ കാണാൻ
പാടവും തോടും മേടും
താണ്ടിയ കണങ്കാലുകൾ.
കാണട്ടേ
കൺകുളിർക്കെ കാണട്ടേ
നീ നിറഞ്ഞു നിൽക്കുക
എല്ലാ വഴിയിലും
ഓരോ തിരിവിലും
കാണട്ടേ, കൊതി തീരട്ടേ.
സീന ശ്രീവത്സൻ
(കുക്കിനിക്കട്ടയും പുന്നാഗച്ചെട്ടും
പുലിറ്റ്സർ ബുക്ക്സ് )
****************

എട്ടാം ക്ലാസു മുതൽ ഞാൻ പഠിച്ചത് മുഹമ്മയിലെ മദർ തെരേസ (MTHS) സ്കൂളിലായിരുന്നു. ആര്യക്കര ABVHS എന്ന സ്വാതന്ത്ര്യത്തിന്റെ സ്വർഗ്ഗത്തിൽ നിന്ന് സ്ട്രിക്റ്റ് ക്രിസ്ത്യൻ ഇൻസ്റ്റിറ്റൂഷനായ മദർ തെരേസ സ്കൂളിലേക്കുള്ള  പറിച്ചുനടൽ എന്നെ മുരടിപ്പിച്ചു കളഞ്ഞിരുന്നു .
എട്ടാം ക്ലാസിൽ ഹിസ്റ്ററി പഠിപ്പിച്ചിരുന്നത് ജോർജച്ഛനായിരുന്നു .
ക്ലാസിലെപ്പോഴോ നടത്തിയ ആഴ്ച പരീക്ഷയുടെ പേപ്പർ ഒന്നുമെഴുതാത്തത് മൂലം ഞാൻ മുക്കിക്കളഞ്ഞു .
എന്റെ മുഖത്തെ പരുങ്ങൽ കൊണ്ടാവണം ജോർജച്ചനത് കണ്ടു പിടിച്ചു. കുട്ടികളുടെ ഇടയിൽ വെച്ച് അദ്ദേഹത്തിനെന്നെ നാണം കെടുത്താമായിരുന്നു. തല്ലാമായിരുന്നു. പക്ഷേ അതൊന്നുമല്ല അദ്ദേഹം ചെയ്തത്.
വൈകിട്ട് ക്ലാസ് വിട്ട് കുട്ടികളെല്ലാം പോയിക്കഴിഞ്ഞ് എന്നെ തോളിലൂടെ കയ്യിട്ട് വരാന്തയിലൂടെ നടത്തിക്കൊണ്ട് അച്ഛനൊരു ചോദ്യം ചോദിച്ചു. '' ഞാൻ പിച്ചിയിട്ട് നിനക്കെപ്പോഴെങ്കിലും നൊന്തിട്ടുണ്ടോയെന്ന്. '
സത്യമായിരുന്നു. ജോർജച്ഛൻ പിച്ചിയിട്ട് ഞങ്ങൾക്കാർക്കും നൊന്തിരുന്നില്ല. ആ ചോദ്യത്തിന്റെ വേദനയിൽ ഞാനന്ന് കരഞ്ഞു. അന്നൊഴുകിയ കണ്ണുനീരിന്റ നനവാണ്
എനിക്കിന്നും ഒരു പള്ളീലച്ഛൻ .
രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ മനസിൽ വന്നു നിറയുന്ന അകാരണമായ ദുഃഖം ജീവിതത്തിലെ ഒരു ശാപമാണ് , അന്നും ഇന്നും. സ്കൂൾ കാലത്ത് അത്തരം ദിവസങ്ങളിൽ ഞാനഭയം തേടിയിരുന്നത് ശാന്തമായ പള്ളിമേടയിലായിരുന്നു. പള്ളിമണികളും അൾത്താരയിലെ ശാന്തതയും ക്രൂശിതന്റെ വിശുദ്ധ രൂപവും മാതാവിന്റെ കരുണാമയമായ രൂപവും എനിക്ക് സ്നേഹസ്പർശമായിരുന്നു.  പളളി മുറ്റത്തെ കാറ്റാടി മരത്തലപ്പുകളും
തണൽ മരങ്ങളും  ബാസ്കറ്റ് ബോൾ ഗ്രൗണ്ടും പുൽമേടുകളുമെല്ലാം വല്ലാത്ത ഒരു സാന്ത്വനവും .
വർഷങ്ങൾക്ക് ശേഷം പലതുമായും പൊരുത്തപ്പെടാനാവാതെ സർക്കാർ ജോലിയുപേക്ഷിച്ച് പാരലൽ കോളേജിലേക്ക് തന്നെ തിരികെ പോയ ഒരു കാലമുണ്ട്. ചേർത്തലയിൽ ഒരു സിസ്റ്റർ നടത്തിയിരുന്ന സെന്റ് മേരീസ് ട്യൂട്ടോറിയലിലാണ് അന്ന് അഭയം തേടിയത്. കുടുംബക്കാരുടെയും നാട്ടുകാരുടെയും പഴി കൊണ്ടും സാമ്പത്തിക പരാധീനതകൾ കൊണ്ടും ജീവിതം വഴിമുട്ടി നിന്ന നാളുകൾ, ഒന്നുമായും പൊരുത്തപ്പെടാനാവാത്ത മനസിനെ സ്വയം ശപിച്ച് മൗനമായി കരഞ്ഞ ദിനങ്ങൾ . പക്ഷേ ക്ലാസിലും ടീച്ചേഴ്സ് റൂമിലും ഞാൻ താരമായിരുന്നു.   ചിരിയും തമാശയും കൊണ്ട് കട്ടിയുള്ള മുഖം മൂടി പണിതെടുക്കാനുള്ള കഴിവിൽ അന്നും ഇന്നും എനിക്ക് എന്നോട് അങ്ങേയറ്റം ബഹുമാനമാണ്.
ക്ലാസ് കഴിഞ്ഞ് കണ്ടിട്ടേ പോകാവൂ എന്ന് ഒരു ദിവസം സിസ്റ്റർ പറഞ്ഞപ്പോൾ ഞാനറിഞ്ഞില്ല അതെന്റെ മുഖം മൂടി വലിച്ചു കീറാനാണെന്ന്.
ആരോ പറഞ്ഞ് സിസ്റ്റർ അറിഞ്ഞിരുന്നു എന്റെ ജോലിയുടെ കാര്യം.
കുറച്ച് ചോദ്യങ്ങളെ സിസ്റ്റർ ചോദിച്ചുള്ളു.
 മോന് പൈസ ആവശ്യമുള്ളപ്പോഴൊക്കെ ഓഫീസിൽ പറഞ്ഞ് വാങ്ങിക്കൊള്ളാനും പറഞ്ഞു.  അവരെന്നെ വലിച്ചു കീറി സ്നേഹ മഴയത്ത് നിറുത്തി. ശിരോവസ്ത്രത്തിനുള്ളിൽ സ്വന്തം ജീവിതമുപേക്ഷിച്ച അവർ ഭാര്യയും കുട്ടിയുമുള്ള എന്റെ ജീവിതത്തെ കുറിച്ച് എനിക്ക് പറഞ്ഞു തന്നു. അവർ നനയിച്ച കണ്ണുകളും കൊണ്ട് ഞാൻ ജീവിതത്തിലേക്ക് തിരികെ നടന്നു കയറി.
കോൺവെന്റുകളും അഗതിമന്ദിരങ്ങളുമുള്ള, വിശുദ്ധ ഗീതങ്ങളുടെ പതിഞ്ഞ ഈണമുള്ള പള്ളിമുറ്റങ്ങൾ എനിക്കിന്നും സ്നേഹസ്പർശമാണ് , കനിവും കരുണയുമാണ് , അതിന്റെ ഓർമ്മകളാണ്.
ഇന്ന്, ശിരോവസ്ത്രമിട്ട സഹോദരിമാർ നീതിക്ക് വേണ്ടി പ്ലക്കാർഡുമായി തെരുവിലിരിക്കേണ്ടി വന്നപ്പോൾ വികൃതമാകുന്നത് കരുണയുള്ള കുറേ നല്ല മുഖങ്ങൾ കൂടിയാണ്, ബാക്കി വന്ന നന്മയുടെ ഇത്തിരി പച്ചപ്പുകളാണ്. തെറ്റ് ചെയ്തവനെ സംരക്ഷിക്കുന്ന സഭയുടെ ധാർഷ്ട്യങ്ങളിൽ കനിവുള്ള കുറേ നല്ല മനുഷ്യർ കൂടി ചെളിയേറ് കൊള്ളുകയാണ്.
മതങ്ങൾ ഒരു രാജ്യത്തേയും ജനാധിപത്യത്തേയും തെരുവിൽ വെയിലത്ത് നിറുത്തുകയാണ്, നന്മയുടെ അവസാന കിരണങ്ങളും തല്ലിക്കെടുത്തുകയാണ്
ലാലു കെ ആർ
****************

എനിക്കതിനാവില്ല സഖീ
ഒരൊറ്റവരി കവിത പോലും
 എന്നെ തേടി വരാത്ത ഈരാവ്
നിനക്ക് പകുത്തുതരാനാവില്ല സഖിയെനിക്ക് .
ഒരു ഡാലിയാമലരു പോലും മിഴിതുറക്കാത്ത
ഈ ഉദ്യാനത്തിൽ നിനക്കായി കാത്തിരിക്കാനെനിക്കാവില്ല സഖീ .
ഒരു ഒലിവില പോലും നിഴൽ വീഴ്ത്താത്ത ഈ പകൽ
നിനക്ക് സമ്മാനിക്കാനെനിക്കാവില്ല സഖീ .
വിശുദ്ധിയുടെ വെള്ളി വെളിച്ചം കലർന്നിട്ടില്ലാത്ത
ഒരൊറ്റ ചുംബനം കൊണ്ടും
നിന്റെ പവിഴാധരങ്ങളെ അലങ്കരിക്കാനെനിക്കാവില്ല സഖീ .
ജലകണങ്ങളിൽ പ്രകാശകിരണങ്ങൾ ഒളിച്ചു കയറി വാരി പുറത്തിട്ട നിറങ്ങൾ പോലെ
നിന്റെ മിഴികളിൽ മഴവില്ലു ചിരിക്കുന്നുവെങ്കിലും
എനിക്കും നിനക്കുമിടയിൽ സാത്താൻ പണികഴിപ്പിച്ച
ഈ വൻമതിൽ പൊളിച്ചുമാറ്റാതെ
നിന്റെ മിഴികളിൽ അലിഞ്ഞില്ലാതാവാൻ
എനിക്കാവില്ല സഖീ .
ശശികുമാർ
****************

സ്വയമേവാഗതാ
ആധുനികോത്തര കവിയായ അച്ഛനും,
സ്ത്രീപക്ഷ രചനക്കാരിയായ  അമ്മയും,
മലമുകളിലെ സൂര്യോദയം കാണുകയായിരുന്നു.
മകന്‍ അച്ഛനോട് " ഈ മല കണ്ടോ?
ഐസ്ക്രീം കപ്പ് കമഴ്ത്തി യതുപോലെ,
ആകാശത്തെ ഭൂതത്താന്‍മാര്‍
ഒരു കമ്പ് കുത്തിയിറക്കി
കടിച്ചുതിന്നുമായിരിക്കും ,അല്ലേ?
ഓണപ്പതിപ്പിലെരചനക്കായി കഷായിച്ചുനിന്ന അച്ഛനും
സിംപോസിയം ചിന്തിച്ചു നിന്ന അമ്മയും........
മലയാളത്തില്‍ പറഞ്ഞാല്‍ ഫ്ലാറ്റ് ഡൌണ്‍
****************

എന്തോ പറയാൻ വെമ്പുന്ന നിന്റെ അധരമാണ്,
കേൾക്കാൻ തുടിക്കുന്ന ഹൃദയമാണ് എന്റെ മൊബൈൽ ഫോൺ
കേൾക്കുമ്പോൾ പിടയ്ക്കുന്ന ഹൃദയവും, കേട്ടാൽ തുടിക്കുന്ന ഹൃദയവും:
.......... പിന്നെ എന്തൊക്കെയോ ...
ഇന്ന ഭാഷയി തപൂർണ്ണം...'' വന്നു പോം (മനുഷ്യബന്ധങ്ങളിൽ) പിഴയും
അർത്ഥശങ്കയാൽ ......
പാവം മാനവഹൃദയം :...
കഷ്ടം, മനുഷ്യനായല്ലോ ഞാൻ ...
നന്ദി, മനുഷ്യനാക്കിയല്ലോ നി യ തീ നീയെന്നെ നന്ദി.
അത്ഥമില്ലാത്ത ചില തിലൊക്കെയാണല്ലോ സംസാരസാഗരത്തിനു മേൽ പാവം മാനവഹൃദയങ്ങൾ മുങ്ങിപ്പോകാതെ വാഴുവത്...
****************

സംശയങ്ങളാൽ സ്തുതി 
വിശുദ്ധ ചുംബനങ്ങളുടെ
അർത്ഥമറിയാമോ നിങ്ങൾക്ക് ?
അർപ്പണത്തിന്റെ പരകോടി താണ്ടി
മാലാഖക്കുഞ്ഞുങ്ങളേപ്പോൽ
സ്നേഹമങ്ങ് പറന്നുയരുമത്രേ ...
വിശ്വാസങ്ങളുടെ പട്ടുമെത്ത നീർത്തി വിരിച്ചിട്ടിട്ടില്ലേ നിങ്ങൾ ?
ഭയക്കേണ്ടതൊന്നും തന്നെയില്ല
ദൈവത്തിലേക്കുള്ള വഴി
മുൾത്താരകളാൽ
തീർത്തതത്രേ !!
പിന്നെന്തിനു കുഞ്ഞാടുകളേ
നിങ്ങൾ തിരിഞ്ഞു നടക്കുന്നു ?
ഇടനിലക്കാരുടെ
മനം നിറയാ പ്രാർത്ഥനകൾ
ദൈവത്തിങ്കലെത്തുവതെങ്ങനെ ?
പണ്ടേതന്നെ നേർച്ചപ്പെട്ടിയിലിട്ട
ഓട്ടക്കാലണകളാണ് നിങ്ങൾ
വെറും ഓട്ടക്കാലണകൾ !!
സ്ത്രീത്വമെന്നത് കൊണ്ട്
ഇടനില ദൈവ രൂപങ്ങൾക്ക്
അടിമവേല ചെയ്യുകയാണ്
നിങ്ങളെന്നറിയുക
ഇനിയെങ്കിലും .
വാഴ്ത്തപ്പെടുന്നവരോടൊപ്പം
ദൈവമുണ്ടാകാം
മനസറിയാത്ത ദൈവങ്ങൾക്കൊപ്പം
നിദ്രപൂണ്ട്
കല്ലറകളിൽ ശയിക്കുമ്പോൾ
ഓർമദിനങ്ങളിൽ അർപ്പിക്കുന്ന
പുഷ്പങ്ങൾ പോലും
സ്വയം പഴിക്കും.
ഇനിയെങ്കിലും
വിശുദ്ധ പുഷ്പങ്ങളുടെ
ഇതളുകളിൽ
ഭക്തിയുടെ ചേതന
വിരിയിക്കാനാകുമോ
നിങ്ങൾക്ക് ?
മഞ്ജുഷ പോർക്കുളത്ത്
****************

സ്വപ്നവീടുകൾ
വീടുകൾക്കും സ്വപ്നങ്ങളുണ്ട്
തറയിടുമ്പോൾ മുതൽ,,,
അത് പ്രതീക്ഷിക്കുന്നുണ്ടാവും.........
ഒരു സ്ത്രീ അടുപ്പിൽ
തീയുണർത്താൻ.....
അവളുടെ പദചലനങ്ങളാൽ ഓരോ ഇടവും
മുഖരിതമാവാൻ......
ത്രിസന്ധ്യകളിൽ തിരി കൊളുത്തപ്പെടാൻ........
കുഞ്ഞുങ്ങളുടെ പിച്ചവയ്ക്കലിൽ
കളിയിൽ,
കരച്ചിലിൽ
ഓരോ മുറിയും
കൂടെ കൂടുക തന്നെ ചെയ്യും.......
ഭർത്താവും ഭാര്യയും ഒരുമിച്ചുറങ്ങുന്നിടത്ത്
തലയിണ മന്ത്രങ്ങൾക്ക് കാതോർക്കുന്നതും
ഓരോ വീടിന്റെയും
സന്തോഷമാണ്
മനുഷ്യന്റെ സാന്നിദ്ധ്യമില്ലാത്തപ്പോൾ
വീടുകൾ വെറും കൽമണ്ഡപങ്ങൾ
ആരോടും മിണ്ടാനില്ലാതെ ഒറ്റയ്ക്കത് വിതുമ്പി നിൽക്കും
ദൂരെയെവിടെയോ
അതിന്റെ ഉടമ ഉണ്ടാകും.........
വീടുപണി പോലും ദൂരെയിരുന്ന്
കണ്ട് അനുനിമിഷം പണമൊഴുക്കിയവർ...
വീട് അവരെ സ്നേഹിക്കുമോ....?
കോട്ട പോലെ കെട്ടിപ്പൊക്കിയ,  ആത്മാവില്ലാത്ത എത്രയോ
കൂടുകളാണ് പാർക്കാനാളില്ലാതെ ശ്വാസം മുട്ടി പിടയുന്നത്,,,
ചിലയിടങ്ങളിൽ കാലം വലിച്ചെറിഞ്ഞ,,, മാതാവോ പിതാവോ
ഒറ്റയ്ക്ക്,,,
അവരുടെ നെടുവീർപ്പുകളുടെ നോവു കൂടി
അപ്പോൾ ആ വീടിന് ഭാരമാകുന്നു.
ഒരിടത്ത് പാർക്കാനിടമില്ലാതെ,,, തെരുവോരത്ത്......
മഴയും പുഴയും മലയുംചേർന്ന് വീട് കവർന്നവർ വേറെ
ഒരു കാര്യം സ്പഷ്ടം......
ആളില്ലാത്ത വീടുകൾ
വല്ലാത്ത സങ്കട ഇടങ്ങളാണ്.
ശ്രീല അനിൽ
****************