15-05b


ശ്യകലയുടെ തൊണ്ണൂറ്റിരണ്ടാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്ന കലാരൂപം പാലക്കാട് ഭാഗത്തു പ്രചാരത്തിലുണ്ടായിരുന്ന ഏഴുവട്ടംകളി

കതിരും കൂട്ടക്കളംഎന്ന ഉത്സവത്തോടനുബന്ധിച്ച് മലയർ അവതരിപ്പിക്കുന്ന കലാരൂപമാണിത്

വിത്തുകളുടെ സമ്മേളനമാണ്‌ കതിർ. ഒരു കതിരിൽ നിരവധി വിത്തുകൾ ഒന്നുചേരുന്നു. വിത്ത്‌ പ്രതീക്ഷയുടെ ഇരിപ്പിടമാണ്‌. ഈ അറിവ്‌ പരമ്പരാഗത കാർഷിക സമൂഹങ്ങളുടെ മാത്രം നേരായിരുന്നു


മംഗലം ഡാമിനടുത്ത്‌ മലകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന കാവാണ്‌ കുറുമാലിക്കാവ്‌. ഇവിടെ ഭഗവതിയുടെ പ്രതിരൂപമായി തുറസ്സായ സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു ശിലയും ചുറ്റുമതിലും മാത്രമേ ഉളളൂ. ഇവിടെ വൃശ്ചികമാസത്തിലെ അവസാനത്തെ ഞായർ / വെളളി / ചൊവ്വ ദിവസം മലയരും, കവറകളും മറ്റു മണ്ണിന്റെ മക്കളും ചേർന്നു നടത്തുന്ന ഉത്സവമാണ്‌ ‘കതിരും കൂട്ടക്കളം’. മലയരാണ്‌ പ്രധാനമായും ഇതിൽ പങ്കാളികളാകുന്നത്‌.

ഒരു കാലത്ത്‌ ഇവിടുത്തെ കൃഷിസ്ഥലങ്ങൾ മുഴുവൻ പാലക്കാട്ടുശ്ശേരി രാജകുടുംബത്തിന്റെ അധീനതയിലായിരുന്നു. വയലുകളിലെ കണിക്കാരായിരുന്നു മലയരും മറ്റുളളവരും. കൂടാതെ രാജകുടുംബത്തിനുവേണ്ടി കാട്ടിൽനിന്നും ആനകളെ പിടിക്കുന്നതിന്‌ സഹായിക്കുകയും കാവൽ മാടങ്ങൾ കെട്ടി കാട്ടുമൃഗങ്ങൾക്ക്‌ കാവലിരിക്കുകയും ചെയ്‌തിരുന്നു. കതിര്‌ ദിവസം മാത്രമാണ്‌ മലയർക്കും മറ്റു മണ്ണിന്റെ മക്കൾക്കും കാവിൽ കടക്കാൻ അനുവാദം കൊടുക്കുന്നത്‌. ഒന്നാംപൂവിലെ വിളവെടുത്തുകഴിഞ്ഞ്‌ രണ്ടാംപൂവിന്റെ എല്ലാ പണികളും തീർത്തശേഷമാണ്‌ ‘കതിരു’ നടത്തുക. കതിരിനുളള അവകാശം കൊടുക്കുന്നത്‌ രാജകുടുംബമാണ്‌. കതിരിനുളള സമയമായാൽ മലയർ അവകാശക്കളങ്ങളിൽ വന്ന്‌ വിവരം പറയും. അവകാശം കൊടുക്കുന്നതോടൊപ്പം ‘കതിരിനുളള ധാന്യവും, ഉടുക്കാനുളള മുണ്ടും കതിരാളികൾക്ക്‌ നൽകുന്നു. കതിരാളികൾ കളങ്ങളിൽ കൊട്ടും പാട്ടുമായി അറിയിപ്പിന്‌ നടക്കും. ’കതിരറിയിക്കൽ‘ എന്നാണ്‌ ഇതിനെ പറയുന്നത്‌. ഇതോടൊപ്പം ’കതിതർക്കൂറ‘ നാട്ടുകയും ചെയ്യും. പത്തു പന്ത്രണ്ടുകോൽ നീളം വരുന്ന ഒരു മുളങ്കോലിൽ പനയോലയും കുരുത്തോലയും കെട്ടിയാണ്‌ ’കൂറ‘ നാട്ടുന്നത്‌. ഇത്‌ കതിരുത്‌സവത്തിന്‌ മൂന്നുദിവസം മുമ്പുതന്നെ ചെയ്‌തിരിക്കും. ’കതിർക്കൂറ‘ മൂന്നിടത്തായി നാട്ടുന്നു. ഒന്ന്‌ കതിർ ആരംഭിക്കുന്ന മലയക്കുടിലുകളിലും, ഒന്ന്‌ തണ്ടിറക്കിവെക്കുന്ന സ്ഥലത്തും മൂന്നാമതൊന്ന്‌ കാവിനുമുമ്പിലും.

കതിരുകളെടുത്ത്‌ അവയ്‌ക്കുചുറ്റും പനയോലകൊണ്ട്‌ കെട്ടി വളയങ്ങളാക്കി നീളത്തിലുളള ഒരു മുളങ്കോലിൽ (കതിർത്തണ്ട്‌) ഞാത്തിയിടുന്നു. കതിർദിവസം രാവിലെ മലയർ അവരവരുടെ തട്ടകങ്ങളിൽ ഗോത്രദൈവങ്ങൾക്ക്‌ പൂജ അർപ്പിച്ചശേഷം ആണുങ്ങൾ തണ്ടുകൾ തോളിലേന്തി പെണ്ണങ്ങളാൽ അനുഗതരായി കൊട്ടിന്റെയും പാട്ടിന്റെയും അകമ്പടിയോടെ താഴേക്കിറങ്ങിവരുന്നു. ഒടുവൂർ ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തിലാണ്‌ ഇവർ ആദ്യം എത്തുന്നത്‌. അവിടെനിന്നും പിന്നെ കൃഷിയിടങ്ങളിൽക്കൂടിയാണ്‌ യാത്ര. നെൽച്ചെടികൾ ചവിട്ടിമെതിച്ച്‌ ഒപ്പം കുതിരക്കളിയുമായി കവറകളുമുണ്ടായിരിക്കും. ഇവരുടെ ചവിട്ടേറ്റാലേ രണ്ടാം പൂവില കതിരുകൾ ശരിക്ക്‌ പുറത്തു ചാടുകയുളളൂ എന്നായിരുന്നു വിശ്വാസം. (എന്നാൽ ഇന്ന്‌ ഭൂവുടമകൾ പാടത്തുകൂടെ പോകാൻ അനുവദിക്കാറില്ല).

വൈകിട്ട്‌ കതിർത്തണ്ടും കുതിരകളും കറുമാലിക്കാവിന്‌ മുമ്പിലെത്തുന്നു. കാവിനുമുമ്പിൽ പിന്നെ കളിയാണ്‌. കുതിരകളും ആടിത്തിമർക്കുന്നുണ്ടാവും. കൂടാതെ ’ഏഴുവട്ടംകളി‘ എന്ന പേരിലറിയപ്പെടുന്ന മലയരുടെ കളിയുമുണ്ട്‌. വളരെ നീണ്ട കാലുളള ഒരു പനയോലക്കുട ചൂടിയ മലയനുചുറ്റും നിന്ന്‌ മലയത്തികൾ കുടചൂടി വട്ടത്തിൽ കുനിഞ്ഞ്‌ മുന്നോട്ടും പിന്നോട്ടും അടിവെച്ച്‌ തിരിഞ്ഞു കളിക്കുകയാണ്‌ ചെയ്യുന്നത്‌. കൂടെ കൊട്ടും ’കതിര്‌വാദ്യം‘ എന്നുപേരായ ഒരു വാദ്യവുമുണ്ടായിരിക്കും. വൈകിട്ട്‌ ഏഴുമണിയോടെ പാട്ടും കളികളും അവസാനിക്കും. കതിർത്തണ്ടുകൾ അന്ന്‌ കാവിനകത്ത്‌ കടത്തുകയില്ല. സ്‌ത്രീകൾ അന്നു തന്നെ കളിച്ചുകൊണ്ട്‌ കാവിനുളളിലേക്ക്‌ കയറാറുണ്ട്‌). പിറ്റേന്ന്‌ പുലർച്ചെ ആറു മണിയോടെ കതിരും തണ്ടും ഉളളിലേക്കു കയറ്റി കാവിനെ മൂന്നു തവണ പ്രദക്ഷിണം വെക്കുന്നതോടെ ചടങ്ങുകൾ അവസാനിക്കുന്നു. പനയോല വരിഞ്ഞ കതിർ വളയങ്ങൾ വീടുകളിൽ കെട്ടിത്തൂക്കുന്നതിനായി ഉപയോഗിക്കും

ഏഴുവട്ടംകളി വീഡിയൊ ലിങ്കുകൾ...👇👇

https://youtu.be/yjEAIjeSFyQ

https://youtu.be/_WEdLSoBJNw