അസമിലെ
നഗോൺ മലരേ..
നാനൂറ് മീറ്റർ വയലിന്റെയറ്റത്തു
നിന്നു നീ ഓടിക്കയറിയ
U20 യിൽ നിന്നും
ഭാഷയുടെ ഒരു തള്ള്
മുള്ളായി
പറിച്ചെടുക്കുക!
ഫിൻലന്റിലെ
ടാം പാരയിൽ
പാര വെച്ചത്
എ.ഐഫ്.ഐ.
അവരുടെയാകാശത്തിരകളിൽ
നിന്നു നീ
ഇംഗ്ലണ്ടിന്റെപക്ഷിയെ മാത്രം
പറത്താതിരിക്കുക!
വാക്കിന്റെ മൊഴി മാറ്റമൗനത്തിൽ
നിന്നു നീ
അസമിന്റെ ഗീതം മാത്രം
അസമയത്തും പാടുക ...
വാക്കിന്റെ ഉറയിൽ നിന്നും
നീ അഭിനന്ദനത്തിന്റെ വാളെടുത്ത്
മാതൃഭാഷയിൽ
ആഞ്ഞാഞ്ഞുവീശുക.
ഭാഷാ വിജ്ഞാന തിരി
താഴ്ത്തി നിന്റെ ഓട്ടപ്രദക്ഷിണം
പ്രയാണമാക്കുക.
അണയ്ക്കാതിരിക്കുക
ആംഗലവാക്കിന്റെ
വിരഹാഗ്നിജ്വാലയിൽ
നിന്നു നീ
ഒരു ഫീനിക്സ് പക്ഷിയായ്
ചിറകു കടഞ്ഞ് പറക്കുക.
ഭാഷാസമുദ്രത്തിൽ
നിന്നു നീ
ഓടുന്ന വാക്കിനെ
പൊള്ളുന്ന വാക്യങ്ങളെ
മഞ്ഞുത്തുള്ളിതൻ
തിളങ്ങുന്ന മുത്തായ് മാറ്റി
ഭാഷാ പരിഹാസയ ജ്ഞശാലയിൽ
തന്നെ സമർപ്പിക്കുക.
അത് ലറ്റിന്റെ
പ്രയാണമരുഭൂമിയിൽ
നിന്നു നീ വാക്കിന്റെ
ഒരു കിനാ കുളിര് മാത്രം
നെഞ്ചോട് ചേർക്കുക..
ഇംഗ്ലീഷ് ഗോൾഡിൽ
സ്വർണമെഡൽ
കണ്ടുലിമാരി
ഗ്രാമത്തിൽ
നീ മാത്രമല്ലേ ..
വാക്കിന്റെ മാരത്തൺയാത്രയിൽ
നിന്നു നീ
ആംഗല യാനത്തെ മാത്രം
മായ്ക്കാതിരിക്കുക
ഓട്ടത്തിനൊറ്റ വാക്കേയുള്ളൂ
ഉസൈൻ ബോൾട്ട്
നമുക്കിനി ഭാഷാ
മൗനത്തിനിരുപുറംനിന്ന്
കറുത്തവന്റെ കുതിപ്പിനൊപ്പം
ഭാഷാവെറിയെക്കുറിച്ച്
മാത്രം മിണ്ടി തുടങ്ങാം...
അജിത്രി
⚽ അടിച്ചുമോനേ ... ⚽
എട്ടു മണി കഴിഞ്ഞപ്പോഴാണ് ഭാര്യ മറിയക്കുട്ടിയുടെ ഓർഡർ വരുന്നത് ...
നാളെ രാവിലെ പുട്ടിന്റെ കൂടെ പിടിക്കാൻ അരക്കിലോ പഴം വേണം ....
അങ്ങനെ ജംഗ്ഷനിലേക്കിറങ്ങി ....
ജോണിച്ചേട്ടന്റെ പലചരക്കു കടയിലേക്ക് വലതുകാൽ വെച്ച് കയറാൻ തുടങ്ങുമ്പോഴാണ് ആ ബഹളം കേട്ടത് ...
"അടിക്കടാ... അടിക്കടാ... എടാ... വിടരുത്..."
ആൾക്കൂട്ടം കൂടി നിന്ന് ആക്രോശിക്കുകയാണ് ....
''കിട്ടിയോ ...? കിട്ടിയോ ...? "
ആരൊക്കെയോ ആകാംക്ഷയോടെ ചോദിക്കുന്ന ശബ്ദം ....
പാമ്പായിരിക്കുമോ..? മഴക്കാലമല്ലേ ....
ജംഗ്ഷനിൽ പലയിടത്തായി മാറി നിന്നിരുന്നവരെല്ലാം അങ്ങോട്ടോടുന്നുണ്ട് ...
സംഗതി പാമ്പുതന്നെ ...
ഒന്നു പോയി നോക്കാം ...
അവിടെത്തുമ്പോഴേക്കും ബഹളം ശമിച്ചിരുന്നു ...
"ഏതാ ഇനം..? വിഷമുള്ളതാണോ ?"
പിന്നിലായി മാറി നിൽക്കുന്നതു കണ്ട ഒരു പയ്യനോടു ചോദിച്ചു ....
" എന്ത് ...? ". അവന്റെ കണ്ണിൽ അത്ഭുതം ...
"പാമ്പേയ്... ഇവിടെ അടിച്ചു കൊല്ലുന്ന ശബ്ദം കേട്ടല്ലോ ...."
" ഓ ... അതോ... അത് പാമ്പൊന്നുമല്ല മാഷേ ... ഇവിടെ കളിയുടെ ഇടക്ക് വിളിച്ചു പറഞ്ഞതാ..."
അപ്പോഴാണ് ഓർത്തത് ...
ഇവിടെ ജംഗ്ഷനിൽ വലിയ സ്ക്രീനിൽ ലോകകപ്പ് മാച്ച് പ്രദർശിപ്പിക്കുന്നുണ്ടല്ലോ....
ഇംഗ്ലണ്ടും ക്രൊയേഷ്യയും തമ്മിലുള്ള സെമിഫൈനൽ പോരാട്ടമാണ് നടക്കുന്നത് ...
ജംഗ്ഷനിലെ ഏതോ സ്വയംപ്രഖ്യാപിത ബ്രിട്ടീഷ് കോച്ച് സ്ക്രീനിൽ പന്തുമായി പാഞ്ഞ ഹാരി കെയ്നോടു വിളിച്ചു പറഞ്ഞതാണ് താൻ കേട്ടത് ....
പന്തു മിസ്സാക്കിയ കെയ്നെ ഇപ്പോൾ ഇവിടെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ നമ്മുടെ ഈ നാടൻകോച്ച് അവനെ കാലേൽ വാരി നിലത്തടിച്ചേനേ ... 😜 അത്രയ്ക്കുണ്ടിവിടെ കളിയുടെ ആവേശം...
ലോകകപ്പ് തുടങ്ങുന്നതിന് മുമ്പേ തന്നെ ജംഗ്ഷൻ നിറയെ വൻകട്ടൗട്ടുകളും ഫ്ളക്സുകളും ഉയർന്നു കഴിഞ്ഞിരുന്നു...
ഒരു വശത്ത് നാട്ടിലെ തരുണീമണികളുടെ മനമിളക്കാനെന്നോണം സിക്സ് പാക്കിൽ ഷർട്ടിടാതെ നിൽക്കുന്ന മെസ്സി....
തൊട്ടടുത്ത് അതിനു പ്രതികാരമെന്നോണം ബസ്സ്റ്റോപ്പിലെ പെമ്പിള്ളേരെ നോക്കി ചിരിച്ചു നിൽക്കുന്ന ബ്രസീലിന്റെ മൊത്തം ടീം....
പിന്നെ സ്പെയിൻ, പോർച്ചുഗൽ, ജർമ്മനി ... തുടങ്ങി സകലരുടെയും #ക്ലാസ്ഫോട്ടോ ജംഗ്ഷനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്...
ഇതിന്റെയൊക്കെ ഇടയിൽ....
ഇപ്പോൾ തീരെ സമയമില്ല പിന്നെ എന്നെങ്കിലും വരാട്ടോ....
എന്നും പറഞ്ഞ് സുനിൽ ഛേത്രിയുടെ ഇന്ത്യൻ ടീമുമുണ്ട് ...
തോരണങ്ങളും അലങ്കാരങ്ങളും കണ്ടാൽ ഇത്തവണ ലോകകപ്പ് നടക്കുന്നത് ഇവിടാണെന്നു തോന്നും ....
സന്ധ്യ കഴിഞ്ഞാൽ ജാതിമതഭേദമന്യേ നാടു മുഴുവൻ ജംഗ്ഷനിലേക്കൊഴുകും ...
നവയുഗ കലാസമിതിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച വലിയ സ്ക്രീനിൽ കളി കാണാൻ ...
പിന്നെ രാത്രിയേറെ വൈകി അവസാന കളിയും കഴിഞ്ഞേ ഈ ആരാധകവൃന്ദം പിരിയു ...
ഇതിനിടെ കളിക്കിടയിലെ കളിയാക്കലുകൾ ...
കളി കഴിഞ്ഞുള്ള ആഘോഷങ്ങൾ ...
ചർച്ചകൾ ....
സെൽഫി വീഡിയോകൾ ...
ട്രോൾ ഷെയറിംഗുകൾ ..
ഒരു മാസമായി ഉത്സവപ്രതീതിയാണ് ഇവിടെ....
എന്തിനേറെ പറയുന്നു ...
നാട്ടിലെ പ്രധാന ഫാസ്റ്റ്ഫുഡ് സെന്ററായ പാടത്തെ കടയിൽ #ബ്രസീൽസ്പെഷ്യൽമിക്സ് എന്ന പേരിൽ ഒരു വിഭവം തന്നെ രംഗത്തിറക്കിയിട്ടുണ്ട് ...
ഓർഡർ ചെയ്യേണ്ട താമസമേയുള്ളു ...നന്നായി മിക്സ് ചെയ്തെടുത്ത കപ്പേം മുട്ടേം നല്ല കീറിയിട്ട പച്ചമുളകിന്റെ മേമ്പൊടിയോടെ ഉടൻ മുമ്പിലെത്തും ...
കപ്പയുടെ മഞ്ഞനിറോം പച്ചമുളകിന്റെ പച്ചനിറോം ചേർന്നാൽ ബ്രസീലിന്റെ യൂണിഫോം '🇧🇷 ആയല്ലോ ...
ഇതിനെയാണ് മാർക്കറ്റിംഗ് എന്നു പറയുന്നത് ....
കൗതുകത്തിന് താനും ഓർഡർ ചെയ്തു ഒരു പ്ലേറ്റ് ...
കഴിച്ചു കഴിഞ്ഞതും കടുത്ത ബ്രസീൽ ആരാധകനായ കടമുതലാളിയുടെ ചോദ്യം ...
" എങ്ങനുണ്ട് ...? "
"കൊള്ളാം ... ഒരു പ്ലേറ്റ് കഴിച്ചാ മതി .. ഒരു ഏഴു പ്ലേറ്റു കഴിച്ച ഫീലിംഗാ ...."
അർജന്റീനിയൻ ആരാധകനായ താൻ കിട്ടിയ അവസരം പാഴാക്കിയില്ല ...
ഒടുവിൽ കണക്കു തീർത്ത് ബാക്കി തരുമ്പോൾ അഞ്ചു രൂപക്കു പകരം ആറു രൂപ കൈയിലോട്ടു വെച്ചു തന്നു ...
ഒരു ബ്രസീൽ ആരാധകന്റെ പ്രതികാരം ...!!
പോരാത്തതിന് കഴിഞ്ഞ തവണത്തെ തോൽവിക്ക് പ്രതികാരോം ചെയ്ത് കപ്പും കൊണ്ടേ തങ്ങൾ മടങ്ങു എന്ന് കടമുതലാളി ബീഫിന്റെ ചാറിൽ തൊട്ട് പ്രതിജ്ഞയും നടത്തി ....
ബൽജിയത്തോട് തോറ്റ് ബ്രസീൽ പുറത്തായതിനു ശേഷം കടമുതലാളിയെ കാണാനില്ലെന്നും ശ്രുതിയുണ്ട് ... 😜
ഇങ്ങനെ ഒരുപാടൊരുപാട് വാതുവെപ്പും വാക്പോരും നിറഞ്ഞ ഒരു ഫുട്ബോൾ മാമാങ്കത്തിന്റെ ഇടയിലേക്കാണ് താൻ പാമ്പിനേം തേടി ചാവേറായി ചെന്നു കയറിയത് ....
ഏഴരയുടെ കളി തീർന്നിരിക്കുന്നു ...
ചരിത്രം കുറിച്ച് ക്രൊയേഷ്യ ഫൈനലിൽ ....
പിന്നാലെ അതാ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു ...ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇപ്പോഴും ചർച്ചകളിലൂടെ ഇവിടെ സജീവമാണ് ..... ഒപ്പം അവർ പാഴാക്കിയ പെനാൽറ്റികളും
അവിടെയതാ ഒരു നാടൻ കോച്ചിന്റെ ധാർമ്മിക രോഷം അണപൊട്ടിയൊഴുകുന്നു ....
"ഒരു പെനാൽറ്റി ശരിക്ക് അടിക്കാനറിയാത്ത ഇവരെയൊക്കെ ആരാണാവോ ടീമിലെടുത്തത് ..? ഈ പെനാൽറ്റിയൊക്കെ വെറും സിമ്പിളല്ലേ ... ദേ നോക്കിക്കേ ഇത്രയേയുള്ളു..."
ഇതും പറഞ്ഞ് മുന്നിൽ കിടന്ന ഒരു വാട്ടത്തേങ്ങയിൽ കോച്ചിന്റെ വക പെനാൽറ്റി ഡെമോൺസ്ട്രേഷൻ ....
ചരിഞ്ഞു പോസിട്ട് നാലഞ്ചടി ഓടി വന്ന് ഒറ്റ കിക്ക് ....
തൊട്ടടുത്തുള്ള അക്ഷയ സെന്ററിന്റെ അടച്ചിട്ട ഷട്ടറാണ് പുള്ളിയുടെ ലക്ഷ്യം ...
കിക്കെടുത്തതിന്റെ തൊട്ടുപിന്നാലേ അതിനുമപ്പുറത്തെ ചായക്കടക്കു മുമ്പിൽ കാലിച്ചായേം കുടിച്ചോണ്ടു നിന്ന ഒരു വല്യപ്പൻ പിന്നോട്ടു മറിഞ്ഞു വീണു...
ആരൊക്കെയോ ഓടിച്ചെന്ന് പിടിച്ചെണീപ്പിക്കുന്നുണ്ടായിരുന്നു ....
" വാട്ടത്തേങ്ങാ ... വീണതാ .. തല പൊട്ടിയിട്ടുണ്ട് ... ഓട്ടോ വിളിച്ചോ ... ഇപ്പോത്തന്നെ ആശുപത്രിയിൽ കൊണ്ടു പോകണം .. "
സഹായത്തിന് ഓടി വന്നവരിലാരോ പറയുന്നതു കേട്ടു ..
താൻ തിരിഞ്ഞു നോക്കിയപ്പോൾ വിവാദ കിക്കെടുത്ത നാടൻകോച്ചിനെ പഴയ സ്ഥാനത്ത് കാണാനില്ല ....
ചുറ്റും നോക്കുമ്പോളതാ..കോച്ച് ഉളുക്കിയ കാലും വെച്ച് ജീവനും കൊണ്ട് ഓടുന്നു ....
ഒറ്റനിമിഷം മതി ഒരാളെ ജീവിതത്തിൽ നല്ല ഒരു ഓട്ടക്കാരനാക്കാൻ..
എന്നാപ്പിന്നെ പഴവും മേടിച്ച് വീട്ടിലേക്കു മടങ്ങാമെന്ന് കരുതി ഇറങ്ങിയപ്പോഴാണ് അതു കാണുന്നത് ...
ഉയർത്തിവെച്ച ഫ്ളക്സുകളിലെല്ലാം ബുക്ക്ഡ് എന്ന് എഴുതുന്ന ശശാങ്കൻ ...
"ആ അർജന്റീനേടെ ഫ്ലക്സ് ഞാൻ നോക്കി വെച്ചതായിരുന്നു.. പക്ഷെ വേറാരാണ്ട് അടിച്ചോണ്ടു പോയി .... ബ്രസീലിന്റേം ജസ്റ്റ് മിസ്സായി .. അതുകൊണ്ട് ഇനിയുള്ളതിലൊക്കെ ഒന്ന് എഴുതിവെച്ചേക്കാം എന്നു കരുതി "
ശശാങ്കൻ ചമ്മലോടെ പറഞ്ഞു ....
പാവം ശശാങ്കൻ ..
തൊഴുത്തിനുള്ള ഫ്ലക്സ് ഇതുവരെ ഒത്തിട്ടില്ല ....
സെമിഫൈനലുകൾ തീർന്നതിനാൽ മിക്കവാറും ടീമുകളുടെ കാര്യത്തിൽ ഒരു തീരുമാനമായിക്കഴിഞ്ഞു .....
ശശാങ്കന്റെ തൊഴുത്ത് ഫ്രഞ്ച് കോളനിയായി എന്നാണ് പ്രഖ്യാപിക്കുന്നതെന്നേ ഇനി അറിയാനുള്ളു ...
ശശാങ്കനു നേരെ ഒരു ചെറുചിരി എറിഞ്ഞിട്ടിട്ട് താൻ നേരെ വീട്ടിലേക്കു നടന്നു....
എന്തൊക്കെ ആചാരങ്ങളാണ് ദൈവമേ ....!!
ദൈവത്തിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത് ... ആ #മെസ്സി പുറത്തായത് വല്യ കഷ്ടമായിപ്പോയി..
അർജന്റീന ക്വാർട്ടർ പോലും കാണാതെ പുറത്തായതിനു ശേഷം പാടത്തെ ഫാസ്റ്റ്ഫുഡ് കടയിലേക്ക് താൻ പോകാറില്ലായിരുന്നു....
ഒരു കപ്പേം പോർക്കും തിന്നാൻ
ആഗ്രഹമില്ലാഞ്ഞിട്ടല്ല ...
അങ്ങോട്ടു ചെല്ലേണ്ട താമസമേയുള്ളു... ബ്രസീൽ ആരാധകനായ കടമുതലാളി തന്നെ സ്പോട്ടിൽ വലിച്ചു കീറി പൊറോട്ടയടിക്കും....
ബ്രസീലും പുറത്തായതു കൊണ്ട് ഇനിയിപ്പോ ധൈര്യമായി അങ്ങോട്ടു പോകാം ....
ഹൊ .... ഒരു ശരാശരി മലയാളി അർജൻറീനക്കും ബ്രസീലിനുമൊക്കെ വേണ്ടി അനുഭവിക്കുന്ന ടെൻഷൻ പിഴിഞ്ഞെടുത്താൽ അത് ഏതാണ്ട് ഇത്രേം വരും ... ഒരാളെ രോഗിയാക്കാൻ അതു മതി ... ഒരു വലിയ രോഗി
വീട്ടിലേക്കു കാലെടുത്തു വെച്ചതും എണ്ണയിൽ കിടന്ന് പൊരിയുന്ന മീനിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറി ...
രാവിലെ വാങ്ങിക്കൊടുത്ത "പലവക" അടുപ്പത്ത് കയറിയിരിക്കുന്നു ..
മറിയക്കുട്ടി വറുത്തമീൻ അടുപ്പത്ത് നിന്ന് വാങ്ങി വെക്കുന്ന തിരക്കിലാണ് ....
ആ ഫ്രൈയിംഗ് പാനിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന തുണി കണ്ടിട്ട് നല്ല പരിചയം തോന്നുന്നല്ലോ ....
അയ്യോ ... അതു തന്റെ #അർജൻറീനയുടെ 🇦🇷 ജേഴ്സിയല്ലേ ... 😳
കളി തോറ്റ ദേഷ്യത്തിന് ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞതാണ് ...
" എടീ ....." 😠😠
അലർച്ച കേട്ടു ഞെട്ടിയ മറിയക്കുട്ടിയുടെ കൈയിൽ നിന്ന് മീൻ പാത്രം നേരെ താഴേക്ക് ...
ഫ്രൈയിംഗ് പാനിൽ നിന്ന് ചിതറിത്തെറിച്ചു വീണ മീനുകളെ ഇപ്പോ കണ്ടാൽ കാൽപ്പന്തു കളിക്ക് തയ്യാറായി ഗ്രൗണ്ടിൽ നിൽക്കുന്ന ടീമിനെപ്പോലെയുണ്ട്...
#ലെഫ്റ്റ് വിംഗിൽ കിടക്കുന്ന മുള്ളനെയും #മിഡ്ഫീൽഡിൽ കിടക്കുന്ന അയിലക്കണ്ണിയേയും കണ്ട് ചങ്ക് പിടഞ്ഞു പോയി....
മറിയക്കുട്ടിയുടെ മുഖത്താകട്ടെ കളിക്കാർ പാസ് മിസ്സാക്കുന്നതു കണ്ട കോച്ചിന്റെ രൗദ്രഭാവം ....
അപ്പോൾ ഒരു പെനാൽറ്റി ഉറപ്പായി...
ഇനിയിപ്പോ അവള് റെഡ് കാർഡും കൂടി കാണിക്കും മുമ്പേ ഇവിടുന്ന് സ്ഥലം കാലിയാക്കുന്നതാണ് ബുദ്ധി..!
കർത്താവേ കാത്തോളണേ ...!!
( ഐപ്പ് മാഷ് സീരീസ്)
പ്രേരണാക്കുറ്റം
അയാള്‍
മഴനനയുകയായിരുന്നു.
നിങ്ങള്‍
കുടയില്ലാത്തവനെന്ന് പറഞ്ഞു.
ഷാപ്പില്‍ നിന്ന്
കറിവാങ്ങിയപ്പോള്‍
കുടിയനെന്ന് പറഞ്ഞു.
ടിക്കറ്റെടുക്കാതെ
ഉറങ്ങിപ്പോയപ്പോള്‍
തട്ടിപ്പുകാരനെന്നും,
ബസ്സുകിട്ടാതെ
നടന്നുപോയപ്പോള്‍
പിശുക്കനെന്നും പറഞ്ഞു.
കൂടെയൊരു
പെണ്ണിനെ കണ്ടപ്പോള്‍
കള്ളക്കാമുകനെന്നും,
പെണ്ണുകെട്ടിയപ്പോള്‍
ഒരുത്തിയെ ചതിച്ചവനെന്നും,
അവളുടെ
ഒന്നിച്ചുനടക്കുമ്പോള്‍
കോന്തനെന്നും
ഒറ്റയ്ക്ക് നടക്കുമ്പോള്‍
അഹങ്കാരിയെന്നും പറഞ്ഞു.
എന്നിട്ടും,
അയാള്‍
മരിച്ചുപോയപ്പോള്‍
നിഷ്കളങ്കനെന്നും
പാവമെന്നും
നല്ല മനുഷ്യനായിരുന്നുവെന്നും
വീണ്ടും വീണ്ടും പറഞ്ഞു.
മരണശേഷം
നിങ്ങള്‍ പറഞ്ഞ അതേ വാക്കുകളാവാം
അയാളെ
ആത്മഹത്യ ചെയ്യാന്‍
പ്രേരിപ്പിച്ചതും ..!
സജി കല്യാണി
ഒറ്റച്ചിലമ്പിട്ടവൾ
ഇരട്ടച്ചിലമ്പായാണ്
നമ്മൾ വേദിയിൽ കയറിയത്
നീയാണെൻ പാദത്തിൽ
(പ്രാണനിലും )
നൂപുരം ബന്ധിച്ചത്.
നിന്റെ രാഗമാണെന്റെ
നടനം നിയന്ത്രിച്ചത്.
രാഗത്തിന്റെ
ആനന്ദമൂർച്ഛയിൽ
മതിമറന്നാടിയെനിക്കു ചുറ്റും
കാട് പൂത്തതും
കടൽ തിളച്ചതും
മഞ്ഞ് ഉരുകിയതും
എത്ര പെട്ടെന്നായിരുന്നു ..
എന്റെ ആദ്യചുവടിൽ
നീ പാദനമസ്കാരം ചെയ്തു
രണ്ടാം ചുവടിൽ
കൈകൾ കോർത്തു.
ഒടുക്കത്തെ ചുവടിൽ
ഉടൽ ചേർക്കാൻ നേരം
നീയില്ല ,നിൻ രാഗമില്ല
ശ്രുതിമധുര-
ശൃംഗാര ഭേരിയില്ല.
നിയെന്റെ ഹൃദയത്തിൽ
ബന്ധിച്ച ചങ്ങലയൊഴികെ
മറ്റൊന്നുമില്ല ...
ഒറ്റച്ചിലമ്പിലെ അവസാന
രാഗമായ് ഞാൻ മാത്രമൊരു
തുള്ളൽക്കാരി ..
ജിഷ കാർത്തിക
നമുക്കിടയിലുള്ള മഹാസമുദ്രം
വറ്റിപ്പോകുന്ന ദിവസം
രണ്ട് ഭൂഖണ്ഡങ്ങൾ
ആദ്യമായ് ഇണചേരും
അടിത്തട്ടിലുണ്ടായിരുന്ന
അന്തർവാഹിനികൾ
പുതിയ രാജ്യങ്ങളുടെ
പുരാവസ്തുക്കളാകും
നമുക്കിടയിലുള്ള കൊടുങ്കാടുകൾ
ഉദ്യാനങ്ങളാകുന്ന ദിവസം
രണ്ട് തേനീച്ചകൾ
കൂട് വിട്ടിറങ്ങും
അവർ ഒരു പൂവിതളിൽ
ചുണ്ടുകൾ ചേർക്കും
നമുക്കിടയിലുള്ള മരുഭൂമികൾ
നെൽവയലുകളാകുന്ന ദിവസം
എവിടെനിന്നോ രണ്ട് വരികളുയരും
അതുകേട്ട് നാടൻ ശീലുകളുണരും
നമുക്കിടയിലുള്ള പർവ്വതങ്ങൾ
ചിത്രശലഭങ്ങളാകുന്ന ദിവസം
ആദ്യമായ് ഭൂമി അടിതെറ്റി വീഴും
നമ്മൾ പിടിച്ചെഴുന്നേല്പിക്കും...
അബ്ദുൾ അസീസ്
നെരൂദ യേക്കാൾ
പ്രണയമുണ്ട്
വസന്തത്തിന് .
ചെറിതണ്ടിന് ...
ഒട്ടിച്ചേരാൻ
ചെറി പൂക്കൾ എപ്പോഴും
കലഹിച്ചു കൊണ്ടേയിരിക്കും
വരൂ വരൂ എന്ന
വിശുദ്ധ പ്രേമമന്ത്രമാണ്
അതിന്റെ നെരൂദ സാക്ഷ്യങ്ങൾ
ആ ഒറ്റവാക്കിലുണ്ട്
നീയില്ലാതെ
ഒരിക്കലും വിടരാനാവില്ലെന്ന
ആരാധനയുടെ ധ്വനികൾ
പ്രണയത്തെപ്പോലെ
കുലച്ച മഴവില്ലിലെ
നിറചാർത്തിന്റെ
അപ്രത്യക്ഷമാവലില്ല
ചെറിക്കുലകളിൽ.
പടർന്നു കേറി
ചുറ്റി പിടിച്ച്
ധ്യത രാഷ്ട്രപച്ച പോൽ
ഒറ്റ ധ്യാനമാണ്.
വാടലും കൊഴിയലുമില്ല
പിരിയലില്ല
പിണയ ൽ മാത്രം .
അർജന്റീന
കളി പോലെ
മോഹിപ്പിച്ച്
പറ്റിച്ചേർന്ന്
ഒറ്റ നിൽപ്പാണ്
കാൽപന്തിന്റെ
വേദനയാണ്
ഹൃദയത്തിന് ചുറ്റും
വ ർ ത്തുളചലനം പോലും
അരയിലൊളിപ്പിച്ച
കാലിന്റെ ചടുലതാളം
നെരൂദ കവിത പോലെ
ഭ്രാന്തും മഴയും
മാറി മാറി പെയ്യുന്ന
കളി ഭൂമിയിൽ
റൂമിയെ പോലെ
രക്തത്തിൽ മയക്കുമരുന്നിട്ട്
ഹൃദയത്തിൽ
ആണി കൊണ്ട് എഴുതിയിട്ടില്ല
മാച്ചുപിച്ചു വിന്റെ
ഉയരങ്ങളൊന്നും'
അജിത്രി
എപ്പോഴായിരുന്നു
മൗനത്തിന്റെ കച്ച
അലങ്കാരത്തേക്കാളേറെ
ആശ്വാസമെന്ന് തോന്നിയത്?
പറയാതെ
അറിയണമെന്ന് ധരിച്ചവ
പറഞ്ഞിട്ടും
അറിയാതെ വന്നപ്പോഴാവാം
കണ്ണുകളിലൂടെ
ഉൾക്കടലിനാഴം കാണിക്കാൻ
ശ്രമിച്ച്
പരാജയപ്പെട്ടപ്പോഴാവാം
തീരത്തെക്കുത്തിയൊലിപ്പിച്ച്
തനിക്കൊപ്പം കൊണ്ടുപോയ
പുഴയുടെ
ധാർഷ്ട്യം കണ്ടപ്പോഴാവാം
കിലുക്കങ്ങൾക്കൊപ്പം
ഉടഞ്ഞു വീണ കൈവളപ്പൊട്ടുകൾ
മൗന മുദ്രിതങ്ങളായപ്പോഴാവാം
കോടി പുതപ്പിച്ച സ്വപ്നങ്ങൾ
ചിതയിലേക്കെടുത്തിട്ടും
നിസ്സംഗരായപ്പോഴാവാം
സ്വയം
ബലിയിട്ട്
വസ്ത്രമുപേക്ഷിച്ച്
മുങ്ങി നിവർന്നപ്പോൾ
നീരൊഴുക്കു പോലും
കൈവെടിഞ്ഞപ്പോഴാവാം
ബിത
മധുരം
ശർക്കര മിഠായി പോലെ
പല്ലിൽ ഒട്ടിപ്പിടിക്കുന്ന
ചില മധുരങ്ങളുണ്ട്.
പുസ്തകങ്ങളോടൊപ്പം
അലുമിനിയം പെട്ടിയിലവ
കെട്ടിപ്പിടിച്ച് കിടക്കും.
ഉച്ചയ്ക്കു വിളമ്പുന്ന
ഉപ്പുമാവിൽപ്പോലുമുണ്ട്
അവയുടെ കിണുക്കം.
ഓടിട്ട കെട്ടിടത്തിന്റെ
കഴുക്കോലിൽ നിന്ന്
താഴേക്കവ
ഇറ്റിറ്റ് വീഴും.
മൂത്രപ്പുരയുടെ ഭിത്തിയിൽ
സ്വപ്നം കണ്ട്
വെറുതെ കിടക്കും.
സ്കൂൾ വരാന്തയിൽ
തലകീഴായിക്കിടക്കുന്ന
മണിയൊച്ചകൾക്കൊപ്പം
പറന്നു പോകും.
ഉച്ചനേരത്തെ ഇടവേളകളിൽ
അതിന് ഞാവൽപ്പഴത്തിന്റെ
ഛായയാണ്.
ക്ലാസ്സ് മുറികളിൽ
അദ്ധ്യാപകർ വിളമ്പുന്ന
അക്ഷരപ്രഥമന്
അതിന്റെ മണമാണ്.
അങ്ങനെ,
സ്കൂളൊരു മധുരപ്പഴമായി മാറും.
യു. അശോക്
കരളുരുക്കുന്ന വേനലിൻ ചില്ലയിൽ
കവിത പൂക്കുമെന്നാരോ മൊഴിയുന്നു
ഹരിതകാനന സ്വപ്നങ്ങളിൽ നിന്ന്
പ്രണയ സൗരഭം ചോർത്തിയെടുത്തവർ
ഉടലിറക്കങ്ങളല്ല കരാളമാം
ഹൃദയതാളങ്ങൾ മാത്രം മിടിക്കുന്നു
സഹചരർക്കു നിവേദിക്കുവാനില്ല
സ്മരണകൾ പോലുമെന്റെ പാഴ്ച്ചിപ്പിയിൽ
സ്വപ്നറാണി
അവസാന ദിവസം
അന്ന്; പ്രണയത്തിന്റെ
ഒരുമിച്ചു കാഴ്ചയുടെ അവസാന ദിവസം;
മൗനത്തിനുള്ളിൽ
വാചാലമായി കാറ്റെന്തൊക്കെയോ മൂളുന്നുണ്ടായിരുന്നു. പതുക്കെ കണ്ണടച്ചിരുന്ന്; നിന്റെ കവിതയെ
വെല്ലുന്ന വാക്കുകളെ ഹൃദയത്തിൽ ആവാഹിച്ചു;
അന്ന് അവസാന ദിവസമായിരുന്നു
വിരൽത്തുമ്പിൽ വെറുതെ തൊട്ടപ്പോൾ ഒരു മിന്നൽ പിണർ
ഹൃദയത്തിൽ കത്തി.....!
അവസാനത്തെ യാത്ര ആരും ഒന്നും മിണ്ടിയില്ല
പ്രിയനേ നീ എത്ര ദൂരം - എങ്കിലും എന്റെ പ്രണയം നിന്നെ ഇന്നും തേടിയലയുന്നൂ ----!!
ദീപ്തി റിലേഷ്
പ്രണയികൾ
പുതു മഴയിൽനീന്തിത്തുടിക്കാൻ ആവേശം കാട്ടുന്ന കുട്ടികളെ പോലെ പ്രണയികളുo .ഊഷരമായ അവസ്ഥയോടുള്ള പ്രതിഷേധം ഉർവ്വരതയിലേയ്ക്ക് എടുത്തു ചാടാൻ അവർക്ക് പ്രേരണയായി. എന്തിനേയും വെല്ലുവിളിക്കാൻ മനസ്സ് പ്രേരിപ്പിക്കും
' പ്രണയ പ്രവാഹത്തിലേയ്ക്ക് പ്രവേശിക്കാൻ ആദ്യം സങ്കോചം തോന്നുമെങ്കിലും, ഇറങ്ങിനീന്തു മ്പോഴേയ്ക്കും പതുക്കെ നീലിച്ച പുതുമയിൽ അലിഞ്ഞു ചേരാൻ തുടങ്ങും. പെയ്തൊഴിയാൻ കഴിയാതെ
നിൽക്കുന്ന കാർമേഘമോ അലിഞ്ഞ് ചെർന്ന മഴത്തുള്ളിയോ ഒന്നും അവരെ സ്പർശിക്കുന്നേ ഇല്ല
ജലാശയത്തിന്റെ നീലിമയും കുളിരും അവരെ മത്തുപിടിപ്പിക്കും. ജലസമൃദ്ധി പോലെ സമ്പന്നമായ ലോകത്തേ
എല്ലാം മറന്ന് താലോലിക്കും.
ഒന്നു കുളിച്ചുകയറി തിരിഞ്ഞു നോക്കുമ്പോഴേയ്ക്കും മഴ മാറി മഞ്ഞുമാറി ,ഒഴുക്കു നിലച്ച കുളം
പോലെ പ്രണയം അനുഭവപ്പെടും.
വറ്റാൻ പോകുന്ന പുഴയുടെ
കലക്കങ്ങൾ കണ്ടു തുടങ്ങും.
ഒഴുക്കിനെതിരെ നീന്താൻ
സാധ്യമല്ലാത്ത പോലെ ;
പ്രണയത്തിൽ തിരിച്ചിറക്കവും
അസാധ്യം തന്നെ.
പുറത്തു കടക്കാനോ ഒഴുകി നടക്കാനൊ കഴിയാതെ, തെളിമ നഷ്ടപ്പെട്ട് എല്ലാ ആർദ്രതയും വറ്റാൻ തുടങ്ങിയിരിക്കും .
പ്രണയം ഒരു ചങ്ങലക്കെട്ടായി മാറാൻ തുടങ്ങും.
അടിമയേ പൂട്ടാൻ ഉടമയും ,
പ്രണയികളും ചേർന്നാണ് "ചങ്ങല " കണ്ടെത്തിയതെന്ന് മനസ്സിലായിത്തുടങ്ങും .
അഴിക്കാൻ ശ്രമിക്കുമ്പോൾ
മുറുകുകയും അഴിയ്ക്കുമ്പോഴേക്കും മുറിവുകൾ വ്രണങ്ങളായി അവശേഷിക്കുകയും ചെയ്യന്ന
ദുരവസ്ഥ രൂപപ്പെടും.
ഉർവ്വരമായ മഴക്കാലത്തേ മാത്രം
സ്വപ്നം കണ്ട് നിരാശയുടെ
മായാദർശന മെന്നറിയാതേ പുതിയ
പ്രണയികൾ വീണ്ടും വീണ്ടും നീന്തിത്തുടിയ്ക്കാൻ എടുത്തു ചാടും "
"ആകെ മുങ്ങിയാൽ കുളിരൊന്ന് " എന്ന ആശ്വാസത്തോടേ...!!
കൃഷ്ണദാസ് .കെ .
ഉണ്ണിയും അണ്ണാനും
പണ്ടൊരു ചെറുഗൃഹമവിടെയൊരു
മിണ്ടാൻപാങ്ങില്ലാത്തുണ്ണി
കണ്ടൊരു വേലിയിലൊരു മുള്ളിൽ-
ക്കൊണ്ടുപിടഞ്ഞണ്ണാനവളെ.
ഓടിയടുത്തുടനെത്തിയതും
മാടിയെടുത്തതിസൂക്ഷ്മതരം
പിടയുന്നണ്ണാൻകുഞ്ഞവളെ
നടുവിരലായി തലോടിയവൻ.
അണ്ണാൻകുഞ്ഞിനതുണ്ണാനായ്
വെണ്ണയെടുത്തുകൊടുത്തുണ്ണി
കണ്ണൻപൂച്ച വിഴുങ്ങാതെ-
യുണ്ണിയൊളിപ്പിച്ചണ്ണാനെ.
അണ്ണാറക്കണ്ണൻകുഞ്ഞാ-
യുണ്ണിക്കുണ്ടായ് ചങ്ങാത്തം
ഇണപിരിയാതെ കഴിഞ്ഞവര-
ന്നുണ്ണുന്നതുമൊരുമിച്ചായി.
ഒരുനാളുണ്ണി പറമ്പിൽപ്പോയ്
പേരമരത്തിൽക്കയറുമ്പോൾ
കരിയിലതന്നിലുറങ്ങുന്നാ
കരിനാഗത്തിനു നോവായി.
ഒറ്റക്കൊത്തിനു കൊല്ലാനായ്
ചീറ്റിവിടർത്തിപ്പത്തിയുടൻ
ഒറ്റച്ചാട്ടവുമായുണ്ണി-
യൊറ്റോട്ടവുമായതിവേഗം.
ഓടിപ്പാഞ്ഞുകിതച്ചപ്പോ-
ളടിതെറ്റിപ്പോയ് വീണുണ്ണി
കടികൊള്ളാനായ് കാത്തുണ്ണി
പിടിവള്ളിയതായൊന്നില്ല.
മിണ്ടാനാവാത്തുണ്ണിയുടെ
തൊണ്ടവരണ്ടതുകൊണ്ടാരും
മണ്ടിച്ചെന്നില്ലങ്ങോട്ട്
കണ്ടില്ലപകടസൂചനയും.
പെട്ടെന്നവിടെ ചിലച്ചെത്തി
കൂട്ടായുള്ളൊരു കുഞ്ഞണ്ണാൻ
കാട്ടിലെ നാഗത്താനപ്പോൾ
കിട്ടിയൊരിരയെക്കൺമുന്നിൽ
അണ്ണാൻകുഞ്ഞതനങ്ങാതെ
കണ്ണുമടച്ചുകിടന്നപ്പോൾ
ഫണവാൻ വന്നു വിഴുങ്ങിപ്പോ-
യുണ്ണിയെ വിട്ടിട്ടോടിപ്പോയ്.
വൃത്തം - ലളിതതരംഗിണി
Sandeep Verengil