14-05b

വിലാപ്പുറങ്ങൾ
നോവൽ -
ലിസി.
പ്രസാധകർ :  മാതൃഭൂമി ബുക്സ്.

 🌾🌾🌾🌾🌾🌾🌾🌾🌾🌾🌾  

2015 ലെ എം പി പോൾ സാഹിത്യ പുരസ്കാരം നേടിയ നോവൽ.
   
1950 കാലഘട്ടം മുതൽ തൃശ്ശൂർ പട്ടണത്തിന്റെ തളർച്ചയും വളർച്ചയും അടയാളപ്പെടുത്തുന്ന ഒരു   നോവൽ.
   
ആന്തരീക സഘർഷങ്ങൾ കേവലം ചിരിയിലും, തന്റേടത്തിലും അലിയിച്ചുകളഞ്ഞ " പനങ്കേറി മറിയ" എന്ന മറിയയുടെ കഥ. കിനാവും കണ്ണീരും തുളുമ്പുന്ന അവളുടെ ലോകം.
 

ദേശങ്ങൾ വളർന്ന് നഗരപ്രാന്തങ്ങളാകുന്നു. പഴയ ഓർമ്മകൾ മായ്ച് നഗരം പുതിയ ചരിത്രമെഴുതുന്നു. എന്നാൽ തലമുറകൾ കഴിയുന്തോറും പഴയ ഭാഷയും രൂപകങ്ങളും ഓർമ്മക്കൂടുകളിൽ ചിറകടിച്ചു ചലിച്ചുകൊണ്ടേയിരിക്കുന്നു. അത്തരം നഗരമായ തൃശ്ശൂരിന്റെ പുരാവൃത്തങ്ങളിൽനിന്ന് പുറത്തുചാടാൻ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്.


ധനാഡ്യകുടുംബത്തിലെ, ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട മകൾ, മറിയ. അവളുടെ ചിരി എല്ലാവർക്കും പ്രിയപ്പെട്ടതായിരുന്നു.

വെടിക്കെട്ടുകാരൻ ചാക്കോരുവിന്റെ മകൻ,  കൊച്ചു മാത്തുവിന് മയിൽപ്പീലിത്തുണ്ടുപോലെ മനസ്സിൽ സൂക്ഷിച്ച ഇഷ്ടമായിരുന്നു അവളോട്. പറയാൻ മടി. എന്നാൽ മറിയ ആ ഇഷ്ടം മനസ്സറിഞ്ഞിരുന്നു.

   എന്നാൽ വിധി അതായിരുന്നില്ല. വീടു വിട്ട് ഡ്രൈവിംഗ് പഠിക്കാനായി തന്റെ വീട്ടിൽ വന്ന സൈമൺ പീറ്ററുമായി ബാല്ല്യകൗതുകത്തിൽ മറിയ ബന്ധിതയായി. അവൾ ഗർഭിണിയായി. തല്ലുപേടിച്ച് പയ്യൻ നാടുവിട്ടു.
ദുരിതങ്ങളുടെ തീരാക്കയത്തിലേക്ക് മറിയ വീണു. കുടുംബത്തിനുവേണ്ടി കാരണവന്മാർ കണ്ടുപിടിച്ച കുഞ്ഞാറ്റയെ ഭർത്താവാക്കി അവൾ ജീവിതം തുടങ്ങി.

      സത്രത്തിലെ താമസക്കാരപ്പോലെ ഒരുപാടുപേർ മറിയയുടെ ജീവിതത്തിന്റെ അരികുപറ്റി കടന്നു പോയി. കൊച്ചു മാത്തുമാത്രം നീറുന്ന ഓർമ്മയായും നഷ്ടപ്രണയത്തിന്റെ തിരുശേഷിപ്പായും മനസ്സിലുണ്ടായിരുന്നു.

    കശാപ്പുകടയിൽ, തൂക്കിയിട്ടിരിക്കുന്ന ഇറച്ചിതുണ്ടുകൾക്കിടയിൽ തന്നെത്തന്നെ കണ്ടുകൊണ്ട് തന്റേടിയായ മറിയ ജീവിച്ചു. കാരണം അവൾക്ക് ജീവിക്കണമായിരുന്നു.

     സാറാ ജോസഫിനു ശേഷം തൃശൂരിന്റെ പശ്ചാത്തലത്തിൽ ലിസി എന്ന പുതു നോവലിസ്റ്റിന്റെ പ്രൗഡമായ ഒരു നോവൽ.

     " പാപമെന്താണെന്ന ചോദ്യത്തിന് ഉത്തരം തേടലാണ് ' വിലാപ്പുറങ്ങൾ'. മിഖായേൽ ബക്തിൻ എന്ന ചിന്തകൻ നോവലിനെ വിശേഷിപ്പിച്ചതുപോലെ  വിലാപ്പുറങ്ങളും ഒരു കാർണിവലാണ്. ഭാഷയുടെ കാവുതീണ്ടലാണ് ഈ കൃതിയിലൂടെ ലിസി നടത്തിയിട്ടുള്ളത്. " - സാറാ ജോസഫ്.


ഇനി കൂടുതൽ പറഞ്ഞാൽ അവിവേകമാകും.

വായിച്ചറിയൂ... .. ഈ വിലാപ്പുറങ്ങൾ......

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
കുറിപ്പ് തയ്യാറാക്കിയത് : കുരുവിള ജോൺ.

ഇതേ കൃതിക്ക് ജി.പ്രമോദ്(മനോരമ ഓൺലെെൻ)എഴുതിയ ഒരു വായനാക്കുറിപ്പ്

അവനെ കേൾക്കാനായി എത്തിയവരിൽ അവളും ഉണ്ടായിരുന്നു. അവളുടെ പേര് മറിയം എന്നായിരുന്നു. അവൾ മഗ്ദലേനയിൽനിന്നുള്ളവളാകയാൽ മറിയം മഗ്ദലേന എന്നറിയപ്പെട്ടു. ‘വിലാപ്പുറങ്ങൾ’ എന്ന തന്റെ രണ്ടാമത്തെ നോവലിൽ ലിസി അവതരിപ്പിക്കുന്നതും ഒരു മറിയയെയാണ്.

പനങ്കേറി മറിയ. ഒരു ദേശത്തിന്റെയും കാലത്തിന്റെയും ഭ്രമണം മറിയക്കുചുറ്റുമായിരുന്നു. ഒരു നാടും നാട്ടാരും അവളുടെ ഭാവമാറ്റങ്ങൾക്കനുസരിച്ച് അവരുടെ ജീവിതങ്ങളെയും മാറ്റിവരച്ചു.

പ്രത്യക്ഷമായോ പരോക്ഷമായോ അവരെല്ലാം അവളുടെ ചിരിയുടെയും ഗർവിന്റെയും ഭാഗധേയം ഏറ്റെടുത്തു. അവളുടെയും കൂട്ടാളികളുടെയും കൂത്താട്ടങ്ങളിൽ പ്‌രാകി. ഭർത്താക്കൻമാർ കിടക്ക പങ്കിടുന്നത് അവളെ മനസ്സിലോർത്താണോ എന്നു കുടുംബിനികൾ നടുങ്ങി.

അവൾ ചിരിച്ചപ്പോൾ തുളുമ്പിയതു ചുറ്റുമുള്ള ലോകമായിരുന്നു. നോട്ടം മിന്നലായി. ആ മിന്നൽ ചുറ്റുമുള്ള പ്രപഞ്ചത്തെ പ്രകാശിപ്പിച്ചുകൊണ്ടിരുന്നു. അവൾ നിശ്വസിക്കുമ്പോൾ ചൂടും എരിവും പകർന്ന് ഉള്ളിലെ ലഹരി ചിരിച്ചു.

ലഹരിയിലും പെണ്ണിനുള്ളിലെ പെൺകൊടി അഗ്നി കെടാത്തവളായിരുന്നു. സ്വന്തം സ്വപ്നങ്ങൾക്കുമേൽ ശയിച്ച മറിയ. മഗ്ദലേനയെപ്പോലെ മറിയവും സുവിശേഷമെഴുതി. നാട്ടുകാരെഴുതിച്ചേർത്തതാണ് അതിൽ കൂടുതലും.

നല്ല എരിവും പുളിയും ചേർത്ത്. മറിയ സ്വന്തമായി എഴുതിയ സുവിശേഷ ഭാഗങ്ങളാണ് ‘വിലാപ്പുറങ്ങൾ’. അതിലൂടെ കടന്നുപോകാനാണ് ലിസി പുതിയ നോവലിലൂടെ വായനക്കാരെ ക്ഷണിക്കുന്നത്.

എല്ലാമറിയുന്നവൾ മറിയ. അവളറിയുന്ന നാട്ടാരുടെ സുവിശേഷങ്ങളും നോവലിലുണ്ട്. വിലാപ്പുറത്തെ കുന്തമുനകളുടെ മൂർച്ചയിൽ മുറിപ്പെടുന്നത് മറിയ മാത്രമാണ്. നെഞ്ചിടഞ്ഞ് കിനിയുന്ന രക്തം അവളെയും സന്തതിപരമ്പരകളെയും വീണ്ടെടുക്കുമെങ്കിൽ നല്ലത്.

കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ... ഗ്രഹിക്കാൻ കഴിവുള്ളവർ ഗ്രഹിക്കട്ടെ...

ലിസിയുടെ പുതിയ നോവൽ വിലാപ്പുറങ്ങളുടെ ഭാഷയും ഘടനയും ബൈബിൾ കൃതികളുടേതാണെങ്കിലും പൊള്ളുന്ന ആസക്തികൾ മനസ്സിൽ നിറച്ചു ശരിതെറ്റുകളുടെ നേർത്ത അതിർവരമ്പുകളിൽ ജീവിതത്തിന്റെ അർത്ഥം തിരയുന്ന മറിയ എന്ന അസാധാര സ്ത്രീയുടെ ജീവിതകഥയാണു പറയുന്നത്.

അറിയാതെയും രേഖപ്പെടുത്താതെയും പോകുന്ന ഒരു ദേശത്തിന്റെ ചരിത്രവും ഒരു ജനതയുടെ വിഹ്വലതകളും കഥയ്ക്കു പശ്ചാത്തലമാകുന്നു. കാലം ആയിരത്തിത്തൊള്ളായിരത്തി അമ്പതുകൾ. ആദ്യ കമ്മൂണിസ്റ്റ് മന്ത്രിസഭയുടെ അധികാരാരോഹണവും വിമോചനസമരവും നോവലിന്റെ പശ്ചാത്തലത്തിലുണ്ട്.

തൃശൂർ നഗരത്തിന്റെ ചരിത്രവും ഐതിഹ്യങ്ങളും മുമ്പും നോവലുകൾക്കു വിഷയമായിട്ടുണ്ടെങ്കിലും ഇതാദ്യമായി നഗരത്തിലെ തെരുവുകളുടെയും രാത്രികളുടെയും ചുമട്ടുതൊഴിലാളികളും ഇറച്ചിവെട്ടുകാരും മോഷ്ടാക്കളും ഗുണ്ടകളും വേശ്യകളും ഉൾപ്പെട്ട മുഖ്യധാരയ്ക്കു പുറത്തുള്ളവരുടെയും ജീവിതം അവരുടെതന്നെ ഭാഷയിൽ പ്രകാശിതമായിരിക്കുന്നു.

പൂരവും വെടിക്കെട്ടും പാറമേക്കാവ് -തിരുവമ്പാടി വിഭാഗക്കാരുടെ മൽസരവും ഒല്ലുർ തിരുനാളും തട്ടിൽ കൊലക്കേസും ലീഡർ കെ. കരുണാകരന്റെ രാഷ്ട്രീയ ജീവിതവും ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലും അഴീക്കോടൻ രാഘവന്റെ കൊലപാതകവും ഗുണ്ടകളുടെ കുടിപ്പകയും മിഴിവോടെ, അതീവ ഹൃദ്യമായി ലിസി നോവലിൽ ആവിഷ്കരിച്ചിരിക്കുന്നു.

ഗുണ്ടകളും ഇറച്ചിവെട്ടുകാരും മറ്റും ഉപയോഗിക്കുന്ന ഭാഷ മാറ്റങ്ങളില്ലാതെ, അതേ രീതിയിൽ നോവലിൽ വായിക്കാം. അന്യോന്യം അഭിസംബോധന ചെയ്യുമ്പോഴും മറ്റുള്ളവരെക്കുറിച്ചു പറയുമ്പോഴും അവരുപയോഗിക്കുന്ന അശ്ളീല വാക്കുകൾ, സദാചാര വേലിക്കെട്ടുകൾക്കപ്പുറത്തേക്കുനീളുന്ന ചിന്തകൾ, ചാരായത്തിന്റെയും കള്ളിന്റെയും ലഹരിയിൽ മുങ്ങിത്തുടിക്കുന്ന ജീവിതങ്ങൾ...ഇവയെല്ലാം ഒരു സ്ത്രീ എഴുതിയതാണോയെന്നു സംശയം ജനിപ്പിക്കുന്ന രീതിയിൽ വിലാപ്പുറങ്ങളിലുണ്ട്.

സ്ത്രീ- പുരുഷ ശരീരങ്ങളെക്കുറിച്ചുള്ള വിശേഷണങ്ങളും വർണനകളും, അവരുടെ രഹസ്യ മോഹങ്ങളും ആസക്തികളും, ഭീതികളും ആശങ്കകളും...ഇവയൊക്കെ പരിഷ്കാരത്തിന്റെയും സദാചാരത്തിന്റെയും മറകളില്ലാതെ അരനൂറ്റാണ്ടുമുമ്പത്തെ തൃശൂർ തെരുവുജീവിത പശ്ചാത്തലത്തിൽ അസാധാരണമായും അത്ഭുതകരമായും ലിസി അനുഭവവേദ്യമാക്കുന്നു.

13 വയസ്സുമുതൽ 40 വയസ്സുവരെയുള്ള മറിയയുടെ ജീവിതമാണു നോവലിന്റെ പ്രമേയം. നോവലിന്റെ മൂന്നാമത്തെ അധ്യായത്തിലാണു മറിയയെ ലിസി അവതരിപ്പിക്കുന്നത്. അധ്യായത്തിന്റെ പേര് : തമ്പ്രാട്ടിച്ചരക്ക്. പതിമൂന്നു വയസ്സുള്ള പെൺകുട്ടി. പ്രതാപവും ഐശ്വര്യവുമുള്ള വീട്ടിലെ ഒറ്റക്കുട്ടി.

ചുവപ്പും മഞ്ഞയും ചന്തത്തിനടിയിൽ അവൾ കിടന്നു. കാറ്റിനൊപ്പം തലയാട്ടിച്ചിരിച്ചുകൊണ്ട് പൂക്കളെല്ലാം അവൾക്കു മുകളിലാണ്. കാറ്റ് സ്വപ്നമായി അവളെ തലോടി. അവൾതന്നെ സ്വപ്നമായി. ഒരോളത്തിനുമുകളിൽ കൈകാലിട്ടടിക്കാതെ വെറുതെ കിടക്കുന്നതിന്റെ സുഖം. ആലസ്യം.

മറിയേ...അപ്പന്റെ വിളിയാണ്. ഈ പെൺക്ടാവ് എവ്ടെ പോയ്ക്കെടക്കുണൂ ? അപ്പന്റെ വിളി അവൾ കേട്ടില്ല. പൂക്കളപ്പോഴും ചിരിച്ചുകൊണ്ടുനിന്നു. അവളും. അവളാ പൂക്കളുടെ രാജ്യത്തെ രാജകുമാരിയാണ്. അവളുറങ്ങുന്നതും പൂക്കളൊരുക്കിയ മെത്തയിലാണ്. കിന്നാരം മൂളുന്നതു കൗമാരമാണ്.

ഡ്രൈവിങ്ങ് പഠിക്കാൻ ചുമന്നുതുടുത്ത ഒരു പയ്യൻ വീട്ടിൽ എത്തുന്നതോടെ അവളുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നു.തിളക്കമുള്ള കണ്ണുകളും പൊടിമീശയുമുണ്ടായിരുന്നു സൈമൺ പീറ്റർ എന്ന പയ്യന്. ദൈവത്തിന്റെ വികൃതി പോലെ പ്രായപൂർത്തിയാകാകുന്നതിനുമുമ്പേ അവൾ ഗർഭിണിയാകുന്നു; പ്രസവിക്കുന്നു. ആ ദുരന്തത്തിൽനിന്ന് അവളും കുടുംബവും അനായാസമായി രക്ഷപ്പെടേണ്ടതായിരുന്നു; മറിയയുടെ പ്രിയപ്പെട്ടവൻ ചതിച്ചില്ലായിരുന്നെങ്കിൽ.

ആദ്യത്തെ പ്രണയത്തിന്റെ പരാജയം അവളെ പ്രണയത്തിൽനിന്നകറ്റുകയല്ല; പ്രണയ സാഗരമാക്കിമാറ്റുകയായിരുന്നു. പിന്നെയവൾക്കു പ്രണയത്തോടുതന്നെ പ്രണയമായി. മറ്റുള്ളവരെ ബോധിപ്പിച്ചു ജീവിക്കേണ്ടതില്ലെന്ന് തീർച്ചയാക്കി.

സ്വന്തം ബോധ്യമാണ് ഇനി തന്റെ വഴിയെന്നു മറിയ തീരുമാനിച്ചു.പിന്നെ ഒരുപാടു മേച്ചിൽപ്പുറങ്ങളിൽ യാഗാശ്വം പോലെ മറിയ മേഞ്ഞു. അവൾക്കു പനങ്കേറിമറിയ എന്ന പേരുവരാൻ കാരണം ഒരു പൊള്ളാച്ചിയാത്രയാണ്. യാത്രയ്ക്കിടെ കയ്യിൽകരുതിയിരുന്ന ലഹരിയുടെ സ്റ്റോക് തീർന്നപ്പോൾ പനകളിൽ കള്ള് ശേഖരിക്കാൻ വച്ചിരിക്കുന്ന കുടങ്ങൾ മറിയയും സംഘവും കണ്ടു.

കൂടെയുള്ളവർ മടിച്ചുനിന്നപ്പോൾ മറിയ ഒട്ടും മടികൂടാതെ പനയിൽകയറി കള്ള് താഴെക്കൊണ്ടുവന്നു കുടിച്ചുവത്രേ. സംഘം യാത്ര കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തുന്നതിനുമുമ്പുതന്നെ മറിയയ്ക്കു പുതിയ പേരായി. പതിന്നാലാം വയസ്സിലെ ആദ്യപ്രസവത്തിനുശേഷം നാൽപതു വയസ്സുവരെയുള്ള ജീവിതത്തിനിടയിൽ മറിയ ഇരുപതിൽക്കൂടുതൽതവണ പ്രസവിച്ചു. എത്ര പ്രസവിച്ചിട്ടും അവൾ ഉടച്ചിൽതട്ടാതെ തിളങ്ങിത്തന്നെ നിന്നു.

ഓരോ പ്രസവവും അവളുടെ കരുത്ത് കൂട്ടി; സൗന്ദര്യം വർധിപ്പിച്ചു; വശ്യത തീവ്രമാക്കി. ആദ്യമൊക്കെ സഹായികളെ പറഞ്ഞുവിട്ടു ലഹരി വാങ്ങിപ്പിച്ച മറിയ പിന്നെ ഷാപ്പിലും ചാരായക്കടയിലുമൊക്കെ നേരിട്ടുചെന്നു ലഹരി മോന്തി.

ഇറച്ചിക്കടയിലെ പണപ്പെട്ടിക്കു പിന്നിൽ ആണുങ്ങളെ തോൽപിക്കുന്ന ശൗര്യവുമായി കാവലിരുന്നു. ആദ്യകുട്ടിയുടെതൊഴിച്ചു മറ്റാരുടെയും അച്ഛനാരെന്ന് അവൾക്കുപോലും അറിയില്ല. മോഹിച്ചും മോഹിപ്പിച്ചും ആസക്തികളിൽ അഗ്നിനാളത്തെപ്പോലെ പുള‍ഞ്ഞും നൂറുകണക്കിനു പുരുഷൻമാരോടൊപ്പം കഴിഞ്ഞിട്ടും യഥാർഥ പുരുഷനെത്തേടിയും അനേകം ബന്ധങ്ങളിലൂടെ കടന്നുപോയിട്ടും യഥാർഥ പ്രണയം തേടിയുമുള്ള മറിയയുടെ ജീവിതയാത്ര അതിശയത്തോടെയേ വായിച്ചുതീർക്കാനാവൂ.

ഒരു പൂരത്തിന്റെ കൊടിയേറ്റക്കാലത്താണു നോവൽ തുടങ്ങുന്നത്. പൂരം കഴിഞ്ഞ്, ചയമങ്ങൾ അഴിച്ച്, അടുത്ത വർഷം വീണ്ടും കാണാമെന്ന വിടചൊല്ലലോടെ ദേവിമാർ കൂടിക്കാഴ്ച കഴിഞ്ഞു തിരിച്ചുപോകുന്ന വേളയിൽ നോവൽ അവസാനിക്കുന്നു.

പ്രണയത്തിന്റെ വഴികൾ, പ്രണയം ജീവിതത്തിൽ സൃഷ്ടിക്കുന്ന വളവുതിരിവുകളും ഉയർച്ചതാഴ്ചകളും ആർക്കാണറിയാവുന്നത് ? തേടുമ്പോൾ കിട്ടിയില്ലെങ്കിൽ വില കെട്ടുപോകുന്ന ഒന്നാണു ബന്ധങ്ങൾ എന്നു മറിയ ജീവിതത്തിലൂടെ പഠിച്ചു. അപ്പോഴേക്കും ജീവിതാഘോഷത്തിലെ പൂരത്തിന്റെ അവസാനത്തെ അമിട്ടും പൊട്ടിത്തീർന്നിരുന്നു. പുകപടലങ്ങൾ അടങ്ങിയിരുന്നു. ആൾക്കൂട്ടം പിരിഞ്ഞുപോയിരുന്നു.

തിരക്കുകളൊഴിഞ്ഞ് കരിമ്പിൻചണ്ടികളും ആനപ്പിണ്ഡങ്ങളുടെ ചൂരും ബാക്കിനിർത്തി തേക്കിൻകാട് വിജനമായി. ചമയങ്ങളഴിച്ചുവച്ച്...പകിട്ടുകളൊഴിഞ്ഞ്...ആരവങ്ങളൊഴിഞ്ഞ്...വിജനമായ പൂരമൈതാനം പോലെയാണ് മറിയയുടെ മനസ്സിപ്പോൾ.

ബാക്കിയായത് ചവിട്ടിയരഞ്ഞു കടന്നുപോയ ചില കെട്ടുകാഴ്ചകൾ. ആനകളുടെ ചിന്നംവിളികൾ. കരിമരുന്നിന്റെ കത്തിയമരാത്ത കതിനക്കുറ്റികൾ. കിഴക്കേക്കോട്ടയുടെ മാറിയ മുഖങ്ങളിലൂടെ മറിയ കാലുകൾ വേച്ചുപോകാതിരിക്കാൻ പതുക്കെ ആടിയാടി നടന്നു.



[22:09, 14/5/2018] Rathrട h Kallinbbbbbb: കിഴക്കേക്കോട്ട നാൽക്കവലയുടെ വടക്കുകിഴക്കേ മൂലയിലെ മാംസവിൽപ്പനകേന്ദ്രത്തിലേക്കുള്ള വഴിയിൽ ഒരു മിന്നായംപോലെ കണ്ടത് അവരെയാണോ? എതിർവശത്തുനിന്നുള്ള കാഴ്ചയിൽ ഒന്നു പരിഭ്രമിച്ചു. ചട്ടയും മുണ്ടുമാണ് വേഷം. മുണ്ടിനു പിറകിലെ ഞൊറികൾ ഭംഗിയിൽ കാണാം. വലതുകൈയിലൊരു സഞ്ചിയുമായി വേച്ചുവേച്ചാണ് നടത്തം.

വായിലെ മുറുക്കാൻ തുപ്പി ചിറിതുടച്ചുകൊണ്ട് തെല്ലിട അവർ അവിടെനിന്നു. പനങ്കേറി മറിയ അല്ലേയിത്? വിലാപ്പുറങ്ങളിലെ ധിക്കാരിയായ മറിയ. ഇടത്ത്‌ ദയാലുവിനെയും വലത്ത് കാട്ടാളൻ പൊറിഞ്ചുവിനെയും കാവലാക്കി, കൈകൾ പിറകിൽ ചേർത്തുകെട്ടി, കിഴക്കേക്കോട്ട പ്രദേശത്തെ ഇളക്കിമറിച്ചവൾ! ഒറ്റയാനെന്ന വാക്കിനു സ്ത്രീലിംഗമുണ്ടായാൽ അതു ചാർത്തിനൽകാനാവുന്ന, മലയാള നോവൽലോകത്തെ അസാധാരണ കഥാപാത്രം.

സാരിയും ബ്ലൗസും വ്യാപകമായതോടെ, അപൂർവ്വമായ ചട്ടേം മുണ്ടും ധരിച്ച ആ സ്ത്രീയെ അവിടെക്കണ്ടപ്പോൾ അറിയാതെ ലിസിയുടെ നോവൽകഥാപാത്രം മനസ്സിൽ തെളിഞ്ഞുവന്നതാണ്. സാകൂതം അവരെ നിരീക്ഷിക്കാൻ തോന്നി. അവർ കിഴക്കോട്ടു നീങ്ങുന്നു. അവിടെ ലൂർദ്ദ്പള്ളിയുടെ വിശാലമായ സെമിത്തേരിയിലാണല്ലോ അവളുടെ ഒരേയൊരു കാമുകൻ പീറ്ററിനെ അടക്കം ചെയ്തിരിക്കുന്നത്.

നഗരത്തിൽ കാറും വീടുമുള്ള അന്തോണീസെന്ന പ്രതാപിയുടെ മകളെ ഇറച്ചിവില്പനക്കാരിയും മദ്യപാനിയും താന്തോന്നിയുമാക്കിയത് പീറ്ററാണ്. അയാളുമായുള്ള കൗമാരപ്രണയം മറിയയുടെ ജീവിതത്തെയാകെ ഉഴുതുമറിച്ചു. മറിയയുടെ ദേശം തൃശ്ശൂർ നഗരമാണ്. നോവലിലെ ആഖ്യാനം തൃശ്ശൂരിലെ പുരാവൃത്തങ്ങളാണെന്നതിൽ ശരിയുണ്ട്.

തൃശ്ശൂർപൂരം, വെടിക്കെട്ട്, ഇറച്ചിവില്പന എന്നിവയും കരുണാകരൻ, മുണ്ടശ്ശേരി തുടങ്ങിയവരെയും നോവലിൽ വിവരിക്കുന്നു. അഴീക്കോടൻ രാഘവൻ കൊലപാതകം, വിമോചനസമരം, നഗരത്തെ ഇളക്കിമറിച്ച സംഭവങ്ങൾ നിരവധിയുണ്ട് നോവലിൽ.  എല്ലാറ്റിനുമുപരി തൃശ്ശൂർ ഗഡികളുടെ ഭാഷയും.

എന്നാലോ ഒരു അധ്യായം പോലും മറിയയെക്കുറിച്ചുള്ള പരാമർശമില്ലാതെ കടന്നുപോകുന്നുമില്ല. യഥാർത്ഥത്തിൽ പനങ്കേറി മറിയത്തിന്റെ സുവിശേഷമാണ് വിലാപ്പുറങ്ങൾ. കഠിനമായ ജീവിതാനുഭവങ്ങളുടെ കുത്തേറ്റ് അവളുടെ വിലാപ്പുറത്തുനിന്നു കിനിയുന്നത് സഹനങ്ങളുടെ തീത്തൈലമാണ്‌.

അവളെ പാപിയും കാമാന്ധയുമായി എഴുതിത്തള്ളിയവർ ഒരുനിമിഷം അവളുടെ മനസ്സിലേക്കൊന്നു പാളിനോക്കിയോ? എങ്ങനെ നോക്കാൻ. അവളുടെ സൗന്ദര്യത്തിന്റെ തീച്ചൂടിൽ വെന്തുരുകിയവരോ ഓടിയകന്നവരോ ആണ്‌ ഭൂരിപക്ഷവും. തനിക്കൊരു കുഞ്ഞിനെ സമ്മാനിച്ചു കടന്നുകളഞ്ഞ പീറ്ററിനെ കാത്തവൾ എത്രകാലം കഴിച്ചു.

പ്രണയകല(the art of loving)യുടെ വക്താവ് എറിക് ഫ്രോമിന്റെ ശ്രദ്ധേയമായ ‘you shall be as gods’ എന്ന പേരിലുള്ള പഠനം വർഷങ്ങൾക്കുമുൻപ് വായിച്ചിരുന്നത് വിലാപ്പുറങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ വെളിച്ചമേകി. ആ വാക്കുകളായിരുന്നു സാത്താന്റെ പ്രലോഭനം.

ഏദൻതോട്ടം അവർക്കു നഷ്ടമായി. പക്ഷേ, അവർ സ്വന്തമാക്കിയത്, നെറ്റിയിലെ വിയർപ്പുകൊണ്ടു നേടിയത് മറ്റൊരു ലോകമാണ്. സഹനങ്ങളുടെ പീഡാനുഭവങ്ങളിലൂടെ സമാന്തരലോകം പടുത്തുയർത്തിയവർ ദൈവത്തെ ചോദ്യംചെയ്യാൻ പ്രാപ്തിനേടി.

ജീവന്റെവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെവൃക്ഷവും തോട്ടത്തിന്റെ നടുവിൽ അവിടുന്നു വളർത്തി (ഉൽപ്പത്തിപ്പുസ്തകം 1: 2), അറിവിന്റെ ഫലം തിന്നരുതെന്നു വിലക്കിയതു ശരിതന്നെ. അതുകൊണ്ടതു വിലക്കപ്പെട്ട കനിയായി. പിന്നീടതിനെ പാപപുണ്യങ്ങളുടെ വിലക്കുകളിലേക്ക് തിരുകിയത് യൂറോപ്യൻ ചരിത്രത്തിലെ ഇരുണ്ടയുഗങ്ങളിലാണ്.

മഹാകവി മിൽട്ടന്റെ പാരഡൈസ്‌ ലോസ്റ്റ് വായിക്കാനുള്ള മഹാഭാഗ്യം ഉണ്ടായിട്ടില്ല. വളരെ ഉയരത്തിലാണ് ആ കൃതി. പക്ഷേ, ഈ സന്ദർഭത്തിൽ മിൽട്ടൻ sciential apple എന്നു അർത്ഥവത്തായി പ്രയോഗിച്ചതിനെക്കുറിച്ച് പ്രൊഫ.വി. അരവിന്ദാക്ഷൻ ക്ലാസിൽ വിശദീകരിച്ചത് ഇപ്പോൾ തെളിഞ്ഞുവരുന്നു. അറിവിന്റെ കനി അതാണ് ജീവന്റെ വഴികാട്ടി. മനുഷ്യരാശിയുടെ വളർച്ചയുടെ നിദാനം.

‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന രക്ഷകന്റെ വാക്കുകൾ മഗ്ദലനയിലെ മറിയത്തെ വിശുദ്ധയാക്കി. ഓരോരുത്തരും താന്താങ്ങളെ അറിയേണ്ടത് അവരവരുടെ വഴികളിലൂടെയാണ് എന്ന വാക്കുകൾ നോവലിലെ മറിയത്തെ വാഴ്ത്തപ്പെട്ടവളാക്കുന്നു.

( എൻ.ആർ.ഗ്രാമപ്രകാശ്)
[22:09, 14/5/2018] Rathrട h Kallinbbbbbb: ഒരു താരതമ്യ വായനക്ക്!
[22:13, 14/5/2018] Rathrട h Kallinbbbbbb: ❤❤❤❤❤
ഒരു ഓർമ്മക്കുറിപ്പുകൂടി

അനാമികം
❤❤❤❤❤

പണ്ട് പഠിച്ച സ്കൂളിലേക്ക് ഏകനായി കടന്നുചെന്നിട്ടുണ്ടോ ?..

കൂട്ടുകാർക്കൊപ്പമല്ല.'ഗെറ്റ് ടുഗെദർ' എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന ഒത്തുചേരലുകളുടെ ബഹളത്തിലല്ല...

ആളും ആരവവും ഇല്ലാത്തപ്പോൾ...

അദ്ധ്യാപകരും വിദ്യാർത്ഥികളും ഇല്ലാത്തപ്പോൾ...

നമുക്ക് കൂട്ടിന് സ്കൂൾ മാത്രം...

അങ്ങനെയൊരു മടങ്ങിപ്പോക്ക് ഉണ്ടായിട്ടുണ്ടോ? എന്നെങ്കിലും...??

അതൊരു വല്ലാത്ത അനുഭവമാണ്...

സൂര്യൻ അസ്തമയത്തിന് തയ്യാറെടുക്കുമ്പോൾ സ്കൂൾ കവാടം കടന്നു ചെല്ലണം...

'പിൻഡ്രോപ്പ് സൈലൻസ്' എന്നെല്ലാം വിശേഷിപ്പിക്കാവുന്ന അവസ്ഥയാവണം...

അവിടെ മുഴുവൻ അലഞ്ഞുതിരിയണം...
അപ്പോൾ ഒാർമ്മകളുടെ വേലിയേറ്റമുണ്ടാകും....

കൂട്ടുകാരോടൊപ്പം പോകുമ്പോൾ സംഭവിക്കാത്ത പല കാര്യങ്ങളും അപ്പോൾ സംഭവിക്കും...

നമുക്ക് ചുവരുകളോടും തൂണുകളോടും സംസാരിക്കാം...

അവരുടെ നെഞ്ചിൽ മുഖം പൂഴ്ത്താം...

അവർക്കും പറയാനുണ്ടാവും കഥകൾ ഏറെ....

സ്കൂൾ സ്റ്റേജിനു മുന്നിൽ കുറച്ചു നിമിഷങ്ങൾ നിൽക്കണം...

അതാ കൺമുമ്പിൽ ചില കാഴ്ച്ചകൾ...

സ്റ്റേജിൽ നിന്ന് പ്രാർത്ഥനയും ദേശീയഗാനവും പ്രസംഗവും ഉയരുന്നു...

മുറ്റം നിറയെ കുട്ടികൾ...

പെട്ടന്ന് എല്ലാം മാഞ്ഞുപോവുന്നു...

മുറ്റത്ത് നമ്മൾ മാത്രം...

ക്ലാസ് മുറികളുടെ മുന്നിലൂടെ രണ്ടു മൂന്നു തവണ നടക്കണം...

അപ്പോൾ കേൾക്കാം...

ഗുരുക്കൻമാരുടെ ശബ്ദം....

എഴുത്തച്ഛൻ,..
ചെറുശ്ശേരി,..
പ്രേംചന്ദ്,..
ഷെല്ലി...
ന്യൂട്ടൻ്റെ നിയമങ്ങൾ...
പിര്യോഡിക് ടേബിൾ....

നിങ്ങൾക്ക് കാണാം...

മുന്നിലെ ബെഞ്ചുകളിൽ കാതു കൂർപ്പിച്ചിരിക്കുന്ന മുഖങ്ങൾ...

താടിയ്ക്ക് കൈയ്യും കൊടുത്ത് ഉറക്കത്തിലേക്ക് വഴുതിവീഴാൻ പോകുന്ന മറ്റു ചില മുഖങ്ങൾ....

ചിലയിടങ്ങളിൽ സാരമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടാകാം...

അവിടെ നിൽക്കരുത്....

ഒരു നെടുവീർപ്പിനപ്പുറമുള്ള ദുഃഖപ്രകടനങ്ങൾ പാടില്ല....

ഒരു മാറ്റവും സംഭവിക്കാത്ത ഭാഗങ്ങളിലേക്ക് പാഞ്ഞുചെല്ലണം....

അവിടെയും കാണാം പല പല കാഴ്ച്ചകൾ....

ഉച്ചസമയത്ത് ചോറും ചെറുപയറുമായി നടന്നുനീങ്ങുന്നവരുടെ കൂട്ടം....

പൊട്ടിയ പൈപ്പിൽ നിന്നും കുതിച്ചൊഴുകുന്ന ജലം...

മഴക്കാലത്ത് മുറ്റം നിറയെ കറുത്ത കുടകൾ...

ഒാടിനിടയിലൂടെ ഒരു കള്ളനെപ്പോലെ കടന്നുവന്ന് നോട്ട്ബുക്കിൽ വീഴുന്ന മഴത്തുള്ളി...

പരിസ്ഥിതിദിനത്തിൽ നട്ടുപിടിപ്പിച്ച ചെടികൾ...

മാങ്ങ ഉപ്പും മുളകും കൂട്ടി തിന്നുന്നത്....

ഒരറ്റത്ത് ക്രിക്കറ്റും ഫുട്ബോളും...

 നിസ്സാരവിലയുടെ പ്ലാസ്റ്റിക് പന്ത്...

മറ്റേ
അറ്റത്ത് കള്ളനും പൊലീസും...

അതിനിടയിൽ ഒളിച്ചു കളി....

കൂട്ടത്തല്ല്...ചീത്തവിളി... അലറുന്ന മാഷുമാർ....

അങ്ങനെ മുന്നോട്ടുനടക്കണം...

ക്ഷീണിച്ചാൽ ഇരിക്കാം...

കാതോർത്താൽ കേൾക്കാം...

നിങ്ങളുടെ കാൽപ്പാടുകൾ...

പൊട്ടിച്ചിരികൾ....

വിതുമ്പലുകൾ....

ഹെഡ്മാസ്റ്ററുടെ ബൂട്ട്സിൻ്റെ ശബ്ദം...

ജനൽക്കമ്പിയിൽ ആഞ്ഞുപതിക്കുന്ന ചൂരൽ....

ഒടുവിൽ ചുവരിന് നമ്മുടെ കണ്ണുനീരിൻ്റെ സ്വാദ് മനസ്സിലാവും...

നമ്മുടെ മനസ്സിൻ്റെ തേങ്ങൽ തൂണുകളുടെ കാതുകൾക്ക് വിരുന്നാവും...

എന്താണ് മനസ്സ് തേങ്ങുന്നത്?

എന്താണ് പറയുന്നത്...?

തിരിച്ചുതരുമോ ആ നാളുകൾ ..?

കുറച്ചു നേരത്തേക്കെങ്കിലും മടക്കിത്തരുമോ ആ കാലം...??

കടന്നുവന്ന വഴികൾ ഒരു പാഴ്വസ്തു മാത്രമാണെങ്കിൽ നിങ്ങൾക്കീ വികാരം മനസ്സിലാവില്ല...

ഒാർമ്മകൾ ഹരമാണെങ്കിൽ ഇത് നിങ്ങൾക്ക് മനസ്സിലാവും...

തടവുകാരനാവുന്നത് സങ്കടകരമാണ്...

പക്ഷേ ഒാർമ്മകളുടെ തടവുകാരനാവുന്നത് എന്നെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരമാണ്....

തനിച്ചൊരു യാത്ര പോണം...

ഒരിക്കലെങ്കിലും...