14-05

പെണ്ണരശ്
                 നോവൽ
          രാജീവ്  ശിവശങ്കർ
പ്രസാ : ഡി. സി. ബുക്സ്
വില : ₹ 360-

എഴുത്തുകാരൻ  :

പത്തനംതിട്ട, കോന്നി സ്വദേശി.  മലയാള മനോരമയിൽ  കൊച്ചി ബ്യൂറോയിൽ   ചീഫ്  സബ്  എഡിറ്റർ.  ആനുകാലികങ്ങളിൽ  തുടർച്ചയായി  എഴുതുന്നു.

തമോവേദം,
പ്രാണസഞ്ചാരം, കലിപാകം, പുത്രസൂക്തം, മറപൊരുൾ , കൽപ്രമാണം, പെണ്ണരശ് എന്നിവ  നോവലുകൾ.  ദൈവമരത്തിലെ ഇല  എന്ന  കഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പെണ്ണരശിന്റെ ഏടുകളിലേക്ക്......
👇👇👇👇👇👇👇👇👇👇👇

പട്ടാളച്ചിട്ടയിൽ എല്ലാം നടക്കണമെന്ന വാശിയും കണിശതയുമുള്ള പ്ലാന്റർ ഇന്ദുചൂഢന്റെ ഏക മകൾ  സുലോചന. സുലോചനയ്ക്ക് എല്ലാം  അച്ഛനായിരുന്നു. സ്വന്തമായ ഇഷ്ടാനിഷ്ടങ്ങളോ, അഭിപ്രായമോ ഉണ്ടായിരുന്നില്ല.... അല്ലെങ്കിൽ  ഇല്ല  എന്ന് നടിച്ചു.

അടിമാലിയിൽ  മുന്നു ദിവസം പഴക്കമുള്ള  ഇറച്ചിക്കറിയും നൂലു പാകി പഴകിത്തുടങ്ങിയ വടയും വിറ്റു കാശുമേടിച്ച് ജീവിച്ചിരുന്ന  നാരായണൻ  നായരെ കണ്ടെത്തി  കൊച്ചിയിലെത്തിക്കുകയും നാട്ടിൻ പുറത്തെ ചെറിയ തട്ടിപ്പിലും വലിയ തട്ടിപ്പായ  നഗരത്തിലെ റിയൽ  എസ്റ്റേറ്റ്  ബിസിനസ് പഠിപ്പിക്കുകയും തന്റെ ഷുവർ ബിൽഡേഴ്സ്  എന്ന  സ്ഥാപനത്തിന്റെ നടത്തിപ്പും ഏക മകൾ  സുലോചനയുടെ ഭർത്താവുദ്യോഗവും  ഇന്ദുചൂഢൻ തന്ത്രപരമായി നാരായണൻ നായരെ ഏല്പിച്ചു.  ഈ വിവാഹത്തിനോ ഈ ചുമതലയേൽക്കലിനോ ആരോടും  അനുവാദമോ സമ്മതമോ വാങ്ങണമെന്ന്  ഇന്ദുചൂഢൻ  കരുതിയില്ല. അല്ലെങ്കിൽ  അയാളുടെ ഗർവ്വ്  അതിന്  സമ്മതിച്ചില്ല.....

സുലോചനയ്ക്കും നാരായൺ നായർക്കും രണ്ടു മക്കൾ മൂത്തവൾ അപർണ്ണ  നാരായണൻ,  രണ്ടാമത്തെയാൾ  നന്ദു.

ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ മൂന്ന്  ദിവസം പഴക്കമുള്ള  ഇറച്ചിയോ...   നൂലു പാകി  മോശമായ വടയോ പോലെ തന്നെയായിരുന്നു  നാരായണൻ നായർക്ക്.

ചിട്ടയിലും വൃത്തിയിലും ജീവിച്ചിരുന്ന സുലോചനയ്ക്ക് തന്റെ  ടൗവ്വലുകൾ നാരായണൻ നായർ  ഉപയോഗിക്കുന്നു എന്നയറിവ് വലിയ ഷോക്കായി. നായരാകട്ടെ വാശിപോലെ അതേ തെറ്റ്  ആവർത്തിക്കുകയും ചെയ്തു.  ഇത്തരം പൊരുത്തക്കേടുകൾക്കിടയിലും കുറുക്കൻ കണ്ണുകളുമായി, ചാരന്മാരുടെ വലയം തീർത്തിരുന്ന  ഇന്ദുചൂഢനറിയാതെ അതേ സ്ഥാപനത്തിലെ ചിലരെ അടർത്തിയെടുത്ത് ന്യൂ ബിൽഡേഴ്സ്  എന്ന സ്ഥാപനം നായർ  ആരംഭിച്ചു.  വളർച്ച വളരെപെട്ടെന്നായിരുന്നു  ........  ഇന്ദുചൂഢൻ തന്ത്രപരമായി ചില കേസുകളിൽ കുടുക്കിയതോടെ തകർച്ചയും പെട്ടെന്ന്  നടന്നു.  അപർണ്ണയെ സുലോചനയുടെ സംരക്ഷണയിലും നന്ദുവിനെ നായരുടെ സംരക്ഷണയിലേക്കും മധ്യസ്ഥന്മാർ മുഖേന നടത്തിയ  ഒത്തുതീർപ്പിൽ വിട്ടുകൊടുത്തുകൊണ്ട് അവർ പിരിഞ്ഞു.

നിസ്വനായി നായർ താൻ ജനിച്ചു വളർന്ന,  എന്നാൽ കാര്യമായ വേരുകളില്ലാത്ത  കാക്കത്തുരുത്തിലേക്ക് പോയി. ഇത്രനാളും താൻ മറന്നുകളഞ്ഞ മണ്ണിനോട് തന്റെ അച്ഛന്റെ  ഔദാര്യം കൊണ്ടു മാത്രം പടവെട്ടിത്തുടങ്ങി.

അപർണ്ണ  അമ്മയുടെയുടെയും മുത്തച്ഛന്റെയും ചിട്ടയിൽ വളർന്നു.  എന്നാൽ  അവൾക്ക് പൊരുത്തപ്പെടാനാകുന്നതായിരുന്നില്ല അവരുടെ മനോവ്യാപാരങ്ങൾ.

ഇടയ്ക്കുള്ള കാക്കതുരുത്തിലേക്കുള്ള യാത്രകൾ അവളിൽ  ജീവന്റെ  ജലം നിറച്ചു.  നാരായണൻ നായർ  അവൾക്ക് മണ്ണച്ഛനായി. വഴുതനനായരെന്ന മുത്തച്ഛന്റെ ചില ശീലങ്ങൾ  അസഹ്യമെങ്കിലും കാക്കത്തുരുത്തിനെ , അവിടുത്തെ പച്ചപ്പിനെ അവൾ  മനസ്സിൽ  ഒരു തണുവായ് നിറച്ചു.

സുലോചനയുടെ ശാഠ്യവും ഇന്ദുചൂഢന്റെ മർക്കട മുഷ്ടിയും അപർണ്ണയെ തികച്ചും നെഗറ്റിവ്  ആക്കി. തികച്ചും  അവിചാരിതമായി പ്രാഞ്ചി  എന്ന ഫ്രാൻസിസ് സേവ്യറുമായി അപർണ്ണ  അടുക്കുന്നു.

സ്നേഹത്തിന്റെയും കരുതലിന്റെയും നൂലിഴകളിൽ അവർ പരസ്പരം ബന്ധിതരാകുന്നു.
മനോഹരമായ ചിത്രങ്ങൾ വരയ്ക്കുകയും യാത്രകൾ  ഒരു ശീലമാക്കുകയും എന്തിനെയും തുറന്ന മനസ്സോടെ കാണുകയും ചെയ്യുന്ന പ്രാഞ്ചി  അവൾക്ക് വിസ്മയമായിരുന്നു. പ്രാഞ്ചിയോടൊപ്പം ആപ്രി  എന്ന അപർണ്ണ നാരായണൻ  വീടുവിട്ടിറങ്ങുന്നു. മണ്ണച്ഛന്റെ ആശീർവാദത്തോടെ അവർ  ഒരുമിച്ചു ജീവിക്കുന്നു. ലളിത സുന്ദരമോഹന ഗാനമായ  അവരുടെ ജീവിതത്തിലേക്ക് രണ്ടു കുഞ്ഞു കുരുവികൾ വിരുന്നിനെത്തുന്നു..... അമ്മുവും കുഞ്ഞുണ്ണിയും.......
പാവപ്പള്ളിക്കൂടവും..... ഉറുമ്പിൻ കൊട്ടാരവും പാട്ടും കളിയും ചിരിയുമായി പ്രാഞ്ചി കണ്ടെത്തിയ നഗരപ്രാന്തത്തിലെ കുടിൽ ഒരു കൊട്ടാരമാക്കി തീർക്കുന്നു.

ഇതിനിടയിൽ  തകർന്നു തരിപ്പണമായ ഒരു പരസ്യ കമ്പനിയിൽ പ്രാഞ്ചി ജോലി നേടുന്നു. പ്രാഞ്ചിയുടെ കഴിവും  മിടുക്കും ആ കമ്പനിയെ വളർത്തുന്നു. എന്നാൽ  ഇന്ദുചൂഢന്റെ ചാരക്കണ്ണുകളുടെ തീജ്ജ്വാലയിൽ ആ ജോലി നഷ്ടപ്പെടുന്നു.
ദുരന്തങ്ങളുടെ വേലിയേറ്റം തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. മാലിന്യ നീക്കവുമായി ബന്ധപ്പെട്ട്  ഒരപകടത്തിൽ പ്രാഞ്ചിയുടെ വലതു കൈ ചതഞ്ഞരയുന്നു.   കയ്യുടെ ചലന ശേഷി നഷ്ടപ്പെട്ട പ്രാഞ്ചി നിരാശനാകുന്നു. പ്രാഞ്ചിയോടൊപ്പം കളിച്ചിരുന്ന കുഞ്ഞുണ്ണി ടെറസിൽ നിന്നും വീണ് തലതകർന്നു  മരിക്കുന്നത്  ചലന ശേഷി നഷ്ടപ്പെട്ട കയ്യുയർത്തി തടുക്കാനാവാതെ പ്രാഞ്ചി കണ്ടു നിന്നു. താഴെ  അമ്മുവും. അവളുടെ കുഞ്ഞു മനോനില തകരുന്നു.  അവളുടെയൊപ്പം എന്നും കുഞ്ഞുണ്ണിയുള്ളതായി അവൾക്ക് തോന്നുന്നു.......

കയ്യുടെ ശേഷി തിരിച്ചു പിടിക്കാനുള്ള  ഒരു യാത്രയിൽ ഒരു തീവണ്ടി സ്റ്റേഷനിൽ വെച്ച് ആപ്രിക്ക്  പ്രാഞ്ചിയെ നഷ്ടമാകുന്നു.

ആപ്രിയും അമ്മുവും ഈ ലോകത്ത്  ഒറ്റയാകുന്നു. നിലനിൽപ്പിനായുള്ള പോരാട്ടത്തിനൊരുങ്ങിയ ആപ്രിയെത്തേടി വലിയ  ഒരു ദുരന്തം കാത്തിരിക്കുന്നുണ്ടായിരുന്നു...........

എന്റെ വീക്ഷണം  :

കൽപ്രമാണം, തമോവേദം, പ്രാണസഞ്ചാരം, കലിപാകം, പുത്രസൂക്തം, മറപൊരുൾ എന്നീ നോവലുകൾക്കും ദൈവമരത്തിലെ ഇല  എന്ന കഥാസമാഹാരത്തിനും ശേഷം രാജീവ് ശിവശങ്കറിന്റെ ഏറ്റവും പുതിയ നോവലാണ്  പെണ്ണരശ്.

മുന്നൂറ്റിയറുപത്തിയേഴ്  പേജുകളിലായി മനോഹരമായ  ഒരു കവിത പോലെ ചില ജീവിതങ്ങൾ കോറിയിടുന്നു. ആന്തരികാനുഭൂതിയുടെ മെത്തയിൽ  പുളയുമ്പോഴും മനുഷ്യൻ  എത്രമാത്രം ജൈവീകമാകണമെന്ന് ഈ നോവൽ പറഞ്ഞു തരുന്നു. മൃഗീയ കാമനകളുടെ കുത്തൊഴുക്കു മാത്രമല്ല, അന്തഃസംഘർഷങ്ങളുടെ അലയാഴികൂടെയാണ് ജീവിതം  എന്നും പറഞ്ഞു വെയ്ക്കുന്നു.

പ്രകൃതിയും , പ്രകൃതിയുടെ നിറങ്ങളും , ഭാവങ്ങളും രൂപമാറ്റവും ഈ നോവലിൽ കഥാ വിസ്മയം ചമയ്ക്കുന്നുണ്ട്.
രാജീവിന്റെ  നോവലുകൾ മുൻപ് വായിച്ചവർക്ക് ഈ നോവലിലെ പല കഥാപാത്രങ്ങളുടെയും സ്വഭാവ സവിശേഷതകൾ പെട്ടെന്ന് തിരിച്ചറിയാൻ പറ്റും.  എന്നാൽ  അനുകരണമാകാതെ കയ്യടക്കം കാണിച്ചിട്ടുമുണ്ട്.

എന്നാൽ  നമ്മൾ  പ്രതീക്ഷിക്കാത്ത  ഒരു ട്വിസ്റ്റിലാണ് നോവൽ  അവസാനിപ്പിക്കുന്നത്.
വാക്കുകൾ കൊണ്ട് മനോഹരമായ ചിത്രം വയ്ക്കാനുള്ള പാടവം ഈ കഥാകാരന്  സ്വന്തം.

മനസ്സിൽ തീപടർത്തുന്ന സമകാലിക സംഭവങ്ങളുടെ നേർക്കാഴ്ച കൂടിയായി നോവൽ മാറുമ്പോൾ ഇന്നിനു നേരേ പിടിച്ച കണ്ണാടി കൂടിയാകുന്നു.
നെഞ്ചകത്തൊരു പൊള്ളലോ..... നീറുന്ന  മനസ്സോ...... നേടി മാത്രമേ ഈ നോവൽ വായന  അവസാനിപ്പിക്കാൻ  സാധിക്കൂ.

മികച്ച വായനയനുഭവം പ്രദാനം ചെയ്യുന്ന  പുസ്തകം.


തയ്യാറാക്കിയത്:  കുരുവിള ജോൺ