13-10-18

പ്രിയപ്പെട്ടവരെ,
   തിരൂർ മലയാളം ഗ്രൂപ്പിന് അഭിമാനവും സന്തോഷവും നിറഞ്ഞ ഒരു ദിവസമാണിന്ന്. നമ്മുടെ ഒരംഗവും അഡ്മിനുമായ രജനി സുബോധ് ടീച്ചറുടെ ഒരു കവിതാ സമാഹാരം ഇന്ന് തുഞ്ചൻ പറമ്പിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ടിരിക്കുന്നു. ടീച്ചറുടെ ഈ നേട്ടത്തിൽ പങ്കുചേരുന്നതോടൊപ്പം നവ സാഹിതി അവതരിപ്പിക്കുന്നയാൾ എന്ന നിലയ്ക്ക് ചെറിയൊരു പരിഭവവും കൂടി പങ്കുവയ്ക്കട്ടെ. മറ്റൊന്നുമല്ല, നവ സാഹിതിയിലൂടെയോ നേരിട്ടോ ഗ്രൂപ്പിലിതുവരെ ഒരു രചനയും വായിക്കാൻ തന്നില്ല എന്ന ഒരു സങ്കടം മാത്രം.
എന്തായാലും ആ പരിഭവം ഇന്നോ വരും ദിനങ്ങളിലോ ടീച്ചർ തീർത്തു തരുമെന്ന പ്രതീക്ഷയോടെ നവ സാഹിതിയിലേക്ക് എല്ലാവർക്കും സ്വാഗതം

ആലത്തിയൂർKHMHS ലെ ചില വിദ്യാർത്ഥികളുടെ രചനകളാവട്ടെ ആദ്യം
****************
മഴയ്ക്ക് മറ്റൊരാമുഖം
ഭൂമിതൻ ദാഹജലമായി
വിണ്ടുകീറിയ മാറിൻ മറവിലായി
ഉയിരായ് പെയ്തിറങ്ങും
സ്നേഹ സ്പർശമായി,
ഹർഷമായി..
കുളിരു തന്നിട്ടും മഴയെന്ന
ഓർമകൾ നിറയും ഹൃദയം…
ഗാന കലവിയിൽ ആറാടുവാൻ
പഠിപ്പിച്ച, നന്മകൾ നിറയുന്ന
ബാല്യ സ്മരണകളും ..
മറ്റൊരാമുഖം പിറന്നു വീണീ-
മഴയിൽ; മൃദു മന്ത്രണങ്ങളും..
തൻ മക്കളോടായീ മഴ മാതൃത്വം
അനുഭവങ്ങൾ മൊഴിഞ്ഞ പോൽ:
“പൂർവ്വാന്തരങ്ങളിൽ പെയ്തിറങ്ങി
ഏകാന്തമായോരാ പാത തേടി
അലയുന്നു, തെന്നി നീങ്ങുന്നു…
അലിയുന്നൂ മണ്ണോടൊന്നായ്…
തഴുകീ പല വഴികളും
ഒഴുകീ ഉയിരു തേടീ…
ഒടുവിൽ ഒരു ശാപമായീ
തീർന്നു ഞാൻ ജലപ്രളയം ..”
നന്മയും നാമെന്ന ചിന്തയും
നിറഞ്ഞീ മഴ തന്ന മായാസ്മരണകളിൽ
പുതു പ്രത്യാശ പകരുന്ന
പുലരിയും തേടി ഉയരുന്ന
കിളികൾ നാമേവരും…
പ്രളയം ഒരു പാഠപുസ്തകമായി
പരിണമിച്ചു വൈകാതെ ..
മണ്ണും മനുഷ്യനും പുൽക്കൊടിയും
പുതു പ്രതീക്ഷ തൻ
സൂര്യകിരണങ്ങളേറ്റുണരുന്നു ..
വീണ്ടും, അങ്ങെവിടെയോ
ആകാശത്തിന്റെ മറു കോണിൽ
കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നുണ്ടാം
ആർദ്രമാമീ രാവതിൽ..
ചിലപ്പോൾ ഒരുങ്ങുന്നുണ്ടാവാം
മഴയ്ക്ക് മറ്റൊരാമുഖം …
ആദിത്യ മോഹൻ.എൻ (10 I)
****************
മഴ പറയുന്നത്….
ഇന്നലെകളിൽ,
വിണ്ണിന് വർണമേകാൻ
പെയ്തിറങ്ങിയിരുന്ന ഞാൻ,
ഇന്ന്,
ഭൂമിയെ നശിപ്പിക്കാനയച്ച
അസ്ത്രമാണ്…
ഞാൻ എന്നിലാവാഹിച്ച
വിഷ- രാസവസ്തുക്കൾ
മനുജാ,നിനക്കത് ദോഷമാണ്.
മണ്ണിലേക്കിന്ന്
പെയ്തിറങ്ങുന്നത്,
വിഷത്തിലൂട്ടിയ അസ്ത്രമാണ്..
മനുഷ്യാ,
നീയെനിക്കേകിയതെല്ലാം
ഒരിക്കൽ,
വരദാനമായ് ഞാൻ
തിരികെ നൽകാം ..
അന്ന്,
നിൻ ദു:ഖത്തിൽ
പങ്ക് കൊള്ളാനായി
പിന്നെയും, പിന്നെയും
പെയ്തിറങ്ങാം..
ഷാമില.വി  (10H)
****************
തിരിച്ചറിവ്
നൂല് പൊട്ടിപ്പോയ പട്ടത്തെപ്പോലെ ജീവിതം കാറ്റിൽ ആടി കളിക്കുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.. "ആദിത്യ .... " എന്ന ആ വിളി ഇന്നും കാതുകളിൽ മുഴങ്ങുന്നുണ്ട്.എല്ലാം തകർന്നു പോയത് അന്നായിരുന്നു... ആ ദിവസം…
       സൈക്കോളജിയിൽ ബിരുദമെടുത്തപ്പോൾ മനസ്സിൽ വല്ലാത്തൊരു ആഹ്ലാദം .. ഒരു ഇളംതണുപ്പ് പടരുന്ന പോലെ.. എല്ലാ സൗകര്യങ്ങളും നിറഞ്ഞ വീട്ടിലെ ഒരംഗം തന്നെയായിരുന്നു താൻ.അതിന്റേതായ ഇത്തിരി അഹങ്കാരവും ഉണ്ടായിരുന്നു..കോളേജിലെ എല്ലാവരും പറയുമായിരുന്നു..ആദിത്യയുടെ ധൈര്യം സമ്മതിച്ചേ മതിയാകൂവെന്ന്..എന്ത് പ്രശ്നം വന്നാലും ഒരു തുള്ളി കണ്ണുനീർ തന്റെ കണ്ണിൽ നിന്നും വീഴില്ല. ഒന്ന് ചെറുതായി പതറുക പോലും ചെയ്യില്ല.ക്ലാസ് ലീഡറായിരുന്ന അഭി അന്ന് പറയുമായിരുന്നു ..
  “ആദിത്വ.. എത്ര ധൈര്യത്തോടെയാ നീ എല്ലാം ചെയ്യുന്നത്. എവിട്ന്ന് കിട്ട്ണൂ ഇതൊക്കെ..സമ്മയ്ച്ചിരിക്ക്ണൂട്ടോ..”
  എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രമോദ് സാർ പറയുമായിരുന്നു: "ആദിത്യ.. നീ സൈക്കോളജിയിൽ വന്നു ചേരേണ്ട ആൾ തന്നെയാണ്. നിന്നെപോലുള്ളവരെയാണ് സൈക്കോളജി ഡിപ്പാർട്ട്മെന്റിൽ ആവശ്യം.. നീ ഈ മേഖലയിൽ തീർച്ചയായും വിജയിക്കും ..”
        ഇത്തരം കമന്റ്സിനോട് ഒരു വല്ലാത്ത താൽപര്യമായിരുന്നു ..ഒരഭിമാനം തോന്നാറുണ്ട് ഇതുപോലുള്ള വാക്കുകൾ കേൾക്കുമ്പോൾ.. മധുരവും കയ്പും നിറഞ്ഞ നെല്ലിക്ക പോലെ ഒത്തിരിയൊത്തിരി ഓർമകളുമായി സൈക്കോളജിയിൽ ബിരുദമെടുത്തു. ഫസ്റ്റ് റാങ്ക് തന്നെ വാശിയോടെ നേടി, വാശിയായിരുന്നു എല്ലാത്തിനോടും .. ഒരു പക്ഷേ ഒന്നും നഷ്ടപ്പെടരുത് എന്ന് ആഗ്രഹമുള്ളതുകൊണ്ടാകാം എല്ലാം നേടാൻ വാശി തോന്നിയത്..
      തന്റെ ഉറ്റ കൂട്ടുകാരികളെ പോയി ഒന്നു കാണണം.ഒരുപാട് കാലങ്ങളായി പഠനവുമായി തിരക്കിലായതു കൊണ്ട് എല്ലാവരേയും ഒന്ന് കണ്ടിട്ട് ..പലരും പല കാര്യങ്ങളിൽ തിരക്കുപിടിച്ച് നടക്കുവായിരുന്നു.ഒരുപാട് പേരെ പോയി കണ്ടു.ചിലർക്ക് കല്യാണം കഴിച്ച് രണ്ട് കുട്ടികൾ വരെയുണ്ട് .. തന്റെ കാര്യവും അച്ഛനുമമ്മയും ചിന്തിച്ച് കൂട്ടുന്നുണ്ടെന്ന് അറിയാം..പക്ഷേ, ഒന്നിനും സമ്മതിക്കാതെ തനിക്ക് താൻ മാത്രം മതി എന്ന വാശിയുമായി മുങ്ങി നടക്കുവാണ്. അറിയാം, അച്ഛനേയും അമ്മയേയും ഇത് ഏറെ വിഷമിപ്പിക്കുന്നുവെന്ന് .. ഏതൊരച്ഛന്റേയും അമ്മയുടെയും ആഗ്രഹങ്ങൾ ഇതുപോലെ തന്നെയാണ്.അവരെ ഒന്നും പറയാൻ കഴിയില്ല, പ്രത്യേകിച്ച് താൻ ഒറ്റ മകളായതുകൊണ്ട് ..
    അവസാനം കാണാൻ ചെന്നത് ആര്യയെയായിരുന്നു.അവളും ഞാനും പണ്ടുമുതലേ ഉറ്റ സുഹൃത്തുക്കളായിരുന്നു. അവളെ ചെന്നു കാണുമ്പോൾ മനസ്സ് ഒരു പാട് സന്തോഷിക്കുമെന്നെനിക്കറിയാമായിരുന്നു. അവളിപ്പോൾ ഡോക്ടർ ആര്യയാണ്.അവളുടെ ക്ലിനിക്കിലേക്ക് കടന്നപ്പോൾ മുതൽ അവളെ കണ്ടതു വരെ ഞാൻ അനുഭവിച്ചത്ര സന്തോഷം ഭൂമിയിൽ മറ്റൊരാൾക്കും ഉണ്ടായിട്ടുണ്ടാവില്ല എന്നെനിക്കു തോന്നി. വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയ ഉറ്റ സുഹൃത്തുക്കളുടെ ആ തീവ്രമായ സ്നേഹത്തിനപ്പുറം മറ്റൊന്നുമില്ലെന്ന്‌ തോന്നിപ്പോയി..
    ആ ആശുപത്രിയിലെ ഒരു വാർഡിലേക്ക് അവളെന്നെ കൂട്ടിക്കൊണ്ടുപോയി.വാതിലിനു മുകളിലെ എ,ഴുത്ത് ഞാൻ വായിച്ചു - "ഓങ്കോളജി ഡിപ്പാർട്ട്മെന്റ്.”
       എന്തോ...ഹൃദയമിടിപ്പ് ഒരൽപം കൂടിയതുപോലെ തോന്നി..ഓരോ രോഗികളേയും അവളെനിക്ക് പരിചയപ്പെടുത്തി തന്നു. ഓരോ മുറിയിലേക്ക് കടക്കുമ്പോഴും രോഗിയുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടരുന്നുണ്ടായിരുന്നു ..പ്രതീക്ഷയുടെ പുഞ്ചിരി. എന്തൊക്കെയോ പ്രതീക്ഷിക്കുന്നുണ്ടവർ..
   പ്രതീക്ഷ…….ഞാനാ വാക്കിന് വലിയ പ്രാധാന്യമൊന്നും കൊടുത്തിരുന്നില്ല. എല്ലാം നേടിയെടുത്തിട്ടാണല്ലോ ശീലം. എന്ത് പ്രതീക്ഷിക്കാനാണ്. എന്നാൽ ഇന്ന് ആ വാക്കിന് എന്തോ വലിയ അർത്ഥമുണ്ടെന്ന തിരിച്ചറിവ് എവിടെ നിന്നോ ഉണ്ടായിരിക്കുന്നു..
മറ്റൊരു മുറിയിൽ ഒരു ചെറിയ കുട്ടിയായിരുന്നു .. ഞാൻ പേര് ചോദിച്ചു.
“"ആമി…”
എന്നെ നോക്കി അവൾ ചിരിച്ചു. അടക്കി ചിരിക്കുന്നത് കണ്ടപ്പോൾ കാര്യമെന്താണെന്ന് ഞാൻ അന്വേഷിച്ചു.ചിരിച്ചു കൊണ്ടു തന്നെ അവൾ മറുപടി പറഞ്ഞു: "എന്റെ ക്ലാസിലെ പിള്ളേരെല്ലാം എന്നെ കളിയാക്കും, നിനക്ക്‌ കുറച്ച് മുടിയേ ഉള്ളൂ.. അയ്യേന്നും പറഞ്ഞ്.. പക്ഷേ, ഇത്ര വലിയ ചേച്ചിയ്ക്ക് എന്റത്രയും മുടിയില്ലല്ലോ ..??”
      ഞാനോർത്തു, ഇപ്പോഴത്തെ ഫാഷൻ ഇതാണല്ലോ എന്നും പറഞ്ഞ് വെട്ടിക്കളഞ്ഞ എന്റെ നീളമേറിയ, വളരെ ഉളളുള്ള മുടിയെ.. മനസ്സിനകത്ത്ന്ന് ആരോ പറഞ്ഞു .. നാം കരുതുന്ന ചെറിയ ചെറിയ കാര്യങ്ങൾ പോലും ഒരു പക്ഷേ മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം ഭൂമിയോളം വലിപ്പമുള്ള കാര്യങ്ങളായേക്കാം.. ഈ തിരിച്ചറിവ് സൈക്കോളജിയിൽ ബിരുദം നേടിയ തനിക്ക് ഒരു കുട്ടി ചൂണ്ടിക്കാട്ടി തരേണ്ടി വന്നല്ലോ..
    ഓരോ മുറിയിലും ഓരോ ജീവിതങ്ങൾ... ഇന്നോ നാളെയോ എന്നും കരുതി ജീവിക്കുന്നവർ... അവസാനത്തെ മുറിയുടെ വാതിൽ തുറന്നു..
    നിറയെ കരകൗശല വസ്തുക്കളാൽ നിറഞ്ഞ ഒരു മുറി. വാതിൽ തുറന്ന കാറ്റ് കൊണ്ട് പേപ്പറാലുണ്ടാക്കിയ കുഞ്ഞൻ ഫാൻ തിരിഞ്ഞതു കണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയി. ആര്യ പരിചയപ്പെടുത്തി ..
“" ഇത് ശ്യാം..കരകൗശല വസ്തുക്കളുടെ നിർമാണത്തിൽ ഇയാളെ കഴിഞ്ഞേ ആരുമുളളൂ.കേറി വരുന്നത് ആരുമായി കൊള്ളട്ടെ,ശ്യാം ഇപ്പോ തന്നെ ചിരിപ്പിച്ച പോലെ അവരെയും ഒന്ന് ചിരിപ്പിക്കും.”
      ഇത്രമാത്രമേ താൻ കേട്ടുള്ളൂ.ശ്യാമിന്റെ കണ്ണുകൾക്ക്‌ എന്തൊരു തിളക്കം .. ആ ചിരിയിൽ എന്തെല്ലാമോ ഒളിഞ്ഞു കിടക്കുന്നതു പോലെ .. ആ കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു... എന്റെ കണ്ണുകളെ എനിക്ക് പിൻവലിക്കാനാവാത്ത തെന്തുകൊണ്ടാണ്??!! ഇമയടയാതെ ആ കണ്ണുകളെ അങ്ങിനെ നോക്കിക്കൊണ്ട് നിന്നു.. ആ കണ്ണുകൾ എന്തൊക്കെയോ സംസാരിക്കുന്നതു പോലെ..
      ഇതുവരെ കാത്തു സൂക്ഷിച്ച എല്ലാ ആദർശങ്ങളും വെറും സോപ്പ് കുമിളകൾ പോലെ ബലമില്ലാതാവുന്നത് തിരിച്ചറിഞ്ഞ താൻ നിസ്സഹായയാവുന്നതു പോലെ .. കാറ്റിൽ പാറുന്ന കരിയില പോലെയാണ് ജീവിതം എന്ന തിരിച്ചറിവ്‌. ഇതുവരെ നനയാത്ത കവിൾത്തടത്തിൽ കണ്ണീരിന്റെ നനവ്.. അത് സഹതാപത്തിന്റെയാണോ, ആരാധനയുടെ യാണോ..? തിരിച്ചറിയാനാവുന്നില്ല .. കരകൗശല വസ്തുക്കളോട് എന്നും തനിക്കുണ്ടായിരുന്ന പ്രിയവും ഹൃദയം കൊണ്ടറിയുന്നു.. കാല് നനയാതെ ഒരു പക്ഷേ കടൽ കടന്നേക്കാം. എന്നാൽ കണ്ണ് നനയാതെ ജീവിതം തീർക്കാനാവില്ല എന്ന തിരിച്ചറിവ്…
തിരിച്ചറിവുകൾ….!!
ഇതുവരെ താൻ കരുതിയതൊന്നുമായിരുന്നില്ല ജീവിതം എന്ന വലിയ തിരിച്ചറിവ് ..
      നിദ്ര പിണങ്ങി നിന്ന ആ രാത്രിയിൽ ഒരു തീരുമാനമെടുത്തു .. ശ്യാം... ശ്യാമിനെ തന്റെ ജീവിതത്തിലേക്ക് കൊണ്ടു വരാം.... പക്ഷേ, പ്രശ്നങ്ങളുടെ,എതിർപ്പുകളുടെ പെരുമഴക്കാലങ്ങൾ... അച്ഛനും അമ്മയും ഏറെ എതിർത്തെങ്കിലും ഒടുവിൽ തന്റെ വാശിക്കു മുന്നിൽ കീഴടങ്ങി. ഇതറിഞ്ഞപ്പോൾ ശ്യാമിനു തന്നെ അത്ഭുതമായിരുന്നു .. തന്നെ പിന്തിരിപ്പിക്കാൻ എല്ലാ തരത്തിലും ശ്രമിച്ചു.ഇന്നോ നാളെയോ ...അതാണ് തന്റെ അവസ്ഥയെന്ന് മനസ്സിലാക്കിത്തരാൻ ശ്രമിച്ചു. പക്ഷേ, താൻ പിന്മാറിയില്ല ..
   ശ്യാമിന് വേണ്ട എല്ലാ കാര്യങ്ങളും ഞാൻ ഒറ്റയ്ക്ക് ചെയ്തു.അച്ഛനമ്മമാർക്ക് മനോവിഷമം ഉണ്ടാകുന്നു എന്നറിഞ്ഞിട്ടും കണ്ടില്ലെന്ന ഭാവം നടിച്ചു. സാവിത്രി സത്യവാനെയെന്ന പോലെ അവനെ ശുശ്രൂഷിച്ചു .. അവൾ അവന് കാവലിരുന്നു .. പ്രതീക്ഷ അവളിലും പടർന്നു .. ആദ്യമായി ദൈവത്തിനു മുന്നിൽ കൈകൂപ്പി ..
    ശ്യാം വീണ്ടും ജീവിതത്തിലേക്ക് അവളുടെ തീവ്രമായ പ്രയത്നം കൊണ്ടും പ്രാർത്ഥന കൊണ്ടും തിരികെയെത്തി തുടങ്ങുകയായിരുന്നു .. ഇതുവരെ താനനുഭവിച്ചതിനേക്കാൾ സുഖകരമായ ഒരനുഭൂതി അവളിൽ പടരുകയായിരുന്നു ..
എന്നാൽ ….
വിധി കാത്തു വെച്ചത് മറ്റൊന്നായിരുന്നു .. ശ്യാമിനെ ആദിത്യയ്ക്കു വിധിച്ചിട്ടില്ല .. ആദിത്യയെ കാണാൻ വരുന്ന വഴിക്ക് ഒരപകടത്തിന്റെ രൂപത്തിൽ അവൻ ഓടി മറഞ്ഞിരിയ്ക്കുന്നു .. വിധിയിൽ വിശ്വസിക്കാത്ത അവൾ അതിലും വിശ്വസിച്ചു.. ഓടിയോടി ജീവിതം തളർന്നിരിക്കുന്നു .. കിതക്കുന്നുണ്ടായിരുന്നു, ഏറെ.. വിശ്രമം ആവശ്യമായിരുന്നു .. പുസ്തകത്തിലെ ഏടുകളെ പോലെ ജീവിതത്തിലെ ഈ അധ്യായവും തീർന്ന് പോയിരിക്കുന്നു..
    ജീവിതം പഠിപ്പിച്ച വലിയ പാഠം. ജീവിതം നൽകിയ തിരിച്ചറിവ്.നാം അറിയാതെ അറിയുന്ന ഓരോ തിരിച്ചറിവുകളും നമുക്ക് പകരുന്ന അറിവ് പറഞ്ഞറിയിക്കാനാവാത്തതാണ്. ഓരോ തിരിച്ചറിവും ഉണ്ടാകുന്നത് നിമിഷ നേരം കൊണ്ടാണ്. എന്നാൽ അവ അവസാന യാത്ര വരെ നിലനിൽക്കും..
         പുറത്തെന്തോ ശബ്ദം കേട്ടപ്പോഴാണ് ദിവാസ്വപ്നങ്ങളിൽ നിന്ന് ഞെട്ടിയുണർന്നത്.. നോക്കിയപ്പോൾ, സമയം ഒരു പാടായിരിക്കുന്നു.. എന്തെല്ലാമാണ് ഓർത്തു കൂട്ടിയത്.. ചുറ്റും കട്ട പിടിച്ച ഇരുട്ട്.. ഇരുട്ടിനെ ഇരുട്ട് കൊണ്ട് മാറ്റാനാവില്ല,അതിന് വെളിച്ചം വേണം. “ദൂരങ്ങളിലേക്ക് യാത്ര പോകാതെ ചുറ്റുമുള്ളതിനെ മാത്രം ശ്രദ്ധിച്ചാൽ യഥാർത്ഥ സന്തോഷം തിരിച്ചറിയാനാകും ..”മനസ്സ് ഒരു മന:പാഠം പോലെ ഈ വാചകം പലവട്ടം ഉരുവിട്ടു.. അവൾ ചിന്തിച്ചുറച്ചു, തനിക്ക് പഴയ ആദിത്യയായി തുടരാനാവും, തീർച്ച…
ലിസ്ന റഹ്മാൻ  (10T)
****************
ചെറുങ്ങനെ ചാറുന്ന മഴ പോലെയുള്ള
ഒരു സ്ത്രീയുടെ
സംഭാഷണത്തിന്റെ മടിത്തട്ടിലൂടെ ഉറക്കത്തിലേക്കെപ്പോഴെങ്കിലും
ഒഴുകി പോയിട്ടുണ്ടോ?
ഒരു മുറത്തിനപ്പുറമിപ്പുറമിരുന്ന്
മുരിങ്ങയില നുള്ളി,
പച്ചച്ച കൈവിരലുകളുമായി
"തുമ്പപ്പൂ പെയ്യണ പൂനിലാവ്, ഏന്ന പാട്ട് മൂളിയിട്ടുണ്ടോ?
കറുകപ്പട്ടയും, മഞ്ഞളും, കൊത്തിയരിഞ്ഞ്,
 നുള്ള് ഏലയ്ക്കാ തരിയും
പനം ചക്കരയും
ചേർത്ത്, ഒരു കപ്പു കാപ്പി
കുടിച്ചിട്ടും, കുടിച്ചിട്ടും, തീരാതെ ചുണ്ടിലിരുന്ന് കുറുകിയ രാത്രികളെയോർമ്മയുണ്ടോ?
ഉങ്ങും, പുളിയിലയുമിട്ട്, വെട്ടിതിളപ്പിച്ചാറിയ
ചെറു ചൂടുവെള്ളത്തിൽ,
 കുളിച്ച് 
അവളുടെ മുടിത്തഴമണമുള്ള,
ഈരിഴതോർത്തിനാൽ, തലതുവർത്തി,
പ്രഭാത വെളിച്ചം പോലെ, പടിഞ്ഞാട്ട് നടന്നിട്ടുണ്ടോ?
അരിവാർത്തവൾ, ഇടം തിരിതിരിയുമ്പോൾ
പിറകിൽ നിന്ന്,
"എന്റെ,  അടുക്കള പെണ്ണേ"
എന്ന്, കുറുകി, പൂണ്ടക്കം കെട്ടിപിടിച്ചിട്ടുണ്ടോ?
കൈത്തണ്ടയിലൊരു ചെറുകടിയുടെ ,
ചെറുനാരങ്ങാ നീറ്റമുണ്ടോ?
അലക്കുക്കല്ലിന്റെ വടക്കുഭാഗത്ത്
കുന്തിച്ചിരുന്ന
കള്ളകൗതുകത്തിന്റെ തലയിൽ,
തുണിഊരിപ്പിഴിഞ്ഞ, വെള്ളമവൾ, കോരിത്തെറിപ്പച്ചതിൻ നനവുണ്ടോ?
ഉണ്ടോ?
ഉണ്ടോ,യെന്നയൊരു ചോദ്യത്തിനപ്പുറം
ഒരു പിടി കടുക്
പൊട്ടിതെറിച്ചുക്കൊണ്ടേയിരിക്കുന്നു, 
ഇല്ലായ്മയുടെ,
അടുക്കളയിൽ, 
ഓർമ്മയുടെ
ഉള്ളിയരിഞ്ഞുക്കൊണ്ടേയിരിക്കുന്ന
ഒറ്റ "ക്കൊരാളുടെ 
കണ്ണു നിറഞ്ഞു, 
നിറഞ്ഞുക്കൊണ്ടേയിരിക്കുന്നു,
മുറ്റത്തഴയിൽ,
തുണികൾ, 
മഴ നനഞ്ഞു കൊണ്ടേയിരിക്കുന്ന തോന്നലിൽ,
മുഷിഞ്ഞ മണത്തിലേക്ക്, മൂക്കുകുത്തി വീഴുന്ന
ഒരാളെ പറ്റി, നിങ്ങടെ, ഓർമ്മയിലെങ്ങാനുമൊരു ഗ്രാം, ഇസ്തിരി ചൂടുണ്ടോ?
സജീവൻ പ്രദീപ്
****************
ഇവരറിയുന്നില്ല
ദൈവമേ ,
ഇവരാരുമറിഞ്ഞില്ലേ
ഇവിടെയൊരു 
പ്രളയം വന്നിരുന്നെന്ന്
ക്ഷേത്രങ്ങളും മുങ്ങിയിരുന്നെന്ന്
മുങ്ങിയ നടകളിൽ
ജഡങ്ങളൊഴുകി വന്ന്
ചീഞ്ഞടിഞ്ഞ് കിടന്നിരുന്നെന്ന്
നാപ്കിനുകളൊഴുകിവന്ന്
ശ്രീകോവിലിന് ചുറ്റും
വലം വെച്ചിരുന്നെന്ന്
ദൈവമേ ,
ഇവർക്കൊന്നുമറിയില്ല
വേദനിക്കുമ്പോൾ മനുഷ്യൻ
കക്കൂസിലിരുന്നും
അങ്ങയെ വിളിക്കുമെന്ന് .
മരണക്കിടക്കയിൽ
യൂറിൻബാഗും
തൂക്കിയിട്ടു കിടന്നു
നാമം ചൊല്ലുമെന്ന്
പൂജിക്കാനെടുക്കുന്ന വെള്ളത്തിലും
കോളിഫോമിക് ബാക്ടീരിയകൾ
പുളയ്ക്കുന്നുണ്ടെന്ന്
ദൈവമേ ,
ഇവർക്കറിയില്ലേ
തോട്ടിക്കും തൊഴില് അന്നമാണെന്ന്.
അന്നം ദൈവമാണെന്ന് .
തോട്ടി കക്കൂസ്ടാങ്കിൽ
തൊട്ടുതൊഴാറുണ്ടെന്ന് .
തോട്ടിയുടെ കൂടെയാണ്
ദൈവമുള്ളതെന്ന്
ലണ്ടനിൽപ്പോയിപ്പഠിച്ചിട്ടും
നാവിലൂടെ മാലിന്യമൊഴുക്കുന്ന
പൂജാരിയുടെ പേരക്കുട്ടിയേക്കാൾ
തോട്ടിയെത്ര 
പരിശുദ്ധനാണെന്ന്
ലാലു കെ ആർ
****************
ആ നിമിഷം
മിഴിമുന്നിലുണർന്ന കാവ്യമേ
തെളിയും വാക്കുകൾ തൻ പ്രഭാവമേ
അഴകിൻ സുകുമാരകേളിയാ-
ലുഴറും ചിന്തകളേ പ്രവാഹമേ
നിഴലായരികത്തുനിന്നുവെൻ
പൊഴിയും നീർമണികൾ പെറുക്കി നീ
ഋതുഭേദസുഗന്ധദാഹമാ-
യഴകേറുന്നനുരാഗഭാവമായ്
ഇഴ ചേർന്നൊരു പട്ടുമെത്തയിൽ
അഴിയുന്നെന്നുടലിൽ നിറഞ്ഞു നീ
ഉഴിയുന്നിരുകൈകളാലെയാ-
നിമിഷം തൊട്ടൊഴുകുന്നു താളമായ്
മഴവില്ലൊളി ചാരുതേ! പ്രഭേ!
മിഴിയിൽ പാതി പകുത്ത ജീവനേ!
കവിതേ! പുലരിത്തുടിപ്പു നീ-
യടരാതെന്നുയിരിൽ പിടയ്ക്കുക
ദീപ കരുവാട്ട്
****************
പ്രളയത്തിന്റെ മന:ശാസ്ത്രം ,
പ്രണയത്തിന്റെയും 
കനത്ത മതിലുകൾക്കുള്ളിൽ
ചങ്ങലയ്ക്കിട്ട ഭ്രാന്തത്തിപ്പുഴയാണ് ,
മതിലുകൾ തകർത്ത്  
കണ്ട വഴിയോടിയത് ,
മദം കൊണ്ട മഴയുമായി ചേർന്ന്
നാട്ടിലും മേട്ടിലും അലഞ്ഞു നടന്നതും
പുഴ ,  പണ്ടൊഴുകിയ വഴികൾ മറന്നു പോയിരുന്നു ,
മഴ ഏറെ നാളായി ആ വഴി വന്നിരുന്നുമില്ല.
വഴികളായ
വഴികളെല്ലാം   പ്രളയജലം കൊണ്ട് നിറഞ്ഞപ്പോഴാണ്  ,
തമ്മിലറിയാത്ത, കണ്ടാൽ ചിരിക്കാത്ത അയൽ വീടുകളിലേക്ക്
മഴയും 
പുഴയും ഓടിക്കയറിയത് 
ഇരുളടഞ്ഞ ഉൾ മുറികളിൽ 
സൂക്ഷിച്ചിരുന്ന ,
ഞാനും ഞാനും മാത്രം മതിയെന്ന,
താൻ പോരിമയുടെ ഇരട്ടപ്പൂട്ടുകൾ തകർത്തു കളഞ്ഞതും .
അല്ലെങ്കിലും അടക്കിപ്പിടിക്കലുകൾ , എന്നെങ്കിലും  അഴിയുമെന്നതും  , ബന്ധനങ്ങളുടെ   ചങ്ങലകൾ   പൊട്ടിച്ചിതറുമെന്നുള്ളതും , 
കാലത്തിന്റെ ചരിത്രപരമായ ഒത്തുതീർപ്പാണ്
ഷീലാ റാണി
****************
അപൂര്‍ണ്ണ ചിത്രങ്ങള്‍
വെയിലുകൊണ്ടു പൊള്ളിയ
നീലപ്പടുതയ്ക്കു താഴെ തൂക്കിയിട്ടുണ്ട്‌
മഴപെയ്തു നിറഞ്ഞൊഴുകുന്ന
ജീവിതപ്പുഴയുടെ മനോഹര ചിത്രം
പഴകിച്ചെതുക്കിച്ച തടിച്ചുവരിലെ
ആണിയില്‍ തൂങ്ങിമരിച്ചുകിടപ്പുണ്ട്
ആയിരങ്ങളിന്നലെ ആസ്വദിച്ച
അനാഥരായ പുരസ്കാരചിത്രങ്ങള്‍
പൂച്ചയും പാറ്റയും പല്ലിയും
ജീവനുവേണ്ടി മത്സരിക്കുന്നുണ്ട്
ഉയിരുകൊടുത്തു നേടിയ
തിളങ്ങുന്ന ഫലകങ്ങള്‍ക്കിടയില്‍
കത്തിതീര്‍ന്ന "അശാന്ത"പര്‍വ്വശേഷം
തിളച്ചുതിരുന്ന നിശ്വാസവേഗങ്ങളില്‍
കെടാതിരിക്കാന്‍ പാടുപെടുന്നുണ്ട്
ആടിയുലയുന്ന ചെറുദീപനാളങ്ങള്‍
അര്‍ത്ഥമില്ലാത്ത സാക്ഷ്യപത്രങ്ങള്‍ക്കിടയില്‍
ഇരട്ടവാലന്‍ കൂടുകെട്ടി താമസിക്കുന്നുണ്ട്
ഇനിയും പണിതീരാത്തൊരു വീടിന്‍റെ
പൂര്‍ത്തിയാകാത്ത രേഖാചിത്രത്തിനുള്ളില്‍
അനഘ രാജ്
****************
അവരോഹണം
(പണ്ഡിറ്റ് രവിശങ്കറിന്, അന്നപൂര്‍ണ്ണാദേവിയ്ക്കും)
വറ്റിക്കിടക്കുന്ന വാഹിനിയെത്തിര-
ഞ്ഞെത്തില്ല നീയിനി
വാടിക്കരിഞ്ഞ വിപിനം വിടര്‍ത്തുവാന്‍
വരുകില്ല നീയിനി
ആടിത്തളര്‍ന്ന മുടികള്‍ ചിലങ്കക-
ളൂരിയെറിഞ്ഞ് വീഴുന്നു
ആരുമുണര്‍ത്താന്‍ വരില്ലെന്നറിയാതെ
വീണ്ടും തപസ്സ് ചെയ്യുന്നു.
നീറിക്കിടന്നൊരീ ഭൂമിയെപ്പണ്ടു നീ
നേര്‍മ്മയില്‍ത്തൊട്ടതെയുള്ളു
അറ്റുകിടന്നോരരഞ്ഞാണരേഖയില്‍
മുത്തുകൊരുത്തതേയുള്ളൂ
അപ്പൊഴേ രാഗപരവശയായവള്‍
ആരക്തസംഗീതമായി
ആത്മവര്‍ഷത്തിന്റെ നഗ്നതയില്‍ നന-
ഞ്ഞാഗ്നേയനര്‍ത്തനമായി
ഏതൊരിരുട്ടിലും ജീവിക്കുവാനുള്ള
കാമനയെന്ന വെളിച്ചം,
ആ വെളിച്ചം വരയ്ക്കുന്ന വൃത്തങ്ങളില്‍
ആളിമായും നിഴലാട്ടം.
തീഞൊറിക്കമ്പി ഹിമസുഷിരത്തിന്റെ
ഗൂഢതയില്‍ വഴിതെറ്റി
താനേ സ്ഖലിച്ചൊഴുകുന്ന വിലാപനം
താളം തിരഞ്ഞലയുമ്പോള്‍
മുക്തിയെ തട്ടിമാറ്റിത്തിരിച്ചെത്തുന്നു
മുഗ്ധത മോഹാലയത്തില്‍.
ഉള്ളിലെ ദിവ്യവിഷശിലാഖണ്ഡത്തി-‌
ലൂറും മരന്ദവിഷാദം
തുള്ളിയായ് തുള്ളിയായ് തുള്ളിയായ് തന്‍വിരല്‍-
ത്തുമ്പിലാവാഹിച്ചെടുത്ത്
പൊട്ടുവാന്‍ മാത്രമറിയുന്ന തന്ത്രികള്‍
ഞെട്ടാതെ മീട്ടിപ്പിളര്‍ന്ന്
ഓരോ പിളര്‍പ്പിലുമൊറ്റിവീഴുന്ന നി-
ശ്ശൂന്യതയില്‍ ലയിപ്പിച്ച്
നീ നിറയ്ക്കുന്നു നിറയ്ക്കുന്നു നീട്ടുന്നു
നാദാര്‍ദ്ധഗോളചഷകം.
ആ ചഷകത്തിന്‍ പരിക്രമണത്തിലേ-
യ്ക്കാണ്ടുപോയ് ലാസ്യനദങ്ങള്‍.
ആ സ്വേദമാസ്വദിച്ചാനന്ദമൂര്‍ച്ഛയി-
ലാളീ വനതാണ്ഡവങ്ങള്‍.
ആരോഹണത്തിന്നപാരശൃംഗങ്ങളില്‍
ഭൂമിയ്ക്ക് കാലിടറുമ്പോള്‍
നീയൊരു നക്ഷത്രമാകുന്നു : നിത്യത
നിന്നില്‍ പറന്നിറങ്ങുന്നു.
നീയൊരൊറ്റച്ചിറകാകുന്നു : നിത്യത
നിന്നെത്തിരഞ്ഞു കേഴുന്നു.
മൃത്യുലോകങ്ങളന്യോന്യം ശപിക്കുവാന്‍
കെട്ടിയ കമ്പികള്‍ പോലെ
തീര്‍ത്തുമനാഥം ഇഹലോകജീവിതം
മീട്ടുവാന്‍ നീ വരില്ലെങ്കില്‍....
മോഹനകൃഷ്ണന്‍ കാലടി
****************
പ്രാർഥനാനിർഭരം,,,
സ്നേഹഭരിതം,,,,,, വിശ്വാസ സാന്ദ്രമീ സായന്തനം,,,
ജീവിത പകലിന്റെ
സാന്ധ്യ ശോഭ,,,,
പൊൻവെളിച്ചത്തിൻ
കതിരുകൾ ഏറ്റുവാങ്ങാനായ്
കൊളുത്തുമൊരു
നിലാത്തിരി മാത്രമിനി ബാക്കി
കണ്ണുകളിടയുമ്പോൾ
കാലം പിന്നോട്ട് പറക്കും,,,,
ആദ്യസമാഗമധന്യമാണോരോ നിമിഷവും,,,,
നടന്ന വഴികൾ,,,,
കൈ പിടിച്ചൊരുമിച്ചു
 രുചിച്ചകൈപ്പുകൾ,,,,,
മധുരങ്ങൾ,,,,,
കാലം കരുതിയ ജീവിത നിമിഷങ്ങൾ,,,,,
ഇന്നിവിടെയീ സന്ധ്യയിൽ
ചാരത്തിരുന്നരുമയായ്,,,
മൊഴിയുന്ന വാക്കുകൾക്കൊക്കെയും
കരുതലിൽ പാകത
അറിയാം എനിക്കിന്നു 
നീയെൻ
കൂന്തലിൽ പടരുന്ന വെണ്മയോ,,,, പ്രായത്തിൻവടുക്കളോ,,,, അഭംഗിയോ,,,
പരതുകയില്ലെന്ന്,,,,,
അതിനാൽ ഈ സന്ധ്യയിൽ ഒരുമിച്ചുമുന്നോട്ട് തന്നെ
നടക്കാം ഇരുവർക്കും,,,,,
ഇരുട്ടിനെ പുണരുവോളം,,,, ധീരമായ്,,,,,
ഈ സാന്ധ്യ ശോഭമറയുവോളം
ശാന്തമായ്,,,
ശ്രീല അനിൽ
****************