💽 സംഗീത സാഗരം 💽
🔈 രജനി ടീച്ചർ 🔵
സംഗീത സാഗരത്തിലേക്ക്....
ഏവർക്കും സ്വാഗതം....🙏🏻
ഇന്ന്
സംഗീത സാഗരത്തിന്റെ
മൂന്നാം ഭാഗത്തിൽ
നിയതമായ ചട്ടക്കൂടുകൾ ഉള്ളതും ഇല്ലാത്തതുമായ സംഗീതശാഖകൾ നമ്മുടെ മനസ്സിൽ സൃഷ്ടിക്കുന്ന ചില രൂപങ്ങളുണ്ട്, ഭാവങ്ങളുണ്ട്.
സോപാന സംഗീതത്തിലത് ഭക്തിയാണ്.
സൂഫി സംഗീതത്തിലത് ആത്മീയ പ്രണയ മധുരമാണ്.
ആട്ടക്കഥയിലത് ഭയം നിറഞ്ഞ ബഹുമാനമാണ്.
കാശ്മീരിയിലത് പ്രണയവും മഞ്ഞുമലകളും ഇണയോടൊത്തുള്ള തടാക സഞ്ചാരവുമാണ്.
രാജസ്ഥാനിയിലത് കൈവിട്ടു പോയതിനെ അന്വേഷിക്കലാണ്.
ഗസലുകളിലത് വിരഹമാണ്.
ഗസലാകട്ടെ ഇന്ന്
ഉർദു സാഹിത്യ ശാഖയിലെ ഏറ്റവും ജനപ്രിയ പദ്യ വിഭാഗമാണ് ഗസൽ. വളരെയധികം ശ്രുതിമാധുര്യമുള്ള ഗാനാലാപനശൈലിയാണ് ഗസലുകൾ. ശാന്തവും വർണനയുമുള്ള വരികൾ ആണ് ഗസലിൽ ഏറെയും. പാകിസ്താനിലും ഇന്ത്യയിലുമാണ് ഇതിന് ആരാധകർ ഏറെയുള്ളത്. ഇരുപതാം നൂറ്റാണ്ടിൽ വർദ്ധിച്ചുവന്ന നിശാക്ലബുകളിലും മറ്റും പാടിവന്നത് ഗസൽ എന്ന കലാരൂപത്തിന്റെ അധഃപതനത്തിലേക്കു വഴിവെച്ചു. എന്നാൽ ഈയിടെയായി ഗസലിന്റെ പുനരുദ്ധാരണം നടന്നുവരുന്നുണ്ട്.
ഗസലുകളുടെ തുടക്കം പത്താം നൂറ്റാണ്ടിൽ ഇറാനിലാണെന്ന് കരുതിപോരുന്നു. അറേബ്യൻ ഗാനശാഖയായ ഖസീദയിൽ (qasida) നിന്നുമാണ് ഗസലുകളുടെ തുടക്കം. ഗസലെന്ന വാക്കുണ്ടായത് അറബിയിൽ നിന്നുമാണ്. സ്ത്രീയോട് സ്നേഹത്തെപ്പറ്റി പറയുക എന്നാണ് അറബിയിൽ ഈ വാക്കിനർത്ഥം.
ദൈവത്തെയൊ രാജാവിനെയൊ സ്തുതിക്കുവാനായിരുന്നു എഴുതപ്പെട്ടിരുന്ന ഖസിദയുടെ ഒരു ഭാഗമായ തഷ്ബീബിൽ (Tashbeeb ) നിന്നും വേർതിരിഞ്ഞാണ് ഇന്നു കാണുന്ന രീതിയിലുള്ള ഗസലുകൾ രൂപം കൊണ്ടത്. ഒരു ഖസീദയിൽ ഈരണ്ടു വരികൾ വീതം അടങ്ങിയ നൂറോളം സ്തുതിഗാനങ്ങളായിരുന്നു. എന്നാൽ ഗസലുകളിൽ 5 മുതൽ 25 ഈരടികൾ മാത്രമാണുള്ളത്. ഈ വരികളിൽ എല്ലാം തന്നെ അടങ്ങിയിരിക്കുന്നു.
ഗസലുകളിലെ ലാളിത്യം കൊണ്ടും സാഹിത്യഭംഗികൊണ്ടും, അതിന്റെ മാധുര്യം കൊണ്ടും വളരെ പെട്ടെന്നു തന്നെ ഗസലുകൾ ഇറാനിലെ ജനമനസ്സുകളിൽ ഇടം പിടിക്കുകയും ഖസിദ ക്രമേണ അപ്രത്യക്ഷമാവുകയും ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തുർക്കികളും അഫ്ഗാനികളും വഴി ഗസലുകൾ ഇന്ത്യയിലെത്തുകയും, അതു വളരെ വേഗം തന്നെ ജനമനസ്സുകളിൽ ഇടം പിടിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇന്ത്യൻ സംസ്കാരത്തിൽ ഗസലുകൾക്കുള്ള സ്ഥാനം സീമാതീതമാണ്.
അഫ്ഗാനികളുടേയും, മുഗളന്മാരുടേയും ഭരണകാലത്താണ് ഗസലുകൾക്ക് ഏറ്റവും കൂടുതൽ പ്രചാരം ലഭിച്ചിരുന്നത്. ഗസൽ ഗായകർക്കും മറ്റും വളരെ പ്രധാനപ്പെട്ട സ്ഥാനമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. പേർഷ്യൻ കവിയായിരുന്ന ഷിറാസ് മുഗൾ സഭയിൽ വളരെ ഉയർന്ന സ്ഥാനം ലഭിച്ചിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പേർഷ്യൻ ഗാനശാഖയിൽ വളരെയധികം പ്രാഗല്ഭ്യ മുണ്ടായിരുന്ന ഇൻഡ്യൻ കവിയായിരുന്ന അമീർ ഖുസ്രുവും പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മിറ്‌സാ ബേദിലും (Mirza Bedil) ഗസലുകളുടെ വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നല്കിയവരാണ് . അമീർ ഖുസ്രു ഉർദുവിലും ഗസലുകളെഴുതിയിരുന്നു. ഗസലിന്റെ മറ്റൊരു രൂപമാണ് ഖവാലി. ഇദ്ദേഹം സുഫിവര്യനായിരുന്ന ഹസ്രത്ത് നിസാമുദ്ദീനെ പ്രകീർത്തിച്ച് കൊണ്ട് പേർഷ്യനിലും ഉർദുവിലും ഖവാലികൾ രചിച്ചിരുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും അദ്ദേഹത്തിന്റെ കബറിടത്തിൽ ഖവാലികൾ പാടുന്നുണ്ട്. മറ്റൊരു വസ്തുത നിസാമുദ്ദീന്റെ ചരമദിനത്തില് ഖുസ്രുവിന്റെ ഖവാലിയോടെയാൺ ഇന്നും ചടങ്ങുകൾ ആരംഭിക്കുന്നത്.
പ്രണയമാണ് ഗസലുകളുടെ മുഖമുദ്ര. സൂഫികളും മറ്റും ഗസലുകൾ ആലാപനം ചെയ്യുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. മുഗൾ ചക്രവര്ത്തിമാരെല്ലാവരും തന്നെ ഗസലുകളുടെ പ്രിയപ്പെട്ട ആരാധകരായിരുന്നു. ആദ്യകാലങ്ങളിൽ ഗസലുകൾ രചിച്ചിരുന്നത് പേർഷ്യനിലും, ടർക്കിഷിലുമായിരുന്നു. ഇന്ത്യയിലെത്തിയതോടെ ഉർദുവിലും അതു രചിക്കാൻ തുടങ്ങി. ഏറ്റവും ഭാവസാന്ദ്രമായി ഗസലുകൾ രചിച്ചിരിക്കുന്നത് ഉർദുവിലും പേർഷ്യനിലുമാണ്.
ഗസലുകളിൽ പ്രണയത്തിന്റെ ഭാവനങ്ങളെ വളരെ വികാരതീവ്രതയോടെ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഗസലിൽ കവി ഉദ്ദേശിക്കുന്ന സ്നേഹം ഭൗതികമാണോ അതോ ദൈവസ്നേഹമാണോ എന്ന കാര്യം പലപ്പോഴും തീർച്ചപ്പെടുത്താനാവില്ല. ഈ തീർച്ചയില്ലായ്മ, കരുതിക്കൂട്ടിത്തന്നെ ഒരുക്കുന്നതാണ്.
ഒരു ഗസലുകൾ ഈരണ്ട് വരികൾ വീതം അടങ്ങിയ ഒരു കവിതയാണ്. ഇതിനെ ഷേറ് (shers ) (couplets). എന്നു പറയുന്നത് ആ വരികളിൽ എല്ലാം അടങ്ങിയിരിക്കുന്നു. എല്ലാ തരത്തിലുമുള്ള ഭാവതീവ്രതയും അവതരിപ്പിക്കാൻ ഈ രണ്ടു വരികളിലൂടെ കഴിയുന്നു. എല്ലാ ഷേറുകളും ഓരോ കവിതകളാണ്. തുടര്ന്നു വരുന്ന വരികളെയൊ അതിനു മുന്പെയുള്ള വരികളെയൊ അതു ആശ്രയിക്കുന്നില്ല, അതുകൊണ്ട് തന്നെ ഓരൊ ഷേറുകളും പൂർണ്ണതയുള്ള ഓരോ കവിതകളാണ്. ഓരൊ ഗസലുകളും അതിന്റെ പൂർണ്ണതയിലെത്താൻ ചില നിബന്ധനകളുണ്ട്, എന്നാൽ മാത്രമേ അതിനെ പൂർണ്ണമായി ഒരു ഗസലായി കണക്കുകൂട്ടാൻ സാധിക്കുകയുള്ളൂ.
ബെഹർ
ഒരു ഗസലിലുള്ള ഓരൊ ഷേറുകളിലുമൂള്ള വാക്കുകളുടെ എണ്ണം കൃത്യമായിരിക്കണം. ഉദാഹരണമായി ഒരു ഷേറിലെ ആദ്യത്തെ വരിയിൽ അഞ്ചു വാക്കുകളാണെങ്കിൽ രണ്ടാമത്തെ വരിയിലും അഞ്ചു വാക്കുകളുണ്ടായിരിക്കണം. വാക്കുകളുടെ എണ്ണം അനുസരിച്ചു ഷേറുകളെ മൂന്നായി തരം തിരിചിരിക്കുന്നു.
റദീഫ്
വാക്കുകളെല്ലാം തന്നെ പരസ്പരം സാമ്യമുള്ളതായിരിക്കണം. അതുപോലെ തന്നെ ആദ്യത്തെ വരി അവസാനിക്കുന്ന വാക്കു കൊണ്ട് തന്നെയായിരിക്കണം രണ്ടാമത്തെ വരിയും അവസാനിക്കാൻ. ഗസലുകളുടെ തുടക്കം എല്ലാം തന്നെ റാദിഫിലായിരിക്കണം. ഈ വരികളെ മത്-ല (matla.) എന്നു പറയുന്നു.
കാഫിയ
റാദിഫ് തുടങ്ങുന്നതിനു മുന്പെെ തന്നെ ഗസലുകളുടെ ഒരു രുപം നല്കുന്നതിനെയാണ് കാഫിയ എന്നു പറയുന്നത്. ഗസലുകൾ ഈ വരികളെ പിന്തുടരുകയാണ് പിന്നീട് ചെയ്യുന്നത്.
മക്ത
ഗസലുകളിലെ അവസാന ഷേറിനെയാണ് മക്ത എന്നു പറയുന്നത്. ആ ഗസൽ രചിച്ച ആളിനെക്കുറിച്ച് ഈ ഷേറിലുണ്ടായിരിക്കും. അവസാന ഷേറിൽ ആദ്യത്തേയോ രണ്ടാമത്തേയോ വരികളിൽ തുടക്കത്തിലോ, അവസാനത്തിലോ, അല്ലെങ്കിൽ മറ്റെവിടെയെങ്കിലുമോ വ്യംഗ്യമായെങ്കിലും അതിന്റെ രചയിതാവിനെ സൂചിപ്പിച്ചിരിക്കും. പക്ഷെ ഗസലുകളിൽ ഇതൊരു നിർബന്ധമുള്ള ഭാഗമല്ല.
ഗസലുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുത്തത്. തന്റെ ഭാവനയെ സൂചിപ്പിക്കുന്ന തരത്തിലായിരിക്കണം ഷേറുകൾ ക്രമീകരിക്കേണ്ടത്. എന്നാൽ ആ ഗസലിന്റെ തനിമ നഷ്ടപെടുത്താതെ വേണം അതു ചെയ്യാൻ. നേരത്തെ പറഞ്ഞതുപോലെ ഷേറുകൾ നേരത്തെ ഉള്ള വരികളെയൊ തുടർന്നു വരുന്ന വരികളെയൊ ആശ്രയിക്കാത്തതിനാൽ ഷേറുകൾ എങ്ങനെ മാറ്റി മറിച്ചു വെച്ചാലും അതിന്റെ യഥാർത്ഥത്തിലുള്ള ആസ്വാദനം നമുക്കു ലഭിക്കുന്നു.
ഘരാന
ഒരു സംഗീത പാരമ്പര്യത്തെ അഥവാ കുടുംബപാരമ്പര്യത്തെയാണ് ഘരാന എന്നതുകൊണ്ട് സൂചിപ്പിയ്ക്കുന്നത്. വീട് എന്നർത്ഥം വരുന്ന ഘർ എന്ന ഹിന്ദിപദത്തിൽ നിന്നുമാണ് ഘരാന എന്ന വാക്കുത്‌ഭവിച്ചത്.
ഖയാൽ, ഗ്വാളിയോർ, ആഗ്ര, ജയ്പൂർ, കിരാന, തുമ്‌രി, രാംപൂർ-സഹസ്വാൻ എന്നിവ കൂടാതെ ഡൽഹി (തബല), അജ്‌രദ, ലഖ്‌നൗ, ഫറൂഖാബാദ്, ബനാറസ്, പഞ്ചാബ്, ജയ്പൂർ (സിത്താർ), മഹിയാർ, ഇംദാദ് ഖാൻ ഘരാന വിഭാഗങ്ങൾ ഉണ്ട്.
അവംലംബം: വിക്കിപ്പീഡിയ
എന്താണ് ഗസൽ ?
മലയാള ഗാനാസ്വാദക ലോകത്ത് ഇന്ന് ഗസല്‍ എന്ന പദം സുപരിചിതമാണ്. മലയാളത്തില്‍ ഗസലുകള്‍ എന്ന പേരില്‍ ഗാനങ്ങളുണ്ടാകുന്നു പ്രണയം പശ്ചാത്തലമായി വരുന്ന ഗാനങ്ങളെയെല്ലാം ഗസല്‍ എന്ന് വിശേഷിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് ഗസല്‍? മറ്റു ഗാനങ്ങളില്‍ നിന്നും കവിതയില്‍ നിന്നും അതിന്റെ വ്യത്യാസമെന്താണ്?
ഗസല്‍ ഒന്നിലധികം ഈരടികളുടെ (ഷേര്‍) ഒരു സമാഹാരമാണ്. ഈ ഈരടികള്‍ ഓരോന്നും സ്വതന്ത്രമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകാം അല്ലെങ്കില്‍ ഒരേ ആശയം പങ്കുവെക്കുന്നതാകാം. ഒരു ഗസലിലെ ഈരടികളിലോരോന്നിലും ഉപയോഗിച്ചിരിക്കുന്ന പദങ്ങളുടെ എണ്ണം ഏകദേശം തുല്യമായിരിക്കണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരു ഗസലിലെ എല്ലാ വരികളുടെ നീളം തുല്യ അളവിലായിരിക്കണം.ഇതിനെ ബെഹെര്‍ എന്ന് വിശേഷിപ്പിക്കുന്നു .
ഗസലിന്റെ രൂപഘടന
റാദിഫ് & മത് ലാ
എല്ലാ ഈരടികളുടെയും രണ്ടാമത്തെ വരി അവസാനിക്കുന്നത് ഒരേ വാക്കിലായിരിക്കണം. ഇതിനെ റാദിഫ് എന്ന് വിളിക്കുന്നു.
എന്നാല്‍ ഗസലിന്റെ ആദ്യ ഈരടിയിലെ രണ്ടു വരികളിലും റാദിഫ് ഉണ്ടാകണം. ഇതിനെ മത് ലാ എന്ന് വിശേഷിപ്പിക്കുന്നു. അതായതു ആദ്യ ഈരടിയിലെ രണ്ടു വരികളും ഒരേ വാക്കില്‍ അവസാനിക്കുകയും അതെ വാക്ക് മറ്റു ഈരടികളുടെ രണ്ടാമത്തെ വരിയില്‍ അവസാനമായി വരികയും വേണം .
ഉദാ:
സരക്തി ജായെ ഹെ രൂക് സെ നകാബ് ആഹിസ്താ ആഹിസ്താ
നികല്‍താ ആ രഹാ ഹെ ആഫ്താബ് ആഹിസ്ത ആഹിസ്താ
ജവാ ഹോനേ ലഗേ ജബ് വോ തോ ഹം സെ കര്‍ ലിയാ പര്‍ദാ
ഹയാ യഖ് ലത് ആയി ഓര്‍ ശബാബ് ആഹിസ്താ ആഹിസ്താ
ശബേ ഫുര്‍കത് കാ ജാഗാ ഹൂം ഫരിഷ്‌തോന്‍ അബ് തോ സോനേ ദോ
കഭി ഫുര്‍സത് മേം കര്‍ ലേനാ ഹിസാബ് ആഹിസ്താ ആഹിസ്താ
വോ ബേ ദര്‍ദീ സെ സര്‍ കാട്ടേ അമീര്‍ ഓര്‍ മേ കഹൂ ഉന്‍ സെ
ഹുസൂര്‍ ആഹിസ്താ ആഹിസ്താ ജനാബ്ആഹിസ്താ ആഹിസ്താ
പ്രശസ്ത ഉര്‍ദു കവി അമീര്‍ മീനായി രചിച്ച ഈ ഗസലിന്റെ ആദ്യ ഈരടികളിലെ വരികള്‍ അവസാനിക്കുന്നത് ‘ആഹിസ്താ ആഹിസ്താ’ എന്നാണ്. അതിനാല്‍ ഈ ഗസലിലെ റാദിഫ് ‘ആഹിസ്താ ആഹിസ്താ’ ആണ്. മറ്റു ഈരടികളുടെ രണ്ടാമത്തെ വരികളും ‘ആഹിസ്താ ആഹിസ്താ’ യില്‍ അവസാനിക്കുന്നു.
ആദ്യ ഈരടികളിലെ രണ്ടു വരികളും ആഹിസ്താ ആഹിസ്താ യില്‍ അവസാനിക്കുന്നു ഇതിനെ മത് ലാ എന്ന് വിശേഷിപ്പിക്കുന്നു.
കാഫിയ
എല്ലാ ഈരടികളുടെയും രാദിഫിനു തൊട്ടു മുന്പായി വരുന്ന വാക്കുകള്‍ ഒരേ പ്രാസത്തിലുള്ളതാകണം.
ഉദാ:
സരക്തി ജായെ ഹെ രൂക് സെ നകാബ് ആഹിസ്താ ആഹിസ്താ
നികല്‍താ ആ രഹാ ഹെ ആഫ്താബ് ആഹിസ്ത ആഹിസ്താ
ജവാ ഹോനേ ലഗേ ജബ് വോ തോ ഹം സെ കര്‍ ലിയാ പര്‍ദാ
ഹയാ യഖ് ലത് ആയി ഓര്‍ ശബാബ് ആഹിസ്താ ആഹിസ്താ
ശബേ ഫുര്‍കത് കാ ജാഗാ ഹൂം ഫരിഷ്‌തോന്‍ അബ് തോ സോനേ ദോ
കഭി ഫുര്‍സത് മേം കര്‍ ലേനാ ഹിസാബ് ആഹിസ്താ ആഹിസ്താ
വോ ബേ ദര്‍ദീ സെ സര്‍ കാട്ടേ അമീര്‍ ഓര്‍ മേ കഹൂ ഉന്‍ സെ
ഹുസൂര്‍ ആഹിസ്താ ആഹിസ്താ ജനാബ്ആഹിസ്താ ആഹിസ്താ
ഇവിടെ ആദ്യ രാദിഫിനു [ആഹിസ്താ ആഹിസ്താ] മുന്പായി വരുന്ന വാക്ക് നക്കാബ് ആണ് അതിനാല്‍ മറ്റു ഈരടികളിലെ രാദിഫിനു മുന്പായി വരുന്ന വാക്കുകളില്‍ പ്രാസമൊപ്പിച്ചു ബ് ‘ല്‍ അവസാനിക്കുന്ന വാക്കുകള്‍ ചേര്‍ത്തിരിക്കുന്നു. ആഫ്താബ് , ശബാബ് , ഹിസാബ് ,ജനാബ് എന്നിങ്ങനെ.
മഖ് താ
അവസാന ഈരടികളില്‍ കവി തന്റെ തൂലിക നാമം ചേര്‍ക്കുന്നതിനെ മഖ്താ എന്ന് വിശേഷിപ്പിക്കുന്നു. ഒരു ചിത്രകാരന്‍ തന്റെ ചിത്രങ്ങളുടെ അടിയില്‍ ഒപ്പ് വരച്ചു ചേര്‍ക്കുന്നതുപോലെയാണിത്.
ഉദാ:
സരക്തി ജായെ ഹെ രൂക് സെ നകാബ് ആഹിസ്താ ആഹിസ്താ
നികല്‍താ ആ രഹാ ഹെ ആഫ്താബ് ആഹിസ്ത ആഹിസ്താ
ജവാ ഹോനേ ലഗേ ജബ് വോ തോ ഹം സെ കര്‍ ലിയാ പര്‍ദാ
ഹയാ യഖ് ലത് ആയി ഓര്‍ ശബാബ് ആഹിസ്താ ആഹിസ്താ
ശബേ ഫുര്‍കത് കാ ജാഗാ ഹൂം ഫരിഷ്‌തോന്‍ അബ് തോ സോനേ ദോ
കഭി ഫുര്‍സത് മേം കര്‍ ലേനാ ഹിസാബ് ആഹിസ്താ ആഹിസ്താ
വോ ബേ ദര്‍ദീ സെ സര്‍ കാട്ടേ അമീര്‍ ഓര്‍ മേ കഹൂ ഉന്‍ സെ
ഹുസൂര്‍ ആഹിസ്താ ആഹിസ്താ ജനാബ്ആഹിസ്താ ആഹിസ്താ
ഇവിടെ അവസാന ഈരടിയില്‍ അമീര്‍ മീനായി തന്റെ തൂലിക നാമം അമീര്‍ ചേര്‍ത്തിരിക്കുന്നു.
ഈ ഗസല്‍ ആശ ഭോസ്ലെ യുടെ സ്വരത്തില്‍
മറ്റൊരു ഗസല്‍ അബു സെയ്ദ് മുഹമ്മദ് മഖ്ദൂം മുഹയുദിന്‍ രചിച്ചത്.
റാദിഫ് കാഫിയ മഖ് താ
റാദിഫ് ഇവിടെ ഫൂലോം കി, കാഫിയാ ത് ‘ല്‍ അവസാനിക്കുന്ന വാക്കുകള്‍.
മഖ് താ തൂലിക നാമം മഖ്ദൂം .
ഫിര്‍ ചിടി രാത് ബാത് ഫൂലോം കി
രാത് ഹെ യാ ബാരാത്ത് ഫൂലോം കി
ഫൂല്‍ കെ ഹാര്‍ ഫൂല്‍ കെ ഗജരെ
ശാം ഫൂലോന്‍ കി രാത് ഫൂലോം കി
ആപ് കാ സാത് സാത് ഫൂലോന്‍ കാ
ആപ് കി ബാത് ബാത് ഫൂലോം കി
ഫൂല്‍ ഖില്‍ത്തെ രഹേന്‌ഗെ ദുനിയാ മേം
റോസ് നികലെഗി ബാത് ഫൂലോം കി
നസരെ മില്‍തെ ഹെ ജാം മില്‍തെ ഹെ
മില്‍ രഹീ ഹെ ഹയാത് ഫൂലോം കി
യെ മഹക്തീ ഹുയീ ഗസല്‍ മഖ്ദൂം
ജൈസേ സെഹരാ മേം ബാത് ഫൂലോം കി
ഈ ഗസല്‍ ബാസാര്‍ എന്ന ചലച്ചിത്രത്തില്‍ ഖയാം സംഗീതം നല്‍കി ലത മന്‌കെഷ്‌കരും തലത് അസീസും ആലപിച്ചത് .
കാലത്തെ അതി ജീവിച്ച ഗസല്‍ സൃഷ്ടാവ് മിര്‍സ അസദുള്ള ഖാന്‍ ഗാലിബിന്റെ ഒരു പ്രശസ്തമായ ഗസല്‍. റാദിഫ് ഇവിടെ ഹോതാ , കാഫിയാ’ ര്‍ ‘ല്‍ അവസാനിക്കുന്ന വാക്കുകള്‍. മഖ് താ തൂലിക നാമം ഗാലിബ്
യെ ന ഥി ഹമാരി കിസ്മത് കെ വിസാലെ യാര്‍ ഹോതാ
അഗര്‍ ഓര്‍ ജീതേ രഹത്തെ യഹീ ഇന്തസാര്‍ ഹോതാ
തെരെ വാദെ പര്‍ ജീയെ ഹം തോ യെ ജാന്‍ ഝൂട്ട് ജാന
കെ ഖുശീ സെ മര്‍ ന ജാതെ അഗര്‍ എയിത്ബാര്‍ ഹോതാ
കോയീ മേരെ ദില്‍ സെ പൂച്ചെ തെരെ തീരെ നീമേ കഷ്‌കോ
യെ കലിഷ് കഹാന്‍ സെ ഹോതി ജോ ജിഗര്‍ കെ പാര്‍ ഹോതാ
യെ മസായിലെ തസവുഫ് യെ തേരാ ബയാന്‍ ഗാലിബ്
തുെഝ ഹംവലി സംജെതെ ജോ ന ബാദഖ്വാര്‍ ഹോതാ
ക്വീന്‍ ഓഫ് ഗസല്‍ – ബീഗം അക്തര്‍
ഗാലിബിന്റെ മറ്റൊരു ഗസല്‍
റാദിഫ് ഇവിടെ മേം , കാഫിയാ ‘ബ് ‘ല്‍ അവസാനിക്കുന്ന വാക്കുകള്‍. മഖ് താ തൂലിക നാമം ഗാലിബ്
കബ് സെ ഹൂം ക്യാ ബതാവൂം ജഹാനെ ഖരാബ് മേം
ഷബ് ആയെ ഹിജ്ര്! കോ രഖും ഗര്‍ ഹിസാബ് മേം
മുഝ് തക് കബ് ഉന്‌കെ ബസ്‌മേം ആത്താ താ ദോര്‍എ ജാം
സാഖി നെ കുച്ച് മിലാന ദിയാ ഹോ ശരാബ് മേം
താ ഫിര്‍ ന ഇന്തസാര്‍ മേം നീന്ദ് ആയെ ഉമ്ര് പര്‍
ആനേ കാ എഹദ് കര്‍ ഗയെ ആയെ ജോ ഖ്വാബ് മേം
ഗാലിബ് ചുട്ടീ ശരാബ് പര്‍ അബ് ഭീ കഭി കഭി
പീതാ ഹൂം റോസേ അബ്രോ ശബേ മാഹതാബ് മേം
ഈ ഗസല്‍ മിര്‍സ ഗാലിബ് ധടി .വി .സീരിയല്‍ പ ജഗജിത് സിംഗ് സംഗീതം നല്‍കി ആലപിച്ചത് .
ഗസലിന്റെ ആലാപനം പതിഞ്ഞ സ്വരത്തിലോ ഉച്ചസ്ഥായിലോ ആകാം. ചുരുക്കത്തില്‍ ഗസല്‍ രാദിയ, മത് ലാ, കാഫിയാ, മഖ്താ തുടങ്ങിയ നിബന്ധനകള്‍ക്കുള്ളില്‍ രചിക്കപ്പെടുന്ന ഈരടികളുടെ കാവ്യ സമാഹാരമാണ്.
ഗാലിബ്
പത്തൊമ്പതാം നൂറ്റാണ്ടിൽ ദില്ലിയിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ ഉർദു കവിയും ഗസൽ രചയിതാവും സൂഫിയുമാണ് ഗാലിബ് എന്നപേരിൽ അറിയപ്പെടുന്ന മിർസ അസദുല്ല ഖാൻ അഥവാ മിർസ നൗഷ (1797 - 1869). മിർസ ഗാലിബ് എന്നും അറിയപ്പെടുന്നു.ഗസലുകളുടെ പിതാവ് എന്നറിയപ്പെടുന്നു. കവിതാരചനയിൽ അദ്ദേഹത്തിന്റെ എതിരാളിയായിരുന്ന സൗഖ് 1854-ൽ മരിച്ചതിനുശേഷം ഗാലിബ് മുഗൾ ഡെൽഹിയിലെ ആസ്ഥാനകവിയായിരുന്നു. 1857-ലെ ലഹളക്കാലം, അതിനു ശേഷമുള്ള ബ്രിട്ടീഷുകാരുടെ ദില്ലി പിടിച്ചടക്കൽ, അതിനു ശേഷവുമുള്ള നഗരത്തിന്റെ നശീകരണം തുടങ്ങിയവയെക്കുറിച്ചുള്ള വിശദവും ശോകാത്മവുമായ വിവരണം ഇദ്ദേഹത്തിന്റെ രചനകളിലുണ്ട്. ലളിതമായ ശൈലിയിൽ എഴുതുന്ന സൗഖിന്റെ രചനകളെ അപേക്ഷിച്ച് ഗാലിബിന്റെ രചനകൾ ഏറെ സങ്കീർണ്ണമാണെന്ന് വിലയിരുത്തുന്നു. സൂഫിമാർഗ്ഗത്തിന്റെ വക്താവായിരുന്ന ഗാലിബ്, മൗലിക ഇസ്ലാമികനേതാക്കളെ തന്റെ രചനകളിൽക്കൂടി വിമർശിച്ചിരുന്നു. അക്കാലത്തെ ഡെൽഹിയിലെ ഇസ്ലാമികപണ്ഡിതരിൽ നിന്ന് വ്യത്യസ്തമായി പാശ്ചാത്യ-ആധുനിക സാങ്കേതികവിദ്യകളോട് ഏറെ മതിപ്പുള്ളയാളായിരുന്നു ഗാലിബ്.
പ്രമുഖരായ ചില ഗസൽ ഗായകർ
ഷുജാത് ഹുസൈൻ ഖാൻ, കെ.എൽ. സൈഗാൾ, മെഹ്ദിഹസൻ, ഗുലാം അലി, മുഹമ്മദ് റഫി, പങ്കജ് ഉദാസ്, ചിത്രാ സിംഗ്, ജഗ്ജിത് സിങ്, തലത് മഹ്മൂദ്, തലത് അസീസ്, നൂർജഹാൻ, പിനാസ് മസാനി, അനൂപ് ജലോട്ട, ബീഗം അഖ്തർ, ഫരീദ ഖാനും, ജസ്‌വീന്ദർ സിംഗ്, ആശാ ഭോസ്‌ലെ, മൻഹർ ഉദാസ്, നിർമൽ ഉദാസ്, ചന്ദൻ ദാസ്, വിത്തൽ റാവു,, ശ്രീനിവാസ്, ഹരിഹരൻ, ഉമ്പായി (മലയാള ഗസൽ ഗായകൻ), ഷഹബാസ് അമൻ
ഗസലിന്റെ നിസര്‍ഗ്ഗമാധുര്യം
നിസ അസീസിയുടെ ജസ്ബ എ ദില്‍ എന്ന ആല്‍ബത്തെക്കുറിച്ച്
സംഗീത ആല്‍ബങ്ങളുടെ കൂട്ടത്തില്‍ തികച്ചും വ്യത്യസ്തമായ ഒന്നാണ് എന്റെ മുമ്പില്‍ ഇപ്പോള്‍ ഉള്ളത്. ഒരു ഹിന്ദുസ്ഥാനി ആല്‍ബം, ഗസല്‍ ആല്‍ബം, ഉറുദു ആല്‍ബം എന്നിവ കൊണ്ട് ഈ സംഗീതസഞ്ചയത്തിന്റെ വ്യത്യസ്തത അവസാനിക്കുന്നില്ല. മലയാളിയായ ഒരു ഗായികയാണ് ഈ ആല്‍ബം ചിട്ടപ്പെടുത്തി പാടി അവതരിപ്പിക്കുന്നത്. അതാവട്ടെ, അനവദ്യവും അവിസ്മരണീയവുമായ സംഗീതാനുഭവം പകര്‍ന്നു തരുന്നു, നമ്മെ വിസ്മയിതരാക്കുന്നു. നിസ അസീസിയുടെ ജസ്ബ എ ദില്‍ എന്ന ആല്‍ബത്തെ അവതരിപ്പിക്കാന്‍ ഈ ആമുഖം ഒഴിച്ചുകൂടാനാകാത്തതാണ്.
എട്ട് ഉറുദു ഗാനങ്ങളാണ് ഈ ആല്‍ബത്തില്‍ നിസ അസീസി അവതരിപ്പിക്കുന്നത് കാവ്യഭംഗികൊണ്ടും വൈകാരികതീവ്രതയാലും മികവുറ്റ രചനകള്‍ അതിന്റെ ചൈതന്യപ്രസരം കൈമോശം വരാതെ സര്‍ഗ്ഗാത്മകമായി പുനരവതരിപ്പിക്കുക എന്ന ദൗത്യം വിജയപ്രദമായി പൂര്‍ത്തീകരിക്കുവാന്‍ നിസ അസീസിക്ക് സാധിച്ചിട്ടുണ്ട്. തന്റെ സമകാലികര്‍ റിയാലിറ്റിഷോകളില്‍ ഭാഗ്യപരീക്ഷണം നടത്താനിറങ്ങുമ്പോള്‍ സംഗീതത്തിന്റെ നിത്യഹരിതമായ മേച്ചില്‍പ്പുറങ്ങളാണ് നിസയെ ആകര്‍ഷിക്കുന്നത്. അതിനാലാണ് ഭാവസംഗീതത്തിന്റെ വൈവിദ്ധ്യമാര്‍ന്ന മണ്ഡലങ്ങളില്‍ നിത്യസഞ്ചാരത്തിനായി ഈ ഗായിക ഒരുങ്ങിപ്പുറപ്പെടുന്നത്. കുട്ടിക്കാലത്തു അച്ഛനോടൊപ്പം സംഗീതവേദികളില്‍ പാടിത്തുടങ്ങിയ നിസ പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ നിന്ന് ഗാനഭൂഷണം പരീക്ഷയില്‍ വിജയം നേടുകയും തുടര്‍ന്ന് ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് വഴിമാറുകയും ചെയ്ത ഗായികയാണ്. ഇപ്പോള്‍ ഫയാസ് അഹമ്മദ് ഖാന്റെ ശിഷ്യയായി പഠനം തുടരുന്നു. ഗാനമേളകളുടെ പാകത്തില്‍ രൂപപ്പെടുത്തിയെടുത്ത ശബ്ദമോ ആലാപനരീതിയോ അല്ല നിസയുടേത്. മറിച്ച് ശാസ്ത്രീയസംഗീതത്തിന്റെ കര്‍ക്കശനിഷ്ഠകള്‍ക്കകത്തു നിന്നും ഭാവാത്മകതയുടെ ലോലതലങ്ങള്‍ അനാവരണം ചെയ്യാന്‍ പര്യാപ്തമായ ഘനശബ്ദമാണ്. അതിനാല്‍ നിസയുടെ ഓരോ ആലാപനവും ശ്രോതാവിന്റെ കാതുകളില്‍ നിന്ന് ഓര്‍മ്മകളുടെ ഉര്‍വ്വരഭൂവുകളിലേക്ക് നയിക്കുന്ന മാസ്മരികചൈതന്യം ആവഹിക്കുന്നതാണ്. ശാസ്ത്രീയാലാപനത്തിന്റെ അച്ചടക്കം അയവില്ലാതെ പിന്തുടരുകയും അതിന്റെ സര്‍ഗ്ഗാത്മകതയും സൗന്ദര്യവും വെളിപ്പെടുത്തുകയും ചെയ്യുന്ന നിസയുടെ ആലാപനങ്ങള്‍ ശ്രോതാക്കള്‍ എന്നും വ്യത്യസ്തമായ സംഗീതാനുഭവമായി മനസ്സില്‍ സൂക്ഷിക്കും.
അല്ലാമ മുഹമ്മദ് ഇഖ്ബാല്‍, മിര്‍സാ അസദുള്ള ഖാന്‍ ഗാലിബ്, മൊമിന്‍ ഖാന്‍ മൊമിന്‍, മിര്‍ ത്വാക്കി മിര്‍ എന്നിവര്‍ രചിച്ച ഗസലുകളാണ് ആലാപനത്തിനായി നിസ തെരഞ്ഞെടുത്തിരിക്കുന്നത്. സ്നേഹത്തിന്റേയും ആരാധനയുടേയും പ്രണയത്തിന്റേയും വിരഹത്തിന്റേയും ലോകങ്ങളിലൂടെ കടന്നു പോകുന്ന അനുഭവമാണ് ഈ ആല്‍ബം നമ്മുക്ക് സമ്മാനിക്കുന്നത്.
യമന്‍, യമന്‍ കല്യാണ്‍ രാഗങ്ങള്‍ മേളിക്കുന്ന ഒന്നാമത് ഗാനം ലൈലാ-മജ്‌നൂ പ്രണയത്തെക്കുറിച്ച്, അതിന്റെ വൈകാരികതീവ്രതയെക്കുറിച്ചുള്ള അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ കൃതിയാണ്. പ്രണയം ആത്മാവുകളുടെ, മനുഷ്യരിലെ ഈശ്വരാംശത്തിന്റെ സംയോഗദാഹമാണ് എന്ന ഈ ഗസലിന്റെ ഭാവാര്‍ത്ഥം ഈ ആല്‍ബത്തിന് ഉചിതമായ ആമുഖമാണ്. സൂഫി പാരമ്പര്യത്തിലുള്ള വിനമ്രതാസന്ദേശമാണ് ജിംജോത്തി രാഗത്തില്‍ ചിട്ടപ്പെടുത്തിയ, ഈ ആല്‍ബത്തിലെ രണ്ടമത്തെ ഗസലായ മിര്‍സാ അസദുള്ള ഖാന്‍ ഗാലിബിന്റെ ഫിര്‍ മുജ്ജെ. ജോഗ് രാഗത്തിലുള്ള ധര്‍ തോ മുജ്ജെ എന്ന ഗീതം വീണ്ടും വിനമ്രതയുടെ ഭാവം ആവിഷ്കരിക്കുന്നു. ഈശ്വരോന്മുഖമായ സ്നേഹവും സംവാദവുമാണ് ഇതിന്റെ സവിശേഷത. നിശ്ശബ്ദവും ഹൃദയപൂര്‍വ്വവുമായ ഭാവതലത്തെ അനാവരണം ചെയ്യുന്നതില്‍ ഗായിക കൈവരിച്ച കയ്യൊതുക്കത്തിന്റെ മികച്ച ഉദാഹരണമാണ് ഈ ഗീതകം. മിര്‍സാ ഗാലിബിന്റെ രണ്ട് രചനകളാണ് തുടര്‍ന്ന് ആല്‍ബത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. കാഫി-പീലൂ മിശ്രണത്തില്‍ ചിട്ടപ്പെടുത്തിയ നഷെ ഫര്‍യാദി, ശഹാന രാഗത്തില്‍ ചിട്ടപ്പെടുത്തിയ ബാസീച്ച ഏ അത്ഫല്‍ എന്നിവയിലും ഗസലുകളുടെ ആത്മീയമാനമാണ് വെളിപ്പെടുന്നത് സമകാലീന ഗസലുകളുടെ ആഴം കുറഞ്ഞ വൈകാരിതയില്‍ നിന്ന് ക്ലാസ്സിക്കല്‍ ഗസലുകള്‍ പുലര്‍ത്തുന്ന ഭാവതലത്തിലെ ഗരിമ പ്രകടമാക്കാന്‍ നിസ അസീസിയ്ക്ക് വിവേചനപൂര്‍വ്വമായ ഗീതകങ്ങളുടെ തെരഞ്ഞടുപ്പിലൂടെ സാധിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനിയിലെ സിന്ധുഭൈരവിരാഗാലാപനത്തിന്റെ ലയചാതുരിയാണ് ജോ ഇസ് ഷോര്‍ സെ എന്ന ഗസല്‍ വെളിപ്പെടുത്തുന്നത്. ആല്‍ബത്തിന്റെ തുടക്കത്തില്‍ എന്നതു പോലെ ഒടുക്കവും അല്ലാമ ഇബാലിന്റെ ഗസലില്‍ ആണ്. രണ്ടെണ്ണം. ഭൂപ്, ദേശ് രാഗങ്ങളില്‍ നിബന്ധിതമായ ഈ രചനകള്‍ ഇബാലിന് സഹജമായ രീതിയില്‍ മതത്തെയും അധികാരത്തെയും വിമര്‍ശനവിധേയമാക്കുന്നവയാണ്.
ഗസല്‍ ഗായകര്‍ ഭജനുകളിലേക്ക് വഴിമാറിപ്പോവുകയോ ആഴം കുറഞ്ഞ വൈകാരികതയില്‍ അഭിരമിക്കുകയോ ചെയ്യുന്ന സാമന്യാവാസ്ഥയില്‍ ഗസല്‍ സംഗീതത്തിന്റെ മഹത്വപൂര്‍ണ്ണമായ ഭൂതകാലപൈതൃകം അവകാശപ്പട്ട് കടന്നു വരുന്ന നിസ അസീസി നിരവധി പാട്ടുകാരികളില്‍ ഒരാളല്ല. സംഗീതത്തില്‍ തന്റെ ആശയങ്ങളും സങ്കല്പങ്ങളും സൗന്ദര്യശാസ്ത്രവും തീര്‍ക്കുന്ന വേറിട്ട ധ്യാനപഥം തേടുന്ന സാധികയാണ്. അതിനാല്‍ തന്നെ നിസ അസീസിയുടെ കലാജീവിതത്തില്‍ ആദ്യമായി പുറത്തിങ്ങുന്ന ഈ ആല്‍ബം വ്യത്യസ്തമാണെന്നു മാത്രമല്ല ചരിത്രപരമായ പ്രാധാന്യമുള്ളതായി വരാനിരിക്കുന്ന നാളുകളില്‍ വിലയിരുത്തപ്പെടാനുള്ളതു കൂടിയാണ്.
തിരുവനന്തപുരത്തെ യൂഫണി ഇന്റര്‍നാഷണല്‍ ഇന്ത്യയിലും ഈസ്റ്റ് കോസ്റ്റ് ഓഡിയോ ആന്റ് വിഷന്‍ വിദേശത്തും ഈ ആല്‍ബം വിപണിയില്‍ എത്തിച്ചിട്ടുണ്ട്.
🌸🌸ഇനി ഗസൽമഴയിലേക്ക്...🌸🌸
മിർസ ഗാലിബ്
ഷുജാത് ഹുസൈൻ ഖാൻ
കെ.എൽ. സൈഗാൾ
മെഹ്ദിഹസൻ
ഗുലാം അലി
മുഹമ്മദ് റഫി
പങ്കജ് ഉദാസ്
ചിത്രാ സിംഗ്
ജഗ്ജിത് സിങ്
തലത് മഹ്മൂദ്
തലത് അസീസ്
നൂർജഹാൻ
പിനാസ് മസാനി
അനൂപ് ജലോട്ട
ബീഗം അഖ്തർ
ഫരീദ ഖാനും
ജസ്‌വീന്ദർ സിംഗ്
ആശാ ഭോസ്‌ലെ
മൻഹർ ഉദാസ്
നിർമൽ ഉദാസ്
ചന്ദൻ ദാസ്
വിത്തൽ റാവു,
ഹരിഹരൻ
ഉമ്പായി (മലയാള ഗസൽ ഗായകൻ)
ഷഹബാസ് അമൻ
ഹിന്ദുസ്ഥാനി സംഗീത ത്തേക്കുറിച്ച് പറയുമ്പോൾ... ഗസലിനെക്കുറിച്ച് നമുക്ക് വീണ്ടും ചർച്ച ചെയ്യാം...
കൂട്ടിച്ചേർക്കലിനായി വിട്ടു കൊണ്ട്... ഏവരും രാത്രിമഴയോടൊപ്പം ഹൃദ്യമായി ഗസൽമഴയും ആസ്വദിക്കുമെന്ന.... ചിന്തയോടെ🙏🏻🙏🏻
1