13-08-18b


ഇത്
ധന്യ കാർത്തികേയൻ
ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക

ഭർത്താവ് സജീഷ്
ഒരു മകൾ
ജ്വാല ധന്യ സജീഷ് .

പ്രിയ പുസ്തകം
നൂറ് സിംഹാസനങ്ങൾ
📚📚📚📚📚📚📚📚📚📚
നൂറ് സിംഹാസനങ്ങൾ - ജയമോഹൻ
📚📚📚📚📚📕📕📕📕📕
ജാതീയതയുടെ തിരുവെഴുത്തുകൾ
ധന്യ കാർത്തികേയൻ.എം
📕📕📕📕📕📗📗📗📗📗

വെളുത്ത ആട്ടിൻപറ്റം പോലെ
ഒരുപാട് ചെറുപ്പക്കാർ കൂടിയിരിക്കുന്ന സഭയിൽ
പലരുടെ തലയ്ക്കു മുകളിൽ കൂടി
എൻറെ മകൻെറനേർക്ക് മഹാരാജാവ് നീട്ടിയ
ആ ഒരു മൊതക്കള്ളാണല്ലോ എൻറെ മകൻ ഇതാ കാലില്ലാതെ കട്ടിലിൽ കിടത്തി
വെളുത്ത മുണ്ടിട്ട് മൂടിയിരിക്കുന്നു.
          ഔവ്വയാർ
തമിഴ് സാഹിത്യം അതിൻറെ വായന കളിലും പുനർവായന കളിലും സഞ്ചരിക്കുന്ന ഈ ആധുനികകാലത്തും ഔവയാറിൻെറ കവിതകളിലൂടെ അധികാരസ്ഥാനങ്ങളോട് കലഹിക്കുകയാണ്  ജയമോഹൻ എന്ന മലയാളിയായ തമിഴ് എഴുത്തുകാരൻ. പലസാഹിത്യ വിഭാഗങ്ങളിലുമായി  നൂറുകണക്കിന് പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. ചെറുകഥ ,നോവൽ, നാടകം ,ബാലസാഹിത്യം, തത്വചിന്ത ,രാഷ്ട്രീയം , സാഹിത്യ വിമർശനം, യാത്രാവിവരണം, ജീവചരിത്രം, അനുഭവക്കുറിപ്പുകൾ, തിരക്കഥകൾ തുടങ്ങി എഴുത്തിൻെറ മഷിയുണങ്ങാതെ അദ്ദേഹം എഴുതിക്കൊണ്ടേയിരിക്കുന്നു .ഏതിനെയും എത്രയും സുന്ദരമാക്കുന്ന എഴുത്തിൻെറ മാജിക് ഒരുപക്ഷേ ഒരു മലയാളി എഴുത്തുകാരനും വശമില്ല.
 അത്രയേറെ ആസ്വാദ്യകരവും വൈവിധ്യം നിറഞ്ഞതുമാണ്.

     ഇരുപതു കൊല്ലം മനസ്സിലിട്ട ഒരു കഥാതന്തു  ഭാഷയിലെ ഹൃദയം പിളർക്കുന്ന ശക്തമായ ഒരു സാമൂഹ്യ നോവലായി പുനർജനിക്കുന്ന കാഴ്ചയാണ്  ജയമോഹന്റെ നൂറു സിംഹാസനങ്ങൾ എന്ന നോവൽ .ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ആ നോവലിൻറെ വക്കുകളിലെ ചോര നമുക്ക് തൊട്ടാലറിയാം

     അറം എന്ന പുസ്തകത്തിലെ എല്ലാ കഥകളും കഥകളല്ല അവ യഥാർത്ഥ ജീവിതങ്ങളാണെന്ന്  ജയമോഹൻ സാക്ഷ്യപ്പെടുത്തുന്നു.പതിനൊന്ന് കഥകളുടെ /നോവലുകളുടെ സമാഹാരമാണിത്. തമിഴകം ഏറ്റവും കൂടുതൽ വായിച്ച പുസ്തകം. അതിലെ ഓരോ കഥാപാത്രവും ജീവിച്ചിരുന്നവരായിരുന്നു..അത്യപൂർവവും അസാധാരണവുമജീവിതം നയിച്ചിരുന്നവർ. അവിശ്വസനീയം എന്ന് തോന്നുന്നു ആ പതിനൊന്നു മനുഷ്യജീവിതത്തിലെ നാലെണ്ണം മാത്രമേ  മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളു. നൂറ് സിംഹാസനങ്ങൾ , വണങ്ങാൻ, ആന ഡോക്ടർ, മിണ്ടാച്ചെന്നായ എന്നിവ .

     നൂറു സിംഹാസനങ്ങൾ ഒരു ഐഐഎസ് ഓഫീസറുടെ കഥയാണ് അല്ലെങ്കിൽ ജീവിതമാണ്.കാപ്പൻ എന്ന ധർമപാലൻ എന്ന നയാടിയായ ഐഐഎസ് ഓഫീസറുടെ കഥ .

നോവലിലെ ജാതീയമായ പരിപ്രേക്ഷ്യങ്ങൾ


    നായാടി എന്നത് മനുഷ്യനും മൃഗത്തിനും ഇടയിലുള്ള അവസ്ഥയാണ്! നായാടി വിഭാഗക്കാർ അലഞ്ഞുതിരിയുന്ന കുറവൻ മാർ ആണ്. ഉയർന്ന ജാതിക്കാരാൽ നായയെ പോലെ ഓടിക്കപ്പെട്ടുന്നതുകൊണ്ട്  അല്ലെങ്കിൽ ഹീനമായി നായാടപ്പെട്ടിരുന്നത് കൊണ്ടുമാവാം ഇവർ നായാടി ആയത് .ഇവരെ കാണുന്നതേ അയിത്തമാണ് . ജാതീയമായ എല്ലാ വർണ്ണ വ്യവസ്ഥകൾക്കും അപ്പുറത്താണ് നായാടിയുടെ സ്ഥാനം മനുഷ്യൻ എന്നതിലുപരി അവർ മുദേവിയുടെ അവതാരം ആണെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ അവർ പകൽ വെട്ടത്തിൽ സഞ്ചരിക്കുന്നില്ല .കാണുന്നവർ അവരെ  കല്ലെറിഞ്ഞ്  ഓടിക്കുന്നു .തല്ലിക്കൊല്ലുന്നു. മൃഗത്തിന് ലഭിക്കുന്ന പരിഗണനപോലും ഒരു നായാടിക്ക് ലഭിക്കുന്നില്ല. അവർ പകൽ മുഴുവൻ കാടിനുള്ളിൽ ചെടിയുടെ ഇടയിൽ കുഴികുത്തി ഒളിച്ചിരിക്കുന്നു .രാത്രി പ്രാണികളെയും ചെറുജീവികളെയും വേട്ടയാടി ജീവിക്കുന്നു. കയ്യിൽ കിട്ടുന്നതെന്തും തിന്നും. പുഴു, തവള, അണ്ണാൻ, എലി, ചീഞ്ഞ പച്ചക്കറികൾ .
നായാടിയെ ആരും കാണുന്നില്ല. അവൻ എല്ലാവരിൽ നിന്നും അകലെയാണ്. ആധുനികകാലത്ത് നായാടികൾ വനങ്ങളിൽ നിന്നും മാറി പട്ടണങ്ങളിലെ ഇരുണ്ട ചേരികളുടെയും നാറുന്ന ഓടകളുടെയും പുഴുവരിക്കുന്ന ഇടങ്ങളിൽ ജീവിക്കുന്നു. തലമുറകളുടെ കൈമാറ്റങ്ങളും ജീവിതവും മരണവും അവിടെ നടക്കുന്നു .ഇന്ന് ആരും അവനെ തല്ലി കൊല്ലുന്നില്ല .പക്ഷേ എല്ലാവരിൽനിന്നും അകന്ന് നട്ടെല്ലുവളഞ്ഞ ഒരു എലിയെപ്പോലെ അവൻ ഇന്നും നമുക്കിടയിൽ ജീവിക്കുന്നു .

നോവലിൻറെ ആഖ്യാനം

 കീഴാളരിലെ നായാടി വർഗ്ഗം അന്നും ഇന്നും സമൂഹത്തിൽ നിന്നും തീണ്ടാപ്പാട് അകലെയാണ്. നായാടി സമുദായത്തിൽ നിന്നും ഉയർന്ന് ഐഎഎസ് ഓഫീസറായ കാപ്പന്റെ ജീവിതമാണിത് . കാപ്പന്റെ അമ്മയുടെ ദയനീയ ജീവിതത്തിൻെറ പശ്ചാത്തലത്തിലൂടെയാണ് നോവൽ സഞ്ചരിക്കുന്നത്. ജനനത്തിലൂടെ കിട്ടിയ അഴുക്കുപുരണ്ട ജീവിതത്തിൽ സംതൃപ്തയാണ് അമ്മ . തങ്ങൾ മനുഷ്യരാണെന്നു  പോലും അവർ വിശ്വസിക്കുന്നില്ല. അമ്മയിൽ നിന്ന് കപ്പലിലേക്ക് നോവൽ സഞ്ചരിക്കുന്നത് .കാപ്പനെന്നനായാടിക്കുട്ടിയുടെ ജീവിതം ഏതൊരു നായാടിയുടെ ജീവിതം പോലെ തന്നെ വിശപ്പാണ്. 'കാപ്പക്കുചോറേ.... കാപ്പയ്ക്ക് ചോറ്' എന്നുമാത്രം ഉരുവിട്ടുകൊണ്ടിരുന്ന ബാല്യം .വയറു നിറച്ച് ഒരുനേരം പോലും ഭക്ഷണമില്ലാതെ, ആളുകളുടെ തെറിവിളികളും ഉപദ്രവങ്ങളും ജീവിതം തന്നെയാക്കി മാറ്റിക്കൊണ്ട്, അമ്മയുടെ കൂടെ അലഞ്ഞുതിരിഞ്ഞ കുട്ടിയെ , നാരായണ ഗുരുവിൻറെ ശിഷ്യനായ  പ്രജാപാലൻ കണ്ടെടുക്കുന്നു . അവൻെറ പേര് ധർമ്മപാലൻ എന്നാക്കി മാറ്റുകയും ചെയ്യുന്നു. പ്രജാപാലൻ ആശ്രമത്തിൽ ചോറിനൊപ്പം അറിവും വിളമ്പിയിരുന്നു ."തിന്നണം... തിന്നണം " എന്നുമാത്രം ഉരുവിട്ടുകൊണ്ടിരുന്ന ആ കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി, ചോറിനൊപ്പംതന്നെ അറിവും കൊടുത്തു. അവസാനം  അവൻെറ വിശപ്പ് അറിവിനോട് ആയി. പുസ്തകങ്ങൾ എത്ര ലഭിച്ചാലും അവന് മതിയാവാതെ ആയി. ഇനിയുമിനിയും എന്നവൻ പുസ്തകങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു. അലഞ്ഞുതിരിയുന്ന ജീവിതമുള്ള  അമ്മയിൽനിന്ന് ബലമായി അടർത്തിമാറ്റി കൊണ്ട് അവരെ ആശ്രമം ഏറ്റെടുത്തു. പിന്നീടയാൾ അമ്മയെക്കുറിച്ച് ഓർക്കുന്നതേയില്ല. നിരന്തരം പഠിച്ച്  ഐഐഎസ് ഓഫീസറാകുന്നു. പിന്നീട് അമ്മയെ കണ്ടെത്തുന്നു.എന്നാൽ അമ്മയ്ക്ക് അവൻ മകൻ മാത്രമാണ് .അവൻെറ ഉടുപ്പുകളും കസേരകളും വെളുത്ത നിറമുള്ള ഭാര്യയും അവരിൽ ഭയമാണ് വളർത്തുന്നത്. അവർക്കൊരിക്കലും കാപ്പ ന്റെ പുതിയ ജീവിതവുമായി പൊരുത്തപ്പെടാനാവുന്നില്ല. അവരുടെ സുരക്ഷിതത്വവും സ്നേഹവും തെരുവാണ് .അതാണവരുടെ സ്വർഗ്ഗം.തൻറെ പുതിയ ജീവിതവുമായി പൊരുത്തപ്പെടാനാവാതെ ,ജീവിതം മടുത്ത അവരെ ധർമപാലൻ തന്നെ തിരിച്ചയക്കുന്നു. അധികാരത്തിനും അപകർഷതാബോധത്തിനുമിടയിൽ സ്വന്തം അസ്തിത്വം പോലും നഷ്ടപ്പെടുകയാണ് അയാൾക്ക് .

നോവലിൻെറജാതി രാഷ്ട്രീയങ്ങൾ

 ശക്തമായ ഒരു സാമൂഹ്യ നോവലാണ് നൂറു സിംഹാസനങ്ങൾ .പക്ഷേ അതൊരു ദളിത് നോവൽ എന്ന തികച്ചും പറയാൻ കഴിയില്ല .പുലയപ്പാട്ട് പോലെയോ രണ്ടിടങ്ങഴി പോലെയോ ഒരു സവർണന്റെ കാഴ്ചപ്പാടിലൂടെ കടന്നുപോകുന്ന ദളിത് പക്ഷ നോവൽ മാത്രമാണ് ഇതൊന്ന് ജയമോഹൻ പറയുന്നു.   "അത് ദലിതന്റെദുഖമാണ് എനിക്ക് എഴുതാൻ പറ്റുന്നില്ല .ഞാൻ എഴുതുമ്പോൾ അവരെ കുനിഞ്ഞ് സഹതാപത്തോടെ നോക്കുന്നതുപോലെ അതെനിക്ക് എഴുതാൻ പറ്റുന്നില്ല .എന്നാൽ  എഴുതിത്തുടങ്ങിയപ്പോൾ, അവൻ എന്നുള്ളത് ഞാൻ എന്ന ആക്കിയപ്പോൾ കഥ പറന്നു വന്നു "

     ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ നടന്ന ജാതി പരിഷ്കരണം ആന്തരികമായ ജാതി പരിഷ്കരണമായിരുന്നു. ബ്രാഹ്മണ കേന്ദ്രീകൃതമായ ഒരുശൂദ്രവല്ക്കരണം. അത് യഥാർത്ഥത്തിൽ ബ്രാഹ്മണ്യത്തിന്റെ വിജയം കൂടിയാണ്. നവോത്ഥാനം ആധുനിക കാലത്തിന് ചേരാത്ത ജാത്യാചാരങ്ങളെ എടുത്തുകളഞ്ഞു. ഉദാഹരണമായി തീണ്ടലും തൊടീലും മറ്റുമെല്ലാം എടുത്തുകളഞ്ഞ് ജാതിയെ ആധുനിക കാലത്തിനു ചേരുംവിധം ബ്രാഹ്ബ്രാഹ്മണിക്കൽ ആക്കി തീർത്തു. ആചാരവും അനുഷ്ഠാനവും ചന്ദനക്കുറിയും അമ്പലങ്ങളും നിറഞ്ഞ കുറേക്കൂടി അമ്പരപ്പാർന്ന ഒരുജാതി രൂപപ്പെട്ടു. ദളിതന്റെ തനതായ  ദൈവങ്ങൾ ഓരോരുത്തരായി പിഴുതെറിയപ്പെട്ടു. പകരം പുതിയ ദൈവങ്ങൾ പ്രത്യക്ഷപ്പെട്ടു നാരായണഗുരുവിലും ഇതുതന്നെയാണ് സംഭവിച്ചത് .നോവലിലും ഇതേ അവസ്ഥ തന്നെയാണ് കാണുന്നത്. ദളിത് കുട്ടികളെ ഏറ്റെടുക്കുന്ന ഗുരുശിഷ്യനായ പ്രജപാലൻ കുട്ടികളെ കുളിപ്പിച്ച് പ്രാർത്ഥിക്കാൻ ഇരുത്തുന്നു. അവനിന്നുവരെ അറിയാത്ത ഭാഷയിൽ ഉള്ള പ്രാർത്ഥന തന്നെ അവന് പീഡനമാണ്. പ്രാർത്ഥനക്ക് ശേഷം 'ചോറ്' എന്നതു മാത്രമാണ് അവരുടെ ലക്ഷ്യം. സ്വന്തം പേര് മാറ്റുന്നു. നോവലിൽ കാപ്പൻ എന്ന നായാടി പ്പേര് മാറ്റി പകരം കിട്ടുന്നത് ധർമപാലൻ എന്ന സവർണ്ണ പേരാണ് .പിന്നീട് ജീവിതകാലം മുഴുവനും കാപ്പനും  ധർമ്മപാലനും  ഇടയിൽ  ആടിയുലയുകയാണ് ആ ദളിത് ജീവിതം.അധികാരി എന്നും സവർണ്ണനാണെന്ന ഇന്ത്യൻ സ്വത്വബോധത്തിന്റെ കരങ്ങളിൽ ഞെരിഞ്ഞമരുകയാണ് , കാപ്പൻ എന്ന ധർമ്മപാലൻെറ  വ്യക്തിജീവിതവും അധികാര ജീവിതവും.

     ഇതൊരു ദളിതന്റെ കൃതിയായിരുന്നു എങ്കിൽ നോവലിലെ രീതികളേ മാറിപ്പോകുമായിരുന്നു . ഏറു കൊള്ളുന്ന അവൻെറ വേദനയും കണ്ടു നിൽക്കുന്നവരുടെ വേദനയും തമ്മിലുള്ള അന്തരം ആണിത് . കാപ്പൻ ഒരിക്കലും ധർമ്മപാലനായി തീരുകയേഇല്ല.അയാൾ സ്വയംകണ്ടെത്തിയ  വഴികളിലൂടെ നിരന്തര ജീവിത സമരത്തിലൂടെ അധികാര സ്ഥാനത്തിൽ എത്തുമായിരുന്നു. അയാളുടെ പോരാട്ടം ഓരോ ദളിതരുടെയും പോരാട്ടമായി ആവിഷ്കരിക്കപ്പെടു മായിരുന്നു. എങ്കിലും അതിനെ അവസാനം കാപ്പൻെറ അമ്മയുടെ മരണം പോലെ 'തമ്പ്രാ...കഞ്ചി താ തമ്പ്രാ.... പശിക്കുത് തമ്പ്രാ...."എന്നു തന്നെയാവും .കാരണം ജനിച്ചു വീഴുമ്പോഴും അവസാനം മരിച്ചു വീഴുമ്പോഴും മരണമില്ലാത്ത ഒരു തടവറ ഇന്ത്യൻ ജാതിയാണ്. അധികാരത്തിൻറെ നൂറു സിംഹാസനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ  ഇനിയും ദളിതന്റെ ലോകങ്ങൾ സൃഷ്ടിക്കപ്പെടുകയുള്ളൂ. ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും മികച്ച ദളിത്പക്ഷ നോവൽ തന്നെയാണ് നൂറു സിംഹാസനങ്ങൾ
🌾🌾🌾🌾🌾🌾

ധന്യ ടീച്ചർക്ക് പ്രിയ പുസ്തകങ്ങളായി
1) നൂറു സിംഹാസനങ്ങൾ - ജയമോഹൻ        
2) ഏകാന്തതയുടെ നൂറു വർഷങ്ങൾ      
3) ഉണ്ണിക്കുട്ടന്റെ ലോകം          
മൂന്നും മൂന്ന് തലമാണ്
ഇതിലൊന്നു തെരഞ്ഞെടുക്കാൻ വലിയ പ്രയാസമായിരുന്നു.
ഒടുവിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തത്തെ തിരിച്ചറിഞ്ഞു.
പേപ്പറിൽ എഴുതി തപാലിൽ അയച്ചു തന്നു.
നമുക്കു വേണ്ടി അത്ര പ്രയത്നിച്ച ടീച്ചർക്ക്
ഗ്രൂപ്പിന്റെ (എന്റെയും )
നന്ദി💓

ഈ കുറിപ്പിന് സ്വപ്ന ടീച്ചർക്കും
(അത് എന്റെ സ്വന്തം മാത്രം)

🤝🏼🍬