13-02

സുഹൃത്തുക്കളെ,
             കാഴ്ചയിലെ വിസ്മയത്തിൽഅറുപത്തിയഞ്ചാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്ന കലാരൂപം വില്ലടിച്ചാൻ പാട്ട്.പൂർണമായും ദൃശ്യകല എന്നവകാശപ്പെടാൻ കഴിയാത്ത ഒരു ദൃശ്യ_ശ്രാവ്യ കലാരൂപം

വില്ലടിച്ചാൻപാട്ട്👇
തെക്കൻ തിരുവിതാംകൂറിൽ രൂപംകൊണ്ട ഒരു കഥാകഥനസമ്പ്രദായമാണ് വില്ലുപാട്ട്. വില്പാട്ട്, വില്ലടിച്ചാൻപാട്ട്, വില്ലടി, വില്ലുകൊട്ടിപ്പാട്ട് എന്നൊക്കെ ഇതിന്‌ പേരുകളുണ്ട്. തെക്കൻപാട്ടുകൾ എന്നറിയപ്പെട്ടിരുന്ന കഥാഗാനങ്ങളാണ് വില്ലടിച്ചാൻപാട്ടിന് ഉപയോഗിച്ചിരുന്നത്.അതുകൊണ്ടാവാണം തെക്കൻപാട്ടുകൾ എന്നാൽ വില്ലടിച്ചാൻപാട്ടുകൾ എന്ന പണ്ഡിതന്മാർക്കു പോലുമുണ്ടായത്. അനുഷ്ഠാനമായി രൂപംകൊണ്ട ഈ കലാരൂപം പരിഷ്കാരങ്ങൾക്കു വിധേയമായി വിൽക്കലാമേള എന്ന പേരിൽ കേരളത്തിൽ മുഴുവൻ ഉത്സവങ്ങളോടനുബന്ധിച്ച് ഒരു കലാപരിപാടിയായി അവതരിപ്പിക്കുന്നു

ഒരുകാലത്ത് തിരുവിതാംകൂറിന്റെ തെക്കന്‍പ്രദേശങ്ങളിലെ സാമാന്യജനങ്ങളുടെ ഇടയില്‍ പ്രചരിച്ചിരുന്ന ഒരു ജനകീയകലാപ്രകടനമാണ് വില്ലടിച്ചാന്‍പാട്ട്. മാടന്‍, യക്ഷി, അമ്മന്‍, ശാസ്താവ് തുടങ്ങിയ ദേവതകളുടെ ആരാധനയുമായി ബന്ധപ്പെട്ട് ആദ്യകാലത്തും, വിനോദമെന്ന നിലയില്‍ പില്‍ക്കാലത്തും ഇപ്പോഴത്തെ തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലും തിരുനെല്‍വേലിയിലെയും മധുരയിലെയും ചില ഭാഗങ്ങളിലും വില്ലടിച്ചാന്‍പാട്ട് പ്രചരിച്ചിരുന്നു. വില്ലുപാട്ട്, വില്ലുകൊട്ടിപ്പാട്ട്, വില്ലുതട്ടിപ്പാട്ട്, വില്ലടിച്ചുപാട്ട്, വില്പാട്ട് എന്നിങ്ങനെയും ഇതറിയപ്പെട്ടിരുന്നു. വില്‍പ്രയോഗത്തോടെ അവതരിപ്പിച്ചിരുന്നതിനാലാണ് ഈ പേര്.

വില്ലടിച്ചാന്‍പാട്ട് ഒരു ദൃശ്യശ്രാവ്യകലാരൂപമാണ് ഗാനം, അഭിനയം, താളം,വേഷം എന്നിവയിലെല്ലാം നാടോടിക്കലാപാരമ്പര്യം നിലനിര്‍ത്തുകയും കാലത്തിനനുസരിച്ചുള്ള പുതിയ കഥാസന്ദര്‍ഭങ്ങള്‍ ചെരുകിച്ചേര്‍ക്കുകയും ചെയ്ത ചരിത്രമാണ് വില്ലടിച്ചാന്‍പാട്ടിന്റേത്.

എെതിഹ്യം👇
തെക്കൻ തിരുവിതാംകൂറിലെ യക്ഷിയമ്പലങ്ങളിലും മാടൻതറകളിലും ദേവതകളുടെ പുരാവൃത്തം അനുഷ്ഠാനമായി ചൊല്ലുന്ന പതിവുണ്ടായിരുന്നു. 'ഏടുവായന' എന്നാണ്‌ ഇത് അറിയപ്പെടുന്നത്. ഇതിന്റെ തുടർച്ചയായാണ്‌ വില്ലുപാട്ട് രൂപപ്പെട്ടത്. വായനപ്പാട്ടുകളിൽ ചില മാറ്റങ്ങൾവരുത്തി കേൾവിപ്പാട്ടായി പാടുന്നത് ഉത്സവങ്ങളിൽ ഒരു അനുഷ്ഠാനമായി മാറി.

അവതരണം👇
വില്ലടിച്ചാന്‍പാട്ടിനെ നാടോടിപ്പാട്ടുകളുടെ ശ്രേണിയില്‍ ഉള്‍പ്പെടുത്തിയാണ് സാഹിത്യചരിത്രങ്ങളിലും മറ്റും വിവരിച്ചിട്ടുള്ളത്. എങ്കിലും ഏതൊരു കലാരൂപവുമെന്നപോലെ വില്ലടിച്ചാന്‍പാട്ട് അവതരിപ്പിക്കുന്നതിനും ഒരു വേദി ആവശ്യമാണ്. അവിടെ അഞ്ചോ അതിലധികമോ ആളുകള്‍ ചേര്‍ന്ന സംഘമാണ് പാട്ട് അവതരിപ്പിക്കുക. പത്തും പതിമൂന്നും പേരടങ്ങുന്ന സംഘങ്ങളും ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. അംഗസംഖ്യ കൂടുതലുള്ളപക്ഷം രണ്ടു സംഘങ്ങളായി തിരിഞ്ഞ് കക്ഷിപ്പാട്ടു (മത്സരപ്പാട്ട്) നടത്തിയിരുന്നത്രേ. പുരുഷന്മാരണ് സാധാരണ  പാട്ട് അവതരിപ്പിക്കന്നത്. ചില സംഘങ്ങളില്‍ സ്ത്രീകളും ഉണ്ടായിന്നതായി പഴമക്കാര്‍ പറയുന്നു. ഇക്കാര്യം സ്റ്റുവര്‍ട്ട് ബ്ലാക്ക്‌ബേണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

യുദ്ധത്തിന് ഉപയോഗിച്ചിരുന്നതിനേക്കാള്‍ വലിപ്പമുള്ള വില്ലാണ് പാട്ടിന് ഉപയോഗിച്ചിരുന്നത്.  ഞാണ്‍ കെട്ടിയ വില്ല്, വേദിയില്‍ ഞാണ്‍ മുകളില്‍ വരത്തക്കവിധം മലര്‍ത്തിവച്ച്, അതിന്റെ പിന്നില്‍ ഇരുന്നാണ് കഥാവതരണം നടത്തുക. വില്ല് കൂടാതെ കുടം, ഉടുക്ക്, കൈമണി, താള(മര)ക്കട്ടകള്‍ തുടങ്ങിയവയും പാട്ടിന് ഉപയോഗിച്ചിരുന്നു. ഗഞ്ചിറയും ഹാര്‍മോണിയവും കൂടി പില്‍ക്കാലത്ത് ഉള്‍പ്പെടുത്തി കണ്ടിട്ടുണ്ട്.

സംഘനേതാവാണ് പുലവന്‍. അണ്ണാവി എന്നും പുലവന്‍ അിറയപ്പെട്ടിരുന്നു. പുലവന്‍ രണ്ടു  (വീശു)കോലുകള്‍ കൊണ്ട് വില്ലിന്റെ ഞാണില്‍ തട്ടുകയും പാട്ട് അവതരിപ്പിക്കുകയും ചെയ്യുന്നു. പുലവന്‍ പാടുന്നത് പിന്നണിക്കാര്‍ ഏറ്റു പാടുകയും താളം പിടിക്കുകയും ചെയ്യും. വില്ലിന്റെ നടുഭാഗം മലര്‍ത്തിവച്ച ഒരു (മണ്‍)കുടത്തിന്റെ കഴുത്തില്‍ വച്ച് ഇവര്‍ ചേര്‍ത്തു പിടിച്ചിരിക്കും. ‘കുടത്താളക്കാരന്‍’ കമുകിന്‍പാള കൊണ്ട് കുടത്തിന്റെ വായില്‍ തട്ടിയാണ് താളം പിടിക്കുക. പാട്ടുപാടുവാന്‍ വേണ്ടി ചിട്ടപ്പെടുത്തുന്നയാള്‍ ആശാന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ചിലേടങ്ങളില്‍ പുലവനെയും ആശാന്‍ എന്നു വിളിച്ചുകാണുന്നു.

അഭിനയം👇
Dramatic Performance’ ആണ് അഭിനയം. ഭാഷയില്‍ വിപുലമായ അര്‍ഥമാണിതിനുള്ളത്.  ആംഗികം, വാചികം, ആഹാര്യം, സാത്ത്വികം എന്നിങ്ങനെ അഭിനയം നാലുവിധമുണ്ടെന്ന് ആചാര്യമതം. വാചികവും ആംഗികവുമാണ് വില്ലടിച്ചാന്‍പാട്ടില്‍ മുഖ്യം.

അരങ്ങ്👇
നാടകത്തിലെന്നപോലെ വില്പാട്ട് അവതരണത്തില്‍ അരങ്ങിന് വലിയ പ്രാധാന്യം ഉണ്ട്. പ്രത്യേകം തയ്യാറാക്കിയ ഒരു വേദിയിലല്ലാതെ പാട്ട് അവതരിപ്പിക്കാനാവില്ല എന്നതാണ് മറ്റു നാടോടിക്കലകളില്‍ നിന്നും നാടോടിപ്പാട്ടുകളില്‍ നിന്നും വില്പാട്ടിനെ വ്യത്യസ്തമാക്കുന്നത്. അരങ്ങും പ്രേക്ഷകനും തമ്മില്‍ ദൃഢമായൊരു ബന്ധം കാണും. അനുഷ്ഠാനകലകളില്‍ പലതിലും ക്രിയാംശത്തിനു പ്രാധാന്യം ഏറുമ്പോള്‍ വില്ലടിച്ചാന്‍പാട്ടില്‍ കഥയ്ക്കാണ് പ്രാധാന്യം. കേള്‍വിക്കാരില്‍ വീരവും കരുണവും അത്ഭുതവുമൊക്കെ ഉണര്‍ത്താന്‍ പര്യാപ്തമായ ഭാവം അവതാരകന്‍ കൈക്കൊള്ളണം

പാട്ട്👇
പദ്യഗദ്യസമ്മിശ്രമാണ് വില്പാട്ടുകള്‍. പദ്യത്തിനു ‘ഗാനം’ എന്നും ‘ഗീതം’ എന്നുമൊക്കെ പറയും. ഗദ്യം ‘വചനം’ എന്നാണ് അറിയപ്പെടുക. കഥാസന്ദര്‍ഭവും കഥാപാത്രസംഭാഷണങ്ങളും അവതരിപ്പിക്കുന്നത് വചനത്തിലാണ്. അത്യന്തം ഒഴുക്കുള്ള ഗദ്യമാണ് വില്പാട്ടില്‍ ഉപയോഗിക്കുന്നത്.

പാട്ട് ഇടയ്ക്കു താളം മാറും. ഇതു മുന്‍കൂട്ടി ചിട്ടപ്പെടുത്തി വച്ചിട്ടുണ്ടാവും. ചില അവസരങ്ങളില്‍ പതിവു തെറ്റിച്ച് വരികള്‍ മാറ്റിപ്പാടുകയോ പാട്ട് ഇടയ്ക്കു മുറിക്കുകയോ ചെയ്‌തെന്നു വരും. വില്പാട്ടിനെ ജനകീയമാക്കുന്നത് പാട്ടുകാര്‍ സ്വീകരിക്കുന്ന ഇത്തരം ‘മനോധര്‍മ്മ’ങ്ങളായിരിക്കും. പാട്ടുകാര്‍ ഗദ്യം എഴുതി സൂക്ഷിക്കാറില്ല. സന്ദര്‍ഭത്തിനനുസരിച്ച് പൊലിപ്പിച്ച് ‘വചനം’ അവതരിപ്പിക്കുകയാണ് പതിവ്. അതുകൊണ്ടാവണം വില്ലടിച്ചാന്‍പാട്ടിനെ പലരും ‘പാട്ട്’ എന്ന നിലയില്‍ മാത്രം പരിഗണിച്ചു പോരുന്നത്.

സംവിധാനക്രമം👇
വില്ലടിച്ചാന്‍പാട്ടിന് നിയതമായ ഒരു സംവിധാനക്രമമുണ്ട്. പാട്ടവതരണത്തിനു മുന്നോടിയായി സ്തുതി നടത്തും. ‘കാപ്പ്’ എന്നാണ് ഇതറിയപ്പെടുന്നത്. താളമേളങ്ങളൊന്നുമില്ലാതെ ‘വിരുത്ത’മായാണ് കാപ്പു നടത്തുക. തുടര്‍ന്ന്, അവതരിപ്പിക്കാന്‍ പോകുന്ന കഥയുടെ പേര് പാട്ടുരൂപത്തിലോ ഗദ്യരൂപത്തിലോ പ്രസ്താവിക്കുന്നു. ഗുരുക്കന്‍മാരെയും പാട്ടാശാന്‍മാരെയും സ്തുതിക്കുന്നതും പതിവുണ്ട്. അതിനുശേഷം സഭാവന്ദനം നടത്തും. നാടകങ്ങളിലേതുപോലൊരു സമ്പ്രദായമാണിത്. അതിനോടൊപ്പം ദേശസ്തുതിയും കഴിക്കുന്നു. ഇത്രയുമായാല്‍ കഥ തുടങ്ങാം. ഈ സന്ദര്‍ഭത്തില്‍
”താനാകിയ പൊന്നും കൈലാസത്തില്‍
തക്കതോര്‍ ശിവനും വീറ്റിരുന്താര്‍”
എന്നൊരു സ്തുതിയും ‘അയ്യനാര്‍വാഴ്ത്ത്’എന്ന പേരില്‍ ശാസ്താസ്തുതിയും മിക്കവാറും എല്ലാ കഥയിലും പാടിവന്നിരുന്നു. പാട്ട് അവസാനിക്കുമ്പോള്‍ ‘വാഴത്ത്’ നടത്തും. രംഗവാസികള്‍ക്കും തങ്ങള്‍ക്കും ലോകര്‍ക്കു മുഴുവനും മംഗളം ഉണ്ടാകുവാന്‍ പ്രാര്‍ഥിക്കുന്നതാണ് വാഴ്ത്ത്.

ചടങ്ങുകൾ👇
വില്ലടിച്ചാന്‍പാട്ട് അനുഷ്ഠാനമെന്ന നിലയിലാണല്ലോ ആദ്യകാലത്ത് അവതരിപ്പിച്ചിരുന്നത്. പാട്ട് തുടങ്ങുന്നതിനു പ്രാരംഭമായി ചില ചടങ്ങുകള്‍ നടത്തുന്നതിന് ഓരോ കരക്കാരും നിര്‍ബന്ധിതരായിരുന്നു. ദേശഭേദം അനുസരിച്ച് ചടങ്ങുകള്‍ക്കും വ്യത്യാസം കാണുന്നുണ്ട്. എങ്കിലും അവയെ സാമാന്യമായി ഇങ്ങനെ സംഗ്രഹിക്കാം.

ദേവപ്രതിഷ്ഠയ്ക്ക് അഭിമുഖമായി കെട്ടിയുണ്ടാക്കിയ വേദിയിലാണ് പാട്ടു നടത്തുക. ഈ വേദി പാട്ടുപുര, പാട്ടുചാവടി എന്നൊക്കെ അറിയപ്പെട്ടിരുന്നു. ഓലകൊണ്ട് ആവശ്യാനുസരണം ഇതു കെട്ടിയുണ്ടാക്കുകയായിരുന്നു പതിവ്. ഇതാണ് വില്ലടിച്ചാന്‍ പാട്ടിന്റെ പാട്ടരങ്ങ്.

പാട്ടുചാവടിയുടെ കന്നിമൂല(തെക്കുപടിഞ്ഞാറേമൂല)യില്‍ നാക്കില വച്ച് അതില്‍ നിലവിളക്കും നിറനാഴിയും വയ്ക്കുന്നു. എന്നിട്ട് വാദ്യോപകരങ്ങള്‍ യഥാവിധി പൂജിക്കും. അതിനു ശേഷം സംഘാംഗങ്ങള്‍ ചമ്രം പടിഞ്ഞിരുന്ന് പ്രാര്‍ത്ഥിക്കുന്നു. പിന്നീട് ആദരപൂര്‍വ്വം വാദ്യോപകരണമെടുത്ത് താന്താങ്ങള്‍ക്ക് പറഞ്ഞിട്ടുള്ള സ്ഥാനത്തിരുന്ന് വാദ്യങ്ങള്‍ വായിക്കുന്നു. ശേഷം കഥ തുടങ്ങാം.

പാട്ട് വഴിപാടായി ഓരോരുത്തര്‍ നടത്തിയിരുന്നതിനാല്‍ എത്ര ദിവസം നീളും എന്നത് നിശ്ചിതമല്ല. ഈ ദിവസങ്ങളില്‍ പാട്ടുകാര്‍ക്കും മറ്റു പരികര്‍മ്മികള്‍ക്കമുള്ള ചെലവ് പാട്ടു നടത്തുന്ന കുടുംബം വഹിക്കണം.

























https://youtu.be/eF0mbTjDMd8

https://youtu.be/N-hZxp378Co

വില്ലടിച്ചാന്‍പാട്ട് പൂര്‍ണ്ണാര്‍ഥത്തില്‍ ഒരു നാടകമല്ല. പാട്ടിനു പ്രാധാന്യം ഏറുമെങ്കിലും ദൃശ്യകലാപ്രകടനം കൂടിയായ വില്ലടിച്ചാന്‍പാട്ടില്‍ ഒരു നാടോടിനാടകത്തിന്റെ സവിശേഷതകള്‍ പലതും കാണാം. എന്നാല്‍ മുടിയേറ്റ് തുടങ്ങിയവയിലെപ്പോലെ അരങ്ങിന്റെ സാധ്യതകള്‍ മുഴുവന്‍ ഉപയോഗപ്പെടുത്താന്‍ വില്ലടിച്ചാന്‍പാട്ടില്‍ അവസരമില്ല. മുടിയേറ്റിന്റെ ഒരു വകഭേദമായ പറണേറ്റ്, ഏറ്റവും ഉയരമുള്ള രംഗവേദിയുടെ പ്രയോഗസാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വേഷത്തിനും സംഭാഷണത്തിനുമുള്ള സാധ്യതകളും വില്ലടിച്ചാന്‍പാട്ടില്‍ കുറവാണ്. എങ്കിലും അയ്യ(പ്പ)ന്‍പാട്ട്, തമ്പുരാന്‍കോവിലുകളില്‍ അവതരിപ്പിക്കാറുള്ള പട(പ്പുറപ്പാടു)പാട്ട് എന്നിവയിലേതിനു സമാനമായ ഒരു ദൃശ്യകലാപാരമ്പര്യം വില്ലടിച്ചാന്‍പാട്ടിനും അവകാശപ്പെടാം.

വില്ലുപാട്ടിന്റെ ഉപകരണങ്ങളെ ഒന്നു പരിചയപ്പെടുത്താം
വില്ല്, വീശുകോൽ, ഉടുക്ക്, കുടം, ജാലർഎന്നീ വാദ്യോപകരണങ്ങളാണ്‌ വില്ലുപാട്ടിൽ പരമ്പരാഗതമായി ഉപയോഗിക്കുന്നത്. പിൽക്കാലത്ത്ഹാർമോണിയം, തബല തുടങ്ങിയവയും വില്ലുപാട്ടിൽ ഉപയോഗിച്ചുതുടങ്ങി. നവീന വില്പാട്ടിൽ ഈ ഉപകരണങ്ങൾ ചായംപൂശി ആകർഷകമാക്കിയിരിക്കും.

വില്ല്
വില്ലാണ്‌ വില്ലുപാട്ടിലെ പ്രധാന സംഗീതോപകരണം. ഇതിന്‌ മൂന്നു മീറ്ററോളം നീളമുണ്ടായിരിക്കും വില്ലുപാട്ടിലെ വില്ലിന്‌. കരിമ്പനത്തടിവെട്ടിമിനുക്കിയാണ്‌ വില്ലൊരുക്കുന്നത്. വില്ലിന്റെ അറ്റങ്ങളിൽ വ്യാസം കുറവായിരിക്കും. നീളത്തിൽ തോലോ ചരടോകൊണ്ടുള്ള ഞാണാണ്‌ ഉപയോഗിക്കുന്നത്. വില്ലിന്റെ തണ്ടിൽ ഓരോ അരയടിക്കും ഒരോ ചിലങ്കമണികെട്ടിയിട്ടുണ്ടാകും.

വീയൽ
വീയൽ അഥവാ വീശുകോൽ ഞാണിന്മേൽ തട്ടി ശബ്ദമുണ്ടാക്കിയാണ്‌ പാട്ട് അവതരിപ്പിക്കുന്നത്. വില്ലിന്റെ രണ്ടുപുറത്തും വീയലടിക്കാൻ ആളുണ്ടാകും. വീയലിന്റെ മദ്ധ്യത്തിലും മണി കെട്ടിയിരിക്കും. ഞാണിന്റെ കമ്പനവും മണികളുടെ കിലുക്കവും ഹൃദ്യമായ സംഗീതാനുഭവമുണ്ടാക്കുന്നു. പാട്ടിനിടയിൽ വീയൽ കറക്കിയെറിഞ്ഞ് പിടിക്കുക തുടങ്ങിയ അഭ്യാസങ്ങൾ പാട്ടുകാരുടെ സാമർത്ഥ്യപ്രകടനത്തിനുള്ള അവസരമാണ്‌.

കുടം
കുടത്തിന്റെ കഴുത്തിൽ വില്ലിന്റെ അറ്റം ഞാൺ മുകളിൽ വരത്തക്ക വിധമാണ്‌ അനുഷ്ഠാന വില്പാട്ടുകളിൽ കുടത്തിന്റെ സ്ഥാനം. കളിമൺകുടമാണ്‌ ഉപയോഗിക്കുന്നത്. വയ്ക്കോൽചുരണയിൽ വെച്ച കുടവും വില്ലും ഒരു കൈകൊണ്ട് ചേർത്തുപിടിക്കുകയും കുടത്തിന്റെ വായിൽ വട്ടത്തിൽ വെട്ടിയകമുകിൻപാള കൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കുകയുംചെയ്യുന്നു.

ജാലർ
ഇലത്താളത്തിന്റെ ചെറിയ രൂപമാണ്‌ ജാലർ. ചിങ്കി, താളം എന്നൊക്കെ ഇതിനു പേരുകളുണ്ട്.

ഉടുക്ക്
വില്ലുപാട്ടിന്‌ ജീവൻ നൽകുന്ന വാദ്യോപകരണമാണ്‌ ഉടുക്ക് എന്നുപറയാം.

താളക്കട്ടകൾ
ഒരിഞ്ച് വണ്ണവും മൂന്നിഞ്ച് വീതിയും ആറിഞ്ച് നീളവും ഉള്ള മരക്കട്ടകളാണ്‌ വില്ലുപാട്ടിലുപയോഗിക്കുന്ന താളക്കട്ടകൾ. തപ്പളാംകട്ട എന്ന് നാട്ടുരീതിയിൽ ഇതിനെ പറഞ്ഞുവരുന്നു.