13-02-19


🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
ആറു മലയാളിക്ക് നൂറു മലയാളം എന്ന അവതരണത്തിലേക്ക് എല്ലാവരേയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. 🍁🍁🍁🍁🍁🍁🍁
🏕🏕🏕🏕🏕🏕🏕🏕🏕🏕🏕🏕🏕🏕
ഞാൻ പവിത്രൻ.....
പുതിയ ആളാണ്. നിങ്ങളോരോരുത്തരുടെയും
ഉപദേശ നിർദ്ദേശങ്ങൾ
പ്രതീക്ഷിച്ചു കൊണ്ട്....🙏🙏
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
ലോകത്തെവിടെയും മലയാളിയുണ്ട്. ആ മലയാളികളുടെയെല്ലാം ഭാഷ യിൽ പലതരത്തിലുള്ള വ്യത്യാസങ്ങൾ കാണുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഇന്നും എന്നും ചർച്ച ചെയ്യാവുന്ന ഒരു വിഷയമാണ് ഭാഷാഭേദം.
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

"ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം
 ഒരുമലയാളിക്കും മലയാളമില്ല"
           (കുഞ്ഞുണ്ണിമാഷ്)

🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
മലയാളിയുടെ സംസാര ഭാഷയെക്കുറിച്ച് പറയുമ്പോൾ കുഞ്ഞുണ്ണി മാഷിന്റെ ഈ കവിത ഓർക്കാതെ തരമില്ല.
"ഒരുവൻ തന്റെ അന്ത൪ഗതം ഏതെങ്കിലും ഒരു ജന സമുദായത്തിലെ സങ്കേതമനുസരിച്ച് അന്യനു ഗ്രഹിക്കുവാൻ പര്യാപ്തവുമായ വ൪ണാത്മക ശബ്ദങ്ങളുടെ പ്രതീകമാണ് ഭാഷ".ഉള്ളൂ൪ ഭാഷയെ നി൪വ്വചിച്ചത് ഇപ്രകാരമാണ്.
      "മനുഷ്യമനസ്സിലെ അന്ത൪ഗതസ്വഭാവങ്ങളും നമ്മുടെ വർഗത്തിന്റെ ജനിതക സിദ്ധിയും ഉൾക്കൊള്ളുന്ന പ്രാപഞ്ചിക നിയമങ്ങളുടെ ഒരു സവിശേഷ ഗണമാണ് ഭാഷ." നോം ചോംസ്കി ഇങ്ങനെ വിലയിരുത്തി.
             ഭാഷയുടെ ഉല്പത്തിയെക്കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. മതങ്ങളാണ് ഭാഷ സൃഷ്ടിച്ചെന്ന വാദം തീർത്തും ബാലിശമാണ്. മനുഷ്യൻ പട്ടിയെ പോലുള്ള ജന്തുക്കളെ അനുകരിക്കുക വഴി ഭാഷ രൂപാന്തരം ചെയ്തു എന്ന വാദമുണ്ട്. പ്രകൃതിയിലെ പലതരം താളങ്ങൾ ഉണ്ട് എന്നും അതിനെ ചുവടു പിടിച്ച് ഭാഷ രൂപം കൊണ്ടു എന്നും വാദിച്ചവരുണ്ട്. മനുഷ്യന്റെ സമസ്ത പുരോഗതിക്കും കാരണമായി തീ൪ന്ന ഭാഷയെ നി൪വ്വചിക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. പുരാതന കാലത്ത് പുരോഗതിയുടെ സമസ്ത മേഖലകളിലും വിജയം കൈവരിച്ച ഗ്രീസ് തന്നെയാണ് ഇതിനും മുൻകൈ എടുത്തത്. ഒരു വ്യക്തി എങ്ങനെയാണോ അങ്ങനെയാണ് അയാളുടെ ഭാഷണവും എന്നാണ് സോക്രട്ടീസ് പറഞ്ഞത്. ഭാഷയെന്നാൽ മനോവൃത്തികളെ വെളിപ്പെടുത്തുന്ന ഉപാധിയെന്നാണ് കേരള പാണിനി പറഞ്ഞത്

സാംസ്കാരിക വളർച്ചയിൽ ഭാഷയുടെ പങ്കു വലുതാണ്. ഭാഷാ പ്രയോഗവും സംസ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സാധാരണ വിലയിരുത്തിക്കാണാറുണ്ട്. മാനകഭാഷയോട് ചേർന്നു നിൽക്കുന്നത് സംസ്കാരപൂ൪ണമെന്നും അകന്നു നിൽക്കുന്നത് സംസ്കാരലോപവുമെന്ന ധാരണ ശരിയല്ല.


ഭാഷാഭേദം
🌷🌷🌷🌷🌷
ഒരു ഭാഷയുടെ പ്രാദേശിക ഭേദത്തെയാണ് ഉപഭാഷ അല്ലെങ്കിൽ ഭാഷാഭേദം എന്നു പറയുന്നത്. ദേശം, മതം, ജാതി, വംശം, സംസ്കാരം, കാലാവസ്ഥ ഇവയൊക്കെയും ഭാഷയിലുണ്ടാകുന്ന പദപരവും ഉച്ചാരണപരവുമാകുന്ന വ്യത്യാസങ്ങൾക്ക് കാരണമാകുന്നു. തിരുവനന്തപുരം, കോട്ടയം, വള്ളുവനാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ഭാഷാരീതികൾ മാറാനുള്ള പ്രധാന കാരണവും ഇത് തന്നെ.
      ഭാഷ നിരന്തരം പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണല്ലോ. പിന്നോക്ക ഭാഷ എന്നൊന്നില്ലാത്തതിനാൽ ഒരു കൂട്ട൪ക്ക് മറ്റൊരു കൂട്ടരേക്കാൾ മേന്മയില്ലെന്ന് ഭാഷയിൽ നിന്നു നമുക്കു മനസ്സിലാക്കാൻ സാധിക്കും. ഫ്യൂഡൽ കാലഘട്ടത്തിൽ ഓരോ സമുദായത്തിനും അവരുടേതായ വാമൊഴി സമ്പ്രദായം നിലവിലുണ്ടായിരുന്നു. കീഴാള൪ ഞാൻ എന്ന പദത്തിനു പകരം "അടിയൻ",
" ഏൻ"എന്നാണ് പറഞ്ഞു പോന്നത്. തമ്പുരാക്കൻമാരും നമ്പൂതിരിമാരും "നാം" എന്നു സ്വയം അഭിസംബോധന ചെയ്തു പോന്നു. മുസ്ലിം സമുദായത്തിലുള്ളവ൪
"ഞമ്മൾ" എന്ന പദം ഉപയോഗിച്ചു പോന്ന കാലമായിരുന്നു അത്. ഇന്ന് ഇത്തരം പ്രയോഗങ്ങൾ ഉപയോഗിക്കുന്നത് വളരെ വിരളമാണ്.

ഭാഷ ഭേദങ്ങളെക്കുറിച്ചു പറയുമ്പോൾ മറ്റു പല ഭാഷകളുടെയും സ്വാധീനം ഗണ്യമായ രീതിയിൽ കാണുന്നു. വിവിധ ജന വിഭാഗങ്ങൾക്കിടയിൽ വ്യത്യസ്തമായ ഭാഷാ പ്രയോഗങ്ങൾ നിലനിൽക്കുന്നതായി കാണുന്നു. ഹരി ജനങ്ങൾ, ബ്രാഹ്മണർ, ഈഴവ സമുദായം,  നായർ സമുദായം എന്നിങ്ങനെ വിവിധ ഹിന്ദു സമുദായങ്ങളിൽ തന്നെ ഭാഷാപരമായ ഭേദങ്ങൾ പ്രകടമായി തന്നെ കാണാം. കൃസ്ത്യൻ വിഭാഗം, മുസ്ലിം ജനസാമാന്യത്തിനും ഭാഷയിൽ പ്രകടമായി വേർതിരിവുകൾ കണ്ടുവരുന്നു.

ചില സ്ഥലങ്ങളിൽ അതിഥികളെ സ്വീകരിക്കുന്നത്, വരൂ..... ഇരിക്കൂ എന്നു പറഞ്ഞാണ്. വന്നാട്ടെ,,... ഇരുന്നാട്ടെ.... എന്നു പറയുന്നിടങ്ങളുണ്ട്. വരണം... ഇരിക്കണം... എന്നു പറയുന്ന സ്ഥലങ്ങളോടൊപ്പം ബരീൻ.... കുത്തിരിക്കീൻ.... എന്നു പറയുന്ന സ്ഥലങ്ങളും കാണാം.

നാടകം, നോവൽ, ചെറുകഥ, സിനിമ തുടങ്ങിയ സാഹിത്യ രൂപങ്ങളിൽ സംഭാഷണങ്ങൾക്ക് മുഖ്യ സ്ഥാനമുണ്ട്. അവയിൽ ധാരാളം പ്രാദേശിക പ്രയോഗങ്ങൾ വരാറുമുണ്ട് എന്നാൽ പ്രഭാഷണം, ലേഖനങ്ങൾ തുടങ്ങിയ സാഹിത്യ രൂപങ്ങളിൽ പ്രാദേശിക പദങ്ങൾ കണ്ടു വരാറില്ല. മാത്രമല്ല മാനക ഭാഷയുടെ പ്രയോഗമാണ് കൂടുതൽ കണ്ടു വരുന്നത്. പക്ഷേ, ഇന്ന് അപകടകരമായ മറ്റൊരു പ്രവണത കണ്ടു വരുന്നതു മീഡിയകളിലാണ്. സ്വകാര്യ ചാനലുകളിലും റേഡിയോകളിലും അവതാരക൪ ഉപയോഗിക്കുന്ന ഒരു തരം മംഗ്ലീഷ് നമുക്കു അപമാനകരമായ സംഗതിയാണ്. ഇതു പുതിയ തലമുറയിലെ കുട്ടികളുടെ ഭാഷാപ്രയോഗത്തിൽ വലിയ മാറ്റമാണ് വരുത്തുന്നത്.

 കേരളത്തിന്റെ തെക്കെയറ്റം മുതൽ വടക്കേയറ്റം വരെ സഞ്ചരിക്കുന്ന ഒരാൾക്ക് നൂറു മലയാളം കേൾക്കാൻ അവസരമുണ്ടെന്നുറപ്പ്. തിരുവനന്തപുരം ഭാഷയിൽ നിന്നും എന്തൊരു മാറ്റമാണ് തൃശ്ശൂർ എത്തുമ്പോൾ. മലപ്പുറത്തെ വാമൊഴിയല്ല കണ്ണൂരിലെത്തിയാൽ. പ്രത്യേക മതവിഭാഗങ്ങളുടെ സംസാര ഭാഷയിലും ഈ വ്യത്യാസം കാണുന്നു. (മുസ്ലിം ജനസാമാന്യം സംസാരിക്കുന്ന ഭാഷയിൽ നിന്നും ഏറെ വ്യത്യാസം കാണുന്നു കൃസ്ത്യൻ ജനവിഭാഗത്തിന്റെ ഭാഷ). ഹിന്ദു സമുദായങ്ങൾക്കിടയിലും വിവിധ ജാതികളിൽപ്പെട്ട ജനവിഭാഗങ്ങൾ വ്യത്യസ്ത ഭാഷ സംസാരിക്കുന്നതായി കാണാം. (ഉദാ: നമ്പൂതിരി ഭാഷ).ഹിന്ദു സമുദായങ്ങളിൽ ബ്രാഹ്മണ വിഭാഗത്തിൽ സംസ്കൃത സ്വാധീനം പ്രകടമായി കാണുന്നുവെങ്കിൽ ഹരിജനങ്ങളുടെ ഭാഷയിൽ ഇതു വളരെ കുറഞ്ഞ രീതിയിലാണ്.
മലയാള ഭാഷയിൽ സംസ്കൃതം,പ്രാകൃതം തമിഴ് തുടങ്ങിയ നിരവധി ഭാഷയിലെ പദങ്ങൾ ഉൾച്ചേ൪ന്നിട്ടുണ്ട്. ആദ്യ കാലത്ത് തമിഴ് സ്വാധീനം വളരെ പ്രകടമായിരുന്നു. പണ്ഡിതഭാഷയായി തമിഴ് നിലനിന്ന ആദ്യ ഘട്ട ത്തിൽ സാധാരണ ജനങ്ങളുടെ ഭാഷ യായി മലയാളം വളർന്നു വന്നു.

"ദേവദൈത്യ മനുഷ്യവ൪ഗ മഹാ ചരിത്രങ്ങൾ
തേൻകിനിയും വാക്കിലോതി വളർന്നു മലയാളം"  മലയാള ചരിത്രം പരാമ൪ശിക്കുമ്പോൾ ഓ എൻ വി ഇപ്രകാരം രേഖപ്പെടുത്തുന്നുണ്ട്. വളരെ വേഗം തന്നെ വളർച്ചയുടെ പടവുകൾ താണ്ടിക്കയറുവാൻ കഴിഞ്ഞു എന്നു പറയാം.
 ഇംഗ്ലീഷ്, സിറിയൻ, പോർച്ചുഗീസ്, ലാറ്റിൻ എന്നീ ഭാഷകളുടെ സ്വാധീനം കൃസ്ത്യൻ ജനതയുടെ ഭാഷയിൽ കാണപ്പെടുന്നു. മുസ്ലിം ജനസാമാന്യത്തിന്റെ ഭാഷയിൽ അറബി, ഉറുദു പദങ്ങളുടെ വ്യാപക സ്വാധീനവും കാണപ്പെടുന്നു. ഉച്ചാരണ രീതിയുടെ പ്രത്യേകത കൊണ്ടും പദപ്രയോഗങ്ങൾക്ക് ചിലയിടങ്ങളിൽ പ്രത്യേക ഊന്നൽ നൽകിക്കൊണ്ടും സംസാരിക്കുന്നതിലൂടെ മലയാളിയുടെ സംസാര ഭാഷ നൂറു മലയാളമായി മാറുന്നു. പ്രാദേശികമായി ഉച്ചാരണത്തിലെ രീതി ഭേദങ്ങൾ മനസ്സിലാക്കിയ ഒരാൾക്ക് ഏതെങ്കിലും ഒരു വ്യക്തിയുമായി സംസാരിക്കുമ്പോൾ അയാൾ പ്രാദേശികമായി ഇന്ന സ്ഥലത്തെ ആളായിരിക്കുമെന്ന് എളുപ്പം തിരിച്ചറിയാൻ കഴിയും. സമൂഹത്തിന്റെ സാമാന്യ സ്വഭാവമുള്ള ഭാഷാരീതിയെ ഭാഷാഭേദം എന്നു പറയാം. ഒരു ഭാഷാമേഖലയിലുള്ള ഭാഷാഭേദങ്ങളുടെ സമാഹാരമാണ് ആ മേഖലയിലെ ഭാഷ. അങ്ങനെ തന്മൊഴികൾ ചേർന്നു ഭാഷാഭേദവും ഭാഷാഭേദങ്ങൾ ചേർന്നു ഭാഷയും ഉണ്ടാകുന്നു. കാലം, ദേശം, ജാതി, മതം, തൊഴിൽ തുടങ്ങിയ നിരവധി കാരണങ്ങളാൽ ഒരു ഭാഷയ്ക്കുള്ളിൽ തന്നെയുണ്ടാകുന്ന പ്രയോഗ വ്യത്യാസങ്ങളാണ് ഭാഷാഭേദങ്ങൾ.