12-03b



0
പൂജ്യം 
                  നോവൽ
         രവിവർമ്മതമ്പുരാൻ

പ്രസാ : സാഹിത്യ പ്രവർത്തക സഹകരണ സംഘം
വില    : 170/-

രവിവർമ്മതമ്പുരാൻ
 ആലപ്പുഴ ജില്ലയിലെ വെണ്മണി കിഴക്കേമഠത്തിൽ ജനനം.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം.  കേരള പ്രസ്  അക്കാദമിയിൽ നിന്ന്  പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ. 1989 മുതൽ മനോരമയിൽ.  ഇപ്പോൾ കോട്ടയം ഔട്ട് സൈഡ് കേരള ഡെസ്കിൽ  അസിസ്റ്റന്റ് എഡിറ്റർ.

പുരസ്കാരങ്ങൾ
ഏറ്റുമാനൂർ കാവ്യ വേദി പുരസ്കാരം,  എൻ. എൻ. പിള്ള  അവാർഡ്,  നോവലിന്  മാധവിക്കുട്ടി,  കാനം. ഈ. ജെ. അവാർഡ്.  പരിസ്ഥിതി റിപ്പോർട്ടിംഗിന് കേരള പ്രസ്  അക്കാദമിയുടെ കെ  സി. സെബാസ്റ്റ്യൻ  അവാർഡ്  എന്നിവ ലഭിച്ചു.

രചനകൾ
പുന്നപ്ര വയലാർ -  അപ്രിയ സത്യങ്ങൾ , കുട്ടനാട് കണ്ണീർത്തടം, തുരങ്കത്തിനുള്ളിൽ ജീവിതം,  റിയാലിറ്റിഷോ, ചെന്താമരക്കൊക്ക, ഒൻപതു പെൺകഥകൾ, ഭയങ്കരാമുടി, ശയ്യാനുകമ്പ, പൂജ്യം  എന്നിവ.
പൂജ്യത്തിലേക്കോ.... പൂർണ്ണതയിലേക്കോ.....
ചിന്താപുരം ദേശത്തെ  അക്രൂരൻ, കൊരിന്ത്യർ, മുഹമ്മദ്, പിംഗളൻ, സനാതനൻ എന്നീ അഞ്ചു പേർ കൂടി പലവട്ടം ചർച്ച ചെയ്തു നടപ്പാക്കുന്ന  ഒരു സ്വപ്ന നഗരത്തിന്റെ  നിർമ്മാണത്തിനാണ് പുരന്ദരൻ കേരളത്തിലെത്തുന്നത്.
അക്രൂരന്റെ പേരിൽ പൊതുവായി വാങ്ങിയിട്ടിരിക്കുന്ന രണ്ടര  ഏക്കർ ഭൂമിയിൽ  അതിരുകളും മതിലുകളുമില്ലാത്ത വീടുകൾ പണിയുക....
കേരളത്തിലെ മതിൽ,  അതിര്  സംസ്കാരത്തിനെതിരെ സാക്ഷ്യമാവുക...... ജാതി മത വർഗ  വർണ്ണ വ്യത്യാസമില്ലാതെ  ജീവിക്കുക.  ഇതൊക്കെ  ആയിരുന്നു  അവരുടെ  സ്വപ്നം.
ആ സ്വപ്നത്തിനു രൂപം നല്കാനാണ് പുരന്ദരനെ  ബാംഗ്ലൂർ നിന്നും  ചിന്താപുരത്തേക്ക് അവർ ക്ഷണിച്ചത്.
നാല്പത്തഞ്ചു മിനിറ്റ് കൊണ്ട് ബാംഗ്ലൂരിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  എത്തിയ പുരന്ദരൻ ചിന്താപുരമെന്ന  തൊട്ടടുത്ത സ്ഥലത്ത്  എത്തുവാൻ  രണ്ടര മണിക്കൂറിൽ കൂടുതൽ സമയം എടുത്തു.  ഹൃദയങ്ങളിലേക്കുള്ള ദൂരവും ഇതിൽ നിന്നും  അളക്കാമെന്ന നിഗമനത്തിലേക്ക് അവരുടെ ചിന്തയെത്തുന്നു. ആ ചിന്തകൾ മാറ്റി  പുതിയ  ഒരു ക്രമം ലോകത്ത് വിരിയുന്നത് സ്വപ്നം കാണുന്നവരായിരുന്നു  പുരന്ദരനെ ക്ഷണിച്ചവർ.
പുരന്ദരനെത്തി. സ്ഥലം കണ്ടു.  പണ്ട് ബ്രിട്ടീഷ് കമ്പനി തേയില നട്ട് ലാഭം കൊയ്ത കമ്പനി, അവർ  തദ്ദേശീയരെ ഏല്പിച്ച വിശാലമായ ഭൂമി. കെടുകാര്യസ്ഥതയും കൃത്യമായ കണക്കുകൂട്ടലുകളുമില്ലാത്തതിനാൽ ബാധ്യത  ഒഴിവാക്കാൻ സർക്കാർ  അനുമതിയോടെ വിൽക്കാൻ  വെച്ച ഭൂമിയുടെ  ഒരു ഭാഗമാണ്  ഹൃദയ നഗരി എന്ന്  പേരിട്ട്  ഇവർ  അഞ്ചു പേരും  വിളിക്കുന്ന രണ്ടര  ഏക്കർ സ്ഥലം.
ഹൃദയ നഗരി എന്നു പേരിട്ടു വിളിച്ചെങ്കിലും  ഈ സ്ഥലത്തിന്റെ  ആകൃതി  ഹൃദയരൂപത്തിൽ  ❤ തന്നെയാണ്  എന്നത്  വ്യക്തമാക്കിയത് പുരന്ദരനാണ്.
ഭുമിയുടെ തൊട്ടടുത്ത  അയൽക്കാരനും തേയില തോട്ടം മാനേജരുമായ  യെശയ്യാവും ടോജി , ബബ്ബർ, രാംചന്ദ് എന്നിവരും പുരന്ദരനും കൂടി പങ്കുചേർന്നു  പത്തംഗസംഘമായി ഈ നവീന ചിന്താകൂട്ടത്തെ വിപുലീകരിക്കുന്നു.
ഓരോരുത്തരുടെയും ആവശ്യങ്ങൾ,  ചിന്തകൾ,  വീടിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ  എന്നിവ  പുരന്ദരനുമായി പങ്കുവെയ്ക്കുന്നു.  അതനുസരിച്ച്  ഓരോ വീടുകളും പണിയുന്നു.  മതിലുകൾ ഉണ്ടാവില്ല  എന്ന  ധാരണ ചർച്ച ചെയ്തു എല്ലാവരും പൊതുവെ സമ്മതിച്ചിരുന്നു.
ആദ്യമാദ്യം പണി തീർന്ന വീടുകളിൽ  താമസമാക്കിയത് ബബ്ബറും സനാതനനും ടോജിയുമാണ്.
സുന്ദരിയായ ഭാര്യയെ തനിയെ വീട്ടിൽ വിട്ടു പോകുന്നതിൽ സംശാലുവായ  ബബ്ബർ ആദ്യം വീടിനു ചുറ്റും മതിൽ തീർക്കുന്നു.  കൂടെ ടോജിയും. ഇവരുടെ പ്രേരണയാൽ സനാതനനും  ഒരുപാട്  ഉയരത്തിൽ മതിൽ കെട്ടുന്നു.
ഒരുപാട് സംഘർഷങ്ങൾ അനുഭവിച്ചെങ്കിലും പലതവണ  ഈ പരിപാടി  ഉപേക്ഷിച്ചു പോകാൻ  ആഗ്രഹിച്ചെങ്കിലും പുരന്ദരൻ , മറ്റുള്ളവർക്കായും തന്റെ യുനെസ്കോയുടെ സ്വപ്ന പദ്ധതിക്കായും ബാക്കി വീടുകൾ പണി തീർക്കുന്നു.
പക്ഷേ  ജാതിയും മതവും അവിടെ കാലുഷ്യം കലക്കുന്നു .
എന്നാൽ  ഒരുപാട് വേദനകളിലുടെ ..... പങ്കപ്പാടുകളിലൂടെ.... ഒരാളുടെ മരണത്തിലൂടെ.......
ഉയർന്നു കത്താമായിരുന്ന, എന്നാൽ  അടങ്ങിപ്പോയ കലാപത്തിലൂടെ,
എല്ലാം കത്തിച്ചാമ്പലാകാവുന്ന ഒരപകടത്തിലൂടെ,
ഒരാളുടെ ആശുപത്രി വാസത്തിലൂടെ....  അവർ  ഈ വേദനകളെ മറികടക്കുന്നു. .......
ഹൃദയനഗരി ശരിയായ സ്നേഹ നഗരിയായ് മാറുന്നു.......
മതിലുകളില്ലാത്ത..... അതിരുകളില്ലാത്ത സ്നേഹത്തിന്റെ തീരത്തേക്ക്  ഹൃദയ നഗരി  മെല്ലെ തുഴഞ്ഞെത്തുകയാണ്.....

എന്റെ വീക്ഷണം  :
മതിലുകൾ തീർത്ത്, അതിരുകൾ നിശ്ചയിച്ച് അതിന്റെ  ആവൃതിയിലൊതുങ്ങാൻ ശ്രമിക്കുകയും പുറത്ത് വിശ്വമാനവീകതയും, വിശ്വസാഹോദര്യവും നവ മാധ്യമങ്ങളടക്കമുള്ള മാധ്യമങ്ങളിലൂടെ വിളിച്ചു കൂവുകയും ചെയ്യുന്ന മലയാളിയുടെ പുറംപൂച്ചിന്റെ കരണത്തടിയാണ് ഈ നോവൽ.
ഈ നോവലിലെ കഥാപാത്രങ്ങളുടെ പേരുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മഹാഭാരതം,  ഗീഥ,  ഖുർആൻ , ബൈബിൾ  എന്നിവയിൽ നിന്നും  കൃത്യമായി ചേരും പടി ചേർത്തെടുത്ത പേരുകളാണ്.
വായനയിലെവിടെയോ ഒരിക്കൽ മനസ്സിൽ തടഞ്ഞ എഴുത്തുകാരനാണ് രവിവർമ്മതമ്പുരാൻ. എന്നാലും പുസ്തകം വാങ്ങാൻ  ഒന്നു ശങ്കിച്ചു.
സ്ഥിരമായി  എനിക്ക് പുസ്തകം എത്തിക്കുന്ന  സാം ചേട്ടൻ പറഞ്ഞു,
മാഷേ, ഈ പുസ്തകം  വായിച്ച് ഇഷ്ടമായില്ലെങ്കിൽ ഇരട്ടി പണം തിരിച്ചു തരാമെന്ന്.
 ആ ഉറപ്പിൽ വാങ്ങിയ പുസ്തകമാണിത്.
 പക്ഷേ  ഇനി  ഈ പുസ്തകം  വായനക്ക്  ആർക്കും കൊടുക്കാം....
എന്നാൽ  എന്റെ മനസ്സിൽ ഉള്ള മതിലുകളെ, അതിരുകളെ പ്രതിരോധിക്കാൻ  എനിക്ക് കൈത്താങ്ങായി ഈ വായനയുടെ ഓർമ്മകൾ വേണം.