12-03

അശരണരുടെ     സുവിശേഷം  
നോവൽ
ഫ്രാൻസിസ് നെറോണ
പ്രസാ: ഡി. സി. ബുക്സ്
വില  : 240/-

കക്കുകളി, തൊട്ടപ്പൻ മുതലായ കഥകളിലൂടെ മലയാള ചെറുകഥാ സാഹിത്യത്തിൽ  തന്റേതായ ഇരിപ്പിടം  നേടിയ നെറോണയുടെ ആദ്യ നോവൽ.
അശരണരുടെ സുവിശേഷം.
ഫ്രാൻസിസ് നെറോണ:

1972-ൽ ആലപ്പുഴയിൽ  ജനിച്ചു.  സനാതന ധർമ്മ വിദ്യാലയം,  എൻ. എസ്. എസ് കോളേജ്  ആലപ്പുഴ  എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.  സർക്കാർ ജീവനക്കാരൻ.   ആനുകാലികങ്ങളിൽ  തുടർച്ചയായി എഴുതുന്നു.
സ്നേഹ സങ്കീർത്തനം
അല്ലെങ്കിൽ  അപരവേദനയുടെ ആത്മാലാപം.
മേരി, ഉണ്ണീശോയുടെ രൂപമെടുത്ത് പുൽക്കൂടിന് നടുവിൽ വെച്ചു, രൂപത്തിൽ തൊട്ട കൈ വയറിനു മീതേ ചേർത്ത്  അവൾ മെല്ലെ  വിളിച്ചു.:
"എന്റെ...... കുഞ്ഞു നസ്രായനേ"
കുഞ്ഞ് ഇടംകാൽ തിരിഞ്ഞതറിഞ്ഞ് അവളുടെ മുഖത്ത്  നത്താൾ നിലാവ്.
********

പിറവിത്തിരുന്നാളറിയാതെ കടൽക്കാറ്റിൽ വിറങ്ങലിച്ച ചാകരച്ചെളിവീടുകളും തീരത്തെ തെങ്ങിൽ തോപ്പുകളും പിന്നിട്ട്,  രാത്രിയാത്രയിൽ  കാൽകുഴഞ്ഞു വീട്ടിലെത്തിയപാടേ മേരി സങ്കടപ്പെട്ടു:
"ഇന്നു വരൂന്നും പറഞ്ഞു നീ അമ്മയെ പറ്റിച്ചു"
ഉദരത്തിൽ വീണ്ടും  ഇടംകാൽ തിരിഞ്ഞു.
"അപ്പ നിനക്കെന്നെ കേൾക്കാലേ"
 *******

റേഷനരിക്കും റേഷനൂണിനുമുള്ള കൂപ്പണുകൾ വിതരണം ചെയ്യുന്ന യൂണിയൻ  ആപ്പീസിനു മുന്നിൽ  അച്ചനൊരു നിമിഷം നിന്നു. ഒന്നു രണ്ടുപേർക്കായിരുന്നേൽ കുഴപ്പമില്ല..... ഇതിപ്പോ... നാല്പത്തിയാറ് കുട്ടികൾക്ക്.......
യൂണിയൻ  ആപ്പീസിന്റെ ഭിത്തിയിൽ സെലീറ്റാ തയ്യൽക്കൂലി വർദ്ധിപ്പിക്കുക . . മുതലാളിത്തം തുലയട്ടെ എന്നെല്ലാം എഴുതിവെച്ചിരിക്കുന്നതും നോക്കി നിൽക്കെ ഒരാൾ അച്ചനെക്കണ്ട് ഇറങ്ങി വന്നു.
"ഞാൻ  ടി. വി. തോമസ്.... അച്ചനെന്താ ഇവിടെ?"
"അനാഥാലയത്തിലെ മക്കൾക്കും റേഷനരിക്കുള്ള ചീട്ട് തരപ്പെടുമോ"?
"ഞാനൊന്ന് ആലോചിക്കട്ടെ. പിന്നെ കമ്മറ്റി തീരുമാനിക്കണം. അച്ചൻ പോയിട്ട്  അടുത്താഴ്ച വരൂ"
അച്ചൻ സങ്കടപ്പെട്ടു നില്ക്കുന്നതുകണ്ട് അയാൾ  അച്ചന്റെ കൈ പിടിച്ചു പറഞ്ഞു.
"ഒരാഴ്ച കഴിഞ്ഞു  അച്ചൻ വരൂ.... ഞാൻ ശരിയാക്കാം"
"അതല്ല,....   ഇന്നു കഴിക്കാനൊന്നുമില്ല. .  .. കലത്തില് വെള്ളം തിളപ്പിക്കാനിട്ടിട്ട്..... ഇറങ്ങിയതാ"
അയാൾ ജൂബ്ബയുടെ പോക്കറ്റിൽ കയ്യിട്ടു.
"ഇതിരിക്കട്ടെ....... ഇതിന്  അരി കിട്ടില്ല.. .. കുഞ്ഞുങ്ങൾക്ക്  കപ്പ വാങ്ങിക്കൊട്"
ഇരന്നു കിട്ടിയ ആദ്യ നോട്ടുകൾ അച്ചന്റെ ഉള്ളംകയ്യിലിരുന്നു പൊള്ളി.  നിയന്ത്രിച്ചിട്ടും കണ്ണു നിറഞ്ഞു.  മൈതാനം കടന്നു വരുന്ന  അച്ചനെക്കണ്ട് കുട്ടികൾ  ഓടി  അടുത്തു ചെന്നു. ..... അച്ചൻ അവരുടെ കൈപിടിച്ചു കൊണ്ട് ഓലപ്പുരയിലേക്ക് കയറി. .........
 *******

കമുകിന്റെ അലകുകൾക്ക്   മീതെ പുത്തനോല ചേർത്തുകെട്ടുന്നതും നോക്കി കുട്ടികൾ താഴെ  നിന്നു. ആകാശത്തിന്റെ വീതിയും നീളവും ഓലകൾ കൈവശപ്പെടുത്തിക്കൊണ്ടിരിക്കുന്നു. തുറന്നിട്ട  ജനാല പോലെ ആകാശത്തിന്റെ  അവസാന ചതുരം. പിന്നെ  അതും മറഞ്ഞപ്പോൾ കൂരയ്ക്കു താഴെ  ഇരുൾ പരന്നു. പണിയെല്ലാം കഴിഞ്ഞു  ദാസൻ മേൽക്കൂരയിൽ തൂക്കിയ പഴക്കുല താഴെയിറക്കി.
"അതാർക്ക് തിന്നാനാ"?
കുട്ടികളുടെ ചോദ്യത്തിന് ഉത്തരമായി അച്ചൻ  പറഞ്ഞു:
"ഈശോയുടെ മക്കൾക്ക്"
മറുപടി കേട്ട്  അവർ നിരാശയോടെ പറഞ്ഞു:
"അപ്പ  ഞങ്ങൾക്കില്ലേ....?"
അച്ചൻ  അവരെ വിളിച്ചു ചേർത്ത് നിറുത്തി.
"നിങ്ങളാണ് ഈശോയുടെ മക്കൾ"
വാക്കുകളിൽ  വിശ്വാസം വരാതെ വ്യസനിച്ചുനിന്ന  അവരുടെ കൈകളിലേക്ക് പഴം വെച്ചുകൊടുത്തിട്ട്...... മൈതാനത്തേക്ക് ഏകനായി നടക്കുമ്പോൾ കരച്ചിലടക്കാൻ അച്ചൻ  പാടുപെട്ടു......
******

തിരുവത്താഴമേശയിലെ ക്രിസ്തുവിന്റെ  ശരീരരക്തങ്ങൾ വാഴ്ത്തി വിഭജിക്കപ്പെട്ടു. ബലി കഴിഞ്ഞതോടെ വിശന്നു തളർന്ന കുട്ടികളുടെ അടക്കിപ്പിടിച്ച  ആഹ്ലാദം  അണപൊട്ടി. അവരുടെ സന്തോഷം കണ്ടു  ട്രിനാഡച്ചന്റെ കണ്ണു നിറഞ്ഞു.
"ഒരു പാത്രം ചോറിനും ഇത്തിരി ഇറച്ചിക്കറിക്കും ഇത്ര മേൽ ആനന്ദം പകരാനാവുമെന്ന് എനിക്കറിയില്ലായിരുന്നു റൈനോൾഡ്സച്ചാ"
"നമ്മൾ  അറിയാതെ പോകുന്നത് പലതുമുണ്ടച്ചോ.... ഒരു പുരോഹിതൻ  അറിയേണ്ട  ഇടങ്ങൾ........"
"ആരാണ് നമ്മിൽനിന്ന് അതെല്ലാം മറച്ചു വെച്ചത്.............. സെമിനാരിയിൽ നിന്നും ലാറ്റിനും സുറിയാനിയും പഠിച്ചിറങ്ങിയ നമ്മൾ  പഠിക്കാൻ മറന്നു പോയ  ഒരു ഭാഷയുണ്ട്......... അത് മനുഷ്യരുടെ നിസ്സഹായതയുടെ ഭാഷയാണ്. അതു പഠിക്കാതെ  എങ്ങനെയാണ് നിലത്തുവീണഴുകുന്ന ഗോതമ്പുമണികളായി നാം മാറുക.?
ആത്‌മീയതയുടെ വിശുദ്ധവഴികളിലൂടെ രാത്രി തിടം വെച്ചു.
 നേരം വെളുക്കുമ്പോൾ കുട്ടികളെ ആരെയും മുൻവശത്ത് കാണാതിരുന്നതിനാൽ അച്ചൻ പിന്നാമ്പുറത്തേക്ക് നടന്നു.
ചാരം വീണുകിടക്കുന്ന  അടുക്കളയിൽ കുട്ടികൾ നിരനിരയായി നിന്ന് തലേന്നത്തെ ഇറച്ചിപ്പാത്രം കയ്യിട്ടു നക്കുന്നു.
അടുത്തയാൾ.... .... അടുത്തയാൾ.....
ചൂരൽ വിശിക്കൊണ്ട് പാത്രം നക്കാൻ നില്ക്കുന്നവരെ നിയന്ത്രിച്ചുകൊണ്ടു നിന്ന  അത്താണി എന്ന സാംസൺ അച്ചനോട് പറഞ്ഞു:
"ഇതിവന്മാര് നക്കിത്തുടച്ചോളും..... കഴുകേണ്ട ജോലി കഴിഞ്ഞു........"
കുട്ടികളുടെ ചിരിയുയർന്നു. പൊള്ളുന്ന ചിരിയുടെ ഭാരം സൂചിമുനകളാകുന്നതിനു മീതേ പുഞ്ചിരി മടക്കാനുള്ള അച്ചന്റെ ശ്രമം വിഫലമായി.
*******

മുകളിൽ കൊടുത്തത് മുഴുവൻ  അശരണരുടെ സുവിശേഷം  എന്ന നോവലിലെ ഭാഗങ്ങളാണ്.
ആദ്യ ഭാഗത്ത് അമ്മയുടെ ഉദരത്തിൽ കിടന്ന്  ഇടംകാൽ തിരിഞ്ഞ  കുഞ്ഞാണ് ഈനോവലിലെ അച്ചൻ.
ഫാദർ റെയ്നാൾഡ് പുരയ്ക്കൽ.
അശരണരരും ആർത്തന്മാരും ആലംബഹീനരുമായവരെ ചേർത്ത് പിടിച്ച ദൈവത്തിന്റെ പ്രതിപുരുഷൻ.
എന്നാൽ  ഈ നോവൽ  കേവലം അനാഥരുടെ ദൈന്യതയുടെ മാത്രം കഥയാണോ. അല്ല... കാലഘട്ടത്തിന്റെ സുവിശേഷം എന്നുകൂടി വിളിക്കാൻ ഞാൻ  ഇഷ്ടപ്പെടുന്നു.
കക്കുകളിയിലും തൊട്ടപ്പനിലും ഒക്കെ വിന്യസിച്ച ഭാഷയുടെ ഒരു വിസ്ഫോടനം ഈ നോവലിൽ ദർശിക്കാം.
ഈ നോവൽ  ഒരു ചരിത്ര പുസ്തകമാണ്. എന്നാൽ തീയതിയിട്ട് അടയാളപ്പെടുത്തുന്ന ചരിത്രമല്ല ജീവിതംകൊണ്ട്  രേഖപ്പെടുത്തുന്ന കുറിമാനങ്ങൾ.....
വൈദേശികാടിമത്വവും, സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റ്  പാർട്ടിയുടെ  ഉദയവും സമരവും സമൂഹത്തിലെ ഉയർച്ച താഴ്ചകളും കൃത്യമായി വരച്ചിടുന്നു.
അരികുജീവിതങ്ങളുടെ കഥ പറയുമ്പോൾ നെറോണയ്ക്ക് ആയിരം നാവെന്നു തോന്നുന്നു.  എന്നാൽ  വർണ്ണനകളുടെ ആധിക്യമില്ലാതെ ഏകതാനതയോടെ ഭാഷയെ ഭംഗിയായി അവതരിപ്പിച്ചു.


മനോഹരമായ  ഒരനുഭവമാണ് ഈ നോവൽ.
വായനക്ക്  ശുപാർശ  ചെയ്യുന്നു.
ഇനിയും  ഒരുപാട്  പറയാനുണ്ട്. പക്ഷേ...... കുറിപ്പ്  നീണ്ടാൽ വായനയുടെ സുഖം പോകും.
അടുത്തകാലത്ത് വായിച്ചതിൽ ഏറ്റവും മികച്ച നോവൽ.


അശരണരുടെ സുവിശേഷം
നമ്മുടെ ശുഷ്‌കമായിരിക്കുന്ന തീരദേശസാഹിത്യത്തിനു ഒരു മുതല്‍ക്കൂട്ട് എന്ന് ഒറ്റവാക്കില്‍ ഈ നോവലിനെ നമുക്ക് വിശേഷിപ്പിക്കാന്‍ കഴിയും. പ്രാദേശിക ചരിത്രം, ഭാഷ, സംസ്‌കാരം തുടങ്ങി വേഷവൈവിധ്യവും, ആഹാരക്രമങ്ങളും വരെ നോവലുകളില്‍ സൂക്ഷ്മമായി അടയാളപ്പെടുത്തപ്പെടുന്ന ഒരു കാലമാണിത്. അതിനെ കൃത്യമായി സാക്ഷീകരിച്ചുകൊണ്ട് ഒരു കാലത്തെ തീരദേശ ക്രിസ്ത്യന്‍ജീവിതത്തിന്റെ ഇല്ലായ്മകളെയും പട്ടിണിയെയും ദുരിതങ്ങളെയും രോഗങ്ങളെയും നിസ്വാര്‍ത്ഥരായ അപൂര്‍വ്വം പാതിരിമാരുടെ ശ്രമഫലമായി അതില്‍ നിന്ന് ഒരു തലമുറ വിടുതല്‍ പ്രാപിക്കുന്നതിന്റെയും ചിത്രം ഈ നോവല്‍ നമുക്ക് പകര്‍ന്നു തരുന്നു. ആ കഥപറച്ചിലിനിടയില്‍ ദേശപ്പെരുമകള്‍ ഉണ്ട്. ദേശത്തിന്റെ ഉല്‍പത്തിയെപ്പറ്റിയുള്ള സങ്കല്പങ്ങള്‍ ഉണ്ട്. പ്രാദേശിക വിശ്വാസഭേദങ്ങള്‍ ഉണ്ട്. തനത് വിശ്വാസരീതികള്‍ ഉണ്ട്. നാടന്‍പാട്ടുകള്‍ ഉണ്ട്.. പൂര്‍വ്വികരെക്കുറിച്ചുള്ള വീരകഥകളുണ്ട്.
ഈ നോവല്‍ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നത് തീയതികളിലൂടെയല്ല, മറ്റ് ചില ചരിത്രസൂചനകളിലൂടെയാണ്. അതുകൊണ്ടുതന്നെ ഈ പുസ്തകത്തില്‍ ചവിട്ടുനാടകവും കാറല്‍മാനും ഉണ്ട്. ഉമ്മന്‍ ഫീലിപ്പോസിന്റെ കേളീസല്ലാപം ഉണ്ട്. റമ്പാന്‍പാട്ടും പൗരസമത്വവാദ പ്രക്ഷോഭവും ഇ.ജെ. ജോണും ഉണ്ട്. ചാവറ അച്ചനും അദ്ദേഹത്തിന്റെ പ്രസും ഉണ്ട്. പൊള്ളോത്തെ കടപ്പുറവും മീന്‍പിടിത്തക്കാരോട് സുറിയാനി ക്രിസ്ത്യാനികള്‍ക്കുണ്ടായിരുന്ന അയിത്തവും ഉണ്ട്. എന്നാല്‍ കഥയുടെ അരുകു ചേര്‍ന്ന് ഒഴുകുന്ന ചരിത്രം ഒരു പൊങ്ങുതടിപോലെ നോവലിന്റെ ഉപരിതലത്തില്‍ പൊങ്ങിക്കിടന്ന് അതിന്റെ കാഴ്ചയെയും ഒഴുക്കിനെയും തടസ്സപ്പെടുത്തുന്നുമില്ല. അങ്ങനെ നോവല്‍ അതിന്റെ പ്രാദേശിക സ്വത്വത്തില്‍ ഉറച്ചു നില്ക്കുമ്പോള്‍തന്നെ അത് സാര്‍വ്വദേശീയ തലത്തിലേക്ക് ഉയരുന്നു. ഒരു കടപ്പുറത്തിന്റെ കഥ പറയുന്നതിലൂടെ അത് എല്ലാ കടപ്പുറങ്ങളുടെയും കഥയായി മാറുന്നു. ഈ സാഹിത്യസാഹചര്യത്തെയാണ് മാര്‍കേസ് പണ്ട് ‘കോസ്റ്റും ബ്രിസ്‌മോ’ എന്ന് വിശേഷിപ്പിച്ചത്. അങ്ങനെ ഒരു കരവിരുത് ഫ്രാന്‍സിസ് നെറോണ ഈ നോവലില്‍ പ്രകടമാക്കുന്നുണ്ട്.
അക്ഷരങ്ങളില്‍ അടയാളപ്പെടാന്‍ വിധിയില്ലാതെപോയ അശരണരുടെ പുസ്തകമായിരിക്കുമ്പോള്‍തന്നെ സമാന്തരമായി ഇത് ക്രിസ്തുവിലേക്കു നടക്കുന്ന ഒരു സത്യാന്വേഷിയുടെ കഥകൂടിയാണ്. ഫാ. റൈനോള്‍ഡ്‌സും തുറയിലെ അനാഥപ്പിള്ളേര്‍ക്കു വേണ്ടി അദ്ദേഹം നടത്തുന്ന അനാഥാലയവും എങ്ങനെയൊക്കെ അധികാരികളില്‍നിന്ന് തിരസ്‌കരിക്കപ്പെടുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് ആ നടപ്പിന്റെ കാഠിന്യം മനസ്സിലാവുക. എങ്കിലും അങ്ങനെ നടക്കാന്‍ കരുത്തു കാട്ടിയ ചിലരാണ്, മാളികപ്പുറത്തിരിക്കുന്നവനല്ല അഴുക്കുചാലില്‍ നടക്കുന്നവനാണ് ക്രിസ്തു എന്ന് നമ്മെ എപ്പോഴും ബോധ്യപ്പെടുത്തുന്നത്. അതാണ് ഈ നോവല്‍ മുന്നോട്ടു വയ്ക്കുന്ന ദര്‍ശനവും.
ഓരോ പുതിയ എഴുത്തുകാരുടെ കൃതികളിലൂടെയും കടന്നു പോകുമ്പോള്‍ നമുക്ക് തുറന്നു കിട്ടുന്നത് ഒരു പുതിയ പ്രപഞ്ചത്തിലെ വേറിട്ട കാഴ്ചകളാണ്. ഇന്നലെവരെ സാഹിത്യം അടയാളപ്പെടുത്താതിരുന്നതോ അടയാളപ്പെടുത്താന്‍ മറന്നുപോയതോ ആയ ചിലത് മുന്നോട്ടു വയ്ക്കാന്‍ അവര്‍ക്കു കഴിയുന്നു എന്നതാണ് പുതു വായനയിലേക്ക് നമ്മെ ആകര്‍ഷിക്കുന്ന ഘടകം. ഫ്രാന്‍സിസ് നെറോണഅത്തരത്തില്‍ ഒരു പുതിയ ദേശത്തിലേക്കും അതിന്റെ ചരിത്രത്തിലേക്കും അതിന്റെ ജീവിതത്തിലേക്കും നമ്മെ ഈ നോവലിലൂടെ കൂട്ടിക്കൊണ്ടുപോകുന്നു. നവ്യമായ ഒരു വായനാനുഭവം നമുക്ക് ഉറപ്പു നല്കുകയും ചെയ്യുന്നു. ഫ്രാന്‍സിസ് നെറോണയുടെ സാഹിത്യജീവിതത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

സ്‌നേഹത്തോടെ,
ബെന്യാമിന്‍.