12-02c

മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന  ഒരു കഥയുടെ  ചെറുകുറിമാനം...

കഥാ പരിചയം

ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരും
        ചന്ദ്രമതി


ഫെബ്രുവരി  5, ലക്കം  മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന കഥ

✍✍

മരിച്ചു പോയവരുടെ സാന്നിധ്യത്തിന്റെ മണം തിരിച്ചറിയാനുള്ള കഴിവ്  പണ്ടേ എനിക്കുണ്ടായിരുന്നു. ഉപ്പാട്ടിയമ്മയാണ് എനിക്ക്  ഇതൊക്കെ  പറഞ്ഞു തന്നത്.  

പക്ഷേ  എനിക്ക് പേടി ജീവിച്ചിരിക്കുന്നവരെ ആയിരുന്നു.  കാരണം  അവരാണല്ലോ സ്കൂളിലേക്കും കോളേജിലേക്കുമുള്ള യാത്രയിൽ  അരുതാത്തിടത്ത് പിടിക്കുകയും അശ്ലീലം പറയുകയും ഗുഹ്യ ഭാഗങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുക. 

അതിനാൽ തന്നെ മരിച്ചവരുടെ മണം പിടിക്കാനുള്ള കഴിവ് തേച്ചു മിനുക്കാൻ പോയില്ല. 

എന്നാലും  ഏക മകളുടെ കല്യാണാലോചനയുമായി അരവിന്ദൻ കയറി വന്നപ്പഴേ എനിക്ക്  മരിച്ചയാളുടെ മണം കിട്ടി. 

അതു തുറന്നു പറഞ്ഞപ്പോൾ ശാസ്ത്രജ്ഞനായ ഭർത്താവും, അച്ഛന്റെ തനിപകർപ്പായ മകളും കളിയാക്കി. അതു പെർഫ്യൂമിന്റെ  മണമാണത്രേ.......

എന്തായാലും അരവിന്ദന്റെ ഫ്ലാറ്റിലേക്ക് ചെന്നു കയറുമ്പോൾ  വലുതാക്കി വെച്ചിരിക്കുന്ന  അമ്മയുടെ പടം കണ്ടപ്പഴേ അരവിന്ദനിലെ മരിച്ചയാളുടെ മണം അമ്മയുടേതാണെന്ന് തീർച്ചയാക്കി.

പക്ഷെ,  
അവിടെ അവരെ അലോസരപ്പെടുത്തിയത് അരവിന്ദന്റെ  സുഹൃത്തും അയൽക്കാരിയുമായ മിഷയാണ്. 

ഇരുപതാമത്തെ വയസിൽ ഭർത്താവ്  ഉപേക്ഷിച്ചു പോയിട്ടും ജീവിതം മകനുവേണ്ടി മാത്രം ജീവിച്ചു മരിച്ച  അമ്മയേക്കാൾ ഭയക്കേണ്ടത് തുറന്നിടപഴകുന്ന മിഷ  എന്ന സുഹൃത്തിനെയായിരിക്കണം എന്ന് കരുതി.  

കുടുംബഫോട്ടോയിൽ ആർക്കും മനസ്സിലാകാത്ത തരത്തിൽ കൈകോർത്തു നില്ക്കുന്ന  പെൺകുട്ടിയെ  മിഷ പരിജയപ്പെടുത്തി. അരവിന്ദന്റെ  മുറപ്പെണ്ണായിരുന്നു. ഇന്ദു  എന്ന മുറപ്പെണ്ണ് ആക്സിഡന്റിൽ മരിച്ചിട്ട് ഒരുപാട് വർഷങ്ങളായി എന്നത്  ഒരാശ്വാസമായി. 

വിവാഹത്തിനു ശേഷമുള്ള സന്ദർശനത്തിലും മിഷയുടെ ഇടപെടൽ  അലോസരമുണ്ടാക്കിയപ്പോൾ 

ആ പെണ്ണിനെ അകറ്റി നിറുത്തുന്നതാ നല്ലത് എന്നു തുറന്നു പറയാൻ  മടിച്ചില്ല.

അപ്പോഴാണ് മകൾ സ്നേഹ അക്കാര്യം  വെളിപ്പെടുത്തുന്നത്. 

അമ്മാ, അരവി എന്നെ താരതമ്യപ്പെടുത്തുന്നത് അവന്റെ  അമ്മയോടോ മിഷയോടോ അല്ല.  അവന്റെ പെഴ്സിലെ ഒരു കുഞ്ഞു ഫോട്ടോയുമായാണ്. തനിച്ചിരിക്കുമ്പോഴ, കുഞ്ഞു പിണക്കമുണ്ടാകുമ്പോഴോ അവൻ ഇന്ദുവിന്റെ ഫോട്ടോ  നോക്കിയിരിക്കാറുണ്ട്.

ജീവിച്ചിരിക്കുന്നവരെ കൈകാര്യം ചെയ്യാൻ  എനിക്കറിയാം. മരിച്ചവരോട് ഞാനെങ്ങനെയാ അമ്മാ മത്സരിക്കുക...... മരിച്ചു പോയവരാണ് അപകടകാരികൾ.... അവരെ നമുക്ക്  ഒന്നും  ചെയ്യാനാവില്ല....
ഇതാണ് കഥയുടെ സാരം

മരണ സമയം മുൻകൂട്ടി  അറിയുകയും മരണസമയത്ത്  മരിക്കുന്ന  ആളുടെ അടുത്ത്  എത്തുകയും ചെയ്യുന്ന കഥാപാത്രങ്ങൾ  നമുക്ക് പരിചിതരാണ്. 

അതുപോലെ  മരിച്ചവരുടെ മണം തിരിച്ചറിയുന്ന കഥാപാത്രത്തെയാണ് ചന്ദ്രമതി ടീച്ചർ  ഈ കഥയിൽ  അവതരിപ്പിക്കുന്നത്. 

അമ്മായി അമ്മ പോരോ നാത്തൂൻപോരോ ഒറ്റയായ  അരവിന്ദന്റെ  വീട്ടിൽ  ഉണ്ടാവില്ല  എന്നു  കരുതിയവർക്ക് ഭീഷണിയായി ഉയർന്നത് അമ്മയുടെ മണമെന്ന്  തെറ്റിദ്ധരിച്ച കർപ്പൂര മണമായിരുന്നു. പക്ഷേ  അത്  ആക്സിഡന്റിൽ മരിച്ച  മുറപ്പെണ്ണ് ഇന്ദുവിന്റെയാണെന്ന തിരിച്ചറിവ് ഞെട്ടിക്കുന്നതാണ്. അതാണ്  ഈ കഥയുടെ  ട്വിസ്റ്റും. 

ആ രസച്ചരട് പൊട്ടാതെ മിഷയിലേക്കും മരിച്ചു പോയ  അമ്മയുടെ ജീവിതവും അരവിയും  അമ്മയും  തമ്മിലുള്ള  സ്നേഹവും ഒക്കെ ഭംഗിയായി  അവതരിപ്പിച്ചു. 

അതാണ് കഥാകാരിയുടെ മിടുക്ക്.