12-02

  🐎 അശ്വത്ഥാമാവ്🐎
                  നോവൽ
          മാടമ്പ് കുഞ്ഞുകുട്ടൻ

എഴുത്തുകാരൻ  :
1941-ൽ കിരാലൂര് ജനനം. ആനപ്പണിയും ആനവൈദ്യവും പഠിച്ചു.  ശാന്തിപ്പണിയും ചെയ്തു. കേരളത്തിലെ  ഏറ്റവും പ്രമുഖനായ  ആനവൈദ്യൻ. ആനചികിത്സയുമായി ബന്ധപ്പെട്ട ചർച്ചകളിലെ നിറ സാന്നിധ്യം. പല സിനിമകളിലും ചെറുതെങ്കിലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.  തിരക്കഥാ രചനയിലും മിടുക്കൻ.

സ്മാർത്തവിചാരം പ്രമേയമാക്കിയെഴുതിയ ഭ്രഷ്ട്, അവിഘ്നമസ്തു, എന്തരോ മഹാനുഭാവലു, കോളനി, മരാരാ:ശ്രീ, പോത്ത്, നിഷാദം, സാവിത്രി, ദേ ഒരു വിലാപം,  മഹാ പ്രസ്ഥാനം,  സാധനാലഹരി, ആത്മകഥ, പുതിയ പഞ്ചതന്ത്രം, കുഞ്ചൻ നമ്പ്യാരുടെ പഞ്ചതന്ത്രം, ആ... ആ... ആനക്കഥകൾ, ആര്യാവർത്തം, ചക്കരക്കുട്ടിപ്പാറു, എന്റെ തോന്ന്യാസങ്ങൾ, വസുദേവ കിണി, അശ്വത്ഥാമാവ് എന്നിവയാണ്  പ്രധാന കൃതികൾ.

ഭാഷയുടെ അനന്യസാധാരണമായ വിന്യാസമാണ് ഈ എഴുത്തുകാരനെ എനിക്ക് പ്രിയപ്പെട്ടവനാക്കുന്നത്. ഋജുവായി പറയാതെ അല്പം ചുറ്റിവളഞ്ഞു പറയുമ്പോഴും കഥയുടെ കാതലിന് കോട്ടമില്ല  എന്നതാണ്  കുഞ്ഞുകുട്ടന്റെ രചനയുടെ സവിശേഷതയായി എനിക്ക് തോന്നിയിട്ടുള്ളത്.  ശ്രൃംഗാരപദങ്ങൾ മൂളി, മുറിക്കുത്തുപ്പി ഉമ്മറത്തിരിക്കുന്ന പഴയ  ആഢ്യൻ തിരുമേനിമാരെ അവതരിപ്പിക്കുമ്പോൾ പോലും നല്ല കയ്യടക്കം കാണിക്കുന്ന  എഴുത്തുകാരൻ.  ആക്ഷേപ ഹാസ്യ രചനാ രീതിയാണ് പഥ്യം.

നോവലിലേക്ക് :
പുല്ലാശ്ശേരി മനയ്ക്കൽ കുഞ്ചുണ്ണി. ദാരിദ്ര്യം ധാരാളം കുടിച്ചു. എന്നാലും പഠിച്ചു.  ഉന്നത ബിരുദം നേടി. സഹോദരങ്ങളെ പഠിപ്പിച്ചു.  നല്ല  എഴുത്തുകാരനെന്ന ഖ്യാതി. അറിവിന്റെ കേദാരം. പണ്ഡിതനും കുട്ടികളുടെ മനസ്സറിയുന്നവനും അലിവുള്ളവനുമായ ഗുരു.
എന്നാൽ  ജീവിതത്തിൽ പരാജയമോ..... എങ്ങനെ....
അസ്വസ്ഥനായി, ശാപമോക്ഷം തേടിയിരുന്ന, അശ്വത്ഥാമാവിന്റെ പുനർജന്മമെന്ന് നിനച്ചു.
അല്ല, സമൂഹവും സാഹചര്യങ്ങളും അങ്ങനെ  ആക്കി തീർത്തു.
സഹോദരീ സ്ഥാനം മാത്രം  നല്കിയ ഉണ്യേമയെ ചേർത്ത് പറഞ്ഞപ്പോൾ,  അവളെ കാണുന്നതിൽ നിന്ന് ഒഴിവാക്കാനായി ജോലിയിൽ നിന്നും  പറഞ്ഞുവിട്ടപ്പോൾ......
ഹിസ്റ്റീരിയ ബാധിതയായ ഇട്ടിച്ചിരയെ രോഗവിവരം മറച്ചു വെച്ച് വേളികഴിപ്പിച്ചപ്പോൾ തന്നെ  ഉടഞ്ഞുപോയ മനസ്സ്. എന്നാലും  ആവുന്നത്ര നീതികാണിക്കാൻ ശ്രമിച്ചു.   പരാതിയോ പരിഭവമോ ഇല്ലാതെ ഇല്ലത്തിന്റെ കോണിൽ കുഞ്ചുണ്ണിക്കായ് പ്രാർത്ഥനയോടെ ഇട്ടിച്ചിര ഒതുങ്ങുമ്പോൾ  ഒരു വേട്ടനായുടെ ശൗര്യത്തോടെ മദ്യത്തിലും മദിരാക്ഷിയിലും മുങ്ങുകയായിരുന്നു, നീന്തുകയായിരുന്നു കുഞ്ചുണ്ണി.
ശാപമോക്ഷം തേടിയലയുന്ന അശ്വത്ഥാമാവിനെപ്പോലെ.........
എവിടെയും തേടിയെത്തുന്ന കൂട്ടുകാർ,  അവർ തന്നെ പലപ്പോഴും  ഒറ്റുകൊടുക്കുമ്പോഴും നിർമമനായി നോക്കിനില്ക്കുന്ന കുഞ്ചുണ്ണി.
എന്നാൽ വിദ്യാഭ്യാസം വ്യഭിചാരമാക്കിയപ്പോൾ പൊട്ടിത്തെച്ചു. പ്രതികരിച്ചു. ഫലം ആ ജോലിയും നഷ്ടമായി.
അപ്പോഴും പ്രാർത്ഥനയോടെ ഇട്ടിച്ചിര കാത്തിരുന്നു. എന്നിട്ടും.....
തെറ്റിനടന്നവഴികളിലൂടെ നേരിന്റെ പൊരുൾ തേടി ബോധാവസ്ഥയിൽ തന്നെ കുഞ്ചുണ്ണി തിരിച്ചു നടക്കാൻ ശ്രമിച്ചു..... പക്ഷേ.......
അവസാനം...... രക്ഷപെടാൻ  വിദേശത്തേക്കുള്ള യാത്രയുടെ തലേന്ന്  കടൽക്കരയിൽ , നക്ഷത്രങ്ങൾ  തന്റെ തലയ്ക്കകത്ത് ചിതറുന്നതുവരെ കുടിച്ചിരിക്കുന്ന കുഞ്ചുണ്ണിയെ വരച്ചിട്ട് നോവൽ  അവസാനിക്കുന്നു.
കുഞ്ചുണ്ണി ശാപമോക്ഷം നേടുമോ......?????
എന്തായിരുന്നു കുഞ്ചുണ്ണിയുടെ വ്യഥ....????    
എന്റെ വീക്ഷണം:
1960- 90 കാലഘടങ്ങളിലെ നായക സങ്കല്പത്തോട് ചേർന്ന് നില്ക്കുന്ന  ഒരു കഥാപാത്രമാണ് കുഞ്ചുണ്ണി.
ഖസാക്കിന്റെ ഇതിഹാസത്തിലെ രവിയുടെ വിദൂര സാദ്രൃശ്യം തോന്നാം. മനസ്സിൽ നിറയുന്ന വ്യഥയുമായി അലയുന്ന ഒരു കഥാപാത്രം.
ഇന്നും പക്ഷേ പ്രസക്തി തോന്നിക്കുന്ന  കഥാപാത്രം തന്നെയായി കുഞ്ചുണ്ണി വളരുന്നു.
നിലവിലുള്ള വ്യവസ്ഥകളോട് കലഹിക്കുന്ന രോഷാകുലനായ യുവാവിനെ മാടമ്പ് ഭംഗിയായി  അവതരിപ്പിച്ചു.




കെ ആര്‍ മോഹനന്റെ ആദ്യ ചിത്രമായ 'അശ്വത്ഥാമാവി'ന് മാടമ്പ് കുഞ്ഞുകുട്ടന്റെ അതേ പേരിലുള്ള നോവലാണ് ആധാരം. സിനിമയിലെ നായകകഥാപാത്രമായ കുഞ്ചുണ്ണിയെ, എഴുത്തുകാരന്‍ തന്നെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. സ്വന്തം നോവല്‍ സിനിമയായപ്പോള്‍ അതില്‍ എഴുത്തുകാരന്‍ തന്നെ നായകവേഷമിട്ടത് സിനിമാ ചരിത്രത്തിലെ തന്നെ അപൂര്‍വ്വതയാണ്. മഹാഭാരതത്തിലെ അശ്വത്ഥാമാവ് അവസാനിക്കാത്ത ദുരിതാനുഭവങ്ങളുടെ പ്രതീകമാണ്. പുതിയ കാലത്തില്‍, അശ്വത്ഥാമാവിനെപ്പോലെ നിപുണനായ, ഗൌരവപ്രകൃതക്കാരനായ കുഞ്ചുണ്ണിയെന്ന നമ്പൂതിരി യുവാവിനെയും തീര്‍ത്തും യാഥാസ്ഥിതികമായ ചുറ്റുപാടുകളില്‍ അയാളുടെ ജീവിതലംഘനങ്ങളെയുമാണ് സിനിമ ആവിഷ്‌ക്കരിക്കുന്നത്. ആ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരങ്ങളില്‍ 'അശ്വത്ഥാമാവ്' മികച്ച ചിത്രമാവുകയും, ഛായാഗ്രഹണത്തിന് മധു അമ്പാട്ടിനേയും കലാസംവിധാനത്തിന് സി.എന്‍ കരുണാകരനേയും അര്‍ഹരാക്കുകയും ചെയ്തു.