11-08-18


അച്ഛൻയാത്രകൾ
അച്ഛനിപ്പോൾ
യാത്രയിലാവും.
പണ്ടത്തെപ്പോലെ തന്നെ
ഈ പാതിരാത്രിയിലും
അവസാന ബസ്സിറങ്ങി,
കൂരിരിട്ടിനെ കുത്തിപ്പിളർത്തി മുന്നോട്ടാഞ്ഞ്,
കണ്ണിന്റെ നേർത്ത വെളിച്ചത്തിലൊരു യാത്ര.
കാത്തിരിയ്ക്കുന്ന കുഞ്ഞിക്കണ്ണുകൾക്കായി
റസ്കും,റൊട്ടിയും,
നാരങ്ങാമിഠായിയും
നെഞ്ചോടടക്കിപ്പിടിച്ച്,
തോരാമഴയുടെ കാർക്കശ്യത്തെ
കുടയില്ലാതെ നേരിട്ട്.....
പണ്ടു നടത്തിയ യാത്രകളുടെ
അതെ തുടർച്ചയിൽ.
എന്നാലീയാത്രയിലച്ഛൻ,
ഇടതൂർന്ന മഴത്തുള്ളികൾക്കൊപ്പം
താഴേയ്ക്കൂർന്ന് പുനർവിന്യസിക്കപ്പെടും.
ബലികാക്കകൾക്കൊപ്പം
ചാങ്ങും ചരിഞ്ഞും
മക്കളെ നോക്കും,
ഒന്ന് പുഞ്ചിരിയ്ക്കും....
അതും പോരാഞ്ഞ്
വാത്സല്യമായി മണ്ണിൽ പടർന്ന് നിറയും.
ഉറപ്പ്.
ശ്രീജിഷ്.കെ.പൊയ്യാറ

****
ചോർന്നൊലിച്ച്
നിലംപൊത്താനൊരുങ്ങി നിൽക്കുന്ന
കൂരയ്ക്കുള്ളിലും
പൊട്ടിച്ചിരി വിരിച്ച്
ജീവിതത്തെ അപ്പാടെ സ്വന്തം
തോളിലിട്ടേച്ച്
ഒറ്റക്കാലിൽ നിന്ന് നൃത്തമാടുന്നവർ..
മുന്നോട്ടുള്ള ഓരോ വഴികളും
ഒന്നൊന്നായി
അടഞ്ഞില്ലാതാവുമ്പോഴും
വാക്കിലും നോക്കിലും
ഓരോ അനക്കത്തിലും
പ്രതീക്ഷയുടെ ഫസ്റ്റ് ക്ലാസ് ടിക്കറ്റെടുത്ത്
ഓരോ ചുവടും പതിവിലും ഊക്കിൽ
നീട്ടിവെക്കുന്നവർ..
നെഞ്ചിനുള്ളിൽ കത്തിയെരിയുന്ന
കനലുകളത്രയും
ഇക്കിളിയെന്നോളം കളിപറഞ്ഞൊളിപ്പിച്ച്
ചിരിയുത്പാദിപ്പിക്കുന്ന നമ്പർ വൺ
യന്ത്രമാവുന്നവർ
സന്തോഷത്തിന്റെ ഹോൾ സെയിൽ ഡീലേഴ്സാവുന്നവർ..
തൊഴുത് പോയിട്ടുള്ളത്
ഒരിക്കലും കാണാത്ത ദൈവങ്ങൾക്ക് മുന്നിലല്ല
ദൈവത്തെപ്പോലും പിന്നിലാക്കി
കണ്മുന്നിലൂടെ
പച്ചയായി നടന്നു നീങ്ങുന്ന
ഇതുപോലെ ചില ജീവിതങ്ങൾക്ക് മുന്നിലാണ് !!
ജിംഷാദ്

തിരിച്ചറിവ്
എത്രമാത്രം ശാന്തയായിരുന്നു..
കൈവെളളയിലാണെന്ന
ഗർവ്വോടെ നടന്നു....
ഒരിക്കൽ രൗദ്ര ആകുമെന്ന്
അറിയില്ലായിരുന്നു...
അത്രമാത്രം   ദ്രോഹിച്ചിട്ടുണ്ടല്ലോ...
എല്ലാം കടപുഴകി..
തരിപ്പണമായി..
നിൽക്കക്കള്ളിയില്ല ..
ഞാൻ ഒതുങ്ങാം ..
നീ താണ്ഡവം നിർത്തൂ ..
ക്ഷമയുടെ നെല്ലിപ്പടിയും
തകർന്ന്...
അള മുട്ടിയെന്ന് മനസ്സിലായി...
മാപ്പ്...
ദിനേശൻ നെല്ലായ

പൂമരങ്ങൾ
തൊടിയിലൊന്ന്പുക്കുന്നതിനു മുമ്പായി
കൊഴിയാൻ
 കാത്തുവച്ചതെന്നു തോന്നിക്കും.
പൂമര -ങ്ങളുടെ
ദള മർമരങ്ങളിൽ മാത്രം
അച്ചുകുത്തുന്നയാളുടെ വീട്ടിലേക്ക്
വഴി പറഞ്ഞുകൊടുക്കുകയായിരുന്നു.
അടിവയറ്റിൽ വെളളവര
കളുള്ള മണ്ണാത്തിക്കിളി.
കിളികളെ മാത്രം വളർത്തുന്നയാളുടെ
മേൽ ച്ചുണ്ടിലെ
തൂവലായിരുന്നു
ആ മരത്തിലെ കൂട്.
രണ്ടും ഒരേ  പൂമരം തന്നെ.
ഒരേ പീലി  ഒരേ ന ട നം.
ആകെയുണ്ടായിരുന്ന ഒരു
കിടപ്പാടം
കടലെടുത്തുപോയിരുന്നു.
മഴനടന്നുനടന്ന്
വഴി അത്രമേൽ
കുത്തിയൊലിച്ച്
ഇസ്തിരി കൊണ്ട്
പൊള്ളലേറ്റ പോൽ
 പരുപരുത്തിരുന്നു.
കിളികൾവഴി ചോദിച്ചുചോദിച്ച്
വഴിവക്കിലെ മരങ്ങളിലെല്ലാം
വെളള കാഷ്ഠം കൊണ്ട്
മുദ്രവെച്ച്
പോയിരുന്നു.
ഒരു നാൾ കടലെടുക്കുമെന്ന്
ഉറപ്പായിരുന്നു. അന്നു തൊട്ട്
കടൽഭിത്തി കെട്ടിവച്ച്
കാത്തിരിക്കുകയായിരുന്നു.
വഴിതെറ്റി
ഒരു പുഴ ഭ്രാന്തെടുത്ത്
ഓടി വരും
അതിനെ
എന്നിലേക്ക് കെട്ടിയിടാൻ
വിശപ്പിൽ
തീതുപ്പുന്ന
ശരീരത്തെ
പോസ്റ്റ്മോർട്ടം നടത്തു
 ന്നവനിലേക്കുള്ള വഴി
അവസാനിപ്പിക്കാൻ '
 .ഷട്ടർ തുറക്കാൻ
വേണ്ടി കാത്തിരുന്ന
അധികമാർക്കുമറിയാത്തൊരു
ഇടവഴിയുണ്ടായിരുന്നു.
അതു 'ഒഴുക്കിൽ പെട്ട്
 പലയിടത്തേക്കും പറന്നുപോയിട്ടുണ്ടാവും.
ദുരിതാശ്വാസം
നൽകാൻ വരുന്നവരിൽ
ചിലർക്കെങ്കിലും
അതു കണ്ടെത്താൻ കഴിയും.
പറന്നകന്ന കിളിയുടെ
 തീതുപ്പുന്ന ഓർമയിൽ
ചുവന്നു പോയ്
ഉമ്മവച്ചുമ്മ വച്ച് ശരിക്കും
തുടുത്തു പോയ പൂമരം വീണിട്ടുണ്ടാകും.
ജലതാണ്ഡവത്തിന്റെ
നഗ്നനൃത്തംകണ്ടുകണ്ട്
വഴിയരികിലെ മരങ്ങൾ
നേരവും കാലവുംനോക്കാതെ
പൂത്തുപോകുന്നുണ്ടാകും.
ഓർമയുടെ അച്ചുകുത്തിയ ചുഴിയിൽനിന്ന്
മടങ്ങിയിറങ്ങിവരുന്ന
ഫോസിൽ പറവകൾ
ചെന്നിരിക്കുന്നത്
പൂത്തു തളിർത്ത്
മരിക്കാറായ
കടലാസു മരത്തിന്റെ
ബോൺസായ്
ചില്ലയിൽ മാത്രം .
അജിത്രി

പുഴ കടലിനോട്......
എന്റെ പ്രിയനേ നിന്നിലലിയാനുള്ള മോഹവുമായി ഞാൻ കാത്തിരുന്ന കാലയളവ്  നിനക്കറിയില്ല
എന്റെ മനസ്സിന്റെ വികാരം നീയറിയില്ല
വേനലിൽ മൃതപ്രാണയായി ഞാൻ കിടക്കുമ്പോഴും
ഇങ്ങനെയൊരിക്കൽ  നിന്റെ ചാരത്തണയാമെന്ന പ്രത്യാശയാണ് എന്നെ ജീവിപ്പിച്ചത്
നിന്റെ മാറിൽ ഞാനൊഴുകിയെത്തിയപ്പോൾ
ഇന്ന് നിന്റെ ആഴങ്ങളിൽ ഞാൻ അലിഞ്ഞു ചേർന്നപ്പോൾ,
സന്തോഷാധിക്യത്താൽ  ഉള്ള  എന്റെ പൊട്ടിക്കരച്ചിൽ
നിന്നെ പരിഭ്രാന്തനാക്കിയോ
എത്രകാലം നിന്നിൽ ഇങ്ങനെ അലിഞ്ഞു കിടക്കാനാകുമെന്നറിയില്ല
എങ്കിലും പ്രിയനേ
നീയെന്നെ മറന്നില്ലല്ലോ
എന്റെ യവ്വനം പോയിട്ടും നീയെന്നെ വെറുത്തില്ലല്ലോ...
അതുമതി എനിക്ക് അടുത്ത അലിഞ്ഞുചേരൽ വരെ സന്തോഷിക്കാൻ
അതുമതി ഏതു കയ്യേറ്റത്തിലും പിടിച്ചു നിൽക്കാൻ......
എന്റെ മോഹങ്ങൾ പൂവണിയാനായുള്ള വ്യഗ്രതയിൽ
ജീവനുൾപ്പെടെ പല നഷ്ടങ്ങൾ എന്നിൽ നിന്നുണ്ടായി
മറക്കാനും പൊറുക്കാനും എന്നെ ദ്രോഹിച്ചവരോട് ഞാൻ യാചിക്കുന്നു
ഇപ്പോൾ എന്റെ മനസ്സിൽ നിന്നോടുള്ള പ്രണയം മാത്രം...
വികാരം മാത്രം....
മനസ്സ് നിറഞ്ഞു ആസ്വദിക്കട്ടെ നിന്റെ ഈ സാമീപ്യം
കൊതിതീരെ,വീണ്ടും വീണ്ടും നിന്നിലലിയട്ടെ ഞാൻ.
റംല എം ഇക്ബാൽ

പങ്ക്
നിന്നിൽ ശേഷിക്കും
എന്റെ പങ്കും
എന്നിൽ ശേഷിക്കും
നിന്റെ പങ്കും
വിചിത്രങ്ങളാണ് .....
തിരക്കിട്ടോടുന്നതിനിടയിൽ
നിന്റെ കാലുകൾ
പൊടുന്നന്നെ
നിൽക്കുന്നു...
ഞാൻ നടത്തം നിർത്തിയതാവാം !
എഴുതുമ്പോൾ
നിന്റെ കൈകൾ വിറയ്ക്കുന്നു..
എന്റെ പേന നിന്നെയെഴുതി
തളർന്നിരിക്കാം..!
നിൻ മിഴിയിലെ വെള്ളയിൽ
എന്റെ പങ്കായ കറുപ്പ്
തുരുതുരെ മിടിക്കുന്നു......
അവ തമ്മിൽ ഒന്നു കാണാൻ
മരിക്കയാവാം ....
മൊഴികൾക്കു നടുവിൽ
വാക്കുകൾ മുറിയുന്നു
ആ തുണ്ടു മൗനങ്ങളിൽ
നിന്റെ ചുംബനം കാക്കയാവാം
എന്റെ ചുണ്ടുകൾ ....
കടുത്ത ശൂന്യതയിൽ
ഒരു സംഗീതം
നിന്റെ കേൾവിയെ
പൊതിയുമ്പോൾ
എന്റെ നിശബ്ദ ശബ്ദ വീചികൾ
നിന്നെ മുട്ടിയുരുമ്മി പോയതാവാം
പെട്ടെന്ന് നിന്റെ
ഹൃദയത്തിലൊരു കോൺ
നിലച്ചുപോകിലും
മറുപാതി ദ്രുതമായ് മിടിക്കുന്നു
പറഞ്ഞാലുമില്ലെങ്കിലും 
നീ എന്റെ പങ്കെന്നും
ഞാൻ നിന്റെ പങ്കെന്നും
എന്നാൽ പങ്കുവയ്ക്കാൻ
നമുക്കൊന്നുമില്ലാത്ത
ഒരു സ്നേഹമാണെന്നും
ആ സ്നേഹത്തോട്
നമുക്ക് വലിയ ഇഷ്ടമാണെന്നും
അത് നമ്മോട്
പറഞ്ഞു വയ്ക്കുന്നു...
ശാന്തി പാട്ടത്തിൽ

ഇന്ധനം
ഇന്ധനവില രൂക്ഷം
വലയുന്നു ജനം .
പ്രതിഷേധക്കൊടു-
ങ്കാറ്റുയരുന്നു ചാനലിൽ
കോർപ്പറേറ്റുകൾക്കെതിരെ
മാരത്തോൺ വാർത്തകൾ .
ഇടയ്ക്കോരോ
കൊമേഴ്സ്യൽ ബ്രേക്കുകൾ .
ഓരോ ബ്രേക്കിലും
മിന്നിത്തെളിയുന്നൊരേ
പരസ്യവാചകം .
"അലയൻസ് ഇന്ത്യാ ലിമിറ്റഡ്
അൾട്ടിമേറ്റ് ഫ്യൂവൽ സൊല്യൂഷൻ "
ലാലു കെ ആർ

സദാചാരം
അവൾക്കറിയാമായിരുന്നു
അവളറിയാതെ
അവരെല്ലാം
അവരവരുടെ
രാത്രികളിലേക്കവളെ
കൂട്ടിക്കൊണ്ടു പോകുന്നുണ്ടെന്ന് .
രാത്രി മുഴുവനുമവളെ
കൊതിതീരെ
ഭോഗിക്കുന്നുണ്ടെന്ന് .
പകലവളെ കാണുമ്പോൾ
'പെങ്ങളേ' .... യെന്നവർ
നീട്ടി വിളിക്കുമ്പോൾ
'എന്തോ ' ......ന്നവൾ
വിളി കേൾക്കുമ്പോൾ
പൂത്തുലയുന്നതൊരു
സദാചാര മരമാണ്.
വമിക്കുന്നത്
ദുർഗന്ധമാണെങ്കിലും
ലാലു കെ ആർ

കാലം
വേനൽ കത്തിയെരിയുന്ന
വെളിമ്പറമ്പുകൾക്കപ്പുറത്ത്
പറങ്കിമാവിൻ
കൊമ്പുകൾക്കുയരേ
മഴ മേഘങ്ങൾ
ഉരുണ്ടുരുണ്ടു
പൊന്തിയങ്ങനെ
മാനത്തേക്കുയരും .
സന്ധ്യയൊന്നു മയങ്ങുമ്പോൾ
ചെറു ചാറ്റൽ മഴയൊന്നു
ചാഞ്ഞു ചാ-
ഞ്ഞെത്തി നോക്കുമ്പോൾ
പാൽവെളിച്ചങ്ങളൊഴുക്കിക്കുറേ
പെട്രോൾ മാക്സുകൾ
പാടത്തും പറമ്പിലും
ചുറ്റാനിറങ്ങും .
പെട്രോ മാക്സ്
പെട്രോമാക് സെന്ന്
ആൾപ്പിടിയൻ തവളകൾ
ഭീതിയോടെ മുരളും .
ഓടിയൊളിച്ചോ -
യെന്നൊരു രോദനമാണത്.
കണാരൻ ചേട്ടനും
കുഞ്ഞിക്കാദറും
കള്ളു തോമായും കൂടി
ഒരു കുഴിക്കരികെ
കുന്തിച്ചിരിക്കും .
നടുവെട്ടിമാറ്റിയ ത വളകൾ
കുഴിയിലേക്ക്
വരിവരിയായി യാത്ര ചെയ്യും .
കൊന്നു തള്ളിയ
തവളകളെല്ലാം കൂടി
കണ്ണും മിഴി -
ച്ചൊരിരുപ്പുണ്ട്.
മണ്ണിട്ട് മൂടുമ്പോൾ
അവസാനം കാറുന്നൊരു
കരച്ചിലുണ്ട്.
കാലം എൺപതുകളാണ്.
ബാബറി മസ്ജിദ് പൊളിച്ചിട്ടില്ല
പള്ളി പൊളിച്ചാല്
ഭരണം കിട്ടുമെന്നാരും
കണ്ടു പിടിച്ചിട്ടുമില്ല.
തവളയിറച്ചീം പൊരിച്ച്
തോമയും കണാരനും
കുഞ്ഞിക്കാദറും കൂടി
കള്ളു മോന്തിത്തുടങ്ങുമ്പോൾ
തവള ശാപം കൊണ്ടാവും
ഇടവപ്പാതിയങ്ങോട്ട്
കോരിച്ചൊരിയും .
ഇന്നിപ്പോൾ
തവള ദമ്പതികൾ
മാലയിട്ടിങ്ങനെ
അമ്പലനടയിൽ
തല കുമ്പിട്ടിരിക്കുന്നത്
പെയ്യാത്ത
മഴയെക്കുറിച്ചോർത്തല്ല,
ദാമ്പത്യ ജീവിതത്തെക്കുറിച്ച്
വേവലാതിപ്പെട്ടിട്ടുമല്ല.
അന്ധവിശ്വാസം കൊണ്ട്
പൂപ്പലടിച്ചു പോയ
നിന്റെയൊക്കെ
തലച്ചോറിനെക്കുറി
ച്ചോർത്ത്
നാണിച്ചിട്ടാണ്.
ലാലു കെ ആർ

ലളിതയുടെയും റിയാസിന്റെയും കഥ
റിയാസ്,
ലളിത പറഞ്ഞു,
മുഹമ്മദുനബിയുടെ
വംശവീര്യമുള്ളവനേ,
നിന്റെ ശാന്തനയനങ്ങളുടെ
പ്രണയകാന്തത്തില്‍
പെട്ടുപോയ എനിക്ക്
ഇനി ഒരു നിമിഷം പോലും
സഹിക്കാനാവില്ല.
ഒരു രാത്രിപോലും
ഇനിയെനിക്കു
തനിച്ചുറങ്ങാനാവില്ല.
വാ,
ഉഴുതിട്ട പച്ച മണ്ണിലേയ്ക്കു
പേമാരി നടത്തുന്ന പടയോട്ടം പോലെ
ചളിയില്‍ പുതഞ്ഞ കാലുകള്‍ക്കിടയിലിട്ട്
എന്നെ ചവിട്ടി ഞെരിക്ക്.
റിയാസ,്
കഴുകന്‍
കോഴിക്കുഞ്ഞിനെ എന്ന പോലെ
എന്റെ ഇളയ നഗ്നതയെ
നീ കത്തുന്ന പ്രണയ വെയിലിലേയ്ക്ക്
കൊത്തിക്കൊണ്ടു പോക്.
റിയാസ്,
എനിക്കു നീ അഞ്ചു നേരം
നെറ്റിമുട്ടിക്കുന്ന നിസ്‌ക്കാരപ്പായാകണം.
അഗ്രഛേദം വരുത്തിയ
ആത്മശിവലിഗത്തിലുദരം തറ-
ച്ചുന്മാദമാടണം എനിക്ക്.
സ്ഖലനത്തിന്റെ സമയത്ത്
നീ ബാങ്കുവിളിക്കണം.
അപാരമായ ആകാശംപോലെ
എനിക്കാ ദൈവസ്വരത്തിലേയ്ക്ക്
ഉടഞ്ഞു പെയ്യണം.
വി.ടി.ജയദേവൻ

ഡാം പൊട്ടുമ്പോൾ 
വലിയ ശബ്ദമൊന്നും കേട്ടില്ല.
അർദ്ധരാത്രിയിൽ, അതാദ്യം അറിഞ്ഞത്
'അമ്മ മൂങ്ങയും മൂന്നു മക്കളും മാത്രം.
അടിക്കാട്ടിലെ മരക്കൊമ്പിൽ '
അമ്മ മക്കൾക്കു ഭക്ഷണം
വിളമ്പുകയായിരുന്നു അപ്പോൾ.
രാത്രിവേട്ടകൾക്കും മൃഷ്ടാന്നഭോജനത്തിനും
ശേഷം മയങ്ങുകയായിരുന്നു
ക്രൂരമൃഗങ്ങൾ.
അഹങ്കാരത്തോടെ ചിന്നം വിളിക്കുന്ന വെള്ളാനകളും നിഷ്കളങ്കരായ മാനുകളും പ്രളയ ജലത്തിൽ ഒരുപോലെ
നിസ്സഹായരായിരുന്നു.
താഴ്വരയിലെ മുസ്ലിം പള്ളിയിൽ സുബഹ്
നമസ്കാരത്തിന്റെ വാങ്കുവിളി മുഴങ്ങിയില്ല.
ക്രിസ്ത്യൻ പള്ളികളിലും അമ്പലങ്ങളിലും
മണികൾ മുഴക്കാൻ ആരും അവശേഷിച്ചില്ല.
ബുദ്ധിജീവികളാകട്ടെ തലേന്നത്തെ മതേതര
ചാനൽചർച്ചകളിൽ വിഷമേറെ തുപ്പിയതിനാൽ തളർന്നു കൂർക്കംവലിച്ചുറങ്ങിപോയി.
പക്ഷം ചേർന്നതിനുള്ള ഔദാര്യമായി
കിട്ടുന്ന അവാർഡുകളും  സ്ഥാനമാനങ്ങളും ആർത്തിയോടെ വാങ്ങുന്നതായുള്ള ആ 
സ്വപ്‌നങ്ങൾ പൂർത്തിയാകും മുൻപേ ജലം അവരെ വിഴുങ്ങി.
താഴ്വാരത്തിലെ ചെറുവീടുകളിൽ
അധ്വാനിച്ചു തളർന്നുറങ്ങിയ, ഒരിക്കലും
തളിർക്കാതെ പോകുന്ന കൊച്ചു സ്വപ്‌നങ്ങൾ കണ്ടുറങ്ങിയ മനുഷ്യരാവട്ടെ ജലസമാധിയടഞ്ഞു.
ഭീകരമായവിദ്വേഷത്തോടെ അസഹിഷ്ണുതയുടെ അലറിപ്പാച്ചിലോടെ
പ്രളയജലം എല്ലാറ്റിനെയും വിഴുങ്ങി.
മുലകുടിച്ചുകൊണ്ടു നെഞ്ചോടു ചേർന്ന്
മയങ്ങിയ തന്റെ കടിഞ്ഞൂൽ കുഞ്ഞിനെ
രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിയുടെ ആർത്തനാദം
അമ്മമൂങ്ങ കേട്ടു.
പറക്കമുറ്റാത്ത തന്റെ പിഞ്ചു കുഞ്ഞുങ്ങളെ
രാക്ഷസത്തിരകളിൽ നിന്നും രക്ഷിക്കാൻ
കിണഞ്ഞു ശ്രമിക്കയായിരുന്നു
അമ്മമൂങ്ങ അപ്പോൾ.
കാടും നാടും നഗരവും വിഴുങ്ങി തന്റെ അധിനിവേശയുദ്ധം ഭംഗിയായും
വൃത്തിയായും പൂർത്തിയാക്കി
കടലിൽ എത്തിയപ്പോൾ പ്രളയം
കൃതാർഥയായി.
തിരകൾ ശവങ്ങളെ ഭേദമേതുമില്ലാതെ
അമ്മാനമാടി.
ചീഞ്ഞഴുകി തുടങ്ങിയ
ചിലശവങ്ങൾ അപ്പോഴും കുരിശിനെയും കൊടിമരത്തെയും മുറുകെ പുണർന്നിരുന്നു.
എല്ലാം ശാന്തമായപ്പോൾ പ്രഭാതം
ഒന്നും അറിയാത്തപോലെ
വെളിച്ചവുമായി വന്നു.
പക്ഷെ ദുരിതമാശ്വസിപ്പിച്ചു
കണ്ണീരൊഴുക്കാൻ മുതലകൾ മിച്ചമുണ്ടായിരുന്നില്ല.
അണ്ടിപ്പരിപ്പ്‌തിന്നും, "നാരിയൽപാനി" കുടിച്ചും
ആകാശത്തിൽ കഴുകന്മാരെപോലെ
പറന്നു കണക്കെടുക്കുന്ന ഗോസായിമാരെയും കണ്ടില്ല !
അത്ഭുതം ! തന്റെ കുഞ്ഞുങ്ങളിലൊന്നിനെ
അമ്മമൂങ്ങ എങ്ങിനെയോ രക്ഷപ്പെടുത്തി !
കേരളം എന്നതു കടലമ്മ പണ്ടു കനിഞ്ഞു നൽകിയ ഒരു മൺചിറയാണെന്ന പഴങ്കഥ
അന്വർഥമായി എന്നറിഞ്ഞ അമ്മമൂങ്ങ
അക്കഥ തന്റെ കുഞ്ഞിനോടു പറഞ്ഞുകൊടുത്തു....
 രാജ്യത്തിന്റെ പിന്നീടുണ്ടായ ഭൂപടത്തിൽ നിന്നും ആ "മൺചിറ" ആരോ മായ്ചു കളഞ്ഞു !!!"
വയലാർ മാധവൻകുട്ടി.