11-07-18

ഒരു ഭാഷയുടെ പേര് കേൾക്കുമ്പോൾ ആ ഭാഷയിൽ സംസാരിച്ച ഒരു വ്യക്തിയെ ഓർമ്മ വരിക !
ശരിക്കും മഹാത്ഭുതം തന്നെയല്ലേ?
സംസ്കൃതം എന്ന് കേൾക്കുമ്പോഴോ, ഇംഗ്ലീഷെന്ന് കേൾക്കുമ്പോഴോ, ലാറ്റിൻ എന്നു കേൾക്കുമ്പോഴോ ഇതു സംഭവിക്കുന്നില്ല.
പക്ഷേ
പാലി എന്നു കേൾക്കുമ്പോഴോ?
പ്രത്യക്ഷമാവുന്നു ഒരു മഹാപുരുഷൻ മനോമുകുരത്തിൽ!
ബുദ്ധം ശരണം ഗച്ഛാമി!
ശ്രീബുദ്ധ രൂപം!
മദ്ധ്യ ഇൻഡോ-ആര്യൻ ഭാഷകൾ അഥവാ പ്രാകൃതങ്ങൾ എന്ന വർഗ്ഗത്തിലെ ഒരു ഭാഷയാണ് പാലി. ബുദ്ധമതത്തിന്റെ പവിത്രഗ്രന്ഥങ്ങളുടെ ലഭ്യമായതിൽ ഏറ്റവും പഴയ സംഹിതയായ ത്രിപിഠകങ്ങളുടെ ഭാഷ,  ഥേരവാദ-ബുദ്ധമതത്തിന്റെ അനുഷ്ഠാനഭാഷ  എന്നീ നിലകളിൽ അത്
പ്രധാനമാണ്.


 മലയാളത്തിനു പാലി ഭാഷയുമായി അവഗണിക്കാനാവാത്ത ബന്ധമുണ്ട്. പാലിയിൽ നിന്ന് കടംകൊണ്ട അനേകം വാക്കുകൾ പിന്നീടുണ്ടായ സംസ്കൃതത്തിന്റെ പ്രഭാവത്തേയും അതിജീവിച്ച് മലയാളത്തിൽ നിലനിൽക്കുന്നു.

✡ പേര്
പാലി എന്ന വാക്ക് പവിത്രലിഖിതങ്ങളിലെ വചനങ്ങളെ അല്ലെങ്കിൽ വരികളെ സൂചിപ്പിക്കുന്നു. ഭാഷയ്ക്ക് ഈ പേര് കിട്ടിയത് ബുദ്ധമതഗ്രന്ഥങ്ങളുടെ വ്യാഖ്യാനപാരമ്പര്യത്തിൽ നിന്നാണ് എന്നു കരുതപ്പെടുന്നു.

 പവിത്രരചനയുടെ മൂലത്തിൽ നിന്ന് ഒരു വരി അല്ലെങ്കിൽ 'പാലി' അവതരിപ്പിച്ചിട്ട് പ്രാദേശികഭാഷയിൽ അതിന്റെ അർത്ഥം വ്യക്തമാക്കുകയായിരുന്നു വ്യാഖ്യാനരീതി. പ്രാദേശികഭാഷയിലുള്ള അർത്ഥത്തിൽ നിന്ന് ഭിന്നമായി നിന്ന മൂലഗ്രന്ഥഭാഗം 'പാലി' എന്നു വിളിക്കപ്പെടാൻ ഇതു കാരണമായി. ക്രമേണ അത് പവിത്രരചനയുടെ മൂലഭാഷയുടെ തന്നെ പേരായി. ഭാഷക്ക് ഇങ്ങനെ വന്നുചേർന്ന ഈ പേരുതന്നെ എക്കാലത്തും പണ്ഡിതന്മാർക്കിടയിൽ ചർച്ചാവിഷയമായിരുന്നു. പേരിന്റെ ശരിയായി ഉച്ചാരണത്തെക്കുറിച്ചും അഭിപ്രായൈക്യമില്ല. അതിലെ രണ്ടു വ്യഞ്ജനങ്ങൾക്കിടയിലുള്ളസ്വരം ഹ്രസ്വമായും ദീർഘമായും(പ, പാ) ഉച്ചരിക്കുന്നവരുണ്ട്. രണ്ടാമത്തെ വ്യഞ്ജനത്തിന്റെ കാര്യത്തിലും തർക്കമുണ്ട്. ചിലർക്ക് അത് 'ല'യും മറ്റുള്ളവർക്ക് 'ള'യും ആണ്.   ഭാഷയുടെ പേര് നാലുവിധത്തിൽ എഴുതപ്പെടാൻ ഈ തർക്കങ്ങൾ ഇടയാക്കുന്നു.

പ്രാകൃതഭാഷാകുടുംബത്തിലെ ഒരു സാഹിത്യഭാഷയാണ് പാലി. ക്രിസ്തുവിന് മുൻപ് ഒന്നാം നൂറ്റാണ്ടിൽ ബുദ്ധമതത്തിന്റെ പവിത്രലിഖിതങ്ങൾ ശ്രീലങ്കയിൽവച്ച് ആ ഭാഷയിൽ എഴുതപ്പെട്ടപ്പോൾ, പാലി ജീവഭാഷയോട് അടുത്തുനിന്നിരുന്നു; എന്നാൽ പവിത്രരചനകളുടെ വ്യാഖ്യാനങ്ങളുടെ സമയമായപ്പോൾ ഈ നിലമാറി.
ഈ വിഷയത്തിൽ ഏറെ പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും, പാലിയും പുരാതനമഗധാരാജ്യത്തിലെ സംസാരഭാഷയും തമ്മിലുള്ള ബന്ധം എന്തായിരുന്നുവെന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ ബാക്കി നിൽക്കുന്നു. പഴയ മഗധ പുരാതനഭാരതത്തിന്റെ വടക്കുപടിഞ്ഞാറ് ബലൂചിസ്ഥാനോടുചേർന്ന ഭാഗത്തായിരുന്നെന്നും കിഴക്കോട്ടുമാറിയുള്ള പ്രദേശം ആ പേരിൽ അറിയപ്പെടാൻ തുടങ്ങിയത് അശോകന്റെ കാലത്താണെന്നും അടുത്ത കാലത്ത് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും മഗധ ഇപ്പോഴത്തെ ബിഹാറിനടുത്തായിരുന്നെന്നാണ് മിക്കവാറും പണ്ഡിതന്മാർ കരുതുന്നത്.
ആദ്യകാലബുദ്ധമതക്കാർ പാലിയെ, പഴയ മാഗധിക്ക് സമാനമായതോ അതിന്റെ പിന്തുടർച്ചയിൽ ഉത്ഭവിച്ചതോ ആയ ഭാഷയായി കരുതി. ഥേരവാദബുദ്ധമതത്തിന്റെ പുരാതനരേഖകളിൽ പലതിലും പാലി പരാമർശിക്കപ്പെടുന്നത് 'മാഗധൻ' അല്ലെങ്കിൽ "മഗധത്തിലെ ഭാഷ" എന്നാണ്. എന്നാൽ, ക്രി.മു. മൂന്നാം നൂറ്റാണ്ടിലെ അശോകശാസനങ്ങളിൽ കാണപ്പെടുന്ന പിൽക്കാലമാഗധി, കിഴക്കൻ ഭാരതത്തിലെ ഭാഷയായിരുന്നെങ്കിൽ പാലിക്ക് പശ്ചിമേന്ത്യയിൽ കാണപ്പെടുന്ന ലിഖിതങ്ങളോടാണ് സമാനത എന്നത് ഈ പ്രശ്നത്തെ സങ്കീർണ്ണമാക്കുന്നു.

 ജൈനമതത്തിലെ ഇരുപത്തിനാലാം തീർഥങ്കരനായിരുന്ന മഹാവീരന്റേയും ഗൗതമബുദ്ധന്റേയും സന്ദേശങ്ങളുടെ പ്രഘോഷണവേദിയായിരുന്നു മഗധം എന്നറിയുമ്പോൾ പാലിയും അർദ്ധമാഗധിയും തമ്മിലുള്ള സമാനതകൾ ആകസ്മികമല്ലെന്ന് വ്യക്തമാവും.

മദ്ധ്യ ഇൻഡോ ആര്യൻ ഭാഷയായ പാലി, സംസ്കൃതത്തിൽ നിന്ന് വേറിട്ടുനിൽക്കുന്നത് അതിന്റെ ഉത്ഭവത്തിലേക്ക് നയിച്ച സംസാരഭാഷാപാരമ്പര്യം(dialectal base) വ്യത്യസ്തമായതുകൊണ്ടാണ്. ഇരുഭാഷകളിലേയും പദോല്പത്തിനിയമങ്ങളേയും പദസമ്പത്തിനേയും അടിസ്ഥാനമാക്കിയുള്ള പഠനങ്ങളിൽ നിന്ന് സാധ്യമായ അനുമാനം, വൈദികസംസ്കൃതത്തിന്റെ നേർപാരമ്പര്യത്തിൽ നിന്ന് വേറിട്ട് വികസിച്ച ഭാഷയാണ് പാലി എന്നാണ്. ഋഗ്വൈദിക ഭാഷയുമായി സമാനതകൾ പുലർത്തിയിരുന്നെങ്കിലും അതിൽ നിന്ന് വ്യത്യസ്തമായിരുന്ന സംസാരഭാഷാപാരമ്പര്യത്തിലോ പാരമ്പര്യങ്ങളിലോ ആണ് പാലിയുടെ അടിത്തറ.[10]
ബുദ്ധനും പാലിയും
ബുദ്ധന്റെ കാലത്തെ ഉത്തരേന്ത്യയിൽ വ്യത്യസ്തഭാഷകൾ സംസാരിച്ചിരുന്നവർക്കിടയിൽ സംസ്കാരിക സംസർഗ്ഗത്തിനുള്ള ഉപാധിയായി ബുദ്ധൻ ഉൾപ്പെടെയുള്ളവർ ഉപയോഗിച്ച കണ്ണിഭാഷ(Lungua Franca) ആയാണ് പാലിയുടെ തുടക്കം എന്ന് പ്രഖ്യാത ഥേരാവാദബുദ്ധമതഗവേഷകനും പാലിപണ്ഡിതനുമായി റിസ് ഡേവിഡ്സിന്റെ ബൗദ്ധഭാരതം, വിൽഹെം ഗൈഗറുടെ പാലി സാഹിത്യവും ഭാഷയും എന്നീ കൃതികളിൽ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അക്കാലത്ത് "ആര്യൻ ഭാഷകൾ സംസാരിച്ചിരുന്ന ജനതകളുടെ സംസ്കൃതവും ഉദാത്തവുമായ പൊതുഭാഷയായിരുന്നു പാലി" എന്ന് മറ്റൊരുപണ്ഡിതൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ പരസ്പരം പോരടിക്കുന്ന ഒട്ടേറെ സിദ്ധാന്തങ്ങളല്ലാതെ അഭിപ്രായൈക്യമില്ല. പുരാതനമഗധ ഉത്തരപൂർവഭാരതത്തിലായിരുന്നുവെന്ന സങ്കല്പമാണ് ഈ സിദ്ധാന്തങ്ങൾക്കെല്ലാം പൊതുവായുള്ളത്.
 ബുദ്ധന്റെ നിർവാണത്തിനുശേഷം അദ്ദേഹത്തിന്റെ അനുയായികൾടയിൽ അദ്ദേഹം ഉപയോഗിച്ച ഭാഷയിൽ നിന്ന്, കൃത്രിമമായ ഒരു പുതുഭാഷയായി പാലി വികസിച്ചിരിക്കാം. ഇക്കാര്യത്തിൽ ഇപ്പോൾ പണ്ഡിതന്മാർക്കിടയിലുള്ള നിലപാടുകളെ സംഗ്രഹിച്ച് ബോധിഭിക്ഷു പറയുന്നത്, "ബുദ്ധൻ സംസാരിച്ചിരുന്ന ഭാഷയോ ഭാഷകളോ ആയി അടുത്തബന്ധമുള്ള ഭാഷയാണ് പാലി" എന്നാണ്. അദ്ദേഹം തുടർന്ന് ഇങ്ങനെ എഴുതുന്നു:
മൂന്നാം നൂറ്റാണ്ടിൽ നിലവിലുരുന്ന പല പ്രാകൃതഭാഷകളുടേയും സങ്കരത്തിൽ നിന്ന് ഭാഗികമായ സംസ്കൃതവൽക്കരണത്തിലൂടെ രൂപപ്പെട്ട ഭാഷയായാണ് പണ്ഡിതന്മാർ അതിനെ കണുന്നത്. ബുദ്ധൻ സംസാരിച്ചിരുന്ന ഭാഷകളിൽ ഏതെങ്കിലും ഒന്നല്ല അതെങ്കിലും, ആ ഭാഷകളുടെ ബൃഹദ്കുടുംബത്തിൽ പെടുന്നതും അവയുടെ ഭാവനാപശ്ചാത്തലം(conceptual matrix) പങ്കിടുന്നതുമാണത്. വിശാലമായ ഭാരതീയസംസ്കൃതിയിൽ നിന്ന് ബുദ്ധന് പൈതൃകമായി കിട്ടിയ ലോകവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്ന ഭാഷ എന്ന നിലയിൽ അതിലെ വാക്കുകൾ അദ്ദേഹത്തിന്റെ ചിന്താലോകത്തിന്റെ സൂക്ഷ്മഭാവത്തെ സംവഹിക്കുന്നു.

ബുദ്ധന്റെ ഭാഷയും പാലിയുമായുള്ള ബന്ധം എന്തുതന്നെയായിരുന്നാലും, അദ്ദേഹത്തിന്റെ വചനങ്ങൾ കാലക്രമത്തിൽ രേഖപ്പെടുത്തപ്പെട്ടതും സം‌രക്ഷിക്കപ്പെട്ടതും ആ ഭാഷയിലാണ്. ആ വചനങ്ങളെ പിന്തുടർന്ന വ്യാഖ്യാനപാരമ്പര്യം അവയുടെ സിംഹളഭാഷാമൊഴിമാറ്റത്തിലൂടെയാണ് ബുദ്ധഘോഷന്റെ കാലം‌വരെയുള്ള തലമുറകളിൽ നിലനിന്നത്.

ജാതകകഥകൾ
 ബൗദ്ധസാഹിത്യത്തിലെ ഒരു പ്രധാന വിഭാഗമാണ് ജാതകകഥകൾ . ഇവയിലെ പ്രതിപാദ്യം ബുദ്ധന്റെ പൂർ‌വജന്മകഥകളാണ് എന്നതാണ് ജാതകകഥകൾ എന്ന പേരു ലഭിക്കാൻ കാരണം. ബുദ്ധന്റെ ഏതെങ്കിലും ഒരു പൂർവ്വജന്മത്തിൽ നടന്ന സംഭവമായിട്ടാണ് ഓരോ കഥയും ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇവയിൽ ബുദ്ധൻ നായകനോ,കഥാപാത്രമോ ചിലപ്പോൾ നിരീക്ഷകനോ ആയിരിക്കും. അതിനാലിവയെ ബോധിസത്വകഥകൾ എന്നും പറയാറുണ്ട്. ഇവയിലധികവും പാലി ഭാഷയിലാണ്.
ശ്രോതാക്കളുടെ കഴിവിനനുസരിച്ചാണ് ബുദ്ധൻ ജ്ഞാനോപദേശം ചെയ്തിരുന്നത് എന്ന് സദ്ധർമപുണ്ഡരീകം എന്ന ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു.സൂക്തരൂപത്തിലും, ഗാഥാരൂപത്തിലും ഐതിഹ്യരൂപത്തിലും ജാതകകഥകളിലൂടെയും അദ്ദേഹം ഉപദേശങ്ങൾ നൽകി. ജാതകകഥകൾ സാമാന്യജനങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു.
നാടോടിക്കഥകളും യക്ഷിക്കഥകളുമെല്ലാം ബുദ്ധമതപരമായ കഥകളാക്കി മാറ്റപ്പെടുകയും അവയിലെല്ലാം ബുദ്ധൻ ഒരു കഥാപാത്രമായി ചിത്രീകരിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്.ബൗദ്ധന്മാരുടെ പുനർജന്മസിദ്ധാന്തവും കർമസിദ്ധാന്തവും ഏതുകഥകളേയും ബുദ്ധമതവുമായി ബന്ധിപ്പിക്കുന്നതിന് സഹായകമായിരുന്നു. ബുദ്ധൻ സിദ്ധാർത്ഥഗൗതമനായി കപിലവസ്തുവിൽ ജനിക്കുന്നതിന് മുൻപ് അദ്ദേഹത്തിന് അനേകജന്മങ്ങൾ കഴിഞ്ഞിരുന്നു എന്നാണ് ബുദ്ധമത വിശ്വാസം. ഓരോ ജന്മത്തിലെയും കർമഫലമനുസരിച്ച് രാജാവായോ മന്ത്രിയായോ കച്ചവടക്കാരനായോ ചണ്ഡാലനായോ ഏതെങ്കിലും മൃഗമായോ ജനിച്ചിരുന്നു. ഇതുമൂലം ഏതു നാടോടിക്കഥയേയും ബൗദ്ധകഥയാക്കുന്നതിന് അതിലെ ഏതെങ്കിലും ഒരു കഥാപാത്രത്തെ ബുദ്ധനായി സങ്കൽ‌പ്പി‌ച്ചാൽ മാത്രം മതിയായിരുന്നു.


ഭാരതത്തിലെ കഥാസാഹിത്യത്തെ സംബന്ധിച്ചിടത്തോളം ജാതക കഥകൾക്ക് വളരെ പ്രാധാന്യമുണ്ട്. പലജാതകകഥകളോടും തുല്യമായ കഥകൾ പഞ്ചതന്ത്രം,കഥാസരിത്‌സാഗരം, മഹാഭാരതം,രാമായണം,ജൈനസാഹിത്യം എന്നിവയിൽ കാണുന്നുണ്ട്.

പാശ്ചാത്യ കഥകളോട് തുല്യമായ കഥകളും ജാതക കഥകളിലുണ്ട്. സുപ്രസിദ്ധമായ സോളമന്റെ നീതി പോലൂള്ള ഒരു കഥ മഹാ-ഉമ്മഗ്ഗ-ജാതകത്തിലുണ്ട്.

 ജാതകകഥകൾ പ്രാചീന ഭാരത ജീവിതരീതികളിലേക്കും വെളിച്ചം വീശുന്നു.
'തിപിടക'ത്തിലുൾപ്പെടുന്ന ഖുദ്ദകനികായത്തിലെ അവസാന ഗ്രന്ഥമായ ചര്യാപിടകത്തിൽ പദ്യരൂപത്തിലുള്ള 35 ജാതകങ്ങളുണ്ട്. സത്യം ദയ തുടങ്ങിയ പത്ത് പാരമിതകളിൽ ബുദ്ധൻ എത്തിയതെപ്രകാരമാണെന്ന് ഈ കഥകൾ പ്രസ്താവിക്കുന്നു. ഇവയിൽ മിക്കവയും വിരസങ്ങളായ രൂപരേഖകൾ മാത്രമാണ് . നിദാനകഥ, ജാതകമാല (ബോധിസത്വാപദാനമാലാ) എന്നിവയാണ് ഇന്നറിയപ്പെടുന്ന മുഖ്യ കഥാഗ്രന്ഥങ്ങൾ . ഒരു പേജുപോലും വലിപ്പമില്ലാത്ത കഥകൾ മുതൽ അച്ചടിച്ച നൂറുപേജിലും ഒതുങ്ങാത്തത്ര വലിപ്പമുള്ള കഥകൾ വരെ ഇവയിൽ ഉൾപ്പെടുന്നു.

ധർമതത്വങ്ങളെ സാമാന്യജനങ്ങൾക്കുപദേശിക്കുക എന്നതായിരുന്നു ഈ കഥകളുടെ ലക്ഷ്യം എന്നത് വ്യക്തമാണ്.

 ✡  തിപിടകം
ബൗദ്ധസാഹിത്യകൃതി , ബുദ്ധമതക്കാരുടെ പ്രാമാണിക ഗ്രന്ഥമാണ് തിപിടകം. ബുദ്ധോപദേശങ്ങളെ സമാഹരിച്ച് ബി.സി. 3-ആം നൂറ്റാണ്ടിൽ പാലിഭാഷയിലെഴുതിയ തിപിടകത്തിൽ ചൊല്ലുകൾ, കവിതകൾ, ചെറുവിവരണങ്ങൾ, സംവാദങ്ങൾ എന്നിവ ഉണ്ട്.'പേടകം ' എന്ന അർഥത്തിലാണ് പിടകം എന്ന് പ്രയോഗിച്ചിരിക്കുന്നത്. പിടക സാഹിത്യത്തിലെ പ്രധാന ഗ്രന്ഥസമുച്ചയങ്ങൾ
വിനയപിടകം
സുത്തപിടകം
അഭിധമ്മപിടകം
 എന്നിവയാണ്.

🏵വിനയപിടകം🏵
പിടകഗ്രന്ഥശാഖയിലൊന്നാമത്തേതായ വിനയപിടകത്തിൽ പരിവ്രാജികന്മാരുടെ ദിനചര്യകളും ഐതിഹ്യങ്ങൾ, ഉപന്യാസങ്ങൾ എന്നിവയും ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബുദ്ധമതാനുയായികളെ ഗൃഹസ്ഥന്മാരെന്നും പരിവ്രാജികരെന്നും രണ്ട് വിഭാഗങ്ങളായി തിരിച്ചിരുന്നു.

 വിനയപിടകത്തിന് നാല് ഉപവിഭാഗങ്ങളാണുള്ളത്.
✡ പാടിമൊഖ
      സുത്തവിഭാഗം
      ഖണ്ഡക
       പരിഹാര
എന്നിവയാണവ.
ഇവയിൽ പാടിമൊഖയ്ക്കാണ് വിനയപിടകത്തിൽ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം കല്പിച്ചിട്ടുള്ളത്. ഇതിനെ കേന്ദ്രബിന്ദുവാക്കിയാണ് മറ്റുവിഭാഗങ്ങൾ അവതരിപ്പിക്കുന്നതു തന്നെ.
സുത്തവിഭാഗയിൽ ഭിക്ഖു, ഭിക്ഖുനി എന്നിങ്ങനെ ഉപവിഭാഗങ്ങൾ കാണുന്നു. ഖണ്ഡകം എന്ന ഒന്നാം ഉപവിഭാഗത്തൽ മഹാവഗ്ഗ, ചുല്ലവഗ്ഗ എന്നിങ്ങനെ വിഭജനം കാണുന്നു. അവസാനത്തെ ഉപവിഭാഗമായ പരിവാരസിലോണിലെ ഒരു ബുദ്ധഭിക്ഷു രചിച്ചതായാണു പറയപ്പെടുന്നത്. ചോദ്യോത്തരരൂപത്തിലുള്ള ഇതിന്റെ ഉള്ളടക്കം പ്രധാനമായും മറ്റുവിഭാഗങ്ങളിൽ പറഞ്ഞ സിദ്ധാന്തങ്ങൾതന്നെയാണ്.

🏵സുത്തപിടക🏵
ബുദ്ധമത തത്ത്വങ്ങൾ പ്രതിപാദിക്കുന്ന 'സുത്തപിടക'മാണ് ഏറ്റവും വലിയ വിഭാഗം. 'നിർവാണ'ത്തിന്റെ തത്ത്വങ്ങളും ബുദ്ധധർമങ്ങളും ഇതിൽ പ്രതിപാദിക്കുന്നു. ഇതിന് 5 ഉപവിഭാഗങ്ങളുണ്ട്.

ദീഘനികായം
മത്സനികായം
അംഗുത്തരനികായം
സംയുക്തനികായം
ഖുദ്ദകനികായം

എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.
🏵ദീഘനികായം🏵

ദീഘനികായത്തിൽ 34 ദീർഘ സംവാദങ്ങളും അടങ്ങിയിരിക്കുന്നു.
മത്സനികായം
മത്സനികായത്തിൽ 152 ലഘു സംവാദങ്ങളും കഥാകഥനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
അംഗുത്തനികായം
അംഗുത്തരനികായം 2300-ഓളം സൂക്തങ്ങൾ വിവരിക്കുന്നു.
സംയുക്തനികായം
സംയുക്തനികായത്തിലും 2889 സൂക്തങ്ങളുടെ വിവരണമാണ്.
കുദ്ദകനിയാകം
അവസാനവിഭാഗമായ ഖുദ്ദകയിൽ ധമ്മപദം, സുത്തനിപാദ, പേതവത്തു, ജാതകങ്ങൾ, നിദ്ദേസം, പടിസംഭിദാഗ്ഗം, അപാദാനം, ചരിയാപിടക, ബുദ്ധവംശം എന്നിവയെല്ലാം സവിസ്തരം പ്രതിപാദിക്കുന്നു. ഇതിലെ ജാതക വിഭാഗത്തിൽ ബുദ്ധദേവനെപ്പറ്റിയുള്ള 550 പൂർവകഥകൾ പ്രതിപാദിക്കുന്നു.
അഭിധർമ്മപിടകം
മൂന്നാമത്തെ തിപിടകമായ അഭിധമ്മപിടകത്തിന് ഏഴ് ഉപവിഭാഗങ്ങളുണ്ട്:

✡ധമ്മസംഗണി
വിഭംഗ
കഥാവത്തു
പുഗ്ഗലപന്നത്തി
ധാതുകഥ
യമകം
പഥാനം
എന്നിവ.
ധർമ്മസംഗണി
വിഭംഗ
ഈ വിഭാഗങ്ങളിൽ മനുഷ്യമനസ്സിന്റെ അവസ്ഥാന്തരങ്ങളെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്.

✡കഥവത്തു

കഥാവത്തുവിലാകട്ടെ, 252 അപസിദ്ധാന്തങ്ങളുടെ ആഖ്യാനമാണ് നടത്തിയിരിക്കുന്നത്.

പുഗ്ഗലപന്നത്തി

നാലാമത്തെ വിഭാഗമായ പുഗ്ഗലപന്നത്തിയിൽ ബുദ്ധചര്യയിലെ പ്രഗല്ഭരായവരുടെ സ്തുതിഗീതങ്ങളാണ്. കൂടാതെ പഞ്ചശീലങ്ങളും സദ്പ്രവൃത്തികളും വർണിക്കുന്നു. വാക്കും പ്രവൃത്തിയും അനുസരിച്ച് മനുഷ്യസ്വഭാവത്തെ 25 വിഭാഗങ്ങളായി വർണിച്ചിരിക്കുന്നു.

ധാതുകഥ
യമകം
പഥാനം

അവസാനത്തെ മൂന്നുവിഭാഗങ്ങളിലും മനഃശാസ്ത്രപരമായ വസ്തുതകളുടെ ഹ്രസ്വവിവരണങ്ങളാണ് പ്രതിപാദ്യം. ബുദ്ധമത തത്ത്വങ്ങളിൽ പ്രധാനമായിട്ടുള്ള ജീവിതം ദുഃഖമാണെന്നും നിരാത്മകമാണെന്നും ഉള്ള ഉദ്ബോധനത്തേയും, സദ്ചിന്തയും സദ്പ്രവൃത്തിയുമാണ് ബുദ്ധമതാനുയായികൾ ആചരിക്കേണ്ടതെന്നും, അഹിംസാവ്രതം ഏറ്റവും അനുഷ്ഠിക്കേണ്ടതാണെന്നും, നീ നിന്റെ തന്നെ വെളിച്ചമാകണമെന്നും ഉള്ള പ്രധാന ഉപദേശങ്ങളേയും അങ്ങേയറ്റം ലളിതമായ പാലി ഭാഷയിൽ സാധാരണക്കാരായ അനുവാചകർക്ക് മനസ്സിലാക്കാനും ഉപകരിക്കാനും ഉദ്ദേശിച്ച് തിപിടകയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ബുദ്ധമത തത്ത്വങ്ങളുടെ ക്രോഡീകരണം
ബുദ്ധമത തത്ത്വങ്ങളുടെ വിവിധരീതിയിലുള്ള ക്രോഡീകരണമാണ് തിപിടകയിൽ കാണപ്പെടുന്നത്. സുത്തയിൽ ഗദ്യം മാത്രവും ഗേയ്യയിൽ, ഗദ്യവും പദ്യവും ഗാഥയിൽ ശ്ളോകങ്ങൾ മാത്രവും ഉദാനയിൽ ശിലാരേഖകളും ഇതിവുത്തകയിൽ ചെറുവിവരണങ്ങളും ജാതകയിൽ മുൻജന്മങ്ങളിലെ അവതാരരഹസ്യങ്ങളും ആണ് വെളിപ്പെടുത്തുന്നത്.

ലോകസാഹിത്യം ഭാഷാ പഠനമാക്കുന്നില്ല.

എങ്കിലും പാലി ഭാഷയ്ക്ക് മലയാളവുമായുള്ള സംബന്ധത്തെപ്പറ്റിയും ഇന്നു ജീവിച്ചിരിക്കുന്ന സന്തതികളെപ്പറ്റിയും  പറയാതെ പോകുന്നത് ശരിയല്ലെന്ന് തോന്നുന്നു .

 'പാലിഭാഷയിൽ നിന്ന്  സ്വീകരിക്കപ്പെട്ട ഒരു പ്രത്യയമാണ് “ത്തനം”, ത്തം (സംസ്കൃതത്തിൽ=ത്വനം, ത്വം) എന്നിവ.  ഉദാ: വേണ്ടാതനം (ആവാശ്യമില്ലാത്തത്) പ്രവർത്തനം, മടയത്തം, കുട്ടിത്തം എന്നിവ. ഇത്തരത്തിലുള്ള വ്യാകരാധാനങ്ങൾ അല്ലാതെയുള്ള ചില പദങ്ങൾ ഇവിടെ ചേർക്കുന്നു.  ഇതിൽ പ്രധാനമായും സ്വനിമ ത്യാഗം എന്ന മാതൃകയിൽ വന്നുചേർന്ന പദങ്ങളാണ് കൂടുതലും. സ്വനിമ ത്യാഗം (elision) എന്നു പറയുന്നത് അന്യഭാഷയുമായുള്ള സമ്പർക്കശേഷം ആദിമ/അന്ത്യത്തിലെ സ്വരങ്ങളെ ലോപിച്ചു കളയുന്ന രീതിയാണ്.
ഉദാ: മലയാളം/തമിഴ് പദങ്ങളെ നോക്കുക
ഈയം. , സംസ്കൃതം=സീസ. സ എന്ന സ്വരത്തെ ലോപിപ്പിച്ചിരിക്കുന്നു
ആയിരം. പാലി= സഹസിര  സ എന്ന സ്വരം രണ്ടിടത്ത് ലോപം. രണ്ടാമത്തെയിടത്തിൽ യ ആഗമിച്ചിരിക്കുന്നു.
ആയില്യം., പാലി= ആസിലിസ ( സ രണ്ടിടത്തു യ ആയി ലോപിച്ചിരിക്കുന്നു)
കുപ്പായം., പാലി = കുപ്പാസ. ( അന്ത്യത്തിൽ ലോപമുണ്ടായിരിക്കുന്നു)
മലയാളഭാഷയിലെ ചില പാലിഭാഷ ആദാനങ്ങൾ. ചിലത് നിങ്ങൾക്ക് ആശ്ചര്യമുണ്ടാക്കും, ചിലത് വാപൊളിച്ചുപോകു. ചന്ത ശ്രദ്ധിക്കുക. 

  അല്പം ചരിത്രം കുത്തിക്കയറ്റിയതു കൊണ്ട് അല്പം ബോറടിയുണ്ടാകാം ക്ഷമിക്കണം.
അരചൻ. (രാജാവ്)  പാലി = രായ.  സംസ്കൃതം = രാജൻ
പട്ടം (ബിരുദം)  പാലി= പട്ട ( ഇല എന്നർത്ഥം) ബുദ്ധമതക്കാർ വിശേഷപ്പെട്ട സന്ദർഭങ്ങളിൽ ആലില ചരടിൽ കെട്ടി ബന്ധിപ്പിച്ചിരുന്നു. ഇത്തരത്തിൽ വിവാഹം കഴിക്കുമ്പോഴും, പഠനം കഴിയുമ്പോഴും, ബഹുമതികൾ അർപ്പിക്കുമ്പോഴും ഇല കെട്ടുന്നതിനെ പട്ടം കെട്ടുക എന്നു പറഞ്ഞിരുന്നു. ഏതാണ്ട് ഇതേ കാരണം കൊണ്ട് തന്നെയാണ് ഹിന്ദുക്കളും കൃസ്ത്യാനികളും അവരുടെ താലിമാലയിൽ ആലില ചേർത്തിട്ടുള്ളത്. S.N. Sadasivan, ”A Social History of India”, APH, 2007)
റാണി ( രാജാവിന്റെ ഭാര്യ) പാലി = റാണി (സംസ്കൃതം= രാജ്ഞി)
കൊട്ടാരം ( രാജഗൃഹം) പാലി = കൊട്ഠാഗര
ഓച്ചാനം ( വായ് മൂടുക) പാലി = ഓച്ഛാണ
മോതിരം  പാലി = മോദിര ( സംസ്കൃതം = മുദ്ര)
ആലവട്ടം ( തുണികൊണ്ടുള്ള വിശറി) പാലി = ആലവട്ട/ആവട്ട (സംസ്കൃതം= ആവർത)
പരിവട്ടം (തലപ്പാവ്) പാലി = പരിവട്ട (സംസ്കൃതം= പരിവൃത)
കപ്പം (കരം) പാലി = കപ്പാ/കപ്പായ
ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ടതുമായ പദങ്ങൾ
തളി (ക്ഷേത്രം) പാലി = ഥളീ (സംസ്കൃതം= സ്ഥലി)   വടക്കൻ കേരളത്തിലും കൊടുങ്ങല്ലൂരിലും ധാരളം കാണാം. മേത്തല = മേൽത്തളി, കീത്തോളി = കീഴ്ത്തളി
താനം (സ്ഥാനം) പാലി = ഠാന  പട്ടിത്താനം, വാകത്താനം എന്നിവ ഉദാഹരണം. ഠാണാവ് എന്ന തനി പാലി പദവും ഇരിങ്ങാലക്കുടയിൽ നിലവിലുണ്ട്.
കഴകം (കാര്യാലയം) പാലി = കളഗ
പട്ടയം (രേഖ) പാലി = പട്ടയ ( സംസ്കൃതം = പത്ര)
പട്ടിക (നാമാവലി)  പാലി = പട്ടിഗ (അർത്ഥം പേരു രേഖപ്പെടുത്തിയ തകിട്)
യുദ്ധത്തെക്കുറിച്ചുള്ള പദങ്ങൾ
അണി (സൈന്യനിര) പാലി = അണിയ
കൊത്തളം (കോട്ടയുടെ മുകളിലെ വെടിപ്പഴുത്( പാലി = കൊത്ഥള
താവളം (വിശ്രമസ്ഥാനം) പാലി – ഥാവള
പന്തി ( നിര) പാലി = പംതി
പാളയം (പടക്കൂടാരം) പാലി = പാഡയ
കവണി (കല്ലു വച്ച് എറിയുന്ന ഉപകരണം) പാലി = ഖവണ
പക്കം (വശം) പാലി = പക്ഖ (വശങ്ങളിലുള്ള സൈന്യം)
സാമ്പത്തികരംഗത്തെ പദങ്ങൾ
അച്ചാരം (Advance) പാലി = സംച്ചകാര  ( മുൻകൂറായി നൽകുന്ന ഉറപ്പ് ദ്രവ്യം)
അങ്ങാടി (വ്യാപരകേന്ദ്രം) പാലി = സിംഗാഡഗ ( മൂന്നു വഴി ചേരുന്ന സ്ഥലം)
കച്ചവടം ( വ്യാപാരം) പാലി = കച്ഛ ( തുണി) വഡ ( തുണി) ആദ്യകാലത്ത് തുണിയുടെ വ്യാപരത്തെ സൂചിപ്പിക്കാൻ കച്ഛ-വഡ എന്നുപയോഗിച്ചിരുന്നു
കുത്തക (monopoly) പാലി = ഗുത്ത
ചന്ത (വ്യാപന്രകേന്ദ്രം) മാഗധി = ശംധ ( ഒന്നു ചേരുന്ന സ്ഥലം)
ചൗക്ക (check post) പാലി = ചഉക്ക ( സംസ്കൃതം =ചതുഷ്ക്ക – നാലും കൂടിയ സ്ഥലം)
ചരക്ക് ( വില്പനവസ്തു) ജൈന പ്രാകൃതം = സരക ( ഭക്ഷ്യവസ്തു) ചരിച്ചുകൊണ്ട് (സഞ്ചരിക്കുന്നത് എന്നർത്ഥം)
ചുങ്കം ( നികുതി) പാലി = മഹാരാഷ്ട്രീ പ്രാകൃതം = ശുംഗ
തരകൻ (ഇടനിലക്കാരൻ) പാലി = തരഗ ( കടത്തുകാരൻ)
പണയം ( ഈട്) പാലി = പണഅ (വാഗ്ദാനം/പന്തയം)
പീടിക (കച്ചവട മുറി) പാലി = പീഠിക ( പീഠം, പീഠത്തിൽ വച്ച് സാധനങ്ങൾ വിറ്റിരുന്നതിനാൽ)
നാണയം (coin) പാലി = നാണഅ ( സംസ്കൃതം= നാണക)
കഴഞ്ച് (ഒരു അളവ്) പാലി =കഴഞ്ച് എന്ന മരം ( ഇതിന്റെ കുരു എപ്പോഴും ഒരേ ഭാരമായിരിക്കുന്നതു കൊണ്ട് പണ്ട് തൂക്കത്തിനുള്ള കട്ടിയായി ഉപയോഗിച്ചിരുന്നു
നാഴി ( അൾവ് തന്നെ) പാലി = നാളി (കുഴൽ) മുളങ്കുഴൽ ആണു അളക്കാൻ ഉപയോഗിച്ചിരുന്നത്.
മനുഷ്യശരീരവുമായി ബന്ധപ്പെട്ടവ
പുരികം ( eyebrow) പാലി = ഭുരുഗ (സംസ്കൃതം- ഭ്രൂ)
പുളകം (രോമാഞ്ചം) -പാലി = പുളവ
ചന്തി ( ആസനം) പാലി / മാഗധി= ശംധി (കൂടിച്ചേരുന്ന സ്ഥലം) ചന്ത നോക്കുക*
കഷണ്ടി ( മുടിയില്ലാത്ത അവസ്ഥ) പാലി = കോഹണ്ഡി
വിക്ക് (സംസാരിക്കുന്നതിനുള്ള തടസ്സം) പാലി = വിഗ്ഘ ( തടസ്സം)
ഗുളിക (ചെറിയ വലിപ്പത്തിലുള്ള മരുന്ന്) പാലി= ഗുളിഗാ ( മരുന്ന് അരച്ച് ഉരുട്ടി ഗോളാകൃതിയിലാക്കിയത്)
ഗാർഹികജീവിതവുമായി ബന്ധപ്പെട്ടത്
ചരുവം ( പാത്രം) പാലി= ചരുഅ ( വായ് വലിപ്പമുള്ള പാത്രം)
തവി ( spoon) പാലി = ദവ്വി ( സംസ്കൃതം = ദർവി)
കൊട്ട (basket) പാലി = കൊട്ഠ.
പെട്ടി ( ചതുരകൃതിയിലുള്ള പാത്രം) പാലി = പെട്ടി
പത്തായം ( വലിയ പെട്ടി) ജൈന പ്രാകൃതം = പത്തായ
സഞ്ചി ( bag)  പാലി = സംചി ( ശേഖരിക്കപ്പെട്ടത്)
കട്ടിൽ (coat) മഹാ. പ്രാ. = ഖട്ടുലിആ ( കിടക്കാനുള്ള
കയർ ( coir) പ്രാ. = കസഡാ ( സംസ്കൃതം= കശാ)
ഭക്ഷണപാനീയങ്ങൾ
കഞ്ഞി (വെള്ളത്തോടു കൂടിയ വേവിച്ച അരി) പാലി = കംജി
കള്ള് (Toddy) പാലി = കല്ലാ ( മദ്യം)
ചക്കര . പാലി =  ശാക്കര
നെയ്യ് ( ghee) പാലി = നേഹ ( എണ്ണമയമുള്ളത്, സ്നിഗ്ദമായത്)
പിട്ട് (പുട്ട്) പാലി = പിട്ഠ (ധാന്യപ്പൊടി)
തൈർ (Curd) പാലി = തഹിർ (സംസ്കൃതം= ദഹി)
വസ്ത്രധാരണവും ആഭരണങ്ങളും
കുപ്പായം ( shirt) പാലി = കുപ്പാസ ( ഉടുപ്പ്)
കോവണം . പാലി = കൊവണിക
പാവാട (skirt) പാലി = പാവാഡ (ആവരണം)
പുടവ.   പാലി = പുഡഹ ( വസ്ത്രം)
പണ്ടം . പാലി = ഭണ്ഡ
പൊട്ട്.  പാലി = വട്ട ( വൃത്തം)
മുത്ത് (pearl) പാലി = മുത്താ
ചങ്ങാതി (Friends) പാലി = ശംഘാത (സംസ്കൃതം= സംഘാത)
ലോഹ്യം. ( make friends)   പാലി= ലോഗിയ
വക്കാണം ( വഴക്ക്) പാലി = വക്ഖാണ ( വ്യാഖ്യാനം)
പന്ന (മോശം) പാലി = ജ്ഞാനം (സംസ്കൃതം = പ്രജ്ഞ) ബുദ്ധ തത്വങ്ങളെ മോശം ആയി ചിത്രീകരിക്കപ്പെട്ട ശേഷം അതിന്റെ പ്രധാന തത്വത്തെ മോശമായി കണ്ട് തുടങ്ങിയതാവാം .
അമ്പലം (ക്ഷേത്രം) പാലി = അംബല ( സമ്മേളന സ്ഥലം) പുരാതനകാലങ്ങളിലെ ബുദ്ധക്ഷേത്രങ്ങൾ മുഖ്യമായും സമ്മേളിക്കുവാനുള്ള സ്ഥലമായിരുന്നു.  അറബിയിലെ ജുമാ എന്നതും ഏതാണ്ട് ഇതേ അർത്ഥമാണ്
കത്തനാർ ( ക്രൈസ്തവ പുരോഹിതൻ)  പാലി =കത്ത ( കർത്താവ്) കർത്താവിന്റെ പുരോഹിതൻ കത്തനാർ. ഇത് സൂചിപ്പിക്കുന്നത് ബുദ്ധമതം പ്രചരിച്ചിരുന്ന കാലത്ത് ക്രിസ്തുമതത്തിനും വികാസം സംഭവിച്ചിരുന്നു എന്നാണ്.
പള്ളി ( ക്രൈസ്തവ ദേവാലയം) പാലി = പള്ളീ ( ബുദ്ധവിഹാരത്തിനു പൊതുവെ പറയുന്ന പേരാണ് പള്ളി. കൃസ്തീയ ദേവാലയത്തിനും മുസ്ലീം ദേവാലയത്തിനും പള്ളി എന്നു പറഞ്ഞിരുന്നു
പുതുമ (പുതിയത്) പാലി = പുദുമ ( ലക്ഷ്മീദേവി)
മറുതാ (പിശാച്) പാലി = മറുദ (സംസ്കൃതം = മൃതാ)
തേവാരം (ഈശ്വര ആചാരങ്ങൾ) ജൈന പ്രാകൃതം = ദേവായര ( ദേവ ആചാരങ്ങൾ)
പിച്ച ( ദാനം) പാലി = ഭിച്ഛാ ( സംസ്കൃതം= ഭിക്ഷ)

അരിശം ( ദേഷ്യം) പാലി = അരിശ ( മൂലക്കുരു) സംസ്കൃതം = അർശസ്.  മൂലക്കുരുവുള്ളവർക്ക് കോപം വരുന്നത് സാധാരണമാണ്. അരിശം വന്നോ എന്നു ചോദിക്കുന്നത് രോഗം ഉണ്ടോ അതാണോ കോപത്തിനു കാരണം എന്ന വിവക്ഷയിലാണ്.
പിച്ച്  (ഭ്രാന്ത്) പാലി = പിജ്ജ
പേയ് ( പിശാചുബാധ) മഹാ പ്രാകൃതം =  പേഅ ( മരിച്ചവന്റെ ആത്മാവ്)
പിഴ  പാലി = പീള ( സംസ്കൃതം = പീഢ)
ചട്ടമ്പി ( ആശാൻ/പ്രമാണി) പാലി = ഛട്ട+നമ്പി (വിദ്യാർത്ഥികളിൽ കേമൻ( സംസ്കൃതം = ഛാത്ര

പാലിയുമായുള്ള സംബന്ധത്തെപ്പറ്റി ഇനിയും ഏറെ പറയാനുണ്ട്.
വൈകി
പിന്നീടാവാം.