11-06-18b

👸സുഗന്ധി എന്ന ആണ്ടാൾ ദേവനായകി👸

✍രചയിതാവ്

ടി.ഡി.രാമകൃഷ്ണൻ

സതേണ്‍ റയില്‍വേ പാലക്കാട് ഡിവിഷനില്‍  ചീഫ് കണ്‍ട്രോളറായി വിരമിച്ച ശ്രീ.  ടി ഡി രാമകൃഷ്ണന്‍ 2003ല്‍ പ്രശസ്ത സേവനത്തിനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ ദേശീയ അവാര്‍ഡും 2007ല്‍ മികച്ച തമിഴ്-മലയാള വിവര്‍ത്തകനുള്ള ഇ.കെ.ദിവാകരപോറ്റി അവാര്‍ഡും നല്ലിദിശൈ എട്ടും അവാര്‍ഡും ലഭിച്ചു.  ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിന് 2010ല്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബഷീര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.  2014-ല്‍ പ്രസിദ്ധികരിച്ച  സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയ്ക്ക് മലയാറ്റൂര്‍ പുരസ്‌കാരം, മാവേലിക്കര വായനാ പുരസ്‌കാരം, കെ.സുരേന്ദ്രന്‍ നോവല്‍ അവാര്‍ഡ്, എ. പി. കളയ്ക്കാട് സാഹിത്യപുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.
2017 ലെ വയലാര്‍ അവാര്‍ഡ് നേടിയ കൃതിയാണിത്.
ആല്‍ഫയാണ് ടി ഡി രാമകൃഷ്ണന്റെ മറ്റൊരു രചന


കേരളത്തോട് വളരെയടുത്ത്.... കടലിൽ ഏകാന്തതയിൽ കഴിയുന്ന കൊച്ചു രാജ്യം..... ശ്രീലങ്ക

ശ്രീലങ്ക... നമ്മുടെ മനസ്സിലുണർത്തുന്നത് ഭീതിയുടെ ചില മങ്ങിയ ചിത്രങ്ങളാണ്....
തമിഴ്പുലി...
രാജീവ് ഗാന്ധി വധം അങ്ങനെ ചിലത്....

കാൽ നൂറ്റാണ്ടോളം:..ആ കൊച്ചു രാജ്യത്തെ ചൂഴ്ന്നു നിന്ന ആഭ്യന്തരയുദ്ധം... കൂട്ടക്കൊല.... ഇതൊക്കെ ഒരു കടലിനക്കരെ നിന്നു നോക്കി കണ്ട നമുക്ക് വാർത്തകൾ മാത്രമായിരുന്നു.... ശ്രീലങ്കയിലെ തമിഴ് വിമോചന പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ആണ്ടാൾ ദേവനായകി എന്ന മിത്തിനെ ചൂഴ്ന്നു നിൽക്കുന്ന കഥകളെയും.... വിശ്വാസത്തേയും .... ചരിത്രത്തേയും......കൂടി സമന്വയിപ്പിച്ച് രചിക്കപ്പെട്ട കൃതിയാണിത്

മലയാള വായനയ്ക്ക് ഒരു പ്രത്യേക തലം സമ്മാനിക്കുന്നു ഈ നോവൽ....
ശ്രീലങ്കൻ രാഷ്ട്രീയത്തിന്റെ സമകാലിക ചിത്രങ്ങൾ ഇതിൽ ഉൾ ചേർത്തിരിക്കുന്നു...... തമിഴ് വിമോചനത്തിന് ലക്ഷ്യമിട്ട എൽ.ടി.ടി. പോലുള്ള സംഘടനയായാലും.. .... ഭരണ നേതൃത്വ മായാലും.... പുരുഷ കേന്ദ്രീകൃതവും... സ്ത്രീവിരുദ്ധവും.... ഫാസിസ്റ്റ് മനോഭാവത്തോടെ... സ്വാർഥലാക്കോടെ.....
നിലനിൽക്കുന്ന അധികാര വർഗ്ഗത്തിന്റെ ക്രൂരതയ്ക്കായി എന്തു ഹീനതയും ചെയ്യാൻ സന്നദ്ധമായ കാഴ്ചയാണ് കാണുന്നത്......
ഈ കാഴ്ചകൾ വായനക്കാരനെ അത്ഭുതപ്പെടുത്തും... വേദനിപ്പിക്കും....

ആണ്ടാൾ ദേവനായകി.... ഇതിൽ ഒരു ചരിത്ര വനിതയാണ്....
പുരുഷത്വത്തിന്റെ അഹങ്കാരങ്ങളെ തന്റെ അംഗലാവണ്യത്തിന്റെ ......... മേച്ചിൽ പുറങ്ങളിൽ ചങ്ങലയില്ലാതെ തളച്ചവൾ....
 ജീവിക്കാൻ പഠിച്ചവൾ... എന്ന് പലപ്പോഴും ഓർമ്മിപ്പിച്ച കഥാപാത്രം..
പുരുഷനെ വെല്ലുന്ന കർമ്മ കുശലതയും... നയതന്ത്ര ബോധവും... യുദ്ധ നിപുണതയും പുലർത്തുന്ന സ്ത്രീ....
 കാലങ്ങളായി ഉന്നതയായ.... കുലീനയായ
സ്ത്രീയെ ഏക ഭർത്തൃത്വം എന്ന തടങ്കൽ പാളയത്തിൽ നിന്നും ..... വിജയിക്ക് അവകാശപ്പെട്ടവൾ എന്ന നിലയിലേക്ക് തന്റെ സ്വത്വത്തെ പറിച്ചുനട്ടവൾ....

ദേവനായകി.... അവസാനം നീതിക്കുവേണ്ടി... ആകാശത്തോളം വളരുന്ന കാഴ്ചയിലൂടെ... ഇതിലെ നായികയായ സുഗന്ധിയുടെ ദേവനായകി തൻ കതൈ അവസാനിക്കുന്നു .....
സുഗന്ധിയുടെ രചനയായാണ് ദേവനായകി തൻ കതൈ..... നോവലിൽ നിറയുന്നത്..


✍നോവലിലേക്ക്
.....................

സുഗന്ധി വിമോചനപ്പോരാട്ടങ്ങളിൽ അനാഥയാക്കപ്പെട്ട പെൺകുട്ടി....  ഏതൊരു സ്ത്രീയേയും വെല്ലുന്ന... അംഗലാവണ്യം സുഗന്ധിയുടെ നേട്ടമോ... ശാപമോ... ആയിരുന്നു.....
1983-ൽ സുഗന്ധിയുടെ മാതാപിതാക്കൾ വംശഹത്യയിൽ കൊല്ലപ്പെട്ടു.... ആ ദാരുണ സംഭവവും... തുടർന്നുള്ള ജീവിതവുമാണ്... ഇയക്കത്തിന്റെ പ്രവർത്തനങ്ങളിലേക്ക് സുഗന്ധിയെ ആകർഷിച്ചത് ......
ഇയക്കത്തിലെ ശക്തയായ പെൺപോരാളി....
പക്ഷേ ഇയക്കത്തിലെ സ്ത്രീവിരുദ്ധതയും ജനാധിപത്യ ധ്വംസനവും തിരിച്ചറിഞ്ഞപ്പോൾ സുഗന്ധി വൈകിയിരുന്നു
ഗവൺമെന്റിന്റെ.... സ്വേച്ഛാധിപത്യത്തിനെതിരെ ... കൊടിയ പീഠനത്തിനിടയിലും അവസാന ശ്വാസം വരെ പോരാടിയവൾ....

ഈ നോവൽ അനാവരണം ചെയ്യുന്ന.... ഇയക്കത്തിലെ തമിഴ് വിമോചനപോരാളികൾക്കെതിരെയുള്ള... ശിക്ഷാ നടപടികൾ..... മനുഷ്യനോടു ചെയ്യാൻ പറ്റുന്ന.... ക്രൂരതകൾക്കപ്പുറമാണ്... സത്യമോ എന്ന് തോന്നും വിധം ഭയാനകം....

പിടിക്കപ്പെടുന്ന പോരാളിയെ ക്രൂരമായ
ലൈംഗിക അതിക്രമത്തിനിരയാക്കുകയാണ് ആദ്യപടി... റേപ് first ദെൻ ക്വസ്റ്റ്യൻ.... അതാണ് നിലപാട്... ക്രൂരത അതിരുവിടുന്ന അവസ്ഥകൾ.... നോവുകൾ.... വേവുകൾ

ഓരോ ഈഴപ്പെൺകുട്ടിയുടെയും... ഉള്ളിൽ...
വ്യവസ്ഥിതിയോട്.... ഭരണ നേതൃത്വത്തോട്....
പാരതന്ത്ര്യത്തോട്...
തീർത്താൽ തീരാത്ത പകയാണ്....
കാരണം എല്ലാ പെൺകുട്ടികളും ക്രൂരമായ ബലാൽക്കാരത്തിന് ഇരയായവരാണ്....
പ്രതികാരത്തിനായി... ചാവേറാവാൻ അവർക്ക് യാതൊരു മടിയുമില്ല.....

ഹോളിവുഡിൽ നിന്നും ഡോ: രജനി തിരണഗാമയെക്കുറിച്ച്... ചലചിത്രം നിർമ്മിക്കാൻ.... ശ്രീലങ്കൻ ഗവൺമെന്റിന്റെ പ്രതിനിധികളായി എത്തിയതാണ് പീറ്റർ ശിവാനന്ദയും സംഘവും.....

ഇതേ ആവശ്യത്തിനായി രണ്ടാം വരവാണ് പീറ്റർ...

ആദ്യ വരവിൽ ഇയക്കത്തിന്റെ പെൺപോരാളിയായ...
സുഗന്ധിയെ പരിചയപ്പെടുകയും ....
അവർ പ്രണയികളാകയും ചെയ്യുന്നു.....
സിനിമ പിടിക്കാനാവാതെ.... സുഗന്ധിയെ ഉപേക്ഷിച്ച്... ലങ്ക വിട്ട് ജീവനും കൊണ്ട് ഓടേണ്ടി വന്നു...... പീറ്ററിന്

വീണ്ടും സുഗന്ധിയെ കണ്ടെത്തുക കൂടി പീറ്ററിന് ലക്ഷ്യമുണ്ട്.... ശ്രീലങ്കൻ ഗവൺമെൻറിന്റെ അതിഥിയായാണ്... ഇത്തവണ വരവ്

സുഗന്ധിയെ കണ്ടെത്താനുള്ള പീറ്റിന്റെ അന്വേഷണങ്ങൾ കഥയ്ക്ക്.... മറ്റൊരു തലം സമ്മാനിക്കുന്നു....

സുഗന്ധിയായ ആണ്ടാൾ ദേവനായകി കാന്തള്ളൂർ ശാലയിലെ പെരിയ കോയിക്കന്റെ മകൾ.... പദ്മനാഭ ഭക്ത.... നോവലിനവസാനം... ഈഴപ്പോരാളിയായതിനാൽ....
 പ്രസിഡൻറിന്റെ ക്രൂരതയാൽ... മുഖവും... കൈകളും നഷ്ടപ്പെട്ടവൾ.... ആണ്ടാൾ ദേവനായകി എന്ന മിത്തായി തന്മയീഭവിക്കുന്നു.......

ജനിമൃതികളുടെ താളലയം ഭംഗിയായി  വരച്ചിടുന്ന ഒരു നോവൽ. 
സംഘകാല സംസ്കൃതിയിലെ ഒരു മിത്തിനെ പുനരാവിഷ്കരിച്ച് സുഗന്ധി  എന്ന  തമിഴ്  ഈഴം പോരാളിയിൽ ലയിപ്പിക്കുന്ന അസാധാരണ മികവ്  എഴുത്തുകാരൻ കാണിച്ചു തന്നു.

ഫ്രാൻസിസ്  ഇട്ടിക്കോര  എന്ന നോവൽ ലൈംഗീകാതിപ്രസരം എന്ന്  പലരും പറയുമ്പോഴും
 അതിൽ കൂടുതൽ... രതിചിത്രങ്ങൾ ഈ നോവലിലുണ്ട്..... മനോഹരമായ  വിവരണങ്ങൾ  ഒരു ലയമായ്... സംഗീതമായ്  അലിയുന്നു.....  കഥാഗാത്രത്തോട് ഇഴചേർന്നു  നില്ക്കുന്നതിനാൽ അലോസരം തോന്നില്ല..... ( ബലാത്കാരങ്ങൾ ഒഴിച്ച് )

ഈ നോവൽ സഞ്ചരിക്കുന്ന തലങ്ങൾ കുറിപ്പുകൾക്കതീതം....
എത്ര വായിച്ചാലും....
പുനർവായനയ്ക്ക്....... പ്രചോദിപ്പിക്കൽ....
മലയാള നോവൽ ലോകത്തിന് നവ ജീവനാണ്.....
ഈ കൃതി......
പ്രതീക്ഷയും...


തയ്യാറാക്കിയത്  : ശ്രീല  അനിൽ

നാലുദശാബ്ദത്തിന്റെ ചരിത്രവും നൂറുകണക്കിന് പ്രസാധകസാന്നിധ്യത്തിന്റെ സമ്പന്നതയും മാത്രമല്ല രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പുസ്തകമേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെന്നൈ ഫെയറിന്റെ പ്രത്യേകത. പല കാരണങ്ങളാൽ ലോകമാകെ ചിതറിപ്പോയ തമിഴ് എഴുത്തുകാരുടെയും ആക്ടിവിസ്റ്റുകളുടെയും വാർഷികസംഗമവേദിയാണത്. ലണ്ടനിലും ന്യൂയോർക്കിലും മലേഷ്യയിലും സിംഗപ്പൂരിലും പാരീസിലും മധ്യപൗരസ്ത്യദേശങ്ങളിലെ നഗരങ്ങളിലുമൊക്കെ ചെന്നുപെട്ടവർ എത്തും; സൗഹൃദം പുതുക്കും; പുസ്തകങ്ങൾ പ്രകാശിപ്പിക്കും; ആശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കും.
ചെന്നൈ ഫെയറിൽവച്ചാണ് ഞാൻ പ്രമുഖ ശ്രീലങ്കൻ എഴുത്തുകാരൻ ശോഭാശക്തിയെ കാണുന്നത്. 'മ്' പോലെ ശ്രദ്ധയമായ രചനകൾ അദ്ദേഹത്തിന്റേതായുണ്ട്. ആന്റണി ദാസൻ യേശുദാസൻ എന്നാണ് ഔദ്യോഗികപേര്. ആന്റണിയെ മാത്രമല്ല അങ്ങനെ പലരെയും ഞാൻ അവിടെ കണ്ടു. അവരുമായൊക്കെ സംസാരിച്ചപ്പോഴാണ് വളരെക്കാലമായി ഞാൻ പിന്തുടർന്നുപോന്നിരുന്ന ശ്രീലങ്കൻ രാഷ്ട്രീയത്തെപ്പറ്റി ചില പുതിയ വെളിച്ചങ്ങളുടെ ഉറവിടം തുറന്നുകിട്ടുന്നത്.
കേരളത്തിൽനിന്ന് നോക്കുമ്പോൾ ശ്രീലങ്കൻ രാഷ്ട്രീയത്തിൽ രണ്ട് കാഴ്ചകളേ ഉണ്ടായിരുന്നുള്ളൂ. തമിഴ് ദേശീയതയെ ക്രൂരമായി അടിച്ചമർത്തുന്ന സിംഹള ഭരണകൂടവും അതിനെതിരെ പോരാടുന്ന എൽടിടിഇയും. വിമോചനത്തിനായി പൊരുതിക്കൊണ്ടിരുന്ന സംഘടനകൾ ക്രമേണ എൽടിടിഇ മാത്രമായി ചുരുങ്ങുകയായിരുന്നെങ്കിലും ഞാനതിനെ, ലോകത്തെ മറ്റുപല ഭാഗങ്ങളിലും നടക്കുന്നതുപോലെ അടിച്ചമർത്തപ്പെടുന്നവന്റെ ചെറുത്തുനിൽപ്പായാണ് മനസ്സിലാക്കിയിരുന്നത്. ശ്രീലങ്കയിൽ തമിഴ്‌പോരാട്ടം ക്രമാതീതമായ അക്രമാസക്തിയിലേക്ക് നീങ്ങുന്ന കാഴ്ച സ്വാഭാവികമായും ആശങ്കാകുലമായിരുന്നു. രാജീവ്ഗാന്ധി വധമടക്കമുള്ള സംഭവങ്ങൾ വിമോചനപ്പോരാട്ടം ഭീകരതയിലേക്ക് വഴുതിപ്പോകുന്ന പ്രതീതി ഉണ്ടാക്കി. സായുധവിപ്ലവത്തിൽ സ്വാഭാവികമായി സംഭവിച്ചുപോകാവുന്ന അപഭ്രംശമാണെന്ന ചിന്തയിൽ ഞാൻ സമാശ്വാസം കണ്ടെത്താൻ ശ്രമിച്ചു. വയലൻസിന്റെ രണ്ടു ദ്വന്ദ്വങ്ങൾക്കിടയിൽ സമാധാനത്തിനും ശാന്തിക്കുംവേണ്ടി സംസാരിക്കുന്നവരില്ലേ എന്ന സംശയം അപ്പോൾ ബലപ്പെട്ടുവന്നു. ഉണ്ടാകുമല്ലോ. ഏതു സമൂഹത്തിലും അക്രമം മാത്രമല്ലല്ലോ ഉള്ളത്. ഈ അന്വേഷണം ആദ്യകാലത്ത് എവിടെയുമെത്തിയില്ല. മനുഷ്യാവകാശപ്രവർത്തകരും എഴുത്തുകാരുമായി ഒട്ടനവധി പേർ സമാധാനത്തിനായി സംസാരിക്കുന്നുണ്ടെന്ന് ശോഭാശക്തിയാണ് എന്നോട് പറയുന്നത്. അവർ പല രാജ്യങ്ങളിൽ അഭയം തേടേണ്ടിവരുന്നു. തട്ടിക്കൊണ്ടുപോകപ്പെടുന്നു. പിന്നീട് അവരെപ്പറ്റി ഒരു വിവരവും ലഭ്യമല്ലാതാകുന്നു. മറ്റുചിലരാകട്ടെ കൊല്ലപ്പെടുന്നു. ശോഭാശക്തി അദ്ദേഹത്തിന്റെ 'മ്' എനിക്കു തന്നു 'കൊഞ്ചം പഠിച്ചു പാരുങ്കോ' എന്ന് പറഞ്ഞു. പിന്നീട് അദ്ദേഹത്തെ വിശദമായി ഞാൻ ഇന്റർവ്യൂ ചെയ്തു. വി ഐ എസ് ജയപാലനെ പോലുള്ള എഴുത്തുകാരെ വായിച്ചു. വിവർത്തനംചെയ്തു. ഇത്തരം ഇടപെടലുകൾ ശ്രീലങ്കയിൽ മൂന്നാമതൊരു തലമുണ്ട് എന്ന് എന്നെ ബോധ്യപ്പെടുത്തി. അപ്പോഴൊന്നും ശ്രീലങ്കൻ പശ്ചാത്തലത്തിൽ ഒരു നോവൽ എന്റെ മനസ്സിലുണ്ടായിരുന്നില്ല. സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയുടെ കഥ ഞാൻ ഉള്ളിൽ ഒതുക്കിവച്ചിരുന്നില്ല.

തൃശൂരിൽ ഒരു ചടങ്ങിൽ ഞാൻ ബുക്‌ഫെയറിന് വരുന്ന ആളുകളെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ചെന്നൈ ഫെയറിൽ വരുന്നവർ 'അടുത്ത ഫെയറിന് പാക്കലാം' എന്നു പറഞ്ഞാണ് പിരിയുക. തൃശൂർ പൂരം സമാപിക്കുമ്പോൾ ഉപചാരം ചൊല്ലും പോലെ. രണ്ടായിരത്തി ഒമ്പതിൽ എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടശേഷം, അതുവരെ ബന്ധമുണ്ടായിരുന്ന പല എഴുത്തുകാരുടെയും ഇമെയിൽ അടക്കം ഇല്ലാതെയായി. ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാത്ത അവസ്ഥ. ശ്രീലങ്കൻ രാഷ്ട്രീയത്തിലെ വസ്തുതകൾ മനസ്സിലാക്കാൻ നേരിട്ടുള്ള ഉറവിടങ്ങൾ നഷ്ടമായി. ഇതൊക്കെയാണ് ഞാൻ അവിടെ സംസാരിച്ചത്. ആ പ്രസംഗം കേട്ട സിവിക് ചന്ദ്രൻ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണത്തിലേക്ക് ഒരു കുറിപ്പ് ആവശ്യപ്പെട്ടു. ചെറിയ ഒരെണ്ണം. സിവിക്കിന്റെ നിർബന്ധത്തിന് വഴങ്ങി എഴുതാൻ തുടങ്ങിയപ്പോഴാണ് അതിനുള്ളിൽ കഥാസാധ്യത തെളിഞ്ഞുവന്നത്. പിന്നീട് എൻ എസ് മാധവൻ ഔട്ട് ലുക്ക് മലയാളം ഓണപ്പതിപ്പിലേക്ക് ഒരു നോവൽ ഭാഗം ആവശ്യപ്പെട്ടപ്പോൾ എഴുതിത്തുടങ്ങി. സുഗന്ധിയുടെ ആദ്യ അധ്യായത്തിന്റെ പകുതി അതിൽ പ്രസിദ്ധീകരിച്ചു. ശ്രീലങ്കയിലെ സമാധാനകാംക്ഷികളായ വ്യക്തികളെക്കുറിച്ചുള്ള അന്വേഷണം എന്നെ ഡോ. രജനി തിരണഗാമയിലെത്തിച്ചു. അവരെക്കുറിച്ചുള്ള ഒരു ഡോക്യുഫിക്ഷനാണ് ആദ്യം കാണുന്നത് –നോ മോർ ടിയേഴ്‌സ് സിസ്റ്റർ. സുഗന്ധിയുടെപിന്നിലുള്ള പ്രചോദനങ്ങളിൽ ശോഭാശക്തിയുടെ വാക്കുകൾ പോലെതന്നെ ആ ഡോക്യുഫിക്ഷനുമുണ്ട്. ഈ ഡോക്യുമെന്ററിയാണ് കഥയുടെ സ്വഭാവത്തിലേക്ക് എന്നെ എത്തിക്കുന്നത്. വിമോചനപ്രസ്ഥാനങ്ങളോട് അനുഭാവം പുലർത്തുമ്പോൾത്തന്നെ അതിക്രമങ്ങളെയും സങ്കുചിത ദേശീയതയെയും രജനി തിരണഗാമ നിരന്തരം വിമർശിച്ചു. 1989 സെപ്തംബർ 21ന് അവർ വെടിയേറ്റ് കൊല്ലപ്പെട്ടു; ഗൗരി ലങ്കേഷിനെപോലെ സ്വന്തം വീടിനുമുന്നിൽ. പ്രതികളെ പിടികിട്ടിയില്ല. തമിഴ്പുലികളാണ് കൊലപാതകികളെന്ന് കരുതപ്പെടുന്നു. ചിത്രത്തിൽ രജനി തിരണഗാമയായി വേഷമിടുന്നത് മകൾ ശാരിക തിരണഗാമയാണ്. സുഗന്ധി എന്ന ആണ്ടാൾ ദേവനായകി സമർപ്പിച്ചിരിക്കുന്നത് രജനി തിരണഗാമയ്ക്കാണല്ലോ. നോവൽ പുറത്തുവന്ന് ഏകദേശം ആറുമാസം കഴിഞ്ഞ് ശാരിക കേരളത്തിൽ വരികയുണ്ടായി. സ്റ്റാഫർഡ് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായ അവർക്ക് കേരളത്തെക്കുറിച്ച് ചില പഠനങ്ങൾ നടത്തേണ്ടതുണ്ടായിരുന്നു.  കേരളവികസനത്തിൽ ഗ്രന്ഥശാലകൾക്കുള്ള പങ്ക് പഠിക്കാൻ ഏകദേശം ഒരു വർഷത്തോളം അവർ ഇവിടെ ചെലവഴിച്ചു. പാലക്കാട് ചന്ദ്രനഗറിൽ ആണ് താമസിച്ചിരുന്നത്. നമുക്ക് നമ്മുടെ കൊച്ചുനാട് നടപ്പാക്കിയ പ്രവർത്തനങ്ങളെക്കുറിച്ച്  വേണ്ടത്ര മതിപ്പ് കാണില്ല. പക്ഷേ ലോകം അതെല്ലാം എത്ര മതിപ്പോടെയാണ് കാണുന്നതെന്ന് ഇത്തരം പഠനങ്ങൾ തെളിയിക്കുന്നു. ശാരിക തിരണഗാമയെപ്പോലെ അറിയപ്പെടുന്ന ഗവേഷകയുമായി സംസാരിച്ചത് വലിയ അനുഭവമായി.
ശ്രീലങ്കയിൽ ചില സ്ഥലങ്ങൾ ഞാൻ സന്ദർശിക്കുകയുണ്ടായി. ജാഫ്‌നയിൽ നിരവധി ആളുകളെ കണ്ട് സംസാരിച്ചു. ശ്രീലങ്ക നമ്മുടെ രാജ്യത്തെ പല നഗരങ്ങളെക്കാളും കേരളീയർക്ക് വളരെ അടുത്താണ്. എന്തിന് തിരുവനന്തപുരത്തുനിന്ന് കേരളത്തിന്റെ വടക്കേ അറ്റത്തേക്കുള്ള ദൂരത്തിന്റെ പകുതി മാത്രമേ ജാഫ്‌നയിലേക്കുള്ളൂ. പക്ഷേ അതൊരു പ്രത്യേക രാജ്യമായതുകൊണ്ടാകണം ശ്രീലങ്കയിലെ അസ്വസ്ഥതകൾ നമ്മുടെ പുറംതൊലിയിൽ പോലും സ്പർശിക്കാതെപോയത്. ഞാൻ ഇത് നോവലിന്റെ പുറം കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. ജാഫ്‌നയിലെ സഞ്ചാരത്തിനിടയിൽ കണ്ട ഒരു കാർ ഡ്രൈവറുണ്ട്. ശിവപാലൻ. സാധാരണ ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി ഞാൻ രാഷ്ട്രീയം സംസാരിക്കാൻ തുടങ്ങിയപ്പോൾ അയാൾ വിലക്കി: “അരശിയൽ നമുക്ക് പേശവേണ്ടാ സർ.'' പകരം നമുക്ക് സിനിമാഗോസിപ്പ് പറയാം എന്നായി.
ഒരു രാജ്യം ആഭ്യന്തരയുദ്ധത്തിന്റെ കെടുതിയിൽ ഏറെനാൾ കുടുങ്ങിക്കിടന്നശേഷവും ഭയത്തിൽനിന്ന് മോചിതരാകാൻ ജനങ്ങൾക്ക് കഴിയുന്നില്ല, പകരം അവർ സിനിമാഗോസിപ്പുകളിൽ അഭയം തേടാൻ വിധിക്കപ്പെടുന്നു. ശിവപാലൻ എന്റെ നോവലിലും വന്നുപോകുന്നുണ്ട്.
തമിഴ് വിമോചനപ്പോരാട്ടം നോവലിന്റെ പശ്ചാത്തലംമാത്രം. കേന്ദ്രകഥ ആണ്ടാൾ ദേവനായകിയുടേതാണ്. 1997ൽ പ്രസിദ്ധീകരിച്ച സച്ചിദാനന്ദൻ മാഷിന്റെ 'ആണ്ടാൾ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നു' എന്ന പ്രസിദ്ധമായ കവിത എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ആണ്ടാൾ പന്ത്രണ്ടാം വയസ്സിൽ രംഗനാഥനിൽ ലയിച്ചു എന്നാണ് തമിഴ് മിത്ത്. പക്ഷേ തിരുപ്പാവെയും നാച്ചിയാർ തിരുമൊഴിയും വായിക്കുന്ന ഒരാൾക്ക് ഇത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ട്. നാച്ചിയാർ തിരുമൊഴിയിൽ 'സെമി ഇറോട്ടിക്' എന്നു പോലും പറയാവുന്ന ആഖ്യാനങ്ങളുണ്ട്. ഇത് പന്ത്രണ്ടാം വയസ്സിനുമുമ്പ് ഒരു പെൺകുട്ടി എഴുതിയതാണെന്ന് പറയാൻ കഴിയില്ല. ഇതെല്ലാം ഉൾക്കൊണ്ട് വളരെ വ്യത്യസ്തമായി താളാത്മകമായാണ് കവിത സച്ചിമാഷ് എഴുതിയിരിക്കുന്നത്. ശ്രീലങ്കയെപറ്റി ചാനൽ ഫോർ സംപ്രേഷണം ചെയ്ത 'കില്ലിങ് ഫീൽഡ്‌സ്' പോലുള്ള ഡോക്യുമെന്ററികൾ, രാജപക്‌സെ സംഘടിപ്പിച്ച കോമൺവെൽത്ത് സമ്മിറ്റ് കാലത്തെ നിരവധി പത്രവാർത്തകൾ യൂട്യൂബിലും മറ്റും വന്നിട്ടുള്ള വീഡിയോകൾ എന്നിവയൊക്കെ നോവൽ രചനയ്ക്ക് സഹായകമായിട്ടുണ്ട്. 'മാർകഴിത്തിങ്കൾ' എന്ന തിരുപ്പാവെയിലെ ആദ്യ പാട്ട് അഞ്ചെട്ടുഗായകർ പാടിയത് പല ആവൃത്തി കേട്ടിട്ടുണ്ട്. 1200 കൊല്ലം മുമ്പ് ജീവിച്ചിരുന്ന ആണ്ടാളിന്റെ എഴുത്തുകൾ ഇന്നും വളരെ പുതുമയുള്ളതായാണ് നമുക്ക് തോന്നുക.
ഈ നോവലിനെപ്പറ്റി പിന്നെയും കുറെ അനുഭവങ്ങളുണ്ട്. അതിലൊന്നാണ് ശ്രീവല്ലഭ ബുദ്ധനാർ എഴുതിയതായി നോവലിൽ പരാമർശിക്കുന്ന 'സുസാന സുഖിന' എന്ന പുസ്തകം. യഥാർഥത്തിൽ അങ്ങനെയൊരു പുസ്തകമില്ല. പാലി ഭാഷയിലെ രണ്ടുവാക്കുകൾ ചേർത്താണ് ആ പേര് ഉണ്ടാക്കിയത്. സ്വപ്‌നങ്ങളുടെ ശ്മശാനം എന്നർഥം. ഏറെ ദിവസങ്ങൾ ചെലവഴിച്ച് പല വാക്കുകൾ ചേർത്തുവച്ച് ഒടുവിൽ ഇതിലേക്കെത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷം വലുതാണ്.
എഴുത്ത് നമ്മുടെ യാത്രയാണ്. അതിനിടെ പല പല കാഴ്ചകൾ കാണും, അനുഭവങ്ങളിലൂടെ കടന്നുപോകും. യാത്ര ജീവിതംതന്നെയാകും
(കടപ്പാട്.. ദേശാഭിമാനി)