11-06-18d

മിണ്ടാച്ചെന്നായ്
📗📗📗📗📗

ജയമോഹൻ

📚📚📚📚📚


    ജയമോഹൻ രചിച്ച ലഘു നോവലാണ് മിണ്ടാച്ചെന്നായ്. ഒരു വേട്ടക്കഥ എന്ന് ഒറ്റനോട്ടത്തിൽ വായിക്കാവുന്ന കഥ പക്ഷേ മനുഷ്യ സ്വത്വത്തിന്റെ അന്വേഷണത്തിലേക്ക് ചൂഴ്ന്നിറങ്ങുന്ന ഒരസാധാരണ കഥയായി വികസിക്കുന്നു.
   വിൽസൺ എന്ന സായ്പ്പ് ,അരിവപ്പുകാരൻ തോമ, കഥാനായകനായ മിണ്ടാച്ചെന്നായ്,ചോതി ഇത്ര കഥാപാത്രങ്ങളേയുള്ളൂ. ഒന്നു കൂടെ കൃത്യമായിപ്പറഞ്ഞാൽ സായിപ്പും വിധേയനും ആനയും, മൂന്നു കഥാപാത്രങ്ങളയുള്ളു ഈകഥയിൽ.
   സായിപ്പിനെ തൂറിക്കുന്നതും ആസനം തുടച്ചു കൊടുക്കുന്നതും കുളിപ്പിക്കുന്നതുമെല്ലാം തോമയുടെ പണിയാണ്. രാത്രിയിലൊരു പെണ്ണു വേണമെന്നു തോന്നിയാൽ തോമയോടു കൽപ്പിക്കും. ആന വേട്ടക്കിറങ്ങുന്നതിന്റെ തലേ രാത്രിയിൽ പെണ്ണിനു പോയത് മിണ്ടാച്ചെന്നായയാണ്. ഫ്ലച്ചർ സായിപ്പിന് കുശിനിക്കാരി പെണ്ണിലുണ്ടായ വിത്ത്!.പൂച്ചയുടെ കണ്ണായതു കൊണ്ട് ചെറുപ്പത്തിൽ പൂച്ച എന്നാണ് വിളിച്ചിരുന്നത്, വളർന്നപ്പോൾ ചെന്നായ എന്ന് വിളി മാറി, മനസ്സിലുള്ളതൊന്നും പുറത്തു പറയാത്തതു കൊണ്ട് മിണ്ടാച്ചെന്നായയായി.
ചോതിയേ വേണ്ട എന്ന് നേരത്തേ പറഞ്ഞിരുന്നതാണ് പക്ഷെ കുടിയിൽ, ചേവപ്പെണ്ണ് പറഞ്ഞു ഇവിടെ വേറാരുമില്ല. സായിപ്പിന് അവൾ വായയേകൊടുത്തുള്ളു.അതും അയാൾക്ക് മുഷിയുംവണ്ണം. രണ്ടാമൂഴം തോമ വെടിപ്പാക്കി .തിരിച്ചു പോകും വഴി കുളിക്കാനിറങ്ങിയ അവൾ മിണ്ടാച്ചെന്നായിൽ നിറഞ്ഞാടി. അതും സായിപ്പ് ഊഹിറിയുകയും ഇനി തൊട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
  രണ്ടാമധ്യായം മുതൽ ആന വേട്ടയുടെ തീക്ഷണ സഞ്ചാരപഥങ്ങൾ ജയമോഹൻ
 തുറന്നിടുകയായി. എത്ര കൃത്യതയോടെയാണ് ഈ കഥാകൃത്ത് കാടിനെഅവതരിപ്പിക്കുന്നത്! ആന ഡോക്ടറിൽ കാണുന്നതിനേക്കാൾ സൂക്ഷ്മമായ വർണ്ണന. ഒപ്പം സായിപ്പിന്റെ വംശവെറിയും മനുഷ്യനെ അടിമയായി കാണുന്നതിലെ അശ്ലീലവും. തലയെടുപ്പുള്ള കൊമ്പന്റെ മസ്തകത്തിലാണ് മലദേവത കുടിയിരിക്കുന്നതെന്ന വിശ്വാസത്തെ കഥയിൽ സുന്ദരമായി കൊരുത്തിട്ടുണ്ട്. വേട്ടയുടെ അന്ത്യവും വിഷം തീണ്ടിയ സായിപ്പിന്റെ പുനർജനിയും ഒറ്റ വീർപ്പിൽ വായിച്ചു തീർക്കാം. പക്ഷെ നോവൽ ഇനി കാണിച്ചു തരാൻ പോകുന്ന ക്ലൈമാക്സാണ് ശരിക്കും ഈ നോവലിനെ ഉന്നതമാക്കുന്നത് .ഇരയൊക്കെയും വേട്ടക്കാരനും വേട്ടക്കാരനൊക്കെയും ഇരയുമാകുന്ന മനസ്സിന്റെ ഗൂഢസ്ഥലികൾ നമ്മെ പുളകിതരാക്കും.

📚📚📚📚📚📚

രതീഷ്