എന്റെ പ്രിയപ്പെട്ട പുസ്തകം - കെ. ആർ. ശ്രീല
മറപൊരുൾ
നോവൽ
രാജീവ് ശിവശങ്കർ
പ്രസാ : ഡി. സി. ബുക്സ്.
അദ്വൈത ദർശനത്തിന്റെ അപാരതകളിലൂടെ മനുഷ്യ മനസ്സുകളെ വിമലീകരിച്ച ശങ്കരാചാര്യരുടെ ജീവചരിത്രപരമായ നോവൽ.
ഓരോ ജീവനും നിയതമായ ലക്ഷ്യങ്ങളുണ്ട്. ഭൂമിയിൽ ജനിയ്ക്കും മുമ്പേ ആരോ എഴുതിയിട്ട ലക്ഷ്യങ്ങൾ ?എന്തായിരിയ്ക്കാം എന്റെ ജീവിത ലക്ഷ്യം ?
പൂർണ്ണാ നദിയുടെ തീരത്ത് ഒറ്റയ്ക്കിരുന്നപ്പോൾ വിഷ്ണു ചിന്തിച്ചു. തന്നെക്കാൾ അഞ്ചു വയസ്സിന് താഴെയുള്ള ശങ്കരൻ അവന്റെ ലക്ഷ്യവുമായി യാത്രയായി. അവന്റെ വേർപാട് മനസ്സിനെ വല്ലാതെ പിടിച്ചുലയ്ക്കുന്നു. ശിവഗുരു ആഗ്രഹിച്ചതു പോലെ ശങ്കരൻ വലിയ സന്യാസി ആയേക്കും. ആര്യാംബയെ കൊണ്ട് സമ്മതം തരപ്പെടുത്താൻ ശങ്കരൻ പ്രയോഗിച്ചതന്ത്രം ഓർത്തപ്പോൾ ചിരിയും വരുന്നു.
ഈ ചെറിയ പ്രായത്തിൽ തന്നെ അവൻ ജ്ഞാനത്തിന്റെ മറുകര കണ്ടുവോ ? എനിക്ക് പലപ്പോഴും അങ്ങനെ തോന്നി. ശങ്കരൻ ഗുരുകുലത്തിൽ ആയിരുന്നപ്പോൾത്തന്നെ എത്ര അത്ഭുതങ്ങളാണ് കേട്ടിട്ടുള്ളത് ? ജനതയെ ഉദ്ധരിക്കാൻ ഉദിച്ചുയർന്ന കനകതാരമാണത്രേ ശങ്കരൻ! കുലശേഖര
ആഴ് വാർ പ്രശ്നത്തിൽ അറിഞ്ഞ സത്യം!
കനകധാരാ സ്തോത്രത്തിലൂടെ ശങ്കരൻ കനക മഴ പെയ്യിച്ചു എന്നു പറയുന്നത് അതിശയോക്തിയാവില്ല!
മനസ്സിൽ നിന്ന് ശങ്കരൻ മായുന്നതേയില്ല. അതിനിടയ്ക്ക് വേളി കഴിയ്ക്കാനുള്ള നിർബ്ബന്ധവും! എങ്ങോട്ടെന്നില്ലാതെ ഒരു യാത്രയ്ക്ക് ഒരുങ്ങിയാലോ ?മുചുറിയിലേക്കാവാം കാഴ്ചകൾ കണ്ടു മടങ്ങാം.
മടങ്ങിയെത്തിയപ്പോഴാണ് ശങ്കരനെ അന്വേഷിച്ചുവരാൻ ആര്യാംബ ആവശ്യപ്പെട്ടത്.
പൂർണ്ണാ നദിയുടെ അക്കരെയിക്കരെ നീന്തിയലക്ഷ്യത്തിലേക്ക് ഉന്നം തെറ്റാതെ കല്ലെറിയുന്ന ശങ്കരൻ,... ഈ വിഷ്ണു അവനെ തേടി കണ്ടെത്തുമോ ?അറിയില്ല! എങ്കിലും ഒരു ലക്ഷ്യമുണ്ടല്ലോ ?ശങ്കരൻ....
വിഷ്ണുവും ശങ്കരനും !
ശങ്കരനെത്തേടിയുള്ള വിഷ്ണുവിന്റെ യാത്ര!
ഓംകാരേശ്വരത്തെത്തിയപ്പോൾ ആശ്വസിച്ചു. ഗോവിന്ദാചാര്യന്റെ ശിഷ്യനായ ശങ്കരൻ നർമ്മദയെ കമണ്ഡലുവിൽ ഒതുക്കി ആശ്രമത്തെ രക്ഷിച്ച കഥ ഉൾപ്പുളകത്തോടെ കേട്ടു . ശങ്കരൻ അവിടെയുമില്ലെന്ന വാർത്ത എന്നെ തെല്ലൊന്നുമല്ല നിരാശയിൽ ആഴ്ത്തിയത്.
ശങ്കരൻ കാശിയിലെന്ന് അറിഞ്ഞാണ് ഞാൻ ഒരു സന്യാസിയോടൊപ്പം അവിടേയ്ക്ക് തിരിച്ചത്.
കാഴ്ചയായിരുന്നു കാശി!
ശബ്ദമായിരുന്നു കാശി!
ഗന്ധമായിരുന്നു കാശി!
അഗ്നിയാണ് കാശി!
കാശിയെന്നാൽ പ്രകാശിക്കുന്നത് എന്നാണർത്ഥം സന്യാസി പറഞ്ഞു.
ഞാൻ തേടിവന്ന ശങ്കരൻ ഇന്ന് ശങ്കരാചാര്യർ ആണ്.
ഗംഗാ തീരം ആരെയും നിരാശപ്പെടുത്തില്ല എന്ന് പറഞ്ഞത് സത്യമായി. ഗംഗയിൽ മുങ്ങി ഉയരുന്ന ബാലസൂര്യപ്രഭ.....
ശങ്കരാ.... ഞാനെത്തി....
എന്റെ ഹൃദയം
ശിവതുടി കൊട്ടി. കണ്ണിലൂടെ ഗംഗയാറൊഴുകി. വരിഞ്ഞുമുറുക്കിയ ശങ്കരൻ കൂട്ടത്തിലൊരു യുവാവിനെ നോക്കി പറഞ്ഞു. .......
സനന്ദനാ ....
വിഷ്ണു ശർമ്മ എന്റെ സുഹൃത്ത്..... എന്റെ മറുപാതി ... സനന്ദനൻ എന്റെ വിലക്കു മറികടന്ന് എന്റെ കാൽക്കൽ വീണു. ആ മുഖത്തെ കറുത്ത മറുകിൽ പറ്റി നിന്ന മണൽത്തരി ഞാൻ വിരൽ കൊണ്ട് തട്ടിക്കളഞ്ഞു. അതിരറ്റ സ്നേഹത്തോടെ അയാളെ എന്നിലേക്ക് ചേർത്തമർത്തി.
ഇവിടെ എന്റെ പ്രയാണം ആരംഭിയ്ക്കുകയായി.
വിഷ്ണുവിൽ നിന്ന്
ചിത്സുഖനിലേക്കുള്ള പ്രയാണം!.......
സനന്ദനന്റെ
പദ്മപാദനിലേക്കുള്ള പ്രയാണം!........
ലക്ഷ്മണന്റെ സംശയങ്ങളിലേക്കുള്ള പ്രയാണം!......
ഭാനു മരീചിയുടെ അന്വേഷണങ്ങളിലേക്കുള്ള പ്രയാണം!.......
മണ്ഡനമിശ്രന്റെ സുരേശാചാര്യനിലേക്കുള്ള പ്രയാണം!..........
ഉദയഭാരതിയുടെ ഉജ്ജ്വല തേജസ്സ് കണ്ടറിഞ്ഞ പ്രയാണം!.......
അദ്വൈതിയായ ശങ്കരന്റെ ഗൃഹസ്ഥാശ്രമത്തിലേക്കുള്ള പ്രയാണം!........
ഞങ്ങളുടെ ദ്വിഗ്വിജയത്തിലേക്കുള്ള അനു പ്രയാണങ്ങൾ!....., അനുഭവങ്ങൾ!......
കാമരൂപിണിയുടെ
കാമ്യകവനം സ്വയം ശിവരൂപമാർന്ന അരുണാചലം ,
കാമരൂപിണിയുടെ
കാമ്യകവനം സ്വയം ശിവരൂപമാർന്ന അരുണാചലം ,
മഞ്ഞുമൂടിയ ഹിമ നിരകൾ , കേദാർ ,ബദരി , മഹാപ്രവാഹമായ അളകനന്ദ! അവർണ്ണനീയമായ കാഴ്ചകൾ....... അനുഭൂതികൾ....... നിങ്ങൾക്ക് എന്നോടൊപ്പം യാത്ര ചെയ്ത്,
ശങ്കരന്റെ ഹൃദയത്തോട് ഒട്ടിനിൽക്കുന്ന എന്നെ തൊട്ട് യാത്ര ചെയ്യാൻ നിങ്ങൾ വരുന്നോ.....????
വരൂ
രാജീവ് ശിവശങ്കറിന്റെ ഡി.സി ബുക്സ് പുറത്തിറക്കിയ മറ പൊരുളിലേക്ക്
കാണാപൊരുളുകൾ തേടി ഒരു യാത്ര ഏവർക്കും താൽപ്പര്യമില്ലേ ?
🦋🦋🦋🦋🦋🦋🦋🦋🦋🦋