10-09-18c

സിറാജുന്നീസയെ വായിക്കുമ്പോൾ
സിറാജുന്നീസ
ടി.ഡി.രാമക്യഷ്ണൻ

സിറാജുന്നീസയെന്ന പതിനൊന്നുകാരിയുടെ പേര് കേരളത്തിന്റെ ചരിത്രസംഭവങ്ങളിലൊന്നും വലിയ ഇടം നേടിക്കൊടുത്ത പേരൊന്നുമല്ല.1991 ൽ പാലക്കാടിന്റെ പുൽപള്ളി തെരുവിൽ വീട്ടുമുറ്റത്തു വെടിയേറ്റ് മരിച്ചു വീണ ഒരു കുട്ടി. മുന്നൂറിലേറെ കലാപകാരികളെ കലാപത്തിലേക്ക് നയിച്ചവൾ . അത്തരമൊരു പേര് കേസ്സു ഡയറികളിൽ ഉണ്ടായിരുന്നു എന്നത് പോലീസ് കേസ്സെഴുത്തുകളെ നാണം കെടുത്തുന്നു. ജീവിച്ചിരുന്ന സാക്ഷാൽ സിറാജുന്നീസ ഒരു സത്യമായിരുന്നു. വൈരാഗ്യത്തിന്റെയും,വെറുപ്പിന്റെയും ,ചേരിത്തിരിക്കലുകളുടെയും ഈ കാലത്ത് അവൾ ഉയർത്തിവെക്കാവുന്ന ഒരു ബിംബം തന്നെയാണ്.

ആ കുരുന്നു ബാല്യത്തിന് പ്രണാമങ്ങൾ അർപ്പിക്കുന്നു ആദ്യം. എന്നാൽ ടീ ഡി രാമകൃഷ്ണൻ സിറാജുന്നീസ എന്ന തന്റെ കഥയിൽ മരണപ്പെട്ട് അടക്കം ചെയ്ത സിറാജുന്നീസയെ വീണ്ടും പോസ്റ്റ്മാർട്ടം നടത്തുകയാണ്. മൂന്നു കാലഘട്ടങ്ങളിലായി ഇന്ത്യയിൽ മൂന്നിടങ്ങളിൽ പുനർജനിക്കുന്ന ഒരുവളായി മാറ്റുകയാണ്. വെടി കൊണ്ടിട്ടും മരിക്കാതെ ചികിത്സയിലൂടെ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്ന സിറാജുന്നീസയുടെ മൂന്നു മുഖങ്ങൾ. എല്ലാ മുഖങ്ങൾക്കും പീഡിപ്പിക്കപ്പെടുന്ന ഇന്ത്യൻ മുസ്ലീമിന്റെ ചിത്രം ആവരണമായി ചേർക്കുകയാണ്. എക്കാലത്തും ഇവിടെ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്ന, ഇന്ത്യ ഒരിക്കലും മുസ്ലീങ്ങൾക്ക് സ്വതന്ത്ര ജീവിതം അനുവദിക്കുന്ന സ്ഥലം അല്ല എന്നൊക്കെ തീർത്തും പറഞ്ഞുവെക്കുമ്പോൾ അംഗീകരിക്കാൻ പ്രയാസം തോന്നുന്നു. സിറാജുന്നീസയുടെ മൂന്നു കാലങ്ങളിലും മാനസികമായും, ശാരീരികമായും പീഡിപ്പിക്കപ്പെടുന്നുണ്ട്. ഗുജറാത്ത് കലാപത്തിന്റെ നാളുകളിൽ പോലീസ് മേധാവികള്‍ അവളെ പീഡിപ്പിച്ചു കൊല്ലുന്നതായാണ് കാണിച്ചിരിക്കുന്നത് .രണ്ടാമത്തെ ജന്മത്തിൽ സിറാജുന്നീസ എന്ന മുസ്‌ലിം പെൺകുട്ടി ലതാ മങ്കേഷ്കറുടെ ഗാനങ്ങൾ പാടി പ്രശസ്തയാവുന്നതായി പറയുന്നു. ഒരു മുസ്‌ലിം പെൺകുട്ടി സത്യം ശിവം സുന്ദരം എന്ന പേരിൽ ലതാ മങ്കേഷ്കറുടെ ഗാനങ്ങളുമായി ആരാധകരെ സന്തോഷസാഗരത്തിൽ ആറാടിക്കുകയാണ് . ഒരു മുസ്ലീമായതിന്റെ പേരിൽ ഇവൾ ലതയുടെ ഗാനങ്ങൾ പാടാൻ പാടില്ല എന്ന് ഹൈന്ദവ സംഘടനകൾ ശഠിക്കുന്നു . അനുസരിക്കാത്ത സിറാജുന്നീസയെ ഒരു വേദിയിൽ വെച്ച് വെടിവെച്ചു കൊല്ലുകയാണ് . മൂന്നാമത്തെ ജന്മത്തിൽ ഒരു കാശ്മീരിയെ സ്നേഹിച്ചു വിവാഹം ചെയ്യുന്ന ഒരു ജെ എൻ യു അധ്യാപികയായി സിറാജുന്നീസ. കാഷ്മീരിയെ വിവാഹം ചെയ്തതിന്റെ പേരിൽ സൈനികമേധാവികളിൽ നിന്നും ഇവൾ അനുഭവിക്കുന്നതും ശാരീരിക പീഡനങ്ങൾ തന്നെ. സമകാലീന സംഭവങ്ങളുടെ നേർചിത്രങ്ങൾ എന്ന് ഈ പുസ്തകത്തിന്റെ പ്രകാശന വേളയിൽ ശ്രീ കെ ഇ എൻ പ്രകീർത്തിച്ചതായി ഓർക്കുന്നു. സമകാലീന സമൂഹത്തിലെ ചെറുത്തുനിൽപ്പുകളെ സാഹിത്യപരമായി അടയാളപ്പെടുത്തന്ന കഥകൾ എന്നും പറയുകയുണ്ടായി. ഇന്ത്യൻ സാഹചര്യങ്ങൾ മറ്റു മതസ്ഥർക്ക് ജീവിതത്തെ മുന്നോട്ടു നയിക്കാൻ ആവാത്ത വിധം തടസ്സപ്പെടുത്തുന്നു എന്ന് പെരുപ്പിച്ചു പറയുമ്പോൾ ഇവിടെ സ്വതന്ത്രവും,സ്വസ്ഥതയോടും കൂടി കഴിയുന്ന ബഹുഭൂരിപക്ഷം ഹിന്ദുക്കളല്ലാത്തവരെ വീണ്ടും വീണ്ടും ഒറ്റപ്പെടുത്താൻ മാത്രമേ ഉപകരിക്കുന്നുള്ളൂ… ഇതിനർത്ഥം ഹൈന്ദവ ഭീകരതയില്ല എന്നല്ല. ചരിത്രത്തെ സത്യസന്ധമായി അറിയണമെങ്കിൽ ചരിത്ര സംബന്ധിയായ പുസ്തകങ്ങളെ ആശ്രയിക്കാതെ ചരിത്രാന്വേഷികരായ നോവലിസ്റ്റുകൾ എഴുതിയ നോവലുകൾ വായിക്കുക. യഥാർഥ സത്യത്തെ നമ്മൾ കണ്ടെത്തും. ഒരു ചിന്തകൻ എവിടെയോ പറഞ്ഞതാണിത്. അത്തരുണത്തിൽ സിറാജുന്നീസ എന്ന കഥാ സമാഹാരത്തിലെ സിറാജുന്നീസ എന്ന കഥയെങ്കിലും സമകാലീന സംഭവങ്ങളോട് അതർഹിക്കുന്ന നീതിയല്ല പുലർത്തുന്നത് . അർഹിക്കുന്നതിലപ്പുറം ചാർത്തിക്കൊടുക്കുകയാണ്. ഇന്ത്യൻ മണ്ണ് മുസ്‌ലിം ജനവിഭാഗത്തിന് ഉല്ലസിച്ചു താമസിക്കാൻ പറ്റിയ ഇടം അല്ലെന്നു വരുത്തിത്തീർക്കാൻ ടീ ഡി രാമകൃഷ്ണൻ എന്ന എഴുത്തുകാരൻ ശ്രമിച്ചിരിക്കുന്നു എന്ന് പറയേണ്ടിരിക്കുന്നു. കാലങ്ങൾ കഴിയുമ്പോൾ ഇന്ത്യയെന്ന ഒരു “മത ഭീകര രാഷ്ട്ര”ത്തെ വായനക്കാർ സങ്കൽപ്പിച്ചു നോക്കും, സത്യത്തിന്റെ ഭീമാകാരമുഖം കണ്ട് ഞെട്ടും. ഇത്തരത്തിൽ ഒരു കൃതിയെ സമീപിച്ചുകൊണ്ടു വിമർശിച്ചെഴുതുമ്പോൾ ഇരയുടെ പക്ഷത്തു നിന്നും നമ്മളെ വേട്ടക്കാരന്റെ പക്ഷത്തേക്ക് മാറ്റി നിർത്താൻ ബോധപൂർവമുള്ള ശ്രമങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട്. സിറാജുന്നീസ മൂന്നു ജന്മങ്ങളിലും അനുഭവിക്കുന്ന അതിക്രമങ്ങളുടെ, ലൈംഗിക കടന്നുകയറ്റങ്ങളുടെ തീഷ്ണതയെ ലഘൂകരിച്ചു കണ്ടുവെന്നും, സംഘപരിവാർ ഭീകരതയെ സൗമ്യവൽക്കരിക്കുകയും ചെയ്തുവെന്നും പഴി കേൾക്കാനും സാധ്യത  കാണുന്നു. എഴുത്തുകാരന്റെ പക്ഷം എപ്പോഴും മനുഷ്യപക്ഷം ആണ്. വർഗ്ഗീയതയുടെ പക്ഷത്ത് ഹൈന്ദവതയും, ഇരയാവുന്നത് മുസ്‌ലിം പക്ഷവും എന്ന ഉറപ്പിച്ചു വെച്ചിരിക്കുന്ന വാദം തീർച്ചയായും മനുഷ്യപക്ഷത്തു നിന്നുള്ള വീക്ഷണം അല്ല.

കൂടുതലൊന്നും സിറാജുന്നീസ എന്ന കഥയെ കുറിച്ച് പറയാനില്ല. കഥയെന്ന രീതിയിൽ കഥാകഥനത്തിന്റെ കാര്യത്തിൽ അത്രത്തോളം നീതി പുലർത്തി എന്ന് പറയാനാവില്ല. ചടുലതയോടെ സംഭവങ്ങൾ പറഞ്ഞുവെച്ചിട്ടുണ്ട്. സാഹിത്യത്തോടു അടുത്തുനിൽക്കാത്ത ഒരുതരം കഥപറച്ചിൽ .
ടീ ഡി രാമകൃഷ്ണൻ എന്ന നോവലിസ്റ്റിനെ നമുക്കറിയാം. ഇട്ടിക്കോരയിലൂടെയും, ദേവനായകിയിലൂടെയും മലയാള നോവലിന്റെ ഗതി തിരിച്ചുവിട്ടയാൾ. നോവലിലെ വ്യത്യസ്തത നമ്മൾ അനുഭവിച്ചറിഞ്ഞത്. ദേവനായകിയിൽ തന്നെ തമിഴ് സ്ത്രീ വിമോചനപോരാളികൾ സൈന്യാധിപരിൽ നിന്നും അനുഭവിക്കുന്ന ശാരീരിക  പീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരണങ്ങൾ നമ്മൾ വായിച്ചിട്ടുണ്ട്. സമാനരീതിയിൽ തന്നെ ഇന്ത്യൻ പട്ടാളമേധാവികളെ ചിത്രീകരിക്കുമ്പോൾ അതും ചരിത്രത്തിലേയ്ക്ക് അറിവായി മാറുകയാണ്. അറിവാണ് സത്യം എന്നത് മറക്കരുത്.

പക്ഷെ എന്തൊക്കെ എഴുതിയാലും പറഞ്ഞാലും ചിലതൊന്നും ഇല്ലാതാവുന്നില്ല എന്ന് കൂടി പറഞ്ഞവസാനിപ്പിക്കുന്നു.

ശബ്ദങ്ങളെ , പ്രജകളുടെ ഉയരുന്ന ശബ്ദങ്ങളെ ഭയക്കുന്നവർ ഭരിക്കുന്നവർ. എന്തൊരു വിരോധാഭാസമാണിത്! ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട് അവർ പടച്ചുവിടുന്ന നിയമങ്ങളുടെ ഊരാക്കുടുക്കുകളിൽ പെട്ട് ശബ്ദമുയർത്തിയാൽ വിലങ്ങുകൾ വന്നു വീഴും.അതി പുരാതനകാലം മുതൽ തന്നെ അത് തുടർന്ന് വന്ന് ഇന്ന് മതങ്ങളുടെ അദൃശ്യശക്തികളാൽ ഭരിക്കപ്പെടുന്ന ജനാധിപത്യ സർക്കാരുകളിലേക്കും വിഷബീജമായ്‌ പരന്നിരിക്കുന്നു. ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന നിയമവ്യവസ്ഥകളെ ചോദ്യം ചെയ്യേണ്ടവർ എഴുത്തുകാർ. എഴുത്തുകാർ സർക്കാരിനെതിരെ തിരിയുമ്പോൾ അവരുടെ വായടക്കാൻ, അവരുടെ ജീവനെടുക്കാൻ ഭൂതഗണങ്ങൾ തെരുവിലേക്കും, വീടകങ്ങളിലേയ്ക്കും കുതിയ്ക്കുന്നു. ചിലരുടെ വായിൽ പുസ്കാരങ്ങളുടെ അപ്പക്കഷ്ണങ്ങൾ തിരുകിയും, അക്കാദമികളിൽ സ്ഥാനങ്ങൾ നൽകിയും നിശ്ശബ്ദരാക്കുന്നു. ഒരിക്കലും തിരുത്താൻ ആവാത്ത എഴുത്താണികളുടെ മുനകൾ ഒടിച്ചു കളയുന്നു. ഏകാധിപതികളായ ഭരണാധികാരികളുടെ പാദസേവ നടത്തുന്ന എഴുത്തുകാർ പുസ്കാരങ്ങൾ വാരിക്കൂട്ടുകയും, ക്ലാസിക്കുകളുടെ സ്രഷ്ടാക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഈ കഥാസമാഹാരത്തിലെ രണ്ടാമത്തെ കഥയാണ് ” വെറുപ്പിന്റെ വ്യാപാരികൾ ” . സമകാലീക ഇന്ത്യൻ സംഭവങ്ങളെ മുൻനിർത്തിയാണ് ഈ കഥ രചിച്ചിരിക്കുന്നത്. നോവലിസ്റ്റ് രാമചന്ദ്രനെ തെരുവിൽ സർക്കാരിനെതിരെ പ്രസംഗിച്ചതിന്റെ പേരിൽ ഹൈന്ദവ കാര്യാലത്തിലേയ്ക്ക് വിളിപ്പിക്കുകയാണ്. സുന്ദർജി എന്ന് വിളിക്കുന്ന ഉന്നത നേതാവ്. നോവലിസ്റ്റും, സുന്ദർജിയും സഹപാഠികളായിരുന്നു. സുന്ദർജി മത തീവ്രവാദത്തിന്റെ ലൈനിലേക്കാണ് തിരിഞ്ഞുപോയത് .
അവിടെ വെച്ചുള്ള ഇവരുടെ സംഭാഷണങ്ങളിൽ നിന്നും രാജ്യം നേരിടുന്ന സകല പ്രശ്നങ്ങളെ കുറിച്ചും സൂചനകൾ കിട്ടുന്നുണ്ട്. ബീഫ് പ്രശ്നം, മതത്തിന്റെ പേരിലുള്ള ഭിന്നിപ്പിക്കൽ, എല്ലാം ചർച്ചയാവുന്നു. രാമചന്ദ്രനെ അവരിലേക്ക്‌ അടുപ്പിക്കാനുള്ള എല്ലാ അടവുകളും പ്രയോഗിക്കുന്നു. വെച്ച് നീട്ടുന്ന അംഗീകാരങ്ങൾ,പദവികൾ . ഒടുവിൽ ഭീഷണി വരെ എത്തി. ശേഷം അദ്ദേഹത്തെ വീട്ടിലേയ്ക്കു കൊണ്ടുവിടുവാൻ അനുചരന്മാരെ നിയോഗിക്കുന്നു. പോകും വഴിയിൽ കാറിൽ വെച്ച് നോവലിസ്റ്റിനെ  ഇവർ വധിക്കുന്നു..

ഈ കഥയിലും സംഭവങ്ങളുടെ പെരുമഴയിൽ വായനക്കാരൻ നനഞ്ഞൊലിക്കുകയാണ്. സത്യത്തിന്റെ നേർക്കാഴ്ചകൾ തന്നെ കഥയിലുമെങ്കിലും ഇവിടെയും കഥയെന്ന നിലയിൽ ഒരു ഞെരുങ്ങിപ്പോക്ക് വായനക്കാരനനുഭവപ്പെടും . ഇക്കാലത്തു ഉയരുന്ന കടുത്ത ശബ്ദങ്ങളെ ഇല്ലായ്‌മ ചെയ്യാൻ വെമ്പൽ കൊള്ളുമ്പോഴും സൗമ്യശബ്ദങ്ങളായ എം ടി വാസുദേവൻ നായരെ പോലുള്ളവരോടും വാളും ചിലമ്പും ഓങ്ങി നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത് സമകാലീനകാഴ്ച തന്നെ.
സിറാജുന്നീസ എന്ന കഥാസമാഹാരത്തിൽ വേറെയും കഥകളുണ്ട്..
ഈ രണ്ടു കഥകളുടെ വായനാരസത്തിൽ നിന്നും വായനക്കാരന് അടുത്ത കഥയിലേയ്‌ക്ക്‌ പോകാവുന്നതാണ്. തീർച്ചയായും വായിച്ചിരിക്കേണ്ടത് തന്നെ.. അതുകൊണ്ടു തന്നെ മറ്റു കഥകളുടെ മായിക പ്രപഞ്ചത്തിലേയ്ക്ക് നിങ്ങൾ തനിയെ പോകുക…അഞ്ചോളം കഥകൾ ബാക്കിയുണ്ട്.
സിറാജുന്നീസ എന്ന കഥാസമാഹാരം ടീ ഡി രാമകൃഷ്ണന്റെ ആദ്യത്തെ ഡീസി ബുക്ക്സ് സംരംഭമാണ്…. പേജ് 88 . വില 80 .

എം.കെ,ഗിരീഷ് വർമ്മ