11-09-18

പ്രിയരേ...ചിത്രസാഗരത്തിന്റെ എട്ടാം ഭാഗത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏🙏
രാജാരവിവർമ കഴിഞ്ഞാൽ മലയാളി നെഞ്ചേറ്റിയ ഒരു അതുല്യ ചിത്രകാരനോടൊപ്പമാകട്ടെ നമ്മുടെ ഇന്നത്തെ യാത്ര...
അതെ...നമ്മുടെ സ്വന്തം വരസൂര്യനായ കരുവാട്ട് മനയിൽ വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരി

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജീവിതത്തിലൂടെ...👇👇
1925ലെ ചിങ്ങമാസത്തിലെ ആയില്യം നാളിൽ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടേയും ശ്രീദേവി അന്തർജ്ജനത്തിന്റേയും മകനായി ജനിച്ചു. കെ.സി.എസ്.പണിക്കർ‌, റോയ് ചൗധരി തുടങ്ങിയ ഗുരുക്കന്മാരിലൂടെ മദ്രാസ് ഫൈൻ‌ ആർ‌ട്സ് കോളജിൽ‌ നിന്നു ചിത്രകല അഭ്യസിച്ച നമ്പൂതിരി 1960ലാണു രേഖാചിത്രകാരനായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ‌ ചേർ‌ന്നതു. പിന്നീട് കലാകൗമുദി, സമകാലീക മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ‌ ആയിരക്കണക്കിനു രേഖാചിത്രങ്ങൾ‌‌ വരച്ചു. നമ്പൂതിരിച്ചിത്രങ്ങൾ എന്ന ശൈലി തന്നെ പ്രശസ്തമായി. പ്രശസ്ത നിരൂപകനായിരുന്ന എം.കൃഷ്ണൻ‌ നായർ‌ നമ്പൂതിരിച്ചിത്രം മാതിരി സുന്ദരിയായിരുന്നു എന്നു സ്ത്രീകളെ വിശേഷിപ്പിക്കുമായിരുന്നു. എം.ടിയുടെ രണ്ടാമൂഴത്തിലെ ദ്രൗപദി, വി.കെ.എൻ‌. കഥകൾ‌ക്കു വരച്ച രേഖാചിത്രങ്ങൾ എന്നിവ പ്രസിദ്ധമാണ്.അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ ആർട്ട് ഡയറക്ടറായിരുന്നു. കാഞ്ചനസീതയിലെ കഥാപാത്രങ്ങളുടെ വസ്ത്ര രൂപകൽപ്പന ശ്രദ്ധേയമായിരുന്നു

അൽപ്പം കൂടി വിശദമായി....👇👇👇
വരയുടെ വൈഭവത്തിന് നമ്പൂതിരി എന്ന നാലക്ഷരമാണ് മലയാളിയുടെ വ്യാഖ്യാനം. അത്രമേല്‍ ചേര്‍ന്നുപോയൊരു ഇഷ്ടമുണ്ട് കരുവാട്ട് മനയില്‍ വാസുദേവന്‍ നമ്പൂതിരി എന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയോട് നമുക്ക്. രാജാരവിവര്‍മ്മയ്ക്ക് ശേഷം ഒരു ചിത്രകാരനെ ഹൃദയത്തോട് ഏറ്റവും കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുന്നതും നമ്മള്‍ നമ്പൂതിരിയെയാണ്. ജീവിതത്തില്‍ പുലര്‍ത്തുന്ന നിഷ്‌കളങ്കതയും ലാളിത്യവും സൗന്ദര്യവും ആ ഇഷ്ടം ഒരു നേര്‍വരയായി നീട്ടുന്നു…

ശുകപുരം അമ്പലത്തിലെ ദാരുശില്പങ്ങള്‍ കണ്ടു ചിത്രമെഴുത്തിന്റെ വാസന മനസില്‍ പൊടിഞ്ഞ ഒരു കുട്ടിയായിരുന്നു വാസുദേവന്‍. ഇല്ല മുറ്റത്തെ പുഴിമണലില്‍ ഈര്‍ക്കില്‍ കൊണ്ട് വരച്ചു കളിച്ചായിരുന്നു ബാല്യം വളര്‍ന്നത്. ഓര്‍മ്മയില്‍ ആദ്യം കടലാസില്‍ വരച്ചത് ഒരു ശ്രീകൃഷ്ണ ചിത്രമായിരുന്നു. പിന്നീട് കളിമണ്ണില്‍ ശില്പങ്ങള്‍ ഉണ്ടാക്കി നടന്നിരുന്ന കാലത്താണ് സംസ്‌കൃതം പഠിക്കാന്‍ തുടങ്ങിയത്. സംസ്‌കൃതം പഠിച്ച് തുടങ്ങിയ ഒരാള്‍ ആ കാലത്ത് ഒന്നുകില്‍ ജ്യോതിഷത്തില്‍ അല്ലെങ്കില്‍ വൈദ്യത്തില്‍ എത്തിപ്പെടും. നമ്പൂതിരി രണ്ടിടത്തും എത്തിയില്ല. തൃശൂര്‍ തൈക്കാട്ട് മൂസിന്റെ അടുത്ത് വൈദ്യം പഠിക്കാന്‍ പോയി. കുറച്ച് ദിവസമേ ഉണ്ടായുള്ളൂ. പിന്നെ ചിത്രരചനയോടുള്ള താത്പര്യം കൊണ്ട്  തൃശൂര്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍. ആ പഠിത്തവും പൂര്‍ത്തിയായില്ല

ശില്പിയും ചിത്രകാരനുമായ വരിക്കാശ്ശേരി കൃഷ്ണന്‍ നമ്പൂതിരി വഴിയാണ് മദ്രാസിലെ കോളേജ് ഓഫ് ആര്‍ട്‌സില്‍ എത്തുന്നത്. അവിടെവെച്ചു  കെസിഎസ് പണിക്കരുടെ ശിഷ്യനായി. തമിഴ്‌നാട്ടിലെ പഠനകാലത്ത് കണ്ട പല്ലവ ചോള കാലഘട്ടത്തിലെ ചിത്രങ്ങളും സംസ്‌കാരവും പിന്നീടുള്ള ചിത്ര രചനയ്ക്ക് കരുത്തു നല്‍കി. നാലു കൊല്ലമുള്ള കോഴ്‌സ് മൂന്നു കൊല്ലം കൊണ്ട് ജയിച്ചു. കെസിഎസ് പണിക്കരുടെ നിര്‍ദ്ദേശപ്രകാരം ഫൈന്‍ ആര്‍ട്ട്‌സ് കോളേജില്‍ പെയ്ന്റിംഗിന് ചേര്‍ന്നു. വീണ്ടും ഒരു കൊല്ലം കൂടി വിദ്യാര്‍ത്ഥി ജീവിതം.

1960ലാണ്  മാതൃഭൂമിയിലെത്തുന്നത്. പിന്നീട് കലാകൗമുദിയിലും സമകാലിക മലയാളം വാരികയിലും പ്രധാന ചിത്രകാരനായി. പ്രസിദ്ധീകരണങ്ങളിലെ സാഹിത്യ വിഷയങ്ങള്‍ക്ക് വരച്ചു. ഒപ്പം മറ്റ് പെയ്ന്റിംഗുകളിലും കളിമണ്ണിലും ലോഹത്തിലും സിമന്റിലുമുള്ള ശില്പങ്ങളിലും വിരലുകള്‍ തൊട്ടു.

എസ് ജയചന്ദ്രന്‍ നായര്‍, കെസി നാരായണന്‍, എം ടി വാസുദേവന്‍ നായര്‍, എന്‍ വി കൃഷ്ണവാര്യര്‍ എന്നിവരായിരുന്നു നമ്പൂതിരിയുടെ പത്രാധിപര്‍. മലയാളത്തിലെ മിക്ക എഴുത്തുകാര്‍ക്കും നമ്പൂതിരി വരച്ചു നല്‍കിയിട്ടുണ്ട്. നമ്പൂതിരിയുടെ ചിത്രങ്ങള്‍ കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ട് ആസ്വാദക പ്രീതി ലഭിച്ച കഥകളും നോവലുകളും ഉണ്ട്. എം ടിയും വികെഎന്നുമൊക്കെ തങ്ങളുടെ കൃതികള്‍ക്ക് നമ്പൂതിരി വരയുടെ ഭാഷ്യം ചമയ്ക്കുന്നതിനായി മോഹിച്ചവരാണ്. വരയുടെ പരമശിവന്‍ എന്നാണ് വികെഎന്‍ നമ്പൂതിരിയെ വിളിച്ചത്. മറ്റൊരു സ്ഥാപനത്തില്‍ ജോലി നോക്കുകയാണെങ്കിലും തന്റെ കൃതിയ്ക്ക് നമ്പൂതിരിയെക്കൊണ്ട് വരയ്പ്പിക്കാമോ എന്നു വികെഎന്‍ ഭാഷാപോഷിണിയില്‍ വിളിച്ചു ചോദിച്ചതും എഴുത്താകരന്റെ ചിത്രകാരനോടുള്ള അടങ്ങാത്ത ഇഷ്ടത്തിന്റെ ഉദ്ദാഹരണമാണ്.

അടുത്ത ലക്കത്തിനായി വരയ്ക്കാന്‍ മോഹിച്ചിരുന്ന രണ്ട് കൃതികളാണ് തന്റെ ഔദ്യോഗിക ജീവിതത്തിനിടയ്ക്ക് ഉണ്ടായിട്ടുള്ളതെന്ന് നമ്പൂതിരി പറയുന്നതും വി കെഎന്നിന്റെ പിതാമഹനെയും എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ കുറിച്ചുമാണ്

അരനൂറ്റാണ്ടു കടന്ന ഔദ്യോഗിക ചിത്രമെഴുത്ത് ജീവിതത്തിനിടെ നമ്പൂതിരി വരച്ച കഥകളും നോവലുകളും അനവധി. അങ്ങനെ അമ്പതു വര്‍ഷത്തെ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുകാരനായ ചിത്രകാരനുമായി അദ്ദേഹം. നവതിയിലെത്തി നില്‍ക്കുമ്പോഴും നമ്പൂതിരി വരയുടെ യൗവ്വനം ആസ്വദിക്കുകയാണ്. കര്‍മ്മനിരതനായി ഇന്നും ഒരു സാധകം പോലെ ദിവസേന ചിത്രമെഴുത്തില്‍ അത്ഭുതങ്ങള്‍ വിരിക്കുന്നു. രാവിലെ വരയ്ക്കാനിരിക്കുന്നു. ഇല്ലത്തിന് മുന്നില്‍ ഇതിനായി ചെറിയ ഒരു സ്ഥലമുണ്ട്. സര്‍ഗാത്മകതയുടെ പണിപ്പുര അതാണ്.

കേരളത്തിലെ പത്തു നഗരങ്ങളെ വരയ്ക്കുക എന്നൊരു നൂതന ഉദ്യമത്തിലാണ് നമ്പൂതിരി ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ നഗരചിത്ര പരമ്പരയിലേക്ക് അദ്ദേഹം ആദ്യം തെരഞ്ഞെടുത്തതും വരച്ചതും കൊച്ചിയാണ്. മലയാള മനോരമയുടെ ഈ കൊല്ലത്തെ ഓണപ്പതിപ്പില്‍ ‘കണ്‍കുളിര്‍ക്കെ കണ്ട കൊച്ചി’ എന്ന പേരില്‍ കൊച്ചിയെ കുറിച്ചുള്ള ചിത്രമെഴുത്ത് വന്നിട്ടുണ്ട്.

മികച്ച എഴുത്തുകാരന്‍ കൂടിയാണ് നമ്പൂതിരി. ഭാഷാപോഷിണിയില്‍ 115 ലക്കങ്ങള്‍ പിന്നിട്ട   ആത്മകഥയില്‍ വരപോലെ മനോഹരമായി അദ്ദേഹത്തിന്റെ എഴുത്തും. തന്റെ ചിത്രങ്ങളിലൂടെ കഥകള്‍ക്കും നോവലുകള്‍ക്കും മറ്റൊരു മാനവും വ്യാഖ്യാനവും നല്‍കാന്‍ നമ്പൂതിരിക്ക് സാധിച്ചു. കഥയ്ക്ക് വെറുമൊരു ചിത്രം വരയ്ക്കാനല്ല, വിഷ്വലിന് വ്യഖ്യാനം നല്‍കാനാണ് അദ്ദേഹം ശ്രമിച്ചത്. കവിതയ്ക്ക് വരയ്ക്കുമ്പോള്‍ ഒരു ഇമേജ് എടുത്ത് വരയ്ക്കുകയാണ് പതിവ്
നമ്പൂതിരി സ്ഥിരമായി വരച്ചിരുന്ന ആനുകാലികങ്ങളില്‍ നമ്പൂതിരിയുടെ അഭാവത്തിലും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് വായനക്കാര്‍ പ്രതീക്ഷിക്കുന്നു. തന്റെ അഭാവത്തിലും സാന്നിധ്യം സൃഷ്ടിക്കാന്‍ കഴിയുക എന്നത് ഒരു കലാകാരന്റെ ഏറ്റവും വലിയ വിജയമാണ്

ചിത്രകലയോടൊപ്പം കര്‍ണ്ണാടക സംഗീതവും കഥകളിയും വാദ്യ കലകളും നമ്പൂതിരിക്ക് പ്രിയപ്പെട്ടതാണ്. നിരന്തരമായ പാട്ട് കേള്‍ക്കല്‍ തന്റെ വരയെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയും. കഥകളി പദത്തിന്റെ പശ്ചാത്തലത്തില്‍ വരയിലൂടെ ഒരു കളിയരങ്ങ് സൃഷ്ടിക്കാന്‍ നമ്പൂതിരി മാത്രമേയുള്ളൂ

അരവിന്ദന്‍, ഷാജി എന്‍ കരുണ്‍, പത്മരാജന്‍ എന്നിവരുടെ ചലച്ചിത്ര പ്രവര്‍ത്തനങ്ങളില്‍ നമ്പൂതിരി പങ്കാളിയായിട്ടുണ്ട് .’ഉത്തരായന’ത്തിലെ കലാസംവിധാനത്തിന് സ്റ്റേറ്റ് അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഞാന്‍ ഗന്ധര്‍വ്വന്റെ അടയാഭരണങ്ങള്‍ നമ്പൂതിരിയുടെ കലാസംഭാവനയായിരുന്നു.

കണ്ടുമുട്ടിയതെപ്പോഴാണെങ്കിലും ശരി ഈ നിമിഷം മുതല്‍ ”ദൈവമേ ഈ മനുഷ്യന്‍ എന്റെ ഹൃദയത്തിന്റെ ഭാഗമാണല്ലോ എന്നെനിക്ക് തോന്നി”എല്ലാവരോടും നമുക്കങ്ങനെ തോന്നണമെന്നില്ല. എന്നാല്‍ ചില സമാഗമങ്ങളില്‍ അങ്ങനെ സംഭവിക്കും. രണ്ടു വ്യക്തികള്‍ക്കിടയിലെ പോസിറ്റീവ് എനര്‍ജി എന്നൊക്കെ പുതിയ കാലം അതിനെ വിളിക്കുന്നുണ്ട്. ഈ അവസ്ഥയെ ജന്മജന്മാന്തര ബന്ധം എന്നുവിളിക്കാനാണ് എനിക്കിഷ്ടം; ഒരിക്കല്‍ ചലച്ചിത്ര താരം മോഹന്‍ ലാല്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട് നമ്പൂതിരിയെക്കുറിച്ച്. ആ തോന്നല്‍ ഒരുപക്ഷേ ലാലിനു മാത്രമല്ല നമ്പൂതിരിയെ അറിയുന്ന ഓരോരുത്തരും പറയുന്നതും അതുതന്നെ,; ഈ മനുഷ്യന്‍ എന്റെ ഹൃദയത്തിന്റെ ഭാഗമാണല്ലോ…

ചിങ്ങമാസത്തിലെ ആയില്യം നക്ഷത്രക്കാരന് പ്രണാമങ്ങളോടെ ... 🙏🙏🙏
സാധാരണ ചിത്രകാരന്മാരേയും കലാകാരന്മാരേയും ഫോൺ വഴിയാണ് അഭിമുഖം നടത്തുക.ഇത്തവണ വ്യത്യസ്തമായ ഒരു രീതിയായാലോ എന്ന് തീരുമാനിച്ചു.വിവരം അഡ്മിൻ പാനലിൽ അറിയിച്ചപ്പോൾ ഏവർക്കും സമ്മതം...സന്തോഷം.
നമ്പൂതിരി സാറിന്റെ 93ാം ജന്മദിനമായ കഴിഞ്ഞ ശനിയാഴ്ച ഞങ്ങൾ അദ്ദേഹത്തെ സന്ദർശിച്ചു. (നമ്മുടെ ഗ്രൂപ്പിലെ സീതയുടെ ബന്ധുവായതിനാൽ കൂടിക്കാഴ്ചയ്ക്ക് സമ്മതം കിട്ടാൻ വിഷമമുണ്ടായില്ല..നന്ദി സീത...& ശ്രീ.രാംദാസ് സർ)

രണ്ടരമണിക്കൂറോളം സമയം അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചു...ഒരുപാടൊരുപാട് കാര്യങ്ങൾ_ചിത്രകലയെ,സിനിമയെ സംബന്ധിക്കുന്നത് _അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ചു.
ആ രണ്ടരമണിക്കൂർ സമയത്തു നടന്ന എല്ലാം ഷൂട്ട് ചെയ്തിട്ടുണ്ട്..ശരിയായിക്കഴിഞ്ഞാൽ ഒരു നമ്പൂതിരി സ്പെഷ്യൽ ഡോക്യുമെന്ററി ഗ്രൂപ്പിൽ പ്രതീക്ഷിക്കാം..ഇതിനായി സഹായം ചെയ്തുതന്ന പ്രവീൺ വർമ്മ മാഷ്,അശോക് മാഷ്,രതീഷ് മാഷ്🙏🙏🙏🙏

അഭിമുഖം ഫോണിലാണ് പിടിച്ചത്..അതിനാൽ ശബ്ദ പ്രശ്നമുണ്ട്.(വീഡിയോക്യാമറ വെച്ചെടുത്തത് റെഡിയായിക്കൊണ്ടിരിക്കുന്നു..ഡോക്യുമെന്ററിയിൽ കേൾക്കാം)

അദ്ദേഹത്തിന്റെ സൃഷ്ടികളുടെ ക്രോഡീകരണമായ രേഖകൾ ഞങ്ങൾക്കു കാണിച്ചു തരുന്നു
വ്യക്തതയുള്ള ഓഡിയോ വീഡിയോകൾ ഡോക്യുമെന്ററിയായി വരും...കാത്തിരിക്കണേ..
നമ്പൂതിരിച്ചിത്രങ്ങളിലൂടെ....

അദ്ദേഹത്തിന്ജന്മദിനോപഹാരം 
തിരൂർ മലയാളം ഗ്രൂപ്പിന്റെ സാരഥികള്‍ കെെമാറുന്നു.

തൃക്കാവ് അമ്പലം വീക്ഷിക്കുന്ന ആർട്ടിസ്റ്റ്
ഏറ്റവും പ്രശസ്തമായ രണ്ടാമൂഴത്തിൽ നിന്നും....

ലഭിച്ച ഉപഹാരങ്ങൾ...ഉത്തരായനത്തിന് ലഭിച്ച ഉപഹാരവും കാണാം.

https://drive.google.com/open?id=19rDgASctz25Ju9YqcBxOC-LBlSAU4sv8



ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം
ഏതാനും വീഡിയോ ലിങ്കുകൾ....👇👇👇




മോഹൻ ലാൽ തന്റെ ആരാധ്യ പുരുഷനെക്കുറിച്ച്...👇👇👇
നമ്പൂതിരി സാറുമായുള്ള പരിചയവും സ്‌നേഹബന്ധവും പൂര്‍വജന്മത്തിലെവിടെയോവെച്ച് തുടങ്ങിയതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം, ആദ്യമായി ഞങ്ങള്‍ കണ്ടുമുട്ടിയ നിമിഷം ഇപ്പോഴും എനിക്കോര്‍മയില്ല. മൂടല്‍മഞ്ഞിലെന്നപോലെ അത് എന്നില്‍നിന്ന് മറഞ്ഞു നില്ക്കുന്നു. കണ്ടുമുട്ടിയതെപ്പോഴാണെങ്കിലും ശരി, ആ നിമിഷം മുതല്‍ 'ദൈവമേ ഈ മനുഷ്യന്‍ എന്റെ ഹൃദയത്തിന്റെ ഭാഗമാണല്ലോ' എന്നെനിക്കു തോന്നി. എല്ലാവരോടും നമുക്ക് അങ്ങനെ തോന്നണം എന്നില്ല. എന്നാല്‍ ചില സമാഗമങ്ങളില്‍ അങ്ങനെ സംഭവിക്കും. രണ്ട് വ്യക്തികള്‍ക്കിടയിലെ പോസിറ്റീവ് എനര്‍ജി എന്നൊക്കെ പുതിയകാലം അതിനെ വിളിക്കുന്നുണ്ട്. ഈ അവസ്ഥയെ ജന്മാന്തര സ്‌നേഹബന്ധം എന്നു വിളിക്കാനാണ് എനിക്കിഷ്ടം. പിന്നീട് ഏതൊക്കെയോ ഇടങ്ങളില്‍വെച്ച് ഞങ്ങള്‍ കണ്ടുമുട്ടി. നമ്പൂതിരി സാറിനെ കണ്ടുകൊണ്ടിരിക്കുന്നതുതന്നെ ഒരാനന്ദമാണ്. എനിക്ക് വരയ്ക്കാനുള്ള സിദ്ധി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ വെള്ളിമുടികള്‍ പിന്നില്‍ക്കെട്ടിവെച്ച് നടന്നുപോകുന്ന ആ രൂപം വരച്ചേനെ. വരയുടെ ഈ പരമപുരുഷന്‍ തന്നെ വലിയ ഒരു വരയാണ്. സൗന്ദര്യലഹരിയില്‍ ഒരു ശ്ലോകമുണ്ട്: സുധാസിന്ധോര്‍മധ്യേ സുരവിടപിവാടീപരിവൃതേ മണിദ്വീപേ നീപോപവനവതി ചിന്താമണിഗൃഹേ! ശിവാകാരേ മഞ്ചേ പരമശിവ പര്യങ്കനിലയാം ഭജന്തി ത്വാം ധന്യാഃ കതിചന ചിദാനന്ദലഹരീം!!ദേവീസ്ഥാനമാണ് വര്‍ണിക്കുന്നത്: അല്ലയോ മഹാദേവീ! അമൃതസമുദ്രത്തിന്റെ നടുവില്‍ കല്പവൃക്ഷോദ്യാനത്താല്‍ ചുറ്റപ്പെട്ട് രത്‌നദ്വീപില്‍ കടമ്പുവൃക്ഷങ്ങള്‍ കൊണ്ടുള്ള ആരാമത്തോടുകൂടിയ ചിന്താമണിഗൃഹത്തില്‍ ബ്രഹ്മാവിഷ്ണുരുദ്രേശ്വരന്മാര്‍ ആഗ്‌നേയാദി നാലുകോണുകളില്‍ മുകളിലും നാലുകാലുകളിലിരിക്കുന്നതും ഉപരിഭാഗത്തില്‍ സദാശിവന്‍ പലകയായി തീര്‍ത്തിരിക്കുന്നതുമായ മഞ്ചത്തില്‍ പരമശിവനാകുന്ന മെത്തയില്‍ സ്ഥിതിചെയ്യുന്ന ജ്ഞാനാനന്ദ പ്രവാഹരൂപിണിയായ നിന്തിരുവടിയെ ചില പുണ്യവാന്മാര്‍ ഭജിക്കുന്നു. ഈ ശ്ലോകത്തില്‍ ഒരു ചിത്രമുണ്ട് എന്നെനിക്കു തോന്നി. ഞാന്‍ നമ്പൂതിരി സാറിനോട് ഇതൊന്ന് വരച്ചുതരാന്‍ പറ്റുമോ എന്ന് ചോദിച്ചു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. ലോകത്ത് ആര്‍ക്കും വരയ്ക്കാന്‍ സാധിക്കാത്തതാണ് അത്. പിന്നീട് ഞങ്ങള്‍ പലപ്പോഴായി കണ്ടു. അപ്പോഴൊന്നും ഞാന്‍ ചിത്രത്തെപ്പറ്റി ചോദിച്ചതേയില്ല. ഒരിക്കല്‍ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു: 'ലാല്‍, എന്താണ് അത് വരച്ചുതീര്‍ന്നോ എന്ന് ചോദിക്കാത്തത്?' ഒന്നോ രണ്ടോ വരകള്‍കൊണ്ട് തീര്‍ക്കാവുന്നതല്ല ശങ്കരാചാര്യരുടെ ഈ ദേവീസ്ഥാന കല്പന എന്നെനിക്കറിയാമായിരുന്നു. അത് ഈ മനുഷ്യനു മാത്രമേ വരയ്ക്കാന്‍ സാധിക്കൂ. എനിക്ക് ഒട്ടും ധൃതിയില്ലായിരുന്നു. ധൃതിവെക്കുന്നതില്‍ അര്‍ഥവുമില്ലായിരുന്നു. ഒടുവില്‍ അദ്ദേഹം അത് വരച്ചുതന്നു.  ഇന്നും അതെന്റെ ചിത്രശേഖരത്തിലുണ്ട്. ഒരിക്കല്‍ എന്റെ ചിത്രശേഖരം കാണാന്‍വന്ന ഒരുസംഘം മലയാളികളല്ലാത്ത സുഹൃത്തുക്കള്‍ ആ ചിത്രത്തിനു മുന്നില്‍നിന്ന് ചോദിച്ചു: 'ഇതാരാണ് വരച്ചത്?' മറ്റൊരു ചിത്രത്തെക്കുറിച്ചും അവര്‍ ഇങ്ങനെ ചോദിച്ചിട്ടില്ല. ഇന്നും ഞാനതിനുമുന്നില്‍ മനസ്സുകൊണ്ട് നമസ്‌കരിക്കാറുണ്ട്. അപ്പോള്‍ എന്റെ മുന്നില്‍ ചിത്രത്തോടൊപ്പം നമ്പൂതിരി സാറുമുണ്ട്.നമ്പൂതിരി സാര്‍ വരച്ച നൂറ്റിയെണ്‍പതോളം ചിത്രങ്ങള്‍ ഞാന്‍ വാങ്ങി ശേഖരിച്ചിട്ടുണ്ട്. എല്ലാം പ്രതിഭാശാലികളായ എഴുത്തുകാരുടെ സൃഷ്ടികള്‍ക്കുവേണ്ടി വരച്ചവയാണ്. ആ ചിത്രങ്ങളെല്ലാം വൃത്തിയായി ഫ്രെയിം ചെയ്താണ് ഞാന്‍ സൂക്ഷിച്ചിട്ടുള്ളത്. ഒരുപാട് കാലം രഹസ്യമായി അവയില്‍ ചിലത് ഷൂട്ടിങ് സ്ഥലങ്ങളിലേക്കുള്ള യാത്രകളില്‍ കൊണ്ടുനടന്നിരുന്നു. എന്റെ ചിത്രശേഖരങ്ങളിലെ ഏറ്റവും വിലയേറിയ വിഭാഗം നമ്പൂതിരി ചിത്രങ്ങളാണ് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഋതുമര്‍മരങ്ങള്‍ എന്ന പേരില്‍ എന്റെ ഓര്‍മക്കുറിപ്പുകള്‍ ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ചപ്പോള്‍ രണ്ട് ധന്യതകളുണ്ടായി: [9:25 PM, 9/11/2018] Praji: രോഗക്കിടക്കയില്‍വെച്ച് കെ.പി. അപ്പന്‍ സാര്‍ എഴുതിത്തന്ന അവതാരികയും സ്‌നേഹത്തോടെ നമ്പൂതിരി സാര്‍ വരച്ചുതന്ന ചിത്രങ്ങളും. അക്ഷരങ്ങളായും വരകളായും കിട്ടിയ അനുഗ്രഹങ്ങള്‍. നമ്പൂതിരിയുടെ സ്ത്രീചിത്രങ്ങളാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീകളെ വരയ്ക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വരകള്‍ക്ക് കൂടുതല്‍ ലാവണ്യമുണ്ടാകുന്നതും നമ്മള്‍ വിസ്മയിക്കുന്നതും എന്ന് ഈ മേഖലയില്‍ വലിയ അറിവുള്ളവര്‍ പറഞ്ഞിട്ടുള്ളത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതെന്തുകൊണ്ടായിരിക്കാം എന്ന് ആലോചിച്ചിട്ടുമുണ്ട്. ഇനി കാണുമ്പോള്‍ ചോദിക്കണം. ഒറ്റപ്പാലം, ഷൊര്‍ണൂര്‍, ചെര്‍പ്പുളശ്ശേരി ഭാഗങ്ങളില്‍ ഷൂട്ടിങ്ങിന് പോകുമ്പോള്‍ ഒരുപാട് സ്ത്രീകളെ കാണാറുണ്ട്. അവരെ നമ്പൂതിരി സാര്‍ വരച്ചാല്‍ എങ്ങനെയിരിക്കും എന്ന് എത്രയോ തവണ സങ്കല്പിച്ചു നോക്കിയിട്ടുണ്ട്.  എല്ലാത്തരം സ്ത്രീകളും ഈ വരകളിലുണ്ട്. കന്യകയും കാമിനിയും വൃദ്ധയും വിവാഹിതയും മെലിഞ്ഞവരും തടിച്ചവരും അംഗലാവണ്യത്തിടമ്പുകളും ആത്തേമ്മാരും തട്ടമിട്ട ഉമ്മമാരും നിതംബിനികളും നഗ്‌നരൂപികളും എല്ലാമെല്ലാം. ഈ സ്ത്രീകളെ നിങ്ങള്‍ ജീവിതത്തിന്റെ ഏതെങ്കിലും ഇടങ്ങളില്‍ വെച്ച് കണ്ടുമുട്ടിയിരിക്കും, തീര്‍ച്ച. ഇവര്‍ നമ്മുടെ സ്ത്രീകളാണ്.. നമുക്കു ചുറ്റുമുള്ളവര്‍, നാണിച്ചും പ്രണയിച്ചും നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞും കഴിയുന്നവര്‍. അവര്‍ ഇനിയുമിനിയുമുണ്ടാകട്ടെ. ഈ ഭൂമിയെ കൂടുതല്‍ മനോഹരമാക്കാനും നമ്പൂതിരിയുടെ വരകളിലൂടെ മോക്ഷം പ്രാപിക്കാനും.

(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന നമ്പൂതിരിയുടെ സ്ത്രീകള്‍ എന്ന പുസ്തകത്തിന് എഴുതിയ അവതാരികയിൽ നിന്നും...)
മലയാളത്തിന്റെ പ്രിയപ്പെട്ട ചിത്രകാരന്‍ നമ്പൂതിരി പല കാലങ്ങളിലായി നോവലുകള്‍ക്കും കഥകള്‍ക്കുമായി വരച്ച ചിത്രങ്ങളില്‍ നിന്ന് 101 സ്ത്രീകഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് ഒരുക്കിയ സമാഹാരമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ 'നമ്പൂതിരിയുടെ സ്ത്രീകള്‍ '. ആറു പതിറ്റാണ്ടായി രേഖാചിത്രങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന നമ്പൂതിരിയുടെ സ്ത്രീകള്‍ വൈവിധ്യവും സൗന്ദര്യവും കൊണ്ട് വേറിട്ട കാഴ്ചാനുഭവം സമ്മാനിക്കുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി ചിത്രമെഴുത്തിലെ പെണ്മയെക്കുറിച്ച് സംസാരിക്കുന്നു...👇👇👇👇

🌹 നമുക്ക് വി.കെ.എന്നില്‍നിന്നു തുടങ്ങാം. തന്റെ രണ്ടു കഥകള്‍ക്ക് നമ്പൂതിരി വരച്ച ചിത്രങ്ങള്‍ കണ്ട വി.കെ.എന്‍. എഴുതിയ കത്തു നോക്കാം ചിത്രത്തില്‍ കണ്ടത്ര കേമിയാണ് ചിന്നമ്മുവെങ്കില്‍ അവളുടെ കര്‍ത്താവായ എനിക്ക് അവകാശപ്പെട്ടതല്ലേ കുലട? അവളെ ഇങ്ങോട്ട് അയച്ചുതരുമോ?' (20.10.1972) 'വെളിപാടിലെ ചിത്രങ്ങള്‍ ഉഗ്രോഗ്രം. തടിച്ചികള്‍ ടെംപ്റ്റിങ്.'(26.4.82) എവിടെനിന്നാണ് ഈ സൗന്ദര്യം ആവാഹിക്കുന്നത്? 
മദിരാശിയില്‍ പഠിക്കുന്ന കാലത്തുതന്നെ ഫോമിനെക്കുറിച്ച് സാമാന്യധാരണ ഉണ്ടായിരുന്നു. അവിടെ മോഡല്‍ സ്റ്റഡിതന്നെയുണ്ട്. മോഡല്‍ വരയ്ക്കുമ്പോള്‍ത്തന്നെ നമ്മുടെതായ ശൈലീകരണം വരും. അത് എങ്ങനെ എന്നു പറയുക വയ്യ. നമ്മുടെ ഉള്ളില്‍ ഒരു സൗന്ദര്യസങ്കല്പം ഉണ്ടാവുമല്ലോ. ആ നിലയ്ക്ക് നമുക്കു തോന്നുന്ന ശാരീരികസൗന്ദര്യം നല്കുന്നു. അവയവങ്ങള്‍ക്ക് പ്രത്യേക ഭംഗി നല്കാനൊക്കെ ശ്രമിക്കും. അങ്ങനെ കുറെ ചെയ്തപ്പോള്‍ സ്വാഭാവികമായ ഒഴുക്കു വന്നു. രേഖകളുടെ താളവും കാണുന്ന വസ്തുവിന്റെ താളവും ഒന്നാകുന്ന അവസ്ഥ വന്നു. ഇതിനു സമയം പിടിക്കും.

🌹മോഡലുകളായി ഇരിക്കുന്ന സ്ത്രീകളെ വരയ്ക്കുന്ന രീതി എങ്ങനെയായിരുന്നു?
ആദ്യം ലൈഫ് മോഡല്‍ വരയ്ക്കാന്‍ പറയും. മോഡലുകള്‍ മാറിമാറി ഇരിക്കും. കാണുന്നത് എന്തോ അതു നിങ്ങളുടെ രീതിയില്‍ പകര്‍ത്താനായിരിക്കും നിര്‍ദേശം. സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ഫിഗറുകള്‍ക്കൊക്കെ ഒരു താളം കാണാം. അതിനനുസരിച്ചാണ് ഘടന വരിക. ആ നിലയ്ക്ക് ഘടന മനസ്സിലാക്കലാണ് പ്രധാനം. അപ്പോള്‍ അറിഞ്ഞുകൊണ്ടുള്ള ഒരു മാറ്റംവരുത്തലില്‍ കലയുണ്ടാകുന്നു. എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് അതു വ്യക്തമാവണം എന്നതുപോലെ വരയും വ്യക്തമായിരിക്കണം. 'കല്പിച്ചുകൂട്ടിയ മാറ്റം' ആവാം എന്നര്‍ഥം. എന്നെ സംബന്ധിച്ച് ഒരു വസ്തു കാണുമ്പോള്‍ അതിന്റെ മൊത്തത്തിലുള്ള സൗന്ദര്യാംശത്തിലാണു ശ്രദ്ധ വരിക. ഘടനയുടെ സൗന്ദര്യം എന്നും പറയാം. ഇതു വരകളിലും വരും.

🌹അന്നു മോഡലുകളായ സ്ത്രീകളുടെ മുഖങ്ങള്‍ ഓര്‍മയുണ്ടോ? 
എല്ലാവരും ദരിദ്രരായിരുന്നു. ഘടനയിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. ആ നിലയ്ക്ക് മുഖസൗന്ദര്യം മുഖ്യമായി എടുത്തിരുന്നില്ല. അതല്ലല്ലോ വിഷയം. പരന്ന തലത്തിലാണല്ലോ ചെയ്യുന്നത്. പരന്ന തലത്തില്‍ ഘനമാനം സൃഷ്ടിക്കുകയാണ്. ഫോട്ടോഗ്രാഫിയില്‍ നിഴലും വെളിച്ചവും പ്രധാനമാകുന്നത് ശ്രദ്ധിക്കുക. പേഴ്‌സ്​പക്ടീവാണ് പ്രധാനം. ആധുനിക ചിത്രകലാസങ്കല്പത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഫ്ലറ്റ് സര്‍ഫസില്‍ ഫ്ലറ്റ് നിലനിര്‍ത്തണം എന്ന വാദവും ഉണ്ടായിരുന്നു. ഇംപ്രഷന്‍ പ്രധാനമാണ് എന്ന അഭിപ്രായവും ഉണ്ടായി.

🌹ആദ്യമായി വരച്ചു പ്രസിദ്ധീകരിച്ച സ്ത്രീചിത്രം ഓര്‍മയിലുണ്ടോ?
അങ്ങനെ ഇന്ന ചിത്രം എന്നു കൃത്യമായി ഓര്‍മിക്കുന്നില്ല. വരയ്ക്കുമ്പോള്‍ നല്ല പരിഭ്രമമായിരുന്നു. വീക്കായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പുസ്തകങ്ങളില്‍ ചേര്‍ക്കാനായിട്ടൊക്കെ വരയ്ക്കാന്‍ തുടങ്ങി. ആത്മവിശ്വാസം വരാന്‍ തുടങ്ങി. ആദ്യമൊക്കെ പരിചയക്കുറവ് ഉണ്ടായിരുന്നു. കഥ വായിച്ച് കഥാപാത്രത്തെ നമ്മുടെതായ രീതിയിലേക്കു മാറ്റും. അപ്പോഴും വിശദാംശങ്ങളിലേക്കു പോകാറുണ്ടായിരുന്നില്ല. ഘടനതന്നെ പ്രധാനം. മൊത്തം കാരക്ടറാണു വരേണ്ടത്. എഴുത്തുകാര്‍ കഥാപാത്രത്തെ വിവരിക്കുമ്പോള്‍ സാഹിത്യാധിഷ്ഠിതമായിട്ടാണു കാണുക. ദൃശ്യാത്മകമായി കാണുന്നവരും ഉണ്ട്. വാസുദേവന്‍ നായരും വി.കെ.എന്നുമൊക്കെ ദൃശ്യപ്രധാനമായിക്കൂടി എഴുതുന്നതായിട്ടാണു തോന്നുന്നത്. ആ നിലയ്ക്ക് വര എളുപ്പമാണ്. ചിത്രംകൂടി വരണം എന്ന ഉദ്ദേശ്യത്തോടെയല്ലല്ലോ പലരും എഴുതുന്നത്. ആ നിലയ്ക്ക് കഥാപാത്രത്തിന്റെ വേഷം അടക്കം നിശ്ചയിച്ച് മറ്റൊരു മാനം നല്‌കേണ്ടത് ചിത്രകാരന്റെ ചുമതലയാകുന്നു.

🌹പല പ്രായത്തിലുള്ള, പല പ്രകാരത്തിലുള്ള സ്ത്രീകളെ വരയ്‌ക്കേണ്ടിവരുമ്പോള്‍...?
അപ്പോഴും കാഴ്ചയാണ് പ്രധാനം. ഓരോരുത്തരെ കാണുമ്പോള്‍ അവരുടെ നടത്തം, നില്പ് ഒക്കെ അവരറിയാതെ നമ്മളങ്ങനെ നിരീക്ഷിക്കും. ഓരോ കാലത്തിലും വന്ന മാറ്റങ്ങള്‍ നമ്മുടെ ഉള്ളിലുണ്ട്. ഇന്ന് വള്ളിട്രൗസറിട്ട് നടക്കുന്ന കുട്ടികളില്ല. പാവാടക്കാരികളും കുറവാണ്. പ്രായത്തിനനുസരിച്ച് വേഷത്തിലും വ്യത്യാസമുണ്ട്. അറുപതുകഴിഞ്ഞവരൊക്കെ ചുരിദാറിട്ട് നടക്കുന്നത് കാണാറുണ്ടല്ലോ. അതൊക്കെ സാധാരണമായി വരികയാണ്.വൈരൂപ്യമുള്ള സ്ത്രീകളെ വരയ്ക്കുമ്പോഴോ? വൈരൂപ്യം വരയ്ക്കാന്‍ എളുപ്പമാണ്. പക്ഷേ, കഥകളില്‍ ആ നിലയ്ക്കുള്ള കഥാപാത്രങ്ങള്‍ അധികം വരാറില്ല. മെലിഞ്ഞിട്ടാണ് എന്ന വിശേഷണത്തിന്റെ അടിസ്ഥാനത്തില്‍ വിരൂപയായി വരയ്ക്കാന്‍ കഴിയില്ലല്ലോ. മുഷിഞ്ഞ വേഷം, കീറിയ മുണ്ട് എന്നൊക്കെ വിവരണത്തില്‍ വരുമ്പോഴും സൗന്ദര്യാംശം ഇല്ലാതാകുന്നില്ല. ചിത്രങ്ങള്‍ കഴിയുന്നത്ര സുന്ദരമായി കാണാനാണ് എല്ലാവരും ആഗ്രഹിക്കുക. എല്ലാ സ്ത്രീകള്‍ക്കും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സൗന്ദര്യമുണ്ട്. അതിന്റെ വ്യത്യസ്തതയാണ് ശ്രദ്ധിക്കേണ്ടത്. വൈരൂപ്യം എന്നത് അപൂര്‍വമായ ഒന്നാണ് എന്നു തോന്നുന്നു. സൗന്ദര്യത്തിന് അടിസ്ഥാനതാളമുണ്ട്. അതില്‍ ഏറ്റക്കുറച്ചില്‍ വരും. പെരുമാറ്റംകൊണ്ട് സൗന്ദര്യം സൃഷ്ടിക്കുന്ന സ്ത്രീകളുണ്ട്. അന്തസ്സും ആഭിജാത്യവും സൗന്ദര്യത്തിന്റെ ഭാഗമാണ്. സംസാരത്തില്‍, ആംഗ്യത്തില്‍ എല്ലാം ഇതു കാണാം. ശാരീരികസൗന്ദര്യത്തിനപ്പുറമുള്ള സൗന്ദര്യഘടകങ്ങളായി ഇവയെ കാണാം. മറിച്ച് സുന്ദരികളായാല്‍ത്തന്നെ വ്യക്തിത്വമില്ലാതെ വര്‍ത്തമാനം പറയുമ്പോള്‍, ഇടപെടുമ്പോള്‍ ആ സൗന്ദര്യാംശം നഷ്ടമാവുകയാണ്. വ്യക്തിത്വമാണ് സൗന്ദര്യം എന്നും പറയാം.

🌹നമ്പൂതിരിയുടെ വരകള്‍ നിരീക്ഷിക്കുമ്പോള്‍ നില്പിനും നോട്ടത്തിനുമുള്ള സൗന്ദര്യം എടുത്തുപറയേണ്ടതാണ്. ഇത് എങ്ങനെ സാധിക്കുന്നു? 
അങ്ങനെ വരുന്നു എന്നേ പറയാനാവൂ. ശില്പകലയുടെ സ്വാധീനമാവാം. വസ്തുക്കളെ സോളിഡ് ആയി കാണാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാവാം. കണ്ണുകള്‍ വരയ്ക്കുമ്പോഴേ ആ നോട്ടം ഉണ്ടാക്കാം. ചിരിയും അങ്ങനെത്തന്നെ. ഒരാളെ നോക്കുമ്പോള്‍ നമ്മള്‍ കണ്ണിലാണ് ആദ്യം ശ്രദ്ധിക്കുക. കണ്ണുകളാണ് ആശയവിനിമയം നടത്തുന്നത്. ഭാവം നല്കുന്നത് കണ്ണുകളാണ്. അതിന്റെ ചലനശേഷിയിലും സൗന്ദര്യമുണ്ട്. കണ്ണുകള്‍ മാത്രമല്ല പുരികവും മുഖവും പ്രധാനമാണ്. ചെറിയ കോറലുകള്‍കൊണ്ട് നോട്ടങ്ങളില്‍ വൈവിധ്യമുണ്ടാക്കാം. വ്യത്യസ്ത സമുദായങ്ങളിലെ സ്ത്രീകളെ വരയ്ക്കുമ്പോള്‍ ആഭരണം, വേഷം എന്നിവയൊക്കെ കൃത്യമാകാറുണ്ട്? അതും നിരീക്ഷണത്തിന്റെ ഭാഗമാണ്. ആന്ത്രോപ്പോളജിക്കലായ ചിന്തയും പ്രധാനമാണ്. വിശേഷങ്ങള്‍ക്കൊക്കെ പോകുമ്പോള്‍ ഇങ്ങനെയുള്ളവരെ കാണും. അവരൊക്കെ നമ്മളോട് വന്ന് സംസാരിക്കും. പരിചയക്കാരും അല്ലാത്തവരും ഉണ്ടാകും. അന്തസ്സ്, തറവാടിത്തം ഒക്കെ ഒറ്റനോട്ടത്തില്‍നിന്നുതന്നെ മനസ്സിലാകും.

🌹നമ്പൂതിരിച്ചിത്രങ്ങളിലെ പ്രണയമുഹൂര്‍ത്തങ്ങള്‍ വാക്കുകള്‍ക്കും വരകള്‍ക്കും അപ്പുറം വൈകാരികമാവാറുണ്ടല്ലോ?
കഥകളിലെയോ നോവലുകളിലെയോ ഒരു ഭാവം മാത്രം എടുത്തു വരയ്ക്കുമ്പോള്‍ സംഭവിക്കുന്നതാണത്. കവിതയുടെ സങ്കല്പം ഇക്കാര്യത്തില്‍ പ്രചോദനമായിട്ടുണ്ടാകാം. കവിതയില്‍ മുഴുവന്‍ പറയാത്തതിലാണ് സൗന്ദര്യം. പൂരിപ്പിക്കുന്നത് വായനക്കാരനാണല്ലോ.

🌹സ്ത്രീകളുടെ വസ്ത്രസങ്കല്പത്തിലും വസ്ത്രധാരണത്തിലും കാലത്തിനൊത്ത മാറ്റങ്ങള്‍ വന്നിട്ടില്ലേ? 
പണ്ട് നാട്ടിന്‍പുറത്തെ സ്ത്രീകള്‍ മുണ്ടു ചുറ്റുമ്പോള്‍ മടി താഴത്തേക്കിടുമായിരുന്നു. ഇന്ന് അവരുടെ വേഷവിധാനത്തില്‍ മാറ്റംവന്നിട്ടുണ്ട്. സാരി ഇപ്പോഴും നിലനില്ക്കുന്നുണ്ട്. സാരിയുടെ നിറവുമായി യോജിക്കുന്ന ബ്ലൗസ്സിന്റെ നിറം എന്നതിലൊക്കെ നിഷ്‌കര്‍ഷ ഏറിയതായി കാണുന്നു. നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പാകത വന്നതായി തോന്നുന്നു. വര്‍ണബോധം കൂടി എന്നും പറയാം. ദേഹത്തിന്റെ നിറത്തോടു യോജിക്കുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൊക്കെ ശ്രദ്ധ കൂടിയുണ്ട്. നാഗരികതയിലെ പരിഷ്‌കാരങ്ങള്‍ ഗ്രാമങ്ങളിലേക്കു വേഗം പടരും.

🌹പണ്ട് ദാവണിയുടുത്ത പെണ്‍കുട്ടികള്‍ നാട്ടിന്‍പുറങ്ങളിലെ കാഴ്ചയായിരുന്നു. ഇന്ന് ദാവണിയണിഞ്ഞ പെണ്‍കുട്ടികളെ വരയ്‌ക്കേണ്ടിവരാറില്ലല്ലോ? ചിലതു വരുമ്പോള്‍ ചിലത് പൊയ്‌പ്പോകുന്ന അവസ്ഥയില്ലേ? 
ദാവണി കേരളീയമെന്നു പറയുകവയ്യ. സാരിയടക്കം പുറത്തുനിന്നു വന്നതാണെന്നാണു തോന്നുന്നത്. ഒന്നരയും മുണ്ടുമാണ് തനി കേരളീയ സ്ത്രീവേഷം. മാറിടം മറയ്ക്കലാണ് ദാവണിയുടെ ലക്ഷ്യം. ദാവണിയുടുത്ത ഒരു പെണ്‍കുട്ടിയുടെ ചിത്രം ഈയിടെ വരയ്‌ക്കേണ്ടിവന്നു. ചുരിദാറിന്റെ സമ്പ്രദായം മാറുന്നുണ്ട്. കൈയിന്റെ നീളം കുറഞ്ഞു. ഈ മാറ്റം ഒരേകാലത്ത് ഒരേരീതിയില്‍ എല്ലാ സ്ഥലത്തും സംഭവിക്കുന്നു എന്നതാണ് പ്രത്യേകത. തുന്നല്‍ക്കാരും ഈ മാറ്റത്തില്‍ ഭാഗഭാക്കാവുന്നുണ്ട്. നഗരസ്വാധീനം ഇവിടെ പ്രകടമാണ്. ബോംബെയിലും ബാംഗ്ലൂരിലും എന്ന വ്യത്യാസം ക്ഷണത്തില്‍ തൃശ്ശൂരും കോഴിക്കോട്ടും എത്തുന്നു. ഒരു ഒഴുക്കാണത്. പെണ്‍കുട്ടികള്‍ക്ക് ചുരിദാര്‍ നല്ല ഒതുക്കമുള്ള വേഷമായി തോന്നിയിട്ടുണ്ട്.ആഭരണങ്ങളില്‍ വന്ന വ്യത്യാസം, ഉപയോഗരീതിയിലെ വൈവിധ്യം ഒക്കെ ശ്രദ്ധിക്കാറില്ലേ? സ്ത്രീകളില്‍ സ്വര്‍ണഭ്രമം കുറഞ്ഞതായി തോന്നുന്നു. ഫാന്‍സി മെറ്റീരിയലിനോടാണ് അവര്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത്. പ്രായമായവര്‍ക്കുവരെ സ്വര്‍ണത്തോട് ആര്‍ത്തി ഉണ്ടായിരുന്നു. ഒരു ലോഹം എന്നതിനപ്പുറം സ്വര്‍ണത്തില്‍ എന്താണുള്ളത്? ഇത്ര ആകര്‍ഷണം തോന്നാന്‍? നിറമല്ല വിലയാവും ആകര്‍ഷണം എന്നു തോന്നുന്നു. ഡിസൈനുകളിലും സ്ത്രീകള്‍ക്ക് താത്പര്യം കൂടിയിട്ടുണ്ട്. ചെരിപ്പ്, ബാഗ് ഒക്കെ പുതിയരീതിയില്‍ വരുന്നുണ്ട്. പരിഷ്‌കാരത്തിന്റെ അടയാളങ്ങള്‍ അതിലുണ്ട്. എങ്കിലും പെണ്‍കുട്ടികള്‍ക്ക് സിംപ്ലിസിറ്റി വന്നതായി തോന്നുന്നു. ആര്‍ഭാടം അല്പം കുറഞ്ഞതുപോലെ. അശ്രദ്ധമായ നടപ്പാണ് എന്നു പറയാം. പക്ഷേ, ശ്രദ്ധാപൂര്‍വമായ അശ്രദ്ധയാണത്. മുടികെട്ടിവെക്കലൊക്കെ മാറി. എണ്ണ തേച്ചുകുളിയൊക്കെ കുറവായിത്തുടങ്ങി. ഷാംപൂ ഉപയോഗിച്ചു കുളിച്ച് മുടി ഉതര്‍ത്തിയിടുന്ന സമ്പ്രദായം കാണുന്നുണ്ട്. ചില കഥകളില്‍ ഈ രീതിയിലുള്ള പെണ്‍കുട്ടികളെ വരയ്‌ക്കേണ്ടിവരും. ഐ.ടി. മേഖലയിലുള്ള പെണ്‍കുട്ടികളുടെയൊക്കെ വേഷം ഉദാഹരണമായി പറയാം. അതിലൊക്കെ നാഗരികതയുടെ മുദ്രകളുണ്ട്.

🌹എഴുത്തുകാരന്റെ സൃഷ്ടിക്കപ്പുറം നമ്പൂതിരിയുടെതായി സ്ത്രീസൃഷ്ടി സങ്കല്പം വരയില്‍ യാഥാര്‍ഥ്യമാവുന്നത് എങ്ങനെയാണ്? 
സ്ത്രീയെക്കുറിച്ച് നമ്മുടെയുള്ളില്‍ ഒരു ബോധമുണ്ട്. ആകൃതി മാത്രമല്ല സൗന്ദര്യം. സൗന്ദര്യത്തില്‍ വൈവിധ്യങ്ങളുണ്ടല്ലോ. പലവിധ സൗന്ദര്യച്ചേരുവകളില്‍നിന്നു പുതുതായി ഒന്നു സൃഷ്ടിക്കാം. ഈ കഥാപാത്രത്തിന്റെ സൗന്ദര്യം ഇങ്ങനെ എന്ന ഒരു തോന്നല്‍ വരും. അതില്‍നിന്നാണ് വരയ്ക്കാന്‍ തുടങ്ങുക. വീണവായിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം ഒരു കഥയ്ക്കുവേണ്ടി വരച്ചു. പലരും അത് അസ്സലായിട്ടുണ്ട് എന്നു പറഞ്ഞു. മെല്ലിച്ച ഒരു സ്ത്രീ വീണവായിക്കുന്നത് സങ്കല്പിക്കാന്‍ പ്രയാസമാണ്. വീണ നന്നായി വായിക്കാറാവണമെങ്കില്‍ അതിനു തക്ക പ്രായം വരണം. പ്രായവും പക്വതയുമുള്ള ഒരു സ്ത്രീയെ സങ്കല്പിക്കും. വീണയ്ക്കുതന്നെ ഒരു സ്‌ത്രൈണതയും ആര്‍ഭാടവുമുണ്ട്. ഒരു വൈണികയെ തടിച്ച പ്രകൃതക്കാരിയായി വരയ്ക്കുന്നതാണ് നല്ലത്. അപ്പോഴേ ആസ്വാദനപ്രധാനമാവൂ.

🌹വി.കെ.എന്‍ . കഥകളിലെ അല്ലെങ്കില്‍ നോവലുകളിലെ സ്ത്രീകളെ വരയ്ക്കുമ്പോള്‍ ഈ ആസ്വാദനം എപ്രകാരമായിരുന്നു? 
വി.കെ.എന്നിന്റെ വാചകങ്ങളില്‍ത്തന്നെ നമുക്കു വരയ്ക്കാനുള്ള രൂപം ഒളിഞ്ഞിരിക്കുന്നുണ്ടാകും. നങ്ങേമ, ലേഡി ഷാറ്റ് തുടങ്ങിയ കഥാപാത്രങ്ങള്‍ പുരുഷകഥാപാത്രങ്ങളെപ്പോലെ നിറഞ്ഞു നില്ക്കുന്നവരാണ്. സര്‍ ചാത്തുവും വെളിച്ചപ്പാടുമൊക്കെ ഒന്നാംകിടക്കാരാണ്. ഈ ഒന്നാംകിടഭാവം സ്ത്രീകഥാപാത്രങ്ങള്‍ക്കും ഉണ്ട്. അവരും വിട്ടുകൊടുക്കില്ല. ഒരു സാധുസ്ത്രീയെ വി.കെ.എന്നിന്റെ കഥകളില്‍ കാണാന്‍ കഴിയില്ല. വി.കെ.എന്‍. സൗന്ദര്യബോധമുള്ള എഴുത്തുകാരനായിരുന്നു. വി.കെ.എന്നിന്റെ ശരീരഭാഷയും സുന്ദരമായിരുന്നു. ഏതുനിലയ്ക്കും അതികായന്‍തന്നെ. രസമായി വരച്ചുപോന്നിട്ടുണ്ട് വി.കെ.എന്‍. കഥകളിലെ സ്ത്രീകളെ. അദ്ദേഹം ഉദ്ദേശിച്ചപോലെ വന്നിട്ടുണ്ട് എന്ന് അറിയിക്കുമായിരുന്നു.

🌹എം.ടി. വാസുദേവന്‍ നായരുടെ വാനപ്രസ്ഥം പുസ്തകമായപ്പോള്‍ ആ കഥയ്ക്കുവേണ്ടി 'വിനോദിനി'യെ വരച്ചിട്ടുണ്ടല്ലോ? 
കുറച്ച് പ്രായമായ സ്ത്രീയായിട്ടാണു വരച്ചത്. കരുണാകരന്‍ മാസ്റ്ററെ വരയ്ക്കുമ്പോള്‍ ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെ രൂപം മനസ്സിലുണ്ടായിരുന്നു. ഉള്ളില്‍ തിങ്ങിനില്ക്കുന്നു എങ്കിലും പ്രകടിപ്പിക്കാന്‍ പറ്റാത്ത സ്‌നേഹവുമായി ഇരുവരും കുടജാദ്രിയില്‍ പോകുന്നു. നല്ല കഥയാണത്. വിനോദിനിയുടെ കുട്ടിക്കാലമല്ല വരച്ചത്. കഥയിലെ പ്രായം കണക്കിലെടുത്തു. നല്ല മുഹൂര്‍ത്തങ്ങളും. 

🌹നമ്പൂതിരിച്ചിത്രങ്ങള്‍ പൊതുവെ ചലനാത്മകമാണ്. അതിലെ കലാരഹസ്യം എന്താണ്? 
ചിത്രങ്ങള്‍ക്ക് ചലനം പ്രധാനമാണ്. ചലനാത്മകത വേണം എന്നത് ഡ്രോയിങ്ങിന്റെ തത്ത്വംകൂടിയാണല്ലോ. പ്രത്യേകിച്ച് ശരീരത്തിന്റെ ചലനാത്മകത. ഒരാള്‍ ഇരിക്കുകയാണെങ്കില്‍ക്കൂടി അതിലൊരു ചലനമുണ്ട്. ആലിംഗനമൊക്കെ വരയ്ക്കുമ്പോള്‍ ഒരു ചടുലത തോന്നിക്കണം. അതു സ്വാഭാവികമായി വരേണ്ടതാണ്. ആലിംഗനം, ചുംബനം ഒക്കെ വരയ്ക്കുമ്പോള്‍ സ്ത്രീയുടെയും പുരുഷന്റെയും മുഖം മറയുകയുമരുത്. ആ ഫീലിങ് വരികയും വേണം. കൈയിന്റെ ചലനമൊക്കെ ശ്രദ്ധിക്കണം. അശ്ലീലമാണ് എന്നു തോന്നരുത്. സദാചാരവിരുദ്ധം ആവരുത്. അങ്ങനെ പലതും ശ്രദ്ധിക്കണം. എഴുത്തിനെക്കാള്‍ വരയില്‍ തോന്നാന്‍ എളുപ്പമാണ്.

🌹എഴുത്തിനോളം എളുപ്പമല്ല വര എന്നാണോ?
അതെ. മുന്‍പു പറഞ്ഞ ചലനാത്മകത തോന്നുന്നു എങ്കില്‍ അതു വരയുടെ വിജയമാണ്. വരയ്ക്കുന്ന സമയത്തെ മാനസികാവസ്ഥയും പ്രധാനമാണ്.

🌹നമ്പൂതിരി വരച്ച സ്ത്രീകഥാപാത്രങ്ങളില്‍ ഓര്‍മയില്‍ നില്ക്കുന്ന ചിത്രങ്ങള്‍ ഉണ്ടോ?
അങ്ങനെ ചിത്രങ്ങള്‍ ഓര്‍മിച്ചുവെക്കുക ശീലമല്ല. ഒന്നു വരച്ചു തീര്‍ന്ന് അടുത്തത് വരയ്ക്കുമ്പോള്‍ മറ്റൊരു മാനസികാവസ്ഥയിലായിരിക്കും. പഴയ ചിത്രങ്ങള്‍ ചിലതു കാണുമ്പോള്‍ വരച്ച കാലം, സാഹചര്യം, കഥ ഒക്കെ ഓര്‍മയില്‍ വരാറുണ്ട്. ചില ഭാവങ്ങളും തെളിഞ്ഞുവരും. നോവല്‍ച്ചിത്രങ്ങളാണ് അധികമായി ഓര്‍മയില്‍ നില്ക്കുക. വരയ്ക്കുന്നതിനുമുന്‍പ് ആ പ്രകൃതത്തോടു സാദൃശ്യമുള്ളവര്‍ ഉള്ളിലൂടെ കടന്നുപോയി ഒരു ചിത്രസങ്കല്പം രൂപപ്പെടാറുണ്ട്. ആ നിലയ്ക്ക് നോവലിലെ കഥാപാത്രങ്ങളുടെ നില്പ്, നടപ്പ്, സംസാരം ഒക്കെ ഇന്നയിന്നതരത്തിലാവും എന്നൊരു തോന്നല്‍ വരും. സ്ഥിരമായി കാണുന്നവരുടെ മാനറിസങ്ങള്‍ ഇതിലേക്ക് അന്വയിക്കും. കണ്ടുമുട്ടുന്നവരില്‍ പലരും ചിത്രത്തിലൂടെ വരും. എഴുത്തുകാരും ഇങ്ങനെയൊക്കെയാവുമെന്നു തോന്നുന്നു. വാസുദേവന്‍ നായരുടെ നിശ്ശബ്ദമായ ഇരിപ്പില്‍ അദ്ദേഹം എല്ലാം ശ്രദ്ധിക്കുന്നുണ്ടാകും. വാനപ്രസ്ഥത്തിലെ വിനോദിനിയുടെ സൃഷ്ടിയിലൊക്കെ ഈ ശ്രദ്ധയുടെ നല്ല അംശങ്ങള്‍ ഉണ്ട്.

🌹ചിത്രരചനയുമായി ബന്ധപ്പെട്ട് സ്ത്രീത്വത്തെ എങ്ങനെ കാണുന്നു? 
ആകര്‍ഷണീയത സ്ത്രീത്വത്തിന്റെ ഭാഗമാണ്. പെണ്‍കുട്ടികള്‍ പെട്ടെന്നു വളരുന്ന ഒരു കാലമുണ്ടല്ലോ. അവരുടെ ശരീരപ്രകൃതി, സംസാരം, നോട്ടം എല്ലാം അപ്രതീക്ഷിതമായ വേഗത്തില്‍ മാറും. ആണിന് വളര്‍ച്ച ഇത്ര പെട്ടെന്നു കാണുന്നില്ലല്ലോ. 'മരം തളിര്‍ക്കാന്‍ തുടങ്ങുമ്പോഴേക്ക്/ ഒപ്പം മുളച്ചീടിന വല്ലി പൂത്തു' എന്നു നാലപ്പാട് എഴുതിയിട്ടുണ്ടല്ലോ. ഈ വളര്‍ച്ച ഏറെക്കാലം ഉണ്ടാകും. അവര്‍ക്കത് നിലനിര്‍ത്താനും കഴിയും. സൃഷ്ടിയില്‍ത്തന്നെ സ്ത്രീത്വം വേറിട്ടതാണല്ലോ. 

🌹 വിവാഹത്തിനുമുന്‍പ്, വിവാഹത്തിനുശേഷം ഇങ്ങനെ സ്ത്രീവരയില്‍ വ്യത്യാസം വന്നിട്ടുണ്ടോ?അങ്ങനെയൊന്നുമില്ല. ആദ്യം വരച്ചിരുന്നതില്‍നിന്ന് ഇപ്പോഴത്തേതിന് കാലംകൊണ്ടുള്ള മാറ്റം വന്നിട്ടുണ്ട്. ആദ്യകാലസങ്കല്പം മാറി എന്നര്‍ഥം. വിശദാംശങ്ങള്‍ കുറച്ച് ഭാവകേന്ദ്രിതമാക്കി. ആദ്യകാലത്തൊക്കെ പഠനാത്മകം എന്നു തോന്നാവുന്ന, അല്ലെങ്കില്‍ പറയാവുന്ന രീതിയില്‍ വരച്ചിരുന്നു. ഇപ്പോള്‍ കഥയിലെ പ്രത്യേകഭാവത്തില്‍ അധിഷ്ഠിതമായി വരച്ചാല്‍ മതി എന്നു തോന്നിത്തുടങ്ങി.

🌹കലാസങ്കല്പത്തില്‍ വന്ന മാറ്റം കൂടിയായി ഇതിനെ കണ്ടുകൂടേ? 
അങ്ങനെയും പറയാം. മാറ്റം എപ്പോഴും ആവശ്യമാണല്ലോ.

🌹സ്ത്രീശില്പങ്ങള്‍ ചെയ്യുമ്പോഴുള്ള കലാസങ്കല്പം എന്താണ്? 
രേഖകളിലെ സ്ത്രീകള്‍തന്നെയാണ് ശില്പങ്ങളിലും വരുന്നത്. ഇതേ ശരീരശാസ്ത്രംതന്നെയാണ് ശില്പത്തിലും ഉപയോഗിക്കുന്നത്. ദിവാകരന്‍ സ്മാരകത്തില്‍ സിമന്റില്‍ ചെയ്തപ്പോഴും മഹാഭാരതം ചെമ്പില്‍ ചെയ്തപ്പോഴും ഇതേ സങ്കല്പംതന്നെയായിരുന്നു. 'ലോഹഭാരത'ത്തിലെ സ്ത്രീകള്‍ പൗരാണികസങ്കല്പത്തിലായി എന്നു മാത്രം. വരയില്‍നിന്നും വേറിട്ട സ്വഭാവം ശില്പങ്ങള്‍ക്കില്ല. മാറ്റാന്‍ ശ്രമിച്ചാലും മാറുന്നില്ല എന്നര്‍ഥം. തിരിഞ്ഞുവന്ന് അവസാനം അങ്ങനെത്തന്നെയാവും.

 🌹 സ്ത്രീയെ വരയ്ക്കുക എളുപ്പമാണോ? അതില്‍ ആനന്ദം ഉണ്ടോ? 
അങ്ങനെയില്ല. സ്ത്രീയായാലും പുരുഷനായാലും ഒരുപോലെത്തന്നെ. കഥാപാത്രങ്ങള്‍ എങ്ങനെവേണം എന്നതിനെക്കുറിച്ചേ ആലോചന വേണ്ടിവരുന്നുള്ളൂ. നോവലാകുമ്പോള്‍ കുറെ ലക്കങ്ങള്‍ കൊണ്ടുപോവാനുള്ളതാണ്. പ്രായം, കാലം ഇവ ശ്രദ്ധിക്കണം. ഫിഗര്‍ പ്രധാനമായി കാണണം. പ്രായമാറ്റമൊക്കെ ചിത്രത്തില്‍ വരണം. 

🌹 സ്‌ത്രൈണതയെ എങ്ങനെ വിലയിരുത്തുന്നു?*
പുരുഷശരീരത്തില്‍നിന്ന് സ്ത്രീശരീരത്തിനു പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ടല്ലോ. ശരീരഭാഷ നോക്കുക. ഉദാഹരണത്തിന് പുരുഷന്റെത് ബലിഷ്ഠമായ കൈകളാകും. സ്ത്രീയുടെത് അങ്ങനെയാവില്ല. അവയവങ്ങളില്‍ത്തന്നെ ഈ സ്‌ത്രെെണതയുണ്ട്. തിരിച്ചുംകാണാം. പൗരുഷപ്രകൃതിയുള്ള സ്ത്രീകള്‍. സ്‌ത്രൈണതയുള്ള പുരുഷന്മാര്‍.


🌹 കേരളീയകലകളിലെ സ്ത്രീഅരങ്ങുകള്‍ ശ്രദ്ധിച്ചിട്ടുണ്ടല്ലോ. കഥകളിയിലെ സ്ത്രീവേഷം, മോഹിനിയാട്ടം, ഭരതനാട്യം എന്നിവയെ എങ്ങനെ നോക്കിക്കാണുന്നു?പുരുഷന്‍ കെട്ടുന്ന സ്ത്രീവേഷം സ്ത്രീവേഷമായിട്ടേ നില്ക്കുകയുള്ളൂ. വേഷംകെട്ടലേ ആവുന്നുള്ളൂ എന്നര്‍ഥം. ഒരു സ്ത്രീ 'കത്തി' വേഷം ചെയ്യുമ്പോഴും ഈ പോരായ്മ കാണാം. സ്ത്രീവേഷത്തിന് മുഖം മിനുക്കായതിനാല്‍ അഭിനയസാധ്യത പ്രയോജനപ്പെടുത്താം. നമ്പൂതിരി കഥകളിയിലെ സ്ത്രീവേഷം വരയ്ക്കുമ്പോള്‍ സ്ത്രീയെ വരച്ച് സ്ത്രീവേഷമാക്കുകയാണല്ലോ പതിവ്?പുരുഷനെ വരച്ച് സ്ത്രീവേഷമാക്കേണ്ടതില്ലല്ലോ. സ്ത്രീ, കഥകളിവേഷമാവലേ വരയില്‍ വേണ്ടൂ.


🌹 കോട്ടയ്ക്കല്‍ ശിവരാമന്റെ സ്ത്രീവേഷം ഓര്‍മയിലുണ്ടല്ലോ? എങ്ങനെയാണ് കണ്ടിരുന്നത്? ശിവരാമന് നാടകത്തോടായിരുന്നു അടുപ്പം. നാടകസങ്കല്പമാണ് ശിവരാമനെ ഭരിച്ചിരുന്നത്. നളചരിതം, രുഗ്മാംഗദചരിതംപോലെയുള്ള കഥകള്‍ ഈ നാടകദര്‍ശനം വിജയിപ്പിക്കാന്‍ സാധ്യമായ കഥകളുമാണ്. അസാധാരണമായ ആവിഷ്‌കാരമാണ് കഥകളിയില്‍ ഉള്ളത്. അത്തരമൊരു സങ്കല്പത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയല്ലേ നല്ലത്? യുക്തി, ചിന്ത ഇവയൊക്കെ ഒരു പരിധിവരെ പോരേ? മോഹിനിയാട്ടം ഭംഗിയുള്ള കലാരൂപമാണ്. ലാസ്യഭാവം കൂടുതലുണ്ട്. മറ്റൊന്ന് കൈകൊട്ടിക്കളിയാണ്. അതില്‍ കലയുടെ അംശം അധികമില്ല.



 🌹 നമ്പൂതിരി പല കാലങ്ങളില്‍ വരച്ച സ്ത്രീരേഖാചിത്രങ്ങളില്‍നിന്ന് തിരഞ്ഞെടുത്തവ പുസ്തകരൂപത്തില്‍ വരികയാണ്. നമ്പൂതിരി ചിത്രം എഴുതുകയാണ് എന്നാണല്ലോ പറയുക. ആ നിലയ്ക്ക് ഈ ചിത്രമെഴുത്തുപുസ്തകത്തിന്റെ വരകളിലൂടെയുള്ള വായന എങ്ങനെയായിരിക്കും?
 പലരും ചിത്രങ്ങളെക്കുറിച്ച് പറയുമ്പോള്‍ സ്ത്രീചിത്രങ്ങള്‍ കേമമായിട്ടുണ്ട് എന്ന് അഭിപ്രായപ്പെടാറുണ്ട്. ആ നിലയ്ക്ക് അവര്‍ക്ക് ഇഷ്ടമാകുമെന്നു വിചാരിക്കുക. കഥ എന്തായിരുന്നുവെന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടായാല്‍ നന്ന്. ആ നിലയ്ക്ക് ചിത്രമായി വായിക്കാം. 

(കടപ്പാട്......🙏)



ആർട്ടിസ്റ്റിന്റെ ഒരു ശിഷ്യനോട്(ശ്രീ.ജഗദീഷ് ഏറാമ്മല) പ്രിയ ഗുരുവിനെക്കുറിച്ച് രണ്ടു വാക്കുപറയാമോ എന്ന് ചോദിച്ചപ്പോൾ ആ മഹാനുഭാവനെക്കുറിച്ച് പറയാൻ ഞാനാളല്ല എന്നായിരുന്നു മറുപടി😊



https://blogs.timesofindia.indiatimes.com/plumage/living-lines-keralas-artist-namboothiri-at-91/