10-09-18

നൂറു വർഷം നൂറുകഥ
ഡി സി ബുക്ക്സ്

രതീഷ് കുമാർ

മലയാള ചെറുകഥയുടെ ആദ്യനൂറു വർഷത്തെവളർച്ച അടയാളപ്പെടുത്തുന്ന പുസ്തകം.
വാസനാവികൃതിയിൽതുടങ്ങിയ കഥാചരിത്രം ഏതാണ്ട് കൃത്യമായി കഥകളിലൂടെ അവതരിപ്പിക്കുകയും ഓരോകാഥികന്റെയും പരക്കെ സമ്മതമായകഥ തെരഞ്ഞെടുക്കുകയും ചെയ്യുന്നതിൽ പൂർണ്ണമായും ശ്രദ്ധ പുലർത്തുന്ന പുസ്തകമാണിത്.

പഴയകാല കഥകളെക്കുറിച്ച് പലപ്പോഴും പറയേണ്ടിവരുമല്ലോ.അത്തരം അവസരങ്ങളിൽ ഉപയോഗിക്കാൻ സൗകര്യത്തിന് -ഓർമ്മ പുതുക്കാൻ-എഴുതി സൂക്ഷിച്ച ആദ്യ കഥകളുടെ നഖചിത്രങ്ങളാണ് ഇവിടെ ചേർത്തിരിക്കുന്നത്.

1. വാസനാവികൃതി - വേങ്ങയിൽകുഞ്ഞിരാമൻ നായനാർ
    മലയാളത്തിലെ ആദ്യ ചെറുകഥയാണ് വാസനാവികൃതി .കൊച്ചി ശീമയിൽ കാടരുകായ ഒരു ഭവനത്തിലെ 'കയ്യിലിരിപ്പ് അത്ര പന്തിയല്ലാത്ത ഇക്കണ്ട കുറുപ്പാണ് കഥാനായകൻ .ചില മോഷണങ്ങളുടെ അന്വേഷണ സംബന്ധിയായി ഒന്നു മാറി നിൽക്കാൻ മദിരാശിയിൽ എത്തി. ഒരുവലിയ തറവാട്ടിലെ മോഷണശ്രമത്തിനിടയിൽ,  അനന്തരവൻെറ പൊട്ടത്തരം മൂലം കാർണവരെ മയക്കുന്നതിനു പകരം കൊന്നു കളഞ്ഞ ഒരു കൈപ്പിഴയായിരുന്നു കാരണം. മദിരാശിയിൽ എത്തി അവിടെ കണ്ട ഒരു ഭൂലോക വായ്നോക്കിയെ പറ്റിക്കാനുള്ള പോക്കറ്റടി ശ്രമത്തിനിടയിൽ കാമുകി അണിയിച്ച പ്രണയസമ്മാനം നഷ്ടപ്പെടുന്നു.ഊരാഞ്ചാടിയായ മോതിരം അന്വേഷിച്ച് പോലീസിൽ പരാതിപ്പെട്ടു.(പോക്കറ്റിൽ മോതിരം പെട്ടുപോയിരുന്നു) തന്റെബുദ്ധിമോശംകൊണ്ട് ആറു മാസവും12അടിയും ശിക്ഷ അനുഭവിച്ചുകഴിഞ്ഞു .ആ തൊഴിലിൽ തൻെറ സാമർത്ഥ്യം ഇല്ലായ്മകൊണ്ട് ,നല്ലവനാവാൻ ഉറച്ചു.
   ചാക്യാര് കൂത്ത് പറയാന് ഉപയോഗിക്കുന്ന തരത്തിലുള്ള ഫലിതത്തിൽ പൊതിഞ്ഞാണ് ഈ കഥ അവതരിപ്പിച്ചിട്ടുള്ളത്

2. ഒരു മുതലനായാട്ട് - സി.എസ്.ഗോപാലപ്പണിക്കർ 

    കൊച്ചിയിൽ പള്ളിപോലീസ് സ്റ്റേഷന്റെ അടുത്തുനിന്നും ഒരു ഓടിയാത്ര. രണ്ട് വെടിക്കാരാണ് യാത്രകൾ. ഒന്ന് കഥാകൃത്ത് മറ്റേത് മിസ്റ്റർ മേനോൻ .16 അടി 4 ഇഞ്ച് നീളവും എട്ടടി മൂന്നര ഇഞ്ച് വണ്ണവും ഉള്ള മുതലഭീമനെ വെടിവെക്കാനുള്ള യാത്രയാണ് .ഒരു മുതലനായാട്ടിന്റെ ത്രസിപ്പിക്കുന്ന വിവരണം. അലങ്കൃതമായ ഭാഷ. നെടുങ്കൻ വാക്യങ്ങൾ. പച്ച യാഥാർത്ഥ്യത്തിലേക്ക് കഥകൾ കാൽവയ്ക്കുന്നതിന്റെ തുടക്കമാണ് ഈ കഥ.

3. ഒരൊറ്റനോക്ക് -  മൂർക്കോത്ത്കുമാരൻ

  ഈഴവരുടെ ഇടയിലെ ഒരു താലികെട്ട് ചടങ്ങ്. അതിലുണ്ടായ വഴക്കിൽ പിതാക്കൾ കലഹിച്ചപ്പോൾ വാസുദേവനും ഭാര്യമാലതി യുമായി പിരിയാൻ സംഗതിവന്നു. പത്മനാഭൻ എന്ന വില്ലൻ കാര്യം കുഴച്ചുമറിച്ചു. തെറ്റിദ്ധരിക്കപ്പെട്ട മാലതി ആത്മഹത്യ ചെയ്യുന്നത് വാസുദേവനെ ഒരുനോക്കു കണ്ടിട്ടായിരുന്നു.

4. ജാനു - ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ 

   കൃഷ്ണക്കുറുപ്പ് എന്ന ഇരുപത്തിരണ്ടുകാരൻ സർവ്വഗുണസമ്പന്നനാണ്.
രാത്രിയിൽ നടക്കാനിറങ്ങിയപ്പോൾ മാപ്പിളമാരിൽനിന്നും ജാനുവിനെ രക്ഷിക്കാനായി. അവളുടെ കൂട്ടർ ഓടിപ്പോയിരുന്നു കൃഷ്ണക്കുറുപ്പ് ജാനുവിനെ വീട്ടിൽ കൊണ്ട് ആക്കാൻ ശ്രമിക്കുമ്പോൾ അവളെ അന്വേഷിച്ചുവന്ന ബന്ധുക്കളുടെ വെടിയേറ്റ് കുറുപ്പ് വീണുപോയി. അയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കവേ കള്ളന്മാരായ മാപ്പിളമാരുടെ കയ്യിൽ അകപ്പെട്ടു.
ഉത്തരഖണ്ഡം
..............
ജാനു കുറുപ്പിൻറെ വീടുമായി വളരെയടുത്തു. കുറുപ്പ് മഹാവീരൻ ആയി രാജാവിൻെറ സേവകനായി  രാമനാഥപുരത്തുരഹസ്യമായി താമസിക്കുന്നു .അടുത്തുള്ള സത്രത്തിൽ വിഷൂചിക ബാധിച്ചു കിടക്കുന്നവരെ കാണാൻ ചെല്ലുന്നു. അവിടെ ചെന്ന് അന്വേഷിച്ചപ്പോഴാണ് അത് തന്റെ മാതാവും കൂട്ടരും ആണെന്നറിഞ്ഞത്. അവരെ ചികിത്സിച്ച് ഭേദമായപ്പോൾ കുറോപ്പ് അവർക്കു മുമ്പിൽ സ്വയം വെളിവാക്കി. രണ്ടുവർഷത്തെ അജ്ഞാതവാസം മാപ്പിളമാർ വിധിച്ചിരുന്നു എന്നും അത് രണ്ടു ദിവസം മുമ്പാണ് അവസാനിച്ചത് എന്നും ഒരു കഥയുണ്ടാക്കി പറഞ്ഞു .ജാനുവും കുറുപ്പുമായുള്ള വിവാഹം രാമനാഥപുരത്തു വച്ച് തന്നെ നടക്കുന്നു.

5. കണ്ടപ്പൻെറകൊണ്ടാട്ടം  - അമ്പാടിനാരായണപ്പൊതുവാൾ

അക്ഷരംപ്രതി പഴമയുടെ മണമുള്ള കഥ .ഇട്ടുണ്ണി കണ്ടപ്പൻ അനന്തരവനെ ഓടിച്ചുവിട്ടത് അനന്തിരവൻ വീരൻ മകളെ പെണ്ണുചോദിച്ചതിനാണ്. അയാൾ ആൾമാറാട്ടം നടത്തി പെണ്ണായി വീട്ടിലെത്തി ,നാടകം കളിച്ച്, ആണായി പെണ്ണിനെ വശപ്പെടുത്തുന്നു.


6.  മച്ചാട്ട്മലയിലെഭൂതം -  എം.ആർ.കെ.സി

  പെരുമ്പടപ്പ് രാജവംശം ഭരണം നയിക്കുന്ന കാലം. കോട്ടശ്ശേരി കലശ്ശന്നോരുടെ കുരുബുദ്ധി മനക്കോട്ട നായരെ വധശിക്ഷയിൽ എത്തിച്ചു .അദ്ദേഹത്തിന്റെ മകൾ കരിമ്പടം ഇട്ടു കാട്ടിലൂടെ നടക്കുന്നു .ജനം അവൾ ഭൂതം ആണെന്ന് വിചാരിച്ചു .കാട്ടിലെത്തിയ പടനായർ സത്യം മനസ്സിലാക്കി .വേട്ടയ്ക്ക് എത്തിയ തലശ്ശന്നോർ മാധവിയെ വധിക്കാൻ ശ്രമിക്കുന്നു .അവൾ മരണപ്പെടുമെന്ന ഘട്ടത്തിൽ പടനായർ അയാളെ വധിച്ചു. പാലിയത്ത് വലിയച്ഛൻ സ്ഥലത്തെത്തി പടനായർക്ക് രാജ്യവും മാധവിയും ലഭിച്ചു. മാധവിക്ക് രാജാജ്ഞയാൽ തലശ്ശന്നോരുടെ സ്വത്തും ലഭിക്കുന്നതോടെ കഥ ശുഭമായി പര്യവസാനിക്കുന്നു.

7. ചിതമായചതി - കെ.സുകുമാരൻ
കുമാരൻനായർ സാമാന്യം നല്ല സാമ്പത്തികസ്ഥിതിയുള്ള കുടുംബത്തിലാണ് ജനിച്ചത്. ബന്ധുക്കളൊക്കെ നഷ്ടപ്പെട്ടു. അധികം താമസിയാതെ നിസ്വനായിതീരുന്നു. ചെറിയച്ഛൻ സമ്പന്നനാണ്. യാചിക്കാൻ ഇഷ്ടമില്ലാതിരുന്നതിനാൽ ബർമ്മയ്ക്ക് പോകുന്നു. അവിടെ രണ്ടുവർഷം കഠിനമായി ജോലി ചെയ്യുന്നു ആ സമയത്ത് വക്കീലിന്റെകത്ത് ലഭിക്കുന്നു .ചെറിയച്ഛൻ മരിച്ചു, സ്വത്തിന് അവകാശി കുമാരനാണ്. ലീവിൽ നാട്ടിൽ എത്തിയപ്പോൾ ,വക്കീൽ ഒരു രണ്ടാം ഒസ്യത്തിനെപ്പറ്റി പറയുന്നു .സ്വത്തിന് എല്ലാം അവകാശം മരുമകൾ അമ്മിണിക്കാ ണെന്ന്. അവളെ കാണാൻ നിർബ്ബന്ധിക്കുന്നു .അവിടെ വേലക്കാരിയുമായി പ്രണയത്തിലാവുന്നു. ഒടുവിൽ മൂന്നാമത്തെ ഒസ്യത്ത് കൂടി കാണുന്നു ചതിവിലൂടെ അത് തീയെരിക്കുമ്പോൾ അറിയുന്നു വേലക്കാരിയാണ് ശരിക്കും അമ്മിണി എന്ന്.ചതിവിലൂടെ ചിതമായത് ചെയ്തെന്നു സാരം

8. ഭാരതിയുടെഉപദേശം  -  ഈ.വി.കൃഷ്ണപിള്ള 
ഭാരതിയുടെ സ്നേഹം ഏറ്റു വാങ്ങിയിട്ടാണ് നിസ്വനായിരുന്ന കഥാനായകൻ വലിയ പരീക്ഷയ്ക്ക് പാസായത് .പക്ഷേ വലിയആൾ ആയപ്പോൾ പേഷ്കാരുടെ മകളെ വിവാഹം ചെയ്യുന്നു. ഭാരതി ദീനയായി.അനുജൻ അവളുടെ നിസ്സഹായതയിൽ വിഷമിക്കുന്നു .ഒടുവിൽ നായകൻ രോഗം വന്നപ്പോൾ നഴ്സായ ഭാരതിയാണ് കഷ്ടപ്പെടാൻ എത്തിയത്. മരിച്ചുപോകുമായിരുന്ന അയാളെ ഭാര്യയുടെ സ്നേഹമാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. മൃതപ്രായനായിരുന്ന അയാൾ കണ്ണുതുറന്നപ്പോൾ  ഭാര്യയെയും അനുജനെയും കാണുന്നു.


9. അതികഠിനം -  വീ.ടി.ഭട്ടത്തിരിപ്പാട്
മൂസ്സാമ്പൂരി ശുഷ്കനാണ്. ഒന്നാം വേളിയെ പേടിച്ച് രണ്ടാം വേളി ഓടി കളയുന്നു. പണത്തിന് പിന്നെയും ആവശ്യം വന്നപ്പോൾ ഒരു മൂന്നാം വേളിയുംകൂടി തരമാക്കി. അഞ്ചു കൊല്ലമായിട്ടും അവളുമായി സഹശയനം തരായില്ല .ഒരുനാൾ ചേച്ചി അനുജത്തിയെ ചീത്ത പറയവേ മൂസ്സാമ്പൂരി എത്തി. കിടപ്പറയിലേക്ക് വെള്ളം ചോദിച്ചപ്പോൾ മൂത്തയാൾക്ക് അനക്കമില്ല. ഇളയവൾ വെള്ളമെടുത്തു. പിടിവലിയായി .അനുജത്തി ഒടുവിൽ മറിഞ്ഞുവീണു. രാവിലെ കണ്ടത് അനുജത്തിയുടെ ജഡമാണ് .ഈ കഥ കേട്ടാൽ അതികഠിനം എന്നു പറയാത്ത അന്തർജനങ്ങൾ ഉണ്ടാകുമോ എന്ന് വീട്ടി ചോദിക്കുന്നു.

10. വിധവയുടെവിധി - മുത്തിരിങ്ങോട്ട്ഭവത്രാതൻ നമ്പൂതിരിപ്പാട്
16 വയസിൽ വിധവയായ സാവിത്രിയെ മരണത്തിനു മുമ്പ് ഭർത്താവ് നിർബന്ധിച്ചതാണ് ,വേറെ വിവാഹം കഴിക്കാൻ. ഭർത്താവിൻെറ മരണശേഷം സാവിത്രിയുടെ ജീവിതം നരകതുല്യമായി. ഭർത്താവിൻെറ സുഹൃത്തായ ഡോക്ടർക്ക് അവളോട് അനുരാഗം തോന്നി .ഒരിക്കൽ ഭർതൃ മാതാവിൻറെ ദണ്ഡനം രോഗിണിയാക്കിമാറ്റിയ അവളോടാ ആ ഡോക്ടർ വിവാഹാഭ്യർത്ഥന നടത്തിയതാണ് .അവർ നിരസിച്ചു .അയാൾ ഒരിക്കൽ വടശ്ശേരി അച്ഛൻറെ അടുത്തേക്ക് ചെന്നു സാവിത്രിയെ ചോദിച്ചു .സാവിത്രി ഭർതൃവീട്ടിൽ നിന്നും ബഹിഷ്കൃതയായി. പിന്നെ മരണത്തിന് കീഴടങ്ങി.

         
11. നിശാഗന്ധി -  എസ്.കെ.പൊറ്റക്കാട്ട്
എന്തും ചെയ്യിക്കുന്ന മധുരപതിനേഴിന്റെ നിറവിലാണ് ,സ്കൂൾ വിദ്യാർത്ഥിനിയായ മാലതിയെ കണ്ടത് .ഒരു അനശ്വര പ്രണയത്തിന്റെ തുടക്കം .അവളെ കാണുവാനായി നിശാഗന്ധിക്കൂട്ടത്തിൽ രാത്രി മുഴുവനും കാത്തിരിക്കുന്നു. അങ്ങനെയിരിക്കെ നിശാഗന്ധി വെട്ടി മാറ്റപ്പെടുന്നു എന്നറിഞ്ഞു. അതുകേട്ട് കുണ്ഠിതപ്പെട്ടു. അതിനെ രക്ഷിക്കാൻ ഒരു കത്തുമായി മാലതിയെ തിരഞ്ഞു ചെന്നപ്പോൾ കണ്ടത് നിശാഗന്ധി കൂട്ടത്തിൽനിന്ന് പിടിച്ച മൂർഖന്റെ ശവമാണ് .പിന്നെ ഭയമായി .ചുറ്റിലും പാമ്പ്, മാലിനി തന്നെ നാഗകന്യകയായി. നിശാഗന്ധിയെ വെറുപ്പായി.

12. കൂൾഡ്രിങ്ക് - പി.കേശവദേവ്
ഒരു ദരിദ്രകർഷകൻെറ പുത്രിയാണ് ജാനു. അഞ്ഞാഴി പാലു വിൽക്കാനാണ് അവൾ പട്ടണത്തിൽ വരുന്നത്. അവിടെവച്ച് ഒരു ദിവസം അവൾക്ക് അഹമ്മദിന്റെ കൂൾ ഡ്രിങ്ക് അൽപ്പം കിട്ടി. പിന്നെ ആ കരുണ ദിനവും ഉണ്ടായി .ഒടുവിലയാൾ പോകുമ്പോൾ അവൾ അതീവ ഖിന്നയായി .അതിന് കാരണം അഹമ്മദിന് അറിയില്ലായിരുന്നു.

13. വെള്ളപ്പൊക്കത്തിൽ -  തകഴിശിവശങ്കരപ്പിള്ള
കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ തകഴി രചിച്ച അതിമനോഹരമായ കഥ .ചേന്നപ്പറയൻ വെള്ളപ്പൊക്കത്തിൽ എല്ലാം കെട്ടിപ്പെറുക്കി രക്ഷപ്പെടുമ്പോൾ, അവൻെറ നായക്ക് വള്ളത്തിൽ കടക്കാനായില്ല. വെള്ളപ്പൊക്കത്തിന്റെ ഭീകരത ആ സാധുമൃഗം കുടിലിന്റെ മുകളിൽ കയറിനിന്ന് കണ്ടു. വെള്ളപ്പൊക്കത്തിൽ ആളെ രക്ഷിക്കാൻ പോകുന്നവരെയും കിട്ടാവുന്നതൊക്കെയും മോഷ്ടിക്കാൻ പോകുന്നവരെയും ആ സാധുമൃഗം കണ്ടുകൊണ്ടേയിരുന്നു. അവസാനശ്വാസംവരെ യജമാനന്റെ പുരയിടത്തിലേക്ക് ഒരു കള്ളനെയും കത്തിയില്ല. പക്ഷേ ഒടുവിൽ ഒരു മുതലയുടെ അടിയേറ്റ് നായ മരിച്ചുവീണു .ഒപ്പം ആ കുടിലും .വെള്ളം ഇറങ്ങിയ ഉടനെ നായയെ തിരക്കി വന്ന ചേന്നനെ കാത്തിരുന്നത് തൻെറ നായയുടെതെന്ന് സംശയിക്കാവുന്ന അഴുകിയ ജഡം ആയിരുന്നു .

14. ശബ്ദിക്കുന്നകലപ്പ - പൊൻകുന്നംവർക്കി
ഔസേപ്പ് ചേട്ടൻ ഒരു കർഷകനാണ് .നാടൻകൃഷി രീതിമാത്രം പരീക്ഷിക്കുന്ന ഒരുനല്ലകർഷകൻ. രാസവളത്തിനും, കീടനാശിനിക്കും ആ കൃഷിക്കാരൻ മയങ്ങിയില്ല. തന്നെ പറ്റിക്കാൻ വരുന്ന വിപണിയെയും അയാൾ ഗൗനിച്ചില്ല. പുതിയ തന്ത്രവുമായി വന്ന ഔതയെ അയാൾക്ക് നേരിടാൻ ആവുമായിരുന്നില്ല .കടം കൊണ്ടു പൊറുതി മുട്ടിയപ്പോൾ തൻെറ പുത്രനെപ്പോലെ സ്നേഹിക്കുന്ന കാളയെ വിൽക്കാതെ തരമില്ലെന്നുവന്നു .കണ്ണനെന്നകിഴ അയാളുടെ മകൻ തന്നെയായിരുന്നു.കൃഷി മുഴുവൻ നഷ്ടപ്പെട്ട്‌ നാടുവിടാൻ തീരുമാനിച്ചു ഔസേപ്പ്ചേട്ടൻ ക്രിസ്മസ് തലേന്ന് മകൾക്ക് കുപ്പായത്തുണി വാങ്ങാൻ ആകെയുണ്ടായിരുന്ന പൈസയും കൊണ്ട് കോട്ടയത്ത് ചെന്നു.അയാൾ കണ്ടത് മുനിസിപ്പാലിറ്റി കെട്ടിടത്തിനു മുമ്പിൽ മരണം മുന്നിൽ കണ്ടു നാളെ ഇറച്ചി ആവാനുള്ള മുദ്രയും പേറി നിൽക്കുന്ന അവശനുംരോഗിയുമായ കണ്ണനെയാണ് .മറ്റെല്ലാം മറന്ന് അയാൾ ആ കാളയെ തിരികെ വാങ്ങുന്നു. വീട്ടിൽ ഭാര്യയുടെയും മകളുടെയും കരച്ചിലിൽ അയാൾ വിറങ്ങലിച്ചു നിൽക്കവേ ആസങ്കടം കണ്ടു നിൽക്കാനാവാതെയാവാം, ആ കാള കണ്ണുകളടച്ചു.

 15. വിശ്വവിഖ്യാതമായമൂക്ക് -  വൈക്കംമുഹമ്മദ് ബഷീർ
ആക്ഷേപഹാസ്യത്തെ ശുദ്ധഹാസ്യം കൊണ്ട് പട്ടുടുപ്പിക്കുന്ന കഥയാണ് വിശ്വവിഖ്യാതമായ മൂക്ക്. തികച്ചും സാധാരണക്കാരനും ഏതാണ്ട് മന്ദബുദ്ധിയുമായ മൂക്കൻെറമൂക്കു വളരാൻ തുടങ്ങി. അതൊരു മഹാ സംഭവമായി. മൂക്കു കാണാൻ ജനംഇരച്ചു. അതിന് ആളുകൾ ടിക്കറ്റെടുത്തപണം കൊണ്ട് മൂക്കൻ സമ്പന്നനായി. സെക്രട്ടറിമാർ രണ്ടായി പ്രമുഖ രാഷ്ട്രീയകക്ഷികൾ മൂക്കനെ ആകർഷിക്കാൻ ശ്രമിച്ചു .സെക്രട്ടറിമാരെ വിലയ്ക്കെടുത്തു .മൂക്കൻെറ മൂക്ക് റബ്ബർമൂക്കാണെന്ന് ആരോപണമുണ്ടായി. തെളിവെടുപ്പ് നടന്നു. ഒടുവിൽ ഒരു മൊട്ടുസൂചി പരീക്ഷണം മൂക്കിൻെറ മൂക്ക് റബർ മൂക്കല്ലെന്ന് തെളിയിച്ചു .

16. മനുഷ്യപുത്രി - ലളിതാംബിക അന്തർജ്ജനം
അടിമുടി കമ്മ്യൂണിസ്റ്റുകാരനായ നേതാവിനെ സ്നേഹംകൊണ്ട് തൻറെ മകൻ ആക്കിയ കുഞ്ഞാത്തോലമ്മയോടെ കഥയാണ് മനുഷ്യപുത്രി. ദാനം ചെയ്തു ചെയ്ത് ഒന്നുമില്ലാതായി പ്പോയ ബ്രാഹ്മണ ഇല്ലത്തിന്റെ കഥ. ഉച്ചക്കഞ്ഞിക്ക് വേണ്ടി ചെറുമകനെ സ്കൂളിൽ വിടുന്ന മുത്തശ്ശിയുടെ കഥ. കമ്യൂണിസ്റ്റുകാരനായി വീട് ഉപേക്ഷിച്ചുപോയ മകൻറെ അമ്മയുടെ കഥ.

17. പൂവമ്പഴം -  കാരൂർനീലകണ്ഠപ്പിള്ള
പൂവമ്പഴം എന്ന പേരിൽ പ്രസിദ്ധമായ മൂന്നു കഥകളുണ്ട് മലയാളത്തിൽ* അതിൽത്തന്നെ ഏറ്റവും ശ്രദ്ധേയമായത് കാരൂരിന്റെ പൂവമ്പഴമാണ് .ഒരു അന്തർജനത്തിന്റെ വിളിപ്പേരാണ് പൂവമ്പഴം എന്നത് . മനപ്പേര് രൂപഗുണം കൊണ്ട് ആൾപ്പേരായി ഉറച്ചുപോയത്. 13 വയസ്സിൽ വിവാഹിതയായി വിധവയായിപ്പോയ ഇരുപത്തിമൂന്ന്കാരിക്ക് തൻെറ മകനോളം പ്രായമുള്ള അയൽവക്കത്തെ ചെക്കനോട് വല്ലാത്ത ഇഷ്ടം. വെറുതെ കാണാനും സംസാരിക്കാനും വല്ലാത്ത ഇഷ്ടം .ഒടുവിൽ മാറാരോഗം ആ പൂവമ്പഴ മേനിയിലെ മിനുപ്പെല്ലാം കവർന്നെടുത്തു. മരണത്തിലേക്ക് യാത്രയാവുന്നതിനു മുമ്പ് അവരാക്കുട്ടിയെ അവസാനമായി കാണുന്നുണ്ട്. പൂവമ്പഴത്തിന്റെ മനസ്സിൽ  മകൻെറ പ്രായമുള്ളഅയൽവക്കത്തെ കുട്ടിയിൽ ആരെയാവും കണ്ടിട്ടുണ്ടാവുക തൻെറ മകനെയോ, തൻെറ സൗഭാഗ്യമോ?

18. വാടകവീടുകൾ - ഉറൂബ്
നായകൻെറജോലി സാഹിത്യ നിർമ്മാണമാണ്. പണം കയ്യിലില്ല .വെറും മൂന്നു മാസത്തെ വാടക കൊടുക്കാനുള്ളതിനാണ് വീട്ടുടമസ്ഥൻ ഇറക്കിവിട്ടത്. മുഖത്ത് വസൂരിക്കലയുള്ള മകനുമുണ്ടായിരുന്നു .പ്രോ നോട്ട് എഴുതിവാങ്ങി സാധനങ്ങൾ കൊടുത്തുവിട്ടു .അവൻറെ ഭാര്യ പിണങ്ങി പോയതാണ്. എങ്ങനെ പോകാതിരിക്കും രണ്ടാമതും ഒരു വാടക വീട്, മുതലാളി ഒരു യുവതിയും, പതുക്കെയാണ് അറിഞ്ഞത് അവൾ വസൂരി വടുക്കൾ ഉള്ള യുവാവിൻറെ ഭാര്യയാണെന്ന്.അവരുടെവഴക്കിനു കാരണം പീതികമുറിയുടെ അവകാശത്തർക്കം.ശത്രുപക്ഷംജയിച്ചതോടെ വാടകക്കുടിശികക്ക് സർവ്വസ്വവും നൽകി അവർ തെരുവിലേക്ക്.

19  ചോലമരങ്ങൾ - കെ.സരസ്വതിയമ്മ
നാട്ടിൽ രോഗംപടർന്നുപിടിച്ചപ്പോൾ,ഒരുസഹായത്തിനാണ് കാവിക്കാരൻ കന്യാസ്ത്രീമഠത്തിലെത്തുന്നത്. പിന്നെയാത്രയുംനന്ദിയുംപറയാനായി ചെന്നപ്പോഴാണ് പരസ്പരമറിഞ്ഞത്.പണ്ടത്തെ പ്രേമവുംമററും ചർച്ചചെയ്ത് സുഖത്തോടെ യാത്രപറഞ്ഞ് പിരിയുന്നു.

20. കളവുപോയമാല - വെട്ടൂർരാമൻനായർ
കോൺട്രാക്ടർ ജോലിചെയ്ത് ഭാരാളം സമ്പാദിച്ചയാളാണ് ഭാർഗ്ഗവൻ.രാധയുടെകുടുമ്പസ്വത്തുകൂടി വാങ്ങിയില്ല. പക്ഷെ തകർച്ചപെട്ടെന്നായിരീന്നു.ആരാരുമറിയാതീരിക്കാൻ പെടേപ്പാടുപെട്ടത് ചില്ലറയല്ല.എന്നാലുംപലരുമറിഞ്ഞു.ഒടുവിൽ മകളുടെ മാല മോഷ്ടിച്ച്‌ വേലക്കാരനേ പ്രതിയാക്കുന്നു.അതറിഞ്ഞ രാധ അവനെ ഇറക്കിക്കൊണ്ട്വരാൻ ആവശ്യപ്പെടുന്നു.

    പോഞ്ഞിക്കരറാഫിയുടെ ഒഴിവുകാലംമുതലുള്ള എൺപതുകഥകൾ പുതിയകാലത്തിന്റേതാകയാൽ അവയുടെ സംഗ്രഹം ഒഴിവാക്കുന്നു.

🌾🌾🌾🌾🌾