10-04c


'ദൃശ്യകലയുടെ വരമൊഴിയിണക്ക''ത്തിന്റെ എഴുപത്തിയേഴാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്ന അടുത്ത കലാരൂപം നായാടിക്കളി
വള്ളുവനാട്ടിലുംപരിസരപ്രദേശങ്ങളിലും ദേവീക്ഷേത്രങ്ങളിലെ പൂരങ്ങളോടനുബന്ധിച്ച് പാണൻസമുദായക്കാരായ പുരുഷന്മാർനടത്തിവന്നിരുന്ന ഒരു കളിയാണ്‌ നായാടിക്കളി. കാട്ടിൽ നായാടാൻപോകുന്നവരുടെ വേഷം കെട്ടി ഇവർ വീടുകൾതോറും ചെന്നാണ് പാട്ടുപാടിയുള്ള ഈ കളി നടത്തുന്നത്.

വാദ്യോപകരണങ്ങൾ....👇
രണ്ട് മുളവടികളാണ്‌ വാദ്യോപകരണങ്ങൾ. ഒന്നു നീണ്ടതും മറ്റേത് കുറിയതുമായിരിക്കും. നീണ്ട വടി ഇടത്തേ കക്ഷത്തിൽ ഉറപ്പിച്ച് ചെറിയ വടി കൊണ്ട് അതിൽ താളം കൊട്ടുന്നു. അതിന്ന് ചേർന്ന മട്ടിൽ പാട്ടുകൾ പാടി കളിക്കും.

വേഷവിധാനം...👇
നായാടികളുടേതാണ് വേഷം. തോളിൽ ഒരു വലിയ മറാപ്പ് കെട്ടിത്തൂക്കിയിരിക്കും. കൂടാതെ ഇട്ടിങ്ങലിക്കുട്ടി എന്നു വിളിക്കുന്ന, മരംകൊണ്ടുള്ള, ഒരു ചെറിയ പ്രതിമയും ഇവർ കയ്യിൽ കരുതിയിരിക്കും. ഒരുകൈകൊണ്ട് ഈ പാവയെ നിലത്ത് തുള്ളിച്ചുകൊണ്ടുള്ള ഒരുതരം പാവകളിയും ഇവരുടെ പ്രകടനത്തിന്റെ ഭാഗമായിരുന്നു

പാട്ടുകൾ....👇
കളിയോടൊപ്പം പാട്ടുകളുമുണ്ടാവും. പാട്ടുകൾ അപ്പപ്പോൾ അവർ തന്നെ നിർമ്മിച്ചെടുക്കുന്നവയാകാം. വിഷയം സാധാരണയായി നായാട്ടു വിശേഷങ്ങളായിരിക്കും. അപ്പപ്പോൾ ചെല്ലുന്ന വീടുകളിലെ ഗൃഹനാഥന്മാരെയും മറ്റും പുകഴ്ത്തുന്ന പാട്ടുകളുമുണ്ടാകാം. കളി കഴിയുമ്പോൾ വീടുകളിൽ നിന്ന് ഇവർക്ക് അരിയും നെല്ലും തുണികളും സമ്മാനങ്ങളായി കിട്ടും. ഒടുവിൽ പൂരദിവസം ഇവർ ക്ഷേത്രങ്ങളിലെത്തി അവിടെയും വിസ്തരിചു കളിക്കും.

നായാടിക്കളിയുടെ പാട്ടിന്റെ ചില വരികളിലൂടെ ....👇
ആരിന്റെ ആരിന്റെ ചങ്കരനായാടി                    
പനങ്കുരുശി അമ്മേടെ ചങ്കരനായാടി
പനങ്കുരുശി നല്ലമ്മ ലോകമാതാവ്                      
ആളും അടിയോരെ കാക്കണം തായേ                      
വേലയ്ക്കു പോകുമ്പോൾ എന്തെല്ലാം വേണം
പൊന്നുരുളി പൊൻചട്ടുകം പാൽക്കിണ്ടി വേണം
പൊന്നുരുളി പൊൻചട്ടുകം പാൽക്കിണ്ടി പോരാ
പൂവാലിപ്പശുവിന്റെ പാലതും വേണം                      
തിത്തെയ് തിത്തെയ് തിമൃതത്തെ  "
കുറുവഞ്ചം കുറുവഞ                    
കാട്ടിലും നെല്ലില് വിളയാടും
പനങ്കുരുശി അമ്മേടെ വഴിപാടുനായാടി

ആരുടേ ചങ്കരനായാടി.(സമ്പാദനം..എം.ശിവശങ്കരന്‍.)
ആരുടെ ആരുടെ ചങ്കരനായാടി ആമക്കാവിലമ്മേടെ ചങ്കരനായാടി
ആളും അടിയാരെ കാക്കണം തായേ
ഇന്നലേ അടിച്ചുതളിച്ചോരടിതളിമുറ്റത്ത്
ഇന്നിതാ വീണുമുളച്ചൊരു ചെമ്പകത്തയ്യ്
ചെമ്പകത്തയ്യിന്റമ്മ പൂമണം കേട്ട്
പത്തു തത്ത ഒത്തുകൂടി പറന്നുവന്നു.
അതിലൊരുകുട്ടിത്തത്ത ശീവേലിത്തത്ത.
ചുണ്ടിന്മെല്‍ ചുകപ്പല്ലൊ നിനക്കുതത്ത
തിരുമഞ്ചം തിരുമഞ്ചം തിരുമഞ്ചംകാവ്
തിരുമഞ്ചം കവിലമ്മേ എന്തു വിളയാട്ടം
ആനത്തെരുവുക്കൂടെ പോകണ നായാടി
ആനവരവത് കണ്ട് വാരിക്കുഴി കുത്തി
കുതിരവരവത് കണ്ട് ശൂലവും നാട്ടി
തിത്തൈ തിമ്ര് തൈ തിമ്ര് ത ത്തൈ…

നായാട്ടുവിളി....👇
നായാട്ടിനെ ചുറ്റിപ്പറ്റി ഇവർ അവതരിപ്പിക്കാറുള്ള "നായാട്ടു വിളി"‍ വളരെ രസകരമാണ്‌. പക്ഷേ അത് പ്രത്യേകം സമ്മാനങ്ങൾ ഉറപ്പായാൽ മാത്രമേ കളിച്ചു കണ്ടിട്ടുള്ളൂ. നായാട്ടിനു തയ്യാറാകാൻ തമ്പുരാന്റെ നിർദ്ദേശം കിട്ടുന്നതു മുതൽ ആളെക്കൂട്ടുന്നതും സംഘം ചേരുന്നതും കാട്ടിലേക്കു പോകുന്നതും കാടിളക്കുന്നതും കാട്ടുജന്തുക്കളെ ഓടിച്ചു കുടുക്കുന്നതും ഒടുവിൽ വെടിവെച്ചും അമ്പെയ്തും അവയെ വീഴ്ത്തുന്നതും അവയുടെ ദീനരോദനവുമൊക്കെ വളരെ തന്മയത്വത്തോടെ അവർ ശബ്ദങ്ങളിലൂടേയും വാക്കുകളിലൂടെയും വരച്ച് വയ്ക്കും. ഏകാഭിനയത്തിന്റെ ഏറ്റവും ശക്തമായ ഒരു മാതൃകയാണ്‌ ഇത്
കാട്ടില്‍ പോണം
പന്ന്യേ പിടിക്കണം
പിടിചോ പിടിച്ചോ
പേം പേം

നായാടിക്കളി ചിത്രങ്ങളിലൂടെ....



















https://youtu.be/97kVd4bZJ8E