09-10-17

📚📚
📖📖
📗📘📙
സർഗ്ഗ സംവേദനം
അനില്‍
📢📢📢📢📢
🔹🔹🔹🔹🔹🔹
വേറിട്ട വായന

കെ.ആർ.ശ്രീല

WHEN BREATH BECOMES AIR (പ്രാണൻ വായുവിലലിയുമ്പോൾ)

പോൾ കലാനിധി


ആമുഖം

ഇന്ത്യൻ വംശജനായ ന്യൂറോ സർജൻ ആണ് പോൾ കലാനിധി.ആമേരിക്കയിലാണ് സേവനം അനുഷ്ടിച്ചിരുന്നത്.റാണ്ടം ഹൗസ് 2016-ൽ പുറത്തിറക്കിയ പുസ്തകത്തിന്റെ മലയാളത്തിലെ പ്രസാധകർ ഡി.സി.ബുക്സ് ആണ്. 500 രൂപ വിലയുള്ള പുസ്തകം മൂല്യവത്തായ ഒരു സമ്പാദ്യം തന്നെയാണ്.

മരണത്തെ മധുരിതമാക്കുന്ന സ്നേഹഭരിതമാക്കുന്ന ഈ പുസ്തകം ഒരു മരണത്തെ മുഖാമുഖം കാണുന്ന അവസ്ഥയാണ്. 2013 മേയിൽ സ്ഥിരീകരിക്കപ്പെട്ട ശ്വാസകോശാർബ്ബുദത്തോടു പൊരുതി 2015-ൽ മരണത്തിനു കീഴടങ്ങിയ ജീവിതം.

അദ്ദേഹം എഴുതി മുക്കാലും തീർത്ത പുസ്തകം ഭാര്യ ലൂസി പൂർണ്ണമാക്കി 2016ൽ പ്രസിദ്ധീകരിച്ചു.

വേറിട്ട വഴിയിലൂടെ............

മരണം അടുത്തെത്തുമ്പോഴായിരിക്കും ജീവിക്കാനുള്ള ആഗ്രഹം കൂടുന്നതെന്ന്‌ പറഞ്ഞു കേട്ടിട്ടുണ്ട്‌. പക്ഷെ ആ വെമ്പല്‍ എത്രമാത്രമാണെന്ന്‌ WHEN BREATH BECOMES AIR എന്ന പുസ്രതകം മനസ്സിലാക്കി തരുന്നു  കലാനിഥിയുടെ ജീവന്റെഗന്ധവുമുള്ള പുസ്‌തകത്തിന്‌ ഇത്രമേല്‍ ചൂടുണ്ടാകുമെന്ന്‌ കരുതിയതല്ല. ജീവിന്‌റെ ചൂടും മരണത്തിന്റെ തണുപ്പുമുള്ള പുസ്‌തകം.


 ഓരോ താളുകള്‍ കഴിയുമ്പോഴും ജീവിക്കാനുള്ള അടങ്ങാത്ത കൊതി പകര്‍ന്നു തരുന്നു. ജീവിക്കാന്‍ ആഗ്രഹിച്ച മനുഷ്യന്‌റെ ഉള്‍തുടിപ്പുകളായിരുന്നു ഓരോ അക്ഷരങ്ങളും. 

ന്യൂറോസര്‍ജനില്‍ നിന്നും കാന്‍സര്‍ രോഗിയിലേക്ക്‌ മാറുമ്പോള്‍ കാലം അദ്ദേഹത്തെ ഒരു യാചകൻ കൂടിയാക്കി മാറ്റുന്നു.ഇനി എനിക്ക്‌ എത്രനാള്‍ എന്ന്‌ കാലത്തിന്റെ കനിവ്‌ കാത്തിരിക്കുന്ന യാചകന്‍. ഒരു ഡോക്ടറും അതുപറയില്ല എന്ന്‌ തിരിച്ചറിയാമായിരുന്നിട്ടും ജീവിക്കാനുള്ള ദാഹത്തോടെ അയാള്‍ അത്‌ ചോദിച്ചുകൊണ്ടേയിരുന്നു.

 തിരക്കുകള്‍ക്കിടയില്‍ മറവിയിലേക്ക്‌ തള്ളിയിട്ട ഓര്‍മകളെ ഭൂതകാലത്തിലേക്ക്‌ അലയാന്‍ വിട്ട് ജീവിതത്തെ തിരികെ പിടിക്കാൻ നടത്തുന്ന വിഫലശ്രമവും നാം കാണുന്നു.

 ലൂസിയോടൊപ്പമുള്ള പ്രണയകാല ചിത്രങ്ങളിലെ പ്രതീക്ഷകളില്‍ നിന്നാണ്‌ മരണത്തിലേക്ക്‌ പോകും മുമ്പ്‌ കുഞ്ഞുവേണമെന്ന്‌ അവര്‍ തീരുമാനിക്കുന്നത്‌. 

നിങ്ങളില്‍ ഒരാള്‍ മരിച്ചാല്‍ കുഞ്ഞിന്റെ അവസ്ഥ എന്തായിരിക്കുമെന്ന ചോദ്യത്തിനു മുന്നില്‍ നിശബ്ദം കരഞ്ഞു.

 എങ്കിലും മരണത്തിന്‌ മുമ്പ്‌ അവള്‍ വരുമായിരിക്കും തന്റെ പുസ്‌തകം എഴുതി തീര്‍ക്കാനാകുമായിരിക്കും എന്ന പ്രതീക്ഷയാണ്‌ കലാനിഥിയുടെ ആയുസിനെ പിടിച്ചു നിര്‍ത്തിയത്‌. 

വെപ്രാളപ്പെട്ട്‌ വിറയാര്‍ന്ന കൈകള്‍ കൊണ്ട്‌ കംപ്യൂട്ടറില്‍ ജീവന്റെ അക്ഷരങ്ങള്‍ എഴുതി. തണുത്തുമരവിച്ച കൈകള്‍ കൊണ്ട്‌ പുതുശ്വാസത്തിന്റെ ചൂടുള്ള മകളെ എടുത്തു.

 ജീവിതത്തിന്‌റെയും മരണത്തിന്‌റെയും ഇടയില്‍ മനുഷ്യന്‍ എത്രനിസാരനാണെന്ന്‌ കാണിച്ചുതരുന്നതായിരുന്നു ലൂസിയയുടെ പ്രസവമുറിയ്‌ക്ക്‌ മുന്നിലുള്ള കാത്തിരിപ്പ്‌

കാഡിയയുടെ ജനനത്തിന്‌ എട്ടുമാസങ്ങള്‍ക്ക്‌ ശേഷം രോഗം വഷളായി. കീമോഫലിക്കാതെയായി. ജീവന്‍ നിലനിര്‍ത്താന്‍ കൃത്രിമശ്വാസം വേണ്ടന്ന്‌ തളര്‍ന്ന സ്വരത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെ കലാനിഥി പറഞ്ഞു.

 ഇടര്‍ച്ച പുറത്തുകാട്ടാതെ ഐ ആം റെഡി എന്ന് പറഞ്ഞ്‌ ലൂസിയേയും കാഡിയയേയും ചേര്‍ത്തുപിടിച്ച്‌ മരണത്തിന്റെ ആഴങ്ങളിലേക്ക്‌... അപൂര്‍ണമാക്കിയ പുസ്‌തകം പൂര്‍ണ്ണതയിലെത്തിക്കുന്നത്‌ ലൂസിയയുടെ കുറിപ്പുകളിലൂടെയാണ്‌. 

മരണം മാത്രമല്ല പുസ്‌തകത്തിന്‌റെ വിഷയം, ജീവിച്ചിരിക്കുന്നവര്‍ക്കുള്ള പ്രതീക്ഷകള്‍ കൂടിയാണ്‌. തിരക്കുകള്‍ക്കിടയില്‍പ്പെട്ട്‌ ശിഥിലമാകാന്‍ പോയ ദാമ്പത്യത്തില്‍ നിന്നാണ്‌ ലൂസിയും പോളും വീണ്ടും പ്രണയത്തിലേക്ക്‌ തിരികെ പോകുന്നത്‌.

 മരണവും അസുഖവും സ്‌നേഹം എന്ന വികാരത്തിന്റെ മറ്റൊരു തലം കൂടിയാണ്‌ പകര്‍ന്നു തന്നത്‌.

🦋🦋🦋🦋🦋🦋🦋🦋🦋🦋
************************************************


മരണമെന്നത് നമ്മുടെ വളരെ അടുത്തുനിൽക്കുന്ന ഒന്നാണെന്നും അത് ഏതുനിമിഷവും സംഭവിക്കാമെന്നും കരുതുന്ന ഒരാൾക്കുമാത്രമേ തന്റെ സത്തയെക്കുറിച്ച് സദാ സ്മരണയുള്ളവനാകാൻ സാധിക്കൂ’ -രമണമഹർഷി

പോൾ കലാനിധി കൈയിലുള്ള കറുപ്പും വെളുപ്പും കലർന്ന സി.ടി. സ്കാൻ രൂപങ്ങളിലേക്ക്‌ സശ്രദ്ധം നോക്കിയിരുന്നു: ശ്വാസകോശത്തിൽ നിറയെ മുഴകൾ; നട്ടെല്ല് വികൃതമായിരിക്കുന്നു; കരളിന്റെ ഒരു ഭാഗം നശിച്ചുതുടങ്ങിയിട്ടുണ്ട്; കാൻസറിന്റെ കരിപടലങ്ങൾ ഉള്ളാകെ പടർന്നിരിക്കുന്നു. ന്യൂറോ സർജറിയിൽ പരിശീലനം നടത്തുന്ന ഡോക്ടർ എന്ന നിലയിൽ ഇത്തരത്തിലുള്ള എത്രയോ സ്കാൻ റിപ്പോർട്ടുകൾ കലാനിധിയുടെ കൈയിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ, ഇത് അല്പം വ്യത്യസ്തമാണ്: കാരണം അത്‌ അയാളുടേത്‌ തന്നെയായിരുന്നു! ഒരിക്കൽക്കൂടി കലാനിധി ആ സ്കാൻറിപ്പോർട്ടിലൂടെ കണ്ണോടിച്ചു: പരിശോധനയിൽ എന്തെങ്കിലും പിഴവുപറ്റിയിട്ടുണ്ടോ? അയാളുടെ തൊട്ടടുത്ത് ഭാര്യ ലൂസിയുമുണ്ടായിരുന്നു. അവർ രണ്ടുപേരും കിടക്കയിൽ മലർന്നുകിടന്നു. ലൂസി ചോദിച്ചു: ‘‘മറ്റു സാധ്യതകൾ എന്തെങ്കിലുമുണ്ടോ?’’ ‘‘ഇല്ല’’, അയാൾ പറഞ്ഞു. അവർ ഒരിക്കൽക്കൂടി കണ്ണുനിറഞ്ഞ് കെട്ടിപ്പിടിച്ചു, വർഷങ്ങൾക്കുമുമ്പുള്ള തങ്ങളുടെ പ്രണായാരംഭകാലത്തെന്നപോലെ.  ഒരു വർഷംമുമ്പ് അവർ സംശയിച്ചിരുന്നു, കലാനിധിയു​ടെ അകമേ കാൻസർ വളർന്നുവരുന്നുണ്ടോ എന്ന്. പക്ഷേ, വിശ്വസിച്ചിരുന്നില്ല. ഇപ്പോൾ അക്കാര്യം തീർച്ചയായിരിക്കുന്നു!  മുമ്പൊന്നുമില്ലാത്തവിധം വേദനയോടെ അന്നത്തെ സന്ധ്യ കുന്നുകൾക്കപ്പുറം കടലിലേക്ക് അലിഞ്ഞുവീണു. അന്നവർ ഉറങ്ങിയില്ല. കലാനിധിയുടെ ജീവിതത്തിൽ ഇനിയെത്ര ചുവട് എന്നത് തീർച്ചയായിക്കഴിഞ്ഞു. കൈയിലുള്ള സമയം എത്രയെന്ന് കുറിക്കപ്പെട്ടിരിക്കുന്നു. ഇതുവരെയുള്ളതുപോലെയല്ല ഇനി ജീവിതം. വർഷങ്ങളായി  കാത്തുപോന്ന സ്വപ്നങ്ങളും ലക്ഷ്യവും സമയവുമായി അങ്കംകുറിച്ചുകഴിഞ്ഞു. അയാൾക്ക് മുൻകൂർ നിശ്ചയങ്ങളെ മാറ്റിയെഴുതേണ്ടിയിരിക്കുന്നു. അന്നുമുതൽ എല്ലാ കാര്യങ്ങളിലും പറഞ്ഞറിയിക്കാനാവാത്ത ഒരു ‘ഡെഡ് ലൈൻ പ്രഷർ’ പോൾ കലാനിധി എന്ന മുപ്പത്തിയാറുകാരൻ അനുഭവിച്ചുതുടങ്ങി.
ദക്ഷിണേന്ത്യയിൽ വേരുകളുള്ള ഹിന്ദുമത വിശ്വാസിയും ഇഡ്ഡലിയും ചമ്മന്തിയും നന്നായി ഉണ്ടാക്കാൻ അറിയുന്നവളുമായ അമ്മയുടെയും ക്രിസ്ത്യൻ വിശ്വാസിയും ഡോക്ടറുമായ അച്ഛന്റെയും മകനായി അമേരിക്കയിലെ മരുഭൂതാഴ്‌വരയായ അരിസോണയിലായിരുന്നു കലാനിധി ജനിച്ചത്. അതുകൊണ്ട് പോൾ കലാനിധി എന്ന സങ്കരപ്പേരുവന്നു. നന്നായിപ്പഠിച്ചും ചിലന്തികൾ മേയുന്ന മരുഭൂമിയിൽ സുഹൃത്തുക്കളുമായലഞ്ഞും പോൾ വളർന്നു. ‘കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ’, ‘റോബിൻസൺ ക്രൂസോ’, ‘ഐവാൻഹോ’ എന്നീ പുസ്തകങ്ങളും എഡ്ഗർ അല്ലൻപോ, ഗൊഗോൾ, ചാൾസ് ഡിക്കൻസ്, മാർക്ക് ട്വയിൻ, ജെയിൻ ഓസ്റ്റിൻ, തോറോ, സാർത്ര്, കമ്യൂ, ടി.എസ്. എലിയട്ട് എന്നീ എഴുത്തുകാരും ചേർന്ന് കലാനിധിയുടെ ഉള്ളിൽ അക്ഷരങ്ങളുടെ മായാപ്രപഞ്ചം തീർത്തു. അയാൾ  പുസ്തകങ്ങൾ വായിച്ചുതള്ളി. എന്നെങ്കിലും ഒരു പുസ്തകം എഴുതണമെന്ന്‌ മോഹിച്ചു.  വായനയും ചിന്തയും പോൾ കലാനിധിയിൽ ചില ചോദ്യങ്ങളെ ഉണർത്തി: എത്രമാത്രം നശ്വരമാണ് മനുഷ്യജീവിതം? എന്താണ് ഈ ജീവി തത്തെ അർഥപൂർണമാക്കുന്നത്? കൈയിൽക്കിട്ടിയ ജീവിതത്തെ അർഥപൂർണമായി വിനിയോഗിക്കേണ്ടത് എങ്ങനെയാണ്? ഇംഗ്ലീഷ് സാഹിത്യത്തിലും മനുഷ്യശരീരശാസ്ത്രത്തിലും ബിരുദം നേടി പുറത്തുവന്നപ്പോഴേക്കും ആ യുവാവിന്റെ ഉള്ളിൽ  ചോദ്യങ്ങൾ കൂടുതൽക്കൂടുതൽ കുമിയുകയായിരുന്നു. സാഹിത്യവും തത്വചിന്തയും വായിച്ചുണ്ടാക്കിയ അറിവ് ഈ ചോദ്യങ്ങൾക്ക് ഒരു പരിധിവരെ ഉത്തരം നൽകി. എന്നാൽ, ചിന്താശീലനായ ആ യുവാവിന് അതു പോരായിരുന്നു. അങ്ങനെയാണ് കൂടുതൽ തൃപ്തമായ   വിശദീകരണങ്ങൾക്കുവേണ്ടി ന്യൂറോളജിയുടെ ഇരുട്ടും വെളിച്ചവും കലർന്ന ലോകത്തേക്ക് കലാനിധി കൂപ്പുകുത്തിയത്. മസ്തിഷ്കം എങ്ങനെയാണ് മനുഷ്യബന്ധങ്ങളിലൂടെ ജീവിതത്തിന് അർഥം  നിർമിക്കുന്നത്?  ഓപ്പറേഷൻ  തിയേറ്ററുകളിൽ, രോഗികളുടെ ശിരസ്സുപിളർന്ന് പതിനെട്ടും ഇരുപതും മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയകൾ അയാൾ നടത്തി. മുന്നിൽ മസ്തിഷ്കം എന്ന മഹാപ്രഹേളിക. അതിൽ ജീവിതത്തിലെ ഓരോ ചലനത്തിനും ഓരോ ഇടം. തുറന്ന അറകളേക്കാൾ എത്രയോ തുറക്കാത്ത അറകൾ. അവിടെയെല്ലാം കലാനിധി ജീവിതത്തിന്റെ അർഥം തിരഞ്ഞു. നശ്വരതയുടെയും അനശ്വരതയുടെയും വേർതിരിവുകൾ തേടിയലഞ്ഞു. പക്ഷേ, കലാനിധിയുടെ ഉള്ളിൽ ചോദ്യങ്ങൾ ഏറുകയും ഉത്തരങ്ങൾ കുറയുകയും ചെയ്യുകയായിരുന്നു. ഡോക്ടറുടെ മുന്നിൽ രോഗിയായി ഇരുന്നപ്പോഴും ഒറ്റച്ചോദ്യമേ പോളിനുണ്ടായിരുന്നുള്ളൂ: ഇനിയെത്രനാൾ? ഒരു ഡോക്ടറും അതു പറയില്ല എന്നറിഞ്ഞിട്ടും പോൾ ചോദിച്ചു, ജീവിക്കാനുള്ള ദാഹത്തോടെ. ഗുളികയാണ് ആദ്യം വിധിച്ചത്. അതു ഫലിച്ചില്ലെങ്കിൽ കീമോതെറാപ്പിയാകാം. തിരിച്ചിറങ്ങുമ്പോൾ പോൾ താൻ ഇത്രയുംകാലം ജോലിചെയ്തിരുന്ന ആസ്പത്രിയിലേക്ക് തിരിഞ്ഞുനോക്കി മനസ്സിൽപ്പറഞ്ഞു: ഇനി ഇവിടെ ഞാൻ ഡോക്ടറല്ല, കാലത്തിന്റെ കനിവിനുവേണ്ടി യാചിക്കുന്ന ഒരു രോഗി. വീട്ടിലെത്തി അയാൾ ലൂസിയെ അണച്ചുപിടിച്ചു. പ്രണയകാലചിത്രങ്ങൾ നോക്കിയിരുന്നു. എന്തുമാത്രം ഉല്ലാസം! എത്രമാത്രം പ്രതീക്ഷകൾ! മനുഷ്യൻ അനശ്വരനാണെന്ന്‌ എപ്പോഴൊക്കെയോ തോന്നിപ്പോയ നിമിഷങ്ങൾ. കരഞ്ഞുകൊണ്ട് ചേർത്തുപിടിച്ച് കിടക്കുമ്പോഴും കുഞ്ഞുവേണം എന്ന് അവർ തീരുമാനിച്ചു. കഠിനമായ മരുന്നുകൾ തന്റെ ശരീരത്തെ കലക്കിമറിക്കുംമുമ്പ് ജീവന്റെ ബിന്ദു പിറക്കണം, ശുദ്ധമായി. രാത്രിയിലേതോ യാമത്തിൽ അയാൾ ലൂസിയുടെ ചെവിയിൽ പുനർവിവാഹത്തെക്കുറിച്ച് പറഞ്ഞു. അവൾ കരഞ്ഞുകൊണ്ട് കുതറി. അനുദിനം ഭാരം കുറഞ്ഞുകുറഞ്ഞുവരുന്ന ശരീരവുമായി കാറ്റിലാടിയാടി ബീജബാങ്കിലേക്ക് അയാൾ ലൂസിയോടൊപ്പം നടന്നു. അവിടെ പലപല കടലാസുകളിൽ ഒപ്പിട്ടിരിക്കുമ്പോൾ ഉദ്യോഗസ്ഥ ചോദിച്ചു:  ‘‘നിങ്ങളിലൊരാൾ മരിച്ചാൽ കുട്ടിയുടെ അവസ്ഥ എന്തായിരിക്കും?’’ അതുകേട്ട് കലാനിധിയും ലൂസിയും നിശ്ശബ്ദം കരഞ്ഞു. പോൾ വീട്ടിൽ ഒതുങ്ങി. പുറത്ത് ഇലകൊഴിഞ്ഞ മരങ്ങൾ വിഷാദത്തോടെ നിന്നു. ജീവിതം അനശ്വരമാണ് എന്ന ധാർഷ്ട്യത്തോടെ ജനലിനപ്പുറം ലോകം ഭ്രാന്തമായി എങ്ങോട്ടൊക്കെയോ കുതിച്ചുപായുന്നത്  അയാൾ കണ്ടു. ഇപ്പോൾ തനിക്കുമാത്രമേ അറിയൂ അത് എത്രമാത്രം നശ്വരമാണെന്ന സത്യം. ആ സമയത്താണ് ഒപ്പം പഠിച്ചവർ ഒരു വിരുന്നിനു വിളിക്കുന്നത്. കൈയിലൊരു ഗ്ലാസ് വിസ്കിയുമായി ഇരിക്കുമ്പോൾ താൻ മറ്റേതോ ലോകത്തിൽനിന്നുവന്ന ആളാണെന്ന്‌ കലാനിധിക്കു തോന്നി: ചുറ്റുമുള്ള സഹപാഠികളുടെ സംഭാഷണങ്ങളിൽ നിറയെ പരീക്ഷകൾ, ഭാവിപദ്ധതികളുടെ ആസൂത്രണങ്ങൾ, ലക്ഷങ്ങൾ കിട്ടുന്ന ജോലി, വീട്, കാർ, കുടുംബം... അയാൾ ഉള്ളിൽപ്പറഞ്ഞു: ഇതൊന്നും എന്റേതല്ല, എന്റേതല്ല! വീട്ടിൽ തിരിച്ചെത്തി തളർന്നുകിടക്കുമ്പോൾ കലാനിധിയുടെ മനസ്സിൽ എഴുതാൻപോകുന്ന പുസ്തകത്തെക്കുറിച്ചുള്ള ആലോചനകളായിരുന്നു. അയാളുടെ ദുർബലമായ നെഞ്ചിൽ തലവെച്ചുകിടക്കുമ്പോൾ ലൂസി ചോദിച്ചു:  ‘‘ഞാനിങ്ങനെ കിടന്നാൽ ശ്വാസം മുട്ടുമോ?’’ ‘‘നീ ഇങ്ങനെ കിടക്കുമ്പോൾ മാത്രമേ എനിക്ക് ശ്വാസോച്ഛ്വാസം ചെയ്യാൻ സാധിക്കൂ’’, അയാൾ പറഞ്ഞു. മരുന്നുകൾ മെല്ലെ മെല്ലെ ഫലിക്കുന്നു എന്നുകണ്ടപ്പോൾ കലാനിധി ഓപ്പറേഷൻ തിയേറ്ററിൽ  തിരിച്ചെത്തി, ന്യൂറോ സർജന്റെ വേഷത്തിൽ. മനുഷ്യന്റെ വിധിക്കും അർഥപൂർണമായ ജീവിതത്തിനുംവേണ്ടിയുള്ള അന്വേഷണം മനുഷ്യമസ്തിഷ്കത്തിൽ അയാൾ തുടർന്നു. എന്നാൽ, അധികം ദിവസം കഴിയുംമുമ്പേ മനസ്സിലായി, ഓപ്പറേഷന്റെ ദീർഘദീർഘമായ മണിക്കൂറുകളെ താങ്ങാനുള്ള ശേഷി തന്റെ ശരീരത്തിനില്ല. ഒരുനാൾ അയാൾ ആസ്പത്രി വിട്ടിറങ്ങി. കൈയിൽ, രാത്രിഡ്യൂട്ടിസമയത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, ബ്രഷുകൾ, ഫോൺ ചാർജറുകൾ... പുസ്തകങ്ങൾ അയാൾ അവിടെ ഉപേക്ഷിച്ചു: പിറകേ വരുന്നവർ വായിക്കട്ടെ. ഒരിക്കൽക്കൂടി ആസ്പത്രിയെ നോക്കി മനസ്സിൽപ്പറഞ്ഞു; വിട, പോൾ കലാനിധി ഇനി വെറും രോഗിമാത്രം. അടുത്ത സി.ടി. സ്കാനിൽ  പൂർണചന്ദ്രന്റെ വലിപ്പത്തിൽ ഒരു ട്യൂമർകൂടി തെളിഞ്ഞു. അയാൾ ഡോക്ടറോട് കർശനമായിച്ചോദിച്ചു: ‘‘കൃത്യമായിപ്പറയൂ, എനിക്കിനി എത്രനാൾ? മൂന്നു മാസമേ ഉള്ളൂവെങ്കിൽ ഞാൻ എന്റെ കുടുംബത്തോടൊപ്പം കഴിയും; ഒരു വർഷമെങ്കിൽ പുസ്തകം എഴുതിപ്പൂർത്തിയാക്കും; പത്തു വർഷമെങ്കിൽ ഡോക്ടറായി ആസ്പത്രിയിലേക്ക് തിരിച്ചുപോകും.’’    ഉള്ളിൽ പിന്നെയും പിന്നെയും മുഴകൾ ഒന്നിനുപിറകേ മറ്റൊന്നായി പൊട്ടിമുളച്ചപ്പോൾ കലാനിധി കീമോ തെറാപ്പിയിലേക്ക് കടന്നു. അതയാളെ അകംപുറം കുടഞ്ഞു. കയ്പുനിറഞ്ഞ വായ, പുകയുന്ന വയറ്്‌, കൊഴിയുന്ന തലമുടി,  വിഷാദംപരന്ന പകലുകൾ. ശരീരം കുളിരുകൊണ്ട് വിറയ്ക്കുമ്പോഴും അയാൾ സ്വപ്നത്തിലെ പുസ്തകം പൂർത്തിയാക്കാൻ വെപ്രാളപ്പെട്ടു. കന്പ്യൂട്ടർ കീബോർഡിൽ വിരലുകൾ വിറച്ചാടിയപ്പോൾ  പ്ലാസ്റ്റിക്കിന്റെ കൈയുറയിട്ട് എഴുതി.  ലൂസിയുടെ പ്രസവമുറിക്ക്‌ പുറത്ത്‌ വീൽച്ചെയറിൽ തണുത്തുവിറച്ച് കാത്തിരുന്നു. മകളായിരുന്നു പിറന്നത്: എലിസബത്ത് അക്കാഡിയ എന്ന കാഡി. അയാൾ ശോഷിച്ച കൈകൾകൊണ്ട് അവളെ എടുത്തു, കൺനിറഞ്ഞു കണ്ടു. മകളെ എടുത്ത് അവളുടെ കണ്ണുകളിലേക്ക് നോക്കിയിരിക്കുന്ന പോളിന്റെ ചിത്രം നോക്കൂ. എന്തെല്ലാമായിരിക്കും ആ യുവഡോക്ടറുടെ മനസ്സിലൂടെ അപ്പോൾ കടന്നുപോയിട്ടുണ്ടാവുക! ഇനിയെത്രനാളിങ്ങനെ? ഇവൾ എങ്ങനെ വളരും? ആരാവും?  വൈകാതെ കീമോ തെറാപ്പിയും ഫലിക്കാതായി. മസ്തിഷ്കത്തിലും മുഴകൾ വിരിഞ്ഞിരിക്കുന്നത് തെളിഞ്ഞു. ജീവിതത്തിന്റെ അർഥംതേടി എന്നും താൻ അലഞ്ഞിരുന്ന വഴികളിലും കാൻസർ പടർന്നു എന്നറിഞ്ഞപ്പോൾ പോൾ കലാനിധി എന്ന ന്യൂറോ സർജൻ സ്വന്തം ജീവിതത്തിന്റെ അറ്റം കണ്ടു. 

ശ്വാസംകിട്ടാതെ അയാൾ കിതച്ചുതുടങ്ങിയപ്പോൾ മുഖത്ത് ഉപകരണംവെച്ചു. കാഡി അയാളുടെ മടിയിലിരുന്ന് ഒന്നുമറിയാതെ കളിച്ചു. ആ ശനിയാഴ്ച അടുത്തബന്ധുക്കൾ എല്ലാവരും പോളിന്റെ മുറിയിൽ ഒത്തുകൂടി. അപ്പോൾ ആ മുറി  സായന്തനവെയിൽനിറഞ്ഞ ഒരു താഴ്‌വാരംപോലെ തോന്നിച്ചു. എല്ലാവരെയും നോക്കി പോൾ കിടന്നു.  വിടപറച്ചിലിന്റെ ശ്രുതിയിൽ, പതിഞ്ഞ ശബ്ദത്തിൽപ്പറഞ്ഞു: ‘‘എല്ലാവരോടുമായിപ്പറയുക, എനിക്കവരെക്കാണാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ എല്ലാവരെയും സ്നേഹിച്ചിരുന്നു എന്ന്. അവർ പകർന്ന സൗഹൃദം ഞാൻ വിലപ്പെട്ടതായിക്കരുതുന്നു’’, താൻ പോയാൽ തന്റെ പുസ്തകം  പ്രസിദ്ധീകരിക്കണം എന്ന് അയാൾ എല്ലാവരോടുമായിപ്പറഞ്ഞു. ചുറ്റിലുമുള്ളവരുടെ മുഖത്ത് മാറിമാറി നോക്കി നിസ്സഹായനായി, നിശ്ശബ്ദമായിക്കരഞ്ഞു. അടുത്തദിവസം പോൾ കലാനിധിയെ ആസ്പത്രിയിലേക്കു മാറ്റി. ആദ്യം ഐ.സി.യുവിൽ. അതും പോരെന്നുവന്നു. വെന്റിലേറ്റർ വേണ്ട എന്ന് കലാനിധി ദുർബലമായ ശബ്ദത്തിൽപ്പറഞ്ഞു. ജീവൻ നിലനിർത്താൻ കടുത്ത പരിശ്രമം വേണ്ട, കരുതൽ മതി. അയാൾ ലൂസിയെയും കാഡിയെയും അടുത്തുവിളിച്ചു. പ്രണയകാലത്ത് അവർ പാടിയിരുന്ന പാട്ട് തളർന്നശബ്ദത്തിൽ ചെവിയിൽപ്പാടി. പിന്നെ കാഡിയെ ഉറക്കുമ്പോൾ പാടാറുള്ള താരാട്ട്... കരച്ചിലും അതിന്റെ കടച്ചിലും ഈണത്തെ എവിടെവെച്ചോ വിഴുങ്ങി. ഇനിയൊന്നും ചെയ്യാനില്ല എന്ന സ്ഥിതിയിലെത്തിയതായി ഡോക്ടർക്ക് മാത്രമല്ല കലാനിധിക്കും മനസ്സിലായി. എട്ടുമാസം മാത്രം പ്രായമായ മകളെ അയാൾ ഒന്നുകൂടിക്കണ്ടു. ശ്വാസത്തിനായി മുഖത്തുവെച്ച കവചത്തിനുള്ളിലെ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ലൂസിക്കുമാത്രം കേൾക്കാവുന്ന ശബ്ദത്തിൽ, ഇടർച്ച പുറത്തുകാട്ടാതെ പോൾ കലാനിധി പറഞ്ഞു: ‘‘I am ready!’’ ഡോക്ടർ മുഖകവചം മാറ്റി. മയങ്ങാനുള്ള മരുന്നുകൊടുത്തു. മയക്കത്തിലൂടെ, മരണത്തിന്റെ ആഴങ്ങളിലേക്ക് പോൾ കലാനിധി ഇറങ്ങിപ്പോയി-2015 മാർച്ച് 9-ന്. സാന്താക്രൂസ് പർവതങ്ങളുടെ ചെരിവിൽ, പസഫിക് സമുദ്രത്തിന് അഭിമുഖമായി പോൾ കലാനിധി ഉറങ്ങുന്നു. അദ്ദേഹം അപൂർണമായി എഴുതിവെച്ച ഹൃദയഭേദകമായ പുസ്തകം WHEN BREATH BECOMES AIR  ഇപ്പോൾ ലോകമെങ്ങും വായിക്കുന്നു-കരച്ചിലോടെയും അനശ്വരൻ എന്ന് അഹങ്കരിക്കുന്ന ഓരോ മനുഷ്യനുള്ള താക്കീതായും.
  ശ്രീകാന്ത് കോട്ടക്കൽ