09-08-18


ലോകസിനിമയിലേക്ക് സ്വാഗതം!

 11. Walkabout (1971) 
വോക്ക് എബൗട്ട്‌ (1971)
ഭാഷ ഇംഗ്ലീഷ്
സംവിധാനം നിക്കോളാസ് റോഗ്
പരിഭാഷ ലിജോ ജോളി
Running time 100 മിനിറ്റ്
1971 ൽ റിലീസ് ആയ ബ്രിട്ടീഷ്-ഓസ്ട്രേലിയൻ സർവേവൽ സിനിമയാണ് വോക് അബൗട്.നിക്കോളാസ് റോഗ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജെന്നി അഗെറ്റർ,ലുക്ക് റോഗ്,ഡേവിഡ് ഗുൽപില്ലി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.ജെയിംസ് വാൻസി 1959 ഇൽ ഇതേ പേരിൽ എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. വെള്ളക്കാരായ രണ്ട് സ്കൂൾ കുട്ടികൾ ഓസ്‌ട്രേലിയൻ മരുഭൂമിയിൽ സ്വന്തം പിതാവിനാൽ ഉപേക്ഷിക്കപ്പെടുന്നതും ഒരു ആദിവാസി ബാലന്റെ സഹായത്തോട് അവർ അവിടെ നിന്നും തിരിച്ചു നാട്ടിലെത്തുന്നതുമാണ് ഈ ചിത്രത്തിന്റെ കഥാതന്തു.

https://youtu.be/cJ7fOwaRUL8


 12 Diary of a Chambermaid (1964) 
ഡയറി ഓഫ് എ ചേംബര്‍മൈഡ് (1964)
ഭാഷ ഫ്രെഞ്ച്
സംവിധാനം ലൂയി ബുനുവേൽ
Running time    97 മിനിറ്റ്
ഫ്രാൻസിൽ 1930 കളിലെ പ്രക്ഷുബ്ദമായ രാഷ്ടീയാന്തരീക്ഷത്തിലാണ് കഥ നടക്കുന്നത്‌. റാബോർ എന്ന പ്രഭുവിന്റെ ഭവനത്തിലേക്ക് പാരീസിൽ നിന്ന് സെലസ്ടിൻ എന്ന യുവതി വേലക്കാരിയായി ജോലിക്കെത്തൃന്നു. താമസിയാതെ തന്നെ മറ്റു ഭൃത്യരിൽ നിന്ന് പ്രഭു കുടുംബത്തിലെ അംഗങ്ങളുടെ സ്വഭാവ സവിശേഷതകളും, കുടുംബാന്തരീക്ഷവും അവൾ മനസ്സിലാക്കുന്നു. റാബോർ ഒരു അരവട്ട നാണെന്നും, മകളുടെ ഭർത്താവ് മോൺടീൽ ഒരു സ്ത്രീലമ്പടനാണെന്നും അവൾക്ക് ബോധ്യമാവുന്നു. പ്രഭു കുടുംബത്തിന്റെ വിശ്വസ്തനായ വേലക്കാരൻ ജോസഫ് മറ്റു വേലക്കാരിൽ നിന്ന് വിഭിന്നനാണ്. എല്ലാവരും അയാളെ ഭയഭക്തിയോടെയാണ് നോക്കിക്കാണുന്നത്. എന്നാൽ സെലസ്ടിൻ അയാളെ ഒട്ടും വകവയ്ക്കുന്നില്ല. പെട്ടെന്നു തന്നെ പ്രഭുകുടുംബത്തിന്റെ വിശ്വാസവും, പ്രീതിയും പിടിച്ചുപറ്റുന്ന സെലസ്ടിനിൽ മോൺടീൽ അനുരക്തനാവുന്നു. അവളെ പ്രാപിക്കാനുള്ള ആഗ്രഹം പല തവണ അയാൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സെലസ്ടിൻ വിദഗ്ദ്ധമായി അതിൽ നിന്ന് ഒഴിഞ്ഞ മാറുന്നു. അതിനിടെ പ്രഭുകുടുംബത്തിന്റെ അയൽക്കാരിയായ ക്ലെയർ എന്ന ബാലിക ക്രൂരമായി ബലാൽസംഘം ചെയ്യപ്പെട്ട് കൊല്ലപ്പെടുന്നു. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താനാവുന്നില്ല. സെലസ്ടിന് ജോസഫിനെ സംശയമുണ്ട്. അയാളെ കുരുക്കാനുള്ള തെളിവുകൾക്കായി അവൾ അന്വേഷണം ആരംഭിക്കുന്നു. ‌സെലസ്ടിൻ അഭിമുഖീകരിക്കുന്ന തിക്താനുഭവങ്ങളിലൂടെ ഇറ്റലിയിലെ സമ്പന്ന വർഗ്ഗങ്ങളുടെ കുംടുംബ വ്യവ്യസ്ഥയിലെ ലൈംഗിക അരാജകത്വവും, അസംതൃപ്തിയും, ജീർണ്ണതകളും ബ്യൂനുവൽ ഇഴ കീറി പരിശോധിക്കുന്നു. ഒപ്പം കത്തോലിക്കാ പൗരോഹിത്യ സമൂഹം വിശ്വാസികൾക്കുമോൽ അടിച്ചേൽപ്പിക്കുന്ന സദാചാര നിഷ്ഠകളേക്കുറിച്ചും വിമർശനമുന്നയിക്കുന്നു. പശ്ചാത്തല സംഗീതം ഒട്ടുമില്ലാതെയാണ് ഈ ചിത്രം ബ്യൂനുവൽ ഒരുക്കിയിട്ടുള്ളത്. ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ സ്വാഭാവികമായി വരുന്ന ശബ്ങ്ങൾ BGM ന് പകരം നിൽക്കത്തക്കവിധം മനോഹരവും, സംഗീതാത്മകവുമായി സന്നിവേശിപ്പിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. താളാത്മകവും, മുറുക്കമുള്ള തുമായ ചിത്രസന്നിവേശവും എടുത്തു പറയേണ്ടതാണ്

 13. The Spirit of the Beehive (1973)
ദി സ്പിരിറ്റ് ഓഫ് ദി ബീഹൈവ് (1973)
ഭാഷ സ്പാനിഷ്
സംവിധാനം വിക്റ്റര്‍ എറിസ്
Running time 98 മിനിറ്റ്
അന്ന എന്നൊരു കൊച്ചുകുട്ടിയുടെ കണ്ണിലൂടെ ചുറ്റുമുള്ള മുതിർന്നവരുടെ മാനസിക സംഘര്‍ഷങ്ങളും വികാരവിചാരങ്ങളും അവതരിപ്പിക്കുന്ന ,അവളുടെ ഫാന്റസി ലോകത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ചിത്രമാണ് The spirit of the beehive. സ്പെയിനില്‍ നിന്നും വന്നതില്‍ ഏറ്റവും ജനപ്രീതി നേടിയ ആര്‍ട്ട്ഹൌസ് ചിത്രങ്ങളിലൊന്നാണിത്.
സ്പെയിനിലെ ഇടതുപക്ഷ സര്‍ക്കാരിനെ ആഭ്യന്തര യുദ്ധത്തിലൂടെ പുറത്താക്കി ഫാന്‍സിസ്കോ ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള പട്ടാളഭരണം നിലവില്‍വന്നത് 1939 ലാണ് .ജനജീവിതത്തെ സാരമായി ബാധിച്ച ഈ രക്തരൂക്ഷിത വിപ്ലവം കുടുംബങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ചിന്നഭിന്നമാക്കി. പട്ടാളഭരണത്തില്‍ സമൂഹത്തെ ആകമാനം ബാധിച്ച നിരാശയും ബന്ധങ്ങളില്‍ സംഭവിച്ച തകര്‍ച്ചയുമൊക്കെയാണ് സംവിധായകനായ വിക്റ്റര്‍ എറിസ് തന്റെ ചിത്രത്തിന് പശ്ചാത്തലമാക്കുന്നത് .
സ്പെയിനിലെ കാസ്റ്റ്ലിയന്‍ ഗ്രാമത്തിലാണ് കഥ നടക്കുന്നത് .ചിത്രം ആരംഭിക്കുന്നത് തന്നെ ഗ്രാമത്തിന്റെ വരണ്ടുണങ്ങിയ പ്രകൃതിദൃശ്യത്തിലൂടെയാണ്. അന്നയുടെ കുടുംബാന്തരീക്ഷത്തിലേക്ക് ക്യാമറ കടന്നുവരുമ്പോള്‍ സംവിധായകന്‍ ലക്‌ഷ്യം കൂടുതല്‍ വ്യക്തമാവുന്നു .അച്ഛനായ ഫെര്‍ഡിനന്റ് എഴുതുന്ന കവിതകള്‍ തേനീച്ചകളുടെ "യാന്ത്രിക"മായ ജീവിതത്തെക്കുറിച്ചുള്ളതാണെങ്കിലും ആ വരികളില്‍ നിഴിലിക്കുന്ന നിരാശയുടെ ഉറവിടം ആഭ്യന്തരയുദ്ധവും പട്ടാളഭരണവുമോക്കെയാണ് .അമ്മയായ തെരേസ തന്റെ പൂര്‍വകാമുകനെഴുതുന്ന കത്തുകളിലുമുണ്ട് വേര്‍പെട്ടു പോയ ബന്ധങ്ങളെ ഓര്‍ത്തുള്ള നഷ്ടബോധം .ഈ നിരാശയും നഷ്ടബോധവുമോക്കെയാവണം,പരസ്പരം സ്നേഹവും കരുതലുമുണ്ടങ്കില്‍കൂടി കുടുംബാങ്ങളോരോരുത്തരും ആ വലിയ വീട്ടില്‍ തങ്ങളുടേതായ ലോകത്ത് ഒതുങ്ങി കഴിയാന്‍ കാരണം.
 .പട്ടാളഭരണത്തിനെതിരെയുള്ള കടുത്ത വിമര്‍ശനോ പരിഹാസമോ അല്ല സംവിധായകന്‍ ഉദ്ദേശിക്കുന്നത് മറിച്ച് ഒരു കൊച്ചുകുട്ടിയുടെ വീക്ഷണകോണിലൂടെ ശക്തമായ ഒരു സാമൂഹിക രാഷ്ട്രീയ സാഹചര്യത്തെ നിരീക്ഷിക്കാനാണ് സംവിധായകന്‍ പ്രേക്ഷകനോട് ആവശ്യപ്പെടുന്നത് .ഏതു തരം പ്രേക്ഷകനെയും ആകര്‍ഷിക്കുന്ന ഒരു ഫാന്റസി സ്വഭാവം ചിത്രത്തിന് ലഭിക്കുകയും അതുവഴി സംവിധായകന്‍ ഉദ്ദേശിച്ച ആശയം കൃത്യമായി പ്രേക്ഷകരിലെക്കെത്തുകയും ചെയ്യുന്നു .എടുത്തു പറയേണ്ട മറ്റൊരു കാര്യം ചിത്രം വ്യക്തമായ തുടക്കവും ഒടുക്കവുമുള്ള ഒരു പ്ലോട്ടിനെ പിന്തുടരുന്നില്ല എന്നതാണ് .ഒരു നിലപാട് അവതരിപ്പിക്കുന്നതിനു പകരം ഒരു പ്രത്യേക കാലഘട്ടത്തിലെ രാഷ്ട്രീയ സാമൂഹിക അവസ്ഥകളെ അവതരിപ്പിക്കുക എന്നതുമാത്രമാണ് ലക്ഷ്യമെന്നതിനാല്‍ ഈ തീരുമാനം അങ്ങേയറ്റം അനുയോജ്യമാണന്നുതന്നെ പറയാം .
സ്പാനിഷ് ചലച്ചിത്രനിരൂപകനായിരുന്ന വിക്റ്റര്‍ എറിസിന്റെ ആദ്യ ചിത്രമായിരുന്നു സ്പിരിറ്റ്‌ ഓഫ് ബീഹൈവ്. പട്ടാളഭരണം അതിന്റെ അന്ത്യനാളുകളിലേക്കടുത്തിരുന്ന കാലത്താണ് വന്നതെങ്കിലും വലിയ രീതിയിലുള്ള എതിര്‍പ്പുകള്‍ ചിത്രത്തിന് നേരിടേണ്ടി വന്നു. ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് അന്താരാഷ്ട്രചലച്ചിത്ര മേളകളില്‍ പുരസ്കാരങ്ങളും അഭിനന്ദനങ്ങളും നേടിയതോടെയാണ്‌ ഒരു മാസ്റ്റെര്‍പീസ് പദവിയിലേക്ക് ചിത്രമെത്തുന്നത് . 2007 ചിത്രം റീ റിലീസ് ചെയ്തപ്പോള്‍ ലഭിച്ച നിരൂപക/പ്രേക്ഷക പ്രതികരണം ഈ ക്ലാസിക്ക് ചിത്രത്തിന്റെ അനശ്വരതക്ക് തെളിവാണ്.

 14. The Ballad of Narayama (1983) 
ദി ബല്ലാഡ്‌ ഓഫ് നരയാമ (1983)
ഭാഷ ജപ്പാനീസ്
സംവിധാനം ഷാഹി ഇമാമുറ   
Running time 130 മിനിറ്റ്
രൂക്ഷമായ ദാരിദ്ര്യം നടമാടുന്ന 19-ാം നൂറ്റാണ്ടിലെ ഉത്തര ജപ്പാന്‍ ഉള്‍നാടന്‍ ഗ്രാമത്തില്‍ എഴുപതു കഴിഞ്ഞ വൃദ്ധ ജനങ്ങളെ സമൂഹത്തില്‍ നിന്ന് അകറ്റാനായി പഴയ തലമുറയിലുള്ളവര്‍ നടപ്പാക്കി വന്നിരുന്ന ഒരാചാരം- അവര്‍ ഗ്രാമം വിട്ടു ദൈവങ്ങള്‍ കുടികൊള്ളുന്ന നരയാമ പര്‍വതത്തിനു മുകളില്‍ കയറി സ്വയം മരണം വരിക്കുക. ‘ ഒബസുതേയമ’ എന്ന പേരിലാണ് ഈ ആചാരം അറിയിപ്പെടുന്നത്. ഇതിനോടാരെങ്കിലും വിഘടിച്ചു നില്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ കുടുംബത്തിനും സമൂഹത്തിനും കളങ്കമുണ്ടാക്കുമെന്നാണ് വിശ്വാസം. ഓറിന്‍ എന്ന വൃദ്ധ 69 കഴിഞ്ഞ് എഴുപതിലേക്കു കടക്കാനുള്ള ഊഴം കാത്തുകഴിയുന്നു. ഇവിടെ വൃദ്ധയുടെ ഒരു മകനും അമ്മയോടൊപ്പം മരിക്കാന്‍ ആഗ്രഹിക്കുന്നു. അയാള്‍ അവരെ മലമുകളിലേക്കു കൊണ്ടുപോകും. പക്ഷെ മലകയറുന്നതിനു മുമ്പ് തന്റെ ആണ്‍മക്കള്‍- ഇനിയുള്ള രണ്ടുപേര്‍- അവരുടെ വിവാഹം നടന്നു കാണാന്‍ ആഗ്രഹിക്കുന്നു. പക്ഷെ, അവരുടെ ആഗ്രഹമനുസരിച്ചല്ല കാര്യങ്ങള്‍ നടക്കുന്നത്. മൂന്നു ആണ്‍കുട്ടികള്‍ക്കും ഓരോ കാരണങ്ങളാല്‍ പെണ്‍കുട്ടികള്‍ ഒത്തുവരുന്നില്ല. മൂത്തയാള്‍ സ്വതവേ നാണം കുണുങ്ങിയായതിനാല്‍ അയാള്‍ക്ക് പെണ്ണുമായി സമരസപ്പെടാനോ, ഒരു പെണ്ണിനും അയാളുടെ അടുത്തേയ്ക്കു വരാനോ കഴിയുന്നില്ല. സമൂഹം കുറ്റവാളിയായി കാണുന്ന ഒരു പെണ്‍കുട്ടിയാണ് രണ്ടാമത്തെ മകന്‍ താസുഹിയുടെ കാമുകി. അവളെയും കുടുംബത്തേയും ഗ്രാമീണര്‍ തന്നെ ജീവനോടെ ഇല്ലാതാക്കുന്നു. അവന്‍ വീണ്ടും ഒരു വിവാഹം കഴിച്ചെങ്കില്‍ എന്നു വൃദ്ധ ആഗ്രഹിക്കുന്നുണ്ടെങ്കിലും പറ്റിയ ഒരു കന്യക വരുന്നില്ല. പിന്നീട് ഒരു നിര്‍മലയായ യുവ വിധവ അതിനു തയാറാകുന്നു. കുടുംബ കാര്യങ്ങള്‍ വൃദ്ധ അവളെ പരിശീലിപ്പിക്കുന്നു. പിന്നീട് തന്നോടൊപ്പം വരാനുള്ള മകനുമായി മലമുകളിലേക്കു കയറാനുള്ള തയാറെടുപ്പ് നടത്തുന്നു. കഴുകന്‍ പറക്കുന്ന മലയില്‍ മരണം കാത്ത് അധികനാള്‍ കഴിയേണ്ടി വരില്ല എന്ന സത്യവും സംവിധായകന്‍ കാണിക്കുന്നുണ്ട്. പര്‍വതത്തിനു മുകളില്‍ പറന്നു നടക്കുന്നകഴുകന്‍മാരുടെ ദൃശ്യം തന്നെ ഭീതിപ്പെടുത്തുന്നതാണെങ്കിലും വൃദ്ധയ്ക്കു അതില്‍ യാതൊരു കൂസലുമില്ല എന്നത് സമൂഹത്തിലെ ആചാരം നടന്നു കാണണമെന്ന ആഗ്രഹമാണെന്ന സാധൂകരണമാണ് നിരൂപകര്‍ വിലയിരുത്തിയിട്ടുള്ളത്. സെക്‌സും വയലന്‍സും പൊതുവെ ഇമാമുറയുടെ ചിത്രങ്ങളില്‍ പ്രകടമാണ്. രണ്ടാമത്തെ മകന്റെ കാമുകിയെയും കുടുംബത്തെയും ഇല്ലാതാക്കുന്ന ഗ്രാമീണരുടെ മനോഭാവം തന്നെ ചിത്രത്തില്‍ വയലന്‍സ് ചിത്രീകരിക്കുന്നതിന് കാരണമാണ്. പക്ഷെ, അവയൊക്കെ കഥയോടിണങ്ങുന്ന വിധത്തിലാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. കന്യകയെ പ്രാപിക്കാന്‍ മടിച്ചു നില്‍ക്കുന്ന ഒരു മകന് വേണ്ട ഉത്തേജനം നല്‍കാന്‍ വൃദ്ധ തന്നെയാണ് മുന്‍കൈ എടുക്കുന്നത്. മലയിലും കൃഷിസ്ഥലങ്ങളിലും വച്ചുള്ള ഇണചേരലുകള്‍ സിനിമയുടെ കഥാതന്തുവിന് അനുസൃതമാണെങ്കിലും ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തില്‍ പ്രകൃതിയുടെ സ്ഥാനം എന്തെന്നു വെളിവാക്കാന്‍ വേണ്ടി സംവിധായകന്‍ പ്രകടിപ്പിക്കുന്ന മികവായാണ് കണക്കാക്കിയിട്ടുള്ളത്. കഥയുടെ വൈകാരികതയ്ക്കു വേണ്ടി ഒരുക്കിയ ഈ ദൃശ്യങ്ങള്‍ വശ്യതയും വന്യതയും ഒപ്പം പ്രദാനം ചെയ്യുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം ‘പാം ഡി ഓര്‍’ നേടിയിട്ടുണ്ട്. മികച്ച നടനും മികച്ച ചിത്രത്തിനും ശബ്ദമിശ്രണത്തിനുമുള്ള ജപ്പാനീസ് അവാര്‍ഡും നേടിയിട്ടുണ്ട്. ഹോച്ചി ഫിലിം ഫെസ്റ്റിവലില്‍ ശബ്ദ ലേഖനത്തിനും നടനും നടിക്കും പുരസ്‌കാരം ലഭിച്ചു.

15. Elevator to the Gallows (1958)
എലവേറ്റര്‍ റ്റു ദി ഗാലോസ് 1958)
ഭാഷ ഫ്രഞ്ച്
സംവിധാനം ലൂയി മാൽ   
Running time 91മിനിറ്റ്
പഴുതുകളടച്ചു ചെയ്ത ഒരു കൊലപാതകതം, തീർത്തും അപ്രതീക്ഷിതമായ രീതിയിൽ അതിന്റെ ചുരുളഴിയുന്നു. കാമുകി കാമുകന്മാരായ ജൂലിയനും ഫ്ലോറൻസും, ഫ്ലോറൻസിന്റെ ഭർത്താവിനെ കൊല്ലാൻ പദ്ധതിയിടുന്നു. വിജയകരമായി ഇത് പൂർത്തിയാക്കി ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ജൂലിയന് കഴിഞ്ഞു. എന്നാൽ ഇതിന് ശേഷം ഒരു ലിഫ്റ്റിൽ കുടുങ്ങുന്നതോടെ മുഴുവൻ കഥയും മാറി മറിയുന്നു. തികച്ചും അപ്രതീക്ഷിതമായ രീതിയിൽ കഥ മുന്നോട്ടു പോകും. ആ ലിഫ്റ്റ് അയാളുടെ പതനത്തിന്റെ തുടക്കം ആകുകയാണ്. ഫ്രഞ്ച് ക്ലാസ്സിക്കുകളിലെ ഫിലിം നോയ്‌ർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ, ദൃശ്യവും, വികാരവും പശ്ചാത്തല സംഗീതവും ചേർന്ന ഒഴുക്ക് അക്കാലത്തു വളരെ ശ്രദ്ധിക്കപ്പെട്ടു. നായികമാരെ ഏറ്റവും ഭംഗിയായി മാത്രം സ്‌ക്രീനിൽ കാണിച്ചിരുന്ന കാലത്ത് ഈ ചിത്രത്തിൽ പലപ്പോഴും മങ്ങിയ വെളിച്ചത്തിലും മറ്റും നായിക പ്രത്യക്ഷപ്പെടുന്നു. ഫ്ലോറെൻസ് എന്ന കഥാപാത്രമായ Jeanne Moreau യുടെ കരിയറിലെ വഴിത്തിരിവായിരുന്നു ചിത്രം