09-07-18b

ദി ബാറ്റില്‍ ഓഫ് ദി ബുക്ക്സ്.

📚📚📚📚📚📚

ജൊനാഥൻ സ്വിഫ്റ്റ്

📗📗📗📖📖📖


സാഹിത്യ ലോകത്ത്
ചിലകാലങ്ങളില്‍, ചില ദേശങ്ങളില്‍ ചില വിവാദങ്ങള്‍ ഉയര്‍ന്ന് വരാറുണ്ട്. ആരെങ്കിലും ഒരാള്‍ അത് തുടങ്ങിവയ്ക്കും, മറ്റൊരാള്‍ അതിന് മറുപടിയുമായി വരും. ഉടന്‍ സാഹിത്യലോകം രണ്ടു ചേരിയായിതിരിഞ്ഞ് ഇരുവര്‍ക്കും പിന്നില്‍ അണിനിരക്കും. പിന്നെ കാണുന്നത് നല്ല ഉശിരന്‍ പോരാട്ടമായിരിക്കും.

പലപ്പോഴും അത് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന സംവാദങ്ങളോ, ആശയസംഘട്ടനങ്ങളോ ആയി മാറാം...
ചിലപ്പോള്‍ വര്‍ഷങ്ങളുടെ ആയുസുള്ള കുടിപ്പകയായി അത് പരിണമിക്കാം..
ഇതിന്റെ ബാക്കിയായി ചില വൈരനിര്യാതന ആട്ടക്കഥയോ പൂരപ്പാട്ടോ രചിക്കപ്പെടുകയും ചെയ്തേക്കാം...!
മലയാള സാഹിത്യലോകവും ഇത്തരം ചില വാഗ്വാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമല്ലോ..?

ഇംഗ്ലീഷ് സാഹിത്യലോകത്ത് 1600 കളുടെ അവസാനം ഉണ്ടായ ഒരു കോലാഹലമായിരുന്നു പൗരാണിക-ആധുനിക വാദികള്‍ തമ്മിലുള്ള പോരാട്ടം. ഫ്രഞ്ച് സാഹിത്യലോകത്ത് നിന്ന് തുടങ്ങിയ ഒരു തീപ്പൊരി ഇംഗ്ലീഷ് സാഹിത്യലോകത്തേയ്ക്ക് പടരുകയായിരുന്നു യഥാര്‍ത്ഥത്തില്‍ അന്നുണ്ടായത്.

ഇതിന്റെ ഭാഗമായി 1692ല്‍ സര്‍.വില്യം ടെംപിള്‍ പൗരാണിക എഴുത്തുകാരെ - പ്രത്യേകിച്ച് ഈസോപ്പ്, ഫലാരിസ് എന്നിവരെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരു ലേഖനമെഴുതുകയും വില്യം വോട്ടന്‍ ഇതിനെ വെല്ലുവിളിച്ച് രംഗത്ത് വരികയും ചെയ്തു. ചാള്‍സ് ബോയില്‍, റിച്ചാര്‍ഡ് ബെന്റ്ലി തുടങ്ങിയ അക്കാലത്തെ സാഹിത്യ പുംഗവന്‍മാര്‍ ചേരിതിരിഞ്ഞ് അടിതുടങ്ങാന്‍ പിന്നെ താമസമുണ്ടായില്ല.

ഇതിനിടയില്‍ വിഖ്യാത എഴുത്തുകാരന്‍ ജൊനാഥന്‍ സ്വിഫ്റ്റും രംഗപ്രവേശം ചെയ്തു. സാഹിത്യലോകത്തും ജീവിതത്തിലും തന്റെ രക്ഷാധികാരിയായിരുന്ന ടെംപിളിന്റെ ചേരിയിലാണ് സ്വാഭാവികമായി സ്വിഫ്റ്റ് അണിചേര്‍ന്നത്. പക്ഷെ, ഈ വാഗ്വാദത്തിനിടയില്‍ പ്രതിഭാധനനായ സ്വിഫ്റ്റിന്റെ തൂലികയില്‍ നിന്ന് ഉതിര്‍ന്നത് ഒരു ലോകോത്തര ആക്ഷേപഹാസ്യകൃതിയാണ്. അതാണ് 1704ല്‍ പ്രസിദ്ധികരിക്കപ്പെട്ട
The Battle of the Books.

"കഴിഞ്ഞ വെള്ളിയാഴ്ച പുരാതനപുസ്തകങ്ങളും ആധുനികപുസ്തകങ്ങളും തമ്മിലുണ്ടായ ഒരു പോരാട്ടത്തിന്റെ പൂര്‍ണവും സത്യസന്ധവുമായ വിവരണം" എന്ന ആമുഖത്തോടെ തുടങ്ങുന്നു ഈ ഗദ്യകൃതി. സെന്റ് ജോണ്‍സ് ലൈബ്രറിയിലെ പുസ്തകങ്ങള്‍  ഇരുചേരികളിലായി അണിനിരക്കുകയും തങ്ങളുടെ അംഗബലം പരിശോധിക്കുകയും അവസരം കിട്ടുമ്പോള്‍ ചൂടന്‍ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഒഡീസി പോലുള്ള മഹാകാവ്യങ്ങളിലെ യുദ്ധരംഗത്തിന്റെ ഹാസ്യാനുകരണംപോലെ ആന-കുതിര-ആയുധ സന്നാഹങ്ങളുടെ വിവരണവും താരതമ്യവും നടത്തപ്പെടുന്നുണ്ട്..!

വാദമുഖങ്ങള്‍ക്കും പരിഹാസത്തിനും മൂര്‍ച്ച കൂട്ടാനായി ഒരു എട്ടുകാലി-തേനീച്ച സംവാദവും ഒരുക്കുന്നുണ്ട് ഇടയിലൊരിടത്ത്.
അനേകം പൂക്കളില്‍പോയി തേനും മെഴുകും ശേഖരിച്ച്, സമൂഹത്തിനാകെ മധുരവും വെളിച്ചവും തരുന്ന തേനീച്ചകളായി പൗരാണികരേയും, ഉള്ളില്‍ നിന്നുവമിക്കുന്ന പശകലര്‍ന്ന ദ്രവത്താല്‍ വലനെയ്ത് കാത്തിരിക്കുന്ന വിഷമയനായ എട്ടുകാലിയായി ആധുനീകരേയും ഉപമിച്ച്, സ്വപക്ഷത്തിന് വ്യക്തമായ മേല്‍ക്കൈ നേടുംവിധം പൗരാണിക വാദികള്‍ക്കൊപ്പം നിലകൊള്ളാന്‍ എഴുത്തുകാരന്‍ മടികാണിക്കുന്നില്ല. തിളങ്ങുന്ന ആയുധങ്ങളുമേന്തി അശ്വാരൂഢരായി പുരാതന എഴുത്തുകാര്‍ - ഹോമറും ഈസോപ്പും അരിസ്റ്റോട്ടിലും പ്ലേറ്റോയും വിര്‍ജിലും എല്ലാം - രണവീരന്മാരായി പ്രവേശിച്ച്  യുദ്ധനേതൃത്വം ഏറ്റെടുക്കുന്നതോടെ രംഗം ചൂടുപിടിക്കുന്നു.. തുടര്‍ന്നുള്ള രസാവഹമായ യുദ്ധവര്‍ണ്ണനയാണ് ഈ മോക് - എപിക് കൃതിയുടെ പ്രധാന സവിശേഷത.

അപ്രതീക്ഷിതമായ ഒരു പരിസമാപ്തിയാണ് ഈ കൃതിയുടെ ഒരു പോരായ്മയായി നമുക്ക് അനുഭവപ്പെടാന്‍ ഇടയുള്ളത്. കൃതി മുന്നോട്ട് വയ്ക്കുന്ന 1700കളിലെ ആശയസംഘട്ടനത്തിന് ഇക്കാലത്ത് എത്ര പ്രസക്തിയുണ്ട് എന്ന് ഉറപ്പിക്കാനാവില്ല. എന്നാല്‍ ഒരു നിസാര സംഭവത്തെ ആക്ഷേപഹാസ്യത്തിന്റെ ശൈലിയില്‍ എഴുതി പൊലിപ്പിച്ചെടുക്കാന്‍ സ്വിഫ്റ്റ് കാണിച്ച പാടവം പ്രശംസനീയമാണ്..

The Battle-ലെ ഒരു വാചകം പോലും വിവര്‍ത്തനം ചെയ്ത്, അത്  ഈയുള്ളവന്റേതായി ഈ കുറിപ്പിലുള്‍പ്പെടുത്താന്‍ തുനിയുന്നില്ല. കാരണം, ആ ഭാഷാന്തരീകരണ ശ്രമത്തില്‍ ചോര്‍ന്നുപോകുന്നത് എന്താണോ, അതായിരിക്കും ആക്ഷേപഹാസ്യത്തിന്റെ യഥാര്‍ത്ഥ സത്തയും ഭംഗിയും എന്ന് ഉറപ്പുള്ളതുകൊണ്ടുതന്നെ കൂടുതല്‍ സാഹസത്തിന് മുതിരാതെ വിടവാങ്ങുന്നു.
ബിന്ദു ലാൽ